മധു;മലയാളികൾ മാപ്പർഹിക്കുന്നില്ല!
ഇ.പി അനിൽ
epanil@gmail.com
പശ്ചിമഘട്ട മലനിരകളിൽ പെട്ട അട്ടപ്പാടി വേറിട്ട വാർത്തകൾ കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അത്തരം വാർത്തകളിൽ വെച്ച് ഏറെ വേദനാജനകമായിരുന്നു ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം. കേരളത്തിൽ അത്രകണ്ട് പരിചിതമല്ലാത്ത തരത്തിൽ ഒരു യുവാവിനെ, പട്ടിണികൊണ്ട് പൊറുതി മുട്ടിയതും സർക്കാർ പ്രത്യേകം പരിഗനകൾ നൽകുവാൻ ബാധ്യതയുള്ളതുമായ ആദിവാസിയെ, ഒരു കൂട്ടം ആളുകൾ അടിച്ചു കൊലപ്പെടുത്തുക എന്ന സംഭവം വാക്കുകൾ കൊണ്ട് അപലപിക്കുവാൻ കഴിയുന്നതിനും അപ്പുറമാണ്.
70000 വർഷങ്ങൾക്ക് മുന്‍പ് ആഫ്രിക്കൻ താഴ്്വരയിൽ നിന്നും എത്തിയ ഹോമോസാപ്പിയൻസ് വിഭാഗത്തിന്റെ തുടർച്ചകാരാണ് ഇന്ത്യയിലെ വനത്തിൽ ജീവിച്ചു വരുന്നവർ. ഇവരെ നമ്മൾ ആദിവാസികൾ എന്ന് വിളിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 10 ശതമാനം ആദിവാസികളാണ്. അവിഭക്ത ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രാചീന സംസ്കാരത്തിൽ ഇന്നും അടിയുറച്ചു നിൽക്കുന്ന വിഭാഗത്തെ ആദിമവാസികൾ എന്ന് വിളിക്കുന്പോൾ മറ്റു രാജ്യങ്ങൾ അത്തരം ആളുകളെ മറ്റു പേരുകളിലാണ് സംബോധന ചെയ്യുന്നത്. പാരന്പര്യത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന കേരളീയർ, കൂടുതൽ കാലത്തെ ചരിത്രത്തിന്‍റെ പ്രതിനിധികളെ എന്തുകൊണ്ടാണ് ആദരിക്കുവാൻ മടിക്കുന്നത്?
കേരളം പുരോഗമ രാഷ്ട്രീയത്തിന്‍റെ പ്രധാന ഇടമായികരുതി വരുവാൻ കാരണം സമൂഹത്തിലെ പണിയെടുക്കുന്നവരോട് രാഷ്ടീയ നേതൃത്വം കൈകൊണ്ട പക്ഷപാതമായിരുന്നു. അതിനുള്ള തെളിവാണ് കേരളത്തിന്‍റെ ആദ്യ മന്ത്രിസഭ. ജന്മിമാർക്കും മുതലാളിമാർക്കും സ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ തൊഴിലാളി− കർഷക സംഘടനകളെ ശക്തമായി എതിർക്കുവാൻ ഒരുങ്ങിയതും വിമോചന സമരങ്ങൾ സംഘടിപ്പിച്ചതും. ഭൂമിയില്ലാത്ത, വിദ്യാഭ്യാസം നിക്ഷേധിച്ച വിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ച രാഷ്ട്രീയ സംവിധാനത്തിനു കിട്ടിയ അംഗീകാരം പാർശ്വവൽക്കരിക്കപെട്ടതോടെ കേരളത്തിന്‍റെ പൊതു ജീവിതം കാട്ടിയ പക്ഷപാതമാണ്. കേരളത്തിന്‍റെ രാഷ്ട്രീയ നന്മകൾ രാജ്യത്താകെ കേരളത്തിന് ആരോഗ്യകരമായ സ്ഥാനം നേടിക്കൊടുത്തു.
കേരളത്തിൽ ഉണ്ടായ സാമൂഹിക ജീവിത മുന്നേറ്റങ്ങൾ പിന്നോക്ക സംസ്ഥാനമായിരുന്ന മലബാർ −കൊച്ചി −തിരുവിതാംകൂർ ദേശങ്ങളുടെ സംയുക്ത നാടിനെ ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ പ്രദേശമാക്കി മാറ്റി. ബംഗാൾ പട്ടിണിയുടെ കാലത്ത് പട്ടിണി മരണങ്ങൾ കൊണ്ട് കേരളവും കുപ്രസിദ്ധി നേടിയിരുന്നു. തൊഴിൽരാഹിത്യം, പകർച്ചവ്യാധി തുടങ്ങിയ രംഗത്തും കേരളം മോശപെട്ട വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഭൂ പരിഷ്കരണ ശ്രമങ്ങൾ മുതൽ സാർവ്വജന്യ വിദ്യാഭ്യാസം, സ്റ്റാറ്റ്യൂട്ടറി സംവിധാനം, മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനം, വീടുവെക്കുവാൻ ഭൂമി, പിൽക്കാലത്ത് നടപ്പിൽ കൊണ്ടുവന്ന വിവിധ പെൻഷൻ പദ്ധതികൾ മുതലായ സമീപനങ്ങൾ കേരളത്തെ ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പിൽ കൊണ്ടുവന്ന നാടാക്കി. അങ്ങനെ കേരള മാതൃക എന്ന സംവിധാനം ലോകത്തെ മൂന്നാം ചേരി രാജ്യങ്ങൾക്ക് മാതൃകയായി. ആയുർദൈർഘ്യം, ശിശു മരണം, സ്ത്രീ സാക്ഷരത, മാതൃ മരണ നിരക്ക്, സർവ്വകലാശാലയിലെ വർദ്ധിച്ച സ്ത്രീ സാന്നിധ്യം, പരന്പരാഗത രംഗത്ത് പണിയെടുക്കുന്ന സ്ത്രീകൾക്ക് ലഭിച്ചുവന്ന ആനുകൂല്യങ്ങൾ ഒക്കെ കേരളത്തെ മറ്റു പല ഇടങ്ങൾക്കും മാതൃകയായി കാണുവാൻ അവസരം നൽകി. കേരളത്തിന്‍റെ വിജയകരമായി പറഞ്ഞുവന്ന അവസ്ഥകളിൽ അടിസ്ഥാനപരമായി പ്രതിഫലിച്ചത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പരമാവധി കുറയ്ക്കുവാൻ വിജയിക്കുന്നു എന്നതായിരുന്നു.
സാമൂഹികമായ മുന്നേറ്റങ്ങളും അതിനൊപ്പം രാഷ്ട്രീയ പരീക്ഷണങ്ങളും കൊണ്ട് സജീവമായ കേരളം 1980കൾ മുതൽ തിരിച്ചടിയുടെ അടയാളങ്ങൾ കാണിച്ചു തുടങ്ങി. അത്തരം തിരിച്ചടികളുടെ ആദ്യ അടയാളങ്ങൾ കണ്ടു തുടങ്ങിയത് ആദിമവാസികളുടെ ഇടയിൽ നിന്നും ഒപ്പം ദളിത് വിഭാഗങ്ങളുടെ ഇടയിൽ നിന്നുമാണ്. ആ സ്തംഭനാവസ്ഥ മറ്റു രംഗത്തും ബാധിച്ചു എന്നതാണ് ഇന്നത്തെ അവസ്ഥ. കേരളത്തിന്‍റെ പൊതു കടം മുതൽ കുടുംബ അവസ്ഥ, അവരുടെ ആത്മഹത്യ മുതലായ വിഷയങ്ങളിൽ എല്ലാം കേരളത്തിന്‍റെ സ്ഥിതി ആശാവഹമല്ല.
1970കളിൽ വരെ കേരളത്തിന്‍റെ പ്രതിശീർഷ വരുമാനം ഇന്ത്യക്ക് പിന്നിൽ ഇഴഞ്ഞു എങ്കിലും പിന്നീടുള്ള നാളുകളിൽ മെച്ചപെട്ട സാന്പത്തിക നേട്ടം നേടുവാൻ സംസ്ഥാനത്തിനു കഴിഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടക്ക് യൂ.പി, ബംഗാൾ, ബീഹാർ മുതലായ സംസ്ഥാനങ്ങളുടെ വളർച്ച 15 ഇരട്ടിയാണ് കൂടിയത്. കേരളത്തിന്‍റെ കാര്യത്തിൽ 425 മടങ്ങ് വർദ്ധന ഉണ്ടായി. മൊത്തത്തിലുള്ള വളർച്ച മലയാളികളിലെ രണ്ടു വിഭാഗങ്ങളിൽ പ്രതിഫലിച്ചിട്ടില്ല എന്നത് ഗൗരവതരമായ വിഷയമാണ്. സംസ്ഥാനത്തിന്‍റെ ജനസംഖ്യയിൽ 10 ശതമാനം വരുന്ന ദളിത് വിഭാഗങ്ങൾ, പ്രത്യേകിച്ചും 1.5 ശതമാനത്തോളം വരുന്ന ആദിമവാസികൾ ജീവിത നിലവാരത്തിൽ പുറകോട്ട് പോയിരിക്കുന്നു. എന്താണ് ഇതിനുള്ള കാരണം?
ഒരു ജനതയുടെ വളർച്ചയിൽ, ഭൂമിയുടെ ഉടമസ്ഥാവകാശം വളരെ പ്രധാനമാണ്. കേരളത്തിലെ ഭൂ പരിഷ്കരണത്തിൽ ഉടമസ്ഥാവകാശം ലഭിച്ചവരിൽ പ്രധാന സമുദായങ്ങൾ കടൽത്തീരത്തൊഴിച്ചു താമസിക്കുന്ന ക്രിസ്ത്യൻ വിഭാഗവും ഈഴവരും മുസ്ലീം സമുദായവും ആണ്. അവരുടെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും തൊഴിൽ −പ്രവാസ ജീവിതത്തിലും ഒക്കെ നേടിയെടുക്കുവാൻ കഴിഞ്ഞ കുതിപ്പുകൾ ആയുർദൈർഘ്യത്തിൽ മാത്രമല്ല ജീവിതത്തിന്‍റെ വിവിധ രംഗങ്ങളിൽ പ്രധാനപ്പെട്ട ചലനങ്ങൾ ഉണ്ടാക്കി. ഈ മാറ്റം രാഷ്ട്രീയത്തിൽ പ്രതിഫലിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമായവർ വിവിധ രംഗങ്ങളിൽ കഴിവുകൾ തെളിയിക്കുവാൻ പ്രാപ്തി നേടി. ഭൂമിയുടെ (പ്രത്യേകിച്ചും കൃഷിഭൂമിയുടെ) അവകാശികൾ ആകുവാൻ ഏറ്റവും അധികം യോഗ്യതയുള്ള വിഭാഗങ്ങൾ(ആദിമവാസികൾ−, ദളിതർ) ഉടമസ്ഥരാകാതെ കൂലി പണിക്കാരായി മാറിയപ്പോൾ (തുടർന്നപ്പോൾ), സമൂഹത്തിൽ നടക്കുന്ന മത്സരങ്ങളിൽ പിടിച്ചു നിൽക്കുവാൻ കഴിവ് നഷ്ടപ്പെട്ടവരായിതീർന്നു. അതുവഴി കേരളത്തിന്‍റെ പൊതു ഇടങ്ങളിൽ പ്രവേശിക്കുവാൻ കഴിവില്ലാത്തവരായി ആദിമവാസികളും ദളിതരും തുടർന്നു.
ദേശീയ− സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങളും ക്ഷേമ പദ്ധതികളും ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കും സഹായകരമായി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ സർക്കാർ കൊണ്ടുവന്ന ദേശീയ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ പദ്ധതികളുടെ തുക 3 ലക്ഷം കോടിയിലധികം വരുന്നു. എന്നാൽ ആദിവാസി ഊരുകൾ ഏറെയുള്ള ഇടങ്ങൾ രാജ്യത്തെ ഏറ്റവും അധികം പട്ടിണി ബാധിച്ച ജില്ലകളും മറ്റു സ്ഥലങ്ങളുമായി അറിയപ്പെടുന്നു. മറാട്ടയിലെ അമരാവതി, ഒറീസയിലെ കലഹന്ത തുടങ്ങിയ 50ലെറെ പിന്നോക്ക ജില്ലകൾ ആദിവാസി ജില്ലകൾ ആണ്. രാജ്യത്തെ ഏറ്റവും അധികം ധാതു മണലുകൾ ഉള്ള ഭൂ ഭാഗത്ത് ജീവിക്കുന്ന ആദിമവാസികൾ, ഏറ്റവും പിന്നോക്കമായ അവസ്ഥയിൽ കഴിഞ്ഞു വരുന്നു. പദ്ധതികളുടെ പേരിൽ വിവിധ കാലങ്ങളിൽ പുറത്താക്കപ്പെട്ട 3 കോടിയിൽ അധികം ആളുകളിൽ 50 ലക്ഷം ജനങ്ങളും പട്ടിക വർഗ്ഗത്തിൽ പെടുന്നു. ലോകത്തെ ഏറ്റവും സന്പന്നരായ ഖനന കന്പനികൾ, പ്രാചീന കാലം മുതൽ തങ്ങൾക്ക് സ്വന്തമാണ് എന്ന് കരുതിയ ആളുകളുടെ, തറകൾ തുരന്നെടുത്ത് കൊണ്ടുപോകുന്പോൾ ആ നാട്ടുകാർ കിടപ്പാടവും കുടിനീരും കാടും നഷ്ടപെട്ടവരായി ജീവിക്കേണ്ടി വരുന്നു. തെലുങ്കാന മുതൽ നന്ദിഗ്രാമം വരെയുള്ള ആദിവാസികൾ കൂടുതലായുള്ള ഇടങ്ങളിൽ മാവോയിസ്റ്റുകൾ സ്വാധീനമുള്ളവരായി മാറുവാൻ ദാരിദ്ര്യവും ഉദ്യോഗസ്ഥ ദുഷ്ചെയ്തികളും കാരണമായി. രാജ്യത്തെ ആദിവാസികൾക്ക് അവരുടെ ജനസംഖ്യ ആനുപാതികമായി പണം അനുവദിക്കുന്നില്ല എങ്കിൽ കേരളം ആ കാര്യത്തിൽ മെച്ചപ്പെട്ട അവസ്ഥയിൽ ആണ്.
കേരള ജനസംഖ്യയിൽ 1.45% വരുന്ന 40ഓളം വിവിധ ആദിമവാസികൾ ഒരു കാലത്ത് മലയാളികളുടെ ശരാശരി ജീവിത നിലവാരത്തിലും മെച്ചപ്പെട്ട അവസ്ഥയിൽ കഴിഞ്ഞു വന്നു. അരിയും മരച്ചീനിയും ഗോതന്പും യുദ്ധ കാലത്ത് ക്ഷാമവും ഒക്കെ നാട്ടിൻ പുറത്തെ ആളുകൾ അനുഭവിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി റാഗി, പഞ്ഞിപ്പുല്ല്, തിന മുതലായ പോഷകാഹാര സന്പന്നമായ ആഹാര രീതികൾ ശീലമാക്കി. കാട്ടിലെ മറ്റു വിഭങ്ങൾ ഉപയോഗിച്ച് വന്ന ആദിമവാസികൾ പകർച്ചവ്യാധികൾ, വിളർച്ച മുതലായ ദുരിതങ്ങൾ ബാധിക്കാതെ ജീവിതം നയിച്ചു. ഓരോ ആദിമവാസി വിഭാഗവും അവരവരുടെ രീതിയിലുള്ള ആഹാരം മുതൽ കൃഷി, വിശ്വാസം മുതലായ ശീലങ്ങൾ ആർജ്ജിച്ചു. 1975ൽ കേരളീയരുടെ ആയുർദൈർഘ്യം 62 വയസ് ആയിരുന്നു എങ്കിൽ (ദേശിയ ശരാശരി 64 ഉം) ഇന്നത് 75 ആയി ഉയർന്നു. എന്നാൽ ആദിവാസികളുടെ ആയുസ് അക്കാലത്ത് 70ഉം ഇപ്പോൾ 59ആയി കുറഞ്ഞു എന്ന് കാണാം. ഒരു ജനതയുടെ ആയുർദൈർഘ്യത്തിൽ ഇടിവുണ്ടാക്കുന്ന അവസ്ഥ ഉത്കണ്്ഠ ഉയർത്തുന്നതാണ്. രാജ്യം പ്രത്യേകം നിയമങ്ങൾ ഉണ്ടാക്കി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണത്തിൽ കുറവും അവരുടെ ഇടയിൽ നിരവധി അനാരോഗ്യ പ്രവണതകൾ വർദ്‍ധിക്കുന്നു എങ്കിൽ അതിനുള്ള പ്രധാന കാരണക്കാർ സർക്കാർ സംവിധാനങ്ങൾ വരുത്തുന്ന പിഴവുകൾ ആണ്.
കേരളത്തിലെ ജനങ്ങൾ അനുഭവിച്ച പട്ടിണിയാണ് ഇടനാട്ടിൽ നിന്നും തീരങ്ങളിൽ നിന്നും ജനങ്ങളെ മലകളിലേക്ക് പോകുവാൻ പ്രേരിപ്പിച്ചത്. രണ്ടാം ലോകയുദ്ധം വരുത്തി വെച്ച പട്ടിണി, അതിനുശേഷം ഇന്തോ −പാക് യുദ്ധം, ഇന്തോ −ചീന യുദ്ധകാലത്തെ പ്രതിസന്ധികൾ കൂടുതൽ ആളുകളെ കാടുകളിൽ കൃഷി ചെയ്യുവാനും മറ്റും നിർബന്ധിതമാക്കി. അവരെ സഹായിക്കുവാൻ സർക്കാർ ചില തീരുമാനങ്ങൾ എടുത്തു. അങ്ങനെ എത്തിയ ആളുകൾ അവിടെ ജീവിതം കരുപിടിപ്പിക്കുവാൻ തുടങ്ങിയത് തദ്ദേശീയരായ ആളുകളുടെ സഹായത്താൽ ആയിരുന്നു. ചെറിയ കച്ചവടവും സർക്കാർ അനുവദിച്ച ഭൂമിയിലെ കൃഷിക്കൊപ്പം ചെയ്തു തുടങ്ങിയവർ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻബലത്തിൽ ആദിവാസികളുടെ പ്രദേശങ്ങൾ വെട്ടി പിടിക്കുവാൻ ആരംഭിച്ചു. അതിനു വേണ്ട ഒത്താശ നൽകുവാൻ ഉദ്യോഗസ്ഥ സംവിധാനം കിണഞ്ഞു ശ്രമിച്ചു. പതുക്കെ പതുക്കെ ആദിമവാസികളുടെ ഭൂമി അവർക്ക് നഷ്ടപ്പെടുകയും അവർ കൂലി പണിക്കാരും സ്വന്തം പുരയിടം വിട്ടു പോകേണ്ടവരുമായി. അധികാരത്തിൽ നിന്നും അകലം പാലിക്കുവാൻ ഇഷ്ടപ്പെട്ട ആദിമവാസികൾ ആധുനിക ഭൂ ഉടമസ്ഥതാ രീതികളോടു മുഖം തിരിച്ചവരാണ്. അവർ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാക്കി സൂക്ഷിക്കുവാൻ വ്യഗ്രത കാട്ടിയില്ല. ചുരുക്കത്തിൽ ആഫ്രിക്കക്കാർ പറഞ്ഞു വരുന്നതുപോലെ “വെള്ളക്കാരുടെ കൈവശം ബൈബിളും ഞങ്ങളുടെ കൈവശം ഭൂമിയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി നഷ്ടപ്പെടുകയും ബൈബിൾ മാത്രം സ്വന്തമാകുകയും ചെയ്തു. ബൈബിൾ മാത്രം പിടിച്ചു വന്നവർ ഭൂമിയുടെ അധിപന്മാരായി”.
ഇടുക്കി, വയനാട്, പാലക്കാട്ട് മുതലായ ആദിമവാസികളുടെ പ്രധാന ജില്ലകളിൽ അവർ അനുഭവിക്കുന്ന ജീവിത പ്രതിസന്ധികൾ സമാന സ്വഭാവം ഉള്ളതാണ്. ഒരു കാലത്ത് വയലുകളുടെ നാടായ വയനാട് ആദിവാസികളുടെ ജില്ലയായിരുന്നു. വയനാടിന്‍റെ പ്രകൃതി സൗന്ദര്യം അതുപോലെ കാത്തു സൂക്ഷിച്ച്, പ്രകൃതിയുമായി ഇഴുകി ചേർന്ന് ജീവിച്ച, ആദിവാസികൾ ഇന്നവിടെ എണ്ണത്തിലും മറ്റെല്ലാ രംഗങ്ങളിലും പിന്നോക്കം പോയി കഴിഞ്ഞു.വയനാട്ടിലെ 25 പഞ്ചായത്തുകളിൽ കോട്ടത്തറ, നൂൽപ്പുഴ, തിരുനെല്ലി ഇവയിൽ മാത്രമാണ് ആദിവാസികൾക്ക് മുൻതൂക്കമുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. നിലന്പൂർ വനത്തിലെ ചോല നായിക്കർ ഈറയുമായി ബന്ധപ്പെട്ടായിരുന്നു ജീവിച്ചു വന്നത്. ഗുഹകളിൽ താമസിച്ചു വന്ന അവരുടെ സ്വന്തമായിരുന്ന ഈറ− മുളം കാടുകൾ റയോൺ വ്യവസായത്തിനായി മാറ്റിവെച്ചപ്പോൾ 10000ലധികം വരുന്ന ആളുകളുടെ ജീവിതം പ്രതിസന്ധിയിൽ പെട്ടു. ഏറ്റവും അവസാനം ചോല നായിക്കർ വിഭാഗത്തെ വ്യാപകമായി വന്ധീകരണത്തിന് വിധേയമാക്കിയപ്പോൾ അവരുടെ പുതിയ തലമുറകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചു. സർക്കാരിന്‍റെ ജനന നിയന്ത്രണ പദ്ധതിയിൽ ആളുകളെ ചേർത്ത് പദ്ധതി വിജയിപ്പിക്കുന്നതിനായി, ചെറിയ പ്രതിഫലം കാട്ടി ഇവരെ വഞ്ചിക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ആദിവാസികൾക്ക് മുൻ തൂക്കം ഉള്ള പഞ്ചായത്താണ്. അവിടെ ആദിമവാസികളുടെ ഇടയിൽ മാസമുറയുമായി (menstrul cycyle) ബന്ധപെട്ട ആചാരങ്ങൾ ഭയന്ന് പെൺകുട്ടികൾ ഹോർമോൺ ഗുളികൾ ആവർത്തിച്ചു കഴിക്കുന്നതിനാൽ ഗർഭിണികൾ ആകുവാൻ കഴിയാത്തവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായതായി പഠനങ്ങൾ പറയുന്നു. അട്ടപ്പാടിയിലെ ജനസംഖ്യയിൽ ആദിവാസികൾ (50 വർഷങ്ങൾക്ക് മുന്‍പ്) 90% ആയിരുന്നു എങ്കിൽ ഇന്നവർ 35% ആയി കുറഞ്ഞു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പട്ടിക വർഗ്ഗവിഭാഗത്തിന് 650 കോടിയിൽ അധികം തുക അനുവദിച്ചു എന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ഇന്ത്യയിലെ ക്ഷേമ പദ്ധതികളിലെ ചോർച്ചയെ പറ്റി ശ്രീ. രാജീവ്‌ഗാന്ധി 80കളിൽ പറഞ്ഞ കാര്യങ്ങൾ ഏറ്റവും അപകടകരമായി നടക്കുന്നത് ആദിവാസികളുടെ പദ്ധതി നടത്തിപ്പിൽ ആണ്.
അട്ടപ്പാടിയിൽ നടപ്പിൽ വരുത്തിയ അമൃതം പദ്ധതി(neutrimix) എന്ന പാൽപ്പൊടി വിതരണം മുതൽ UN നേതൃത്വത്തിൽ നടപ്പിൽ കൊണ്ടുവന്ന കുട്ടികളുടെ പദ്ധതിയിൽ വരെ വൻ തോതിൽ അഴിമതി നടന്നുവരുന്നു. അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഈ വാർത്തകളെ ശരി വെക്കുന്നു. യുനിസെഫ് പദ്ധതിക്കായി 12.53 കോടി രൂപ അനുവദിച്ചപ്പോൾ ജനങ്ങൾക്ക് ലഭിച്ച ആനുകൂല്യം കേവലം 38 ലക്ഷം മാത്രം ആണ്. പാൽപ്പൊടി വിതരണം കുടുംബ ശ്രീ നടപ്പിൽ വരുത്തിയിട്ടും ഗോതന്പ് പൊടി കലർത്തിയ പാൽപ്പൊടിയാണ് അവിടെ വിതരണം ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിലെ ആദിവാസികളുടെ എണ്ണത്തിൽ വരെ കുറവ് വരുത്തി. 1960കൾ വരെ നമ്മൾക്കൊപ്പം ഉണ്ടായിരുന്ന മലയകണ്ടി, വിഷവർ തുടങ്ങിയവരിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. കൊണ്ടക വിഭാഗത്തിൽ 5 പേരും കൊച്ചു വേലൻ (പത്തനംതിട്ട) ജാതിയിൽ പെട്ട 36 പേരും മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.
കേരളത്തിന്‍റെ ജീവിത സൂചികക്ക് അടിസ്ഥാനമായി തീരുന്ന വിവിധ ജീവിത പശ്ചാത്തലങ്ങളിൽ ഒന്നിൽ പോലും ശരാശരി ഇടം കിട്ടാത്ത രീതിയിൽ ആദിവാസികൾ പിന്നോക്കമാണ്. ജനാധിപത്യത്തിൽ 1.45% ജനങ്ങളെ ഒരു രീതിയിലും പരിഗണിക്കാതെ, സാമൂഹിക ജീവിത സൂചിക 10 ൽ പത്തു മാർക്കും വാങ്ങി വിജയം നേടാൻ അവസരം ഉണ്ടെന്നിരിക്കെ, ഇതേ വിഭാഗം ഭൂമിയിൽ നിന്നും അധികാരത്തിൽ നിന്നും മാറ്റി നിർത്തപെട്ടവർ ആണെങ്കിൽ അവരുടെ ജീവിതം പരിതാപകരമായി തീരും എന്ന് കേരളത്തിലെയും ആദിമാവസികളുടെ ജീവിത അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുകയാണ്.(കേരളത്തിലെ 3% മാത്രം വരുന്ന വിവിധ ബ്രാഹ്മണ വിഭാഗം പൊതു മണ്ധലങ്ങളിൽ ഇന്നും നിലനിർത്തി വരുന്ന ഏകപക്ഷീയ മുൻതൂക്കം എന്തുകൊണ്ടായിരിക്കാം?)
രാജ്യത്തെ വനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള എല്ലാ നിയമങ്ങളും (1864ലെ വനം വകുപ്പ്, 1927ലെയും 1972ലെയും നിയമങ്ങൾ, അവസാനം 2006ലെ forest Right Act) ആദിമവാസികളുടെ അവകാശങ്ങൾക്ക് ഉപരി സർക്കാരിന്‍റെ വനത്തിന് മുകളിലുള്ള അവകാശങ്ങൾ ഊട്ടി ഉറപ്പിക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. 1975ലെ ആദിവാസികൾക്ക് നഷ്ടപെട്ട അവരുടെ ഭൂമി തിരിച്ചു കൊടുക്കുന്ന നിയമം നടപ്പിൽ ആക്കുവാൻ ഉന്നത കോടതി വരെ ആവർത്തിച്ച് ആവശ്യപ്പെട്ടു. കുടിയേറ്റക്കാർക്ക് ഭൂമി തിരിച്ചു കൊടുക്കുക, പകരം അവർക്ക് പകരം ഭൂമിയും ദേഹണ്ടത്തിനുള്ള പണം നൽകുക എന്നതായിരുന്നു നിർദ്ദേശം. നിയമത്തെ അട്ടിമറിക്കുവാൻ കേരളത്തിലെ 140 MLAമാരും (ശ്രീമതി ഗൗരിയമ്മ ഒഴിച്ച്) ഒറ്റകെട്ടായി നിലയുറപ്പിച്ചു. 1957 ഭൂനിയമം ആദിമവാസികളെ പരിഗണിച്ചില്ല എന്നപോലെ ഇവിടെയും അവരുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു.
കേരളത്തിന്‍റെ ചരിത്രത്തിൽ കുറിച്ച്യർ യുദ്ധത്തെ പറ്റി നമ്മൾ പഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ മുതൽ കേരളത്തിന്‍റെ വിവിധ രംഗങ്ങളിൽ ഏറ്റവും നീണ്ട കാലത്തെ ചരിത്രം ഉള്ള ജന വിഭാഗത്തെ പുറത്തു നിർത്തിയുള്ള എല്ലാ വികസന സ്വപ്നങ്ങളും ജനാധിപത്യത്തിന്‍റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്.
മധു എന്ന ചെറുപ്പക്കാരന്‍റെ ശരീരത്തിൽ ഏറ്റ ഓരോ മർദ്ദനവും കേരളീയ സാമൂഹിക ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാഫിയവൽക്കരണത്തെ സൂചിപ്പിക്കുന്നു. മധുവിന്‍റെ മരണം കേരളം ആർജ്ജിച്ചു എന്നവകാശപ്പെടുന്ന മാനവികതയുടെ തളർച്ചയെയാണ് സൂചിപ്പിക്കുന്നത്.