വിജയം തുന്നി ഇന്ദ്രൻ­സ്


നമ്മുടെ നാട്ടിൽ പുറങ്ങളിൽ മെലിഞ്ഞിരിക്കുന്നവരെ ഇന്ദ്രൻസ് എന്ന് വിളിച്ച് പണ്ട് കളിയാക്കാറുണ്ടായിരുന്നു. കുറച്ച് നരവീണു എന്നതല്ലാതെ മെലിഞ്ഞ് ശോഷിച്ച ഇന്ദ്രൻസ് എന്ന ആ മനുഷ്യന്റെ ശരീരപ്രകൃതിയിൽ കാലം വലിയ മാറ്റങ്ങൾ വരുത്തിയില്ല. കുറവുകൾ വിജയത്തിലേക്കുള്ള തടസ്സമല്ലന്ന് തെളിയിച്ച്, മലായാളികളെ കുടുകുടെ ചിരിപ്പിച്ച ഇന്ദ്രൻസിന് ഇനി സ്ഥാനം മലയാള സിനിമയുടെ നെറുകയിൽ. തയ്യൽ‍ക്കാരനായി തുടങ്ങി പിന്നീട് മേക്കപ്പ്മാനും, കെ.പി.എ.സി നാടകങ്ങളിലൂടെ അഭിനയ രംഗത്തും എത്തിയ അദ്ദേഹം ഇന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡിന്റെ നിറവിലും എളിമയോട് കൂടി നിൽക്കുന്നു.

“അവാർ‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിർ‍ന്നവർ‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതുപോലെ തന്നെയാണ് അവാർ‍ഡിന്റെ കാര്യവും. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ”. 2016ലെ സംസ്ഥാന അവാർ‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോൾ‍ നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണിത്. ഇതിൽ നിന്ന് തന്നെ അവാർഡിനായി അദ്ദേഹം ആഗ്രഹിച്ചു എന്ന് വ്യക്തം. മാത്രമല്ല അത് തുറന്ന് പറയാൻ ആ സാധാരണക്കാരൻ മടി കാണിച്ചതുമില്ല. ഇത്തവണ അവാർ‍ഡ് ലഭിച്ചപ്പോൾ കിട്ടാൻ വൈകിയോ എന്ന ചോദ്യത്തിന് “താൻ തുടങ്ങിയിട്ടേയുള്ളൂ” എന്നാണ് ഇപ്പോൾ‍ ഇന്ദ്രൻ‍സ് പറഞ്ഞത്. 

തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രൻ‍സ് ജനിച്ചത്. യഥാർത്ഥ പേര് സുരേന്ദ്രൻ. കുമാരപുരം ഗവൺമെന്റ് സ്‌കൂളിൽ നാലാം ക്ലാസുവരെ മാത്രം പഠിച്ച സുരേന്ദ്രൻ ജീവിത സാഹചര്യങ്ങളെ തുടർ‍ന്ന് അമ്മാവന്റെ കൂടെ തയ്യൽ പഠിക്കാൻ ചേർ‍ന്നത്. ഈ സമയത്ത് സുഭാഷ് സ്‌പോർ‍ട്‌സ് ആൻ‍ഡ് ആർ‍ട്സ് ക്ലബിന്റെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കടയും തുടങ്ങി. ഈ പേരാണ് സുരേന്ദ്രൻ സിനിമയിൽ വന്നപ്പോൾ സ്വീകരിച്ചത്. പത്മരാജന്റെ മേക്കപ്പ്മാൻ മോഹന്‍ദാസിന്റെ അസിസ്റ്റന്റായാണ് ഇന്ദ്രൻസ് മലയാള സിനിമയിലെത്തിയത്. പിന്നീട് പത്മരാജന്റെ തന്നെ നമുക്കുപാർ‍ക്കാൻ‍ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. ചൂതാട്ടം ചൂതാട്ടം മോഹന്‍ദാസിന്റെ അസിസ്റ്റന്റായാണ് പ്രവർത്തിക്കുന്പോഴാണ് ഇന്ദ്രൻസ് ആദ്യമായി സിനിമയിലെത്തുന്നത്. 1981ൽ പുറത്തിറങ്ങിയ ചൂത്താട്ടമാണ് ഇന്ദ്രൻസിന്റെ ആദ്യം ചിത്രം. തുടർ‍ന്ന് ദൂരദർ‍ശന്റെ മലയാളം സീരിയലുകളിൽ‍ അവസരം ലഭിച്ചു. സിബി മലയിലിന്റെ മലയോഗത്തിലൂടെയാണ് ഇന്ദ്രൻസിന്റെ ജീവിതം തെളിഞ്ഞത്. ആ ചിത്രം പുറത്തിറങ്ങിയതോടെ നല്ലെരു ഹാസ്യതാരം എന്ന പേര് ഇന്ദ്രൻസിനു വീണു. പിന്നീട് താരത്തിനെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തിയിരുന്നു. എല്ലാം ഹസ്യ കഥാപാത്രങ്ങളായിരുന്നു. ഇന്ദ്രൻ‍സിന്റെ ഹാസ്യമാണ് കച്ചവട സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഹാസ്യത്തിന്റെ രുചിക്കൂട്ടുകൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിക്കാൻ ഇന്ദ്രൻസിന് എത്രയോ വർ‍ഷങ്ങൾ നഷ്ടമാക്കേണ്ടി വന്നു. പതിവ് കോമഡി കഥാപാത്രളായി മാറി അഭിനയിക്കുന്പോഴൊക്കെ മികച്ച കഥാപാത്രങ്ങൾക്കു വേണ്ടി ആഗ്രഹിച്ചു, സിനിമയെ ഒന്നു കൂടി മുറുകെപിടിച്ചു. ടി.വി ചന്ദ്രന്‍റെ കഥാവശേഷൻ എന്ന സിനിമ തൊട്ടാണ് ഇന്ദ്രൻസിനെ തേടി അഭിനയസാധ്യതയുള്ള റോളുകൾ എത്തിയത്. കഴിഞ്ഞ 36 വർഷമായി ഇന്ദ്രൻസ് എന്ന നടൻ സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്.  സിനിമ ലോകത്ത് 36 വർഷം പിന്നിടുന്പോൾ 507ഓളം സിനിമകളാണ് ഇന്ദ്രൻസിന്റെ കൈയിലുള്ള സന്പാദ്യം.

മാധ്യമപ്രവർ‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടൻ തുള്ളൽ‍ കലാകാരനായ പപ്പു ആശാനെ അഭ്രപാളിയിൽ‍ തന്മയത്ത്വത്തോടെ ആടിതിമിർ‍ത്താണ് ഇന്ദ്രൻ‍സ് പുരസ്‌കാരം സ്വന്തമാക്കിയത്. പപ്പുവാശാൻ പറയുന്ന പ്രണയകഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രൻ‍സിന്റെ പറച്ചിലിന്റെ ഭംഗിയാണ് അഭിനയ മികവിന്റെ സാക്ഷ്യമാകുന്നത്. എത്രകാലം കഴിഞ്ഞാലും മങ്ങാത്ത നിറക്കൂട്ടായി ആ കഥ പറച്ചിൽ മാറുന്നു. ഇന്ദ്രൻ‍സെന്ന മികച്ച നടന്റെ പകർ‍ന്നാട്ടമായും.

You might also like

Most Viewed