അഴകി­യ രാ­വണൻ


വി. ആർ സത്യദേവ്

ഴകുള്ള വനിതകളുമായുള്ള ചങ്ങാത്തങ്ങൾ അപായച്ചുഴികളാവുകയാണ് അമേരിക്കൻ പ്രസി‍‍ഡണ്ടിന്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരു കേൾക്കുന്പോൾ സുപ്രസിദ്ധ, സുന്ദര മലയാള സിനിമാ വില്ലൻ സാക്ഷാൽ കെ.പി ഉമ്മറിനെ ഓർമ്മ വരുന്നുണ്ടെങ്കിൽ അത് വെറും വെറുതേയല്ല. ട്രംപണ്ണനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ കാണുന്പോൾ മനസ്സിലുയരുന്നത് ഉമ്മർക്കായുടെ കുപ്രസിദ്ധമായ ശോഭേ ഞാനൊരു വികാരജീവിയാണ് എന്ന ഡയലോഗാണ്. പി. ഭാസ്കരന്റെ സംവിധാനത്തിൽ 1965ൽ പുറത്തുവന്ന ചിത്രത്തിലെ ഉമ്മറിന്റെ കഥാപാത്രത്തിന്റെ തനി ഗുണം വ്യക്തമാക്കുന്ന സംഭാഷണ ശകലം. അവസാനിക്കാത്ത വിവാദങ്ങളിലെ സ്ത്രൈണ സാന്നിദ്ധ്യം കാണുന്പോൾ ട്രംപണ്ണൻ കേവലം ഒരു വികാര ജീവിയാണെന്നല്ല ഒരു ഒന്നൊന്നര വികാര ജീവിയാണ് എന്നു തന്നെ പറയേണ്ടിവരും. 

ഒന്നു രണ്ടാഴ്ചകൾക്കുമുന്പ് നമ്മൾ ഇതേ ഇടത്തിൽ ചർച്ചചെയ്തത് അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധവുമായി ബന്ധപ്പെട്ട ചില വർത്തമാനങ്ങളായിരുന്നു. അന്ന് കാരെൻ മക് ഡൗഗലെന്ന പ്ലേബോയ് സുന്ദരിയുമായുള്ള ബന്ധമായിരുന്നു വിവാദമായത്. 2006-2007 കാലത്ത് ട്രംപിന് കാരെനുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ബന്ധമായിരുന്നു അന്ന് വാർത്തകളിൽ നിറഞ്ഞത്. ആ വാർത്തകൾ പുറത്തു വന്നപ്പോൾ അതിനും മുന്പേ ട്രംപിന്റെ പേരിനൊപ്പം പറഞ്ഞു കേട്ടിരുന്ന സ്റ്റോമി ഡാനിയേൽസടക്കമുള്ളവരെക്കുറിച്ചുള്ള വിവാദങ്ങളും പൊടിതട്ടി ഉയർന്നേക്കാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് സത്യമായിരിക്കുന്നു. സ്റ്റോമി വെറുതേ വിവാദാരോപണമുയർത്തുക മാത്രമല്ല ഇത്തവണ ചെയ്തിരിക്കുന്നത്. സംഭവം കോടതിയിലെത്തിയിരിക്കുന്നു. ഇതിന്റെ പേരിലുള്ള കേസും വഴക്കും എവിടെ വരെയെത്തുമെന്ന് ഇപ്പോൾ പ്രവചിക്കുക അസാദ്ധ്യം. 

ആഴ്ചയ്ക്കൊരു പെണ്ണുകേസെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയതോടെയാണ് അമേരിക്കൻ പ്രസിഡണ്ടുമാരുടെ അഗമ്യഗമനകഥകളുടെ പിന്നാന്പുറങ്ങളിലേയ്ക്ക് ഒന്ന് എത്തി നോക്കിയത്. സമാന വിവാദങ്ങൾ മുന്പും നമ്മൾ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. അക്കാര്യത്തിൽ ഇതുവരെയുള്ളവരിൽ കുപ്രസിദ്ധി സാക്ഷാൽ ശ്രീമാൻ ബിൽ ക്ലിൻ്റണു തന്നെയായിരുന്നു. കഴി‌‌ഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ ഉത്തമ പതിയായ മുൻ പ്രസിഡണ്ട് ക്ലിൻ്റൺ. ജനപ്രിയനായിരുന്നു ക്ലിൻ്റൺ. ക്ലിൻ്റന് ജനങ്ങൾ ദൗർബ്ബല്യമായിരുന്നു. സുന്ദരികളായ സ്ത്രീകൾ പ്രത്യേകിച്ചും.

ക്ലിൻ്റനുമായി ബന്ധപ്പെട്ട് ലോകം ആദ്യമോർക്കുന്ന പേര് മോണിക്ക ല്യുൻസ്കിയുടേതു തന്നെ. പ്രസിഡണ്ടിന്റെ കാര്യാലയമായ വൈറ്റ് ഹൗസിൽ ജോലിക്കെത്തിയ സുന്ദരി. അമേരിക്കൻ പ്രസിഡണ്ടെന്ന തരത്തിൽ വലിയ മാസനിക സമ്മർദ്ദം അനുഭവപ്പെട്ട ഏതോ ദുർബ്ബല നിമിഷത്തിൽ മാനസികോല്ലാസത്തിലൂടെയുള്ള സമ്മർദ്ദ ലഘൂകരണം സാദ്ധ്യമാകുമെന്ന് ഇരുവരും തിരിച്ചറിഞ്ഞു. സംഗതി നാറ്റക്കേസാവുകയും പ്രസിഡണ്ടിന് പണിപോകുമെന്ന നില സംജാതമാവുകയും ചെയ്തു. നാണമില്ലാത്തതിനാൽ നാണക്കേടുണ്ടായില്ലെന്ന് ദോഷൈകദൃക്കുകൾ പയ്യാരം പറഞ്ഞു. പ്രിയപത്നി ഹിലരി റോഥാം ക്ലിന്റെണെന്ന  മഹാമനസ്ക പതിയുടെ പക്ഷത്തു പാറപോലെ ഉറച്ചു നിന്നതിനാൽ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ടു പോയില്ല, ഭാഗ്യം.

എങ്കിലും ക്ലിന്റണെ സംബന്ധിച്ചിടത്തോളം മോണിക്കയുമായുള്ള ഇടപാട് ആദ്യത്തേതായിരുന്നില്ലെന്ന് അതിനിടെ വെളിവായി. ക്ലിൻ്റൺ തങ്ങളെ ലൈംഗീകമായി അപമാനിച്ചെന്ന ആരോപണവുമായി മറ്റു ചില സ്ത്രീകൾ കൂടി രംഗത്തെത്തി. പോളാ ജോൺസെന്ന സുന്ദരിയായിരുന്നു അവരിലൊരാൾ. അർക്കൻസാസ് സംസ്ഥാന സർക്കാരിൽ ജോലിക്കാരിയായിരുന്നു പോള. അർക്കൻസസ് ക്ലിൻ്റന്റെ സ്വന്തം സംസ്ഥാനമാണ്. പ്രസിഡണ്ടാവുന്നതിനു മുന്പ് അർക്കൻസാസിന്റെ ഗവർണറായിരുന്നു ക്ലിന്റൺ. ഗവർണറായിരുന്ന കാലത്ത് ക്ലിൻ്റൺ തന്നെ വളയ്ക്കാൻ ശ്രമിച്ചെന്നായിരുന്നു അവരുടെ ആരോപണം. 1991 ലായിരുന്നു സംഭവം.

ലിറ്റിൽ റോക്കിലെ ക്ലിൻ്റന്റെ ഹോട്ടൽ മുറിയിലേയ്ക്ക് പോലീസുകാരാണ് അവരെ എത്തിച്ചത്. ക്ലിൻ്റന്റെ ഉദ്ദേശം മനസ്സിലായതോടേ താൻ അത്തരക്കാരിയല്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ സ്വയം അനാവ‍ൃതനായി ഗവർണർ ക്ലിൻ്റൺ  ശ്രമം തുടർന്നതായും കാമാവേശനായ ക്ലിൻ്റണിൽ നിന്നും താൻ ഒരുവിധത്തിൽ രക്ഷ
പെട്ടെന്നും 1994ൽ പോള പരസ്യമായി ആരോപിച്ചു. ക്ലിൻ്റൺ ഇത് ഒരിക്കലും സമ്മതിച്ചും സ്ഥിരീകരിച്ചുമില്ല. എന്നാൽ പോളയ്ക്ക് 850000 ഡോളർ കൊടുത്ത് കോടതിക്കു പുറത്ത് കേസ് അവസാനിപ്പിച്ചു എന്നു ചരിത്രം. കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണമെന്ന പ്രായോഗികത രാഷ്ട്രീയക്കാരന് അത്യന്താപേക്ഷിതമാണെന്ന പാഠം ഇവിടെ വ്യക്തമാകുന്നു.

ജുവാനീറ്റാ ബ്രോഡ്രിക്, കാത്ലൈൻ വില്ലീ എന്നിവരാണ് ക്ലിൻ്റണെതിരേ ലൈംഗീകാരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയ മറ്റു രണ്ടുപേർ. ജുവാനീറ്റ ആദ്യകാല ഇരകളിരൊരാളായിരുന്നു. അന്ന് ക്ലിൻ്റൺ അർക്കൻസാസിന്റെ ഗവർണറായിട്ടില്ല. സംസ്ഥാനത്തിന്റെ അറ്റോർണി ജനറലായിരുന്ന ക്ലിൻ്റൺ 1978ൽ തന്റെ മാനം കവർന്നെന്നായിരുന്നു അന്ന് അർക്കാൻസാസിലെ ഒരു നഴ്സിംഗ് ഹോമിൽ ഉദ്യോഗസ്ഥയായിരുന്ന  ജുവാനീറ്റാ ബ്രോഡ്രിക്കിന്റെ  ആരോപണം. അക്ഷരാർത്ഥത്തിൽ ഒരു കാമപ്പിശാശിനെ പോലെയായിരുന്നു അന്ന് ക്ലിൻ്റൺ പെരുമാറിയതെന്ന് 1999ൽ അവർ വെളിപ്പെടുത്തി. 

കാതലൈൻ വില്ലിയെ അപമാനിച്ചത് 1998ലായിരുന്നു. പ്രസിഡണ്ടിന്റെ കാര്യാലയമായ ഓവൽ ഓഫീസിൽ വെച്ചായിരുന്നു കാതറൈനു നേരെയുള്ള നീക്കം. അന്ന് വൈറ്റ്ഹൗസിൽ വോളണ്ടിയറായിരുന്നു അവർ. വഴങ്ങിക്കൊടുത്താൽ ജോലിയിൽ സ്ഥിരപ്പെടുത്താമെന്ന തരത്തിലുള്ള മധുരമോഹന വാഗ്ദാനങ്ങളിൽ താൻ കുടുങ്ങിയില്ലെന്ന് കാത്ലീൻ സാക്ഷ്യപ്പെടുത്തുന്നു.

ലെസ്ലീ മിൽവി എന്ന ടി.വി റിപ്പോർട്ടറാണ് ക്ലിൻ്റണെതിരേ രംഗത്തുവന്ന മറ്റൊരു വനിത. അർക്കൻസാസ് ഗവർണറായിരുന്ന കാലത്ത് ടി.വി േസ്റ്റഷനിലെ എഡിറ്റിംഗ് മുറികളിൽ പലപ്പോഴും ക്ലിന്റൺ തന്നെ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് മിൽവീ പറയുന്നു. അതിശക്തനായ ക്ലിന്റണെതിരേ അന്ന് ആരോടും പരാതിപ്പെടാൻ ധൈര്യമുണ്ടായിരുന്നില്ല. 1980ൽ നടന്ന സംഭവത്തെക്കുറിച്ച് മിൽവി വെളിപ്പെടുത്തുന്നത് 2016ലായിരുന്നു. 

ഇതൊക്കെ ബിൽ ക്ലിൻ്റണുമായി  ബന്ധപ്പെട്ട് പുറത്തുവന്ന കഥകളാണ്. കേൾക്കാത്തവ ഇനിയുമുണ്ടാവാം. എന്നാൽ പുറത്തു വന്നതിന്റെ ഇരട്ടി ഇനി വെളിവായാൽ പോലും അതൊന്നുകൊണ്ടും പ്രസിഡണ്ട് ട്രംപിനെ ഇക്കാര്യത്തിൽ തോൽപ്പിക്കാൻ ക്ലിൻ്റണു കഴിയില്ലെന്നുറപ്പ്. അത്രയ്ക്കുണ്ട് ട്രംപുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപഥ സഞ്ചാര കഥകൾ. ഒന്നോ രണ്ടോ എട്ടോ പത്തോ അല്ല ഇതുവരെ 22 സുന്ദരിമാരുടെ പേരുകളാണ് പലപ്പോഴായി പുറത്തു വന്നിട്ടുള്ളത്. അവരുടെ പേരുവിവരങ്ങൾ മാത്രം പരിശോധിച്ചാൽ പോലും ഈ ലക്കത്തിൽ അതു പൂർണ്ണമായും പറഞ്ഞുതീർക്കുക ശ്രമകരമാണ്. ആഴ്ചയൊന്നു കഴിയുന്പോഴേയ്ക്ക് ആ പട്ടികയിൽ കൂടുതൽ പേരുകൾ ഇടംപിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ട്രംപിന്റെ കഥകളറിയുന്നവർക്ക് അങ്ങനെ സംഭവിച്ചാലും അത്ഭുതമുണ്ടാകാൻ അവകാശമില്ല. സ്റ്റോമി ഡാനിയേലെന്ന രതിചിത്ര നായിക കൊടുത്ത കേസിൽ എന്തൊക്കെ തുടർചലനങ്ങളുണ്ടാവുമെന്നും കണ്ടുതന്നെ അറിയണം. 

ഇത്തരം വാദങ്ങളിൽ ചിലത് സത്യവും മറ്റു ചിലവ വെറും ആരോപണങ്ങളും മാത്രമാവാം. ഇത്തരം കാര്യങ്ങളിലെ ധാർമ്മികത സംബന്ധിച്ച് ഓരോ ഇടങ്ങളിലെയും ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടുകളും തികച്ചും വ്യത്യസ്ഥമാവും. എന്നാലും  അഴകിയ രാവണന്മാരും അഴകുള്ള സുന്ദരികളും അഴിഞ്ഞാടുന്പോൾ കഥകൾക്കുമാത്രം പഞ്ഞമില്ല. കഥയിൽ ചോദ്യവുമില്ല... 

You might also like

Most Viewed