കടി­ഞ്ഞാൺ പോ­യ മനസ്സു­കൾ !


ജെ. ബിന്ദുരാജ്

ുംബൈയിൽ സംസ്ഥാന ഗതാഗതവകുപ്പിൽ ജീവനക്കാരനായിരുന്ന 86കാരനായ നാരായൺ ലാവ്‌തേ മരിക്കാനുള്ള അവകാശത്തിനായി പോരാട്ടംതുടങ്ങിയിട്ട് ഇപ്പോൾ മൂന്നു ദശാബ്ദക്കാലമായിരിക്കുന്നു. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലെങ്കിലും ജീവിക്കാനാവശ്യമായ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും നാരായൺ ലാവ്‌തേ ഇന്ത്യൻ പ്രധാനമന്ത്രിക്കും പ്രസിഡഡന്റിനും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്കുമെല്ലാം തങ്ങൾക്ക് ജീവിതം മടുത്തുവെന്നും നിയമാനുസൃതമായ മരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കത്തുകൾ എഴുതിക്കൊണ്ടേയിരിക്കുകയാണ്. “തങ്ങൾക്ക് 75 വയസ്സു കഴിഞ്ഞുവെന്നും ഇനിയും ഒരു പ്രയോജനവുമില്ലാതെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും ഇനി ജീവിച്ചിരുന്നാൽ അസുഖങ്ങളും ദൗർബല്യങ്ങളും തങ്ങളെ ബാധിക്കുമെന്നും അതിനാൽ മരിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കിത്തരണമെന്നുമാണ് നാരായൺ ലാവ്‌തേയുടെ അപേക്ഷ. വിവാഹജീവിതമൊന്നും വേണ്ടെന്ന് െവച്ചിരുന്ന നാരായൺ മരണക്കിടക്കയിലായിരുന്ന അമ്മയെ തൃപ്തിപ്പെടുത്താൻ 37ാം വയസ്സിലാണ് 28കാരിയായ ഇറാവതിയെ വിവാഹം ചെയ്തത്. ഭൂമിയിൽ ഒരു കുഞ്ഞു കൂടി നരകിക്കേണ്ടി വരുമെന്ന വിചാരത്താൽ കുഞ്ഞുണ്ടാവുന്നതിൽ നിന്നുംഭാര്യയെ പിന്തിരിപ്പിക്കുകയും ചെയ്തു നാരായൺ. ഇരുപതു വയസ്സിൽ തന്നെ ജീവിതത്തോട് അകൽച്ചതോന്നിയിരുന്ന നാരായൺ കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടതിനെതുടർന്നാണത്രേ സർക്കാർ ചെലവിൽ, നിയമാനുസൃതമായ മാർഗ്ഗത്തിലൂടെ മരിക്കാനുള്ള അവകാശം തേടി കത്തെഴുത്തു തുടങ്ങിയത്. 

സംശയിക്കേണ്ട. നാരായൺ ലാവ്‌തേ ഒരു മനോരോഗി തന്നെയാണ്. ജീവിതനൈരാശ്യം ബാധിച്ച് കടുത്ത വിഷാദരോഗത്തിനടിപ്പെട്ട രോഗി. പക്ഷേ താൻ മനോരോഗിയാണെന്ന് മനസ്സിലാക്കാതെയാണ് നാരായൺ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഹൈസ്‌ക്കൂൾ അദ്ധ്യാപികയായിരുന്ന സ്ത്രീയെ വിവാഹം ചെയ്തതും അവരുടെ ജീവിതം കൂടി വിഷാദഭരിതമാക്കി മാറ്റിയതും. മാതൃത്വത്തിനുള്ള അവരുടെ മോഹം ഒരു വർഷം നീണ്ട മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ നാരായൺ ഇല്ലാതാക്കുകയും എന്തിന് തനിക്കൊപ്പം അവരുടെ മരണം കൂടി സാധിച്ചെടുക്കാൻ കൂടി കത്തെഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മനോരോഗികളായവർ, തങ്ങൾ രോഗികളാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ഏതെല്ലാം തരത്തിൽ മറ്റുള്ളവരുടെ ജീവിതം കൂടി അവതാളത്തിലാക്കാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ നാരായണിന്റേയും ഇറാവതിയുടേയും ദാന്പത്യം. ദേശീയ കുടുംബ ആരോഗ്യ സർവേ ഗാർഹിക പീഡനത്തിൽ സ്ത്രീകൾ അത്ര വലിയ കുറ്റമൊന്നും കാണുന്നില്ലെന്നതും കേരളത്തിലെ 69 ശതമാനം സ്ത്രീകളും ഭർത്താവിന്റെ ഇടി കൊള്ളാൻ സന്നദ്ധരാണെന്നും പറയുന്നതുപോലെ തന്നെ അപകടകരമായ സംഗതിയാണ് മനോരോഗികളായവർക്കൊപ്പമുള്ള ഇത്തരത്തിലുള്ള ജീവിതവും. മാനസിക രോഗിയെന്ന് വിളിച്ചതിന് പതിനാലുകാരനായ സ്വന്തം മകനെ വെട്ടിക്കൊന്ന് ചുട്ടെരിച്ച കൊല്ലം സ്വദേശി ജയമോളടക്കമുള്ളവർ ചികിത്സിക്കാതെ പോകുന്ന മാനസികരോഗം എത്ര ഭീതിദവും ഗുരുതരവുമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുമെന്നതിന്റെ തെളിവാണ്. 

വീട്ടിനുള്ളിലെ അംഗങ്ങളിൽ മനോരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ പോലും നാട്ടുകാരും ബന്ധുക്കളും അത് അറിയുമെന്ന ഭയത്താൽ പലപ്പോഴുംഅത് മൂടിവയ്ക്കപ്പെടാറാണുള്ളത്. പ്രത്യേകിച്ചും മക്കളുടെ ഭാവി അത് അവതാളത്തിലാക്കുമെന്ന ഭയം ഉടലെടുക്കുന്പോൾ. കൊല്ലത്തെ ജയമോളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നാണ് ഡോക്ടർ സിജെ ജോണിപ്പോലുള്ള പ്രശസ്ത മനശ്ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മാനസികാസാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ ജയമോൾ നേരത്തെ തന്നെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് ഭർത്താവും മകളും പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വ്യക്തമാക്കിയിട്ടുള്ളത്. “അമ്മമാർ ഉൾപ്പെടുന്ന കൊലപാതകങ്ങളിൽ വിഷാദം, സംശയ രോഗം, സ്‌കിസോഫ്രീനിയ തുടങ്ങിയ മനോരോഗ സാദ്ധ്യതകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. യുവതിയായ ഒരു സ്ത്രീ സ്വന്തം കുട്ടികളെ കൊന്നാലുടനെ കാര്യങ്ങൾ വസ്തു നിഷ്ഠമായി വിലയിരുത്താതെ, ഒരു അവിഹിത ബന്ധ തീയറിയുമായി ചാടി പുറപ്പെടുന്ന ഒരു പ്രവണത പൊതു സമൂഹത്തിലുണ്ട്. അത് കപട ധാർമ്മീകതയുടെ ഓരിയിടലാണ്,” ഡോക്ടർ സിജെ ജോൺ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിനുള്ളിലെ സ്‌നേഹരാഹിത്യം വലിയൊരു അളവു വരെ ഭർത്താക്കന്മാരേയും ഭാര്യമാരേയുമൊക്കെ ഇന്ന് വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നത് വേറെ കാര്യം.  ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2025−ഓടെ മാനസികരോഗങ്ങൾ ഹൃദയരോഗങ്ങളെ കവച്ചുവെച്ച് ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി തന്നെ 2020−ഓടെ വിഷാദരോഗം ഏറ്റവും വലിയ വൈകല്യമായി ഭവിക്കുമെന്നും അവർ പറയുന്നു.

ഏഴു വർഷങ്ങൾക്കു മുന്പ് പ്രണയവിവാഹിതരായി, ഇപ്പോൾ വേർപിരിയാൻ തീരുമാനിച്ച ദന്പതിമാരിലൊരാൾ വിവാഹബന്ധത്തിൽ നിന്നും മോചനം നേടാനുള്ള പ്രധാന കാരണമായി ഈ ലേഖകനോട് പറഞ്ഞത് ഇതേ സ്‌നേഹരാഹിത്യം തന്നെയാണ്. അവർക്കിടയിൽ വഴക്കുകളോ ഗാർഹികപീഡനമോ ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ വിവാഹബന്ധത്തിൽ നിന്നും അവരിലൊരാൾ ആഗ്രഹിച്ച വൈകാരികമായ അടുപ്പവും സൗഹാർദ്ദവും പങ്കാളിക്ക് നൽകാനാകാതെ പോയതോടെ ബന്ധത്തിൽ വിള്ളലുകൾ ഉടലെടുക്കുകയായിരുന്നു. തന്നെ സ്വന്തം വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ മാത്രമാണ് പങ്കാളി ശ്രമിക്കുന്നതെന്ന വിചാരം രൂഢമൂലമായതോടെ അകൽച്ച പൂർണ്ണമായി. വിവാഹപൂർവ്വ ലൈംഗികതയിൽ ഇരുവരും കണ്ടെത്തിയ ആനന്ദം വിവാഹശേഷം ഇല്ലാതായതാകട്ടെ, ഇരുവരും ഇഷ്ടക്കുറവായി കണക്കാക്കാൻ തുടങ്ങിയതും വിയോജിപ്പുകൾ മൂർച്ഛിപ്പിച്ചു. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലേക്ക് താൻ അമരുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ ബന്ധത്തിൽ നിന്നും മോചിതയാകാനുള്ള തീരുമാനം അവരിലൊരാൾ എടുത്തത്. സ്വന്തമായി തൊഴിലും വരുമാനവുമുള്ളവരാണ് ഇരുവരുമെന്നതിനാൽ മാത്രമാണ് ബന്ധം ഉപേക്ഷിക്കാൻ അവർക്കായത്. തൊഴിൽരഹിതയായ, സ്വന്തമായി വരുമാനമാർഗമില്ലാത്ത ഒരു സ്ത്രീയായിരുന്നു അവരെങ്കിൽ അവർക്കൊരിക്കലും വിവാഹമോചനത്തിലേക്ക് എത്തിച്ചേരാൻ ആകുമായിരുന്നില്ല. സ്‌നേഹരാഹിത്യവും അവഗണനയും അവരെ ഒരു കടുത്ത മനോരോഗിയാക്കി മാറ്റിയേനെ. അതിന്റെ ദോഷം അവർക്കുണ്ടാകുമായിരുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുകയും ചെയ്‌തേനെ. 

കേരള സംസ്ഥാന മാനസികാരോഗ്യ അതോറിട്ടിയും ദേശീയാരോഗ്യ മിഷനും സംയുക്തമായി 2016ൽ നടത്തിയ സർവേയിൽ കേരളത്തിലെ ജനസംഖ്യയുടെ ഒന്പത് ശതമാനം പേരും മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരായാണ് കണ്ടെത്തിയത്. വിഷാദരോഗവും സ്‌കിസോഫ്രീനിയ, ബൈപോളാർ ഡിസോഡർ, മദ്യപാനം മൂലമുള്ള മാനസികരോഗങ്ങൾ എന്നിവയെല്ലാം തന്നെ അവർ മലയാളികളിൽ ധാരാളമായി കണ്ടെത്തി. സർവേയിൽ പങ്കെടുത്ത എട്ടുപേരിൽ ഒരാൾക്ക് ചികിത്സ ആവശ്യപ്പെടുന്നവിധമുള്ള മാനസികരോഗമുണ്ടെന്ന കണ്ടെത്തൽ അതീവ ഗുരുതരവുമാണ്. അവരിൽ ഏറ്റവും കൂടുതൽ പേർ വിഷാദരോഗികളാണെന്നത് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം വലിയ തോതിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നതിന്റെ സൂചനയുമാണ്. ഇത് എന്താണെന്ന് കണ്ടെത്താൻ നാം അധികം ദൂരേയ്‌ക്കൊന്നും സഞ്ചരിക്കേണ്ടതില്ല. ഒരു പാർക്കിലേക്ക് തന്നെ വരിക. ഒരു കുടുംബത്തിലെ ഭർത്താവും ഭാര്യയും കുട്ടിയുമാണ് പാർക്കിലെത്തിയിട്ടുള്ളതെങ്കിൽ അവർ മൂന്നു പേരുടേയും കൈയിൽ മൂന്നു മൊബൈൽ ഫോണുകളുമുണ്ടാകും. കുടുംബത്തിലുള്ളവർക്കൊപ്പമിരിക്കുന്പോൾ തന്നെ വിർച്വൽ ലോകത്ത് എന്താണ് അപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാൻ അവർമൂന്നുപേരും സാമൂഹ്യമാധ്യമങ്ങളിൽ പൂണ്ടു വിളയാടിക്കൊണ്ടിരിക്കുകയായിരിക്കും. എന്തിനധികം പറയുന്നു, പ്രണയിതാക്കളായവർ പോലും അടുത്തിരുന്ന്, പരസ്പരം സംസാരിക്കാതെ, ഫോണിൽ ഉറ്റുനോക്കിയിരിക്കുന്ന കാഴ്ച ദയനീയം തന്നെയാണ്. അടുത്തുള്ളവയാളെ ശ്രദ്ധിക്കാതെ, സമൂഹത്തിൽ മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിലേക്ക് ഊളിയിട്ടുപോകുന്നത് വലിയൊരു അളവു വരെ വിഷാദത്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കുന്നു. ഉദാഹരണത്തിന്, ഇന്ന് പല കുടുംബങ്ങളും വിനോദയാത്രയ്ക്ക് പോകുന്നത് സ്വയം ആ യാത്ര ആസ്വദിക്കുന്നതിനല്ല, മറിച്ച് ആ യാത്രയിൽ പരമാവധി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത്, തങ്ങൾ ജീവിതം ആസ്വദിക്കുന്നതായി മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനായാണ്. സ്വന്തം വീടുകളിലും മനസ്സുകളിലും ഏറ്റവുമധികം അസംതൃപ്തരായവരാണ് ഏറ്റവുമധികം കുടുംബസെൽഫികളുമായി രംഗത്തെത്തുന്നതെന്നതാണ് വാസ്തവം. ഞാൻ കഴിഞ്ഞ ഖണ്ധികയിൽ പരാമർശിച്ച, ഇപ്പോൾ വിവാഹമോചിതരായ ദന്പതികളുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ ഇരുവരുമൊത്തുള്ള യാത്രകളുടേയും പുഞ്ചിരിതൂകിക്കൊണ്ടുള്ള ഇരുവരുടേയും ചിത്രങ്ങളുടെ ഘോഷയാത്ര തന്നെയാണ് അതിൽ കാണാനായത്. അസംതൃപ്തിയുടെ കാർമേഘങ്ങൾ നിറഞ്ഞുപെയ്യാൻ പോകുന്ന സാഹചര്യത്തിൽ പോലും വിർച്വൽ ലോകത്തിൽ മാതൃകാദന്പതിമാരായി നടിക്കുകയായിരുന്നു അവർ ഇരുവരും. അത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടാക്കുന്ന സംഘർഷങ്ങളും ചില്ലറയായിരിക്കില്ലെന്നുറപ്പ്! 

നാരായൺ ലാവ്‌തേയുടേയും ഇറാവതിയുടേയും കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും ഇതുപോലെ ഒരു ദുര്യോഗമാണ്. വിവാഹബന്ധത്തിൽ തെല്ലും താൽപര്യമില്ലാതിരുന്ന ഒരു വ്യക്തി അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാത്രം തന്നേക്കാൾ പത്തുവയസ്സിനിളപ്പമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ആ സ്ത്രീക്ക് കുഞ്ഞുണ്ടാവുന്നതുപോലും വിലക്കുകയും എന്തിന്, അവരെ മരണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്ന ആരെങ്കിലും എന്തെങ്കിലുമൊരു ഉപയോഗത്തിനായി ജനിച്ചവരാണെന്ന തോന്നലാണ് നാരായണിനെക്കൊണ്ട് ഒരു പ്രയോജനവുമില്ലാതെ ജീവിക്കുന്നതിന്റെ വ്യർത്ഥതയെപ്പറ്റി പറയിക്കുന്നത്. മനുഷ്യനെന്നല്ല, ഏതൊരു ജീവിയും ഈ ഭൂമിയിൽ ജനിച്ചതുകൊണ്ട്, ജീവിക്കാൻ വേണ്ടി ജീവിക്കുകയാണെന്നും ആ ജീവിതത്തിൽ കിട്ടുന്ന പരമാവധി സന്തോഷങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുന്നവരാണെന്ന കാര്യം നാരായൺ മറന്നുപോയിരിക്കുന്നു. പകരം ചെറുപ്പത്തിലേ തന്നെ വാർധക്യത്തിലുണ്ടാകുന്ന ദുരവസ്ഥയെപ്പറ്റിയാണ് അയാൾ ചിന്തിച്ചത്. അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിക്കുന്നു അയാൾ. നല്ലൊരു മനോരോഗവിദഗ്ധനെ കണ്ട് യഥാസമയത്ത് വിഷാദരോഗത്തിന് ചികിത്സ നേടിയിരുന്നുവെങ്കിൽ തന്റെ പ്രശ്‌നം അയൾ തിരിച്ചറിയുകയും ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ അയാൾ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പകരം പങ്കാളിയായി കണ്ടെത്തിയ സഹജീവിയുടെ ജീവിതം പോലും അയാൾ മൂലം താറുമാറായി. എൺപത്തിയാറാം വയസ്സിലും മനോരോഗിയായി തന്നെ ജീവിക്കാനാണ് അയാളുടെ വിധി; ഇറാവതിയുടേയും!

കേരളാ പൊലീസിന്റെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന ആത്മഹത്യകളുടെ 19 ശതമാനവും മനോരോഗത്തിന് ചികിത്സിക്കുന്നവരുടെയോ മനോരോഗികളുടെയോ ആണെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ നടക്കുന്ന കുടുംബ ആത്മഹത്യകളുടെ എണ്ണവും ദേശീയ ശരാശരിയേക്കാൾ വളരെ അധികമാണെന്ന് മനസ്സിലാക്കുക. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ആത്മഹത്യ നിരക്കിൽ ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയാണ് നിലവിൽ കേരളത്തിലെ ആത്മഹത്യാ നിരക്ക്. സെന്റർ ഫോർ ഡവലപ്െമന്റ് സ്റ്റഡീസിനായി ഡോക്ടർ കെ പ്രവീൺ ലാൽ കുടുംബ ആത്മഹത്യകളുടെ കാരണങ്ങളെപ്പറ്റി നടത്തിയ പഠനം മലയാളിയുടെ മനോനിലയിലെ പ്രശ്‌നങ്ങൾ വലിയ തോതിൽ കുടുംബ ആത്മഹത്യകൾക്കിടയാക്കുന്നുണ്ടെന്നാണ് വാദിക്കുന്നത്. മനോനിലയിലെ തകരാറുകളുള്ള 2.3 ശതമാനം സ്ത്രീകൾ (മൊത്തം ആത്മഹത്യ ചെയ്തവരിൽ 1.9 ശതമാനം) ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പഠനം കുടുംബബന്ധത്തിലെ പ്രശ്‌നങ്ങൾ മൂലമുള്ള ആത്മഹത്യകൾ കേരളത്തിൽ 4.5 ശതമാനമാണെന്നാണ് പറയുന്നത്. 4.4 ശതമാനം പുരുഷന്മാരും 4.5 ശതമാനം സ്ത്രീകളും കുടുംബഛിദ്രമാണ് ആത്മഹത്യയ്ക്ക് കാരണമായി രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്ത പ്രായപരിധി 20 വയസ്സിനും 39 വയസ്സിനും ഇടയിലുള്ളവരാണെന്നത് കുടുംബത്തിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് അവരെ കൊണ്ടെത്തിച്ചതെന്നതിന് തെളിവുമാകുന്നു. കുടുംബത്തിൽ ഏതെങ്കിലുമൊരാൾക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യം മറ്റുള്ളവരെക്കൂടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുന്നുവെന്ന്  നിസ്സാരമായ കാര്യമല്ല. മദ്യത്തിന്റെ ഉപഭോഗം കേരളത്തിൽ മറ്റു സംസ്ഥാനക്കാരേക്കാൾ കൂടുതലാണെന്നത് മദ്യപാനം മൂലം ഉണ്ടാകുന്ന മാനസികപ്രശ്‌നങ്ങൾ കേരളത്തിൽ കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുകയും ചെയ്യുന്നുണ്ട്. 

ഇന്ത്യയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരുടെഎണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് 2016−ലെ നാഷണൽ മെന്റൽ ഹെൽത്ത് സർവേ പറയുന്നത്. ഇന്ത്യയുടെ ജനസംഖ്യയുടെ 13.7 ശതമാനം പേരും പലതരത്തിലുള്ള മാനസികരോഗമുള്ളവരാണെന്ന് സർവേ കണ്ടെത്തുന്നു. അതിൽ തന്നെ 10.6 ശതമാനം പേർ അടിയന്തരമായി ചികിത്സ ആവശ്യപ്പെടുന്നവരുമാണ്. 2014−ൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിംഹാൻസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാകട്ടെ സ്ഥിതി എത്രത്തോളം ഭീതിദമാണെന്ന് വെളിവാക്കുകയും ചെയ്തിരുന്നു. കേരളമടക്കമുള്ള ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നടത്തിയ ഈ സർവേയിൽ മാനസികരോഗത്തിന്റെ വിവിധ അവസ്ഥാന്തരങ്ങളടക്കം പരിഗണിക്കപ്പെട്ടിരുന്നു. മാനസികരോഗമുള്ളവരിൽ 80 ശതമാനം പേരും ഒരു വർഷത്തിലേറെയായി രോഗമുണ്ടെങ്കിലും യാതൊരു തരത്തിലുള്ള ചികിത്സയും തേടിയിട്ടുള്ളവരല്ലെന്നാണ് സർവേ വ്യക്തമാക്കിയത്. ദേശീയ മാനസികരോഗ പദ്ധതിക്കു കീഴിലുള്ള പരിപാടികൾ ശരിയായവിധത്തിൽ നടപ്പാക്കാത്തതിനാലാണ് ചികിത്സ തേടുന്നതിന് ഇവർക്ക് കഴിയാതെ പോയതെന്നാണ് അവർ കണ്ടെത്തിയത്. വിഷാദരോഗം, അമിതമായ ഉൽകണ്ഠ എന്നിവയാണ് 10 ശതമാനത്തിലധികം പേരിലും കണ്ടെത്തിയപ്പോൾ 22.4 ശതമാനം പേർ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം മാനസികപ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും കണ്ടെത്തപ്പെട്ടു. മാനസികരോഗമുള്ളവർ കൂടുതൽ പുരുഷന്മാർക്കിടയിലാണെന്നാണ് മറ്റൊരു പ്രധാന വിലയിരുത്തൽ 13.9 ശതമാനം പുരുഷന്മാർ മാനസികാസ്വാസ്ഥ്യം നേരിടുന്പോൾ 7.5 ശതമാനം സ്ത്രീകൾ മാത്രമേ അസുഖബാധിതരായിട്ടുള്ളു. കുടുംബങ്ങളിൽ ആരെങ്കിലുമൊരാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചാൽ അത് കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ കുടുംബത്തിലെ മറ്റുള്ളവരേയും കൂടി അത് വിഷാദരോഗത്തിലേക്കും മാനസിക സമ്മർദ്ദത്തിലേക്കുമൊക്കെ എത്തിക്കുമെന്നതിനു പുറമേ, കുഞ്ഞുങ്ങളുടെ മാനസികനിലയും താറുമാറാക്കും. ഇത് ഇന്ത്യയിലെ കുടുംബങ്ങളിൽ സംഭവിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. വീട്ടിനുള്ളിലെ സംഘർഷങ്ങളാണ് പല കുട്ടികളേയും പിൽക്കാലത്ത് ക്രിമിനലുകളാക്കുകയോ തെറ്റായ വഴികളിലൂടെ സഞ്ചരിക്കാൻ ഇടയാക്കുകയോ സഹജീവികളോട് മമതയില്ലാത്തവരായി മാറ്റുകയോ ചെയ്യുന്നതെന്ന കാര്യം എല്ലാ മനശ്ശാസ്ത്രജ്ഞരും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനപ്രകാരം നാലു വയസ്സു മുതൽ 16 വയസ്സു വരെയുള്ള ഇന്ത്യയിലെ കുട്ടികളിൽ 12 ശതമാനം പേർ മാനസികപ്രശ്‌നങ്ങളുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മാനസികരോഗമുള്ള ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതം പങ്കാളിയുടെ മാനസികാരോഗ്യത്തിലും വലിയ കുഴപ്പങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പങ്കാളിയുടെ മാനസികപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഒരു മാനസികാരോഗാശുപത്രിയിലെ നേഴ്‌സിങ് ജീവിനക്കാർ നേരിടുന്നതുപോലുള്ള പ്രശ്‌നങ്ങൾ കണ്ടെത്തപ്പെടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. വിവാഹത്തിനു മുന്പു തന്നെ പങ്കാളിയാകാൻ പോകുന്നയാളുടെ സ്വഭാവവിശേഷങ്ങളും പെരുമാറ്റവുമെല്ലാം പൂർണമായും മനസ്സിലാക്കുക അസാധ്യമായ കാര്യമാണ്. പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നയാളുടെ കരിയറും സാന്പത്തികശേഷിയുമൊക്കെയാണ് പ്രധാനമായും ആളുകൾ പരിശോധിക്കുന്നതെന്നതിനാൽ മാനസികാരോഗ്യം സംബന്ധിച്ച അന്വേഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. കുടുംബത്തിൽ മാനസികാസ്വാസ്ഥ്യത്തിന്റെ പാരന്പര്യമുണ്ടോ എന്നും മുന്പ് പെരുമാറ്റ വൈകല്യത്തിനോ വിഷാദരോഗത്തിനോ ചികിത്സയാളാണോ പങ്കാളിയെന്നും സാധാരണഗതിയിൽ ആരും തിരക്കാറില്ല. പക്ഷേ ഒരു ദാന്പത്യബന്ധത്തിന്റെ നിലനിൽപ്പിന് ഏറ്റവും നിർണായകമാണ് പങ്കാളിയുടെ മാനസികാരോഗ്യമെന്നതാണ് പലരും മനസ്സിലാക്കാതെ പോകുന്നത്. മാനസികരോഗം മറച്ചുവയ്ക്കപ്പെടേണ്ട ഒന്നല്ലെന്നും ചികിത്സ നൽകി ഭേദപ്പെടുത്താനാകുന്ന ഒന്നാണെന്നും തിരിച്ചറിഞ്ഞാൽ ഭാവിയിൽ ഉണ്ടാകിനിടയുള്ള വലിയ പ്രശ്‌നങ്ങൾക്ക് നേരത്തെ തന്നെ നമുക്ക് തടയിടാനാകും. കുടുംബത്തിലെ മറ്റുള്ളവരെക്കൂടി മാനസികാസ്വാസ്ഥ്യമുള്ളവരാക്കി തീർക്കാതിരിക്കാൻ ഈ കരുതലെങ്കിലും നമ്മുടെ തലമുറയെടുക്കേണ്ടിയിരിക്കുന്നു.

You might also like

Most Viewed