ലോക പ്രകൃതി സംരക്ഷണ ദിനാചരണങ്ങളുടെ പ്രസക്തി
സുമ സതീഷ്
പ്രകൃതി എന്ന പദം സൂചിപ്പിക്കുന്നത് മൊത്തത്തിലുള്ള ഭൗതിക പ്രപഞ്ചത്തെയാണ്. ജീവനും പ്രതിഭാസങ്ങളും പ്രകൃതിയുടെ ഘടകങ്ങളാണ്. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനത്തുള്ള ഭൂമിയിൽ മാത്രമാണ് ജീവൻ എന്ന നമ്മുടെ വിശ്വാസവും മാറ്റി മറിക്കുന്ന പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ഭൂമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് പരിസ്ഥിതിശാസ്ത്രം. പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരന്പര്യേതര ഊർജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു. ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൂടിയതും ശക്തമായ പരിസ്ഥിതി നിയമങ്ങൾ ലോകരാഷ്ട്രങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതുമാണ് പരിസ്ഥിതിശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉത്ഭവത്തിനു കാരണം. ഭൂമിയുടെ അന്തരീക്ഷത്തെയും മറ്റുള്ള പരിസ്ഥിതി ഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവർത്തനങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും പഠന വിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം.
മാർച്ച് 21: ലോക വനദിനം
വന നശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് വന ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. മരം വെച്ച് പിടിപ്പിക്കുക എന്നത് തന്നെ ആണ് ഈ ദിനത്തിന്റെ മുഖ്യ കർമ്മപരിപാടി.
മാർച്ച് 22: ലോക ജലദിനം
1993 മുതൽ മാർച്ച് 22 ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച നാം ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാൽ അതിന്റെ അധിക ഉപയോഗവും ദൗർലഭ്യതയും മലനീകരണവും കുറെ കൂടി ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പല പഠനങ്ങളും അർത്ഥശങ്കക്കിടയില്ലാതെ പറയുന്നു വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ആണ് ആരോഗ്യം നിലനിർത്തേണ്ടതെന്ന്. വെറും വയറ്റിൽ ഒരു ലിറ്റർ വെള്ളവും ഭക്ഷണ ശേഷം ഒരു മണിക്കൂർ കഴിഞ്ഞു ചൂടുള്ള വെള്ളം എന്നും കുടിക്കുക. അതെപ്പോഴും ഇരുന്നിട്ടാവണം എന്നും പറയുന്നു. ചമ്രം പടിഞ്ഞിരുന്നേ ഭക്ഷണം കഴിക്കാവൂ എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ശുദ്ധജലം എവിടെ ഒക്കെ കിട്ടുന്നു. എറണാകുളക്കാരുടെ മാത്രം കാര്യം എടുക്കാം. വികസനത്തിന്റെ കുതിപ്പിൽ കൊച്ചി ലോക ഭൂപടത്തിൽ നമുക്കഭിമാനിക്കാവുന്ന രീതിയിൽ ഇടം പിടിച്ചു “ലോകത്തിലെ ഏറ്റവും മലിനീകരിക്ക’’പ്പെട്ട സ്ഥലങ്ങളിൽ ഒന്ന്!!. 2004−ൽ, 200−ൽ താഴെ ആയിരുന്നു എറണാകുളത്തെ വൃക്ക രോഗികളുടെ എണ്ണം. എന്നാൽ ഇന്ന് 2017−ൽ ഒരു ലക്ഷത്തിമുപ്പത്തി ആറായിരം വൃക്ക രോഗികളെന്നു കേട്ടാൽ ഞെട്ടിയോ? അതിലും ഭീകരം ഇതുണ്ടാക്കുന്നത് അവിടങ്ങളിൽ ശുദ്ധജലമെന്നു പറഞ്ഞു കുടിക്കുന്ന വെള്ളമാണെന്നു കേട്ടാലാണ്. കാരണം, പെരിയാർ ആണ് ജില്ലയിലെ പ്രധാന പുഴ. 40 ലക്ഷം വരുന്ന എറണാകുളക്കാരുടെ വാട്ടർ ടാങ്ക് ആണിത്. വ്യാവസായിക മേഖലയിൽ ഈ പുഴയുടെ തീരത്തായി 200−ലധികം ഫാക്ടറികളുണ്ട്. അതിൽ 80 എണ്ണം റെഡ് ക്യാറ്റഗറിയിൽ പെടുന്നതാണ്! 2016−ൽ 46 തവണ പെരിയാർ നിറം മാറി ഒഴുകി. 23 തവണ മത്സ്യ കുരുതി. എത്രയോ മത്സ്യങ്ങൾ നാമാവശേഷമായി. കൃഷികളെല്ലാം നശിച്ചു, കൃഷി ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും എല്ലാം ക്രമാതീതമായി ലോഹങ്ങൾ അടങ്ങിയതായി കണ്ടെത്തി. ക്ലോറിനേഷൻ പ്ലാന്റുകൾ പോലും ശരിയായ രീതിയിലല്ല എന്ന്, ചുരുക്കി പറഞ്ഞാൽ ജനങ്ങൾ കുടിക്കുന്നത് വിഷമാണ്. വെള്ളത്തിലൂടെ വൃക്കയെ നിർവീര്യമാക്കുന്ന വിഷം. ഉറവ വറ്റിയ കേരളത്തിന്റെ ജനങ്ങൾക്കുള്ള കുടിവെള്ളത്തിന് സമുദ്രജലം ശുദ്ധീകരിക്കുന്ന വിദേശ രാജ്യങ്ങളിലെ രീതികൾ, നാട്ടിൽ നടപ്പാക്കുന്നതിൽ പ്രവാസികളെങ്കിലും മുൻകൈയെടുക്കേണ്ടതുണ്ട്. ജനശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന “ജല സമരവും’’ ഗംഗാനദിയെ ജീവനുള്ളതായി കാണണമെന്ന കോടതി പരാമർശവും പ്രശംസനീയമാണ്.
ജൂൺ 5: ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ളൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
ഏപ്രിൽ 22: ലോക ഭൗമ ദിനം
ഏപ്രിൽ 22നാണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്നലക്ഷ്യത്തോടെ 1970 ഏപ്രിൽ 22−നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
ഇങ്ങനെ പ്രകൃതിയെ രക്ഷിക്കാൻ പല ദിനങ്ങളും ഉണ്ടെങ്കിലും അതൊരു ഓർമപ്പെടുത്തൽ മാത്രമായി ഒതുങ്ങുന്നതാണ് നാം കണ്ടുവരുന്നത്. ലോക രാജ്യങ്ങളിലേക്കല്ല നമ്മുടെ കൊച്ചു കേരളത്തിന്റെ മാത്രം കാര്യം നമുക്ക് പരിശോധിക്കാം. ഡിസംബർ മാസം കഴിഞ്ഞു വരുന്പോഴേക്കും വെള്ളമില്ലാതെ അമ്മമാർ നെട്ടോട്ടം ഓടുന്ന കാഴ്ച ആണ് നാം കാണുന്നത്. മഴക്കാലം മലയാളിക്ക് അന്യമാകുമോ? ആസ്‌ത്രേലിയയുടെ ദേശീയ പക്ഷി ഈയിടെ കേരളത്തിൽ കണ്ടെത്തിയത് വലിയ വാർത്ത ആയിരുന്നു. കാരണം അതീവ ചൂട് പ്രദേശങ്ങൾ ഇഷ്ടപെടുന്ന ഇത്തരം പക്ഷികൾ സാധാരണ തമിഴ്‌നാട്ടിലും രാജസ്ഥാനിലും മാത്രമേ ദേശാടനത്തിനിറങ്ങാറുള്ളു. അതാണ് നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിട്ടു പോലും മരത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന പ്രസ്താവനകളും പ്രകൃതിയെ നശിപ്പിച്ചു തന്നെ ആതിരപ്പളി പോലുള്ള പദ്ധതികൾ കൊണ്ട് വരുന്നതിലെ രാഷ്ട്രീയവും പരിസ്ഥിതി പ്രേമികൾക്ക് എന്നല്ല സാധാരണ ജനങ്ങൾക്കു പോലും ഉൾക്കൊള്ളാൻ ആകാത്തതാണ്. ഇങ്ങനെ പോയാൽ ഓക്സിജനും ജലവും പൊന്നു വിലക്കും കിട്ടാത്ത കാലം വിദൂരമല്ല.
നമുക്ക് വയലുകളും, കാടുകളും പച്ചപ്പും പാടങ്ങളും കുളങ്ങളും പുഴയും മരവും കുന്നും മലയും ഒന്നും വേണ്ട വിമാനത്താവളവും താറിട്ട റോഡുകളും ടൈൽ ഇട്ട മുറ്റവും മാളുകളും ഫ്ളാറ്റുകളും എ.സി കാറും അതിവേഗ റെയിലും മെട്രോ ട്രെയിനും ഒക്കെ വേണം. പക്ഷെ സൂര്യതാപം ഏൽക്കരുത്, കിണർ വറ്റരുത് വേനൽ ചൂടും അരുത് കുടിവെള്ളം മുട്ടരുത് കറന്റ് പോകരുത്. ഇതെങ്ങനെ സാധിക്കും. അവിടെയാണ് പ്രകൃതിയുടെ പ്രസക്തി.
എന്നാൽ കറന്റ് എന്ന സ്വപ്നം ആതിരപ്പള്ളിയിലൂടെയെ നടക്കൂ എന്നില്ല. കാരണം നമുക്കറിയാം സോളാർ പാനൽ ഉപയോഗിച്ച നമ്മുടെ രാജ്യത്ത് ഒട്ടനേകം സ്ഥാപനങ്ങൾ വിജയകരമായി നടത്തി വരുന്നുണ്ട്. എയർപോർട്ടിൽ പൂർണമായും സോളാർ പാനൽ ഉപയോഗിച്ച് നടപ്പാക്കിയത് അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വി.എസും ശ്രീനിവാസനെ പോലുള്ള പ്രമുഖരും ചില രാഷ്ട്രീയ സംഘടനകളും ആ പദ്ധതിക്കെതിരെ ഉണ്ടെന്നുള്ളത് ജനങ്ങൾക്കാശ്വാസമാകും. കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ട ജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്.
ഇത് നടപ്പാക്കുന്നതിലൂടെ, പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള 140 ഹെക്ടർ വനഭൂമി നഷ്ടപ്പെടും, അപൂർവ്വ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം, വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ നാശം, കേരളത്തിലവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളിൽ 28.4 ഹെക്ടർ മുങ്ങിപ്പോകും. പറന്പിക്കുളത്തിനും പൂയംകുട്ടിക്കുമിടയിലുള്ള ആനത്താരയുടെ ഭാഗം വെള്ളത്തിനടിയിലാകും. ആദിവാസി കോളനികളിലെ 80−ഓളം കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും. ജലസേചനത്തെയും ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ള ലഭ്യതയെയും ഇത് ദോഷകരമായി ബാധിക്കും.
ഈ നൂറ്റാണ്ട് അവസാനിക്കുന്പോഴേക്കും ഭൂമിയിലെ ചൂട് ഇനിയും എത്രയോ കൂടുമെന്നാണ് യു.എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുന്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. വനം വെച്ച് പിടിപ്പിക്കുന്നതിലൂടെയും മറ്റും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. ‘മരം ഒരു വരം’ ‘എന്റെ മരം എന്റെ ജീവൻ’ ‘മരം എന്റെ ശ്വാസം’ ഇതൊക്കെ എന്നും ശ്വാസത്തിൽ കൊണ്ട് നടന്നാലേ നാളത്തെ തലമുറയ്ക്ക് ജീവിതമുണ്ടാകൂ എന്നോർമ്മിപ്പിച്ചു കൊണ്ട്...