എഴുത്തിന്റെ ആഘോഷങ്ങളിൽ നിന്ന് ഇറങ്ങിപ്പോയ കഥാകാരൻ

സ്വന്തം ലേഖകൻ
വീശിയടങ്ങിയ കാറ്റുപോലെ ജീവിച്ച കവി. ‘ഈ തലമുറയിൽ ഒരു കഥാകൃത്ത് തന്റെ മുൻ തലമുറയിൽ നിന്നും തനിക്കു മുന്പും പിന്പുമുള്ള തലമുറകളിൽ നിന്നുമൊക്കെ ഭിന്നനായി നിൽക്കുന്നുണ്ട്’ എന്ന് ഒരിക്കൽ ടി.പത്മനാഭൻ എഴുതിയത് എം.സുകുമാരനെ കുറിച്ചായിരുന്നു. എഴുത്തിന്റെ ആഘോഷങ്ങളിൽ നിന്നൊക്കെ പൊടുന്നനെ ഇറങ്ങിപ്പോയ സുകുമാരൻ എഴുതാതിരിക്കുന്നത് ഭാഷയ്ക്കു നഷ്ടമാണെന്നും അദ്ദേഹം എഴുതി. സുകുമാരൻ തന്റെ കർമ്മങ്ങളുപേക്ഷിച്ച് യാത്രയായിരിക്കുകയാണ്.
വിശപ്പും നീതിയുമായിരുന്നു എം. സുകുമാരന്റെ കഥാലോകത്തെ അടയാളപ്പെടുത്തിയ പ്രധാന പ്രമേയങ്ങൾ. ജീവന്റെ അടിസ്ഥാനമായ ഭക്ഷണത്തിനും അതുവഴി അതിജീവനത്തിനുമുള്ള അവകാശം സ്വാഭാവികമെങ്കിലും അതിനുവേണ്ടി യുദ്ധം ചെയ്യേണ്ടിവരുന്നവരുടെ വേദന ഒരുഭാഗത്ത്. അതിജീവനം അന്തസ്സോടെ ആയിരിക്കണമെന്ന ബോധ്യത്തിനു മുന്പിൽ അതിലേറെ നീറ്റലായി മാറുന്ന നീതിയുടെ ക്രൂര ദണ്ധനം മറുവശത്ത്. വിശക്കുന്ന മനുഷ്യൻ ഭക്ഷണത്തോടൊപ്പം നീതിക്കുവേണ്ടിയും ചോദിക്കുന്നു. ഭക്ഷണം കിട്ടാത്തത് അത് തട്ടിപ്പറിക്കപ്പെട്ടതിനാലാണെന്ന് അറിയുന്നതോടെ ചോദ്യങ്ങൾ വേറെ ഉത്തരങ്ങൾ തേടുകയാണ്. അത്തരമൊരു തിരിച്ചറിവ് പീഡാനുഭവമായി ഏറ്റെടുക്കേണ്ടിവന്ന കഥാകാരന്റെ അന്തർസംഘർഷങ്ങളാണ് ആ കഥാലോകത്തെ യാഥാർഥ്യനിഷ്ഠമാക്കിയത്.
മലയാളത്തിൽ പുതിയൊരു റിയലിസമായിരുന്നു സുകുമാരന്റെ രചനകൾ കൊണ്ടുവന്നത്. ജീവിതയാഥാർഥ്യം പ്രതിഫലിപ്പിച്ച ആ രചനകൾ സമീപനത്തിലെ തെളിഞ്ഞ നൈതികതയും ഗ്രാമീണമായ ജൈവികതയുംകൊണ്ട് അസാധാരണ സൗന്ദര്യം പുലർത്തി. 1943−ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. ഏജീസ് ഓഫീസ് ജീവനക്കാരനായാണ് സുകുമാരൻ തിരുവനന്തപുരത്തെത്തിയത്. 1970ൽ ‘തൂക്കുമ
രങ്ങൾ ഞങ്ങൾക്ക്’ പ്രസിദ്ധീകരിച്ചതോടെ മലയാള ഗദ്യഭാവനയെ കരുത്തിന്റെ പുതിയ പ്രകാശനവേദിയാക്കാൻ കഴിഞ്ഞു. കാൽപ്പനികതയിൽ ചാലിച്ച വൈകാരികാവിഷ്ക്കാരങ്ങളിൽനിന്നും ഉള്ളുപൊള്ളിക്കുന്ന ജീവിതസത്യങ്ങളിലേയ്ക്ക് കഥാഭാവനയെ വഴിമാറ്റുകയാണ് ചെയ്തത്. ചരിത്രബോധത്തിലുംസമകാല ജീവിതത്തിന്റെ നേരനുഭവങ്ങളിലും ഉരുകിത്തിളച്ച ആ കഥകൾ ആസ്വാദകനിൽ നടുക്കമുണർത്തി. സംഘഗാനം, ചരിത്രഗാഥ, സംരക്ഷകരുടെ ത്രാസ്, തിത്തുണ്ണി, രഥോത്സവം തുടങ്ങിയവ അറുപതിന്റെ അവസാനത്തോടെ രൂപപ്പെട്ട അവബോധത്തിന്റെ ആവിഷ്ക്കാരങ്ങളായി. ശുദ്ധവായു, ആശ്രിതരുടെ ആകാശം, അനുയായി, ചക്കുകാള, അസുരസങ്കീർത്തനം, വഞ്ചിക്കുന്നംപതി, ഉദയം കാണാൻ ഉറക്കമൊഴിച്ചവർ തുടങ്ങിയ നോവലുകളും ഒന്നിനൊന്ന് മികച്ചു.
‘ശേഷക്രിയ’യാണ് ഏറെ ചർച്ചചെയ്യപ്പെട്ട രചന. പത്ത് വർഷത്തെ മൗനം ഭേദിച്ച് എഴുതിയ ‘പിതൃതർപ്പണം’ നോവലും ചർച്ചചെയ്യപ്പെട്ടു. വിശ്വാസത്തകർച്ചയും പ്രതിസന്ധിയും പിന്നീട് മൗനിയാക്കി. അംഗീകാരങ്ങളോട് താൽപര്യം പുലർത്താത്ത സുകുമാരന് വാക്ക് സത്യസന്ധതയുടെ പ്രകാശനവേദിയായിരുന്നു. “ഭൗതികജീവിതത്തിലുണ്ടായതിരിച്ചടികൾ, കുട്ടിക്കാലത്തുണ്ടായ രോഗപീഡകൾ, ഉൾവലിയുന്ന സ്വഭാവം, വിശ്വസിച്ച തത്വശാസ്ത്രത്തിന്റെ തകർച്ച, നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്ന അവസ്ഥ−, അന്നൊക്കെ അക്ഷരങ്ങൾ മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ”- ഒരിക്കൽ കഥകൾ രൂപപ്പെട്ടതിനെക്കുറിച്ച് എം.സുകുമാരൻ ഇങ്ങനെ പറഞ്ഞിരുന്നു.
മലയാള ചെറുകഥയുടെ സവിശേഷമായ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് എം.സുകുമാരന്റെ കഥകൾ. 1960കളിൽ എഴുത്ത് തുടങ്ങിയ അദ്ദേഹം 70കളിലും 80കളിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ധലങ്ങളിലുണ്ടായ സാമൂഹികചലനങ്ങളിൽ നിന്ന് നൂതന ഊർജം സ്വീകരിച്ച് അവയെ എഴുത്തിലേക്ക് സമന്വയിപ്പിക്കുകയായിരുന്നു. പ്രമേയപരമായ സവിശേഷതകളും വ്യത്യസ്തമായ രചനാസങ്കേതങ്ങളും എം.സുകുമാരന്റെ കഥകളെ വേറിട്ടതാക്കി.
സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ഉദ്യോഗസ്ഥ മേധാവിത്തത്തോടുള്ള വിമർശനമാണ് അദ്ദേഹത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും അങ്ങനെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലേക്കും എത്തിച്ചത്.എനിക്ക് എഴുത്തുമാത്രം തുടർന്നങ്ങനെ ജീവിക്കാമായിരുന്നു. ഇടതുപക്ഷചിന്തയും ട്രേഡ് യൂണിയൻ പ്രവർത്തനവുമൊന്നുമില്ലാത്ത ഒരെഴുത്തുകാരൻ. ഇതൊന്നും കരുതികൂട്ടി ഉണ്ടാകുന്നതല്ലല്ലോ. ഒരു തീപ്പൊരി ഉള്ളിലെവിടെയോ കിടന്നിട്ടുണ്ടാവും. ആ തീപ്പൊരി ജ്വലിച്ച് ഒരേസമയം ഇരുവഴികളിലൂടെ സഞ്ചരിക്കുവാൻ എന്നെ പ്രേരിപ്പിച്ചിരിക്കാം. ഇടതുപക്ഷ രാഷ്ട്രീയബോധത്തോട് അരിക് ചേർന്നതിന്റെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നതിങ്ങനെയാണ്. നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിസഞ്ചരിക്കുന്നവയായിരുന്നു എം.സുകുമാരന്റെ കഥകൾ. ലോകത്തിന്റെ നൈതികതയിലുള്ള സംശയങ്ങളും അദ്ദേഹത്തിന്റെ കഥകളിലൂടെ പ്രതിഫലിച്ചു. തത്വചിന്താപരമായ പ്രതിബദ്ധതയാണ് സുകുമാരനെ മറ്റ് കഥാകൃത്തുക്കളിൽ നിന്ന് വേർതിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് സച്ചിദാനന്ദനാണ്. സുകുമാരന്റെ കഥകളിൽ രാഷ്ട്രീയാധുനികത കണ്ടെത്താനാകുമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
മലയാള കഥയുടെ പതിവു രചനാവഴികളെ ചോദ്യം ചെയ്തുകൊണ്ടാണ് എം.സുകുമാരൻ മലയാള ചെറുകഥയിലേക്ക് പ്രവേശിക്കുന്നത്. പ്രമേങ്ങളിലും രചനാസങ്കേതങ്ങളിലും ഒരുപോലെ നവീനത കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. മാർക്സിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യം പുലർത്തുന്ന അദ്ദേഹത്തിന്റെ രചനകൾ ശക്തമായ രാഷ്ട്രീയ വിമർശനങ്ങളുമായിരുന്നു.
ചെറുകഥകൾ മാത്രമല്ല, ശേഷക്രിയ അടക്കമുള്ള നോവലുകളും ചർച്ചചെയ്തതും വിമർശനവിധേയമാക്കിയതും മലയാളിയുടെ രാഷ്ട്രീയജീവിതം തന്നെയായിരുന്നു. ഇടതുപക്ഷാശയങ്ങളുടെ ജീർണതകളെയും പ്രത്യയശാസ്ത്രപരമായ നഷ്ടങ്ങളെയും തീഷ്ണമായി ആവിഷ്കരിക്കുന്നതായിരുന്നു ശേഷക്രിയ എന്ന കൃതി. തൊഴിലാളി സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട എം.സുകുമാരന്റെ രാഷ്ട്രീയ ജീവിതം പ്രതിഫലിക്കുന്ന കൃതികൂടിയായിരുന്നു ശേഷക്രിയ.
ഒരു ഘട്ടത്തിൽ എഴുത്തിൽനിന്നു പിൻവലിഞ്ഞ സുകുമാരൻ തന്റെ മൗനത്തെയും രാഷ്ട്രീയ−സാമൂഹ്യ വിമർശനമാക്കി മാറ്റി. ‘‘എഴുത്തിന് അസ്വസ്ഥതകളേ നൽകാനാകൂ,, സ്വസ്ഥത കിട്ടാൻ വേണ്ടിയാണ് ഞാൻ എഴുത്തു നിർത്തിയത്’’ എന്ന് ഭാഷാപോഷിണിക്കു നൽകിയ അഭിമുഖത്തിൽ സുകുമാരൻ പറഞ്ഞിട്ടുണ്ട്. കഥയെഴുതുന്നത് ക്ലേശകരമായ ചുമതലയാണെന്നും ആ ക്ലേശം സഹിക്കാനുള്ള ശേഷിയില്ലാതെയായെന്നും പറഞ്ഞ സുകുമാരൻ ക്ലേശമില്ലാതെ കഥയെഴുതുന്നവർക്ക് അദ്ഭുതമാകാനേ തരമുണ്ടായിരുന്നുള്ളൂ. കഥകളെപ്പറ്റി ചിന്തിക്കാത്ത ജീവിതമാണ് തനിക്കു സ്വസ്ഥത നൽകുന്നതെന്നു പറഞ്ഞ എഴുത്തുകാരന്റെ കഥയോടുള്ള സമീപനം അന്പരപ്പിക്കുന്നതായിരുന്നു എന്നതിന് നമുക്ക് മുന്നിലെ തെളിവുകളായി ശേഷിക്കുന്നത് ആ കഥകൾ തന്നെയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എം.സുകുമാരന്റെ സ്വപ്നം. ആ സ്വപ്നങ്ങൾ പങ്കു വെയ്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ. പക്ഷേ വിശ്വസിച്ച പാർട്ടി ജീർണതകളുടെ ഇളംചുവപ്പു നിറത്തിൽ ആറാടുന്നുവോ എന്ന സംശയം തോന്നിയപ്പോൾ സാവധാനം ഉൾവലിയുകയായിരുന്നു അദ്ദേഹം; പാർട്ടിയിൽ നിന്നും ഒരു പക്ഷേ കഥകളിൽ നിന്നും. പക്ഷേ അപ്പോഴും ഇടതുപക്ഷത്തിനു വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. അതു പല സന്ദർഭങ്ങളിലും തുറന്നു പറയുകയും ചെയ്തു. ‘‘ഇടതു പക്ഷത്തിന് അപ്പുറത്തേക്ക് ഒന്നുമില്ല, അതാണ് അവസാന ആശ്രയം’’ അദ്ദേഹം പറഞ്ഞു. കമ്യൂണിസത്തെ അംഗീകരിക്കുന്നതു കൊണ്ടാണ് താനുൾപ്പെടെയുള്ള ഇടതു ചായ്‌വുള്ള എഴുത്തുകാർ കമ്യൂണിസത്തെ വിമർശിക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. പക്ഷേ ഈ കമ്യൂണിസ്റ്റിനെ പാർട്ടിക്ക് ആവശ്യമില്ലായിരുന്നു. നോവലിന്റെ പേരിൽ ശിക്ഷ ഏറ്റു വാങ്ങി സുകുമാരൻ പാർട്ടിക്കു പുറത്തായി.
എം.സുകുമാരൻ എന്ന കമ്യൂണിസ്റ്റിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ഒരു പൂന്പാറ്റയെ അടിച്ചു കൊല്ലുന്ന അദ്ധ്വാനമേ വേണ്ടി വന്നിരിക്കുകയുള്ളൂ എന്നു നീരീക്ഷിച്ചത് എഴുത്തുകാരൻ സക്കറിയയാണ്. ശേഷക്രിയ എന്ന നോവൽ അത്രയേറെ പാർട്ടിയെ വിറളി പിടിപ്പിച്ചെങ്കിൽ നോവലിൽ പറഞ്ഞ വിമർശനങ്ങളൊക്കെ ഇന്ന് എത്രയോ ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്ന് അദ്ഭുതപ്പെട്ടത് നോവലിസ്റ്റ് തന്നെയായിരുന്നു.
നിശ്ശബ്ദത ഭീകരമായതും പേടിപ്പിക്കുന്നതുമായ അവസ്ഥയാണ്. സുകുമാരൻ നിശ്ശബ്ദനായിരുന്നെങ്കിലും പേടി തട്ടാതെയാണ് നമുക്കിടയിൽ ജീവിച്ചതും ഇപ്പോൾ കടന്നു പോകുന്നതും. പ്രിയപ്പെട്ടവർ അഭിമുഖങ്ങൾക്കെത്തിയ അവസരങ്ങളിലൊക്കെ നിശ്ശബ്ദതയുടെ കനപ്പെട്ട പുതപ്പുകൾക്കുള്ളിലേക്കു നൂണ്ടുകയറാതെ അദ്ദേഹം ഹൃദയം തുറന്നു. തനിക്കു പറയാനുള്ളതൊക്കെ സൗമ്യമായി പറഞ്ഞു. ആ നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നവയാണെന്നു നാം അറിയുകയും ചെയ്തു. അതുതന്നെയാണ് എം.സുകുമാരൻ എന്ന എഴുത്തുകാരന്റെ ജീവിതം മലയാളികൾക്കു കാട്ടിത്തരുന്നതും. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. പിതൃതർപ്പണം 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981−ൽ ശേഷക്രിയയ്ക്കും 95−ൽ കഴകത്തിനും ലഭിച്ചു. 2006−ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.
എഴുത്തിനു പുറത്തുള്ള ഇടപെടലുകളിൽനിന്ന് എപ്പോഴും മാറിനിൽക്കാൻ മനഃപൂർവ്വം ശ്രമിച്ചിരുന്നു അദ്ദേഹം. തന്റെ രചനകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ഇടപെടലുകൾ. അതുകൊണ്ടുതന്നെ തന്റെ ശക്തമായ രാഷ്ട്രീയ ബോധ്യമുള്ള കഥകളിലൂടെയും നോവലുകളിലുടെയും എക്കാലവും എം. സുകുമാരൻ ഓർമ്മിക്കപ്പെടും...