ദത്തെടുക്കാം നമുക്കവരെ...
ബോബി ജോസഫ്
ഏകദേശം രണ്ടു ദശകങ്ങൾക്ക് മുന്പുള്ള ഒരു സായാഹ്നം. പാലക്കാട്ടെ കോട്ടമതിലോരത്തു കൂടി നടക്കവെ കാണാനിടയായ ഒരു ദൃശ്യം മനസിലിന്നും പുതുമയോടെ നിൽക്കുന്നു. നടകളിറങ്ങി ഏതാണ്ട് കോട്ടവാതിലിനോടടുക്കുന്പോൾ തൊട്ടപ്പുറത്ത് ഒരാരവം. കവാടത്തിനടുത്തുള്ള ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ കൗതുകത്തോടെ പുറത്തേക്കു നോക്കി. ഒപ്പം ഞാനും.
കിടങ്ങിനപ്പുറത്തെ ഒരു പോലീസ് ജീപ്പ് നിൽക്കുന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നു. പിന്നാലെ നാലഞ്ചു പോലീസുകാരും. അയാൾ ലാഘവത്തോടെ തലയൊന്നു വെട്ടിച്ച് കണ്ണുകൾക്ക് മുകളിലേക്ക് പാറിക്കിടന്ന നീളൻ തലമുടി വശത്തേക്കൊതുക്കി. വിരിഞ്ഞ ചുമലുകളും മെലിഞ്ഞുയർന്ന ശരീര പ്രകൃതിയുമുള്ള ആ യുവാവിന്റെ കണ്ണുകളിലെ തിളക്കം ഒരു നിമിഷം കാണികളെ ആകർഷിച്ചു. ഇരുണ്ട നിറമുള്ള കുപ്പായം, മുഷിഞ്ഞ മുണ്ട്, അരയ്ക്കു ചുറ്റും ഒരു തോർത്ത്. മുണ്ടുരിഞ്ഞു പോകാതിരിക്കാനാവണം. അയാളുടെ കൈകൾ വിലങ്ങിലാണല്ലോ.
അന്പലത്തിനു മുന്പിലെ ചെറിയ ജനക്കൂട്ടവും കടന്ന്, ഇടംവലം നോക്കാതെ അയാൾ മുന്പോട്ടു നടന്നു. നല്ല വേഗത്തിൽ. ഏതോ അത്യാവശ്യത്തിന് പോകുന്ന പോലെ! പോലീസുകാർ അയാൾക്കൊപ്പമെത്താൻ പാടുപെട്ടു. ജയിലിനുള്ളിലേക്ക് അപ്രത്യക്ഷനാകുന്നതിന് മുന്പ് അയാൾ തിരിഞ്ഞു നിന്നു. വിലങ്ങണിഞ്ഞ കൈകൾ മുകളിലേക്കുയർത്തി അയാൾ പ്രതിനിധാനം ചെയ്യുന്ന ആദിവാസി അവകാശ സംഘടനയെപ്പറ്റി ഏതാനും ഹൃസ്വ മുദ്രാവാക്യങ്ങൾ. പിന്നെ കുനിഞ്ഞ് ആ ചെറുകവാടം കടന്ന്. അപ്പോൾ മാത്രമാണയാൾ തലയൊന്നു കുനിച്ചതും താഴേക്ക് നോക്കിയതും!
ഉറപ്പായും അയാൾ ആദിവാസിയല്ല. ആത്മവിശ്വാസം കണ്ടാലറിയാം വിദ്യാസന്പന്നനാണെന്ന്. ആകാര സൗഷ്ഠവം കൊണ്ട് സിനിമാഭിനയത്തിനു പോലും യോഗ്യൻ. ഇവനൊക്കെ വേറെ ഒരു പണിയുമില്ലേ? എന്നാത്മഗതം നടത്തി ജനം മടങ്ങി. പിറ്റേന്ന് പത്രത്തിൽ കണ്ടു അയാൾ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ കേസിലെ പ്രതിയായിരുന്നു എന്ന്!
ഒരുപക്ഷേ വർണാഭമായേക്കായിരുന്ന ഒരു ജീവിതം വലിച്ചെറിഞ്ഞ്, കേരള സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു വിട്ടകന്ന്, ആദിവാസികളോട് ചേരാൻ അയാളെ പ്രേരിപ്പിച്ചതെന്താവും? ഇനി ചോദ്യത്തിനിത്തിരി മാറ്റമാവാം. സന്തോഷ, വിദ്യാഭ്യാസ ആരോഗ്യ സൂചികകളിൽ ദശാബ്ദങ്ങളായി മുന്പിൽ നിൽക്കുന്ന കേരളത്തിന്, എന്തേ ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കാനായില്ല? ഇരുണ്ട കാടുകളിലെ അരക്ഷിതത്വത്തിൽ അവരെന്തേ ഇന്നു വലയുന്നു? എന്തിനാണവരെ നാമിന്നും മഴയത്തു നിറുത്തിയിരിക്കുന്നത്?
രണ്ടായിരത്തി ഒന്നിലെ കണക്കു പ്രകാരം കേരളത്തിലാകെ മൂന്നര ലക്ഷത്തോളം ആദിവാസികളുണ്ട്. കേരളജനതയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം. കൂടുതലും വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ. വയനാട്ടിലും അട്ടപാടിയിലുമൊഴികെ അവരുടെ സാന്ദ്രത തുലോം കുറവും. ഒരു ജനാധിപത്യ ക്രമത്തിൽ ഗണനിയമോ പ്രധാനമോ ആയ ഒരു അസ്തിത്വമല്ലെന്നർത്ഥം.
യാഥാർത്ഥ്യം ഇതാണെന്നിരിക്കെ, ഈ നിരാലംബർക്ക് എങ്ങനെ ചൂഷണങ്ങളെയും ആൾക്കൂട്ട കൊലപാതകങ്ങളെയും അതിജീവിക്കാനാവും? ദേശീയ വാദത്തിന്റെ ആക്രോശങ്ങൾ ഉൽപ്പതിഷ്ണുക്കളായ മിതവാദികളെപ്പോലും വാദങ്ങളിലെങ്കിലും തീവ്രത മേഖലകളിലെത്തിക്കുന്പോൾ ഈ അഗണ്യ ലക്ഷങ്ങളുടെ കാര്യം നോക്കാൻ ആർക്കു നേര?
ആദിവാസി ഉന്നമനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന തല നിയമനിർമ്മാണങ്ങൾ ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. ഭരണഘടനാ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നു കൊണ്ട് ഇവർക്ക് കൃഷിഭൂമി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യത്തിൽ നിന്നുമേറെ അകലെയാണുള്ളതാണ് നേര്. മറ്റു സംസ്ഥാനങ്ങളിലെ ആദിവാസി ജീവിതനിലവാരം ഇനിയും ക്ലേശകരമാണെന്നിരിക്കെ ഈ പ്രശ്നത്തിനൊരു പരിഹാരം പുറത്തു നിന്നു കണ്ടെത്തുക സാധ്യമല്ല തന്നെ.
നാളിതുവരെ നടന്നിട്ടുള്ള ഉദ്യമങ്ങൾ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നറിയുന്പോൾ ഇതേ ദിശയിലുള്ള പദ്ധതികൾ ഫലപ്രദമാകാനിടയില്ലെന്നു നാമറിയണം. പട്ടിണി മരണങ്ങളിലൂടെയും ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും മാത്രം ജനശ്രദ്ധയിലേക്കെത്തുന്ന ഈ ഹതഭാഗ്യർക്ക് ആശ്വാസ തീരം ഇനിയുമേറെയകലെ. കാഴ്ചയില്ലെങ്കിൽ മനസിലുമില്ലെന്നാണല്ലോ!
പ്രകൃതിദുരന്തങ്ങൾക്കും അപകടങ്ങൾക്കുമിരയായി നിരാലംബരാകുന്നവരെ സർക്കാർ ദത്തെടുക്കുന്ന പതിവ് നാം കണ്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സംരക്ഷണം അടക്കമുള്ള എല്ലാ ആവശ്യങ്ങളും സർക്കാർ ഏറ്റെടുക്കുകയാണ് പതിവ്.
കേരള ജനതയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം എണ്ണമുള്ള ജീവിത സൂചികകളിൽ ബഹുദൂരം പിന്നിലായിപ്പോയ സാമൂഹ്യ വ്യവസ്ഥയിൽ ഒരു നൂറ്റാണ്ടെങ്കിലും പിന്നിലുള്ള ഈ സാധുവൃന്ദത്തെ സാക്ഷര പരകോടിയിൽ അഭിരമിക്കുന്ന കേരള ജനതയ്ക്ക് ദത്തെടുത്തു കൂടെ?
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇവരൊരിക്കലും ഗണ്യരാവില്ലെങ്കിലും മലയാളി കുടുംബത്തിലെ ഈ നിരാലംബരെ 21ാം നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ ഒരു ജനാധിപത്യ നടപടിയിലൂടെ സമൂഹത്തിന്റെ നേർക്കാഴ്ചയിലേക്കും മുഖ്യധാരയിലേക്കും ഒരു രാഷ്ട്രീയ ഭരണഘടനാധിഷ്ഠിത നടപടിയിലൂടെ ദത്തെടുത്താൽ കേരളത്തിന്റെ ഭാവി ഭാസുരമാകുന്നുറപ്പ്. ലോകത്തിന് നമുക്ക് വീണ്ടും മാതൃകയാവാം. നാട്ടിലും മറുനാട്ടിലും നമുക്ക് വീണ്ടും തലയുയർത്തി നടക്കാം!