ലീഗൽ വോയ്സ്
ചോദ്യം -
ഞാൻ ഒരു കന്പനിയിൽ മൂന്ന് മാസമായി പ്രൊബേഷൻ പിരീഡിൽ ജോലി ചെയ്യുകയാണ്. 2018 ജനുവരിയിലാണ് ഞാൻ ജോലിയിൽ ചേർന്നത്. 2018 ഏപ്രിൽ ആറിന് എന്റെ പ്രൊബേഷൻ കാലയളവ് അവസാനിക്കും. ജോലിയിൽ സംതൃപ്തിയില്ലാത്ത കാരണം ഞാൻ ജോലി രാജിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ എന്റെ രാജി കത്ത് തൊഴിൽ ഉടമക്ക് മെയിൽ അയച്ചിട്ടുണ്ട്. പക്ഷേ അവർ എന്റെ രാജി അംഗീകരിച്ചില്ല. മാത്രമല്ല എന്റെ കൈയ്യിൽ നിന്ന് വിസക്കും, ഐ.ടി ട്രെയിനിംഗിനും എനിക്ക് വേണ്ടി ചിലവാക്കിയ തുക ചോദിക്കുന്നു. തുക നൽകിയാൽ മാത്രമേ രാജി അനുവദിക്കുകയുള്ളൂ. എന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ എന്റെ കൈയ്യിൽ പണം ഇല്ല. മാത്രമല്ല എന്റെ പാസ്പോർട്ട് തൊഴിൽ ഉടമയുടെ കൈയിലാണ്. എന്റേത് സ്പോൺസേർഡ് വിസയാണ്. ഞാൻ മറ്റൊരു ജോലി നോക്കാൻ താൽപ്പര്യപ്പെടുന്നു. ഈ സാഹചര്യത്തിൽ എനിക്ക് എന്തു ചെയ്യാൻ സാധിക്കും. ഇതിന്റെ നിയമവശങ്ങൾ വിശദീകരിക്കാമോ.?
അഫ്സൽ, സൽമാനിയ
ഉത്തരം-
ബഹ്റൈനിലെ തൊഴിൽ നിയമത്തിലെ ഇരുപത്തിഒന്നാം വകുപ്പ് പ്രകാരം ഒരു കാരണവുമില്ലാതെ ഒരു ദിവസത്തെ നോട്ടീസ് നൽകി കൊണ്ട് തൊഴിലാളിക്കും, തൊഴിൽ ഉടമക്കും തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള അവകാശം ഉണ്ട്. അതിനാൽ തൊഴിൽ അന്തരീക്ഷത്തിന് അനുസരിച്ച് തൊഴിൽ കരാർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ട് പാർട്ടിക്കും ഒരു അവസരം നൽകുകയാണ് പ്രൊബേഷൻ പിരിയഡിലൂടെ. ഇങ്ങനെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിലൂടെ രണ്ട് പേർക്കും ഒരു വിധത്തിലുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. അത് കൊണ്ട് നിങ്ങളുടെ തൊഴിൽ ഉടമക്ക് നിങ്ങളുടെ ഈ പ്രൊബേഷൻ പിരിയഡിലുള്ള രാജികത്ത് സ്വീകരിക്കാതിരിക്കാൻ കഴിയില്ല. അതേസമയം പാസ്പോർട്ട് സ്പോൺസർ കൈയ്യിൽ വെച്ചത് നിയമ വിരുദ്ധമാണ്. പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി പോലീസ് േസ്റ്റഷനിൽ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യാവുന്നതാണ്. കരാർ അവസാനിപ്പിച്ചതിന് ശേഷം സ്പോൺസർ വിസ അവസാനിപ്പിക്കാൻ വിസമതിക്കുകയാണെങ്കിൽ വിസ അവസാനിപ്പിക്കാനായി നിയമ പ്രകാരം നിങ്ങൾക്ക് കോടതിയിൽ നിന്ന് എൽ.എം.ആർ.എയിലേക്കും, എമിഗ്രേഷനിലേക്കും ഒരു ജുഡീഷ്യൽ ഉത്തരവ് കിട്ടാൻ അടിയന്തിരകേസ് ഫയൽ ചെയ്യാൻ പറ്റും. പിന്നെ ഇതിന് ശേഷം നിങ്ങൾക്ക് ഒരു മാസം ഗ്രേസ് പിരിയഡ് ലഭിക്കും. ഈ കാലയളവിനുള്ളിൽ നിങ്ങൾക്ക് നിയമപരമായി വേറൊരു കന്പനിയിലേക്ക് മാറാൻ സാധിക്കും.