മദോന്മത്തനായാൽ എല്ലാം മറക്കുന്നു...
കൂക്കാനം റഹ്്മാൻ
‘എന്താ മോളേ? മോൾ എവിടെയാ പഠിക്കുന്നത്?’. ഞാൻ അവളുടെ ചുമലിൽ തട്ടി സ്‌നേഹത്തോടെ ചോദിച്ചു. മാലതിയുടെ (യഥാർത്ഥ പേരല്ല) കണ്ണ് നിറയുന്നത് ഞാൻ കണ്ടു. മുഖത്ത് സന്തോഷം സ്ഫുരിക്കുന്നുമുണ്ട്. അവൾ പറഞ്ഞു. ‘സാറെ ഇതേവരെ എന്റെ അച്ഛൻ ഇങ്ങനെ ചുമലിൽ കൈവെച്ച് മോളേ എന്ന് വിളിച്ചിട്ടുണ്ടാവില്ല. സാറിന്റെ സ്‌നേഹത്തോടെയുളള ഈ വിളി എനിക്ക് ആശ്വാസം ഉണ്ടാക്കി. ഇങ്ങനെയുളള ഒരു വിളി കേൾക്കാൻ ഞാൻ കൊതിക്കുകയായിരുന്നു’. കുറേ പ്രശ്‌നങ്ങളുമായാണ് അവൾ വന്നത്. പതിനൊന്നാം ക്ലാസ്സുകാരിയാണ് മാലതി. അവൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. പക്ഷെ കഴിഞ്ഞ ഓണം വെക്കേഷന് നാട്ടിൽ വന്ന ശേഷം തിരിച്ചു പോയില്ല. കാണാൻ നല്ല മുഖകാന്തിയുളള പെൺകുട്ടിയാണ്. ഉയർന്ന ജാതിശ്രേണിയിൽ പിറവിയെടുത്ത കുട്ടി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പല കാര്യങ്ങളും അനുഭവിക്കുകയും സാക്ഷിയാവുകയും ചെയ്യേണ്ടി വന്നവൾ.
ഇപ്പോൾ എല്ലാവരോടും അവൾക്ക് വെറുപ്പാണ്. എല്ലാവരോടും ദേഷ്യത്തോടെ മാത്രമേ സംസാരിക്കൂ. അതിനിടയാക്കിയ കുറേ സംഭവങ്ങളുണ്ട്. അവൾ അമ്മയുടെ കൂടെയാണ് എന്റടുത്ത് വന്നത്. അവർ പരസ്പരം സംസാരിക്കുകപോലും ചെയ്യുന്നില്ല. അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ മുഖം വീർപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ എന്റെ അടുത്തെത്തിയപ്പോൾ ആദ്യം കണ്ട മുഖഭാവം മാറി. എന്റെ സ്‌നേഹമസൃണമായ വിളിയിൽ അവൾ ആകെ മയപ്പെട്ടുവന്നു. എന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി തന്നു. അതും ചിരിച്ചുകൊണ്ടു തന്നെ. അവൾ തുറന്നു പറയുന്നതിങ്ങനെ. ‘ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്കൊക്കെ കാരണം ഇതാ ഈ ഇരിക്കുന്ന അമ്മയും എന്റെ അച്ഛനുമാണ്. അച്ഛൻ എന്നും മദ്യലഹരിയിലാണ്. മുഴുക്കുടിയൻ. ഞങ്ങളെ ശ്രദ്ധിക്കില്ല. ഞാനും ഹൈസ്‌ക്കൂളിൽ പഠിക്കുന്ന അനിയനുമുണ്ട്. ഭക്ഷണം, വസ്ത്രം, പഠന ഉപകരണങ്ങൾ ഇത്യാദികാര്യങ്ങളിലൊന്നും അങ്ങേർ ഒരുത്തരവാദിത്തവും കാണിക്കുന്നില്ല. ഞാൻ ഒരു കൃസ്ത്യൻ മദേർസ് നടത്തുന്ന ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. സൗജന്യമായി എല്ലാം കിട്ടും. പക്ഷേ ആ ഹോസ്റ്റലിൽ എന്നെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കും. ചിലപ്പോൾ മർദനവും സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ അച്ഛൻ പണിക്ക് പോകും. കൂലിയായി കിട്ടുന്നത് മുഴുവൻ കുടിച്ച് തീർക്കും. അച്ഛൻ നല്ലവനായിരുന്നെങ്കിൽ ഞാനിങ്ങനെ പ്രയാസപ്പെടേണ്ടി വരില്ലായിരുന്നു. അമ്മ മാനസികവിഭ്രാന്തി കാണിക്കുന്ന വ്യക്തിയാണ്. അച്ഛൻ കാരണം അങ്ങനെയായി പോയതാണ്. പാവം കഠിനമായി ജോലി ചെയ്തിട്ടാണ് കഞ്ഞികുടിക്കാനുളള വക കണ്ടെത്തിയിരുന്നത്. ഇപ്പോ അതിനും വയ്യാണ്ടായി.
സന്ധ്യ മയങ്ങിയാൽ വീട്ടിലേക്ക് മദ്യപന്മാരായ കൂട്ടുകാരുമൊത്ത് അച്ഛൻ വരും. കുടിയും കൂത്തുമായി വരാന്തയിൽ അവരുടെ വിളയാട്ടമായിരിക്കും. അച്ഛൻ കുടിച്ചു പൂസായി അവിടെ വീണു കിടന്നിട്ടുണ്ടാവും. കൂട്ടുകൂടി കുടിച്ചവന്മാരെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയക്കാൻ വരെ മടികാണിക്കാത്തവനാണ് എന്റെ അച്ഛൻ. അമ്മയുടെ വിഭ്രാന്തിക്കും കാരണം ഇതൊക്കെയായിരിക്കാം’. ഇക്കാര്യങ്ങളൊക്കെ അമ്മയുടെ മുന്നിൽ വെച്ചാണ് കുട്ടി പറയുന്നത്. അമ്മ ഇടയ്ക്കു കയറി പറഞ്ഞു. ‘എന്റെ മോൾ പ്രായപൂർത്തിയായവളാണ്. അവളെയും സ്വസ്ഥമായി ജീവിക്കാൻ അയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. അവളെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയേ തീരൂ. പഠിച്ച് ഒരു വഴിക്ക് അവൾ എത്തിയിട്ട് കണ്ണടയ്ക്കണമെന്നേ എനിക്ക് മോഹമുളളു’. നിസ്സഹായതയിൽ കഴിയുന്ന ആ അമ്മയുടെ ഹൃദയവേദന എന്നിൽ അങ്കലാപ്പുണ്ടാക്കി. അമ്മയെ മാറ്റി നിർത്തി അവളോട് ഞാൻ കാര്യങ്ങൾ ആരാഞ്ഞു. ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ കുട്ടികളെ കോളജിലേക്കും മറ്റും കൊണ്ടുപോകാൻ ബസ്സുണ്ട്. ആ ബസ്സ് ഡ്രൈവർക്ക് എന്നെ ഇഷ്ടമാണെന്ന് അയാൾ പറഞ്ഞു. കണ്ടാൽ പാവം മനുഷ്യനാണ്. വീട്ടിൽ അയാളും അമ്മയും മാത്രമേയുളളു. കഴിഞ്ഞ രണ്ടുമാസമായി അയാൾ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. എന്റെ നിസ്സഹായതയെല്ലാം അയാളുമായി പങ്കിട്ടിരുന്നു. എനിക്ക് പതിനാറ് വയസ്സ് പൂർത്തിയായതേയുളളൂ. വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആയിട്ടില്ല. ‘ഡ്രൈവറായ ബിജു ഏട്ടനെ വിശ്വസിക്കാൻ പറ്റുമോ?. വെറുതെ എന്നെ ചൂഷണം ചെയ്യാനുളള ഒരു വിദ്യ കാണിക്കുകയാണോ?. അദ്ദേഹവും ഒരു ശല്യമായി മാറിയിരിക്കുകയാണ്.
രക്ഷപ്പെടാൻ ഒന്നേ മാർഗം കണ്ടുളളു. ഹോസ്റ്റൽ ജീവിതവും പഠനവും മതിയാക്കി എന്റെ വീടായ നരകത്തിലേക്കുതന്നെ തിരിച്ചുവരൽ. അതാണെന്റെ ഇപ്പോഴത്തെ അവസ്ഥ...’ ഇതൊക്കെ കേട്ടപ്പോൾ അവളെ രക്ഷപ്പെടുത്താനുളള മാർഗം ആലോചിക്കുകയായിരുന്നു ഞാൻ. അവൾ മറച്ചു വെക്കുന്ന ചില പ്രശ്‌നങ്ങൾ കൂടിയുണ്ടെന്ന് സംസാരത്തിനിടെ ഞാൻ പിടിച്ചെടുത്തു. വീട്ടിലേക്ക് ഒരു ചെറുപ്പക്കാരൻ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. അവനെക്കുറിച്ച് വിശദമായൊന്നും അവൾ പറയുന്നില്ല. അയാൾ അച്ഛനുമായി നല്ല അടുപ്പത്തിലാണ്. അച്ഛന് പല സഹായങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. പക്ഷേ മദ്യപാനിയല്ല. ആ തരത്തിലുളള കൂട്ടുകെട്ടൊന്നുമില്ല. അടച്ചുറപ്പില്ലാത്ത വീടാണ് അവളുടേതെന്ന് മനസ്സിലായി. അച്ഛന്റെ ഒപ്പമാണ് ആ ചെറുപ്പക്കാരൻ വരാറ്. രാത്രി ഏറെ വൈകിയിട്ടാണെത്തുക. അവൻ വരുന്നതും പോകുന്നതുമൊന്നും അമ്മയും മകളും ശ്രദ്ധിക്കാറില്ല. അച്ഛന്റെ കൂടെ വരുന്ന പലരെയുംപോലെയേ അവനെയും കണ്ടുളളു. അവൾ പറയുന്നു: ‘ഒരു ദിവസം അർദ്ധരാത്രി കഴിഞ്ഞുകാണും. അവൻ എന്റെയടുത്ത് വന്നു. ഞാൻ അപ്പുറമിപ്പുറമൊന്നും ചിന്തിച്ചില്ല. അവനെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. വരുംവരായ്കളെ കുറിച്ചോർക്കാൻ എനിക്കായില്ല. ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ആ ചെറുപ്പക്കാരൻ ആരാണെന്നോ എന്താണെന്നോ അറിയാതെ എന്റെയെല്ലാം അവന് സമർപ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഇന്നത് പതിവായിത്തീർന്നു.
ഒരു വിവാഹജീവിതത്തെക്കുറിച്ച് എനിക്ക് സ്വപ്നം കാണാൻ പറ്റുന്നില്ല. എന്റെ ജീവിതം നാശത്തിന്റെ വക്കിലാണ്. എന്റെ അച്ഛൻ നിമിത്തം ഞാനിങ്ങനെയൊക്കെ ആയിത്തീർന്നു’. എല്ലാം തുറന്നു പറഞ്ഞ നിഷ്‌ക്കളങ്കയായ മാലതിയെ രക്ഷപ്പെടുത്തിയേ പറ്റൂ. അവൾക്ക് സംഭവിച്ച കൈപ്പിഴകൾ അവൾ എണ്ണിഎണ്ണി പറഞ്ഞു. കൂട്ടത്തിൽ ഒന്നുകൂടി സൂചിപ്പിച്ചു. ‘സാറെ അമ്മയുടെ അടുത്തും രാത്രിയുടെ മറവിൽ പാത്തും പതുങ്ങിയും ചിലർ വരാറുണ്ട്’. ഇത് കണ്ടുകൊണ്ടുവളരുന്ന കൗമാരപ്രായത്തിലെത്തിയ പെൺകുട്ടി തെറ്റിലേക്ക് നീങ്ങിയതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു! സർക്കാർ മുഖേന നടത്തുന്ന ഏതെങ്കിലും പെൺകുട്ടികളുടെ ഹോസ്റ്റലിൽ മാലതിയെ എത്തിക്കണം. പഠനം തുടരാനുളള അവസരം ലഭ്യമാക്കി കൊടുക്കണം. ജീവിതമാർഗം കണ്ടെത്താനുളള ഒരു തൊഴിൽ ലഭ്യമാക്കണം. വന്നുപോയ വീഴ്ചകളിൽ നിന്ന് കരകയറാനുളള ഊർജ്ജം അവൾക്ക് പകർന്നു കൊടുത്തു. അതിനനുസരിച്ച് മുന്നോട്ട് പോകാമെന്ന് അവൾ ഉറപ്പുതന്നിട്ടുണ്ട്. ലഹരി വിപത്തുമൂലം തകർന്നടിയുന്ന എത്രയോ കുടുംബങ്ങളുണ്ട്. ഭാര്യയേയും മകളേയും കാശിനുവേണ്ടി അപഥ സഞ്ചാരത്തിലേക്ക് വലിച്ചിഴക്കുന്ന ഈ അച്ഛനെപ്പോലെയുളള ലഹരിക്കടിമകളായവരെ കരുതലോടെ ശ്രദ്ധിക്കാൻ സമൂഹ മനസ്സാക്ഷികളുണർന്നു പ്രവർത്തിക്കണം.