ഖജനാവ് ഊറ്റു­ന്ന നേ­താ­ക്കൾ...


ജെ. ബിന്ദുരാജ്

1948ൽ ഗാന്ധിയുടെ കൊലപാതകത്തിനുശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൂടുതൽ സുരക്ഷിതത്വം ഏർപ്പെടുത്തണമെന്ന ആവശ്യമുയർന്ന സമയം. 1948 ജൂൺ ഏഴാം തീയതി നടന്ന ക്യാബിനറ്റ് യോഗത്തിൽ മൗണ്ട് ബാറ്റൺ ഇതു സംബന്ധിച്ച് നൽകിയ കുറിപ്പിലെ കാര്യങ്ങൾ സർദാർ വല്ലഭായ് പട്ടേൽ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയും വലിയ വീട്ടിലേക്ക് മാറാൻ നെഹ്റു നിർബന്ധിതനാകുകയും ചെയ്തു. തെല്ലും താൽപര്യപ്പെടാതെ വലിയ വീട്ടിലേക്ക് മാറിയെങ്കിലും ചെലവ് പരമാവധി ചുരുക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. സൽക്കാരങ്ങൾക്കായുള്ള നികുതിവിധേയമല്ലാത്ത പ്രതിമാസ ആനുകൂല്യമായ 500 രൂപ അദ്ദേഹം വേണ്ടെന്നു വച്ചു. പ്രധാനമന്ത്രിയുടെ ശന്പളം ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിമാരുെട ശന്പളത്തിന്റെ ഇരട്ടിയായിരിക്കണമെന്ന ചില മന്ത്രിമാരുടെ നിർദ്ദേശം നെഹ്റു തള്ളിക്കളഞ്ഞു. വിരമിക്കുന്ന പ്രധാനമന്ത്രിക്ക് പെൻഷനും മറ്റു സൗകര്യങ്ങളും നൽകണമെന്ന നിയമം പാസ്സാക്കണമെന്ന നിർദ്ദേശവും അദ്ദേഹം ചെറുത്തുതോൽപിച്ചു. അന്ന് മന്ത്രിമാരുടെ അനുവദനീയമായ ശന്പളം 3000 രൂപയും 500 രൂപ സൽക്കാര ആനുകൂല്യവുമായിരുന്നു. എന്നാൽ ദരിദ്രരാജ്യമായ ഇന്ത്യയിലെ മന്ത്രിമാർ അത്രയും വലിയൊരു തുക ശന്പളമായി വാങ്ങരുതെന്ന് നെഹ്റു നിർദ്ദേശിച്ചു. അദ്ദേഹവും മന്ത്രിമാരും ശന്പളം ആദ്യം വെട്ടിച്ചുരുക്കി 2250 രൂപയാക്കി. പിന്നീടത് 2000 രൂപയാക്കി. 

സമീപകാലത്ത് ഇന്ത്യൻ പ്രസിഡന്റിന്റേയും ഇന്ത്യൻ പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും എംപിമാരുടേയുമൊക്കെ പ്രതിമാസ വേതനം സർക്കാർ കുത്തനെ ഉയർത്തിയപ്പോൾ ജവഹർലാൽ നെഹ്റു എന്ന മിതവ്യയക്കാരനെ ഓർമ്മ വന്നു. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ പൊതുപണത്തിന്റെ ഊറ്റുകാരാകരുതെന്ന നെഹ്റുവിന്റെ വീക്ഷണത്തെ പാടെ അട്ടിമറിക്കുംവിധമാണ് ഇന്ന് ഇന്ത്യയിൽ ഭരണാധിപന്മാരുടേയും സർക്കാർ സേവകരുടേയും ശന്പളം നിശ്ചയിക്കപ്പെടുന്നതെന്ന് ആ വലിയ വേതനങ്ങളിൽ നിന്നു തന്നെ വ്യക്തം. പുതിയ ശന്പളക്കണക്കുകളൊന്നു നോക്കൂ. എല്ലാ ചെലവുകളും സർക്കാർ വഹിക്കുന്ന ഇന്ത്യൻ പ്രസിഡന്റിന് പ്രതിമാസം അഞ്ച് ലക്ഷം രൂപയും മറ്റ് നിശ്ചിത ആനുകൂല്യങ്ങളുമാണ് പുതിയ ശന്പളം. വൈസ് പ്രസിഡന്റിന് നാല് ലക്ഷം രൂപയും നിശ്ചിത ആനുകൂല്യങ്ങളും. പ്രധാനമന്ത്രിക്ക് 1,65,000 രൂപയും മറ്റ് നിശ്ചിത ആനുകൂല്യങ്ങളും. ഗവർണർമാർക്ക് 3,50,000 രൂപ, ചീഫ് ജസ്റ്റിസിന് 2,80,000 രൂപ, സുപ്രീം കോടതി ജഡ്ജിമാർക്ക് 2,50,000 രൂപ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് 2,50,000 രൂപ, കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് 2,50,000 രൂപ, എംപിമാർക്ക് 50,000 രൂപയും മണ്ധഡല ആനുകൂല്യമായി 45,000 രൂപയും പാർമെന്റ് ഓഫീസ് ആനുകൂല്യമായി 45,000 രൂപയും പാർലമെന്റ് കൂടുന്പോഴുള്ള പ്രതിദിന ആനുകൂല്യമായി 2000 രൂപയും,.... ന്യായമായും ഒരു ചോദ്യമുണ്ടാകാം. ഇന്ത്യയിൽ സർക്കാരിന്റെ കണക്കനുസരിച്ച് ഗ്രാമപ്രദേശങ്ങളിൽ പ്രതിദിനം 32 രൂപയ്ക്കു മേൽ ചെലവാക്കുന്നയാളും നഗരപ്രദേശങ്ങളിൽ 47 രൂപയ്ക്കുമേൽ ചെലവാക്കുന്ന ഒരാളും പാവപ്പെട്ടവനായി കണക്കാക്കപ്പെടുന്നില്ല. അതായത് സർക്കാർ കണക്കുകൾ പ്രകാരം പ്രതിമാസം 997 രൂപയ്ക്കു മേലെയും 1457 രൂപയ്ക്കുമേലെയും സന്പാദിക്കുന്നവർ പാവപ്പെട്ടവരല്ലെന്നാണ് സർക്കാർ പറയുന്നത്. രാഷ്ട്രപതിക്ക് ഒരു ദിവസം കിട്ടുന്ന ശന്പളമാകട്ടെ 16,129 രൂപയും. അതായത് 32 രൂപ പ്രതിദിന വരുമാനമുള്ള ഒരാളുടെ വേതനത്തേക്കാൾ 500 ഇരട്ടി. ഇത്രയും വലിയ തുക ശന്പളം വാങ്ങുന്നതിനുള്ള എന്ത് ജോലിയാണ് രാഷ്ട്രപതി ചെയ്യുന്നതെന്നു കൂടി ചിന്തിക്കുന്പോഴാണ് ഇത്രയും കനപ്പെട്ട ശന്പളം നൽകുന്നത് ഖജനാവിനുമേലുള്ള അധികഭാരമാണെന്ന് നമുക്ക് തോന്നുന്നത്. ഇതിനു പുറമേയാണ് പല മട്ടിലുള്ള ആനുകൂല്യങ്ങളും പെൻഷനുമൊക്കെ. ഒരു സാധാരണ മനുഷ്യനേക്കാൾ അധികമായി എന്താണ് രാഷ്ട്രപതി ചെയ്യുന്നതെന്നു കൂടി നോക്കണം. ഏതൊരാൾക്കും ആവശ്യമായ ഭക്ഷണം മാത്രമേ രാഷ്ട്രപതിക്കും ആവശ്യമായി വരുന്നുള്ളു. ഏതൊരാൾക്കും ആവശ്യമായ വസ്തുക്കൾ മാത്രമേ രാഷ്ട്രപതിയും ഉപയോഗിക്കുന്നുള്ളു. അതിനർത്ഥം രാഷ്ട്രത്തിന്റെ ചെലവിൽ ലഭിക്കുന്ന ശന്പളത്തുക രാഷ്ട്രപതി തന്റെ വ്യക്തിഗത സന്പത്ത് വളർത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നും ഖജനാവിന്റെ പരസ്യമായ ഈ ഊറ്റലിന് ഭരണകൂടം ഒത്താശ ചെയ്തു നൽകുന്നുവെന്നുമാണ്. 

രാഷ്ട്രീയക്കാർ തങ്ങൾക്ക് ലഭിക്കുന്ന വലിയ വേതനത്തെ ന്യായീകരിക്കുന്നത് ചില എതിർവാദങ്ങൾ ഉന്നയിച്ചുകൊണ്ടാണ്. അതിലൊന്ന് സ്വകാര്യ കന്പനികളുടെ സിഇഒമാർക്ക് ലഭിക്കുന്ന തുകയേക്കാൾ എത്രയോ കുറവാണ് രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന വേതനമെന്നതാണ്. രാഷ്ട്രസേവനം ഒരു ബിസിനസല്ലെന്നും ജനസേവകരുടെ റോളിലാണ് തങ്ങൾ നിലകൊള്ളുന്നതെന്നും പോലുമറിയാത്തവരാണ് ഈ വാദങ്ങളുടെ പിന്നിൽ. ഭരണാധിപന്മാർക്ക് വലിയ ശന്പളം കൊടുത്തില്ലെങ്കിൽ അവർ പ്രലോഭനങ്ങൾക്ക് വശംവദരാകുമെന്നും അഴിമതിക്കാരായി മാറുമെന്നുമാണ് മറ്റൊരു വാദം. രാഷ്ട്രത്തിന്റെ ഖജനാവിലെ പണം തങ്ങൾക്ക് തോന്നിയപോലെ ഉപയോഗിക്കാനുള്ളതാണെന്ന വിചാരത്തോടെയാണ് ഒട്ടുമിക്ക ഭരണാധികാരികളും ഇന്ന് അധികാരത്തിലെത്തുന്നതു പോലും. എന്തിന്, കേരളത്തിലെ ഭരണച്ചെലവ് കുറയ്ക്കുന്നതിനെപ്പറ്റി വാചാലരാകുന്നർ മന്ത്രിമാരായിട്ടുള്ള കേരളത്തിൽ സംഭവിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. കിട്ടുന്ന ശന്പളത്തിനു പുറത്ത്, എങ്ങനെ പരമാവധി അനുവദിച്ചിട്ടുള്ള മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റുകൾ പോലും ഊറ്റിയെടുക്കാമെന്ന കാര്യത്തിലാണ് അവരുടെ ഗവേഷണം. സ്പീക്കർ ശ്രീരാമകൃഷ്ണൻ 50,000 രൂപയുടെ കണ്ണടയും ആരോഗ്യമന്ത്രി കെകെ ശൈലജ 26,000 രൂപയുടെ കണ്ണടയും വാങ്ങുന്നതും മുഖ്യമന്ത്രി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് പോകാൻ എട്ടു ലക്ഷം രൂപയുടെ ഹെലികോപ്ടർ വാടക പൊതുഭരണ വകുപ്പിൽ നിന്നെടുത്തു നൽകുന്നതുമൊക്കെ അതിന്റെ സൂചനകളാണ്. കാലിയാവുന്ന ഖജനാവിനെപ്പറ്റി പറയുന്ന ധനമന്ത്രി തോമസ് ഐസക്കുപോലും ആയുർവേദ ചികിത്സയുടെ പേരിൽ വാങ്ങിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. തങ്ങൾക്ക് നിയമപ്രകാരം അനുവദിച്ചിരിക്കുന്നതെല്ലാം അതിന്റെ പൂർണതയിൽ ഊറ്റിയെടുക്കാൻ വെന്പുന്ന ഈ രാഷ്ട്രീയനേതാക്കളോട് ആർക്കാണ് ലളിതജീവിതം ഉപദേശിക്കാനാകുക? ഇതിനു പുറമേയാണ് മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കുന്ന കോടിക്കണക്കിനു രൂപയുടെ ധൂർത്ത്. യുഡിഎഫ് സർക്കാരിൻരെ കാലത്ത് 4.3 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മൻമോഹൻ ബംഗ്ലാവ് വാസ്തുശാസ്ത്രപ്രകാരം പുതുക്കാൻ 17 ലക്ഷം രൂപയും സി ദിവാകരൻ 11 ലക്ഷം രൂപയും മന്ത്രിമന്ദിരം മോടിപിടിക്കാൻ ചെലവാക്കി പുലിവാൽ പിടിച്ചിരുന്നു. ചാണ്ടി സർക്കാരിന്റെ കാലത്ത് എംകെ മുനീർ വീട് മോടിപിടിപ്പിക്കാൻ 73 ലക്ഷം രൂപ ചെലവാക്കി റെക്കോർഡിട്ടപ്പോൾ കെഎം മാണി 38.9 ലക്ഷം രൂപയും മഞ്ഞളാംകുഴി അലി 33 ലക്ഷവുമായി തൊട്ടുപിന്നിലെത്തി. മോഡി സർക്കാരിലെ മന്ത്രിമാരുടെ കാര്യവും തഥൈവ. ടെക്‌സ്റ്റൈൽ വകുപ്പുമന്ത്രി സ്മൃതി ഇറാനി 1.16 കോടി രൂപയാണ് ഓഫീസ് മോടി പിടിപ്പിക്കാൻ മാത്രം ചെലവിട്ടത്. മായാവതി ഉത്തരപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 86 കോടി രൂപയാണ് മന്ത്രിമന്ദിരത്തിന്റെ മോടിപിടിപ്പിക്കുന്നതിനായി ചെലവിട്ടതെന്നും ഓർക്കുക. ലളിത ജീവിതം മനസ്സിന്റെ വലുപ്പത്തിൽ നിന്നുണ്ടാകുന്ന ഒരു ക്വാളിറ്റിയാണ്, അത് നമ്മുടെ നേതാക്കളെ പഠിപ്പിക്കാനൊക്കില്ല. കമ്യൂണിസ്റ്റുകാർക്കാകട്ടെ, അവരുടെ പ്ലീനത്തിൽ ചർച്ച ചെയ്യാനുള്ള ഒരു ആദർശമുഖംമൂടി വാദം മാത്രമാണ് ഇന്ന് ലളിത ജീവിതം!

വലിയ ശന്പളം വാങ്ങുന്നത് നമ്മുടെ മന്ത്രിമാരുടെ അവകാശമാണെന്നു തന്നെയിരിക്കട്ടെ. തങ്ങളുടെ ജോലി അവർ കൃത്യതയോടെ ചെയ്യുന്നുണ്ടെങ്കിൽ നമുക്കത് പിന്നെയും സഹിക്കാമായിരുന്നു. പക്ഷേ കേരളത്തിൽ കുന്നുകൂടുന്ന ഫയലുകളുടെ എണ്ണം നോക്കിയാൽ അറിയാം ഈ മന്ത്രിമാരുടെ തൊഴിലിനോടുള്ള വിമുഖത. മെച്ചപ്പെട്ട ഭരണം കെട്ടിപ്പടുക്കുന്നതിനായി മന്ത്രിമാർ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റിലിരുന്ന് തൊഴിലെടുക്കണമെന്നും മണ്ധലത്തിലെ പരിപാടികൾ രണ്ടു ദിവസത്തേക്ക് മാത്രമായി ചുരുക്കണമെന്നും സ്ഥാനമേറ്റെടുത്തയുടനെ, സുവിശേഷം കണക്കെ പ്രസംഗിച്ചയാളാണ് മുഖ്യമന്ത്രി. പക്ഷേ മാതൃക കാട്ടേണ്ട മുഖ്യമന്ത്രി സിപിഎം ജില്ലാ സമ്മേളന കാലത്ത് 25 ദിവസമാണ് തിരുവനന്തപുരത്തു നിന്നും പൂർണമായി മാറി നിന്നത്. തൃശ്ശൂരിൽ അഞ്ച് ദിവസം നീണ്ട സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോഴാകട്ടെ അഞ്ചു ദിവസത്തേക്ക് സിപിഎം മന്ത്രിമാർ പൂർണമായും സെക്രട്ടറിയേറ്റിൽ നിന്നും അടുപ്പിച്ച് മാറി നിന്നു. ഓഖി ദുരന്തനിവാരണ ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് ജില്ലാ സമ്മേളന വേദികളിലേക്ക് ട്രിപ്പടിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആ ചർച്ചകളിലൊന്നിന്റെ പേരിലാണ് വിവാദമായ എട്ടു ലക്ഷം രൂപയുടെ ഹെലികോപ്ടർ യാത്രയും നടന്നത്. സംസഥാനത്ത് വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തെപ്പറ്റി അൽപമെങ്കിലും ആത്മാർത്ഥമായ സമീപനമുണ്ടെങ്കിൽ ഓരോ ഫയലും ഓരോ ജീവിതമാണെന്ന തന്റെ പഴയ വാചകമടി മുഖ്യമന്ത്രി സ്വയം രണ്ടാമതൊന്നു കൂടി കേട്ടുനോക്കണം. റവന്യൂ വകുപ്പിൽ 17,898 ഫയലുകളും ആഭ്യന്തര വകുപ്പിൽ 11,564 ഫയലുകളും ആരോഗ്യവകുപ്പിൽ 8941 ഫയലുകളും കൃഷി വകുപ്പിൽ 5484 ഫയലുകളും ധനകാര്യവകുപ്പിൽ 5264 ഫയലുകളും തൊഴിൽ വകുപ്പിൽ 3335 ഫയലുകളും വിജിലൻസ് വകുപ്പിൽ 2692 ഫയലുകളുമാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 1984 ഫയലുകൾക്ക് അഞ്ചു വർഷത്തിലേറെ പഴക്കവുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. പ്രതിമാസം 1,85,000 രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് ശന്പളമായി കേരള മുഖ്യമന്ത്രി കൈപ്പറ്റുന്നതെന്നും അറിയുക. ഇതൊക്കെ പോരാഞ്ഞിട്ട് തെരഞ്ഞെടുക്കപ്പെട്ട ഇടത് ജനപ്രതിനിധികൾ നിയമസഭയിലെ പൊതുമുതൽ നശിപ്പിക്കുന്ന കാഴ്ചകളും മുൻ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് സമ്മേളനസമയത്ത് കണ്ടു. ഇപി ജയരാജനും കെടി ജലീലും കെ അജിത്തും കുഞ്ഞഹമ്മദും സി കെ സദാശിവനും ശിവൻ കുട്ടിയും ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷ്ണനുമൊക്കെ അഴിഞ്ഞാടിയത് ജനം ടെലിവിഷനിലൂടെ കണ്ടതാണ്. പൊതുമുതൽ നശിപ്പിച്ചവർ ജനപ്രതിനിധിയായാലും അല്ലാത്തവരാണെങ്കിലും കുറ്റവാളികൾ തന്നെയാണ്. ഇവർ വരുത്തിയ നാശനഷ്ടം എത്രയാണോ ആ നഷ്ടപരിഹാരത്തുക അവരിൽ നിന്നും ഈടാക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം ആ എംഎൽ എമാർക്ക് കിട്ടുന്ന ശന്പളത്തിൽ നിന്നും ആ തുക ഈടാക്കേണ്ട ഔചിത്യമെങ്കിലും ബന്ധപ്പെട്ടവർ കാട്ടണം. 

പാവപ്പെട്ടവർ ഭരണകക്ഷിയായ സിപിഎമ്മിൽ നിന്നും അകന്നുപോകുന്നുവെന്നും പാർട്ടിക്ക് പാവപ്പെട്ടവരെ ഒപ്പം നിർത്താൻ കഴിയാതെ പോകുകയാണെന്നും തൃശ്ശൂരിൽ സമാപിച്ച സിപിഐ (എം) സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. ഈ വിമർശനത്തിന് അടിസ്ഥാനവുമുണ്ട്. ആരംഭകാലത്ത് തൊണ്ണൂറുകൾ വരെ കമ്യൂണിസ്റ്റു പാർട്ടി പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കായാണ് നിലകൊണ്ടതെങ്കിൽ പിന്നീട് അധികാരരാഷ്ട്രീയത്തിന്റെ വഴിയേ, നീങ്ങാൻ തുടങ്ങിയതോടെ വലതുപ്രസ്ഥാനങ്ങളെപ്പോലെ മുതലാളിത്തത്തിന്റെ ഭാഗമായി സ്വയം നിലയുറപ്പിക്കുകയായിരുന്നു. തൊണ്ണൂറുകൾ മുതൽ ആ അപചയം അതിന്റെ ഏറ്റവും പ്രകടമായ തലത്തിൽ ദൃശ്യമാകാനും തുടങ്ങി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പാർട്ടിക്ക് വലിയ സംഭാവന നൽകുന്ന മുതലാളികളെ തൃപ്തിപ്പെടുത്താൻ നയങ്ങളിൽ വലിയ തോതിൽ അവർ മാറ്റമുണ്ടാക്കി. പരിസ്ഥിതി സംരക്ഷണമായിരുന്നു പ്രഖ്യാപിതനയമെങ്കിലും അതിരപ്പിള്ളി പദ്ധതിയുടെ കാര്യമാണെങ്കിലും ഹൈറേഞ്ചിലെ കൈയേറ്റങ്ങളാണെങ്കിലും നെൽവയൽ നീർത്തട നിയമത്തിലെ വെള്ളം ചേർക്കലുകളാണെങ്കിലും അതിൽ നിന്നും പ്രകടമായും വ്യതിചലിച്ചു. കുറഞ്ഞ വേതനം ലഭിക്കുന്ന, തൊഴിലാളികളുടെ സമരങ്ങൾ കേരളത്തിൽ നടന്നത് കണ്ടതായിപ്പോലും നടിച്ചില്ലെന്നു മാത്രമല്ല, അവരെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനായുള്ള ഒരു ശ്രമവും നടത്തിയുമില്ല. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നാലു ലക്ഷത്തോളം വരുന്ന നഴ്‌സുമാർ വേതനവർധനവിനായി സമരം ചെയ്തപ്പോഴോ സംസ്ഥാനത്തെ വസ്ത്രശാലകളിലെ 25 ലക്ഷത്തോളം വരുന്ന വനിതാ ജീവനക്കാർക്ക് തൊഴിൽ പീഡനവും കുറഞ്ഞ വേതനവും ആരോപിച്ച് സമരം ചെയ്തപ്പോഴോ ആദിവാസികൾ ഭൂസമരം നടത്തിയപ്പോഴോ അവയിലൊന്നും സി പി എമ്മിന്റെ പൊടിപോലും കണ്ടില്ല നമ്മൾ. എന്നിട്ടാണ് ബാർ മുതലാളിമാരുടെ പണം കൊണ്ട് കെട്ടിപ്പൊക്കിയ സമ്മേളനനഗരിയുടെ പളപളപ്പിലിരുന്ന്, പാവപ്പെട്ടവർ പ്രസ്ഥാനത്തിൽ നിന്നും അകന്നുപോകുന്നുവെന്നവർ വിലപിക്കുന്നത്! പശ്ചിമ ബംഗാളിൽ ഇടതുപക്ഷം എങ്ങനെ നാമാവശേഷമായോ അത്തരത്തിൽ തന്നെ കേരളത്തിലും നാമാവശേഷമാകാനുള്ള ലക്ഷണങ്ങളാണ് സിപി എം കാണിച്ചുകൊണ്ടിരിക്കുന്നത്. 

ലളിത ജീവിതം കൊണ്ട് പൊതുജനത്തിനു മാതൃകയാകേണ്ടവരാണ് അവരുടെ നേതാക്കന്മാരാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. സർക്കാർ ഖജനാവിൽ നിന്നും നേതാക്കൾക്ക് വലിയ ശന്പളം നൽകിയില്ലെങ്കിൽ അവർ അഴിമതിക്കാരായി മാറുമെന്ന വർത്തമാനം നെഹ്്റുവിന്റെ കാലം മുതൽ കേട്ടുതുടങ്ങിയതാണ്. ആ വാദം ഉയർത്തുന്നത് അഴിമതിക്കാരാകാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരാണെന്നതാണ് വാസ്തവം. ജനനന്മയ്ക്കു വേണ്ടി ആത്മാർത്ഥമായി നിലകൊള്ളുന്ന എത്ര നേതാക്കന്മാർ നമുക്കുണ്ടെന്ന് പരിശോധിച്ചാൽ അതിന്റെ പൊള്ളത്തരം കൂടുതൽ വ്യക്തമാകുകയും ചെയ്യും. നിലവിൽ കേരള മന്ത്രിസഭയിലെ 19 മന്ത്രിമാരിൽ അഞ്ച് മന്ത്രിമാർ കോടീശ്വരന്മാരാണെന്നാണ് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നേതാക്കളുടെ സത്യവാങ്മൂലം പരിശോധിച്ച് കണ്ടെത്തിയിട്ടുള്ളത്. രണ്ടു കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള എകെ ബാലനാണ് ഒന്നാം സ്ഥാനത്ത്, ഒരു കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള എകെ ശശീന്ദ്രനും മാത്യു ടി തോമസും രണ്ടാം സ്ഥാനത്ത്. ധനാസക്തിയുള്ള ജനപ്രതിനിധികളും മന്ത്രിമാരും അധികാരത്തിലിരിക്കുന്പോൾ കൂടുതൽ പണം തങ്ങൾക്കായി സന്പാദിക്കണമെന്ന വിചാരമേ ഉണ്ടാകുകയുള്ളുവെന്ന് ആർക്കാണ് അറിയാത്തത്? മന്ത്രിമാരുടെ ശന്പളം കൂട്ടണമെന്ന് പാർട്ടികൾ ആവശ്യപ്പെടുന്നതിനു പിന്നിലുമുണ്ട് ചില കളികൾ. സിപിഎമ്മിനെപ്പോലുള്ള പാർട്ടികൾ ജനപ്രതിനിധികളുടെ ശന്പളത്തിന്റെ വലിയൊരു വിഹിതം പാർട്ടിക്കായി സംഭാവന ചെയ്യണമെന്നുള്ളതിനാലാണ് അത്. അതിനർത്ഥം സർക്കാർ ഖജനാവിൽ നിന്നും പാർട്ടിയിലേക്ക് കൂടുതൽ പണമൊഴുകാനുള്ള വഴിയാണ് മന്ത്രിമാരുടേയും എംഎൽഎമാരുടേയും എംപിമാരുടേയും ശന്പളം വർധിപ്പിക്കണമെന്ന പാർട്ടി നിലപാടിനു പിന്നിൽ. 

ഉദാഹരണത്തിന് ത്രിപുരയിലേക്ക് തന്നെ നോക്കുക. കഴിഞ്ഞ 20 വർഷക്കാലമായി ത്രിപുര മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്ന മണിക് സർക്കാർ തെരഞ്ഞടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലം ശ്രദ്ധിക്കുക. 2410 രൂപയാണ് അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ്. കൈയിലുള്ളതാകട്ടെ 1520 രൂപയും. 1,05,500 രൂപയാണ് മണിക് സർക്കാരിന് പ്രതിമാസം ശന്പളമായി ലഭിക്കുന്നത്. തന്റെ മുഴുവൻ ശന്പളവും മണിക് സർക്കാർ പാർട്ടി നൽകുകയും പാർട്ടി അതിൽ നിന്നും 5000 രൂപ നിത്യചെലവുകൾക്കായി മണിക് സർക്കാരിന് നൽകുകയും ചെയ്യുന്നുവെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. കേന്ദ്ര സർക്കാർ ജീവനക്കാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ ഒരു പെൻഷറാണ്. പ്രധാനമന്ത്രിയാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും രാഷ്ട്രപതിയാണെങ്കിലും ഒരാൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എത്ര തുക വേണമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മാതൃകാജീവിതം നയിക്കേണ്ടുന്ന ഈ നേതാക്കൾക്ക് സർക്കാർ ഖജനാവിൽ നിന്നും പ്രതിമാസ ശന്പളമായി അഞ്ചു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയുമൊക്കെ നൽകുന്നതിലുള്ള അനീതി അവിടെയാണ് വെളിപ്പെടുന്നത്. സാധാരണക്കാരേയും പാവപ്പെട്ടവരേയും ആയുധമാക്കി അധികാരത്തിലേറുന്നവർ എന്തുകൊണ്ട് ഇത്രയും വലിയ തുക തങ്ങൾക്ക് പ്രതിഫലമായി വേണ്ടെന്ന് പറയുന്നില്ല?

സ്വന്തം ശന്പളത്തിൽ നിന്നും മറ്റ് വരുമാനത്തിൽ നിന്നുമൊക്കെ, പാവപ്പെട്ടവർക്ക് പണമെടുത്ത് നൽകിയിരുന്ന ജവഹർ ലാൽ നെഹ്്റു എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. സ്വന്തം ശന്പളം തന്നെ വെട്ടിച്ചുരുക്കാൻ മുൻകൈയെടുത്ത ഭരണാധികാരി. പാവപ്പെട്ടവർക്ക് കൈവശമുള്ള പണമെടുത്ത് നൽകുന്ന നെഹ്റുവിന്റെ ശീലത്തെപ്പറ്റി നെഹ്റുവിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റായി പ്രവർത്തിച്ച എംഒ മത്തായി റെമിനസൻസ് ഓഫ് ദ നെഹ്റു ഏജ് എന്ന പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. കഷ്ടപ്പെടുന്നവർക്ക് കൈയിലുള്ള പണമെടുത്ത് നൽകുന്ന നെഹ്റു തന്റെ പണം തീരുന്പോൾ മത്തായിയോടും പണം ചോദിക്കാൻ തുടങ്ങി. മത്തായി കൊടുക്കാതായപ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ കൈയിൽ നിന്നും പണം കടം വാങ്ങി ദാനം ചെയ്യാൻ തുടങ്ങി. നിവൃത്തിയില്ലാതെ വന്നപ്പോൾ, ഒരു ദിവസം പത്തു രൂപയിൽ കൂടുതൽ തുക നെഹ്റുവിന് കടം കൊടുക്കരുതെന്ന് മത്തായിക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകേണ്ടി വന്നുവത്രേ. ഈ കടമെടുപ്പ് നെഹ്റുവിനെ കഷ്ടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി ഒരു നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഒരാളുടെ മേൽനോട്ടത്തിലാക്കുകയും അയാളിലൂടെ പണം പിന്നീട് പാവപ്പെട്ടവർക്ക് കൈമാറാനുള്ള സംവിധാനം ഉണ്ടാക്കുകയുമായിരുന്നുവത്രേ. 1964ൽ നെഹ്റു മരിച്ചപ്പോൾ ശേഷിച്ചത് അദ്ദേഹത്തിന്റെ പൂർവികഹൃഹവും തുച്ഛമായ സ്വന്തം ബാങ്ക് നിക്ഷേപവുമായിരുന്നു! 

കോടികൾ എങ്ങനെ കോഴ വാങ്ങണമെന്നും ബജറ്റ് വരെ വിറ്റുതിന്നാൻ തയാറായി നിൽക്കുകയും ചെയ്യുന്ന ഭരണാധിപന്മാരുള്ള പുതിയ കാലത്ത് നെഹ്റുവിനെപ്പോലുള്ള നേതാക്കൾ ഒരു അപവാദമായിരിക്കാം. കുറഞ്ഞപക്ഷം സർക്കാർ ഖജനാവിനുമേൽ തങ്ങൾ ചെലുത്തുന്ന അധികബാധ്യതയിൽ നിന്നും, നിയമസഭയ്ക്കകത്തേയും പുറത്തേയും പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതയിൽ നിന്നും, നാടിനെ മോചിപ്പിക്കാനുള്ള സൗമനസ്യമെങ്കിലും അവർ കാട്ടിയാൽ കൊള്ളാം.

You might also like

Most Viewed