വയൽക്കിളികളും പാർട്ടി കഴുകന്മാരും
ജെ. ബിന്ദുരാജ്
എൺപതുകളുടെ മധ്യം വരേയ്ക്കും കൃഷി മന്ത്രാലയം തന്നെയായിരുന്നു പരിസ്ഥിതി വിഷയങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്നത്. വാണിജ്യാവശ്യങ്ങൾക്കായി വിവിധ സർക്കാരുകൾ തന്നെ രാജ്യത്തെ വനമേഖല പരമാവധി ചൂഷണം ചെയ്തിരുന്ന കാലമാണത്. റെയിൽവേയ്ക്കായി സ്ലീപ്പറുകൾ ഇടുന്നതിനായി ലക്ഷക്കണക്കിന് മരങ്ങളാണ് അക്കാലത്ത് വനങ്ങളിൽ നിന്നും മുറിച്ചെടുത്തുകൊണ്ടിരുന്നത്. എഴുപതുകളിൽ സ്റ്റോക്‌ഹോം കൺവെൻഷനോടു കൂടി തന്നെ ലോകം പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെപ്പറ്റി ബോധവാന്മാരാകാൻ തുടങ്ങിയിരുന്നെങ്കിലും മലിനീകരണ നിയന്ത്രണബോർഡ് പോലുള്ള സംവിധാനങ്ങൾ സൃഷ്ടിച്ച്, വ്യവസായശാലകളെ അതിനു കീഴിൽ കൊണ്ടുവരുന്നതിനപ്പുറത്തേയ്ക്ക് പോയില്ല അവയൊന്നും തന്നെ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയശേഷമാണ് പരിസ്ഥിതിക്കായി ഒരു പ്രത്യേക വകുപ്പ് വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതും കൃഷി മന്ത്രാലയത്തിൽ നിന്നും അടർത്തി സ്വതന്ത്രമായ ഒരു പരിസ്ഥിതി വകുപ്പിന് അദ്ദേഹം രൂപം നൽകിയതും. ദീർഘദർശിയും കാര്യവിവരവുമുള്ള ഒരു പരിസ്ഥിതി പ്രണയിയെ ആ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിനായി രാജീവ് ഗാന്ധി തന്നെ ഏർപ്പാടു ചെയ്യുകയും ചെയ്തു−, ടി.എൻ ശേഷൻ. പിൽക്കാലത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലേയറ്റെടുത്തപ്പോഴാണ് മാധ്യമശ്രദ്ധ ശേഷനിലേയ്ക്ക് പതിഞ്ഞതെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കാലത്തു തന്നെ ഇന്ത്യയിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നുവെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. 1985−ൽ പരിസ്ഥിതി മന്ത്രാലയത്തിലെത്തിയപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് വനനശീകരണത്തിനെതിരെയുള്ള സുശക്തമായ നടപടികളും വയൽ സംരക്ഷണത്തിനുമായുള്ള നീക്കങ്ങളുമായിരുന്നു.
വനനിയമം ഇന്ത്യയിൽ നടപ്പാക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടെങ്കിലും വനം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ശേഷന്റെ നിയമനം. റെയിൽവേയ്ക്കായി വനത്തിൽ നിന്നും മരങ്ങൾ മുറിച്ചെടുത്ത് സ്ലീപ്പറുകൾ നിർമ്മിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നീക്കം. ഓരോ ഒന്നരമീറ്ററിനും ഒരു സ്ലീപ്പർ എന്ന കണക്കിൽ റെയിൽവേ മരം ഉപയോഗിക്കുന്പോൾ നശിച്ചുകൊണ്ടിരുന്നത് ഏക്കറുകണക്കിനു വനഭൂമിയായിരുന്നു. മരത്തിനു പകരം എന്തുകൊണ്ട് കോൺക്രീറ്റും കന്പിയും ഉപയോഗിച്ചു നിർമ്മിച്ച സ്ലീപ്പറുകൾ ഉപയോഗിച്ചു കൂടാ എന്ന് അദ്ദേഹം ആരാഞ്ഞു. സ്ലീപ്പറുകൾക്കായി വനവിഭവങ്ങൾ ചൂഷണം ചെയ്യരുതെന്ന് റെയിൽവേയ്ക്ക് രേഖാമൂലം കർശനമായ നിർദ്ദേശം നൽകുകയും കൂടുതൽ കാലം നാശം സംഭവിക്കാതെ ഈടുനിൽക്കുന്ന കോൺക്രീറ്റ് സ്ലീപ്പറുകൾ രംഗപ്രവേശം ചെയ്യുകയും ചെയ്തു. ആപ്പിളുകളും മറ്റ് ഫലങ്ങളും മരം കൊണ്ടു നിർമ്മിച്ച പെട്ടികളിൽ വിതരണം ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ നടപടി. ഒരു ഏക്കർ ആപ്പിൾ തോട്ടത്തിൽ നിന്നുള്ള ആപ്പിളുകൾ പലയിടങ്ങളിൽ എത്തിക്കാനുള്ള മരത്തിന്റെ പെട്ടികൾ നിർമ്മിക്കാൻ മൂന്ന് ഏക്കർ വനം നശിപ്പിക്കേണ്ടി വരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു ആ നടപടി. പേപ്പർ മാലിന്യങ്ങളും കാർഷികാവശിഷ്ടങ്ങളും കൊണ്ടുണ്ടാക്കിയ പെട്ടികളിൽ ആപ്പിളും മുന്തിരിയുമൊക്കെ എത്തിത്തുടങ്ങിയതും ശേഷന്റെ നടപടികൾ മൂലമാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ കാർഷികസന്പത്ത് നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അക്കാലം മുതൽക്കേ ഇന്ത്യയിലെ അധികൃതർ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. 1947−ൽ 35 കോടി ജനതയ്ക്കായി പ്രതിവർഷം 70 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് രാജ്യത്ത് ഉൽപ്പാദിപ്പിച്ചിരുന്നത്. തുടർന്ന് അന്നത്തെ ജനകീയ സർക്കാർ നടത്തിയ നിരവധി പദ്ധതികളുടെ ഗുണഫലമായാണ് കൃഷിഭൂമിയുടെ വിസ്തൃതി വർധിച്ചതും കൃഷി അസാധ്യമാണെന്ന് കരുതിയിരുന്ന ഇടങ്ങളിൽ പോലും കൃഷിയിറക്കാൻ ആരംഭിച്ചതും. ഇന്ന് 132 കോടി ജനങ്ങൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് 27.5 കോടി ടൺ ഭക്ഷ്യധാന്യമാണ്. 2017 ഓഗസ്റ്റിലെ കണക്കുകൾ അനുസരിച്ച് ഇതിൽ 11 കോടി ടൺ നെല്ലും 9.8 കോടി ടൺ ഗോതന്പും ബാക്കി മറ്റു ധാന്യങ്ങളുമാണ്. എന്നാൽ വിളവിൽ വർദ്ധനവുണ്ടായെങ്കിലും ഇന്ത്യയിൽ കൃഷിഭൂമിയുടെ അളവ് അനുദിനം കുറഞ്ഞുവരികയാണെന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യം. കർഷകന് താങ്ങുവില ലഭിക്കാത്തതു മൂലവും കൃഷിനാശം സംഭവിക്കുന്നതു മൂലവും ജലസേചന സംവിധാനത്തിന്റെ അഭാവം മൂലവും കൃഷിക്കാരന്റെ ജീവിതം ഇരുളടഞ്ഞുപോകുന്നതിനാലാണ് കൃഷി ആദായകരമല്ലെന്നു കണ്ട് വലിയൊരു വിഭാഗം പേർ അതിൽ നിന്നും പിന്മാറുന്നത്. ഉയർന്ന വിളവു നൽകുന്ന വിത്തിനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ പത്തു വർഷം മുന്നേ തന്നെ പട്ടിണിയിലേയ്ക്ക് വീണുപോകുമായിരുന്നുവെന്നാണ് വയലുകളുടെ കുറയുന്ന വലുപ്പം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷം 30,000 ഹെക്ടർ കൃഷിഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യ നേടിയ മുന്നേറ്റം ഇല്ലാതാകാൻ ഇനി അധികകാലം വേണ്ടിവരില്ലെന്നും ഈ നിരക്കിൽ കൃഷി ഭൂമി കുറഞ്ഞുവന്നാൽ ഭക്ഷ്യക്ഷാമം ഇന്ത്യയിലുണ്ടാകുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ഇപ്പോഴെ പ്രവചിച്ചിട്ടുണ്ട്. ജലസേചന സൗകര്യങ്ങൾ എത്തിച്ചാൽ അഞ്ചു വർഷമായി കൃഷി ചെയ്യാതെ, തരിശായിക്കിടക്കുന്ന 2.6 കോടി ഹെക്ടർ ഭൂമി കൃഷിയിടമാക്കി മാറ്റാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നതെങ്കിലും ഇതുസംബന്ധിച്ച് ഇനിയും നടപടികൾ മുന്നോട്ടുപോയിട്ടില്ല.
അധികാരരാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പാണ് എപ്പോഴും അധികാരത്തിലിരിക്കുന്നവരുടെ അഹന്ത. അധികാരത്തിലെത്തുംമുന്പേ അഹന്ത അലങ്കാരമാക്കിയവരാണെങ്കിൽപ്പിന്നെ പറയുകയും വേണ്ട. അവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയായിരിക്കും എപ്പോഴും. താൻ ചെയ്യുന്നതും താൻ പറയുന്നതും അനുസരിക്കേണ്ടവരാണ് ഭരണത്തിലിരിക്കുന്നവരും പാർട്ടിയിലുള്ളവരും ജനങ്ങളുമെന്ന് ധരിച്ചുവശായിരിക്കുന്ന ഒരു ദേഹമാണ് വിജയൻ. ശരിക്കും പറഞ്ഞാൽ ആനപ്പുറത്തു കയറിയാൽ വേലി പൊളിക്കാൻ തോന്നുന്നത് മനോഭാവമായി മാറിയ ഒരാൾ. ആദ്യം പാർട്ടിയെന്ന ആനയായിരുന്നെങ്കിൽ ഇപ്പോൾ സർക്കാർ ആയി മാറിയിരിക്കുന്നു പിണറായി വിജയന്റെ ആസനം താങ്ങുന്ന ആ ആന. പരിസ്ഥിതി സംരക്ഷണവും തണ്ണീർത്തടങ്ങളുടേയും വയലുകളുടേയും സംരക്ഷണവുമൊക്കെ പാർട്ടി പ്രകടനപത്രികയിൽ വോട്ടിനുള്ള ഉപാധിയാക്കി മാറ്റിയ സിപിഎം, ഇപ്പോൾ പരിസ്ഥിതിയോടും കാർഷികരംഗത്തോടും പുറന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളതെന്നാണ് കീഴാറ്റൂരിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. റിയൽ എേസ്റ്ററ്റ് മാഫിയയെ സഹായിക്കുകയും അതുവഴി അഴിമതിപ്പണം കൈക്കാലാക്കാനും ലക്ഷ്യമിട്ട് നെൽവയലുകളെ നശിപ്പിക്കാനും കുന്നുകളിടിക്കാനുമൊക്കെ മുഖ്യമന്ത്രിയും കൂട്ടരും വികസനത്തിന്റെ പേരു പറഞ്ഞ് നടത്തുന്ന പകൽക്കൊള്ളകളാണ് ദേശീയപാത വികസനത്തിന്റെ മറവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ കീഴാറ്റൂരിൽ നാലര കിലോമീറ്ററോളം ദൂരത്തിൽ നെൽവയൽ മണ്ണിട്ടു നികത്തി, ചുടല കുറ്റിക്കോൽ ദേശീയപാത ബൈപാസ്സുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ നെൽവയൽ തണ്ണീർത്തട സംരക്ഷണം സിപിഎമ്മിന്റെ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചാണ് ജനങ്ങളുടെ വോട്ടു നേടിയതെന്ന കാര്യം അപ്പാടെ മറന്നിരിക്കുന്നു. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ പൊളിക്കുന്നതിന് സിപിഎം നേതൃത്വം സ്വീകരിക്കുന്ന കുത്സിത മാർഗങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണിപ്പോൾ. മന്ത്രി ജി സുധാകരന് അവർ വയൽക്കഴുകന്മാരാണെങ്കിൽ വിജയന് കീഴാറ്റൂരിലെ വയലില്ലാതെ ബൈപാസ്സ് നിർമ്മിക്കാനുമാകുന്നില്ല. മഹാരാഷ്ട്രയിൽ കർഷകർക്കൊപ്പം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നടന്ന പ്രസ്ഥാനം കീഴാറ്റൂരിൽ പരിസ്ഥിതിക്കും കർഷകനുമെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
കീഴാറ്റൂർ ഒരു പ്രതീകമാണ്. കർഷകനേയും പാവപ്പെട്ടവനേയും സിപിഐ (എം) എങ്ങനെയാണ് ഇപ്പോൾ വീക്ഷിക്കുന്നതെന്നതിന്റെ നേർക്കാഴ്ചയാണത്. ബാർ മുതലാളിമാർക്കും ആരാധാനാലയങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമായി ഏത് പാതയുടെ അലൈൻമെന്റുകൾ പോലും മാറ്റിവരയ്ക്കുന്ന ഭരണകൂടം വയൽ മണ്ണിട്ടുനികത്തി, പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഒരു പദ്ധതിയെ തന്നിഷ്ടപ്രകാരം നടപ്പാക്കാൻ ഗ്രാമീണരേയും കർഷകരേയും വെല്ലുവിളിക്കുകയാണ്. കർഷകരെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കിയശേഷം, പാർട്ടി ഗുണ്ടകൾ കൂട്ടം ചേർന്ന് സമരപ്പന്തൽ കത്തിക്കുന്ന കാഴ്ചയാണ് നാം അവിടെ കണ്ടത്. സമരം ജീവിതമാണെന്ന് പറഞ്ഞ വിപ്ലവസൂര്യന്മാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണ് സമരക്കാരുടെ പന്തൽ കത്തിക്കാൻ മുന്നിൽ നിൽക്കുന്നതെന്നത് വേറെ കാര്യം. അധികാര യന്ത്രത്തിന്റെ പിണിയാളുകളായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ പോലും അധഃപതിച്ചിരിക്കുന്നുവെന്നല്ലേ അതിൽ നിന്നും വ്യക്തമാകുന്നത്? പ്രസ്ഥാനത്തിന്റെ സമരചരിത്രമറിയാത്തവരാണ് പാർട്ടിയുടെ അധികാരകേന്ദ്രങ്ങളിലിരുന്ന് തങ്ങളെ അപഹസിക്കുന്നതെന്ന് വയൽക്കിളികൾ പ്രതികരിച്ചത് വെറുതെയല്ല.
കീഴാറ്റൂരിൽ വയൽക്കിളികൾ എന്ന സമരസംഘം നടത്തുന്ന ജനകീയ സമരം തീർത്തും ന്യായമാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കിലോമീറ്ററോളം വരുന്ന ബൈപാസ്സിനായി ഭൂമി ഏറ്റെടുക്കുന്പോൾ അഞ്ച് ഹെക്ടർ ഭൂമിയാണ് കീഴാറ്റൂരിലെ വയലിൽ നിന്നും ആകെ നഷ്ടപ്പെടുകയെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ഒന്നര കിലോമീറ്ററിലധികമുള്ള മൂന്ന് പാടശേഖരങ്ങളുള്ള വയൽ ആണ് കീഴാറ്റൂരിലുള്ളതെന്നാണ് വയൽക്കിളികൾ പ്രവർത്തകൻ സുരേഷ് കീഴാറ്റൂർ പറയുന്നത്. 20 ഏക്കറിലേറെ ഭൂമി അവിടെ നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇടതുപക്ഷ അനുകൂല പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കീഴാറ്റൂരിൽ വയലിലൂടെയുള്ള ദേശീയപാതാ ബൈപാസ് പദ്ധതി വലിയ പരിസ്ഥിതി നാശത്തിനിടയാക്കുമെന്ന് പഠനം നടത്തി ഇതിനകം മുന്നറിയിപ്പ് നൽകുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. 4.5 കിലോമീറ്റർ ദൂരത്തിൽ ബൈപാസ്സിനായി നെൽവയലിന്റെ നടുവിലൂടെ മണ്ണിട്ട് നികത്തേണ്ടി വരുന്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം പ്രദേശത്തെ ജലലഭ്യതയെപ്പോലും ദോഷകരമായി ബാധിക്കുമെന്നാണ് പരിഷത്ത് പഠനം പറയുന്നത്. കീഴാറ്റൂർ, കുറ്റിക്കോൽ, കൂവോട് പ്രദേശങ്ങളിലെ 250 ഹെക്ടർ നെൽവയലിനു നടുവിലൂടെയാണ് നിർദ്ദിഷ്ഠ ബൈപാസ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 60 കുടുംബങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതല്ല തങ്ങളുടെ പ്രശ്‌നമെന്ന് വയൽക്കിളികൾ വിശദീകരിച്ചു കഴിഞ്ഞു. 100 അടിയോളം താഴ്ന്ന പ്രദേശമാണ് കീഴാറ്റൂർ എന്നതിനാൽ പുഴയിലെ വേലിയേറ്റവുമായും വേലിയിറക്കവുമായി ബന്ധപ്പെട്ടു കിടക്കുന്ന വയൽ പ്രദേശമാണിതെന്നതാണ് പ്രധാനം. ഭാവിയിൽ പ്രദേശത്തെ 1500−ഓളം കുടുംബങ്ങൾക്ക് ജലദൗർലഭ്യത്തിന് കാരണമാകുന്നതാണ് വയലിലൂടെയുള്ള ഈ ബൈപാസ്.
വയലിൽ 3.5 മീറ്റർ ഉയരത്തിലേക്ക് മണ്ണിട്ട് പാത ഉയർത്തണമെങ്കിൽ പോലും പ്രദേശത്ത് ഒന്നേകാൽ ലക്ഷം ട്രക്ക് ലോഡ് മണ്ണിറക്കേണ്ടി വരുമെന്നും ഇത് പ്രദേശത്തെ കുന്നുകളിടിക്കുന്നതിനിടയാക്കുമെന്നുമാണ് പരിഷത്തിന്റെ പഠനം പറയുന്നത്. നിലവിൽ തളിപ്പറന്പിലൂടെ പോകുന്ന പാത വികസിപ്പിക്കുകയും ഫ്‌ളൈഓവറുകൾ നിർമ്മിക്കുകയും ചെയ്താൽ ഗതാഗതതടസ്സങ്ങൾ ഒഴിവാകുമെന്നും പഴയങ്ങാടി കണ്ണാപുരം വഴിയുള്ള കെ.എസ്.ടി.പി പാത കമ്മീഷൻ ചെയ്യുന്നതോടെ തളിപ്പറന്പിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ തിരക്ക് പിന്നേയും കുറയുമെന്നും ഏഴാം മൈലിനും ലൂർദ്ദ് ആശുപത്രിയ്ക്കുമിടയിൽ ഫ്‌ളൈഓവർ വന്നാൽ പ്രശ്‌നം പരിഹൃതമാകുമെന്നും കീഴാറ്റൂരിലെ വയലുകളെ തൊടേണ്ട ആവശ്യം സർക്കാരിനുണ്ടാകുകയില്ലെന്നുമാണ് പരിഷത്തിന്റെ വാദം. തളിപ്പറന്പിലെ കെട്ടിടങ്ങൾ നഷ്ടപരിഹാരം നൽകി പൊളിക്കുന്നതിൽ വ്യാപാരി സമൂഹത്തിന് എതിർപ്പുമില്ല. അത് കൃത്യമായ വസ്തുതയാണ്. ഫ്‌ളൈഓവർ വരികയാണെങ്കിൽ പണച്ചെലവ് ഏറുമെങ്കിലും ഭാവിയിൽ ആ പ്രദേശത്തെ ജനതയ്ക്ക് ജലദൗർലഭ്യമുണ്ടാകില്ലെന്നും ദീർഘകാല നേട്ടത്തെ താരതമ്യപ്പെടുത്തുന്പോൾ അതെത്ര ചെറുതാണെന്നും മനസ്സിലാക്കണം. മണ്ണുത്തി-പാലക്കാട് ദേശീയപാതയിൽ ചാലക്കുടി മുതൽ മണ്ണുത്തി വരെയുള്ള ചെറിയ സ്ഥലത്ത് മാത്രം ഏഴ് എലിവേറ്റഡ് ഹൈവേകൾ പണിതിട്ടുണ്ടെന്നിരിക്കേ, എന്തിനാണ് കീഴാറ്റൂരിൽ അതിന് മടിച്ചുനിൽക്കുന്നത്? കീഴാറ്റൂരിലെ ബൈപാസ് വന്നാൽ തളിപ്പറന്പിലെ വ്യാപാരികളുടെ കച്ചവടം നഷ്ടപ്പെടുമെന്നത് വേറെ കാര്യം.
എന്നാൽ പരിസ്ഥിതി ആഘാത പഠനത്തിനുപോലും തയ്യാറാകാതെ എന്തുവില കൊടുത്തും വയലിലൂടെ ബൈപാസ്സ് നിർമ്മിക്കുമെന്നാണ് സർക്കാരിന്റെ ശാഠ്യം. തീർച്ചയായും ആ ശാഠ്യത്തിനു പിന്നിൽ വാണിജ്യ താൽപര്യങ്ങൾ ഉണ്ടാകുമെന്ന് ആർക്കാണറിയാത്തത്? അത് കേവലം കെട്ടിടം പൊളിക്കേണ്ടി വരുന്നവരുടെ താൽപര്യങ്ങൾ മാത്രമായിരിക്കില്ല. ദേശീയപാതയ്ക്ക് വീതി കൂട്ടുന്പോൾ തളിപ്പറന്പ് ടാണിനെ ഒഴിവാക്കാനാണ് ബൈപാസ്സ് നിർദ്ദേശിക്കപ്പെട്ടതെന്നും ആദ്യ അലൈൻമെന്റിൽ 298 ഓളം കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നും രണ്ടാമത്തെ അലൈൻമെന്റിൽ 78−ഓളം കെട്ടിടങ്ങളും പൊളിക്കണമെന്നും കണ്ടാണ് മൂന്നാമത്തെ അലൈൻമെന്റായി കീഴാറ്റൂർ വയലിലൂടെ പാത നിർദ്ദേശിക്കപ്പെട്ടതെന്നാണ് നിഷ്‌ക്കളങ്കമെന്നോണമുള്ള സർക്കാരിന്റെ പ്രസ്താവന. ആദ്യ അലൈൻമെന്റിന് അനുകൂലമായ നിലപാട് എടുത്ത സിപിഐ (എം) എംഎൽഎ ജെയിംസ് മാത്യു പിന്നെ എങ്ങനെ അതിൽ നിന്നും പിന്മാറി മൂന്നാമത്തെ അലൈൻമെന്റിന്റെ പിറകേ പോയി? താനറിയാതെ കളക്ടറേറ്റിൽ നിന്നുള്ള ഉത്തരവ് പ്രകാരമായ സ്വകാര്യ ഏജൻസി ഇതു സംബന്ധിച്ച് സർവേ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. 2013−ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ (നഷ്ടപരിഹാരവും പുനരധിവാസവും അടക്കമുള്ള കാര്യങ്ങൾ) പാലിക്കാതെയാണ് സർക്കാർ ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നത് നിയമവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഗുണ്ടായിസമാണെന്ന കാര്യത്തിൽ ആർക്കാണ് സംശയം?
അഴിമതിക്കാരന്റെ ഇഷ്ട വാചകമാണ് വികസനം. ജനതയെ ഭിന്നിപ്പിക്കാനും തങ്ങളുടെ ലക്ഷ്യം നേടുന്നതിനും ഇതിനേക്കാൾ പ്രലോഭിക്കുന്ന മറ്റൊരു കപടത ഘനീഭവിച്ച വാക്കില്ലെന്ന് ഉമ്മൻ ചാണ്ടിയെപ്പോലുള്ള ഭരണാധിപന്മാർ കേരളത്തെ പഠിപ്പിച്ചിട്ടുണ്ട്. വികസനത്തെ എങ്ങനെ തങ്ങൾക്ക് പണം വാരാനുള്ള ഉപാധിയാക്കി മാറ്റാമെന്നതിൽ കാലങ്ങളായി ഗവേഷണം നടത്തിയിട്ടുണ്ട് ഈ രാഷ്ട്രീയക്കാർ. ഓരോ വികസനപദ്ധതിയിൽ നിന്നും എത്ര തുക തങ്ങളുടെ കീശയിലേക്കും പാർട്ടിയിലേക്കും ഒഴുക്കാനാകുമെന്നാണ് അവർ കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നത്. അത്തരക്കാർക്ക് എന്ത് കർഷകർ? എന്ത് വയൽ? എന്ത് വയൽക്കിളികൾ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ സിപിഐ (എം) എന്ന പാർട്ടി തന്നെ താനാണെന്നും മുഖ്യമന്ത്രിയാണ് കേരളമെന്നും വിശ്വസിക്കുന്നതുകൊണ്ടുള്ള അഹംഭാവമാണ് വിജയനെക്കൊണ്ടും അദ്ദേഹത്തിന്റെ സ്തുതിപാഠകവൃന്ദത്തെക്കൊണ്ടും ചെയ്യാൻ പാടില്ലാത്തതൊക്കെ യാതൊരു മടിയുമില്ലാതെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നത്. വായിൽ എല്ലുള്ള നായ കുരയ്ക്കാറില്ലെന്നതു പോലെ, ഭരണത്തിൽ നിന്നും എന്തെങ്കിലുമൊക്കെ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന അനുയായി വൃന്ദമാകട്ടെ വ്യക്തിയെ പാർട്ടിക്കുമേൽ പ്രതിഷ്ഠിച്ചിരിക്കുന്നതുകൊണ്ട് അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുകയുമില്ല. പാർട്ടിയോട് അണികൾ കാട്ടുന്ന അന്ധമായ ഈ വിധേയത്വം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞയാഴ്ച അന്തരിച്ച എഴുത്തുകാരനായ എം സുകുമാരന് പാർട്ടിയെ വിമർശിച്ചതിനുശേഷമുണ്ടായ അനുഭവം ഓർമ്മയുണ്ടല്ലോ. തങ്ങളുടെ എല്ലാ കൊള്ളരുതായ്മകളേയും പിന്തുണയ്ക്കുന്ന, അഴിമതിക്കും സ്വജനപക്ഷപാതത്തിനും പിന്തുണയ്ക്കുന്നവരെയാണ് പാർട്ടിക്ക് വേണ്ടതെന്നാണ് പാവപ്പെട്ട കർഷകരിൽ തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ആരോപിച്ച് അവരെ ഒറ്റപ്പെടുത്താൻ സിപിഎമ്മും സർക്കാരും നടത്തുന്ന ശ്രമങ്ങൾ. വയൽക്കിളികളുടെ സമരത്തിൽ കേരളത്തിന് അഭിമാനമുണ്ടെന്ന കൃഷി മന്ത്രി സുനിൽകുമാറിന്റെ പ്രസ്താവന സിപിഎമ്മിന്റെ ഈ കർഷകവിരുദ്ധതയ്ക്കു നേരെയുള്ള പരസ്യമായ പ്രതിഷേധമാണെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഉത്തരം മുട്ടുന്പോൾ കൊഞ്ഞനം കുത്തുകയോ വിമർശിക്കുന്നവരെ കൊന്നെടുക്കുകയോ ചെയ്യുന്ന ആൾക്കൂട്ട മാഫിയയായി സിപിഎം കേരളത്തിൽ ഇന്ന് മാറിയിരിക്കുന്നതിനാലും പിണറായി വിജയന്റെ ഫാൻസ് ക്ലബ്ബായി അത് അധഃപതിച്ചതിനാലും സമരസഖാക്കന്മാരെ വയൽക്കഴുകന്മാരെന്ന് വിശേഷിപ്പിക്കാൻ ജി സുധാകരനെപ്പോലുള്ള പാർട്ടിയിലെ കവിക്കോമാളികൾക്ക് മടിയുണ്ടാവുകയില്ല താനും. സ്വന്തം ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന ഒരു പ്രസ്ഥാനത്തിന് അധികകാലം ജനവിശ്വാസമാർജിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് ചരിത്രം പറയുന്നത്. ഫാസിസത്തെ ചെറുത്തുതോൽപിക്കുന്നത് എപ്പോഴും ജനതയുടെ വിപ്ലവപോരാട്ടം തന്നെയായിരിക്കുമല്ലോ. നന്ദിഗ്രാമിലും സിംഗൂരിലും അത് നമ്മൾ കണ്ടതുമാണല്ലോ.