“മാ­റോ­’’ട് കലാ­പം : ഒരു­ കൾ‍­ച്ചറൽ‍ ഷോ­ക്ക് !!


ശരശയ്യ - നി­തിൻ നാ­ങ്ങോ­ത്ത്

‘പരാക്രമം മാറുകളോടല്ല വേണ്ടൂ... ഒന്നുണ്ട് കേൾ‍ക്കേണം നേർ‍പെങ്ങളേ, എടക്കാടൻ‍ വത്ത മുറിച്ച പോലെ’!! പയേ സോങാണ്. ആർ‍ച്ചമാർ‍ക്കുവേണ്ടിയുള്ള പുത്തൂരം സോങ്സ്. കാവ്യചേകോന്‍മാരുടെ കാരുണ്യ സ്പർ‍ശത്താൽ‍ ഒരുപാട് തിങ്കളാഴ്ച നൊയന്പ് ഉടഞ്ഞുപോയിട്ടുണ്ട്. ഇളനീർ‍ കുടങ്ങൾ‍ക്ക് സ്ട്രോ വീണിട്ടുണ്ട്. മൽ‍ഗോവാ മാന്പളം മൂത്തു പഴുത്തിട്ടുണ്ട്. മാറിലെ മായാ ചന്ദനപ്പൊട്ടിന് അവകാശത്തർ‍ക്കം ഉണ്ടായിട്ടുണ്ട്. പക്ഷേങ്കിൽ ഇത് കൈവിട്ടുപോയി മാഷേ. പെങ്കൊച്ചുങ്ങൾ “ഫ്രണ്ട് ഓപ്പൺ” സമരവുമായി രണ്ടും കൽ‍പ്പിച്ച് ഒരുന്പെട്ടു കഴിഞ്ഞു. കേരളം കണ്ടിട്ടുള്ള ഏറ്റവും സർ‍ഗ്ഗാത്മകമായ നവോത്ഥാന സമരത്തിന് മംഗളം ഭവന്തു. വാട്ടർ‍മെലോൺ‍ റെവലൂഷ്യൻ!! നഗ്നനാരിയുടെ സൗന്ദര്യലഹരി... മധുക്ഷീരാ ദ്രാക്ഷാമധുരിമധുരിണാഭണിയത...ഹൈമവതഭൂവിൽ‍ കാളിദാസനുപോലും പറ്റാത്ത ഭാവനയല്ലേ ഫാറൂക്ക് മാഷ്ക്ക് വിരിഞ്ഞത്. ക്ഷണം ഇമകളിൽ‍ നിന്ന് നവവർ‍ഷബിന്ദു... ഛായ് ഛായ്!!

ഹോളി കളർ‍ഫുള്ളാക്കിയതിന് കണ്ണടിച്ചുപൊട്ടിച്ചു. എന്നാപ്പിന്നെ പഹയന്‍മാർ‍ക്ക് ഒരുമുട്ടൻ‍ പണികൊടുത്തിട്ടുതന്നെ കാര്യം. മാഷന്‍മാർ‍ ആയാൽ‍ ഇത്ര അഹങ്കാരം പാടില്ല. മാസങ്ങൾ‍ക്ക് മുന്പ് ഗുണദോഷിച്ച സ്വർ‍ഗീയ സ്പീച്ചിന്‍റെ ഓഡിയോ റിലീസാക്കി. ബത്തക്കക്കുരുവും സദാചാരക്കുരുവും ഒന്നിച്ച് പൊട്ടി. അതിന്‍റെ കുളിർ‍മയാണ് കേരളം അറിഞ്ഞനുഭവിക്കുന്നത്. നീലപ്പടയുടെ ഹോളീമാർ‍ച്ച്, ചോപ്പ് പടയുടെ ബത്തക്ക മാർ‍ച്ച്, കാവിപ്പടയുടെ ഗ്വാ ഗ്വാ മാർ‍ച്ച്. ഈ മാർ‍ച്ചുമാസം ഫാറൂഖ് ക്യാംപസ് കൃതാർ‍ത്ഥയായിട്ടുണ്ടാവണം.മാഷെ പ്രൊട്ടക്ട് ചെയ്ത സപ്പോട്ടാജാഥയും ശിഷ്യഗണങ്ങളുടെ ഗോ ബാക്ക് വിളിയും ഹഠാദാകർ‍ഷിച്ചു. കാക്കിക്കാരുടെ കയറി മേയൽ‍ കൂടിയായാൽ‍ രംഗം പ്രതീക്ഷാനിർ‍ഭരം.

ഉപമാഫാറൂക്ക്മാഷസ്യ എന്നാണല്ലോ? പരാമർ‍ശത്തിൽ‍ മാഷ്ക്ക് ഗുരുതരമായ അബദ്ധം പിണഞ്ഞിട്ടുണ്ട്. കാവ്യമീമാംസയിൽ‍ വേണ്ടത്ര അവഗാഹം ആർ‍ജ്ജിക്കാത്തതാണ് വിനയായത്.ഏതായാലും മാംസളപരാമർ‍ശം വന്നല്ലോ. ഭാഗ്യം! അതാണ് സംഗതി ക്ലിക്കായത്. ബാക്കിയുള്ളോർ‍ക്ക് ടെംറ്റേഷൻ‍ വരുത്തുന്ന പുണ്യപ്രവർ‍ത്തിയിൽ‍ നിന്ന് കുഞ്ഞുങ്ങൾ‍ ജാഗ്രത്തെടുക്കണം എന്നേ ആ പാവം ഉദ്ദേശിച്ചുളളൂ. അതിന് ചൂഴ്ന്ന വത്തക്കയുടെ ഉപമാവാചകം കാലക്കേടിന് ഉപയോഗിച്ചു പോയി. കവി ഉദ്ദേശിച്ചതെന്തോ, വിവാദത്തിന് ‘വേഴാന്പൽ‍ ജീവിതം’ നയിക്കുന്ന തൽ‍പരകക്ഷികൾ‍ പ്രചരിപ്പിച്ചത് വേറെന്തോ!! എന്തായാലും ബത്തക്കക്കർ‍ഷകർ‍ക്ക് സന്തോയമായിട്ടുണ്ട്. അവരുടെ ടേണോവർ‍ മൾ‍ട്ടിപ്പിൾ‍ ചെയ്യപ്പെടും. തണ്ണിമത്തൻ‍ ഫെസ്റ്റ്, നടുറോഡിൽ‍ ബത്തക്ക അറക്കൽ‍, വത്തക്കത്തോടു കൊണ്ട് ബ്രാ നിർ‍മ്മാണം, കുമ്മട്ടിക്കാ ജ്യൂസ് അഭിഷേകം... അങ്ങനെയങ്ങനെയങ്ങനെ !! മണിപ്പൂരിവനിതകളുടെ ദിഗംബരസമരത്തോട് ഈ പൊറാട്ട് കേളിയെ ഉപമിച്ചതാണ് ലേശം ബോറായിപ്പോയത്. ഡിങ്കിരിപ്പട്ടാളം ഡുമുക്ക് പട്ടാളം നാരദപ്പട്ടാളം. നാരദാന്യൂസുകാർ‍ ജാഗ്രതൈ.

മേരാ പുരുഷ് വാസിയോം. പെണ്ണുങ്ങളുടെ ഇടംമുലയുടേയും വലംമുലയുടേയും മൗലീകത അവർ‍ക്കവകാശപ്പെട്ടതാണ്. മാതൃധർ‍മ്മത്തിന്‍റേയും ലൈംഗികധർ‍മ്മത്തിന്‍റെയും ജൈവസ്മൃതിയിൽ അതവർ‍ ആഘോഷിച്ചോട്ടെ. മേതിൽ‍ ഭാഷയിൽ‍ അവളുടെ ബ്രാ അവളുടെ കാമുകൻ‍ “കാമു”വിന് ഒളിഞ്ഞിരിക്കാനുളളതാണ്. ബില്യാഡ് മേശയിൽ‍ ഉരുളുന്ന ചുവന്ന പന്തുകളിൽ‍ മതി നിന്‍റെ കമന്‍ററി!! അല്ലേൽ‍ തന്നെ മാർ‍വിടപുരാണത്തിന് നൂറ്റാണ്ടുകളുടെ പാരന്പര്യം ഉണ്ട്. 74ൽ‍ കുറയാത്ത പ്രശംസാ വചനങ്ങൾ‍. വിശുദ്ധ പുസ്തകത്തിൽ‍ നിന്ന് ഗൂഗിൾ‍ ചെയ്തതാണ്. ഭാവനാബിപിഎൽകാരായ മാസ്റ്റർ‍മാർ‍ പ്രത്യേകം ശ്രദ്ധിക്കുക. നൂറ്റാണ്ടിന്‍റെ നാണയപ്പെടുത്തൽ‍ തന്നെ തരാം. അതിനുമുന്‍പായി കോമൺ‍സെൻ‍സുളള കോമൺ‍ഭാവനകൾ‍ പുടിച്ചോളൂ. സ്വർ‍ണ്ണ ആപ്പിളുകൾ‍, ഇരട്ടഗോളങ്ങൾ‍, സ്വർ‍ഗ്ഗചന്ദ്രന്‍മാർ‍, പൂച്ചക്കുട്ടികൾ‍, മദനകുംഭങ്ങൾ‍... ആലങ്കാരികത എപ്പടി? അപ്പോൾ‍ യാതൊരു ആപ്റ്റുമില്ലാത്ത തണ്ണിമത്തന്‍റെ അതിശയോക്തി എത്ര ദയനീയം. യുജിസീക്കാരെ വർ‍ഗ്ഗവഞ്ചന കാട്ടരുത്. ഉള്ള ചീത്തപ്പേർ കളയരുത്. വെറുതെയല്ല ബാലൻ‍ മാഷ് ചുള്ളിയൊടിച്ച് കളഞ്ഞത്!!

കാവ്യ പ്രചോദനത്തിന് ഇതുകൂടി ബൈഹാർ‍ട്ടിക്കോളൂ. മുഖസ്തുതി അഥവാ മുലസ്തുതി, അദ്ധ്യായം ഒന്ന്. പത്താം നൂറ്റാണ്ടിൽ‍ ബോസം, പതിനാലിൽ‍ പാപ്സ്, പതിനാറിൽ‍ ഡക്കീസ്, പതിനേഴിൽ‍ ബബീസ് ടിറ്റ്സ്, പതിനെട്ടിൽ‍ ഡിഡ്ഢീസ്, പത്തൊന്പതിൽ‍ ഡഗ്സ്/ടിറ്റീസ്...എങ്ങനുണ്ട്? ഇരുപത്തൊന്നിലാണ് സാക്ഷാൽ‍ ബൂബ്സിന്‍റെ വരവ്.ഇവയ്ക്കിടയിൽ‍ ഞമ്മളുടെ വത്തക്ക പാണ്ടൻ‍ലോറിക്കടിയിൽ‍ ഫോട്ടോസ്റ്റാറ്റപ്പെടും. ആയതിനാൽ‍ ലിറ്റിൽ‍ പ്രൊഫസേഴ്സ്, എച്ച് എമ്മ് പറഞ്ഞതാണ് കറക്റ്റ്. ഓരോന്നിനെപ്പറ്റിയും അവയുടെ ‘കസ്റ്റോഡിയന്‍മാർ‍’ പറയട്ടെ... എക്സാംബിൾ‍, ബോളിനെക്കുറിച്ച് പി ടി മാസ്റ്റർ‍!!

ഗൃഹലക്ഷ്മിയുടെ ഓപ്പൺ എയർ‍ ക്ഷീണം മാറിയില്ല. അപ്പഴേക്കും വത്തക്കയെത്തി. ശരീരത്തിലും ശാരീരത്തിലും ഗവേഷണം ചെയ്യുന്ന ഏതോ മാധ്യമസിന്‍റിക്കേറ്റുകൾ‍ ഇതിന്‍റെ പിറകിലുണ്ട്. കട്ടായം. നടേലി ആൻ‍ജിയറുടെ “സ്ത്രീയുടെ ഗാഢമായ ഭൂമിശാസ്ത്രം” ആയിരിക്കാം അവരുടെ റഫറൻ‍സ്.ചിന്ത താഴോട്ടൊഴുകിയാൽ‍ പ്രശ്നം ഗുരുതരവും കാര്യം വൾ‍ഗറുമാവും. തടയിട്ടില്ലേൽ‍ മാറോടുളള കലാപം റൂട്ടുമാറി കൾ‍ച്ചറൽ‍ ചാണകക്കുഴിയുടെ അങ്ങേത്തലക്കലെത്തും. അറുപതുകളിലെ “ബ്രാക്ക് തീകൊളുത്തിയവർ‍” പുനരവതരിക്കും. നാടുകുട്ടിച്ചോറാവും. നിഫ്റ്റിലെ ഉണ്ണിമേരിമാർ‍ ഇപ്പോൾ‍തന്നെ ഏഴുമണിയുടെ അസമയത്ത് വേണ്ടുവോളം അനുഭവിക്കുന്നുണ്ട്. ധർ‍മ്മശാലയിൽ‍!! അധാർ‍മ്മികതയുടെ വരട്ട് വാദികളെ മൂക്കുകയർ‍ കാണിച്ചില്ലേൽ‍ കല്ലുമാല− വില്ലുവണ്ടിസമരങ്ങൾ‍ ആംബുലൻ‍സ് സ്ട്രൈക്കുകളായി കേരളചരിത്രത്തിൽ‍ ചോരപ്പെടും. ചുംബനസമരം തെരുവുരതിയിലേയ്ക്ക് പോവാതെ കാത്ത പോലീസ് പുണ്യാളരേ ഞമ്മള നാടിനെ കാപ്പാത്തണേ...

ബത്തക്കയുടെ ആരോഹണത്തിൽ‍ മനംനൊന്ത് എവിടുന്നോ ഒരു കശുമാങ്ങ നൊന്പരപ്പെടുന്നുണ്ട്. അടുത്ത “കുക്കുന്പർ‍ വിപ്ലവം” ചാലുവാകുന്നതിനു മുന്നേ എല്ലാ ലഗിൻ‍സ് അംബാസിഡർ‍മാരും സ്വർ‍ഗ്ഗസ്ഥരായാലും... ആ“മേൻ”!!

You might also like

Most Viewed