സന്തോഷം പങ്കുവെയ്ക്കൂ...
ഡോ. അമാനുല്ല വടക്കാങ്ങര
ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ആറാമത് ലോക സന്തോഷ ദിനം ഇന്നലെ (മാർച്ച് 20ന്) വിപുലമായ പരിപാടികളോടെ ലോകത്തെന്പാടും ആഘോഷിച്ചു. സന്തോഷം പങ്കുവെയ്ക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. സന്തോഷിക്കുവാൻ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നുണ്ടെന്നും പരസ്പരം സന്തോഷം പങ്കുവെയ്ക്കുകയെന്ന സർഗ്ഗപ്രക്രിയ അനുസ്യൂതം തുടരണമെന്നാണ് പ്രകൃതിയുടെ തേട്ടമെന്നും പ്രമേയം നമ്മെ ഓർമ്മപ്പെടുത്തുന്പോൾ ആർദ്രമായ ബന്ധങ്ങളും കനിവും കരുതിവെപ്പും ഏറെ പ്രസക്തമാകുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന കാര്യം പ്രത്യേകം ഓർക്കുക. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് സന്തോഷദിനം ഉദ്‌ഘോഷിക്കുന്ന സുപ്രധാനമായ ആശയം.
മലയാളികൾ പലരും ആദ്യമായാകും ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച് കേൾക്കുന്നത്. ലോകത്ത് മനുഷ്യന്് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുൻകൈയെടുത്തത്. വികസനത്തിന്റെ മാനദണ്ധം സാന്പത്തികവും ഭൗതികവുമായ അളവുകോലിൽ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ച്ചപ്പാടാണ് അവർ അവതരിപ്പിച്ചത്. ഗ്രോസ് നാഷണൽ ഹാപ്പിനസ് ഇൻഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുന്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്.
ദൈവത്തിന്റെ സ്വന്തം നാടെന്നഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സമകാലിക വർത്തമാനങ്ങൾ ഒട്ടും സന്തോഷകരമല്ല എന്ന കാര്യം വിസ്മരിക്കാനാവില്ല. കക്ഷിരാഷ്ട്രീയ മത വർഗ ചിന്തകൾ സമൂഹത്തിൽ വിള്ളലുകളും അനൈക്യവും സൃഷ്ടിക്കുന്പോൾ ഏകമാനവികതയുടെ സാമൂഹ്യ സൗഹാർദ്ദത്തിന്റേയും വീണ്ടെടുപ്പ് അനിവാര്യമാണെന്ന വിചാരം ശക്തമാകുന്നുണ്ട്. സമാന മനസ്‌കരായ മനുഷ്യകൂട്ടായ്മകൾക്ക് ഏത് പ്രതിസന്ധികളേയും അതിജീവിക്കുവാനും ശാന്തിയും സമാധാനവും സാക്ഷാൽക്കരിക്കുവാനും സാധിക്കുമെന്ന തിരിച്ചറിവും ഈ ദിനത്തിന്റെ ബാക്കി പത്രമാകുമെന്ന് പ്രത്യാശിക്കാം. വികസനത്തിന്റേയും സാന്പത്തിക പുരോഗതിയുടേയും മൗലികമായ സ്വഭാവങ്ങൾ നിർണയിക്കുന്നത് ജനങ്ങളുടെ ക്ഷേമവും സന്തോവും കണക്കിലെടുത്താവണമെന്ന മഹത്തായ സന്ദേശമാണ് ഈ ദിനത്തെ പ്രസക്തമാക്കുന്നത്. സാമൂഹികവും സാന്പത്തികവും പാരിസ്ഥികവുമായ വളർച്ചയും വികസനവും സന്തുലിതവും ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതുമാവണം.
ലോകത്തെല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത്. സന്തോഷം പക്ഷേ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. സാന്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖസൗകര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് സന്തോഷത്തെ നിർണയിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും ജീവിതം വളരെ അനായാസവും സൗകര്യ പ്രദവുമാക്കിയെന്നതിൽ സംശയമില്ല. വാർത്താ വിനിമയ മാധ്യമങ്ങളും സഞ്ചാരത്തിന് സഹായകമായ വാഹനങ്ങളും ആഡംബര സൗകര്യങ്ങളുമൊക്കെ മനുഷ്യ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കി. ലോകത്തിന്റെ വിവിധ കോണുകളിലായി പലതും വെട്ടിപ്പിടിച്ചും പുതിയ മേഖലകൾ കീഴ്‌പ്പെടുത്തിയും പുരോഗമന രംഗത്ത് മനുഷ്യൻ ജൈത്രയാത്ര തുടരുകയാണ്. പക്ഷേ പരിമിത സൗകര്യങ്ങളോടെ കാട്ടിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് ജീവിച്ച ആദിമ മനുഷ്യന്റെ സന്തോഷവും സമാധാനവും ആധുനിക മനുഷ്യന് ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഭൗതിക പുരോഗതിയേക്കാൾ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായി ലോക സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്.
സന്തോഷകരമായ ജീവിതമാണ് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ കാതലായ ലക്ഷ്യം. എല്ലാവരും സന്തോഷമാഗ്രഹിക്കുന്നു. സമൂഹത്തോടും പ്രകൃതിയോടും കൂടുതൽ ഊഷ്മളമായി ജീവിക്കുകയും സന്തോഷം യാഥാർഥ്യമാക്കുകയും ചെയ്യുന്ന വികസനമാണ് സന്തുലിതമായ വികസന
മെന്നാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. പാരിസ്ഥിതികാഘാതങ്ങളും പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ സന്തോഷകരമായ ജീവിതത്തെ ബാധിക്കുന്നവയാണ്. സമൂഹത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയ്ക്ക് സ്വന്തം സമാധാനവും സന്തോഷവും സംരക്ഷിക്കണമെന്ന പോലെ തന്നെ സഹ ജീവികളുടേയും പ്രകൃതിയുടേയും സമാധാന പൂർണമായ നിലനിൽപ് ഉറപ്പുവരുത്തണമെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്തൊക്കെയാണ് മനുഷ്യന്റെ സന്തോഷം നശിപ്പിക്കുന്നത്, സാന്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളർച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്നീ ആലോചനകൾ ഏറെ പ്രസക്തമായ സന്ദർഭമാണിത്. നമ്മുടെ സമീപനത്തിലും ചിന്താഗതിയിലും സർവ്വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇാ വിഷയവുമായി ബന്ധപ്പെട്ട് നടന്ന മിക്ക പഠനങ്ങളും നൽകുന്ന സൂചന. സാമൂഹ്യ ജീവിയായ മനുഷ്യൻ ഉപഭോഗ സംസ്‌കാരത്തിനടിമപ്പെട്ട് ആർത്തി പൂണ്ട് ഓടി നടക്കുകയും സ്വർത്‍ഥതയും വ്യാമോഹങ്ങളുമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷം അവന് നഷ്ടമായത്. ഓരോരുത്തരും അവനവനിലേയ്ക്ക് ചുരുങ്ങുന്ന സങ്കുചിത ചിന്താഗതികളും എല്ലാം തനിക്ക് ആസ്വദിക്കുവാൻ വാരിക്കൂട്ടമെന്ന അതിമോഹവും പ്രകൃതിയുടെ മനോഹാരിതയും സന്തുലിതത്വവും മാത്രമല്ല മനുഷ്യ ഹൃദയങ്ങൾക്കിടയിലെ സൗഹൃദങ്ങളും ഇല്ലാതാക്കി. കള്ളവും കൊലയും വഞ്ചനയും മാത്രമല്ല ഏഷണിയും പരദൂഷണവും സമൂഹഗാത്രത്തെ ഭിന്നിപ്പിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യാനാണ് ഉപകരിച്ചത്. പരിസ്ഥിതിയെ പരിഗണിക്കാത്ത തലതിരിഞ്ഞ വികസന പരിപാടികളും സ്വന്തം സുഖസൗകര്യങ്ങൾ മാത്രം കണക്കിലെടുത്തുള്ള ജീവിത ശൈലിയും ദുരന്തങ്ങളുടെ വേലിയേറ്റമാണ് സമ്മാനിച്ചത്. എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടെങ്കിലും മനുഷ്യന് സമാധാനവും സന്തോഷവും നൽകുന്ന വികസനവും പുരോഗതിയും സാക്ഷാൽക്കരിക്കമെങ്കിലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം നൽകുന്ന പാഠം.
ഉപഭോഗസംസ്‌കാരം അടക്കി വാഴുന്ന സമൂഹത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്നതിന്റെയിടയിൽ മാനസിക സമ്മർദ്ദവും പിരിമുറുക്കവും അനുഭവിക്കാത്തവർ വളരെ ചുരുക്കമാണ്. പുറമേ ചിരിക്കുന്പോഴും പലരുടേയും ഉള്ളിൽ സംഘർഷത്തിന്റെ കനലെരിയുകയാണ്. അറ്റമില്ലാത്ത ആഗ്രഹങ്ങളും സഫലമാകാത്ത മോഹങ്ങളും പേറിയുള്ള ഓട്ടമാണ് പലപ്പോഴും ഈ സംഘർഷങ്ങളുടെ പ്രധാനകാരണം. ഭോഗാസക്തിയുടെ ലോകത്താണ് നാം കഴിയുന്നത്. ശരീര കാമനകളുടെ കേളികോട്ടുകൾ ജീവിതത്തെ തന്നെ ശരീരേേകന്ദ്രീകൃതമാക്കിയിരിക്കുന്നു. പ്രലോഭനങ്ങളും സാഹചര്യങ്ങളും അധാർമ്മികതയുടെ ചളിക്കുണ്ടിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. ഇവിടെ പ്രായവ്യത്യാസമില്ല. മനുഷ്യർക്ക് ഒത്തുകൂടാനും വികാരവിചാരങ്ങളും പങ്കുവെയ്ക്കുവാനും വേദികൾ വേണം. സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടായ്മകളിലൂടെ പരസ്പരം ബന്ധങ്ങൾ ശക്തമാവുകയും സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യും. പ്രശ്‌നങ്ങൾ പങ്കുവെയ്ക്കുന്പോൾ അത് പകുതിയായി കുറയുമെന്നാണ് ഇംഗ്ലീഷുകാർ പറയാറുള്ളത്.
ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യന് എണ്ണമറ്റ സൗകര്യങ്ങളാണ് ഒരുക്കിയത്. നിരവധി സംവിധാനങ്ങളും സൗകര്യങ്ങളും ജീവിതം സുഖപ്രദവും നിറപ്പകിട്ടുള്ളതുമാക്കി. പക്ഷേ ധാർമ്മിക സദാചാര മൂല്യങ്ങളൊന്നും ഈ ഉൽപ്പന്നങ്ങളോ കണ്ടുപിടുത്തങ്ങളോ ഒന്നും നമുക്ക് നൽകിയില്ല. കണ്ടുപിടുത്തങ്ങൾ ധർമ്മബോധമില്ലാത്തവന്റെ കയ്യിലെ കളിപ്പാട്ടമാകുന്പോൾ അവ സമൂഹത്തിന് ശാപമായിത്തീരുമെന്നാണ് മൊബൈൽ ദുരുപയോഗവും ഇന്റർനെറ്റിന്റെ ചതിക്കുഴികളുമൊക്കെ നമ്മോട് പറയുന്നത്.
സദാചാരമെന്നത് വിപുലമായ അർത്ഥ തലങ്ങളുൾകൊള്ളുന്ന സന്ദേശമാണ്. നല്ല മനുഷ്യരുടെ ആചാരം, സന്മാർഗം, സത്യ നിഷ്ട, ധാർമ്മികത, സമാധാന ചിന്ത. സ്വഭാവ ശുദ്ധി, സുശീലത്വം, അനുകന്പ, അഭിമാന ബോധം, ആചാര മുറകൾ, ഔദാര്യം, കരുണ, വിശ്വസ്തത, പരോപകാര തൽപരത, ചാരിത്രപാലനം, ദർമ്മാചരണം, മര്യാദ, നേർ വഴി, സുതാര്യത തുടങ്ങിയ ബഹുമുഖ വിഷയങ്ങളിലേക്ക് സൂചന നൽകുന്ന പദമാണത്. മാനവികതയും സൗഹാർദ്ധവും കൈകോർക്കുന്ന മനോഹരമായ സാമൂഹ്യ പരിസരത്ത് സന്തോഷം വിരിയിക്കുകയാണ് സദാചാരത്തിന്റെ ലക്ഷ്യം.
സ്വാർത്‍ഥതയുടേയും അത്യാർത്തിയുടേയും തെറ്റായ ചിന്തകളെ അവഗണിച്ച് സ്‌നേഹത്തിന്റേയും ആർദ്രതയുടേയും വികാരങ്ങൾ സമൂഹത്തിൽ സജീവമായി നിലനിൽക്കുകയും സൗഹാർദ്ധപൂർവ്വമായ സഹവർതിത്വമെന്ന മഹത്തായ ആശയം അംഗീകരിക്കുകയും ചെയ്താൽ വ്യക്തി തലത്തിലും സാമൂഹ്യ തലത്തിലും ശാന്തിയും സമാധാനവുമാണ് നിലനിൽക്കുക. സന്തോഷകരമായ ജീവിത സാഹചര്യങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ ശക്തികളേയും നിരാകരിക്കുവാനും സമൂഹത്തിൽ നന്മയും സഹകരണവും ഊട്ടിയുറപ്പിക്കുവാനുമാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടത്. ഗവണ്‍മെന്റ് തലത്തിൽ തന്നെ വികസനത്തിന്റെ പുതിയ മാതൃകയും ചിന്തയും ഉൾകൊള്ളുകയും പാരസ്പര്യവും സൗഹാർദ്ധത്തിന്റെ ജനജീവിതത്തിന്റെ മുഖമുദ്രയാവുകയും ചെയ്യുന്പോൾ സാമൂഹ്യ പരിസരം സന്തോഷത്തിന്റേവതാവാതിരിക്കാൻ തരമില്ല.
വാസ്തവത്തിൽ ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുന്പോഴല്ല, മറിച്ച് നൽകുന്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്പോഴാണ് സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമാകുന്നത്. ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും ചെയ്തിയുമായി മുന്നോട്ടുപോകുന്പോൾ സമൂഹത്തിലും ചുറ്റുപാടുമൊക്കെ സമാധാനവും സന്തോഷവുമാണ് നിലനിൽക്കുക.
ലോകാടിസ്ഥാനത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന ആക്ഷൻ ഫോർ ഹാപ്പിനസ് എന്ന സംഘടന സന്തോഷകരമായ ജീവിതത്തിന് കാരണമായി പത്ത് കാര്യങ്ങളാണ് പറയുന്നത്. മറ്റുള്ളവർക്ക് നൽകുക അഥവാ അവർക്കായി എന്തെങ്കിലും ചെയ്യുക, ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, ശാരീരിക വ്യായാമം ചെയ്യുക, ലോകത്ത് നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായവ അംഗീകരിക്കുകയും ചെയ്യുക, പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കുക, ലക്ഷ്യങ്ങളോടെ മുന്നേറുക, സമാധാനമാർഗ്ഗങ്ങൾ കണ്ടെത്തുക, പോസിറ്റീവായ സമീപനം സ്വീകരിക്കുക, തന്റെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക, ഉയർന്ന ലക്ഷ്യത്തിനായി പ്രയത്നിക്കുക എന്നിവയാണത്. ഇംഗ്ലീഷിൽ ഗ്രേറ്റ് ഡ്രീംസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും വരെ സ്വാർത്‍ഥതയുടേയും ലാഭേച്ഛയുടേയും കോണിലൂടെ പരിഗണിക്കുന്ന ആസുരകാലത്ത് ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നാം. സംസാരിക്കുന്നത് എന്തിനേറെ പരസ്പരം പുഞ്ചിരിക്കുന്നത് പോലും തനിക്കെന്തു ലഭിക്കുമെന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. ഇതോടെ ജീവിതത്തിന്റെ കർമശേഷിയും ശക്തിയും ക്ഷയിച്ച വൃദ്ധ ജനങ്ങൾ, മാതാപിതാക്കൾ എല്ലാം അതോടെ അവഗണിക്കപ്പെടുന്നു. തന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടു മുട്ടുന്നതു പോലും പുണ്യമാണെന്ന പ്രവാചക വചനത്തിന്റെ പ്രാധാന്യം നാം ഇവിടെ ഓർക്കുക.
മനുഷ്യ സഹജമായ താൽപര്യങ്ങളേയും ആഗ്രഹങ്ങളേയും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കന്പോള ശക്തികൾ കൃത്യമായ അജണ്ടകളോടെ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ജീവിത വീക്ഷണത്തിലുണ്ടായ മാറ്റമാണ് ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കുന്നത്. തനിച്ചല്ലേ സുഹൃത്തേ, ജീവിതം സുന്ദരമാണ്, ജീവിക്കാനുള്ളതാണ് തുടങ്ങിയ കാര്യങ്ങൾ പറയാനാളില്ലാതെ പോകുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആഗോളവൽക്കരണത്തിന്റേയും ഉദാരവൽക്കരണത്തിന്റേയും കുത്തിയൊഴുക്കിൽ കന്പോള സംസ്‌കാരവും ഉപഭോഗ സംസ്‌കാരവും ജീവിത കാഴ്ച്ചപ്പാട് മാറ്റുകയാണ്. മാനസിക സമ്മർദ്ദങ്ങളും പിരി മുറുക്കങ്ങളും ഇല്ലാതാക്കാനോ ലഘൂകരിക്കുവാനോ ഉപയോഗിക്കുന്ന സംവിധാനങ്ങളും ഉപാധികളും നൈമിഷിക പരിപാരം നിർദേശിക്കുന്നവയോ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വഷളാക്കുന്നതോ ആകുന്പോൾ സന്തോഷവും സമാധാനവുമൊക്കെ അപ്രത്യക്ഷമാകുന്നു. സൗഹൃദ തുരുത്തുകൾ നഷ്ടപ്പെടുന്പോൾ ബന്ധങ്ങൾ കേവലം ഹായ് ബൈകളിൽ ഒതുങ്ങുന്നു. പ്രശ്‌നങ്ങൾ ആത്മാർഥമായി പങ്കുവെയ്ക്കപ്പെടാതെ ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് നീങ്ങുന്നു. മനസുകളുടെ ഇടുക്കവും സങ്കീർണ്ണതകളും സന്തോഷമില്ലാതാക്കാനാണ് വഴിയൊരുക്കുന്നത്.
എന്റെ കയ്യിലെ ഗ്ലാസിൽ പകുതി വെള്ളമല്ലേയുളളൂവെന്ന് പറയുന്നതും, എന്റെ കയ്യിലെ ഗ്ലാസിൽ പകുതി വെള്ളമെങ്കിലുമുണ്ടല്ലോ എന്ന് പറയുന്നതും വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് നിരാശയുടേയും രണ്ടാമത്തേത് പ്രതീക്ഷയുടേയും ശൈലിയാണ്. അനുഗ്രഹങ്ങളുടെ കണക്കെടുപ്പിൽ ആശകളുടേയും പ്രതീക്ഷകളുടേയും കിരണങ്ങൾ പ്രസരിപ്പിക്കുക. എന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കിലും കുറേയേറെ സൗകര്യങ്ങളും അനുഗ്രഹങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്തുക. ഇത് സമാധാനവും സന്തോഷവും നൽകും. ജോലി സ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമൊക്കെ സന്തോഷം നിലനിൽക്കണം. ഏത് തൊഴിലിനും അതിന്റേതായ അന്തസും മാന്യതയുമുണ്ടെന്നറിയുക. ഈലോകത്ത് എപ്പോഴും സ്ഥാനമാനങ്ങളും തൊഴിലും ലഭിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാവണമെന്നില്ല. ഇതിന്റെ പേരിൽ അസ്വസ്ഥരാവാതെ തൊഴിലന്തരീക്ഷം സന്തോഷകരമാക്കുക. താൻ ചെയ്യുന്ന ജോലിയോട് പ്രേമം തോന്നുക എന്നതാണ് പ്രധാനം. അങ്ങനെയാകുന്പോൾ ജോലി ഭാരം അനുഭവപ്പെടുകയില്ല. കുടുംബത്തിൽ ദന്പതികളും കുട്ടികളുമൊക്കെ സുതാര്യമായി കാര്യങ്ങൾ പങ്കുവെയ്ക്കുക. കൂടുതൽ സമയം പാസീവ് വിനോദങ്ങൾക്കോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മായിക വലയത്തിലോ ചിലവഴിക്കാതെ പരസ്പരം വികാര വിചാരങ്ങളും ചിന്തകളുമൊക്കെ പങ്കുവെയ്ക്കുക.
സാമൂഹ്യ ജീവിതം വളരെ പ്രധാനമാണ്. പൊതു രംഗം അഴിമതി മുക്തവും പുരോഗനപരവുമാകുന്പോഴേ സാമൂഹ്യ രംഗത്ത് സന്തോഷം നിലനിൽക്കുകയുള്ളൂ. നീതിയുടേയും ധർമ്മത്തിന്റേയും ചുറ്റുപാടിൽ ശാന്തിയും സമാധാനവും സന്തോഷവുമാണ് നിലനിൽക്കുക. ഈ രംഗത്ത് ഏറെ പ്രധാനപ്പെട്ട ഭരണക്രമമാണ് ജനാധിപത്യം. കാരണം ജനാധിപത്യം കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. അതൊരു മനോഭാവവും സമീപനവുമാണ്. താനും ഭറണത്തിന്റേയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നൽ വന്പിച്ച വിപ്ലവമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ധലങ്ങളിൽ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്ത. ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തിൽ പൂവണിയുന്പോൾ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാൽക്കാരവുമാണ് നടക്കുക. ആത്മീയതയുടെ പങ്കും എടുത്ത് പറയേണ്ടതാണ്. മനുഷ്യന് ശാന്തിയും സമാധാനവും സന്തോഷവും നൽകുവാൻ ദൈവ സ്മരണക്ക് കഴിയുമെന്നാണ് ദിവ്യ ഗ്രന്ഥങ്ങളിൽ കാണുന്നത്. ഇതിന് പക്ഷേ ആൾദൈവങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. ഓരോരുത്തർക്കും നേരിട്ട് തന്നെ ദൈവത്തെ പ്രാർത്‍ഥിക്കാനും ശാന്തി തേടാനും കഴിയും.
സമൂഹത്തിൽ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകൾ പങ്കുവെയ്ക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കട്ടെ. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളിൽ നിന്നും സൗഹാർദ്ദത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയിൽ സഹകരണവും എല്ലാവരുടേയും സന്തോഷവും പൊതുജീവിതത്തിൽ സാക്ഷാൽക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്തെക്കുറിച്ച് ചിന്തകൾ സജീവമാക്കുവാൻ ഈ ദിനത്തിനാവട്ടെ എന്നാശിക്കുന്നു. പാരസ്പര്യത്തിന്റേയും സഹകരണത്തിന്റേയും വീറും ആവേശവും ഗ്രാമാന്തരങ്ങളെ സജീവമാക്കുകയും സന്തോഷം വീണ്ടെടുക്കുവാനുള്ള ക്രിയാത്മക നടപടികളുണ്ടാകുകയും ചെയ്താൽ മാനസികോല്ലാസത്തിന്റെ പൂത്തിരികളാണ് വിരിയുക. കളികളും വിനോദങ്ങളുമൊക്കെ മനസും ശരീരവും ധന്യമാക്കുന്ന പരിസരത്ത് അനാരോഗ്യകരമായ യാതൊരു സ്വഭാവത്തിനും പ്രസക്തിയില്ല. കുടുംബവും കൂട്ടുകാരുമൊക്കെ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന സുന്ദരമായ ഒരു സാമൂഹ്യാവസ്ഥക്കുള്ള കൂട്ടായ പ്രതിജ്ഞയും പ്രവർത്തനവും ഈ ദിനത്തെ സവിശേഷമാക്കുമെന്നാശിക്കുന്നു..