ഓസ്കറിൻ്റെ കഥ...


വിശ്വപ്രസിദ്ധമായ ഓസ്കർ പുരസ്കാരത്തിൻ്റെ കഥ വിസ്മയകരമാണ്

വി.ആർ സത്യദേവ്

34.3 സെൻ്റീമീറ്റർ ഉയരം, 3.856 കിലോ തൂക്കം. കറുത്ത ലോഹ അടിത്തറയിൽ ഉറപ്പിച്ച സ്വർണ്ണം പൂശിയ വെങ്കല ശിൽപ്പം. ഈ ശിൽപ്പം സമ്മാനിക്കപ്പെടുന്നത് ലോക സിനിമയിലെ ഏറ്റവും മികവിനാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആഗോള സിനിമാ വ്യവസായത്തിന്റെ ആസ്ഥാനം ഹോളിവുഡ്ഡാണ് എന്നംഗീകരിച്ചാൽ അതു ശരിയുമാണ്. അതെന്തായാലും ചലച്ചിത്രമികവിനു സമ്മാനിക്കപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരം ഇതാണ് എന്നാണ് ബഹു ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ലോകത്തൊട്ടാകെ ഇരുനൂറിലധികം രാജ്യങ്ങളിലെ പ്രേക്ഷകരാണ് ഇന്നു കാലത്ത് ഈ പുരസ്കാരശിൽപ്പങ്ങൾ അർഹതപ്പെട്ടവർക്ക് കൈമാറുന്ന വർണ്ണശബളമായ ചടങ്ങ് കൺകുളിർക്കെ കണ്ടാസ്വദിച്ചത്.

ഏറെ കൗതുകകരമാണ് ഓസ്കറിന്റെ ചരിത്രം. 1929ൽ അമേരിക്കയിൽ അന്നത്തെ ലോക സിനിമയുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന ഹോളിവുഡ്ഡിൽ റൂസ്വെൽറ്റ് ഹോട്ടലിന്റെ ബ്ലോസം റൂമിൽ ആദ്യമായി ഈ പുരസ്കാര ശിൽപ്പങ്ങൾ കൈമാറുന്പോൾ ഇതിന് ഓസ്കറെന്ന പേര് കൈവന്നിട്ടുണ്ടായിരുന്നില്ല. അന്നുമിന്നും ഈ പുരസ്കാര ശിൽപ്പത്തിന്റെ ഔദ്യോഗിക നാമം അക്കാഡമി അവോഡ് ഓഫ് മെറിറ്റ് എന്നാണ്. 1929ൽ കൊടുത്തു തുടങ്ങിയ അവോഡുശിൽപ്പത്തിന് ഓസ്കറെന്ന നാമം ഔദ്യോഗികമായി ചാർത്തപ്പെട്ടത് ഒരു ദശാബ്ദക്കാലത്തിനുശേഷം 1939ലായിരുന്നു. 

എന്നാൽ അതിനും മുന്പേ തന്നമെ ഇതിന് ഓസ്കറെന്ന വിളിപ്പേര് ലഭിച്ചിരുന്നു. പ്രശസ്ത പത്രമായ ലോസ് ആഞ്ചൽസ് ടൈംസിൽ ഇതിനെപ്പറ്റി ഓസ്കർ അവോഡെന്ന തരത്തിലുള്ള പരാമർശമുണ്ട്. അതിനും മുന്നേ ഓസ്കർ പുരസ്കാരം ലഭിച്ചതിനുള്ള അനിമേഷൻ സിനിമകളുടെ തന്പുരാൻ സാക്ഷാൽ വാൾട്ട് ഡിസ്നിയുടെ നന്ദിപ്രകാശനത്തിലും ഓസ്കറെന്ന പരാമർശം വന്നിട്ടുണ്ട്. 1932 ലായിരുന്നു ഇത്. 

ഓസ്കറെന്ന പേരിനെച്ചൊല്ലി ഒരുപാടുണ്ടു കഥകൾ. എന്നാൽ അതിലൊന്നിനും ഔദ്യോഗിക സ്ഥിരീകതരണമില്ല എന്നതാണ് വാസ്തവം. ഇതിൽ അതി പ്രശസ്തമായ കഥ മാർഗരറ്റ് ഹെറ്റിക്കുമായി ബന്ധപ്പെട്ടതാണ്. 1931ൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസിൻെറ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു അവർ.അവോഡു ശിൽപ്പത്തിന് സ്വന്തം അമ്മാവന്റെ ഛായയുണ്ടെന്ന മാർഗററ്റിന്റെ പരാമർശമാണ് പ്രതിമാ നാമകരണത്തിലേക്കു നയിച്ചത് എന്നതാണ് ആ കഥ. യഥാർത്ഥത്തിൽ മാർഗററ്റിന്റെ അമ്മാവനല്ല അങ്കിൾ ഓസ്കറെന്നു പേരുള്ള മച്ചുനൻ ഓസ്കർ പിയേഴ്സായിരുന്നു ആ പരാമർശനത്തിന് കാരണം. പ്രചാരത്തിൽ വേറെയുമുണ്ട് കഥകൾ. അക്കാദമിയുടെ പ്രസിഡണ്ടായിരുന്ന ബെറ്റി ഡേവിസുമായി ബന്ധപ്പെട്ടതാണ് അത്. പ്രിയ ഭർത്താവ് ഹാർമൺ ഓസ്കർ നെൽസന്റെ ഓർമ്മക്കായി താനാണ് പ്രതിമയ്ക്ക് നാമകരണം ചെയ്തതെന്ന് ബെറ്റി സ്വന്തം ജീവ ചരിത്രത്തിൽ അവകാശപ്പെടുന്നു. നേര് ഏതാണെന്ന് ദൈവത്തിനറിയാം. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഓസ്കർ പുരസ്കാരത്തിന് തുടക്കം കുറിച്ചത് ഇവരൊന്നുമല്ല. ഹോളിവുഡ്ഡിലെ ആദ്യ സൂപ്പർ താരങ്ങളിലൊരാളായിരുന്നു ഡഗ്ലസ് ഫെയർബാങ്ക്സ്. തീഫ് ഓഫ് ബാഗ്ദാദാ, റോബിൻഹു‍‍ഡ്, ദ മാർക് ഓഫ് സ്സോറോ തുടങ്ങിയ ആദ്യകാല സൂപ്പർഹിറ്റുകളിലെ നായകനായിരുന്നു അദ്ദേഹം. ആയിരത്തി തെള്ളായിരത്തി ഇരുപതുകളിൽ ലോക സിനിമയെന്ന ഹോളിവുഡ്ഡിലെ കിരീടം വെച്ച രാജാവ് തന്നെയായിരുന്നു ഫെയർബാങ്ക്സ്. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ഇന്നത്തെ ഓസ്കർ പുരസ്കാര ദാതാക്കളായ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസ് എന്ന സംഘടനയുടെ പിറവി. സംഘടനയുടെ ആദ്യ പ്രസിഡണ്ടായിരുന്നു അദ്ദേഹം. 1927−28 വർഷങ്ങളിലെ അമേരിക്കൻ സിനിമയിലെ മികവിനാണ് ആദ്യമായി പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ പുരസ്കാര ദാനം അന്നത്തെ എം.ജി.എം സ്റ്റുഡജിയോസ് മേധാവിയായിരുന്ന ലൂയി ബി. മേയറുടെ ചിന്താ സന്തതിയായിരുന്നു. അന്നത്തെ പ്രമുഖ ശിൽപ്പി ജോർജ് സ്റ്റാൻലിയായിരുന്നു പുരസ്കാര ശിൽപ്പി. എന്നാൽ ലൂയി ബി. മേയർ നായകനായ എംജീയെമ്മിന്റെ കലാസംവിധായകൻ സെഡ്രിക് ഗിബ്ബൺസായിരുന്നു ശിൽപ്പം രൂപൽപ്പന ചെയ്തത്.

ഉടവാളു നിലത്തു കുത്തി നിൽക്കുന്ന പോരാളിയാണ് അന്നുമിന്നും ആ ശിൽപ്പത്തിലെ പ്രധാന ആകർഷണം. അഞ്ച് ആരക്കാലുകശുള്ള ഫിലിം റോളിലാണ് യോദ്ധാവിന്റെ നിൽപ്പ്. അഭിനേതാക്കൾ, എഴുത്തുകാർ, സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ എന്നീ വിഭാഗങ്ങളെയാണ് ഫിലിം റോളിന്റെ ആരക്കാലുകൾ പ്രതിനിധീകരിക്കുന്നത്. ഉദാത്തമായ ചിന്തകളുണ്ടായിരുന്നു ഒരു പേരു ലഭിക്കും മുന്പുതന്നെ ആ പുരസ്കാര ശിൽപ്പത്തിന്.

പന്തണ്ടിനങ്ങളിലായി പതിനഞ്ച് പുരസ്കാരങ്ങളായിരുന്നു ആദ്യ തവണ സമ്മാനിച്ചത്. പുരസ്കാര ദാന വേളയിൽ മുദ്ര വെച്ച കവർ തുറന്നാണ് ഇപ്പോൾ ഓസ്കർ പ്രഖ്യാപിക്കുന്നത്. എന്നാൽ ആദ്യ ഓസ്കർ പുരസ്കാര ദാനത്തിന് മുന്നു മാസങ്ങൾക്കു മുന്പായിരുന്നു പ്രഖ്യാപിച്ചത്. ദ ലാസ്റ്റ് കമാൻഡ്, ദ വേ ഓഫ് ഓൾ ഫ്ലെഷ് എന്നീ ചിത്രങ്ങളിലേ അഭിനയത്തിന് എമിൽ ജന്നിംഗ്സായിരുന്നു മികച്ച നടനുള്ള ആദ്യ അക്കാദമി പുരസ്കാരം സ്വന്തമാക്കിയത്. ജന്നിംഗ്സിന് പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് ഒരു കൗതുകം കൂടി. അവോഡു ദാന സമയത്ത് യൂറോപ്പിലേക്കു പോകേണ്ടിയിരുന്ന ജന്നിംഗ്സ് അവോഡ് നേരത്തേ നൽകണമെന്ന് അക്കാദമിയോട് അഭ്യർത്ഥിച്ചു. അഭ്യർത്ഥന സ്വീകരിച്ച അക്കാദമി പൊതു ചടങ്ങിനു മുന്പേ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു അങ്ങനെ ആദ്യമായി പുരസ്കാരം കൈപ്പറ്റിയ വ്യക്തിയെന്ന നേട്ടത്തിനും മികച്ച നടൻ അർഹനായി. സെവൻത് ഹെവൻ, സ്റ്റ്രീറ്റ് ഏഞ്ചൽ എന്നീ ചിത്രങ്ങളിലഭിനയിച്ച ജാനറ്റ ഗേനർക്കായിരുന്നു മികച്ച നടിക്കുള്ള ആദ്യ അക്കാദമി പുരസ്കാരം. സംവിധാന മികവിന് ഫ്രാങ്ക് ബോ‍‍ർസേജും ലൂയീ മൈൽസ്റ്റണും അർഹരായി. വിംഗ്സ്, സൺറൈസ് എന്നിവയായിരുന്നു മികച്ച ചിത്രങ്ങൾ. 

മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിൽ നാമനിർദ്ദേശം ലഭിച്ച ചാർലി ചാപ്ലിൻ ഈ വിഭാഗങ്ങളിലെല്ലാം തഴയപ്പെട്ടതുകൊണ്ടും ശ്രദ്ധേയമായി ആദ്യ അക്കാദമി പുരസ്കാരദാനം. ജൂറിയുടെ പ്രത്യേക പുരസ്കാരം നൽകപ്പെട്ട ചാപ്ലിൻ പിന്നീട് 1971ൽ ആദരിക്കപ്പെട്ടു. ആദ്യ പരിഗണനാ വേളയിൽ ശബ്ദ ചിത്രമായ ദ ജാസ് സിംഗർ പുരസ്കാര നിർണ്ണയത്തിൽ നിന്നും ഒഴിവാക്കപ്പെട്ട കൗതുകവും വേറിട്ടതാകുന്നു. കൗതുകങ്ങൾ ഇനിയും ഏറെയുണ്ട് ഓസ്കർ പുരസ്കാരങ്ങളെപ്പറ്റി. ഇന്നും ഈ തൊണ്ണൂറാം എഡിഷനിലും ഓസ്കറിനെക്കുറിച്ചുള്ള ലോകത്തിന്റെ കൗതുകം ഒട്ടും കുറയുന്നില്ല എന്നതാണ് അതിലുമേറെ കൗതുകകരം.

You might also like

Most Viewed