പ്രണയത്തി­നു­മപ്പു­റം, അവളു­ടെ­ ഓർ‍­മ്മയിൽ‍ അവൻ..


കൂക്കാനം റഹ്്മാൻ

ചെന്നൈയിലേക്കുളള ട്രെയിൻ‍ യാത്രയിലാണ് അർ‍ജ്ജുനനെ പരിചയപ്പെട്ടത്. സംസാരം അളന്നുമുറിച്ചാണ്. വർ‍ത്തമാനം പറയുന്നതിൽ‍ പിശുക്കുണ്ടെങ്കിലും മുഖത്തെ പ്രസന്നഭാവം കണ്ടതിനാൽ‍ ഇടയ്ക്കിടയ്ക്ക് ഞാൻ അയാളുമായി സംഭാഷണത്തിലേർ‍പ്പെട്ടു. ചെന്നൈയിൽ‍ കേന്ദ്രസർ‍ക്കാർ‍ സർ‍വ്വീസിൽ‍ ഉയർ‍ന്ന ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയാണെന്നും ലീവ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞു. കന്പാർ‍ട്ടുമെന്റിൽ‍ കോളജ് വിദ്യാർ‍ത്ഥികളെന്നുതോന്നുന്ന യുവതീയുവാക്കൾ‍ പരസ്പരം സംസാരിച്ച് ബഹളം വെക്കുന്നുണ്ട്. ആണും പെണ്ണും തമ്മിൽ‍ ഇടപഴകുന്നത് കാണുന്പോൾ‍ മനസ്സിൽ‍ അമർ‍ഷം തോന്നി. കന്പാർ‍ട്ടുമെന്റിൽ‍ മറ്റ് യാത്രക്കാരുണ്ട് എന്ന ചിന്ത പോലുമില്ലാതെയാണ് അവരുടെ കെട്ടിപ്പിടുത്തവും മറ്റും...

അർ‍ജ്ജുനൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം പുറത്തേക്ക് കണ്ണുംനട്ട് എന്തോ ചിന്തയിൽ‍ ഇരിക്കുകയാണ്. ഒന്ന് തൊട്ട്‌വിളിച്ച് സ്വകാര്യമായി യുവത്വത്തിന്റെ പേക്കൂത്തുകൾ‍ ശ്രദ്ധിക്കാൻ ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നിട്ടും അതിലൊരു താൽ‍പര്യം കാണിക്കാത്ത ഭാവത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വിവാഹിതനും ഒന്നുരണ്ടു കുട്ടികളുടെ അച്ഛനുമായിരിക്കാം അർ‍ജ്ജുനനെന്ന് ഞാൻ‍ കരുതി. താൽ‍പര്യപൂർ‍വ്വം കുടുംബകാര്യമന്വേഷിച്ചു. ‘അങ്ങനെ ഒരു സംഭവം ഇതേവരെ നടന്നിട്ടില്ല’ ഇതായിരുന്നു പ്രതികരണം. വീണ്ടും ആകാംക്ഷയോടെ എന്റെ ചോദ്യം. ‘ഇത്ര പ്രായമായിട്ടും മാന്യമായ തൊഴിലുണ്ടായിട്ടും അതെന്താ അങ്ങനെ സംഭവിച്ചത്’. ‘അതൊരു കഥയാണ് സർ’‍. ഊം... ഞാൻ കഥ കേൾ‍ക്കാൻ കാതുകൂർ‍പ്പിച്ചിരുന്നു.

‘രണ്ട് പതിറ്റാണ്ടുകൾ‍ക്ക് മുന്പ് ഞാൻ നാട്ടിൽ‍ ഒരു ഹൈസ്‌ക്കൂൾ‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആ സ്‌ക്കൂളിൽ‍ പത്താം ക്ലാസ്സുകാരിയായ ഒരു പെൺ‍കുട്ടിയോട് എനിക്കെന്തോ ഒരു പ്രത്യേകത തോന്നി. അവളുടെ ചുരുളൻ മുടിയും, വെട്ടിത്തിളങ്ങുന്ന കണ്ണുകളും, കുസൃതി നിറഞ്ഞ ചിരിയും എനിക്ക് ആകർ‍ഷകമായി തോന്നി. അതിനെ പ്രണയമെന്നൊന്നും വിളിച്ചുകൂടാ. എന്തോ ഒരു അടുപ്പം. അത് അവളോട് പറഞ്ഞിട്ടില്ല. പറയുകയുമില്ല. പതിനാറുകാരിയായ അവളുടെ ഗുരുവാണ് ഞാൻ. പിന്നെങ്ങനെ പറയും?. കാലം അങ്ങനെ കടന്നു പോകുമെന്നും നാലോ അഞ്ചോ വർ‍ഷം കഴിയുന്പോൾ‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മനക്കോട്ട കെട്ടി. ആ സമയത്ത് ഞാൻ ഇരുപത്തഞ്ചു വയസ്സുകാരനാണ്. ഞാൻ മുപ്പതിൽ‍ എത്തുന്പോൾ‍ അവൾ‍ ഇരുപത്തിയൊന്നിലെത്തും. അനുയോജ്യമായ സമയം അതായിരിക്കും. എന്നൊക്കെ മനസ്സിൽ‍ കണക്കുകൂട്ടി ജീവിച്ചുവന്നു.

എന്റെ ഉള്ളിന്റെയുളളിലെ മനോവിചാരം ആരുമായും പങ്കിട്ടില്ല. പങ്കിടണമെന്ന് തോന്നിയിട്ടുമില്ല. അതൊരു വിഡ്ഢിത്തമായിപ്പോയെന്ന് കാലം ബോധ്യപ്പെടുത്തിത്തന്നു. അന്ന് ഏതെങ്കിലും തരത്തിലുളള സൂചന അവൾ‍ക്ക് കൊടുത്തിരുന്നെങ്കിൽ‍ ഞാൻ ഇന്ന് ഈ വിധത്തിലുളള മാനസികവ്യഥ അനുഭവിക്കില്ലായിരുന്നു. പറ്റിപ്പോയ അബദ്ധം തിരിച്ചെടുക്കാനാവില്ലല്ലോ?’. ‘എന്നിട്ടെന്തുണ്ടായി?’ കഥ കേൾ‍ക്കാനുളള ആവേശത്താൽ‍ ഞാൻ ചോദിച്ചുപോയി. ‘എന്തുണ്ടാവാൻ രണ്ടു വർ‍ഷം കഴിഞ്ഞുകാണും, അവളുടെ പ്രീഡിഗ്രി പഠനം കഴിഞ്ഞു. നീട്ടിപ്പിടിച്ച ഒരു ക്ഷണക്കത്തുമായാണ് ഒരുദിവസം അവൾ‍ എന്റെ മുന്നിലേക്ക് വന്നത്. ക്ഷണക്കത്തുവാങ്ങി. വായിച്ചില്ല’. ‘മാഷ് വരണം’. അവളുടെ മനോഹരമായ ചുണ്ടിൽ‍നിന്ന് വന്ന വാക്കുകൾ‍ എനിക്ക് ശ്രവിക്കാൻ പ്രയാസമുണ്ടാക്കി. എങ്കിലും ഒന്നും പറയാതെ ഞാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നു. കത്ത് പൊട്ടിച്ചു വായിച്ചു. മണിക്കൂറുകളോളം ചിന്തയിൽ‍ മുഴുകിയിരുന്നു. ആരോ തട്ടിവിളിച്ചപ്പോഴാണ് ചിന്തയിൽ‍നിന്നുണർ‍ന്നത്. മനസ്സിൽ‍ കാത്തുസൂക്ഷിച്ചുവച്ച ഒരു നിധിയായിരുന്നു അത്. അത് നഷ്ടപ്പെട്ടതോർ‍ത്ത് ദു:ഖിക്കാനേയിനിയാവൂ. ഞാൻ ഒന്നു തീർ‍ച്ചപ്പെടുത്തി. അവളുടെ വിവാഹത്തിന് നിർ‍ബന്ധമായും പങ്കെടുക്കണം. അമൂല്യമായൊരു സമ്മാനം കൈമാറണം. പക്ഷേ അവളുടെ താലികെട്ട് കാണാൻ എനിക്ക് കെൽ‍പ്പില്ല. ആ ഭാഗ്യവാനെ കാണാൻ എന്റെ കണ്ണുകൾ‍ക്ക് ശക്തിയില്ല. അതെനിക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

ആ സംഭവം നടന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഞാൻ‍ കൊടുത്ത സമ്മാനം അവളുടെ കൈത്തണ്ടയിൽ‍ ഇന്നും കാണാം. ‘എന്റെ ഹൃദയത്തുടിപ്പുകൾ‍‘ എന്ന് ആരുടെയും ശ്രദ്ധയിൽ‍പ്പെടാത്തവിധം ആ വലിയ വളയുടെ ഉൾ‍ഭാഗത്തായി എഴുതിവെച്ചിട്ടുണ്ട്. അതവളുടെ ശ്രദ്ധയിൽ‍പ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അത്രയും ഇഷ്ടമായിരുന്നു എനിക്കവളെ. ഇനി എനിക്കൊരു വിവാഹം വേണ്ട. വേറൊരു പെൺ‍കുട്ടിയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് കരുത്തില്ല. ഇത്രയൊക്കെ കേട്ടുകഴിയുന്പോൾ‍ ഈ വ്രണിതഹൃദയനെ ഒന്നാശ്വസിപ്പിക്കണമെന്നെനിക്കു തോന്നി. ‘ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടോ? ഇങ്ങനെയൊരു തീരമാനത്തിലെത്തേണ്ട ആവശ്യമുണ്ടോ? നിങ്ങൾ‍ ഇഷ്ടപ്പെട്ട പെൺ‍കുട്ടി വേറൊരാളുടെ ഭാര്യയായി ജീവിക്കുന്നു. അവർ‍ക്ക് കുട്ടികളുണ്ടായിക്കാണും. അവർ‍ ജീവിതം ആഘോഷിക്കുകയായിരിക്കും. നിങ്ങൾ‍ എന്തിന് സ്വജീവിതം ഇങ്ങനെ വ്യർ‍ത്ഥമാക്കിക്കളയുന്നു?’. അർ‍ജ്ജുനൻ തുടർ‍ന്നു. ‘അങ്ങനെയല്ല ഞാൻ ചിന്തിക്കുന്നത്. ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാൻ കഴിയാത്തത് മറ്റാരുടെയും കുറ്റം കൊണ്ടല്ല. ആ മൃദുല ഹൃദയമുളള പെൺകുട്ടിയുടേതല്ല. കുറ്റം എന്റേതുമാത്രമാണ്. അതാണ് ഞാൻ പശ്ചാത്തപിക്കുന്നത്. ആ പശ്ചാത്താപം ഞാൻ ചെയ്തുകൊണ്ടേയിരിക്കുന്നു. അവളുടെ ജീവിതത്തിന് ഒരു പോറൽ‍ പോലും ഏൽ‍ക്കരുത്. അവൾ‍ ആഹ്ലാദചിത്തയായി എന്നും ജീവിക്കണം. അത് കണ്ട് എനിക്ക് സന്തോഷിക്കണം. അത്രമേൽ‍ ഇഷ്ടമാണെനിക്കവളെ. ഞാൻ ഒരു വാക്കു പറഞ്ഞാൽ‍ അവൾ‍ എന്റെ കൂടെ ഇറങ്ങിവരുന്ന കാലമുണ്ടായിരുന്നു. വൈവാഹികജീവിതത്തിൽ‍ അൽ‍പമൊരു താളപ്പിഴയുണ്ടായിരുന്നത് ഞാനറിഞ്ഞിരുന്നു. അവളുടെ കണ്ണീരും, കദനവും എന്റെ ഹൃദയത്തിൽ‍ കൂരന്പുകളേൽ‍പ്പിച്ചിരുന്നു. എന്നിട്ടും ഞാൻ അവിവേകം കാണിച്ചില്ല. വർ‍ഷം വീണ്ടും മുന്നോട്ടുപോയി. അവളുടെ ജീവിതം സുഖശീതളിമയിലായി. ഞാൻ സന്തോഷിച്ചു’. ‘ഇക്കാര്യങ്ങളൊക്കെ നിങ്ങൾ‍ അറിയുന്നതെങ്ങനെ?. പറഞ്ഞറിയുന്നതാണോ?. നിങ്ങൾ‍ തമ്മിൽ‍ പരസ്പരം ആശയവിനിമയം നടത്താറുണ്ടോ?’ ഞാൻ തിരക്കി. ‘അങ്ങനെയൊന്നുമില്ല. ഞാൻ നിഴലായി അവളുടെ കൂടെയാണ്. എന്റെ ജീവിതം അവൾ‍ക്കുവേണ്ടിയാണ്. അതവളറിയുമോ എന്നുപോലും എനിക്കറിയില്ല. ഞാൻ കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നതെങ്കിലും അവളറിയാതെ അവളെ കാണാൻ ആഴ്ചയിൽ‍ നാട്ടിലെത്തും. അതൊരു ആശ്വാസമാണെനിക്ക്. കൺകുളുർ‍ക്കെ നോക്കി നിൽ‍ക്കും. എനിക്ക് നിരാശയൊന്നും തോന്നാറില്ല. കണ്ടില്ലെങ്കിൽ‍ മനസ്സ് തളരും. ഒപ്പം കൂട്ടിവരാനല്ല; ഒപ്പം ജീവിക്കാനല്ല, ഒന്നു കാണാൻ മാത്രം. അതുമതി എനിക്ക്’. ഇത് ഭ്രാന്തമായ ഒരാവേശമാണെന്ന് മാഷ് കരുതല്ലേ. പേരറിയാത്തൊരു നൊന്പരമുണ്ട് എന്റെ മനസ്സിൽ‍. അതവളെ കണ്ടാൽ‍ തീരും. അവൾ‍ സന്തോഷമായി ജീവിക്കുന്നു എന്നെനിക്കറിഞ്ഞാൽ‍ മതി. എനിക്കിന്ന് ബന്ധുക്കളായി ആരുമില്ല. ഞാൻ ഒറ്റയാനാണ്. എന്റെ ജീവിതച്ചെലവ് കഴിച്ച് മിച്ചം വെക്കുന്നതെല്ലാം അവൾ‍ക്കുളളതാണ്. അവളുടെ കുട്ടികൾ‍ക്കുളളതാണ്. ഇത് ഞാൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇതും ഭ്രാന്താണെന്ന് മാഷ് വിധിയെഴുതല്ലേ?

എന്റെ ഈ സ്‌നേഹവും നടപടികളും അവളെ ഞാൻ അറിയിച്ചിട്ടില്ല. അവളുടെ മനസ്സ് പതറിപ്പോയെങ്കിലോ എന്ന് ഭയന്ന്. അവൾ‍ നല്ലൊരു ഭാര്യയായി, മാതൃകയായ ഒരു അമ്മയായി ജീവിക്കണം. മരിക്കുംവരെ എനിക്കത് കാണണം അത്രമാത്രമാണ് എന്റെ ജീവിതാഭിലാഷം. ഇക്കാര്യം ലോകത്താർ‍ക്കുമറിയില്ല. എനിക്ക് മാത്രം അറിയുന്ന വസ്തുത. ഇപ്പോൾ‍ മാഷും അറിഞ്ഞു. പക്ഷേ ഇങ്ങനെയൊരു പെൺ്‍കുട്ടിയുണ്ട് എന്നല്ലാതെ എവിടെയാണെന്നോ, ആരാണെന്നോ, എന്താണെന്നോ മാഷോട് ഞാൻ പറഞ്ഞില്ലല്ലോ?. പറയുകയുമില്ല. പക്ഷേ മാഷെ ഒരു കാര്യം കൂടിയുണ്ട്. വർ‍ഷത്തിലൊരിക്കൽ‍ ഞങ്ങൾ‍ തമ്മിൽ‍ കാണും. അത് അവളുടെ ജന്മദിനത്തിലാണ്. ഞാൻ എത്തുമെന്നവൾ‍ക്കറിയാം. മനസ്സ് തെറ്റാതിരിക്കാൻ ശ്രദ്ധിക്കണേ എന്ന് ഞാൻ അവളോട് മുൻ‍കൂട്ടി പറയും. അവൾ‍ അതിനേക്കാൾ‍ മിടുക്കിയാണ്. സമ്മാനപ്പൊതിയുമായേ ഞാൻ ചെല്ലൂ. പക്ഷേ കഴിഞ്ഞ ഇരുപതു വർ‍ഷമായിട്ടും ആ സമ്മാനപ്പൊതി അവൾ‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കില്ലെന്നറിഞ്ഞതുകൊണ്ടാണ് ഞാൻ കൊണ്ടുപോകുന്നതും. എങ്കിലും ആ സമ്മാനപ്പൊതികളൊക്കെ എന്റെ ഷെൽ‍ഫിൽ‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അവസാനം അവൾ‍ക്കെടുക്കാൻ... നേരിൽ‍ കാണുന്പോൾ‍ സംസാരം ഒന്നോ രണ്ടോ വാക്കിൽ‍ ഒതുക്കും. ‘സുഖമല്ലേ?’. ‘മകൾ‍ ഏതു ക്ലാസ്സിൽ‍ പഠിക്കുന്നു?’. അതിന് ഒന്നോ രണ്ടോ വാക്കിൽ‍ ഉത്തരം കിട്ടും. കാറിൽ‍ കയറി ഞാൻ യാത്രയാവും. കാറിലിരുന്നു കണ്ണീർ‍ തുടക്കും... ദു:ഖം കൊണ്ടല്ല. കണ്ടതിലുളള സന്തോഷം കൊണ്ടാണ്. ഞാൻ ഉണർ‍ന്നെണീറ്റ ഉടനെ എന്റെ മുറിയിൽ‍ തൂക്കിയിട്ട പതിനാറുകാരിയുടെ മഞ്ഞ ദാവണിയണിഞ്ഞ ഫോട്ടോയിലേക്കു നോക്കും. വെറുതെ സ്വയം ചോദിക്കും. ‘ഇന്നലെ സുഖമായുറങ്ങിയില്ലേ?’ ‘സുഖമല്ലേ?’. ഉത്തരം ഞാൻ തന്നെ പറയും.

പറഞ്ഞുതീർ‍ന്നപ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞു. ഉറക്കം മെല്ലെ കണ്ണിലേക്കെത്തി. ഞങ്ങളിരുവരും ബർ‍ത്തിലേക്ക് ചാഞ്ഞു. ഉറക്കം വന്നില്ല. എന്റെ തൊട്ടടുത്ത ബർ‍ത്തിൽ‍ ഉറങ്ങുന്ന സുമനസ്സിനെക്കുറിച്ചായിരുന്നു ചിന്ത. ഇദ്ദേഹത്തിന്റെ മനസ്സിൽ‍ ആ പെൺ‍കുട്ടിയെക്കുറിച്ച് നെയ്‌തെടുത്തത് പ്രണയമല്ല. ആത്മാർ‍ത്ഥത നിറഞ്ഞ സ്‌നേഹമെന്നും പറഞ്ഞുകൂടാ. എന്തോ ദൈവീകമായൊരാകർ‍ഷണം. വിട്ടുമാറാൻ പറ്റാത്ത ആത്മനിർ‍വൃതിക്കായുളള അടുപ്പം. അതങ്ങനെ തുടരട്ടെ. കളങ്കമില്ലാത്ത രണ്ടു മനസ്സുകൾ‍ എന്നെങ്കിലും പരസ്പരം അടുക്കട്ടെ. അപ്പോഴെങ്കിലും ലോകമറിയട്ടെ ഇങ്ങനെയുമുണ്ട് പ്രണയത്തിനപ്പുറത്തൊരു ആത്മബന്ധമുണ്ടെന്ന്...

You might also like

Most Viewed