ഇങ്ങനെയും ചില ബുദ്ധിമതികൾ...


കൂക്കാനം റഹ്മാൻ

യൽ‍പക്കത്തെ പെണ്ണുങ്ങളെല്ലാം അതിശയത്തോടെ ആയിസൂന്റെ കുഞ്ഞിന്റെ കഥ അറിയാൻ‍ കാത്തിരിക്കുകയായിരുന്നു. കുഞ്ഞിനെ എങ്ങനെ കിട്ടിയെന്നാണ് എല്ലാവർ‍ക്കും അറിയേണ്ടത്. ആയിസു കുടകിൽ‍ ജോലിക്കുപോയാൽ‍ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാലേ നാട്ടിലേക്ക് വരൂ. ഭർ‍ത്താവിന് ഗൾ‍ഫിൽ‍ ചെറിയൊരു ജോലിയുണ്ട്. അദ്ദേഹവും രണ്ടോ മൂന്നോ വർ‍ഷം കൂടുന്പോഴേ നാട്ടിലെത്തൂ. അങ്ങനെഒരുനാൾ‍ ആയിസു കുടകിൽ‍ നിന്നുവരുന്പോൾ‍ ഏകദേശം രണ്ടു വയസ്സുളള പെൺ‍കുട്ടിയുമായാണ് വന്നത്. ആയിസുവിന് വയസ്സ് അന്പത് കഴിഞ്ഞുകാണും. പ്രായപൂർ‍ത്തിയായ മൂന്നു മക്കളുണ്ട്. ഈയൊരവസ്ഥയിലാണ് നാട്ടുകാർ‍ക്കും അയൽ‍പ്പക്കക്കാർ‍ക്കും കുഞ്ഞിന്റെ കഥ അറിയാൻ താൽ‍പര്യം. ‘ആയിസൂ നീ ഈ കുഞ്ഞിനെ പെറ്റതാണോ?’. ‘ങ്ങക്കെന്തേ സംശയം? ഞാൻ‍ പെറ്റ എന്റെ കുഞ്ഞി തന്നെയിത്’. എന്നിട്ടും ആർ‍ക്കും സംശയം തീർ‍ന്നില്ല. ഇത്രേം വയസ്സായിട്ടും പെറുമോ?. അയിന് ഓളെ കെട്ട്യോൻ‍ നാട്ടിലില്ലതാനും. അതിനും ചിലർ‍ക്ക് ഉത്തരമുണ്ട്. ‘കയിഞ്ഞ തവണ അവൻ‍ വന്നപ്പം ആയതായിരിക്കും. പിന്നെ നമ്മ ഓളെ കണ്ടിട്ടില്ലല്ലോ?’. അങ്ങനെയായിരിക്കാമെന്ന് എല്ലാവരും സമാധാനിച്ചു.

‘ഇത്തവണ ഓളെ പുയ്യാപ്ല വന്നപ്പം അത് എന്റെ കുഞ്ഞ്യല്ല എന്ന് പറഞ്ഞുപോലും, അതിനെ കണ്ണെട്ത്ത സ്ഥലത്ത് കാണാനും ഓന് ഇഷ്ടല്ലേലും? ഇതെന്ത് കുതറ്ത്ത്പ്പാ’ അങ്ങ്‌ട്ടെ മറീമ്മക്ക് സംശയം തീരുന്നേയില്ല. മറീമ്മയിത്ത ഈ കാര്യം വീണ്ടും ചർ‍ച്ചയാക്കി. സംഭവം ശരിയാണെന്ന് നാട്ടുപ്രമുഖരും ഉറപ്പിച്ചു. ‘ഇതെന്റെ കുട്ടിയല്ല. അവളെവിടുന്നോ വാങ്ങിക്കൊണ്ടുവന്ന കുട്ടിയാണ്. അതിനെ പോറ്റാനൊന്നും എനിക്ക് സാധ്യമല്ല’ എന്ന് അയാൾ‍ ഉറപ്പിച്ചു പറയുന്നു. ഇപ്പോൾ‍ കുട്ടി നാലാം ക്ലാസ്സിൽ‍ പഠിക്കുകയാണ്. ആ പെൺ‍കുട്ടിയെ ആയിസുമ്മ നന്നായി ശ്രദ്ധിക്കുന്നുണ്ട്. അതൊക്കെ നാട്ടുകാർ‍ കാണുന്നുമുണ്ട്. ബാപ്പ വന്നാൽ‍ കുഞ്ഞ് വീട്ടിൽ‍ നിൽ‍ക്കില്ല. അയാൾ‍ നിർ‍ത്തില്ല. ആട്ടിപ്പുറത്താക്കും. പാവം കുട്ടി അടുത്തുളള അങ്കൺ‍വാടിയിലോ, അയൽ‍പ്പക്കത്തെ വീടുകളിലോ അഭയം തേടും. കുഞ്ഞിന് യഥാസമയം ആയിസുമ്മ ഭക്ഷണം എത്തിച്ചു കൊടുക്കും. ഭർ‍ത്താവ് കാണാതെയാണ് ഇങ്ങനെ ചെയ്യുന്നത്. വൈകീട്ട് കുളിപ്പിച്ച് കിടത്തി ഉറക്കും. ഭർ‍ത്താവിനെ കാണാതെ വേണം ഇതൊക്കെ ചെയ്യാൻ‍. കണ്ടാൽ‍ വഴക്ക് കിട്ടും. കുട്ടിയെ അടിച്ചു പുറത്താക്കും. അയാൾ‍ ലീവ് കഴിഞ്ഞ് ഗൾ‍ഫിലേക്ക് പോകുന്നതുവരെ ഇത്തരത്തിലാണ് ആ ഒന്‍പത് വയസ്സുകാരിയായ പെൺ‍കുട്ടിയെ ആയിസുമ്മ പരിപാലിക്കുന്നത്. ഇപ്പോൾ‍ നാട്ടുകാർ‍ക്കൊക്കെ ബോധ്യപ്പെട്ടു ആയിസുമ്മ പ്രസവിച്ച കുട്ടിയല്ല ഇതെന്ന്. ഇനി നാട്ടുകാരുടെ കണ്ണിൽ‍ പൊടിയിടാനാവില്ലെന്ന് ആയിസുമ്മ കണക്കുകൂട്ടി. അവർ‍ കുട്ടിയെ കിട്ടിയ കഥ പറയാനൊരുങ്ങി. ആ കഥ മറീമ്മാത്താനോട് പറയുന്നതാണ് നല്ലതെന്ന് ആയിസുമ്മക്ക് തോന്നി. കാരണം ഓറോടു പറഞ്ഞാൽ‍ അത് നാടു മുഴുവൻ‍ എത്തും. നാട്ടിൽ‍ കണ്ടതും കേട്ടതുമായ സർ‍വ്വ നൊണയും കണ്ണിൽ‍ കണ്ടവരോടെല്ലാം വിളിച്ചു പറഞ്ഞാലേ മറീത്താക്ക് സന്തോഷമാവൂ.

അങ്ങനെ ആയിസുമ്മ ആ കഥ പറയാൻ‍ മറീത്തായെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. ‘അതോ മറീത്താ ഈ കാര്യം നിങ്ങളോട് പറയാം. ഞാൻ‍ കൊടകിൽ പണിക്കുപോകുന്ന കാര്യം ങ്ങക്ക് അറീല്ലേ? ഒരീസം എനക്ക് നല്ല പനി ബന്ന്. എന്റെ മൂത്ത മോളെ കെട്ടിച്ചു കൊടുത്തതും കൊടകിലാണെന്ന് ങ്ങക്ക് അറീല്ലേ. ഞാൻ‍ ഓളേം കൂട്ടി കൊടകിലെ ജില്ലാസൂത്രീൽ പരിശോധിക്കാൻ‍ പോയി. ഡാക്കിട്ടറെക്കണ്ട് മരുന്നെല്ലാം വാങ്ങി പുറത്തേക്ക് ഇറങ്ങാൻ‍ നേരത്ത് ഒരു കാഴ്ച കണ്ട്. ഒരു ബാല്യക്കാരനും ബാല്യക്കാർത്തിയും ചെറിയൊരു ചോരക്കുഞ്ഞിനെ കൈയ്യിൽ‍ പിടിച്ച് കശപിശ കൂടുന്നു. അവർ‍ക്ക് ആ കുഞ്ഞിനെ ബേണ്ടാന്ന് തീരുമാനിച്ചിരിക്കുകയാണ്. ആരെങ്കിലും ഇതിനെ കൊണ്ടുപോകുമോ എന്ന് ആശുപത്രി പരിസരത്ത് കൂടി നിൽ‍ക്കുന്നവരോടെല്ലാം അവർ‍ ചോദിക്കുന്നുണ്ട്. ഈ ബഹളം കേട്ട് ഡാക്കിട്ടർ‍ പുറത്തേയ്ക്ക് ബന്ന്. കാര്യം അന്വേഷിച്ചു. കുട്ടിയെ ആരെങ്കിലും ഏറ്റെടുക്കുമോ എന്ന അവരുടെ ആവശ്യം ഡാക്കിട്ടറും കേട്ടു. ‘എനിക്കൊരു പെൺ‍കുട്ടിയുണ്ട്. ആൺ‍കുട്ടിയാണെങ്കിൽ‍ ഞാൻ‍ എടുത്തോളായിരുന്നു’ എന്ന് ഡാക്കിട്ടറും പറഞ്ഞു. ഇത് കേട്ടപ്പോ ഞമ്മക്ക് ആ പൈതങ്ങളോട് ബല്ലാത്ത കൃപ തോന്നി. ‘ഞാൻ‍ എടുത്തോളാം സാർ‍ ഈ കുഞ്ഞിനെ’ എന്ന് ഡാക്കിട്ടറോട് പറഞ്ഞു. ഡാക്കിട്ടറും എന്റെ ഒപ്പരം കൂടി. മൂത്തമോളും എന്റെ കൂടെ ഉണ്ടല്ലോ?. അവളോടും കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് കുഞ്ഞിനെ എടുത്തോളാൻ‍ പറഞ്ഞു. പച്ചേങ്കിൽ ഒരു കണ്ടീഷനും പറഞ്ഞു ‘രണ്ടുമാസം കയിഞ്ഞ് കുഞ്ഞിനെ ആശുപത്രീൽ കൊണ്ടുവന്ന് ഡാക്കിട്ടറെ കാണിക്കണംന്ന്’. ഞമ്മ ഉറപ്പ് കൊടുത്ത് കുഞ്ഞിനേം കൊണ്ട് മോളെ പൊരക്ക് പോയി. രണ്ട് കൊല്ലം ഈ കുഞ്ഞിനെ അവിടെ ഞാനും എന്റെ മോളും കൂടെ വളർ‍ത്തി. രണ്ട് വയസ്സായപ്പോഴാണ് ഇബ്‌ടേക്ക് വന്നത്. ഇതാണ് സത്യം’. ഈ കഥ കേട്ടപ്പോൾ‍ മറീത്താക്കും സത്യമിതാണെന്ന് ബോധ്യമായി. അവർ‍ നാടൊട്ടൊക്കും ഈ വസ്തുത പറഞ്ഞു നടന്നു.

അങ്ങനെ ആയിസുമ്മ ദീർ‍ഘശ്വാസം വലിച്ചു. ഇനി ആരും സംശയം കൊണ്ട് വരില്ലല്ലോ എന്ന് സമാശ്വസിച്ചു. എല്ലാരോടും ഈ കഥ പറഞ്ഞാൽ‍ മതിയല്ലോ എന്ന് കരുതി. കുട്ടിക്ക് ഇപ്പോൾ‍ ഒന്പത് വയസ്സുകഴിഞ്ഞു. അവൾ‍ വളരുകയാണ്. അവൾ‍ക്ക് സത്യം എന്താണെന്നറിയില്ലല്ലോ?. തന്റെ സ്വന്തം ഉമ്മ പറയുന്ന കള്ളക്കഥ അവളോട് കൂട്ടുകാരികൾ‍ പറയാൻ‍ തുടങ്ങി. അവളുടെ മനസ്സു വേദനിക്കാൻ‍ തുടങ്ങി. സത്യം ഇതൊന്നുമല്ല. ഇതൊക്കെ കെട്ടിച്ചമച്ച കള്ളക്കഥകളാണ്. ഭർ‍ത്താവിന്റെ അടുത്ത് സത്യവതിയാവാൻ‍ ശ്രമിക്കുകയാണ്. പാവം ഗൾ‍ഫുകാരൻ‍ ഇതൊക്കെ വിശ്വസിച്ചു. സ്വന്തം നൊന്തുപെറ്റ കുഞ്ഞിനെ മറ്റൊരാളുടെ കുഞ്ഞാണെന്ന് പ്രചരിപ്പിച്ചു. അനധികൃതമായി ആർ‍ക്കോ ഉണ്ടായ കുട്ടിയല്ലിത്. അനധികൃതമായി ആയിസുമ്മയ്ക്കുണ്ടായ കുട്ടിയാണത്. അന്പതിലെത്തിയിട്ടും നല്ല തടിമിടുക്കും, യൗവ്വന ഭംഗിയും ഉള്ള ആയിസുമ്മ വേറൊരാളുടെ കുഞ്ഞിനെ പ്രസവിച്ചു. അതാരാണെന്ന് കൃത്യമായിട്ട് ആയിസുമ്മക്കറിയാം. അതൊരു വലിയ മുതലാളിയാണ്. അയാളെ ആയിസുമ്മ അതിരറ്റ് വിശ്വസിക്കുന്നു. സ്‌നേഹിക്കുന്നു. മൂത്ത മകൾ‍ക്കും കാര്യങ്ങളെല്ലാമറിയാം. കുടകിലെ ആശുപത്രിയിൽ‍ ജന്മം നൽ‍കിയ ആ കുഞ്ഞിനെ ആയിസുമ്മ നല്ലപോലെ പരിപാലിക്കുന്നു. മകൾ‍ക്കും ഈ കാര്യങ്ങളെല്ലാം അറിയാമെങ്കിലും പുറത്തുപറയാതെ രഹസ്യമാക്കി വെക്കുന്നു. ഒരു വീഴ്ചയിൽ‍നിന്ന് രക്ഷപ്പെടാൻ‍ എന്തൊക്കെ കപടതന്ത്രങ്ങളാണ് ഈ സ്ത്രീ മെനഞ്ഞുണ്ടാക്കിയത്. പൊതുജനത്തിന്റെ കണ്ണിൽ‍ പൊടിയിട്ടു. സ്വന്തം ഭർ‍ത്താവിൽ‍ നിന്ന് തന്ത്രപരമായി മറച്ചുവെച്ചു. ഇതൊക്കെ ചില സ്ത്രീകൾ‍ക്കേ ആവൂ. വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും തന്ത്രം മെനയാനുളള ഇവരുടെ കഴിവ് സമ്മതിക്കേണ്ടിയിരിക്കുന്നു. വന്നുപോയ അബദ്ധം പച്ചയായി തുറന്ന് പറഞ്ഞാൽ‍ ഉണ്ടാവുന്ന പ്രകോപനങ്ങൾ‍ പറഞ്ഞറിയിക്കാൻ‍ പറ്റാത്തതാവാം. അതിനാൽ‍ രഹസ്യം മനസ്സിൽ‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പെൺ‍ബുദ്ധി തെളിയിച്ചുതരുന്നു.

You might also like

Most Viewed