സിപിഎമ്മിന്റെ പ്രച്ഛന്നവേഷങ്ങൾ
ജെ. ബിന്ദുരാജ്
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപകാലത്തായി വലിയൊരു തമാശയാണ്. കൊച്ചിയിലെ സിപിഎം ജില്ലാസമ്മേളന വേദിയിൽ നിന്നുകൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെയുള്ള ആഗോള അച്ചുതണ്ടിനെപ്പറ്റി ചിലപ്പോൾ പറയും. മുടിയന്മാരായ രണ്ട് പുത്രന്മാരെ താലോലിച്ചു ചേർത്തുപിടിക്കുന്പോഴും അവരുടെ തോന്ന്യാസങ്ങൾ അവരുടേത് മാത്രമാണെന്നും തനിക്കതിൽ പങ്കില്ലെന്നും ആണയിടും. ജനജാഗ്രതാ യാത്രയിൽ തെല്ലും ജാഗ്രതയില്ലാതെ കള്ളപ്പണക്കാരന്റെ പുതുച്ചേരി രജിസ്‌ട്രേഷൻ മിനി കൂപ്പറിൽ കയറി പാവപ്പെട്ട സഖാക്കളെ ആശീർവദിക്കാനിറങ്ങും. ഏറ്റവുമൊടുവിൽ സിപിഐ (എം) വധിച്ച ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ പാർട്ടിവിരുദ്ധനായിരുന്നില്ലെന്നും പ്രശ്‌നം തീർന്നാലുടനെ ടിപി സിപിഎമ്മിനോട് അടുക്കാൻ ആഗ്രഹിച്ചിരുന്നുവെന്നുമൊക്കെ വെച്ചുകാച്ചും. ഇതൊരുതരം മനോരോഗമാണ്. പറയുന്നത് പ്രവർത്തിക്കാനാകാതെ വരികയും പ്രത്യയശാസ്ത്രത്തെ മറന്ന് പണച്ചാക്കുകളെ സ്‌നേഹിക്കുകയും ചെയ്യുന്പോഴുണ്ടാകുന്ന മതിഭ്രമം. മഹാഭാരതകഥയിൽ ഇന്ദ്രപ്രസ്ഥം കാണാനെത്തിയ ദുര്യോധനന് സംഭവിച്ച പോലുള്ള സ്ഥലകാലവിഭ്രമം തന്നെയാണ് കോടിയേരിക്കുമുണ്ടായിട്ടുള്ളത്. കണ്ണാടി കാണുന്പോൾ ജലമാണെന്നും ജലം കാണുന്പോൾ കണ്ണാടിയാണെന്നും തോന്നുന്ന അതേ അങ്കലാപ്പ്. വലതുവൽക്കരിക്കപ്പെട്ട ഒരു ഇടതുപക്ഷത്തിന്റെ സെക്രട്ടറിയാണ് ഇന്ന് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയേക്കാൾ വലുതായി പാർട്ടി സെക്രട്ടറി മാറിയ പിണറായിക്കാലത്തിനുശേഷം പാർട്ടി നേതൃത്വം ഏറ്റെടുത്ത ഒരാൾക്ക് സംഭവിക്കാവുന്ന വിഭ്രാന്തി തന്നെയാണിത്. പണ്ടൊരിക്കൽ എംഎൻ വിജയൻ ചോദിച്ചതുപോലെ ഒന്നു കൂടി ചോദിക്കേണ്ട സമയമായിരിക്കുന്നു: പാർട്ടിയുടെ സെക്രട്ടറിയോ അതോ സെക്രട്ടറിയുടെ പാർട്ടിയോ?’
സിപിഎമ്മിന്റെ കർഷകവിഭാഗമായ അഖിലേന്ത്യാ കിസ്സാൻ സഭയുടെ മഹാരാഷ്ട്രാ ഘടകം ന്യായമായ ആവശ്യങ്ങളുന്നയിച്ച് നാസിക്കിൽ നിന്നും മുംബൈയിലേക്ക് നടത്തിയ ലോങ് മാർച്ച് ഭരണകൂടത്തെ തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിലേക്ക് കൊണ്ടെത്തിച്ച വാരമാണ് കടന്നുപോയത്. സംഘപരിവാർ ശക്തികളൊഴികെയുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ കർഷകർക്കൊപ്പം ഈ മാർച്ചിന്റെ ഭാഗമായി. വനഭൂമിയിൽ കൃഷി ചെയ്തുവരുന്ന ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനൽകുക, കാർഷികവായ്പകൾ എഴുതിത്തള്ളുക, കൃഷിഭൂമിയെ വെള്ളത്തിലാക്കുന്ന നദീ സംയോജന പദ്ധതികൾ പരിഷ്‌കരിക്കുക, കൃഷി നശിച്ചവർക്ക് 40,000 രൂപ ഏക്കറൊന്നിനു െവച്ച് നഷ്ടപരിഹാരം നൽകുക, കാർഷിമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, അശാസ്ത്രീയമായി കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക എന്നൊക്കെയായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. ഇവയെല്ലാം തന്നെ നൂറു ശതമാനവും ന്യായമായ ആവശ്യങ്ങളായിരുന്നിട്ടും പലവട്ടം സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടും അവ നടപ്പാകാതെ പോയി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുമെല്ലാം മഹാരാഷ്ട്രയിലെ കർഷകരുടേയും ആദിവാസികളുടേയും ഈ മാർച്ചിന്റെ വിജയത്തെപ്പറ്റി പറഞ്ഞ് ആനന്ദിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. സ്വന്തം നാട്ടിൽ വനാവകാശ നിയമത്തിനായും ആദിവാസി ഭൂമിയ്ക്കായും സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളാക്കി യുഎപിഎ ചുമത്താൻ നോക്കിയിരിക്കുന്ന വിജയനാണ് മഹാരാഷ്ട്രയിലെ കർഷക മുന്നേറ്റം കണ്ട് കണ്ണുനിറഞ്ഞതെന്ന് ഓർക്കണം. ചെങ്കോട്ടയായിരുന്ന ത്രിപുരയ്ക്ക് കാവിപ്പടയുടെ പടയോട്ടത്തിൽ വീഴാമെങ്കിൽ കേരളത്തിൽ തങ്ങളുടെ ഭാവിയും സുരക്ഷിതമല്ലെന്ന വിചാരം ഇപ്പോഴെങ്കിലും അവരിൽ അങ്കുരിച്ചിട്ടുണ്ടാകണം. പക്ഷേ പാർട്ടിയുടെ ഭാവിയെപ്പറ്റിയാകില്ല അവരുടെ ചിന്തയെന്നുറപ്പ്. സ്വത്ത് സന്പാദനത്തിനുള്ള കോർപ്പറേറ്റ് പാർട്ടിയുടെ മോഹങ്ങൾക്ക് ഇടിവു പറ്റുമോ എന്നതാകും അവരുടെ ഭയം. ഈ ഭയം ഭരണത്തെ ഏകാധിപത്യപരമാക്കി മാറ്റാൻ മോഹമുള്ള എല്ലാവർക്കുമുണ്ടാകുന്നതാണ്. ചൈനയിൽ ഷി ജിൻപിങ് മാതൃക കാട്ടിക്കഴിഞ്ഞിരിക്കുന്നു. പാർട്ടി സെക്രട്ടറി തന്നെ സർവസൈന്യാധിപനും രാഷ്ട്രത്തിന്റെ പ്രസിഡന്റും. അഞ്ചു വർഷത്തെ രണ്ട് കാലയളവുകൾ എന്ന നിബന്ധന നീക്കിക്കൊണ്ട്, തനിക്കിഷ്ടമുള്ളത്രയും കാലത്തേക്ക് ഭരിക്കാനുള്ള സമ്മതം നേടിയിരിക്കുന്നു അദ്ദേഹം. ദെങ് സിയാവോ പിങ് പടിയിറക്കിയ മാവോകാല ഏകാധിപത്യത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യ സമ്മതിയിലൂടെ പുനപ്രതിഷ്ഠിച്ചിരുന്നു ഷി. പ്രത്യയശാസ്ത്രത്തിലുപരിയായി വ്യക്തി വിഗ്രഹമായി മാറുന്നതും വിഗ്രഹം തന്റെ ആശയങ്ങൾ പ്രത്യയശാസ്ത്രത്തിനുമേൽ അടിച്ചേൽപിക്കുന്നതുമായ പുതിയ കാഴ്ചയ്ക്കാണ് കമ്യൂണിസ്റ്റ് പ്രച്ഛന്നവേഷിത ചീന സാക്ഷ്യം വഹിക്കാൻ പോകുന്നത്. കേരളത്തിൽ സിപിഎമ്മും വിഗ്രഹാരാധനയുടെ പിടിയിലാണിന്ന്. ഇരട്ടച്ചങ്കാണ് അതിന്റെ കൊടിയടയാളം. ശത്രുനിഗ്രഹമാണ് അതിന്റെ പ്രത്യയശാസ്ത്രം. വിമർശിക്കുന്നവന്റെ നാവരിയലാണ് അതിന്റെ മഹാവിപ്ലവം. അധികാരത്തിന്റെ അഹന്തയിലാണ് അതിന്റെ ആനന്ദവും പൂത്തുലയലും.
ഭയമാണ് ഏകാധിപത്യത്തിനായുള്ള ചിന്തയ്ക്ക് അടിസ്ഥാനം. അതിലേക്കുള്ള പടിയാണ് ഉന്മൂലന രാഷ്ട്രീയം. ടിപി ചന്ദ്രശേഖരൻ വധക്കേസ്സിലെ ഗൂഢാലോചനക്കേസ്സും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധക്കേസ്സും സിബിഐ അന്വേഷിക്കേണ്ടന്ന് സർക്കാർ കോടതിയിൽ കഴിഞ്ഞയാഴ്ച അപ്പീൽ നൽകിയത് ക്രൂരമായ ഒരു ഫലിതം തന്നെ. ഭയം മൂലമുണ്ടായ ഒരു നീക്കമാണത്. കൊന്നവർക്കു പുറമേ, കൊല്ലിച്ചവരും പിടിയിലാകുമെന്ന ഭയം. ടിപി വധക്കേസ്സിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരായിട്ടും അവരെ പാർട്ടിയിൽ നിന്നും നീക്കം ചെയ്യാൻ ഇതുവരേയ്ക്കും സിപിഎം തയ്യാറായിട്ടില്ലെന്നിരിക്കേ, ഷുഹൈബ് വധക്കേസ്സിൽ പിടിയിലായ നാലു പ്രതികളെ ഇതിനകം സിപിഎം പാർട്ടിയിൽ നിന്നും പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കിക്കഴിഞ്ഞതിൽ നിന്നു തന്നെ വ്യക്തമാണ് ആ ഭയം. അന്വേഷണം പാർട്ടിയിലെ പ്രമുഖരിലേക്ക് നീങ്ങരുതെന്ന ചിന്തയാണ് ഈ രണ്ട് അപ്പീലുകളുടേയും പിന്നിൽ പ്രവർത്തിച്ച വികാരം. സിപിഎമ്മിൽ നിന്നും വിട്ട് മറ്റൊരു രാഷ്ട്രീയകക്ഷി രൂപീകരിച്ചതും ഒഞ്ചിയത്തും പരിസരങ്ങളിലും സി പിഎമ്മിന്റെ സ്വാധീനത്തിൽ വിള്ളലുണ്ടായതുമാണ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് പാർട്ടിയെ കൊണ്ടെത്തിച്ചതെങ്കിൽ കോൺഗ്രസിൽ ശക്തനായ ഒരു യുവനേതാവ് ഉണ്ടാകുന്നുവെന്ന തിരിച്ചറിവാണ് ഷുഹൈബിന്റെ കൊലപാതകത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്. ഫാസിസ്റ്റുകളുടെ മുഖമുദ്രയാണ് അരക്ഷിതബോധം. തങ്ങളെ വിഴുങ്ങാൻ നിൽക്കുമെന്നു ഭയന്ന്, അവർ ഡോൺ ക്വിക്‌സോട്ടിനെപ്പോലെ കാറ്റാടിയന്ത്രങ്ങളെപ്പോലും രാക്ഷസന്മാരായി നിരൂപിക്കുന്നു. ഒരാളെ ഉന്മൂലനം ചെയ്യുന്നതിലൂടെ തങ്ങൾക്കുമേലുള്ള വിപത്ത് അവസാനിച്ചതായി അവർ കണക്കുകൂട്ടുന്നു. ഓരോ ഉന്മൂലനവും പക്ഷേ തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണാണ് ഒഴുക്കിക്കളയുന്നതെന്ന് ചിന്തിക്കാനുള്ള വിവേകം പക്ഷേ അവർക്കില്ല.
പിണറായി വിജയനെപ്പോലുള്ള നേതാക്കളെ കണ്ണൂരിലെ ചോരക്കളി രാഷ്ട്രീയത്തിലേക്കിറക്കി വളർത്തിയ എംവി രാഘവനു തന്നെ സിഎംപി രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങളൊന്നു നോക്കൂ. കൂത്തുപറന്പിൽ രാഘവനു നേരെ വധശ്രമമുണ്ടായപ്പോഴാണ് അവിടെ വെടിവെയ്പുണ്ടായതും സിപിഎമ്മിന് രക്തസാക്ഷികളേയും ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനേയും കിട്ടിയത്. പാർട്ടി വിട്ട കാസർകോട്ടെ വേണുഗോപാലിനെ 1998ലും കടയ്ക്കലിലെ പ്രവീൺ ദാസിനെ 2003ലും ചിത്രപ്പുഴയിലെ വിജയനേയും വെട്ടിക്കൊല്ലാനും നിരവധി പേരെ ആക്രമിക്കുകയുമൊക്കെ ചെയ്തപ്പോൾ വെളിപ്പെട്ടത് സിപിഎമ്മിനെ ഗ്രസിച്ചിരുന്ന അരക്ഷിതബോധവും ഭയവുമാണ്. സിപിഎമ്മിൽ നിന്നും സ്വയം പുറത്തുപോയവർക്ക് നിലനിൽക്കാൻ അതുകൊണ്ടു തന്നെ കേരളത്തിൽ മറ്റ് ജനാധിപത്യ പാർട്ടികളുമായി കൈകോർക്കേണ്ടതായി വന്നു. വെട്ടിക്കൊലപ്പെടുത്തിയശേഷം ടിപി ചന്ദ്രശേഖരനെ പ്രകീർത്തിച്ചു സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ ടിപിയുടെ വിധവയായ രമയെ ആർഎംപിയെ കോൺഗ്രസ്സുമായി കൂട്ടിക്കെട്ടുന്നതിൽ വേദനിക്കുന്നുവെന്ന് മുതലക്കണ്ണീർ പൊഴിക്കുന്നതിന്റെ രസതന്ത്രം അവിടെയാണ് കുടികൊള്ളുന്നത്. കുലംകുത്തിയെന്നും കുലംകുത്തി തന്നെയായിരിക്കുമെന്നും അതിനു മാറ്റമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനയിൽ കോടിയേരി ഇപ്പോൾ വെള്ളം ചേർക്കാനിറങ്ങിയിരിക്കുന്നതിന്റെ പിന്നിൽ പാർട്ടിയിൽ നിന്നും അണികളും അനുഭാവികളും കൊഴിയുന്നുവെന്ന തിരിച്ചറിവല്ലാതെ മറ്റെന്താണുള്ളത്? ഷുഹൈബിന്റെ വധം അവിടെ നിൽക്കട്ടെ. ടിപിയുടെ കൊലപാതകം തന്നെയാണ് കീറിമുറിച്ച് പരിശോധിക്കപ്പെടേണ്ട കാര്യം. ചന്ദ്രശേഖരൻ സിപിഎം വിട്ട് കോൺഗ്രസിലേക്കാണ് പോയിരുന്നതെങ്കിൽ 51 വെട്ടുവെട്ടി സിപിഎമ്മുകാർ ടിപിയെ വധിക്കുമായിരുന്നില്ല. സിപി എമ്മിനു സംഭവിച്ച അപചയത്തെ ആർഎംപിയുടെ രൂപീകരണത്തിലൂടെ ജനമധ്യത്തിലേക്ക് ചർച്ചയ്ക്കായി കൊണ്ടുവന്നുവെന്നതാണ് ടിപിയിൽ സിപിഎം കാണുന്ന ഏറ്റവും വലിയ കുറ്റം. പാർട്ടി ഭരണഘടന പാർട്ടിയോഗത്തിൽ െവച്ച് പാർട്ടി കമ്മിറ്റികളേയും ഭാരവാഹികളേയും വിമർശിക്കാൻ അവസരം നൽകുമെങ്കിലും പാർട്ടി വിട്ടാൽപ്പിന്നെ ഒരുത്തനും പാർട്ടിയെ വിമർശിക്കരുതെന്നാണ് അസഹിഷ്ണുതയും ഫാസിസ്റ്റ് ബോധവും മൂലം അന്ധരാക്കപ്പെട്ട സിപിഎമ്മുകാരുടെ പ്രഖ്യാപിത നയം.
പാർട്ടിക്കുള്ളിൽ പരിദേവനങ്ങൾക്ക് കുറവൊന്നുമില്ല. പാവപ്പെട്ടവർ പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോകുന്നുവെന്നായിരുന്നു സംസ്ഥാന സമ്മേളനകാലത്തെ ഒരു വിലാപം. പക്ഷേ എന്തുകൊണ്ടാണ് അവർ അകലുന്നതെന്ന് ചിന്തിക്കാൻ നേതാക്കൾക്ക് ധൈര്യമില്ലെന്നതാണ് സത്യം. പാവപ്പെട്ടവനെ പാർട്ടിയുടെ നിഷ്‌ക്രിയാസ്തി പോലെയാണ് പാർട്ടി ഇന്ന് കണക്കാക്കുന്നത്. മുതലാളിമാരുടെ പണവും കള്ളപ്പണവുമാണല്ലോ പാർട്ടിയുടെ ചാലകശക്തി. തൊഴിലാളി വർഗവും പാവപ്പെട്ടവനുമൊക്കെ ബ്രാൻഡിങ് സിംബലുകൾ മാത്രം. പാർട്ടിയുടെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പാർട്ടിയുടെ താളത്തിനൊത്തു തുള്ളുന്ന കാവടി സംഘങ്ങളാണ് ഇന്ന്. പണപ്പിരിവാണ് പ്രധാന പ്രവർത്തനം. കോലിയക്കോട് മാഫിയയുടെ താൽപര്യങ്ങൾ സംരക്ഷിക്കലായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയ്ക്ക് പാർട്ടി ലോ അക്കാദമി സമരത്തിൽ പാർട്ടി നൽകിയ ദൗത്യം. ഡിവൈഎഫ് ഐയ്ക്കാകട്ടെ യുവത്വത്തിന്റെ സംഘശേഷിയിലൂടെ പാർട്ടിപ്പിരിവുകാരാകാനുള്ള ദൗത്യവും. പണച്ചാക്കുകൾക്കാണ് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വവും പിന്തുണയും ലഭിക്കുകയെന്ന് അറിയാത്തവരില്ല. പിവി അൻവറും വിജയൻപിള്ളയും തോമസ് ചാണ്ടിയുമൊക്കെയാണ് പാർട്ടിക്ക് പഥ്യം. അധികാരത്തിന്റെ മറവിൽ അനാശാസ്യ ഇടപാടുകൾ നടത്താൻ അവർക്ക് ചൂട്ടുകത്തിക്കുന്നതിനു പിന്നിൽ വ്യക്തിപരമായ ലാഭങ്ങൾ കൊയ്യുന്നവരും ധാരാളം. പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യം ഏകാധിപത്യത്തിനു വഴിമാറുകയും പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചില വ്യക്തികളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെ പണാധിപത്യത്തിനു മുന്നിൽ പാർട്ടി മുട്ടുമടക്കി നിന്നു.
‘നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നാണ്’ മുന്പൊരിക്കൽ പിണറായി വിജയൻ പറഞ്ഞിട്ടുള്ളത്. സത്യം മറ്റൊന്നാണ്. പിണറായി വിജയന് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തെപ്പറ്റിയോ കമ്യൂണിസത്തിന്റെ സൈദ്ധാന്തികവശങ്ങളെക്കുറിച്ചോ ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയും വാക്കുകളും തന്നെ സൂചിപ്പിക്കുന്നു. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ കേവലമൊരു സംഘാടകനോ മാനേജറോ മാത്രമായിരുന്നു അദ്ദേഹം. ചിന്തയിലോ വിചാരധാരയിലോ ആഴമോ കനമോ ഇല്ലാത്ത കേവലമൊരു മാനേജർ. സ്വാർത്ഥലാഭങ്ങളാണ് വിജയനേയും കോടിയേരിയേയും നയിക്കുന്നത്. പാർട്ടിയെ ഇവരൊക്കെ ഉപയോഗിക്കുന്നത് സ്വന്തം ബിസിനസ് താൽപര്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് അടുത്തുനിൽക്കുന്നവർ അടക്കം പറയുകയും ചെയ്യും. പക്ഷേ അണികളുടെ കാര്യം കഷ്ടമാണ്. ബുദ്ധിയും ചിന്തയും പാർട്ടിക്ക് പണയം വെച്ചവരാണവർ. സംസ്ഥാന സർക്കാരിനുശേഷം കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി സിപിഎം മാറിയിരിക്കുന്നതിനാൽ ആ പാർട്ടിയെ ആശ്രയിച്ചു കഴിയുന്നവർക്ക് പാർട്ടി നേതാക്കൾ എന്ത് നെറികേട് കാണിച്ചാലും അതിനെ പിന്തുണയ്ക്കണമെന്ന ഗതികേട് വേറെയുമുണ്ട്. അതൊരു തരം അടിമത്തമാണെന്ന് അവർക്കറിയാം. പക്ഷേ ഉപജീവനത്തിന് ആ അടിമത്തം കൂടിയേ തീരു. അതുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലും നാട്ടിലുമൊക്കെ നെറികെട്ട നേതാക്കൾക്കായി ന്യായീകരണങ്ങൾ ചമയ്ക്കാൻ അവർ വിധിക്കപ്പെടുന്നു. 35 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സിപിഎമ്മിനോ 25 വർഷം ത്രിപുര ഭരിച്ച സിപിഎമ്മിനോ ആർജിക്കാനാകാത്തവിധമുള്ള സാന്പത്തിക സാമ്രാജ്യം കേരളത്തിലെ സിപിഎമ്മിനുണ്ടായത് കേവലം ബക്കറ്റ് പിരിവിലൂടെ ആകില്ലെന്ന് ആർക്കും ഊഹിക്കാവുന്നതാണ്. ഒരു പാർട്ടിപ്പത്രം പോലും നേരാംവണ്ണം നടത്തിക്കൊണ്ടു പോകാൻ ആ ബംഗാളിലെ സഖാക്കന്മാർക്ക് കഴിഞ്ഞില്ലെന്നോർക്കണം. സിപിഎമ്മിന് കേരളത്തിൽ അത് സാധിക്കുന്നതിനു കാരണം അവർ കേരളത്തിൽ ഒരു സമാന്തര ഭരണകൂടം പ്രവർത്തിപ്പിക്കുന്നതു കൊണ്ടാണ്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അത് ചലിച്ചുകൊണ്ടിരിക്കും. അങ്ങനെ പ്രവർത്തിക്കാൻ സിപിഎമ്മിനാകുന്നത് അവർ പ്രത്യയശാസ്ത്രത്തിന് പുല്ലുവില കൽപിക്കുകയും കോർപ്പറേറ്റ് ഭരണസംവിധാനത്തെ പാർട്ടിയിൽ കുടിയിരുത്തുകയും ചെയ്തതു കൊണ്ടാണ്. പാവപ്പെട്ടവനെ സംരക്ഷിക്കുകയോ വിപ്ലവങ്ങൾക്ക് നാന്ദി കുറിക്കുകയോ ചെയ്യുന്നത് കേരളത്തിലെ സിപിഎമ്മിന് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ അവർ ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും അകലം പാലിക്കുന്നു. േനഴ്‌സുമാരുടെ സമരമായാലും മത്സ്യത്തൊഴിലാളികളുടെ സമരമായാലും വടയന്പാടിയിലെ ജാതിമതിൽ സമരമായാലും വയലുകൾ ഏറ്റെടുക്കുന്നതിനെതിരെയുള്ള സമരമായാലും പാർട്ടി ജനങ്ങളിൽ നിന്നും അകന്നുനിൽക്കുന്നു. സമരം ചെയ്യുന്നവരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും യുഎപി എ ചുമത്തുകയും ചെയ്യുകയാണ് അവരുടെ ജോലി. പാർട്ടിയേയയും തങ്ങളേയും സാന്പത്തികശക്തികളാക്കി വളർത്തുകയാണ് അവരുടെ അപ്രഖ്യാപിത വിപ്ലവം. ഭരണത്തിലിരിക്കുന്പോൾ അത് എളുപ്പമാകുന്നു. പ്രത്യയശാസ്ത്രവും ആദർശപ്രതിബദ്ധതയുമെല്ലാം പ്രസംഗത്തിൽ മാത്രം പ്രകടമാക്കേണ്ടുന്ന ബ്രാൻഡിങ് എക്‌സർസൈസ് മാത്രം. നേതാക്കൾക്ക് വ്യക്തിപരമായി വളർച്ചയുണ്ടാക്കി നൽകുന്ന തീരുമാനങ്ങളെടുക്കാനാണ് ഇന്ന് അവർക്ക് താൽപര്യം. കേരളത്തിൽ വ്യവസായരംഗത്ത് യുഡിഎഫ് ഭരണത്തിന്റെ തുടർച്ച മാത്രമാണ് എൽഡിഎഫ് ഭരണമെന്നും ഇരു ഭരണത്തിലും ഇടനിലക്കാർ ഇരു കക്ഷികളിലേയും നേതാക്കൾക്ക് നേട്ടമുണ്ടാക്കി നൽകുന്നവരുമാണെന്ന് അറിയാത്തവർ ചുരുക്കം. പുറമേയ്ക്ക് മുതലാളിത്ത വ്യവസ്ഥിതിക്ക് തങ്ങൾ എതിരാണെന്ന് പൊതുജനത്തെ ധരിപ്പിക്കുകയും അകമേയ്ക്ക് അവ എല്ലാത്തരത്തിലും ഒളിച്ചു കടത്തുകയും ചെയ്തുകൊണ്ട് അഴിമതിപ്പണം പരമാവധി സമാഹരിക്കുന്ന പ്രസ്ഥാനമായി സിപിഎം മാറിക്കഴിഞ്ഞിരിക്കുന്നു.
തൊഴിലാളി വർഗ പാർട്ടിയെന്നത് സിപിഎമ്മിന് ഇന്ന് വെറുമൊരു അലങ്കാരമാണ്. പാർട്ടി സംവിധാനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കു മാത്രമാണ് അവരുടെ ഉപജീവന മാർഗമൊരുക്കുന്നതിനാൽ ഇന്ന് പാർട്ടിയെ കൊണ്ടുള്ള പ്രയോജനം. പാർട്ടിക്ക് കിട്ടുന്ന ധനം ഉപയോഗിച്ച് ട്രസ്റ്റുകളും കന്പനികളും നിർമ്മിക്കുകയും പാർട്ടിയെ അതിൽ നിന്നകറ്റി നിർത്തുകയും ചെയ്യുകവഴി ബിനാമി മുതലാളിത്തത്തിന്റെ പാതയിലേക്ക് പാർട്ടി വീണു കഴിഞ്ഞിരിക്കുന്നു. ദേശാഭിമാനിയോ കൈരളി പീപ്പിൾ ചാനലുകളോ പാർട്ടിയുടെ ആസ്തിയിൽ പെടാത്തത് അതുകൊണ്ടു തന്നെയാണ്. 300 കോടി രൂപയിൽ താഴെ മാത്രമായി ഇന്ത്യയിലെ സിപിഎമ്മിന്റെ ആസ്തി രേഖകളിൽ നിലകൊള്ളാനുള്ള കാരണവും മറ്റൊന്നല്ല തന്നെ. പാർട്ടിയുടെ പണം സ്വകാര്യവ്യക്തികളുടെ പേരിൽ നിക്ഷേപിക്കപ്പെട്ടിരുന്നതു മൂലം പാർട്ടി പ്രശ്‌നത്തിലായ സാഹചര്യങ്ങളുമുണ്ടെന്നത് പാർട്ടിക്ക് ഒരു അധോലോക മാഫിയയുടെ പ്രതിഛായ പോലും നൽകുകയും ചെയ്യുന്നു.
വിപ്ലവ പരിപാടിയും ജനകീയ പ്രതിബദ്ധതയും ഇന്ന് പാർട്ടിയുടെ സമ്മേളനങ്ങളിൽ മാത്രം അണിയിച്ചിരുത്തേണ്ട ചില ആപ്തവാക്യങ്ങൾ മാത്രമാണ്. വിപ്ലവപാർട്ടിയിൽ നിന്നും സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടിയായും അവിടെ നിന്നും ഇടത് പ്രച്ഛന്നവേഷമിട്ട വലതു പാർട്ടിയായും ഇന്ന് സിപിഎം മാറിയിരിക്കുന്നു. ഈ പ്രച്ഛന്നവേഷ പരേഡുകളെല്ലാം സിഐഡി സിനിമകളിൽ വേഷം മാറിയെത്തുന്ന പ്രേംനസീറിനെ മറ്റ് കഥാപാത്രങ്ങളൊന്നും തിരിച്ചറിയാതിരിക്കുന്നതുപോലെ പൊതുജനവും തിരിച്ചറിയുന്നില്ലെന്നാണ് സിപിഎമ്മിന്റെ വിചാരം. പക്ഷേ പ്രേംനസീർ ഏതു വേഷത്തിൽ വന്നാലും പ്രേക്ഷകർ ആ നിമിഷം തന്നെ പ്രേക്ഷകരെ തിരിച്ചറിയുന്നുണ്ടെന്നതുപോലെയാണ് പൊതുജനം സിപിഎമ്മിനെ കാണുന്നതെന്ന് നേതാക്കൾ മനസ്സിലാക്കുന്നില്ല. കാരാട്ടിനെപ്പോലുള്ള കാലഹരണപ്പെട്ട നേതാക്കളുടെ ചരിത്രമായ അബദ്ധങ്ങൾക്ക് ജയ് വിളിച്ച് പൊതുജനത്തിനു മുന്നിൽ സ്വയം പരിഹാസ്യരാകുകയാണ് ഇന്ന് വിപ്ലവ പാർട്ടി. കാവിപ്പടയുടെ പടയോട്ടത്തിന് ആക്കം കൂട്ടുന്ന പ്രവൃത്തികളാണ് ഓരോ ദിവസവും സിപിഎമ്മിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. മാർക്‌സിസ്റ്റുകാർക്ക് മാണിയിസ്റ്റായി മാറാൻ കൊടിയ വഞ്ചനയുടെ ചിത്രം ഓരോ വോട്ടർമാരുടേയും മനസ്സിൽ വളർന്നുവരുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് നേതാക്കൾ മാത്രം!
കയ്യൂരും കരിവെള്ളൂരും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കിയ കർഷകപ്രക്ഷോഭങ്ങളായിരുന്നു. അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചനത്തിനാണ് അവ വഴിെവച്ചത്. അതാണ് കേരളത്തെ ചുവപ്പിച്ചത്. പക്ഷേ ഇന്ന് സിപിഎമ്മിന്റെ ശരീരത്തിൽ ആ വിപ്ലവ തഴന്പുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു. എതിരാളിയെ, പാർട്ടിയിലെ നേതാക്കളുടെ തെറ്റുകളെ വിമർശിക്കുന്നവരെ കൊന്നെടുക്കുന്ന ഉന്മൂലനവാദമാണ് പാർട്ടിയെ ഭരിക്കുന്നത്. എല്ലാ കൊലകൾക്കും നേതൃത്വം നൽകുന്ന, കുഞ്ഞനന്തൻ എന്ന പാർട്ടിക്കാരൻ ടിപി വധക്കേസ്സിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും വേണ്ടപ്പെട്ടവനായി തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല തന്നെ! മഹാരാഷ്ട്രയിലെ കർഷകവിപ്ലവ വിജയത്തിലേക്ക് നോക്കി ഊറ്റം കൊള്ളാൻ കേരളത്തിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ അപ്പസ്‌തോലന്മാർക്ക് എന്ത് അർഹത? കിസ്സാൻ മഹാസഭയെപ്പറ്റി, ലോങ് മാർച്ചിനെപ്പറ്റി നിങ്ങൾ ഒരക്ഷരം മിണ്ടിപ്പോകരുത്! മഹാരാഷ്ട്രയിൽ കർഷകർക്കൊപ്പം നിന്ന സിപിഎം അല്ല കേരളത്തിലേത്. കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ പൊളിച്ച്, സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിച്ച പിണറായി വിജയന്റെ സിപിഎമ്മാണ് കേരളത്തിലേത്. ജനകീയസമരങ്ങളെ അടിച്ചമർത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, മുതലാളിത്തത്തിന്റെ ബിനാമിയായ സിപിഎം!