ചെങ്ങന്നൂരിൽ ചിത്രം തെളിയുന്നു...
മോഹൻ കെ.പി
കനത്ത ചൂടിലേയ്ക്ക് കടക്കുന്നതിനൊപ്പം കേരളം ഒരു തിരഞ്ഞെടുപ്പ് ചൂടിലേയ്ക്കും കൂടി കടക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മൂന്ന് മുന്നണികളും ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലങ്കിലും ചിത്രം തെളിഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലേയ്ക്ക് നാട് കടന്നുകഴിഞ്ഞു. ഒരു ഉപതിരഞ്ഞെടുപ്പായതിനാൽ മണ്ധലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ തിരഞ്ഞെടുപ്പിന്റെ ആവേശം. എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ഒരുപോലെ സാധ്യത കൽപ്പിക്കപ്പെടുന്നതിനാൽ ആവേശം പരകോടിയിലെത്തുന്നു. സി.പി.ഐ.എമ്മിലെ സജി ചെറിയാൻ, യു.ഡി.എഫിൽ അഡ്വക്കറ്റ് ഡി. വിജയകുമാർ, എൻ.ഡി.എയിൽ നിന്നും പി.എസ് ശ്രീധരൻ പിള്ള എന്നിവരാണ് സ്ഥാനാർത്ഥികളാകുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനങ്ങൾ ഇറങ്ങിയില്ലങ്കിലും മൂന്ന് മുന്നണികളും പ്രചരണങ്ങളിലേയ്ക്ക് കടന്നു കഴിഞ്ഞു.
കാൽനൂറ്റാണ്ടായി തുടർന്ന ഇടതുപക്ഷ ഭരണം തകർത്തെറിഞ്ഞ് ത്രിപുരയിൽ ബി.ജെ.പി അട്ടിമറി വിജയം നേടിയതിൽ ഞെട്ടലിൽ ഉപതിരഞ്ഞെടുപ്പിനിറങ്ങുന്ന സി.പി.എമ്മിന് ജയം മാത്രമാണ് ലക്ഷ്യം. ത്രിപുരയിൽ മണിക് സർക്കാറിനെ പോലെ സാധാരണക്കാരനായ, മുഖ്യമന്ത്രിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഭരണത്തിൽ നിന്നും പുറത്തായതാണ് സി.പി.എം നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് ഇനി ഭരണം അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള മണ്ധലത്തിൽ ഒാരോ ചുവടും വളരെ സുക്ഷ്മതയോടെയാണ് സി.പി.എം മുന്നോട്ട് വെയ്ക്കുന്നത്. മണ്ധലത്തിലെ വിജയസാധ്യത പരിഗണിച്ചാണ് എൽ.ഡി.എഫും സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. സീറ്റിംഗ് സീറ്റ് നിലനിർത്തുന്നതിന് വേണ്ടി ജില്ലാ സെക്രട്ടറി സജി ചെറിയാനെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയതിലൂടെ ചെങ്ങന്നൂർ ഇടതുമുന്നണിക്ക് എത്ര വലുതാണെന്നാണ് വ്യക്തമാക്കുന്നത്. സർക്കാരിനെതിരെ ഭരണ വിരുദ്ധവികാരമില്ലെന്ന് തെളിയിക്കാൻ എൽ.ഡി.എഫിന് ഏത് വിധേനയും വിജയിച്ചേ മതിയാകൂ. എൽ.ഡി.എഫിനെ വിജയിപ്പിച്ചാൽ മൂന്ന് വർഷം കൊണ്ട് ചെങ്ങന്നൂരിൽ ഭവന രഹിതരായ എല്ലാവർക്കും വീട് വെച്ച് നൽകുമെന്ന് സി.പി.എം പ്രഖ്യാപിച്ച് കഴിഞ്ഞു. പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും, ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയാക്കും, ചെങ്ങന്നൂരിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളും സി.പി.എം മുന്നോട്ട് വെയ്ക്കുന്നു. തിരഞ്‍ഞെടുപ്പിൽ കെ.എം മാണിയുടെ കേരള കോൺഗ്രസ് തങ്ങളെ പിന്തുണച്ചേക്കുമെന്ന ഉറപ്പിലാണ് ഇടതുപക്ഷം. ബാർ കോഴ കേസിൽ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കൊടുത്ത റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇരുപക്ഷവും അടുക്കാനുള്ള സാധ്യത തെളിഞ്ഞു. 1.88 ലക്ഷം വോട്ടർമാരുള്ള മണ്ധലത്തിൽ അറുപതിനായിരത്തോളം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണ്ണായകമാണ്. മാണിയുടെ കേരള കോൺഗ്രസിന് ഇവിടെ സ്വാധീനവുണ്ട്. അതേസമയം അപകടം മുന്നിൽ കണ്ട് കേരള കോൺഗ്രസിനെ പിളർത്തി ജോസഫ് ഗ്രൂപ്പിനെ തങ്ങളോടൊപ്പം നിർത്താനാണ് കോൺഗ്രസ് നീക്കം. എം.പി വീരേന്ദ്ര കുമാർ പക്ഷവും ഇടതുമുന്നണിക്കൊപ്പം എത്തുന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു.
കമ്യൂണിസ്റ്റുകാർ അവശേഷിക്കുന്ന കേരളത്തിൽ കാവിപടയുടെ മുന്നേറ്റം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലൂടെ തുടങ്ങുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ചെങ്ങന്നൂരിലൂടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറ്റിമറിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. പി. ശ്രീധരൻപിള്ളയാണ് ചെങ്ങന്നൂരിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച് കളം പിടിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരൻപിള്ള 42682 വോട്ടാണ് നേടിയത്. മണ്ധലത്തിന്റെ ചരിത്രത്തിൽ ബി.ജെ.പി നേടിയ എറ്റവും കൂടുതൽ വോട്ടാണിത്. തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ രാമചന്ദ്രൻ നായർ 52880 വോട്ടാണ് നേടിയത്. അതേസമയം എൻ.ഡി.എ പാളയത്തിൽ ബി.ഡി.ജെ.എസുമായുള്ള ഭിന്നത ബി.ജെ.പിക്ക് തലവേദനയാവുകയാണ്. മുന്നണി വിടുന്ന കാര്യത്തിൽ അന്തിമതീരുമാനം ബുധനാഴ്ച ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പറത്തുവരുന്ന വാർത്തകൾ. തങ്ങൾക്ക് അർഹിക്കുന്ന പിന്തുണ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം. രാജ്യസഭാ സീറ്റും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകാത്തതിലും ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്. തുഷാർ വെള്ളാപ്പള്ളിക്ക് ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭാ സീറ്റും 14 ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നൽകുമെന്നുള്ള വാർത്തകൾ ബി.ജെ.പിയുടെ ഭാഗത്തുനിന്നുതന്നെ പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ ബി.ഡി.ജെ.എസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വിലപേശലിനുള്ള അവസരമായാണ് ബി.ഡി.ജെ.എസ് കാണുന്നത്.
അഡ്വ. ഡി. വിജയകുമാറിനെയാണ് ചെങ്ങന്നൂർ തിരിച്ചുപിടിക്കാനായി യു.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. വൈകിയാണ് തങ്ങൾ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെങ്കിലും ചെങ്ങന്നൂരിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് വിജയകുമാറെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം. ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിക്കുന്ന വിജയകുമാറിന്റെ മണ്ധലത്തിലെ പരിചയമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.