തൊ­ണ്ടി­മു­തലും ദൃ­ക്സാ­ക്ഷി­യും


സോന പി.എസ് 

ദാരിദ്യത്തിൻ്റെ തീവ്രത അവതരിപ്പിക്കാൻ പഴയക്കാല സിനിമകളിൽ സ്ഥിരമായി ചിത്രീകരിക്കുന്നൊരു സീനുണ്ടായിരുന്നു. വിശപ്പ് സഹിക്കാനാകാതെ ചെറിയ ചായക്കടയിൽ നിന്ന് ബണ്ണോ, അപ്പമോ എടുത്ത് ഒരു ചെറിയകുട്ടിയോ, ഭ്രാന്തനോ റോഡിലൂടെ ഓടുന്നു, നാട്ടുക്കാർ അവർക്ക് പുറകേ കള്ളൻ കള്ളൻ എന്ന് വിളിച്ച് പിൻതുടരുന്നു. അൽപ്പസമയത്തെ കോലാഹലങ്ങൾക്ക് ശേഷം തൊണ്ടിമുതലോടെ അവരെ പിടികൂടുന്നു. മുറുകെ പിടിച്ച ഭക്ഷണ സാധനം തിരിച്ച് നൽകാൻ വിഷമിച്ച് നിൽക്കുന്ന ദൈന്യത നിറഞ്ഞ ആ നിസ്സഹായ കഥാപാത്രത്തിനടുത്തേക്ക് ഒടുവിൽ രംഗപ്രവേശം ചെയ്യുന്ന നായകൻ. ഒടുവിൽ കള്ളനെ കൈകാര്യം ചെയ്യാൻ നിൽക്കുന്നവരിൽ നിന്നും രക്ഷപ്പെടുത്തിയ നായകൻ അവന് വയറുനിറയെ ഭക്ഷണമോ, കുറച്ച് പൈസയോ നൽകി പറഞ്ഞയക്കുന്നു. കണ്ണീരോടെ നിൽക്കുന്ന ആ പാവം മനുഷ്യൻ നന്മനിറഞ്ഞ നായക കഥാപാത്രത്തെ നോക്കി പുഞ്ചിരിക്കുന്നു. തിരശ്ശീലയിൽ തെളിയുന്ന ആ കുറച്ച് സീനുകൾ അൽപ്പനേരത്തേക്കെങ്കിലും മനസ്സിനെ ആർദ്രമാക്കിയിട്ടുണ്ട്. തൊണ്ടിമുതൽ ഒരൽപ്പം ഭക്ഷണസാധനമാകുന്പോൾ അവിടെ മോഷണം എന്ന വലിയൊരു കുറ്റത്തെയല്ല നോക്കി കാണേണ്ടത്. വിശപ്പ് എന്ന സാർവ്വത്രികമായ സത്യത്തെയാണ്. കേട്ടു മറന്ന മുത്തശ്ശി കഥകളിൽ, ആദ്യമായി പഠിച്ച പാഠപുസ്തകങ്ങളിൽ, വായിച്ചു രസിച്ച കഥാപുസ്തകങ്ങളിൽ എല്ലാം വിശപ്പിനാൽ മോഷ്ടിക്കപ്പട്ടവനോട് ദൃക്സാക്ഷികൾ കാണിച്ചത് മനുഷ്യത്വവും ആർദ്രതയുമായിരുന്നു എന്നു തന്നെയല്ലേ നമ്മൾ പഠിച്ചത്. 

കാടിറങ്ങി വന്ന മധു എന്ന ആദിവാസി യുവാവിൻ്റെ കയ്യിൽ നിന്നെടുത്ത തൊണ്ടിമുതലും ഭക്ഷണമായിരുന്നു. പക്ഷേ അയാളിന്ന് ജീവിച്ചിരിപ്പില്ല. കാരണം ചുറ്റുംകൂടിയവർ അയാൾക്ക് നൽകിയത് പ്രഹരമായിരുന്നു. മർദ്ദനങ്ങൾക്കൊടുവിൽ വിശപ്പടക്കാനാകാതെ മരിച്ച ആ മനുഷ്യൻ ഇനിയുള്ള കഥകളിൽ വിശപ്പിന്റെ പ്രതീകമാകാം. പക്ഷേ ചുറ്റുമുള്ളവരോ. മനുഷ്യഗണത്തിൽ ഇനി അവരുടെ പേരില്ല എന്ന് ആക്രോശിക്കുന്നവർ തിരിച്ചറിയേണ്ടത് അവരുടെ പേരിനൊപ്പം ചേർക്കപ്പെടേണ്ടത് തന്നെയായിരുന്നു നമ്മൾ ഓരോരുത്തരുടെയും പേരുകൾ എന്ന്. സംഭവ സ്ഥലത്തെ ദൃക്സാക്ഷികളായില്ലെങ്കിൽ പോലും മരിച്ചെന്ന് ഉറപ്പ് വരുത്തുന്പോൾ മാത്രം ഉടലെടുക്കുന്ന നീതിബോധമുള്ള ജനതയുടെ പ്രതിനിധികളായി പരിണമിക്കുന്നത് കൊണ്ട് നമ്മളും കുറ്റക്കാരാണ്. ആ ആൾക്കൂട്ടത്തിലായിരുന്നെങ്കിൽ നമ്മളോരുത്തരും മധുവിൻ്റെ കൈകൾ കെട്ടിയിടാനും, അയാളുടെ സഞ്ചിയിലെ ഭക്ഷണസാധനങ്ങൾ എടുത്ത് പുറത്തിടാനും, ചോദ്യം ചെയ്യാനും ഒരുങ്ങുമായിരുന്നു. കാരണം തിരിച്ചറിവിൻ്റെ പാഠങ്ങൾ അവസാനകാലത്ത് തിരിച്ചറിയുന്ന മനുഷ്യക്കോലങ്ങളായി നമ്മൾ മാറി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഒരാൾ, മരിക്കാറാകുന്പോൾ, മരിച്ച് കഴിയുന്പോൾ, പീഡനം നടന്ന് കഴിയുന്പോൾ, എണ്ണിയാൽ തീരാത്ത വെട്ടേറ്റ് ഓരോ പാർട്ടിക്കാരനും രക്തസാക്ഷിയാകുന്പോൾ മാത്രം പ്രതിഷേധങ്ങളുമായി മുന്നോട്ട് വരുന്നത്. പക്ഷെ ഇങ്ങനെയൊക്കെ പറയുന്പോളും അൽപ്പ നേരത്തെ പ്രതികരണങ്ങൾക്കും രോക്ഷങ്ങൾക്കും ശേഷം മുഖത്തേക്ക് പടർന്ന് കയറുന്നതിപ്പോൾ നിസംഗതയാണ്. ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത് പോലെ നിസംഗതയും ഒരു തരം നിലപാടാണ്. ഈ ലോകത്തെ പ്രത്യേക രീതിയിൽ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണത്. പലരിലും നിറയുന്ന നിസംഗതകൾക്കുത്തരമായെങ്കിലും ഭരണ സംവിധാനങ്ങൾക്കൊപ്പം ഓരോരുത്തരിലും വലിയ തിരുത്തലുകൾ അനിവാര്യമായിരിക്കുന്നു. അല്ലെങ്കിൽ തോറ്റുപോയൊരു ജനതയുടെ പ്രതിനിധികളായി ഭൂമിയിൽ ജീവിക്കേണ്ടി വരും എന്നതിൽ സംശയമില്ല.

You might also like

Most Viewed