വടക്ക്കിഴക്ക് നിന്നുള്ള വാർത്തകൾ ശുഭകരമല്ല
ഇ.പി അനിൽ
epanil@gmail.com
ജീവിതത്തിൽ (രാഷ്ടീയത്തിൽ) ലക്ഷ്യവും മാർഗ്ഗവും ഒരുപോലെ സംശുദ്ധമായിരിക്കണം എന്ന്‍ ഗാന്ധിജിയുടെ വാക്കുകൾ എന്നും പ്രസക്തമാണ്. തെരഞ്ഞെടുപ്പുകളിൽ അധികാരമാറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഏറെ പ്രത്യേകതകൾ ഉള്ള വടക്ക് കിഴക്കൻ സംസ്ഥാനത്തെ രാഷ്ടീയവും വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്തിന് പരിചിതമല്ലാത്ത തരത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ച കക്ഷി സംസ്ഥാനത്തൊട്ടകെ മുൻ ഭരണ കക്ഷിയുടെ പാർട്ടി ഒാഫീസുകളും പ്രവർത്തകരുടെ വീടും അവരെതന്നെയും ആക്രമിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേരുന്നതിന്‍റെ അടയാളമായി കാണണം.
സപ്ത സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രത്തിലും ജീവിത ശീലങ്ങളിലും കാണുന്ന പ്രത്യേകതകൾ ഇന്ത്യയുടെ വൈവിധ്യങ്ങൾക്ക് ശക്തി പകരുന്നു. മ്യന്മാറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂർ, മ്യന്മാറിനും ചൈനക്കും അടുത്തായുള്ള മിസോറം, ചൈനയുടെ ഓരത്തുള്ള അരുണാചൽ, അസമിന് തൊട്ടു കിടക്കുന്ന മേഘാലയ, ഏറെ പ്രത്യേകതകൾ ഉള്ള നാഗാലാൻഡ്, ബംഗാളികൾ കുടിയേറിയ ത്രിപുര, ചൈന-−ഇന്ത്യ കച്ചവട പാത കടന്നു പോകുന്ന സിക്കിം. അരുണാചലിൽ 90 ലധികം ഭാഷകൾ നിലവിൽ ഉണ്ട്. അവിടുത്തെ വ്യത്യസ്ത ഗോത്രങ്ങളുടെ എണ്ണം 50ലധികം വരും. ആഹാര രീതികൾ, വിശ്വാസങ്ങൾ, ഗോത്ര പാരന്പര്യങ്ങളിൽ കാട്ടുന്ന ശുഷ്കാന്തി ഒക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.
പൊതുവെ ഇന്ത്യൻ പൊതു മണ്ധലങ്ങളിൽ (നഗരങ്ങളിൽ പ്രത്യേകിച്ചും) കണ്ടു വരുന്ന ഉപഭോഗ സംസ്കാരം അത്ര ഒന്നും സജ്ജീവമാകാത്ത വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ സിമന്‍റ് മാളികകളും ഷോപ്പിംഗ് മാളുകളും വിരളമാണ്.മുളകൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന രീതി അവിടെ കാണാം. കൃഷി കൂടുതലും ഭക്ഷ്യഉത്‌പാദനത്തെ ലക്ഷ്യം വെക്കുന്നു. റബ്ബർ, തേയില മുതലായ നാണ്യ കൃഷി ഉണ്ടെങ്കിലും വൻകിട തോട്ടങ്ങൾ കൃഷിയെ നിയന്ത്രിക്കുന്നില്ല. ജനങ്ങളുടെ ഇടയിലെ വർദ്ധിച്ച പുകയില ഉപയോഗം തൊണ്ട അർബുദം പ്രദേശങ്ങളിൽ വ്യപകമാകുവാന്‍ കാരണമാണ്.
ഏറെ പ്രത്യേകതകൾ ഉള്ള ഇന്ത്യയുടെ പ്രധാന ഭൂഘടനയിൽ നിന്നും അകന്നു ജീവിക്കുന്ന ഇവരുടെ ജീവിത നിലവാരം പലപ്പോഴും ശരാശരിക്കും താണുപോകുന്നതിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊണ്ട നിലപാടുകൾ കാരണമായിട്ടുണ്ട്. നാഗാലാൻഡ് 50കളിൽ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതുമായി ബന്ധപെട്ടാണ് Armed Special Power Act എന്ന അടിച്ചമർത്തൽ നിയമം നിലവിൽ വന്നത് (AFSPA). നാഗാലാൻഡി ലെ ദീമാപൂർ മുതൽ ഇംഫാൽ വരെ നീളുന്ന റോഡ് വടക്കു കിഴക്കൻ സംസ്ഥാനത്തെ പ്രധാന ചരക്കുകളും മറ്റും കടത്തുവാൻ സഹായകരമാണ്. ആ റോഡ് കൈയടക്കി പലപ്പോഴും സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപെടുന്ന നാഗ, കുക്കി കലാപകാരികൾ റോഡിൽ ചുങ്കം പിരിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഹിന്ദു സമൂഹം കുറവുള്ള ഇവിടെ ക്രിസ്ത്യൻ സമുദായം എണ്ണത്തിൽ ഒന്നാമതാണ്. മുസ്ലീം സമുദായം കുറവും വഹാബിസത്തിന്‍റെ സ്വാധീനത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരുമാണ്.
വടക്ക് കിഴക്കൻ സംസ്ഥനങ്ങളുടെ ചരിത്രത്തിൽ ഒരു സ്ഥാനവും ആർജ്ജിക്കുവാൻ കഴിഞ്ഞവരല്ല സംഘ്പരിവാർ ആളുകൾ. എന്നാൽ കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പിന് ശേഷം അവിടുത്തെ പ്രാദേശിക പാർട്ടികളെ ഉപയോഗിച്ച് അധികാരം പിടിക്കുവാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ഏറെക്കുറെ വിജയം കണ്ടു തുടങ്ങി. ആയാറം ഗയാറം ചരിത്രത്തിൽ ഒട്ടും പിന്നിൽ അല്ലാത്ത നാട്ടിൽ അത്തരം ശ്രമങ്ങളെ രാഷ്ടീയ അടവുകൾ ആയി കാണുന്ന ബിജെപിക്ക് കാര്യങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുവാൻ വിജയിക്കുന്നു. മണിപ്പൂർ അതിനു തെളിവായിരുന്നു. ഭരണ കക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായിട്ടും ചില പാർട്ടികളുടെ പ്രധിനിധികളെ ചാക്കിൽ കയറ്റി അധികാരം പിടിക്കുന്നതിൽ ബിജെപിക്ക് കഴിഞ്ഞു.
മേഘാലയ സംസ്ഥാനത്തിന്‍റെ ഏകദേശം 60 ശതമാനവും വനനിബിഡമാണ്. കഴിഞ്ഞ 20 വർഷങ്ങൾക്ക് മുന്‍പ് 90 ശതമാനം വനങ്ങളാൽ പൊതിഞ്ഞ സംസ്ഥാനത്തെ ലോകത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാവുസന്‍റാം(11800 mm) രണ്ടാമത് മഴ ലഭിക്കുന്ന ചിറാപുഞ്ചിയും (11400 mm) ഇന്നു ജലക്ഷാമം അനുഭവിക്കുന്നു. ഏറ്റവും അധികം മഴ ലഭിക്കുന്ന സംസ്ഥാനം കുടിവെള്ളമില്ലാത്ത അവസ്ഥയിൽ എത്തിയത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുവാൻ മടിക്കുന്ന രാഷ്ട്രീയക്കാർ പ്രകൃതി സംരക്ഷണത്തിൽ ഒട്ടും തൽപ്‍പരരല്ല. മേഘാലയയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയം തന്നെ കൽക്കരി ഖനനമായിരുന്നു. പ്രദേശത്ത് നടന്നുവന്ന (പ്രതിവർഷം 60 ലക്ഷം ടണ്ണും വരുമാനം ഏകദേശം 40 കോടിയും) അനധികൃത ഖനനങ്ങൾ നിർത്തിവെക്കുവാൻ ഹരിതട്രൈബ്യുണൽ എടുത്ത തീരുമാനം (2014) പിൻവലിക്കുവാൻ നിലവിലെ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നില്ല എന്നതായിരുന്നു പ്രതിപക്ഷ കക്ഷികളായ ബിജെപിയും മറ്റും ഉയർത്തിയ ആരോപണം. ഭരണം നടത്തിവന്ന കോൺഗ്രസിന്‍റെ മുഖ്യമന്ത്രി തന്നെ ഖനന രംഗത്തെ പ്രധാന കച്ചവക്കാരൻ ആണെങ്കിലും അദ്ദേഹത്തെക്കാൾ മിടുക്കന്മമാർ രംഗത്ത് എത്തി ബാക്കി അവശേഷിക്കുന്ന കുന്നുകൾ കൂടി തുരന്നെടുക്കുവാൻ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ നീക്കുവാനുള്ള അവസരത്തിനാണ് പാർട്ടികൾ വോട്ടു ചോദിച്ചത്. പ്രതിപക്ഷം വിശിഷ്യാ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പിന്തുണ അതിനു കിട്ടും എന്നുള്ള പ്രതീക്ഷയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്നോട്ട് പോകുവാൻ കാരണം. മേഘാലയിലെ പ്രകൃതി ദുരന്തങ്ങളിൽ ഒട്ടും വ്യാകുലപെടാത്ത രാഷ്ട്രീയ −ഉദ്യോഗസ്ഥൻമാർ അവിടുത്തെ നദികളിൽ ഉണ്ടാകുന്ന മലിനീകരണത്തിൽ നിശബ്ദരാണ്.
ത്രിപുര സുന്ദരി എന്ന ദുർഗ്ഗയുടെ പേര് സ്വന്തമാക്കിയ സംസ്ഥാനത്ത് ബംഗാളികളായ കുടിയേറ്റക്കാർ 1948ൽ കൂടുതലായി എത്തി. അക്കാലത്ത് ആദിമാവാസികൾ സമൂഹത്തിൽ മൂന്നിൽ രണ്ട് ആയിരുന്നു. അവർക്കൊപ്പം എട്ടര ശതമാനം വരുന്ന മുസ്ലിം വിഭാഗം ദരിദ്രരായി കർഷക വൃത്തിയിലും ചെറിയ കച്ചവടത്തിലും മുഴുകി. ബംഗാളിൽ ഉണ്ടായ സമരങ്ങൾ കമ്യുണിസ്റ്റ് പ്രവർത്തകരെ കൂടുതൽ കരുത്തരാക്കി. ഒന്നര ഡസനിൽ അധികം ആദിമവാസി വർഗ്ഗങ്ങൾ ഉള്ള ത്രിപുര മത സൗഹാർദത്തിന് മാതൃകയാണ്. ആദിമവാസികളിൽ ഒരു വിഭാഗം വിഘടന മുദ്രാവാക്യം ഉയർത്തി സമരങ്ങളും മറ്റും സംഘടിപ്പിച്ചു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോക്കും ഒക്കെ നടത്തുവാൻ ഗോത്ര രംഗത്തെ ചില ഗ്രൂപ്പുകൾ രംഗത്തുണ്ടായി. എന്നാൽ ബഹു ഭൂരിപക്ഷവും പൊതു രാഷ്ടീയത്തിൽ മുഴുകി നിന്നു. തീവ്രവാദികളുടെ ശക്തി പിന്നീട് ക്ഷയിച്ചതായി മനസ്സിലാക്കാം. 67 മുതൽ ഒരു ഇടവേളക്ക് ശേഷം അധികാരം തുടർന്ന ഭരണത്തിന് നൃപൻ ചക്രവർത്തി മുതൽ ദശരത് ദേവിലൂടെ മാണിക് സർക്കാർ എന്നിവർ നേതൃത്വം നൽകി..
അവിഭക്ത ബംഗാൾ, നവോഥാന രംഗത്തും സ്വാന്ത്ര്യ സമരത്തിലും സാഹിത്യ രംഗത്തും കമ്യുണിസ്റ്റ് സമരങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ്. ബംഗാളികളുടെ വർദ്ധിച്ച സ്വാധീനം ത്രിപുരയെ കമ്യുണിസ്റ്റ് പാർട്ടിയിലേക്ക് അടിപ്പിച്ചു. പൊതുവെ വടക്ക് കിഴക്കൻ സംസ്ഥാനത്തെ വർദ്ധിച്ച പട്ടാള സാനിധ്യം ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന സംഭവങ്ങൾ ഉണ്ടാക്കി. തീവ്രവാദ സ്വാധീനത്തിന്‍റെ പേരിൽ നിലവിലുള്ള UAPA, AFSPA മുതലായ നിയമങ്ങൾ ജനങ്ങളെ അടിച്ചമർത്തി. മണിപ്പൂരിൽ മനോരമ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവവും ബിഎസ്എഫിനെതിരായി സ്ത്രീകൾ നഗ്നരായി നടത്തിയ പ്രതിഷേധ സമരങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചു. AFSPAക്കെതിരെ ഇറോം ഷർമിളയുടെ നിരാഹാരം വാർത്തകൾ സൃഷ്ടിച്ചു. ജനകീയ സമരങ്ങൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണിപ്പൂർ കഴിഞ്ഞാൽ സമരങ്ങൾ കൂടുതലുള്ള നാഗാലാഡും വികസന മുരടിപ്പിനും രാഷ്ടീയ−ഉദ്യോഗസ്ഥ അഴിമതിക്കും ഇരകളാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ അഴിമതി നടക്കുന്ന (ദേശിയ മാധ്യമങ്ങളിൽ വാർത്തകൾ കുറവാണ് എങ്കിലും) സംസ്ഥാനത്തെ സാധാരണ ജനങ്ങൾ യാത്രാ ക്ലേശവും മറ്റും കൊണ്ട് കൂടുതൽ ദുരിതത്തിൽ ആണ്. (നാഗാലാൻഡിലെ സാധാരണ പോലീസുകാരനായിരുന്ന പന്തളത്തുകാരൻ നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതി ഇതിനുള്ള തെളിവായി കാണാം).
സപ്ത സംസ്ഥാനത്തെ ജനങ്ങളുടെ രാഷ്്ട്രീയം എക്കാലത്തും കോൺഗ്രസ്−പ്രാദേശിക പാർട്ടികളുടെതായിരുന്നു. വർഗ്ഗീയ രാഷ്ടീയത്തിന് ഇടം നൽകാതെയുള്ള സമീപനമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ബിജെപി, അവിടുത്തെ രാഷ്ടീയ ചതുരംഗം കളിയിൽ കൂടുതൽ പങ്കാളിയായി, അധികാര രാഷ്രീയത്തിന് മുൻതൂക്കം ഉണ്ടാക്കുക മാത്രം ലക്ഷ്യം വെക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തു. വർഗ്ഗീയ രാഷ്ടീയത്തിന്‍റെ സ്വാധീനം കൂടുന്നത് മറ്റു സംസ്ഥാനങ്ങളിൽ വരുത്തി വെക്കുന്നതിലും അധികം അപകടങ്ങൾ ഇവിടങ്ങളിൽ ഉണ്ടാക്കുവാൻ കഴിയും. ഗോത്ര സമുദായങ്ങളുടെ പ്രാദേശിയ പ്രത്യേകതകളെ പരിഗണിക്കാത്ത ആർഎസ്എസ് മുന്നോട്ട് വെക്കുന്ന ഏക മത, ഏക ദൈവ, ഏക ഗ്രന്ഥ സങ്കൽപ്പം ഗോത്ര സമൂഹത്തിന്‍റെ സംസ്കാരത്തിന് എതിരുനിൽക്കുന്നു. അത്തരം നിലപാടുകൾ ഒട്ടറെ സാംസ്‌കാരിക പ്രതിസന്ധികളിലേക്ക് നാടിനെ എത്തിക്കും.
ത്രിപുരയിലെ 77 മുതലുള്ള ഇടതു സർക്കാർ (ഇടക്ക് 5 വർഷം ഒഴിച്ചു നിർത്തിയാൽ) 1960ലെ ഭൂ നിയമത്തെ മെച്ചപെട്ട രീതിയിൽ നടപ്പിൽ കൊണ്ടുവന്നു എന്ന് കാണാം. കേരളവും ബംഗാളും കഴിഞ്ഞാൽ ഭേദപെട്ട ഭൂ വിതരണം നടന്ന സംസ്ഥാനമാണ് ത്രിപുര. Foresst Right Actലൂടെ 1.19 ലക്ഷം കുടുംബങ്ങൾക്ക് വസ്തുക്കൾ നൽകി. അതിനു മുന്‍പ് ഭൂമിയുടെ വിസ്തൃതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായി. (പരമാവധി 2 മുതൽ 7.5 ഹെക്റ്റർ) സക്ഷരതയിൽ സംസ്ഥാനം 97 ശതമാനത്തിൽ എത്തി. മാതൃമരണ നിരക്ക്, ശിശു മരണനിരക്ക് തുടങ്ങിയ രംഗത്ത് ഇന്ത്യൻ ശരാശരിയുടെ പകുതിയിൽ കുറവാണ് ത്രിപുരയിൽ. രണ്ട് ഡസ്സനിലധികം സാമൂഹിക പെൻഷനുകൾ നടപ്പിൽ വരുത്തി. അംഗൻവാടി തൊഴിലാളികൾ, കർഷകർ, ഭിന്ന ലിംഗക്കാർ തുടങ്ങിവർക്ക് പെൻഷൻ നൽകി വന്ന സംസ്ഥാനത്ത് ഒരു ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് പഴയ നാളുകളിൽ എന്നപോലെ സ്റ്റാറ്റ്യുറ്ററി പെൻഷൻ തുടർന്നു വരുന്നു. ഗോത്ര വിഭാഗങ്ങളും ബാഗാളികളും തമ്മിലുള്ള സാന്പത്തിക വൈവിധ്യം കുറയ്ക്കുവാൻ ത്രിപുര ആദിവാസി സ്വയം ഭരണ സംവിധാനത്തിന്‍റെ പ്രവർത്തങ്ങൾ സഹായിച്ചു. അത്തരത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെച്ച് മെച്ചപെട്ട ഭരണം നിലവിൽ ഉണ്ടായിരുന്ന ത്രിപുരയുടെ കഴിഞ്ഞ കാലത്തെ മൂന്ന്‍ സിപിഎം മുഖ്യമന്ത്രിമാരും ലളിത ജീവിത രീതികൊണ്ട് ശ്രദ്ധേയരായിരുന്നു.
ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടികൾ വിശിഷ്യാ അതിൽ മുന്നിൽ ഉണ്ടായിരുന്ന സിപിഎം, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലൂടെ കടന്നു പോകുന്നു. ആഗോളവൽക്കരണം സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങൾ കേവലമായി പണക്കാരെ നേരിൽ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. മനുഷ്യർ സാമൂഹിക ജീവികൾ ആണ്, അവർ സമത്വ ബോധത്തിൽ അടിയുറച്ചു നിൽകെണ്ടവർ ആയിരിക്കണം, അന്യ മത വിശ്വാസത്തെ മാനിക്കണം, പുരോഗമന ചിന്തകൾ പ്രോത്സാഹിപ്പിക്കപെടണം മുതലായ വിഷയങ്ങളെ ചോദ്യം ചെയ്യുന്ന മത മൗലിക സംവിധാനത്തെ സഹായിക്കുവാൻ ചങ്ങാത്ത മുതലാളിത്തം പ്രത്യേകം ശ്രദ്ധിക്കുന്നു. ആഗോളവൽക്കരണകാലത്തെ യുവാക്കളിൽ നല്ല വിഭാഗവും രാഷ്ടീയത്തെ മോശ പ്രവർത്തനമായി കാണുന്നു. ഉത്സവം, ജാതി−മത സംഘങ്ങളുടെ ശക്തിപ്രകടനം, അന്യരോട് അവിശ്വാസം, ചൂതാട്ടം തുടങ്ങിയ ആൾക്കൂട്ട പ്രവണതകളിൽ പങ്കാളിയാകുകയും പുരോഗമന ചിന്തകളെ തള്ളിപ്പറയുവാനും മടിക്കുന്നില്ല. ത്രിപുര തെരഞ്ഞെടുപ്പിൽ രാഷ്ടീയ വിഷയങ്ങൾ എന്നതിനേക്കാൾ ലോലി പോപ്പ് സംസ്കാരത്തിൽ പുതു തലമുറയെ എത്തിക്കുകയും ഒപ്പം തന്നെ അന്യ വിഭാഗത്തെ സംശയത്തോടെ കാണുവാൻ അവസരം ഒരുക്കുകയും ചെയ്യുന്ന രീതി ബിജെപി അവിടെയും പരീക്ഷിച്ചു. 8% വരുന്ന മുസ്ലീം സമുദായവും പൊതുവെ കമ്യുണിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്ന സമീപനം കൊണ്ടുതന്നെ അവർക്കെതിരായി ബംഗാളി ഹിന്ദുക്കളിൽ ആശയ കുഴപ്പം ഉണ്ടാക്കുക, ആദിമവാസികൾക്ക് മുൻതൂക്കം ഉള്ള പ്രദേശത്തെ ഒരു സംസ്ഥാനമായി മാറ്റുക എന്ന ആശയത്തെ പിന്തുണച്ച് വിഭാഗീയമായ ഇടങ്ങളെ പ്രോത്സഹിപ്പിക്കുക മുതലായ ജനങ്ങളെ പരസ്പരം സംശയത്തിന്‍റെ നിഴലിൽ നിർത്തികൊണ്ടുള്ള രാഷ്ടീയ തന്ത്രങ്ങൾ പയറ്റിയ ബിജെപി ത്രിപുരയിൽ അധികാരത്തിൽ എത്തിയിരിക്കുന്നു. അവിടെ പ്രതിപക്ഷത്ത് ഉണ്ടായിരുന്ന കോൺഗ്രസ് പൂർണ്ണമായും അപ്രസക്തമായി.
കമ്യുണിസ്റ്റ് പാർട്ടിയുടെ ഉന്നത അധികാര സമിതി അംഗം മാണിക് സർക്കാരിനെ പറ്റി മതിപ്പ് ഉണ്ടെങ്കിലും നേതാക്കൾ പലരും നാട്ടിലെ നേതാക്കളെ ഓർമ്മിപ്പിക്കുന്നവരാണ്. അതിനുള്ള തെളിവുകളിൽ ഒന്നാണ് സിപിഎം പ്രാദേശിക നേതാവ് 20 ലക്ഷം രൂപയുടെ നോട്ടുകൾ കട്ടിലിൽ അടുക്കി വെച്ച് അതിൽ കിടന്നുറങ്ങുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തത്. കഴിഞ്ഞ നാളുകളിൽ കമ്യുണിസ്റ്റ് നേതാക്കൾ നമ്മോട് പറഞ്ഞിരുന്നത്, ഇടതു പക്ഷം ഉള്ളിടത്ത് ബിജെപിക്ക് പ്രതിപക്ഷം പോലും ആകുവാൻ കഴിയില്ല എന്നായിരുന്നു. ബംഗാളിൽ ത്രുണമൂൽ അധികാരത്തിൽ എത്തിയ 2011ലെ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് 41% വോട്ടു കിട്ടി പ്രതിപക്ഷമായി മാറി. കേഡർ സ്വഭാവമുള്ള ആ പാർട്ടി പിന്നീടു കൂടുതൽ ക്ഷയിക്കുന്ന കാഴ്ചയാണ് ബംഗാളിൽ കാണുന്നത്. ഇന്നവർ കോൺഗ്രസ്സിനും പിന്നിൽ ബിജെപിയുമായി മൂന്നാം സ്ഥാനത്തിനായി മത്സരിക്കുകയാണ്. ത്രിപുരയിൽ കഴിഞ്ഞ നാളുകളെക്കാളും വോട്ടിന്‍റെ കാര്യത്തിൽ 7% കുറവ് ഉണ്ടാകുകയും അവർ അധികാരത്തിൽ നിന്നും പുറത്തെക്കുപോകുകയും ചെയ്തു. നീണ്ട നാൾ അധികാരത്തിൽ ഇരുന്ന പാർട്ടി അധികാരം നഷ്ടപെട്ടശേഷം പ്രതിപക്ഷ സമരങ്ങൾ നടത്തി അധികാരത്തിൽ മടങ്ങിയെത്തുവാൻ കഴിയാതെ പോകുകയും പാർട്ടി കൂടുതൽ ഒറ്റപെടുകയും ചെയ്യുന്ന അവസ്ഥ ത്രിപുരയിൽ ആവർത്തിക്കുവാൻ ഇടയുണ്ട്.
സംസ്ഥാന വ്യാപകമായി കമ്യുണിസ്റ്റ് പാർട്ടി ഒാഫീസുകൾ ആക്രമിച്ച് ഏറ്റെടുക്കുക, ലോക തൊഴിലാളികളുടെ മഹാനായ നേതാവിന്‍റെ പ്രതിമ തകർക്കുക മുതലായ പ്രവണതകൾ കാണിക്കുന്ന ആർഎസ്എസ് അണികളുടെ വികാരങ്ങൾ, ഹിറ്റ്ലരുടെ ബ്രൗൺ ഉടുപ്പുകാരും മുസോളിനിയുടെ കറുത്ത ഉടുപ്പുകാരും നടത്തിയ ഗുണ്ടാ തെരുവ് യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്നു. ശ്രീ അംബേദ്‌കരുടെ പ്രതിമയും തകർക്കുവാൻ തയ്യറായ ആർഎസ്എസ് പ്രവത്തകരിൽ തെറ്റ് കാണാത്ത ഗവർണറും നാളെ തമിഴ് നാട്ടിൽ അധികാരം പിടിച്ചാൽ പെരിയോറുടെ പ്രതിമകൾ ഒന്നും വെച്ചിരിക്കില്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞബിജെപി കേന്ദ്ര നേതാവും ഇന്ത്യൻ ജനാധിപത്യത്തിനെ വെല്ലുവിളിക്കുകയാണ്.
ബിജെപി മറ്റെല്ലാ രാഷ്ടീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് എന്ന് ബോധ്യപെടുവാൻ ഇതിലും അധികം തെളിവ് വേണ്ടതില്ല. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിക്ക് ആവർത്തിച്ച് ഉണ്ടാകുന്ന തിരിച്ചടികളെ ഗൗരവതരമായി പരിഗണിക്കുവാൻ അവർ വേണ്ട വിധത്തിൽ തയ്യാറാകുന്നില്ല എങ്കിൽ അത് സിപിഎമ്മിന്‍റെ നഷ്ടമായി മാത്രം അവസാനിക്കില്ല.