ശാസ്ത്രലോകത്തെ ‘ചെയർമാൻ’


ിശ്വാസങ്ങൾക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ട്. പക്ഷെ ലോകകണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംങ് അത്തരത്തിലുള്ള വിശ്വാസങ്ങളെയെല്ലാം തന്റേതായ വിവരണങ്ങളിലൂടെ പൊളിച്ചെഴുതിയിട്ടുള്ളയാളാണ്. ഇരുട്ട് നീങ്ങി ഇന്ന് പകൽ വീണപ്പോൾ ശാസ്ത്രലോകത്തിന് ഏറെ സംഭാവനകൾ നൽകിയ സ്റ്റീഫൻ ഹോക്കിംങ് ഇനി ഒരേടിൽ കോറിയിട്ട പേര് മാത്രമായി മാറുമെന്ന് വിശ്വസിക്കേണ്ടി വന്നിരിക്കുന്നു. സ്വപ്നങ്ങളുടെ ആകാശത്ത‌ു പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞു മനുഷ്യരെ പ്രലോഭിപ്പിച്ച ശാസ്ത്രജ്ഞൻ. അതിരുകളില്ലാത്ത ആകാശങ്ങളിലേക്കും ജീവന്റെ വേരിലേക്കും ഒരുപോലെ സഞ്ചരിക്കാൻ കൈപിടിച്ച മനുഷ്യൻ. ശാസ്ത്രത്തിനും മനുഷ്യചിന്തകൾക്കും വിസ്മയമായാണ് സ്റ്റീഫൻ ഹോക്കിംങ് എന്ന പ്രതിഭാസം ഭൂമിയിൽ ജീവിച്ചത്.

ഭൂമുഖത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനാണ് ഇന്ന് വിടവാങ്ങിയ സ്റ്റീഫൻ ഹോക്കിംങ്. ശാസ്ത്രജ്ഞരും സാധാരണക്കാരും ഭരണാധികാരികളുമടക്കം ആരുടെയും അത്ഭുതവും അനുകന്പയും ആദരവും പിടിച്ചുപറ്റാനുള്ള എല്ലാ ഘടകവും അടങ്ങിയതാണ്, ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുകയും പ്രപഞ്ചത്തിന്റെ മഹാവിഹായസിലേക്ക് പ്രജ്ഞ പായിക്കുകയും ചെയ്ത ഹോക്കിംങിന്റെ ജീവിതം. അങ്ങനെ വിട്ടുകളയാനുള്ളതല്ല ജീവിതമെന്നും, ഇച്ഛാശക്തിയും പ്രജ്ഞാശക്തിയും ചേരുന്പോൾ ഒരു വ്യക്തിക്ക് മുന്നിൽ ലോകം കീഴടക്കുന്നതുപോലും തടസ്സാമാകില്ലെന്നും ഹോക്കിംങ് എന്ന മഹാപ്രതിഭ നമുക്ക് കാട്ടിത്തന്നു.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ വില്യം ഹോക്കിംങ്ങിന്റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംങ്സും ഇസബെൽ ഹോക്കിംങ്സുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട് ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിംങിന്‌ ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് (ALS) അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965−ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991−ൽ അവർ വിവാഹമോചനം നേടി.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമായിരുന്നു സ്റ്റീഫൻ ഹോക്കിംങ്ങിന്റെ മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻ്റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിംങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻ്റെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ധം, ചാർജ്ജ്, കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. രോഗത്തോടും മരണത്തോടും ഒരോ നിമിഷവും ഇഞ്ചോടിഞ്ച് പൊരുതിയാണ് ഹോക്കിംങ് എന്ന ശാസ്ത്രജ്ഞൻ മുന്നേറിയത്. ചലനശേഷിയുള്ള ഒരു പെരുവിരൽ തന്നെ മനുഷ്യന് അധികമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചക്രക്കസേരയിൽ വളഞ്ഞുകൂടിയിരുന്ന ആ രൂപം കാണുന്പോൾ, സഹതാപത്തിന് പകരം ലോകമെങ്ങുമുള്ള മനുഷ്യരുടെ മനസിൽ അത്യന്തം ആദരവാണ് ഉളവായിരുന്നത്.

സ്വാഭാവികമായും ഇത്തരമൊരു ഇതിഹാസ ജീവിതം നയിക്കുന്ന വ്യക്തിക്ക് ചുറ്റും മിത്തുകളും ഐതീഹ്യങ്ങളും തീർക്കുന്ന പുകമറയുണ്ടാവുക സ്വാഭാവികം മാത്രം. ആ പുകമറയ്ക്കുള്ളിൽ പതിഞ്ഞിരുന്നാണ് ഹോക്കിംങ് എന്ന ശാസ്ത്രജ്ഞൻ നടത്തിയ ശാസ്ത്രസംഭാവനകൾ. ഹോക്കിംങിന്റെ ഏറ്റവും വലിയ ആരാധകർക്ക് പോലും, അദ്ദേഹം നടത്തിയ ശാസ്ത്രസംഭാവനകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ല എന്നതാണ് സത്യം. പലരും കരുതുന്നത് തമോഗർത്തങ്ങൾ (black holes)കണ്ടുപിടിച്ചത് ഹോക്കിംങ് ആണെന്നാണ്. മഹാവിസ്‌ഫോടനം (Big Bang) എന്നതും അദ്ദേഹത്തിന്റെ കണ്ടെത്തലാണെന്ന് ചിലരെങ്കിലും കരുതുന്നു. തമോഗർത്തങ്ങൾ കണ്ടെത്തിയത് ഹോക്കിംങ് അല്ലായിരിക്കാം, മഹവിസ്‌ഫോടനം അദ്ദേഹത്തിന്റെ സംഭാവനയല്ല. പക്ഷേ, പരസ്പര വിരുദ്ധമെന്ന് ആധുനിക ഭൗതികശാസ്ത്രം കരുതിയ ഒട്ടേറെ പഠനമേഖലകളെ ഒരു കുടക്കീഴിലേക്ക് ആനയിക്കാൻ ഏറ്റവുമധികം സംഭാവന നൽകിയ ഗവേഷകരിലൊരാളാണ് ഹോക്കിംങ്. ഗ്രാവിറ്റേഷൻ, പ്രപഞ്ചപഠനം (കോസ്മോളജി), ക്വാണ്ടം തിയറി, താപഗതികം (തെർമോഡൈനാമിക്സ്), ഇൻഫർമേഷൻ തിയറി −ഇവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഏറ്റവുമധികം സംഭാവന നൽകിയ പ്രതിഭകളിലൊരാളാണ് ഹോക്കിംങ്. ആൽബർട്ട് ഐൻസ്റ്റീൻ 1915ൽ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിൽ നിന്നാണ് ഹോക്കിംങ് തുടങ്ങിയത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ലോകപ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ ഡെന്നിസ് സ്കിയാമയ്ക്ക് കീഴിൽ പിഎച്ച്ഡി ചെയ്യുന്ന വേളയിൽ സാമാന്യ ആപേക്ഷികതാസിദ്ധാന്തവും തമോഗർത്തങ്ങളും ആയിരുന്നു ഹോക്കിംങിന്റെ താത്പര്യ മേഖല. എന്താണ് തമോഗർത്തമെന്നോ, മഹാവിസ്‌ഫോടനത്തിന്റെ സ്വഭാവമെന്തെന്നോ അറിയാത്ത കാലമായിരുന്നു അത്.

സൂര്യനേക്കാൾ അനേകം മടങ്ങ് ദ്രവ്യമാനമുള്ള നക്ഷത്രങ്ങൾ അവയിലെ ഇന്ധനം തീരുന്പോൾ അതികഠിനമായ ഗുരുത്വബലത്താൽ ഞരിഞ്ഞമർന്ന് സിംഗുലാരിറ്റിയായി മാറുന്ന വിചിത്രാവസ്ഥയാണ് തമോഗർത്തം എന്നത്. പ്രകാശത്തിന് പോലും രക്ഷപ്പെടാൻ പറ്റാത്തത്ര ഗുരുത്വബലമാണ് തമോഗർത്തത്തിന്റേത്. ഈയൊരു പ്രക്രിയ തിരിച്ച് സംഭവിച്ചാൽ, എന്നുവെച്ചാൽ ഒരു സിംഗുലാരിറ്റിയിൽ നിന്ന് സ്ഥലകാലങ്ങളുണ്ടായി വികാസം പ്രാപിക്കുന്നതല്ലേ പ്രപഞ്ചാരംഭത്തിന് കാരണമായ മഹാവിസ്‌ഫോടനം എന്ന ചിന്തയാണ് ഇക്കാര്യത്തിൽ ഹോക്കിംങിനെ ആകർഷിച്ചത്. റോജർ പെൻട്രോസുമായി ചേർന്ന് ഈ ആശയം അദ്ദേഹം വികസിപ്പിച്ചു. ഇരുവരും ചേർന്ന് 1970ൽ ഇതെപ്പറ്റി പ്രബന്ധം പ്രസിദ്ധീകരിച്ചു. പ്രപഞ്ചത്തിന്റെ ആരംഭം, അഥവാ മഹാവിസ്‌ഫോടനം ഒരു സിംഗുലാരിറ്റിയിൽ നിന്നാവണം സംഭവിച്ചിരിക്കുക എന്നാണ് ആ പ്രബന്ധം വാദിക്കുന്നത്. തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിംങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1974ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979ൽ കേംബ്രിജ് സർവ്വകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. മുൻപ് ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയിലേക്കു ഗലീലിയോയുടെ വലിയ ആരാധകനായ ഹോക്കിംങ് ഇരിപ്പുറപ്പിച്ചു.

‘2020നകം ചന്ദ്രനിലേക്കും 2025നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വർഷത്തിനകം ചന്ദ്രനിൽ താവളം നിർമ്മിക്കാനാകണം. പ്രകാശത്തിന്റെ അഞ്ചിലൊന്ന് വേഗത്തിൽ സ‍ഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കണം. ‘നമുക്കു ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ഗ്രഹങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല’ ഹോക്കിംങ് പറഞ്ഞു. കൃത്രിമബുദ്ധി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനു ഭീഷണിയാണെന്നും ഹോക്കിംങ് ഓർമ്മിപ്പിച്ചു. ചിന്തിക്കുന്ന യന്ത്രങ്ങളോടു പിടിച്ചുനിൽക്കാൻ മനുഷ്യർക്കാവില്ലെന്നത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ പ്രധാനമാണ്.

സ്റ്റീഫൻ ഹോക്കിംങ്ങിന്റെ ഗവേഷണങ്ങൾ പോലെ തന്നെ അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ഗ്രന്ഥമാണ് A Brief History of Time– സമയത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം. ഈ വിഖ്യാത ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് കാൾ സാഗൻ ആണ്. ഈ മഹാപ്രപഞ്ചത്തിന്റെ ഉൽപ്പത്തി എങ്ങനെ, പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലായത് എങ്ങനെ, സമയം പുറകോട്ട് പായുമോ, സമയത്തിന് തുടക്കവും ഒടുക്കവും ഉണ്ടോ, പ്രപഞ്ചാരംഭ സമയത്തെ ക്രമമില്ലായ്മയിൽ നിന്ന് ക്രമം എങ്ങനെയുണ്ടായി, തമോഗർത്ത രഹസ്യങ്ങൾ, പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒരേ സമയം പ്രൗഢമായും ലളിതമായും സരസമായും പ്രതിപാദിച്ചിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ. പ്രപഞ്ചത്തിലെ എല്ലാറ്റിനെയും ഉൾക്കൊള്ളാനും വിശദീകരിക്കാനും സഹായിക്കുന്ന ഒരു സമഗ്ര സിദ്ധാന്തം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണു ഹോക്കിംങ്ന്റെ വിയോഗം.

സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതകഥ വെള്ളിത്തിരയിലുമെത്തി. ബ്രിട്ടീഷ് സംവിധായകൻ ജെയിംസ് മാർഷ് ഒരുക്കിയ ജീവിതാഖ്യായിക ‘ദ് തിയറി ഓഫ് എവരിതിങ്’ നിറഞ്ഞ കയ്യടികളോടെയാണു ലോകം സ്വീകരിച്ചത്. ഹോക്കിങ്ങിന്റെ മുൻഭാര്യ ജെയ്‌ൻ രചിച്ച ‘ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്‌റ്റീഫൻ’ എന്ന ഓർമ്മപ്പുസ്‌തകത്തെ ആധാരമാക്കിയാണു ‌ചിത്രമെടുത്തത്. ഹോക്കിങ്ങിന്റെ വേഷമിട്ട ബ്രിട്ടിഷ് യുവനടൻ എഡ്‌ഡി റെഡ്‌മെയ്‌ൻ 2014ലെ മികച്ച നടനുള്ള ഓസ്കറും സ്വന്തമാക്കി.

പ്രപഞ്ചപഠനം, തമോഗർത്തപഠനം തുടങ്ങിയ മേഖലയിൽ ഏറ്റവും വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ഇപ്പോൾ നമ്മളോട് വിടവാങ്ങിയ ഹോക്കിംങ് എന്ന് സാരം. പ്രപഞ്ച പഠനത്തിനും ഭൗതികശാസ്ത്രത്തിലെ ഇണങ്ങാത്തതെന്ന് കരുതിയ മേഖലകൾ പർസപരം ബന്ധിപ്പിക്കാനും ആ പ്രതിഭ പ്രയത്നിച്ചു. അത്തരത്തിലൊരു പ്രതിഭക്കുടമയാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്...

You might also like

Most Viewed