മനസറിഞ്ഞ് യാത്ര ചെയ്യൂ...
നീലിമ ഹരിദാസ്
ആദിമ സമൂഹങ്ങളിലെ മനുഷ്യരുടെ യാത്രകൾ ജീവിതം നിലനിർത്താനുള്ള സാഹസമായിരുന്നു. പുതിയ ദേശങ്ങൾ കണ്ട് പർവ്വതങ്ങളും പുഴയും കണ്ട് അവർ അത്ഭുതപ്പെട്ടു. ദേശാടനസമൂഹങ്ങളുണ്ടായി. കൃഷിയിടങ്ങളുണ്ടാക്കി താമസം തുടങ്ങിയ അവർ കാണാത്ത തീരങ്ങൾ തേടി സഞ്ചരിച്ചു. ഗ്രാമങ്ങളുണ്ടാക്കി. നഗരങ്ങളും മഹാ നഗരങ്ങളും പണിതു. അപ്പോഴും അവർ യാത്ര ചെയ്യുന്നത് മതിയാക്കിയില്ല. കടലിലും ആകാശത്തും അതിനപ്പുറവും യാത്ര നടത്തി. അത് ഇപ്പോഴും അനുസ്യൂതം തുടരുന്നു. ഇന്നത്തെ ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ഊർജ്ജം വീണ്ടെടുക്കാനുള്ള തപസ്സാണ്, ചികിത്സയാണ്, ആനന്ദം നൽകുന്നതാണ്.
യാത്ര പലർക്കും പല രീതിയിലാണെന്നും പറയാറുണ്ട്. അതിൽ ചിലതാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ചിലർക്കെങ്കിലും യാത്ര എന്നത് അവരറിയാത്തതോ അവരിഷ്ടപ്പെടുന്നതോ ആയ സ്ഥലങ്ങൾ കാണാനും അനുഭവിക്കാനുമുള്ള അവസരമാണ്. ഓരോ സ്ഥലങ്ങളെകുറിച്ച് അറിയുന്നവർ നടത്തുന്ന സഞ്ചാരമാണത്. ഒരു ദേശത്തിന്റെ ചരിത്രപരമോ സാംസ്‌കാരികമോ ആയ പ്രത്യേകതകൾ അറിഞ്ഞുള്ള യാത്രയാണത്. അവർ പരിചിത സ്ഥലങ്ങളുമായോ കണ്ടറിഞ്ഞ സംസ്‌കാരങ്ങളുമായോ ഓരോ യാത്രയേയും താരതമ്യപ്പെടുത്തുന്നു.
ചിലരാണെങ്കിൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടിമാത്രം യാത്ര നടത്തുന്നവരാണ്. പുഴയുടെയോ കടലിന്റെയോ പർവ്വതങ്ങളുടെയോ കാടിന്റെയോ മനോഹാരിതയാണവരുടെ ലക്ഷ്യം. ഋതുഭേദങ്ങളിലൂടെ ഇവർ സഞ്ചാരം നടത്തുന്നു. മറ്റുചിലർക്ക് സാമൂഹിക ജീവിതത്തിന്റെ സവിശേഷതകളിലാണ് താൽപ്പര്യം. ഓരോ സമൂഹത്തിന്റെയും സവിശേഷ ജീവിതം അവർ അന്വേഷിക്കുന്നു. യാത്രയിൽ അവർ ബന്ധങ്ങളുണ്ടാക്കുന്നു, വളർത്തുന്നു. മനുഷ്യ ഹൃദയങ്ങളിലൂടെയുള്ള സഞ്ചാരമാണ് അവർക്ക് യാത്ര നൽകുന്ന അവാച്യമായ ആനന്ദം.
ചിലർ എന്നും ചലിച്ചുകൊണ്ടിരിക്കാൻ ആശിക്കുന്നു. നടന്ന വഴികളിലൂടെ പോലും അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. യാത്ര ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള നീക്കമാണ്. എവിടെ പോകുന്നുവെന്നതല്ല സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് ഇവർക്ക് പ്രധാനം. ഒരു സ്ഥലത്ത് ഇരിക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല.
ചിലർക്ക് യാത്ര മറ്റുള്ളവരെ പലതും അറിയിക്കാനുള്ള അന്വേഷണമാണ്. അവർ യാത്രാ അനുഭവങ്ങൾ പകുത്തുനൽകുന്നു. ചിലർക്കാണെങ്കിൽ സ്വയം നടത്തുന്ന ഒരു തരം ചികിത്സയാണ്് യാത്ര. ഉള്ളിൽ പെരുകുന്ന അസ്വസ്ഥതകൾക്കുള്ള പരിഹാരം. ആന്തരിക സംഘർഷങ്ങളാൽ എരിയുന്പോൾ യാത്ര ഒരു സമാശ്വാസ ചികിത്സയായി മാറുന്നു. നഷ്ടപ്പെടുന്ന ഊർജ്ജം അവർ യാത്രയിലൂടെ വീണ്ടെടുക്കുന്നു. നാടു കാണാനും ആശ്വാസം തേടാനുമാകാം യാത്ര. സാംസ്‌കാരിക അന്വേഷണം നടത്തി രേഖപ്പെടുത്താനുമാകാം.
ഇതു പോലെ ഓരോ പ്രായത്തിനനുസരിച്ചും നമ്മുടെ യാത്രാ ലക്ഷ്യങ്ങൾ മാറാം. കുട്ടിക്കാലത്ത് അറിവുനേടാൻ നടത്തുന്ന യാത്ര അതേസ്ഥലത്തു തന്നെ കൗമാര കാലത്ത് സൗന്ദര്യാന്വേഷണമാകാം. പിന്നെ ശാന്തി തേടിയുള്ള തീർത്‍ഥയാത്രയുമാകാം.
യാത്രാസ്നേഹികളുടെ വിശേഷം ഇതാണെങ്കിൽ യാത്ര തീരെ ഇഷ്ടപ്പെടാത്തവരും ധാരാളമുണ്ട്. ഒരു കൊച്ചു യാത്ര നിർബ്ബന്ധമായി വരുന്പോൾ അതിനെ കുറിച്ച് ആലോചിച്ച് ആഴ്ചകളോളം അവർ വേവലാതി കൊള്ളുന്നു. രണ്ട് ദിവസത്തെ യാത്രയ്ക്ക് രണ്ട് മാസത്തെ ഒരുക്കങ്ങൾ നടത്തുന്നു. ചിലർ യാത്ര ആസൂത്രണം ചെയ്ത് അസ്വസ്ഥതയ്ക്ക് അറുതിയുണ്ടാക്കാൻ ശ്രമിക്കുന്നു. യാത്രാ മാർഗം, താമസം, ഭക്ഷണം, യാത്രാ വേഷം എന്നിവയൊക്കെ ഇത്തരക്കാർക്ക് പ്രശ്‌നങ്ങളാണ്. അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ മാറ്റിവെയ്ക്കാൻ താൽപര്യമില്ലാത്ത ഇക്കൂട്ടർ സൗജന്യ യാത്രകൾ പോലും വേണ്ടെന്ന് വെയ്ക്കുന്നു. രണ്ട് ദിവസത്തെ യാത്ര അരമണിക്കൂർ മുന്പ് തീരുമാനിച്ച് വസ്ത്രങ്ങൾ കുത്തി നിറച്ച ബാഗുമായി അടുത്ത ബസ്്സ്റ്റോപ്പിലേക്ക് പോകുന്നതുപോലെ യാത്ര നടത്തുന്നവരുടെ നേരെ എതിർ ദിശയിലാണ് യാത്ര പുലിവാലെന്ന് കരുതുന്ന ഇത്തരം ആളുകൾ.
യാത്ര അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുന്നവർ അവർ പോകുന്ന ഇടത്തുള്ള ഭക്ഷണം രുചിക്കാനും ഉള്ള സൗകര്യങ്ങളിൽ പൊരുത്തപ്പെടാനും ശ്രമിക്കുന്നു. ഇതിന് കാരണം യാത്ര അവർക്ക് ലഹരിയായത് കൊണ്ടാണ്.
കുട്ടികളെ സംബന്ധിച്ചിടത്തോളം യാത്രകൾ നൽകുന്നത് വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കാത്ത അനുഭവജ്ഞാനമാണത്. പാഠപുസ്തകങ്ങളിൽ നിന്ന് ലഭിക്കാത്ത അറിവ് യാത്രയിൽ നിന്ന് ലഭിക്കുന്നു. സമയമില്ലായ്മ പറഞ്ഞാണ് നമ്മളിൽ മിക്കവരും യാത്ര മാറ്റിവെക്കുന്നത്. എന്നാൽ ഏത് കടുത്ത ജോലികൾക്കിടയിലും അവധി ദിവസങ്ങളോ അധിക ജോലിയില്ലാത്ത നാളുകളോ തിരഞ്ഞെടുത്ത് നേരത്തെ യാത്ര ആസൂത്രണം ചെയ്യുന്നവരുമുണ്ട്. സമയത്തെ ചിട്ടപ്പെടുത്തി, അതിനായൊരു ഫണ്ടുണ്ടാക്കി യാത്ര ആസ്വദിക്കുന്നവരാണിവർ. സമയമില്ലായെന്ന് പറഞ്ഞൊഴിയുന്നവരേക്കാൾ കൂടുതൽ ജോലി ചെയ്യുന്നവരും തിരക്കുള്ളവരുമായിരിക്കും ഇവർ.
യാത്ര ചെയ്യുന്പോൾ ഉടനീളം കറുത്ത മുഖവുമായി സഞ്ചരിക്കുന്നവരുമുണ്ട്. ചിലർ യാത്രയിൽ മുഴുക്കെ ഓഫീസുകാര്യം ആലോചിക്കുകയും ഫോണിലൂടെ പറയുകയും ചെയ്യുന്നു. അവരുടെ ഈ സ്വഭാവം കൂടെ യാത്ര ചെയ്യുന്നവരെ കൂടി പ്രതികൂലമായി ബാധിക്കുന്നു. ആഹ്ലാദിക്കാൻ പോയി ഒടുവിൽ വഴക്കിട്ട് തിരികെ വീട്ടിൽ മടങ്ങിയെത്തുന്നതായിരിക്കും അത്തരം യാത്രകൾ സമ്മാനിക്കുന്ന അനുഭവം.
സാന്പത്തികമായ പരാധീനതകൾ യാത്രയ്ക്ക് തടസ്സമാണ് പലർക്കും. യാത്ര ഇഷ്ടമാണെങ്കിലും ജീവിതത്തിലെ മറ്റു മുൻഗണനകളിൽ അവരുടെ യാത്രാവഴി എന്നും നീങ്ങിപ്പോകുന്നു. എന്നാൽ അൽപ്പം ശ്രദ്ധയും യാത്രക്കായി അൽപ്പാൽപ്പമായ കരുതിവെയ്ക്കലും കൊണ്ട് അമിത സൗകര്യങ്ങളിൽ അഭിരമിക്കാതെ യാത്ര നടത്താൻ പറ്റും എന്നതാണ് യാഥാർത്ഥ്യം.
എത്ര ദിവസത്തേക്കാകണം യാത്ര എന്നത് യാത്ര ചെയ്യാൻ പദ്ധതിയിടുന്പോൾ ആദ്യം തീരുമാനിക്കേണ്ട കാര്യമാണ്. ജോലി, പണം, മറ്റു സൗകര്യങ്ങൾ എന്നിവ അനുസരിച്ചാവണം ഈ തീരുമാനം. യാത്രയിൽ ഒരാൾ നടത്തുന്ന ശാരീരികവും മാനസികവുമായ പങ്കാളിത്തമാണ് പ്രധാനം. തങ്ങളുടെ ഓരോ അനക്കങ്ങളും കണ്ടെത്തലും ആഹ്ലാദമാക്കുന്നവർക്കൊപ്പം യാത്ര നടത്തുന്നത് ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ നൽകുന്നു.