ഒരു കാലഘട്ടത്തിന്റെ ഇതിഹാസം
രാമത്ത് ഹരിദാസ്
ചരിത്രം നമ്മെ ഒട്ടേറെ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ചരിത്രത്തിൽ ഇടം നേടിയ ചരിത്രപുരുഷൻമാരും. കുറേയേറെ മനുഷ്യരുടെ ത്യാഗത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായിട്ടാണ് നാം ഇന്നുകാണുന്ന കേരളം രൂപപ്പെട്ടത്. അവരുടെ സ്മരണകൾ പുതുക്കുന്പോൾ നാം ചെയ്യുന്നത് ചരിത്രത്തോട് നീതി പുലർത്തുകയെന്നതാണ്. അത്തരം ഒരു ഓർമ്മപ്പെടുത്തലിന്റെ ദിവസമാണ് മാർച്ച് 26. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ ഇതിഹാസകാരനായ ടി.വി തോമസ് അന്തരിച്ചത് അന്നാണ്. സഖാവ് പി.കെ വാസുദേവൻ നായർ ഒരു അനുസ്മരണ കുറിപ്പിലെഴുതിയത് പോലെ യശ്ശശരീരനായ ടി.വിയുടെ നിര്യാണം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു യുഗത്തിന്റെ അവസാനമായിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മർദ്ദിത വർഗ്ഗ സമരത്തിന് ആവേശം പകർന്നു നൽകിയ പുന്നപ്ര വയലാർ സമരത്തിലെ വീരനായകനായിരുന്ന ആ നേതാവിന്റെ വർണ്ണ ശബളമായ വ്യക്തിത്വം മൂന്നര പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ തന്നെ നിലനിൽക്കുകയുണ്ടായി. അത്തരം ഒരു മനുഷ്യനെ കുറിച്ച് അനുസ്മരിക്കുന്പോൾ ഒരു കാലഘട്ടത്തെ കുറിച്ചുള്ള ഓർമ്മകളാകെ മനസ്സിൽ നിറയുന്നു.
അതേ ടി.വി എന്ന രണ്ടക്ഷരം ഒരു ശക്തിദുർഗ്ഗമായിരുന്നു. യഥാർത്ഥത്തിൽ ലജന്റ് എന്ന വാക്കിന്റെ അർത്ഥത്തെ ഉദാഹരിക്കാൻ ടി.വിയെപ്പോലെ അപൂർവ്വം പേരേ ഉണ്ടാകു. ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രവുമായി ഇഴപിരിയാത്ത ബന്ധമാണ് ടി.വിക്കുണ്ടായിരുന്നത്. ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ ടിവിയുടെ ജീവിതമാകെ സംഭവ ബഹുലമായിരുന്നു. സമാനതകളില്ലാത്ത മഹാനായ ജന നേതാവ് എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ ഒരു അതിശയോക്തിയും ഉണ്ടാകില്ല. സ. ടിവിയുടെ ജീവിതവും അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളും പ്രത്യേകിച്ച് തൊഴിലാളി വർഗ്ഗത്തിന് നൽകിയ കുറേയധികം സംഭാവനകളുടേയും സമഗ്രമായ വിലയിരുത്തലുകൾ ഇനിയും വേണ്ടിയിരിക്കുന്നു. പുതിയ സാഹചര്യത്തിൽ സ. ടിവിയെ പോലുള്ളവരുടെ ജീവിതത്തെ കുറിച്ച് പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്ക് അറിവ് പകരേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യവുമാണ്.
സന്പന്നതയുടേയും കുലീനതയുടേയും നടുവിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ടി.വി തോമസ് പഠനകാലയളവിൽ തന്നെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വല്ലാതെ ആകൃഷ്ടനായി. മദ്രാസിൽ ബി.എൽ പഠനം നല്ല മാർക്കോടെ പൂർത്തിയാക്കി കേരളത്തിലേയ്ക്ക് മടങ്ങി വന്ന ടി.വി രാഷ്ട്രീയ പ്രവർത്തനം തന്റെ കർമ്മ രംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാലത്ത് ആലപ്പുഴയിലെ കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും സ്ഥിതി അത്യധികം ശോചനീയമായിരുന്നു. ഇവരുടെ ദയനീയ അവസ്ഥയിൽ മനം നൊന്ത അദ്ദേഹം തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. നിരാലംബരും നിസ്സഹായരുമായ തൊഴിലാളികൾക്ക് ടി.വിയുടെ നേത−ൃത്വം കരുത്തും ആവേശവും ധൈര്യവും അതുവഴി ആത്മവിശ്വാസവും പകർന്നു നൽകി. ഇതിനിടയിൽ നിരവധി ട്രേഡ്്യൂണിയനുകളുടെ സാരഥ്യം അദ്ദേഹത്തിൽ വന്നുചേർന്നു. ടി.വിയാണ് തങ്ങളുടെ യൂണിയൻ ഭാരവാഹി എന്ന് പറയുന്നത് തൊഴിലാളികൾക്ക് അന്തസ്സും അഭിമാനവുമായിരുന്നു. അത്രമാത്രം തൊഴിലാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു അദ്ദേഹം.
തിരുവിതാംകൂറിലെ ട്രേഡ് യൂണിയനുകളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കികൊണ്ട് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് രൂപീകരിച്ചു. ഇതിന്റെ പിന്നിൽ അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തെ തന്നെയാണ് ആദ്യ പ്രസിഡണ്ടായും തിരഞ്ഞെടുത്തത്. ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തെ കർമ്മകുശലത, നൈപുണ്യം, ആത്മാർത്ഥ, അനുരഞ്ജനപാടവം ഇങ്ങിനെയുള്ള ഒട്ടേറെ ഗുണങ്ങൾ ഒരുമിച്ച് ഒത്തു ചേർന്ന നേതാവായിരുന്നു ടി.വി. ഏത് പ്രശ്നം വന്നാലും ടി.വി ഇടപെട്ടാൽ അതിനു പരിഹാരമുണ്ടാകും. ടി.വി തോമസിന്റെ കഴിവിൽ തൊഴിലാളികൾക്ക് അളവറ്റ വിശ്വാസമായിരുന്നു. എല്ലാം തൊഴിലാളികൾക്ക് അനുകൂലമാക്കി മാറ്റാനുള്ള മാസ്മര വിദ്യ ടി.വിയുടെ കൈവശമുണ്ടായിരുന്നു. ദീർഘകാലം ടി.വിയുടെ സഹപ്രവർത്തകനായ സ. കെ.കെ കുഞ്ഞൻ വിലയിരുത്തുന്നതുപോലെ “തർക്കങ്ങൾ പരിഹരിച്ച് ഫാക്ടറിയിലെ മുതലാളിമാർ തൊഴിലാളികളുമായി ഏതെല്ലാം എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നാലും തീരുമാനം വരുന്പോൾ തൊഴിലാളികളും മുതലാളിമാരും പ്രതീക്ഷിച്ചതിൽ കൂടുതൽ അനുകൂലമായ തീരുമാനങ്ങളിൽ എത്തിച്ചേരുകയാണ് പതിവ്”. കേരളത്തിലിന്ന് തൊഴിലാളി വർഗ്ഗം അനുഭവിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിൽ ടി.വി വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. ചിലതൊക്കെ ടി.വിക്ക് മാത്രം അവകാശപ്പെട്ടതുമാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക എന്നതിനൊപ്പം വ്യവസായത്തിന്റെ നിലനിൽപ്പും ഭദ്രതയും കൂടി കണക്കിലെടുക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന തൊഴിൽ സംരക്ഷണവും വ്യവസായ ക്രൂരതയും പരസ്പര പൂരകങ്ങളാണെന്ന് മുതലാളിമാരെയും തൊഴിലാളികളെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ടി.വി ശ്രമിക്കുമായിരുന്നു.
ശാസ്ത്രീയ സോഷ്യലിസത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന ടി.വി തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മാത്രമല്ല പ്രവർത്തിച്ചത്. സ്വാതന്ത്ര്യത്തിനും നാടിന്റെ വിവേചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തെ ധീരമായി നയിച്ചു നിരവധി സമര പോരാട്ടങ്ങളിൽ നെഞ്ചുറപ്പോടെ അദ്ദേഹം നേതൃത്വം നൽകി. സർ സിപിയുടെ മർദ്ദക ഭരണത്തിന്റെ എല്ലാ ഭീഷണികളെയും അടിച്ചമർത്തലുകളെയും നേരിടാൻ ടിവിയുടെ നേതൃത്വം തൊഴിലാളികൾക്കും ജനങ്ങൾക്കും സമരാവേശം പകർന്നു നൽകി. ദിവാൻ ഭരണം അവസാനിപ്പിക്കുക, അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം തൊഴിലാളി വർഗ്ഗം ഒന്നടങ്കം ഏറ്റെടുത്ത് നടത്തിയ സായുധ ചെറുത്ത് നിൽപ്പ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്ജ്വലമായ സമരോതിഹാസമായിരുന്നു. പുന്നപ്ര വയലാർ സമരകേസിലെ രണ്ടാം പ്രതിയായിരുന്ന സ. ടി.വിയെ തൂക്കിലേറ്റുമെന്ന ശക്തമായ പ്രചരണം നടക്കുന്ന സന്ദർഭത്തിൽ കേസ് വിചാരണ വേളയിൽ നടന്ന ഒറ്റസംഭവം മതി ടി.വി ആരാണെന്ന് ബോധ്യപ്പെടാൻ. വിചാരണ വേളയിൽ എഴുപത്തിരണ്ട് പ്രതികളേയും അർദ്ധനഗ്നരായി നഗ്നപാദരായി ജയിലിൽ നിന്നും വൻ സായുധ പോലീസ് സംഘത്തിന്റെ അകന്പടിയോടെ നടത്തി കൊണ്ടുവരുമായിരുന്നു. ഇങ്ങിനെ കൊണ്ടുവരുന്പോൾ വക്കീലായ ടി.വിക്ക് മാത്രമായിരുന്നു ഷർട്ടിടാനുള്ള അനുവാദമുണ്ടായിരുന്നത്. കോടതികൂടി പ്രതികളുടെ പേര് വിളിക്കുന്പോൾ ടി.വിയുടെ ഊഴമെത്തി. അദ്ദേഹം കോടതിയോട് “കടപ്പുറത്ത് നിന്ന് ഞങ്ങളെ കാൽനടയായി ഇവിടെ കൊണ്ടുവരുന്നത് കുറേ നാളായി തുടരുന്നു. ക്ഷീണിതരായ ഞങ്ങൾ എത്രനാൾ കൂടി ഈ ക്രൂരത സഹിക്കേണ്ടി വരും. ഞങ്ങൾ എഴുപത്തിരണ്ടു പേരും മനുഷ്യരാണ്. എനിക്ക് മാത്രമേ ഷർട്ടിടാൻ അനുവാദമുള്ളൂ, ഏത് നിയമമനുസരിച്ചാണിത്. കുറേ നാളുകളായി ഞങ്ങളിതെല്ലാം അനുഭവിക്കുന്നു. ബഹുമാനപ്പെട്ട കോടതി ഇന്നു ഞങ്ങളെ ശിക്ഷിക്കുമോ ഇല്ലയോ എന്നറിയില്ല. ക്രൂരമായ ഈ വിനോദം അവസാനിപ്പിക്കാൻ ദയവുണ്ടാവണം.” ഇങ്ങിനെ പറയുവാനുള്ള ചങ്കൂറ്റം കോടതി വളപ്പിൽ കൂടി നിന്ന നൂറു കണക്കിന് നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും ആവേശം പകരുന്നതായിരുന്നു.
ഒരു കമ്യൂണിസ്റ്റ് പ്രക്ഷോഭകൻ എന്ന പോലെതന്നെ കമ്യൂണിസ്റ്റ് പാർലമെന്ററി പ്രവർത്തന ശൈലിയും അദ്ദേഹത്തിന് നല്ല വശമായിരുന്നു. അധികാരം എങ്ങനെ ജനങ്ങൾക്കനുകൂലമായി പ്രയോജനപ്പെടുത്തണമെന്നതിന് ഏറ്റവും നല്ല ഉദാഹരണം സഖാവ് ടി.വി തന്നെയായിരുന്നു. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുനിസിപ്പൽ ചെയർമാനായിരുന്നു. അദ്ദേഹം. ആലപ്പുഴയെ എക്കാലവും സ്നേഹിച്ച ടി.വി എട്ട് വർഷത്തോളം മുനിസിപ്പൽ ചെയർമാനായിട്ടുണ്ട്. അതേപോലെ കേരളത്തിന്റെ വ്യവസായ മന്ത്രിയായും എട്ടു വർഷം ഇരുന്നിട്ടുണ്ട്. കേരളത്തിന്റെ വ്യവസായ വൽക്കരണത്തിന് ഭദ്രമായ അടിത്തറയിടാൻ ടി.വി തോമസ് എന്ന വ്യവസായ മന്ത്രിക്ക് കഴിഞ്ഞു. കയർ, കശുവണ്ടി, കള്ള്, കരകൗശലം, ഓട്, ബീഡി എന്നിങ്ങനെ പരന്പരാഗത വ്യവസായ മേഖലകളെ കാലത്തിനൊത്ത് പുനഃസംഘടിപ്പിച്ചത് ടി.വിയാണ്. തൊഴിലാളി സമരത്തിന്റെ പേരിൽ കണ്ണൂരിലെ വ്യവസായ മുതലാളിമാർ ഭീഷണിയും സമ്മർദ്ദവുമായി രംഗത്തിറങ്ങി. ഈ പ്രതിസന്ധിയിൽ നിന്നും തൊഴിലാളികളെ രക്ഷിക്കാനായി 25,000 ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചു. അങ്ങിനെ കണ്ണൂരിൽ സ്ഥാപിതമായ ദിനേശ് ബീഡി സഹകരണസംഘം ടി.വിയുടെ നിത്യസ്മാരകമാണ്. കയർ വ്യവസായ പുനരുദ്ധാരണത്തിന് ആരംഭിച്ച 50 കോടിയുടെ പദ്ധതി, വാളയാർ സിമന്റ് ഫാക്ടറി, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ, ബാംബൂ കോർപ്പറേഷൻ, കയർ കരകൗശല കോർപ്പറേഷൻ, ഡ്രഗ്ഗ്സ് ഫാർമസ്യൂട്ടിക്കൽ ട്രാൻസ്‌ഫോമേഴ്സ് ആന്റ് ഇലക്ട്രിക്കൽ ലിമിറ്റഡ്... ഇങ്ങനെ ഒട്ടനവധി പൊതുമേഖല സ്ഥാപനങ്ങൾ ആയിരക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകൾ... ഈ സംരഭങ്ങളുടെയെല്ലാം ശില്പി ടി.വി തോമസ്സായിരുന്നു.
തൊഴിലാളി വർഗ്ഗത്തിന്റെ നേതാവ് ഭരണകർത്താവായി മാറിയപ്പോൾ തനിക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന തൊഴിലാളി വർഗ്ഗത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്തു. സ്നേഹവും ഹൃദയനൈർമല്യവും സ്വകാര്യ ദുഃഖങ്ങളുമൊക്കെ ഉണ്ടായിരുന്ന പച്ചയായ മനുഷ്യൻ... ‘ഹാ എത്ര സുന്ദരമായ പദം’ എന്ന മാക്സിഗോർക്കിയുടെ മനുഷ്യ സങ്കൽപ്പത്തിന് ഉദാഹരണം നമ്മുടെ ഇടയിൽ അപൂർവ്വമത്രെ... അതേ ടി.വി തോമസ് എന്ന മനുഷ്യ സ്നേഹിയെ എക്കാലവും കേരളം നന്ദിയോടെ തന്നെ സ്മരിക്കും...