പീനസ്തനിക്കുടയ ചാരുകുചോത്തരീയം
ശരശയ്യ - നിതിൻ നാങ്ങോത്ത്
മലയാളിയുടെ മാർ ജാര സ്വഭാവത്തെ അരിയിട്ടു തൊഴണം. മണിക് സർക്കാർ വീണു. മാണി വാണു; ഇമേജ് വാണംവിട്ടപോൽ!! മധു ചത്തു. മോരിലെ പുളിയും പോയി. പിണറായി അപ്പോളോ വരെ കയറി. പാണ്ടൻ ലോറീടെ അടിയിലെ കാര്യം വരെ തുറന്നടിച്ചു. കാനം കാനനസ്ഥനായി. അനുപമ മാഡത്തെ കോടതിയും ചാണ്ടിയും കൂടി ഭിത്തിയിലൊട്ടിച്ചു. എന്നിട്ടും പ്രബുദ്ധതയ്ക്ക് ചെന്നിനായകം പുരട്ടാൻ മരുന്നിനു പോലും മൂത്ത ഫെമിനിച്ചികളേയും ഫെമിനപ്പന്മാരേയും കണ്ടില്ല! മുലക്കരം, മുലക്കച്ച തുടങ്ങിയ ‘മാറോട്’ കലാപത്തിൽ അഭിരമിക്കുകയാണ് ആസ്ഥാന വിരൽ ഞെക്കികൾ. ജിലു ജോസഫെന്ന മോഡേൺ മോഡലിന്റെ ഊട്ടുത്സവത്തിൽ മാമുണ്ട് സർവാണി സദ്യയും കഴിച്ച് ഏന്പക്കവും വിട്ട് വെറും ‘കൊങ്കി’ണികളാവുന്നു. മ്ലേച്ഛം! അമ്ലേഷ്യം!!
ഗൃഹലക്ഷ്മിയാണ് മാഗസിൻ! വേറെ കൊറേയെണ്ണമുണ്ട് പപ്പടം കാച്ചിയപോൽ പടച്ചുവിടുന്നത്. മറിച്ചു നോക്കി അട്ടത്തു കാട്ടമാക്കാനോ മീൻകാരന് കീറി പൊതിയാനോ നിലവാരമുളളവ. പ്ലേബോയ് പൂട്ടിയാലെന്താ.മലയാളിയുടെ ഞരന്പ് പിടപ്പിക്കാൻ നിലവിലെ നിലവാരം കീപ്പിറ്റപ്പ്.. മനഃശാസ്ത്രജ്ഞന്റെ മറുപടിയും സെക്സോളജിസ്റ്റിന്റെ പ്രാക്ടിക്കൽ ഉപദേശവും എത്രയെത്ര ദാന്പത്യത്തെയാണ് ആനന്ദജുഗൽബന്ദി കേൾപ്പിച്ചിട്ടുളളത്. നയനാനന്ദം കൂടിയാവുന്പോ കൗമാരയൗവനം പച്ചതൊടും. സദാചാരചാണകക്കുഴിയിൽ കുളികഴിഞ്ഞ ഇങ്ങനെയൊരു ജനത!! ഒരൊറ്റ പുരുഷുമാർക്കും പെണ്ണിന്റെ മാറുണ്ട കൃത്യമായി വരയ്ക്കാനറിയില്ലെന്ന് ഒരു അമ്മ ‘ബ്രാ’ക്കറ്റ് ചാലഞ്ച് ചെയ്തിട്ടുണ്ട്. സാക്ഷാൽ രവിവർമ്മയുടെ വര പോലും ‘സുമാർ ഗസ്സാണ്’പോലും. ജാക്ക് റോസിനെ വരച്ചതൊന്നും ആയമ്മ അറിഞ്ഞു കാണില്ലായിരിക്കും.ആക്രമണം നെഞ്ചോടു വരെ എത്തി. ഇനി താഴേക്ക് അധികം ദൂരമില്ല. ആണുങ്ങമാർ ജാഗ്രതൈ. അല്ലേലും ശ്രാവണബെൽഗോളയിലെ ‘ബാഹുബലി’ പ്രതിമയൊക്കെ ബല്യ നാണക്കേടാണ് പുരുഷോംസിന്. വർദ്ധമാനത്തോടു കൂടിയ മോഡേൺ ലിംഗവചന തിരുവരകൾ സ്ത്രൈണഭാവനാപൂർവം ഉടൻ സാക്ഷ്യപ്പെടുമായിരിക്കും.
സെക്ഷ്വൽ ഓർണമെൻസോടുളള നമ്മുടെ ഭയഭക്തിബഹുമാനം എങ്ങനെ ഉണ്ടായി ? തെറി പറയാൻ ഇജ്ജാതി ഉപകരണങ്ങൾ കൂടിയില്ലേൽ നമ്മൾ ചുറ്റിപ്പോയേനെ. പ്രത്യുൽ‘പ്പന്ന’മതിത്വം അല്ലാതെന്തു പറയാൻ!! ടെക്കികളായ കൊച്ചു മക്കൾസുവരെ അടിയന്തിരഘട്ടത്തിൽ ആവനാഴിയിൽ നിന്ന് ‘പൂകു’ലാംഗ്വേജ് ചാന്പിയാണ് സ്കൂട്ടാവുന്നത്. പച്ച മലയാളമേ നമോസ്തുതി. ഗൃഹലക്ഷ്മിമാർ ഇങ്ങനെ തുടങ്ങിയാൽ ലക്ഷ്മണന്മാരുടെ പ്രകടനം ഊഹിക്കാവുന്നതേയുളളൂ. ശൂർപ്പണഖമാർ ആടയാഭരണങ്ങൾക്ക് ഇൻഷ്വറൻസ് കവറേജ് ഉടൻ തരപ്പെടുത്തുക.കറുത്തവളുടെ മാറിടത്തിലെ വെളുത്ത സംഗീതത്തിന് മാർക്കറ്റില്ലാത്തത് വല്ല്യ കഷ്ടായിപ്പോയി. കറുത്തമ്മമാരുടെ കുഞ്ഞുങ്ങളെ ഇനി കേരളം പേടിക്കണം!!
ചുംബനസമരം പോലൊരു മുലയൂട്ടൽ കാഹളത്തിന് പശുപാലനും ടീംസിനും ടൈം കിട്ടുമോ ആവോ. ചരിത്രത്തെ നമുക്ക് തുപ്പലും കൂട്ടി റബ്ബ് ചെയ്യാം. എന്റെ റബ്ബേ! മാറു മറയ്ക്കാൻ ചോരചിന്തിയ ദേശത്ത് മാറുകാട്ടാൻ നെഞ്ചുവിരിക്കുന്ന സമരോത്സുകത. സ്തനാർബുദത്തെപ്പറ്റിയുളള പോട്ടം പിടുത്തത്തിൽ ബദ്ധശ്രദ്ധരായിരിക്കയാണു പോലും മറ്റ് ‘വ’മാസികകൾ. തുറിച്ചു നോക്കാൻ കണ്ണേ ഒരുങ്ങുക. വിദേശത്തെ കൊന്പന്മാരും വന്പൻ സ്രാവുകളുമൊക്കെ ഈ ക്യാന്പയിനിനെ മുക്തകണ്ഠം തെങ്ങേലേറ്റിയിട്ടുണ്ട്. ആർത്തവകാര്യത്തിൽ ഒരു തീരുമാനമായ നിലയ്ക്ക് നമുക്കിങ്ങനെയിങ്ങനെ വെച്ചടി വെച്ചടി പൊളിച്ചെഴുത്ത് നടത്താം. ഒറ്റ ബട്ടൺ റിലീസിങ്ങിൽ മോഡലിന് ലഭിച്ച റീച്ചിൽ അസൂയ കൊളളുന്നുണ്ടാവണം പരന്പരാഗത മുഴുബട്ടൺ ബഹിഷ്കൃതർ. നടനറാണി ശ്രീദേവിയുടെ മരണം പോലും മങ്ങിപ്പോയി ഈയൊരറ്റ കർട്ടൻ റെയ്സിംഗിൽ. ഒരുപക്ഷേ നമ്മുടെ നാട് ഇനിയങ്ങോട്ട് ചർച്ചയ്ക്കെടുക്കുക ഇമ്മാതിരി ജീവൽസമര ഇഷ്യൂസ് ആയിരിക്കാം. ഒറ്റ കൊടികുത്തലിൽ വിദേശമലയാളി ഒരുവിലാപമായ് തൂങ്ങിയാടിയാൽ നമുക്കെന്ത്? വിജിലൻസ് ഷട്ടറുതാത്തി ആക്രിക്കട ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചാൽ നമുക്കെന്ത്? വിസ്ഫർ ഇന്ത്യയിൽ കേരളത്തിൽ മാത്രം ചോരകിനിഞ്ഞാൽ ആർക്ക് ചേതം? ചേതന ഗൾഫ് മലയാളികളുടെ ബ്രീഫ്കേസിൽ അന്ത്യവിശ്രമം കൊളളുകയാണല്ലോ!!
മാണിക്യ മലരായ പൂവനായി മാണി സാർ വരികയായ്. പട്ടാഭിഷേകത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. മുലപുരാണം തൽക്കാലം മാറ്റിവെച്ച് നമ്മൾക്ക് പ്രഥമനുളള തേങ്ങ പിഴിയാം. തോർത്തുമായി ഐസക് സർ ഇപ്പഴെത്തും. ദേഹണ്ണത്തിലായിരുന്നു കക്ഷിക്ക് ഡോക്ടറേറ്റ്!!