പത്മശ്രീ നിറവിൽ വനമുത്തശ്ശി
സ്വന്തം ലേഖകൻ
തിളക്കം കുറഞ്ഞ ജീവിതങ്ങൾ പൊതുവെ പുരസ്കാരങ്ങളിൽ അഭിരമിക്കാത്തവരാണ്. അതുകൊണ്ട് തന്നെ പുരസ്കാരങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കാറുമില്ല. കാട് കയറിയൊരു പത്മശ്രീ പുരസ്കാരം ലക്ഷ്മികുട്ടിയമ്മയെ തേടി ചെന്നപ്പോൾ സമൂഹ മാധ്യമങ്ങളും മുൻനിരമാധ്യമങ്ങളും അതിനത്ര പ്രാധാന്യം നൽകിയില്ല. റീഡേഴ്സിന്റെ ചോയ്സ് നിശ്ചയിക്കുന്നിടത്ത് പലപ്പോഴും പത്രാധിപൻമാർ പരാജയപ്പെട്ട് തന്നെയാണ് കാണുന്നത്. ഒരു സ്റ്റോറിയായി പല മാധ്യമങ്ങളും ഇവരുടെ ജീവിതം കണ്ണീരും, കഠിനാദ്ധ്വാനവും, സഹതാപവും നിറച്ച് ചെയ്തുകഴിഞ്ഞു. പക്ഷെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്നും പത്മശ്രീ പുരസ്കാരം ലക്ഷ്മികുട്ടിയമ്മ സ്വീകരിക്കുന്ന ചിത്രം ഒരു പത്രത്തിന്റെ മുൻനിരയിലും ഇടംപിടിച്ചില്ല. കായികം, സിനിമ എന്നീ മേഖലകളിൽ നിന്ന് പത്മ പുരസ്കാരങ്ങൾ ലഭിക്കുന്പോൾ മാത്രം അത് വലിയ പ്രാധാന്യം അർഹിക്കുകയും ലക്ഷ്മികുട്ടിയമ്മയെ പോലുള്ളവർക്ക് പുരസ്കാരം ലഭിക്കുന്പോൾ അതിന് പ്രധാന്യം കുറയുകയും ചെയ്യുന്നത് നേരത്തെ പറഞ്ഞ തിളക്കകുറവിന്റെ പേരിലാണ്. സിനിമാ മേഖലയിൽ നിന്ന് ദേശീയ അവാർഡ് നേടിയ നടിയുടെ ചിത്രം പത്രമാധ്യങ്ങളിൽ പ്രാധാന്യത്തോടെ ഇടം പിടിക്കുന്നതും ഈ തിളക്കത്തിന്റെ പിൻബലത്തിൽ തന്നെ.
നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിനാണ് തിരുവനന്തപുരം വിതുര മൊട്ടമൂടുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുന്നത്. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. വനമുത്തശ്ശി എന്ന നാമധേയത്തോടെയായിരുന്നു രാജ്യം പുരസ്കാരം പ്രഖ്യാപിച്ചത്. കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ 40 വർഷമായി പാരന്പര്യ വിഷ ചികിത്സ മേഖലയിൽ പ്രവർത്തിക്കുന്നു. കൂടാതെ നാട്ടറിവുകളുടെയും കാടറിവുകളുടെയും ഒരു അമൂല്യ ശേഖരം കൂടിയാണ് ലക്ഷ്മികുട്ടിയമ്മ. ആദിവാസി ഗോത്ര സംസ്കാരത്തിന്‍റെ പ്രധാന അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാനത്തെ കണ്ണികളിൽ ഒരാളാണ് ലക്ഷ്മിക്കുട്ടി. പാരന്പര്യമായി കിട്ടിയ അറിവുകൾ തനിക്ക് കിട്ടിയ വിദ്യാഭ്യാസത്തിലൂടെ കൂടുതൽ നവീകരിക്കാനും അത് മറ്റുള്ളവർക്ക് പകർന്നു നൽകാനും അവർക്ക് മടിയില്ല. വിദ്യാഭ്യാസം നേടി ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിൽ അവർക്ക് ഉത്കണ്ഠയുണ്ട്. ആചാരാനുഷ്ഠാനങ്ങളും പാരന്പര്യവും വിട്ടിട്ടുള്ള ഒന്നും ഞങ്ങൾക്ക് വേണ്ടെന്നാണ് അവരുടെ അഭിപ്രായം. “ഞങ്ങൾക്ക് ഞങ്ങളുടെ ആചാരവും അനുഷ്ഠാനവും വിട്ടിട്ടുള്ള ഒരു കാര്യവും ശരിയാവില്ല. ഇപ്പോ കുറെ വിദ്യാഭ്യാസമൊക്കെ നേടിയ ആൾക്കാർ ഞങ്ങളുടെ ഇടയിലും ഉണ്ട്. ജാതിയും മതവും ആചാരങ്ങളും ഒക്കെ വേണ്ട എന്നു പറയുന്നവർ. എനിക്ക് അതൊന്നും ആലോചിക്കാനെ വയ്യ. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും നിലനിർത്തണം.” ലക്ഷ്മികുട്ടിയമ്മ പറയുന്നു.
വനവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവരാണ് ആദിവാസികൾ. ഒരർത്ഥത്തിൽ വനം കാവൽക്കാർ തന്നെയായിരുന്നു അവർ. കാട് അവരുടെ സ്വന്തമായിരുന്നു. തങ്ങളുടെ ആവശ്യത്തിനുള്ളത് മാത്രമേ അവർ വനത്തിൽ നിന്നു എടുത്തിരുന്നുള്ളൂ. ‘ഇപ്പോൾ കാടുമില്ല മരവുമില്ല പിന്നെ ഇവിടെ കഴിഞ്ഞിട്ട് എന്തു കാര്യം എന്നാണ് അവർ ചോദിക്കുന്നത്’. രാജഭരണം പോയി ജനാധിപത്യം വന്നതാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ലക്ഷ്മിക്കുട്ടി വിശ്വസിക്കുന്നു. ഭർത്താവ് മാത്തൻ കാണി മരിച്ചതിന് ശേഷം കാടിന് നടുവിലെ ഒരു കുടിലിൽ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ താമസം. കുടിലിന് ചുറ്റും നട്ട് വളർത്തുന്ന പച്ചമരുന്നുകളാണ് അവർക്ക് കൂട്ട്. അവർക്ക് കാടിനെയും കാട്ടുമൃഗങ്ങളെയും പേടിയില്ല. മനുഷ്യനോളം ദുഷ്ടരല്ല കാട്ടു മൃഗങ്ങൾ എന്നാണ് അവരുടെ വാദം. കാട് മനുഷ്യർ കയ്യേറുന്പോൾ മൃഗങ്ങൾ നാട്ടിലിറങ്ങാതെ എന്തു ചെയ്യും എന്നാണ് അവരുടെ ചോദ്യം. ഒരു കാലത്ത് കാടിന്‍റെ കാവലാളായിരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധിയായ ലക്ഷമികുട്ടിയമ്മ കാടും കാട്ടറിവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തെ നിസ്സഹായതയോടെയാണ് നോക്കിക്കാണുന്നത്.
നഷ്ടമാകുന്ന ഗോത്ര സംസ്കൃതിയുടെ അവസാനത്തെ ശേഷിപ്പുകളിൽ ഒന്നാണ് ലക്ഷ്മിക്കുട്ടി. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാണി വിഭാഗത്തിൽപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ നാൽപ്പത്തിമൂന്നു വർഷമായി പാരന്പര്യ വിഷ ചികിത്സകയാണ്. പാന്പ് കടിയേറ്റ് മരണം മുന്നിൽ കണ്ട നിരവധി പേരെ ലക്ഷ്മിക്കുട്ടി ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞു തിരിച്ചയച്ച ആളുകളെ പോലും ലക്ഷ്മിക്കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വന്നു. ഇരുപതു വർഷത്തോളം ശരീരത്തിൽ കലർന്ന വിഷം പോലും ലക്ഷ്മിക്കുട്ടിയുടെ ആവിക്കുളിയിൽ പുറത്തുപോയിട്ടുണ്ട്. 150ലധികം ഔഷധ സസ്യങ്ങൾ സ്വന്തം തൊടിയിൽ വളർത്തുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അറിയാത്ത പച്ച മരുന്നുകൾ കുറവാണ്. അഞ്ഞൂറിലധികം പച്ച മരുന്നുകളെ കുറിച്ച് കാടിന്‍റെ ഈ കൂട്ടുകാരിക്ക് അറിയാം. കാടിന്‍റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് ലക്ഷ്മിക്കുട്ടി. ആദിവാസികളുടെ പാരന്പര്യ കലകളെ കുറിച്ച് ഫോക്ലോർ അക്കാദമിയിൽ ക്ലാസ്സെടുക്കാനും ലക്ഷ്മിയമ്മ പോകാറുണ്ട്. ചികിത്സയെ കുറിച്ചും ചെടികളെ കുറിച്ചും പഠിക്കാൻ വേണ്ടി സ്വദേശികളും വിദേശികളുമായി നിരവധി പേർ ലക്ഷ്മിക്കുട്ടിയമ്മയെ തേടി എത്തുന്നു. കേരള യൂണിവേഴ്സിറ്റിയടക്കം പല കോളേജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരന്പര്യത്തെ കുറിച്ചും സെമിനാറുകൾക്കും ക്ലാസ്സുകൾക്കുമായി കേരളത്തിലെന്പാടും തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും ലക്ഷ്മിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്. പാരന്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1995ൽ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സർക്കാർ വൈദ്യരത്ന അവാർഡ് നൽകി ആദരിച്ചു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ജൈവ വൈവിധ്യബോർഡ്, അന്തർ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ഇതിനോടകം ആദരിച്ചു കഴിഞ്ഞു.
ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി സർക്കാരുകൾ കോടികൾ ചിലവഴിക്കുന്പോഴും ആദിവാസികളുടെ ജീവിതത്തിന് പറയത്തക്ക മാറ്റമൊന്നും സംഭവിക്കുന്നില്ല. മാറിമാറി വരുന്ന സർക്കാരുകൾ ഞങ്ങളോടു നീതി കാണിക്കുന്നില്ല എന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കാട്ടറിവുകളുടെ അക്ഷയ ഖനിയായ ആദിവാസികൾക്കിടയിലേയ്ക്ക് നാട്ടുമനുഷ്യൻ കടന്നുകയറിയതും വനം വെട്ടിപ്പിടിച്ചതും അവരുടെ സംസ്കൃതിയെ തന്നെ നശിപ്പിച്ചു കളഞ്ഞു. അരച്ചെടുത്ത് മുറിവിൽ പുരട്ടാനും പിഴിഞ്ഞെടുത്ത് ഉള്ളിൽ കുടിക്കാനും വേരിട്ട് തിളപ്പിച്ച് കുളിക്കാനുമൊക്കെയായി നിരവധി പച്ച മരുന്നുകൾ നമുക്കുണ്ടായിരുന്നു. അലോപ്പതിയുടെ കടന്നുകയറ്റത്തോടെയാണ് പച്ച മരുന്നുകളോട് നമ്മൾ വിമുഖത കാണിച്ചു തുടങ്ങിയത്. സോറിയാസിസിന് ചികിത്സിച്ചിരുന്ന സമുദ്രനിരപ്പിൽ നിന്ന്‍ 2000 അടി ഉയരത്തിൽ അഗസ്ത്യാർ കൂടത്തിൽ വളരുന്ന അമൃതപാല എന്ന ചെടിയും പേപ്പട്ടി വിഷത്തിന് ഉപയോഗിച്ചിരുന്ന പുലിച്ചുവടി എന്ന ചെടിയും എപ്പോൾ കാണാനെയില്ല എന്നു ലക്ഷ്മിക്കുട്ടി പറയുന്നു.
പ്രധാനമായും പാന്പ്് കടിക്കുള്ള വിഷ ചികിത്സയാണ് ലക്ഷ്മികുട്ടിയമ്മ ചെയ്യുന്നത്. കിടത്തി ചികിത്സിക്കും. കാലിലോ കയ്യിലോ ആണ് വിഷം ഏൽക്കുന്നതെങ്കിൽ നമ്മളുടെ നോട്ടത്തിൽ തന്നെ കൃത്യമായി മരുന്നും ആഹാരവും ഒക്കെ കൊടുക്കണം. വിരുദ്ധ ആഹാരം കൊടുത്താൽ ഗുരുതരമാവും വൈദ്യർക്ക് ഒടുവിൽ പഴിയാവും. കട്ടുറുന്പ് മുതൽ കരിമൂർഖൻ വരെയുള്ള എല്ലാ വിഷത്തിനും ചികിത്സിക്കും. പേപ്പട്ടിക്ക് ഒഴികെ ബാക്കി എല്ലാറ്റിനും ചികിത്സിച്ചിട്ടുണ്ട്. പേപ്പട്ടി വിഷത്തിനുള്ള മരുന്നൊന്നും ഇപ്പോൾ കിട്ടാനില്ല. അപൂർവ്വമായൊരു ചെടിയുണ്ട്. മരത്തിന്‍റെ മണ്ടയിൽ വളരുന്നത്. അതിപ്പോ എവിടെയും ഇല്ല. പിന്നെയുള്ളത് പുലിച്ചുവടി, അതൊക്കെ ഇനി എവിടുന്നു കിട്ടാൻ. വനം കത്തിച്ചാലെ രക്ഷയുള്ളൂ. വനം കത്തിയാലെ ഭൂരിപക്ഷം സസ്യങ്ങളും വളരുകയുള്ളൂ. സൂര്യപ്രകാശത്തിന്റെ ചൂടല്ല. വനത്തിൽ തീയും പുകയും ചാന്പലും ഒക്കെ വീണടിയണമെന്നാണ് അവർ പറയുന്നത്.
ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. ഭർത്താവ് മാത്തൻ കാണി മരിച്ചിട്ടിപ്പോൾ രണ്ടു വർഷമായി. സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്ന മൂത്തമകൻ ധരണീന്ദ്രൻ കാണിയെ കാട്ടിലെ ക്ഷേത്രത്തിൽ പോകുന്ന വഴി കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയമകൻ ശിവപ്രസാദും മരണപ്പെട്ടു. രണ്ടാമത്തെ മകൻ ലക്ഷ്മണൻ കാണി റെയിൽവെയിൽ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാലത്തിലുള്ള വേർപാട് തീരാവേദനയായി ഉള്ളിലുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ല. തനിക്ക് കിട്ടിയ പൈതൃകമായ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും തന്നെ തേടി മലകയറി വരുന്നവരെ ഹൃദ്യമായി സ്വീകരിക്കാനും പാന്പ് കടിയേറ്റ് തന്നിൽ വിശ്വാസമർപ്പിച്ച് കൊണ്ടുവരുന്ന രോഗികളെ ചികിത്സിക്കാനും അവർ എപ്പോഴും ഉത്സാഹിക്കുന്നു.
കവയത്രി കൂടിയായ ലക്ഷ്മിക്കുട്ടി നാട്ടിലെ കവിയരങ്ങുകളിലെ നിത്യ സാന്നിദ്ധ്യമാണ്. സമകാലിക വിഷയങ്ങളെ ഹാസ്യത്തിൽ പൊതിഞ്ഞ് ആക്ഷേപ ഹാസ്യത്തിലാണ് ലക്ഷ്മി പലപ്പോഴും എഴുതുന്നത്. പകിടകളി, നേതാവിന്‍റെ ദുഃഖം, മന്ത്രിയെ കാത്ത്, തുടങ്ങിയ കവിതകൾ സമകാലിക രാഷ്ട്രീയത്തെയും നേതാക്കന്മാരെയും കളിയാക്കുന്നതാണ്. വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും നാട്ടുകാരും നടത്തുന്ന കയ്യേറ്റത്തിനെതിരെയുള്ള വിമർശനമായും ലക്ഷ്മിക്കുട്ടിയുടെ കവിതകൾ മാറുന്നു. വള്ളത്തോൾ നാരായണ മേനോന്‍റെ ആരാധികയായ ലക്ഷ്മിക്കുട്ടി തെളിഞ്ഞ മലയാള പദങ്ങൾ ഉപയോഗിച്ച് ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കവിതകളാണ് കൂടുതലും എഴുതുന്നത്. ചിലപ്പോൾ സ്വാനുഭവങ്ങളുടെ ചൂടും ചൂരും കവിതയ്ക്ക് വിഷയമാകാറുണ്ട്. ചരിത്രവും ഇതിഹാസവും വിമർശനവിധേയമാകുന്ന നിരവധി കഥാപ്രസംഗങ്ങളും ലക്ഷ്മിക്കുട്ടി എഴുതിയിട്ടുണ്ട്. സ്കൂൾ കുട്ടികൾ ലക്ഷ്മിക്കുട്ടിയുടെ കഥാപ്രസംഗം അവതരിപ്പിച്ചു സമ്മാനങ്ങൾ നേടാറുമുണ്ട്. ആദിവാസി ഗോത്ര കലയായ വിൽപ്പാട്ടുകൾ നന്നായി പാടുന്ന ലക്ഷ്മിക്കുട്ടി അത് നഷ്ടപ്പെടാതെ ശേഖരിച്ചു വെച്ചിട്ടുമുണ്ട്.
കല്ലാറിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ തന്പുരാന്റെ കുതിരപ്പുരയിലായുന്നു ലക്ഷ്മികുട്ടിയമ്മയുടെ പഠനം. ലക്ഷമികുട്ടിയമ്മയുടെ രണ്ടാം ക്ലാസ് പഠനം മുതൽ (1957ൽ) കുതിരപ്പുര സ്കൂളാക്കി മാറ്റിയിരുന്നു. 1949ൽ കല്ലാറിൽ ഒരു സ്കൂൾ ഉണ്ടാക്കാൻ വേണ്ടി ഇവിടത്തെ ആൾക്കാർ ഒക്കെ കൂടി പ്രവർത്തിച്ചു. കൊട്ടാരം വക സത്രം ഉണ്ടായിരുന്നു കല്ലാറിൽ. തന്പുരാന്‍റെ കുതിരപ്പുര ഇവിടെയുള്ള ആൾക്കാരൊക്കെ കൂടി അത് നന്നാക്കി. കുടിപ്പള്ളിക്കൂടം തുടങ്ങി. പിരിവെടുത്ത് ഭക്ഷണവും ശന്പളവും കൊടുത്തു ഇളഞ്ചിയം ഗോപാലൻ കാണി എന്നയാളെ വാദ്ധ്യാരാക്കി. ഇയാൾ വരാത്ത ദിവസം ആരെങ്കിലും അറിയാവുന്നവർ വന്ന്‍ ഞങ്ങൾക്ക് പാഠം പറഞ്ഞു തരുമായിരുന്നു. അന്നത്തെക്കാലത്ത് പെണ്ണുങ്ങളെ പഠിപ്പിക്കാറില്ല. പ്രത്യേകിച്ച് ആദിവാസിക്കുട്ടികളെ. ലക്ഷ്മിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പഠിപ്പിക്കാമെന്ന് അച്ഛൻ സമ്മതിച്ചു. എട്ടാം ക്ലാസുവരെ പഠിച്ചു. അമ്മാവന്റെ മകൻ മാത്തൻ കാണിയും സ്കൂൾ പഠനകാലത്ത് ഒന്നിച്ചുണ്ടായിരുന്നു. അമ്മാവന്റെ മകൻ മാത്തൻ കാണിയെയാണ് ലക്ഷ്മികുട്ടിയമ്മ വിവാഹം ചെയ്തത്. ആദിവാസി ആചാരങ്ങളെ മറികടന്നായിരുന്നു വിവാഹമെന്ന് ലക്ഷ്മിക്കുട്ടിയമ്മ ഓർക്കുന്നു.
ലക്ഷ്മികുട്ടിയമ്മയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിനെതിരെ മന്ത്രി എ.കെ ബാലൻ നടത്തിയ വിമർശനത്തിന് തന്റേതായ ശൈലിയിൽ ലക്ഷ്മികുട്ടിയമ്മ മറുപടി നൽകിയിരുന്നു. മുൻകാലങ്ങളിൽ ആദിവാസികളുടെ ഉയർച്ചക്കായി സമരമുഖത്തുണ്ടായിരുന്ന ലക്ഷ്മികുട്ടിയമ്മ പുരസ്‌കാരത്തിനായി ആരുടെയും പിറകെ നടന്നിട്ടില്ലെന്നും അതിനായി സംസ്ഥാന സർക്കാറിന്റെ ശുപാർശ ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ മന്ത്രിയുടെ സർട്ടിഫിക്കറ്റൊന്നും എനിക്കാവശ്യമില്ലെന്നും പറഞ്ഞിരുന്നു. ‘കഴിഞ്ഞ തവണ കളരിപ്പയറ്റ് പരിഗണിച്ചു. ഇക്കുറി ആദിവാസി ചികിത്സയായി. ഇനി മന്ത്രവാദമടക്കം വരുമായിരിക്കും. ഇങ്ങനെ പോയാൽ ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പത്മശ്രീ നൽകിയേക്കും. കൈനോട്ടമാണെങ്കിൽ എന്റെ പേരു ഞാൻ തന്നെ നിർദേശിക്കും.’ എന്നായിരുന്നു മന്ത്രി ബാലൻ ലക്ഷ്മികുട്ടിയമ്മയ്ക്ക് പുരസ്കാരം ലഭിച്ച ശേഷം പ്രതികരിച്ചത്.
74 വർഷമായി വനഭൂമിയിൽ കഴിയുന്ന ലക്ഷ്മികുട്ടിയമ്മയെ പക്ഷെ ഇത്തരത്തിലുള്ള വിമർശനങ്ങളൊന്നും തളർത്താറില്ല. ഏസി മുറിയിലിരുന്ന് വനവാസികളെപ്പറ്റി ചിന്തിക്കുന്നയാളുകൾക്ക് ഇങ്ങനെയൊക്കെയേ പറയാൻ കഴിയൂ എന്നൊരു ചിരിയോട് കൂടി പറഞ്ഞ് അത് അതിന്റെ വഴിക്ക് വിടാനാണ് ലക്ഷ്മികുട്ടിയമ്മയ്ക്കിഷ്ടം. മന്ത്രിമാരും ജനപ്രതിനിധികളും ജനസേവനത്തെ ഒരു തൊഴിലായി പ്രഖ്യാപിക്കാൻ (ശന്പളത്തോടു കൂടിയുള്ള ജോലി) വെന്പൽകൊള്ളുന്പോൾ മുൻമന്ത്രി കടവൂർ ശിവദാസൻ ഉൾപ്പെടെയുള്ളവരെ ചികിത്സിച്ചിട്ടുള്ള ലക്ഷ്മികുട്ടി വയറ്റാട്ടിയായ അമ്മയിൽ നിന്ന് കിട്ടിയ അറിവ് ലാഭേച്ഛയില്ലാതെ മറ്റുള്ളവരെ ജീവന് വിലകൽപ്പിച്ചുകൊണ്ട് ഇന്നും ചെയ്തുപോരുന്നു...