രാ­സദു­രന്തം വി­ളി­പ്പാ­ടകലെ­..!


ജെ. ബിന്ദുരാജ്

 

ലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങളെപ്പറ്റി കേരളം ചിന്തിച്ചു തുടങ്ങിയിട്ട് ഇപ്പോൾ പത്തോ പന്ത്രണ്ടോ വർഷങ്ങളേ ആയിട്ടുള്ളു. പക്ഷേ ആ ചിന്ത നാന്പെടുക്കാൻ തുടങ്ങും മുന്പു തന്നെ കേരളത്തിലെ നദികൾ ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ കൊണ്ട് മലിനമാക്കപ്പെട്ടിരുന്നു. ആലുവയ്ക്കടുത്ത ഏലൂർ-എടയാർ മേഖലയിലൂടെ ഒഴുകുന്ന പെരിയാറിൽ ഇടയ്ക്കിടെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും നദീജലത്തിന് നിറംമാറുന്നതുമെല്ലാം കാലങ്ങളായി നമ്മുടെ മാധ്യമങ്ങൾ വാർത്തയാക്കുന്നുണ്ട്. ഗ്രീൻപീസ് ഇന്റർനാഷണൽ ആകട്ടെ ലോകത്തെ ഏറ്റവും മലിനമായ പ്രദേശങ്ങളിൽ 32−ാം സ്ഥാനം ഏലൂർ-−എടയാർ വ്യവസായമേഖലയ്ക്ക് കഴിഞ്ഞ ദശാബ്ദത്തിൽ തന്നെ നൽകുകയും ചെയ്തു കഴിഞ്ഞു. പ്രതിദിനം 17,35,00,000 ലിറ്റർ മാലിന്യങ്ങളാണ് പ്രദേശത്തെ 247 രാസ വ്യവസായ ശാലകളിൽ നിന്നും പെരിയാറിലേയ്ക്ക് പുറന്തള്ളപ്പെടുന്നതെന്നാണ് സുപ്രീംകോടതി നിയോഗിച്ച മോണിറ്ററിങ് സമിതി അന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. ഇപ്പോഴും ഇടയ്ക്കിടെ മലിനീകരണ നിയന്ത്രണ ബോർഡ് ചില പരിശോധനകളൊക്കെ നടത്തി എല്ലാം സുരക്ഷിതമാണെന്ന് സർട്ടിഫിക്കറ്റ് നൽകുകയോ കുറച്ചുകാലം ഫാക്ടറികൾക്ക് മാനദണ്ധങ്ങൾ പാലിക്കാനായി അവസരമൊരുക്കാൻ പൂട്ടിയിടാൻ ആജ്ഞാപിക്കുകയും ചെയ്യുന്നതൊഴിച്ചാൽ മലിനീകരണം പതിവുപോലെ തന്നെ അവിടെ തുടരുന്നുവെന്നതാണ് വാസ്തവം. പലയിടങ്ങളിലും ഫാക്ടറികൾ തുപ്പുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനമാക്കുന്നുവെങ്കിൽ മറ്റുചിലയിടങ്ങളിൽ കൃഷിയിടങ്ങളിലേയ്ക്ക് മാലിന്യം ഒലിച്ചിറങ്ങി അവ തരിശുഭൂമികളായിപ്പോലും മാറ്റപ്പെടുന്നു. 

2003 സപ്തംബറിൽ ഗ്രീൻ പീസ് ഇന്റർനാഷണൽ ഏലൂർ-എടയാർ മേഖലയിൽ നടത്തിയ ആരോഗ്യസർവേയിൽ പ്രദേശത്തെ വലിയൊരു വിഭാഗം പേരിലും കാൻസറും ശ്വാസകോശ രോഗങ്ങളും ധാരാളമായി കണ്ടുവരുന്നുവെന്ന് കണ്ടെത്തിയിരുന്നതാണ്. മാലിന്യങ്ങൾ ഒഴുകിയിറങ്ങുന്ന കുഴിക്കണ്ടം തോടിന്റെ പരിസരത്തുള്ളവരെ പുനരധിവസിപ്പിക്കണമെന്ന അഭ്യർത്ഥനയാകട്ടെ പ്രദേശവാസികളായ 85 കുടുംബങ്ങൾ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നുവെങ്കിലും അക്കാര്യത്തിലൊന്നും യാതൊരു നീക്കുപോക്കും പിന്നീട് ഉണ്ടായില്ല. ഇത് ഏലൂർ-−എടയാർ വ്യവസായ മേഖലയിലെ അവസ്ഥ മാത്രമല്ല. പാലക്കാട്ടെ കഞ്ചിക്കോടും ആലപ്പുഴയിലെ മക്ഡവൽ ഫാക്ടറി പരിസരത്തും കൊല്ലം ചവറയിലെ കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ (കെ.എം.എം.എൽ) പരിസരത്തുള്ളവരേയും മറ്റ് അസംഖ്യം ഇത്തരം ഫാക്ടറി പരിസരങ്ങളിൽ ജീവിക്കുന്നവരേയും ബാധിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഈ ലേഖകന്റെ ഇടപെടൽ മൂലം വ്യവസായ വകുപ്പിൽ കെ.എം.എം.എല്ലിന്റെ മലിനീകരണത്തെ സംബന്ധിച്ച പല ഫയലുകൾ ഉണ്ടാകുകയും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ തേടുകയുമൊക്കെ ചെയ്തുവെങ്കിലും ഇപ്പോഴും ചവറ പൊന്മന പ്രദേശത്തെ ജനങ്ങൾ രാസമലിനീകരണത്തിന്റെ ഭീതിയിൽ തന്നെയാണ് നിലകൊള്ളുന്നതെന്നതാണ് വാസ്തവം. 

വലിയ കരിങ്കൽ ഭിത്തിക്കു പിന്നിൽ നിന്നും ആകാശത്തേയ്ക്ക് പുക വമിച്ചുകൊണ്ടും ജലത്തിലൂടെ രാസമാലിന്യങ്ങൾ ഒഴുക്കിവിട്ടുകൊണ്ടും ആരേയും കൂസാതെ കാലങ്ങളായി നിലകൊള്ളുകയാണ് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എം.എം.എൽ. പെയിന്റ് നിർമ്മാണമടക്കം മറ്റു പല പ്രക്രിയകൾക്കും ആവശ്യമായ അസംസ്‌കൃത വസ്തുവായ ടൈറ്റാനിയം ഡൈഓക്‌സൈഡ് നിർമ്മിക്കുന്ന ഈ ഭീമൻ പ്രതിവർഷം ഏതാണ്ട് 119 കോടി രൂപ ഖജനാവിലേയ്ക്ക് സംഭാവന ചെയ്യുന്ന സ്ഥിതിക്ക് അവർ സൃഷ്ടിക്കുന്ന മാലിന്യം മൂലമുള്ള പുനരധിവാസത്തിന് 125 കോടി രൂപയെന്നത് തെല്ലും വലിയ തുകയല്ല. ഭൂമിക്കൊരു ചരമഗീതമെഴുതിയ കവി ഒ.എൻ.വി കുറുപ്പിന്റെ നാടായ ചവറയിലെ ശങ്കരമംഗലത്താണ് ഫാക്ടറിയെന്നത് ഒരു യാദൃച്ഛികതയാകാം. സർക്കാർ രേഖകളിൽ ‘നല്ല പിള്ള’യായ ഈ ഫാക്ടറിയുടെ ചെയ്തികൾ മനസ്സുമരവിപ്പിക്കുന്ന കാഴ്ചകളായി പൊന്മന ഗ്രാമപഞ്ചായത്തിലുടനീളമുണ്ട്. തെളിനീരൊഴുകിയിരുന്ന കനാലുകളിലൂടെ ചുവപ്പു നിറമുള്ള രാസമാലിന്യങ്ങളൊഴുകുന്നു; വയലുകൾ കരിഞ്ഞു പോയിട്ട് കാലങ്ങളായിരിക്കുന്നു; ആസിഡു പാടങ്ങളും മണ്ടയില്ലാത്ത തെങ്ങുകളും കരിഞ്ഞുപോയ വൃക്ഷങ്ങളുമാണ് അവിടത്തെ ‘ഗ്രാമഭംഗി’. മാലിന്യങ്ങൾ വിഷമയമാക്കാത്ത ഒരൊറ്റ കിണറു പോലും പൊന്മന ഗ്രാമത്തിലെ ചിറ്റൂർ, പന്മന, പൊന്മന, മേക്കാട് വാർഡുകളിലില്ല. മരണവീട്ടിലെ അന്തേവാസികളുടെ മുഖഭാവമാണ് ഇവിടത്തെ മനുഷ്യർക്കെല്ലാം. പലവിധ വ്യാധികളാൽ നട്ടം തിരിയുന്നവരാണവർ− ത്വക് രോഗങ്ങൾ മുതൽ കാൻസർ വരെ. സാന്പത്തികശേഷിയുള്ളവർ പലരും തങ്ങളുടെ വീടുകൾ പോലും ഉപേക്ഷിച്ച് അവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. എങ്ങും പോകാനിടമില്ലാത്ത പാവപ്പെട്ടവരാകട്ടെ, തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട്, പ്രതിദിനം രണ്ടു മണിക്കൂർ മാത്രം ഔദാര്യമെന്ന കണക്കേ ഫാക്ടറി പൈപ്പുകളിലൂടെ എത്തിക്കുന്ന ദാഹജലത്തിൽ മാത്രം വിശ്വാസമർപ്പിച്ച് ജീവിതം മുന്നോട്ടു നീക്കിക്കൊണ്ടിരിക്കുന്നു. അയ്യായിരത്തോളം പേരുടെ ജീവിതം ദുരന്തമയമായിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇതുവരേയ്ക്കും ഇവിടേയ്ക്ക് കണ്ണയക്കാതിരുന്നത്? ചെന്നൈയിലെ ഹരിത ട്രൈബ്യൂണലിനു മുന്നിൽ കെ.എം.എം. എൽ മലിനീകരണം സംബന്ധിച്ച പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്.

ഒരു ജനതതിയുടെ മൗനരോദനമാണ് മരണവീടു പോലെ കിടക്കുന്ന ആ ഫാക്ടറിയുടെ പരിസരപ്രദേശങ്ങളിൽ നിന്നുയരുന്നത്. മനുഷ്യനും മനുഷ്യാവകാശങ്ങൾക്കും വിലയില്ലാത്ത ഈ നാട്ടിൽ രാസമാലിന്യങ്ങളില്ലാത്ത ഇടങ്ങൾ കാണാനാവില്ല. ‘പാടശേഖരങ്ങളിലെ ജലസേചനത്തിനായി രൂപം നൽകിയ പന്മന−ചിറ്റൂർ തോടിലൂടെ കഴിഞ്ഞ 35 വർഷമായി രാസമാലിന്യങ്ങൾ ഒഴുക്കിക്കൊണ്ടിരിക്കുകയാണ് ഫാക്ടറി. ഫാക്ടറി വന്നപ്പോൾ ഈ കനാൽ ഫാക്ടറിക്കു പുറമേക്കൂടി ആക്കി മാറ്റേണ്ടതായിരുന്നുവെങ്കിലും മാലിന്യം തള്ളാനുള്ള മാർഗമായി അതിനെ ഉപയോഗിക്കാനായി അത് പഴയപടി നിലനിർത്തുകയായിരുന്നു. ഇത് ഒഴുകി ഒരു കിലോമീറ്റർ അപ്പുറത്തുള്ള ശുദ്ധജലതടാകമായ വട്ടക്കായലിലാണ് ചെല്ലുന്നത്. അവിടത്തെ മത്സ്യസന്പത്ത് മുഴുവൻ ചത്തൊടുങ്ങിയിരിക്കുന്നു,’ ചവറ പൊന്മനയിലെ പൊല്യൂട്ട് ഏരിയ വെൽഫെയർ സൊസൈറ്റിയുടെ സെക്രട്ടറി ഡി സുരേഷ് കുമാർ പറയുന്നു. ഇരുന്പ് തുരുന്പെടുത്ത പോലുള്ള നിറമാണ് പ്രദേശത്തെ മണ്ണിൽ എവിടേയും. പാടങ്ങളിലെല്ലാം തന്നെ ഘനലോഹങ്ങളടങ്ങിയ അമ്ലതയുള്ള തുരുന്പുവെള്ളം കെട്ടിക്കിടക്കുന്നു. അവിടത്തെ കിണറുകളിലെ ജലം പശുവിനെ കുളിപ്പിക്കാനോ കക്കൂസിൽ ഉപയോഗിക്കാനോ പോലും ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്പ് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. കർഷകനായ രാജേന്ദ്രന്റെ രണ്ടേക്കർ ഭൂമിയും കൂട്ടുകൃഷി ചെയ്തിരുന്ന ഇരുപതേക്കറോളം പാടശേഖരവും പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഫാക്ടറിയുടെ ഏതാണ്ട് അഞ്ചു കിലോമീറ്ററോളം ചുറ്റളവിൽ കൃഷിയും വീടുകളുടെ ഭൂമിയുമെല്ലാം നശിച്ചു കിടക്കുന്ന കാഴ്ചയാണ് ലേഖകന് കാണാനായത്. ഇത്ര വ്യാപകമായ ഒരു നാശം സംഭവിച്ചിട്ടും കേരളം ഈ കാഴ്ചകൾക്കു നേരെ മുഖം തിരിച്ചു തന്നെ നിന്നു. പ്രദേശത്തെ പാവപ്പെട്ട ജനങ്ങൾക്ക് പണവും തൊഴിൽ വാഗ്ദാനങ്ങളും നൽകി മഹാദുരന്തത്തിനെതിരെ പ്രതികരിക്കുന്നതിൽ നിന്നും ഫാക്ടറി പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. 

പക്ഷേ ഭൂമിയെ അനുദിനം വിഷമയമാക്കിക്കൊണ്ട് പൊതുമേഖലാ സ്ഥാപനം ജനതയുടെ മേൽ തങ്ങളുടെ ക്രൂരമായ വേട്ടയാടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നാട്ടുകാർ പല നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും മലിനീകരണമൊന്നുമില്ലെന്നാണ് ഫാക്ടറിയുടെ നിലപാട്. പണം വിതരണം ചെയ്ത് ആളുകളെ തൃപ്തിപ്പെടുത്തുകയാണ് അവരുടെ രീതി. എന്തെങ്കിലും മൂവ്‌മെന്റ് ഉണ്ടാക്കിയാൽ തന്നെ അവർ അത് തകർക്കുകയും ചെയ്യും. താൽക്കാലികമായി ചില കാര്യങ്ങളൊക്കെ കാട്ടിക്കൂട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ മറ്റൊന്നും തന്നെ ഫാക്ടറി അധികൃതർ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാകട്ടെ ആർക്കും പകൽ വെളിച്ചത്തിൽ കാണാനാകുന്ന കാഴ്ചകളെപ്പോലും അംഗീകരിക്കാൻ തയ്യാറല്ല.  ടാങ്കുകളിൽ നിന്ന് ഇപ്പോൾ മാലിന്യം പുറത്തേയ്ക്ക് പോകുന്നില്ലെന്നാണ് അവരുടെ നിലപാട്.

ഈ പ്രദേശത്തെ വീടുകളുടെ മുറ്റങ്ങളിൽ ചെരിപ്പിടാതെ ചവിട്ടിയാൽ ത്വക് രോഗങ്ങൾ ഉറപ്പ്. സന്തോഷ് ഭവനത്തിലെ ശാന്തമ്മയുടെ (65) പറന്പിലെ തെങ്ങുകൾക്കും ജനാർദ്ദനൻ നായരുടെ ഒന്നരയേക്കർ ഭൂമിയിലെ തെങ്ങുകൾക്കും തലകളില്ലാതായിരിക്കുന്നു. ടൺ കണക്കിന് നെല്ലു കിട്ടിയിരുന്ന പതിനഞ്ചേക്കർ വരുന്ന കറങ്ങയിൽ പാടം ആസിഡിൽ മൂടിക്കിടക്കുന്നു. ഫാക്ടറിയിലെ അശാസ്ത്രീയമായി നിർമ്മിച്ച ഭൂഗർഭ മാലിന്യസംഭരണികളിൽ നിന്നുമാണ് ഈ ജലം ഗ്രാമമാകെ പടരുന്നത്.

 കരിമണലിൽ കാണപ്പെടുന്ന ഇൽമനൈറ്റിൽ നിന്നും ടൈറ്റാനിയം ഡൈഓക്‌സൈഡ് ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1972−ൽ കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് സ്ഥാപിക്കപ്പെട്ടത്. 1984−ലാണ് ഫാക്ടറി കമ്മീഷൻ ചെയ്യപ്പെട്ടത്. കരിമണലിൽ നിന്നും ഇൽമനൈറ്റിനെ വേർതിരിച്ചെടുത്തിരുന്ന എഫ് എക്‌സ് പെരേര ആന്റ് സൺസ് (ട്രാവൻകൂർ) ലിമിറ്റഡ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ മുൻഗാമി. അവർ കരിമണൽ എടുത്തിരുന്ന പ്രദേശത്തു നിന്നും ഇപ്പോൾ കെ.എം.എം.എല്ലാണ് കരിമണൽ എടുത്തുവരുന്നത്. കരിമണലിൽ നിന്നും ഇപ്പോൾ ഫാക്ടറി എടുത്തുകൊണ്ടിരിക്കുന്ന ഇൽമനൈറ്റിലും റൂട്ടെയിലിലും ടൈറ്റാനിയം ധാരാളമായി ഉള്ളതിനാൽ ഫാക്ടറിയാണ് അത് ഉപയോഗിച്ചുവരുന്നത്. ഇതിന്റെ ഉപോൽപന്നമായ മോണോസൈറ്റിൽ തോറിയം അടങ്ങിയിട്ടുണ്ടെന്നതിനാൽ അത് റേഡിയോ ആക്ടീവ് പദാർത്ഥമാണ്. ചവറയിലെ നനപ്രദേശത്തുള്ള മൊത്തം കരിമണൽ ശേഖരമായ 140 കോടി ടണ്ണിൽ 8.2 കോടി ടൺ മാത്രമേയുള്ളുവെങ്കിലും ഇത് പ്രദേശത്തുണ്ടാക്കുന്ന റേഡിയോ ആക്ടിവിറ്റി കുറവല്ല. ഇൽമനൈറ്റ് ഖനനത്തിനുശേഷം വേർതിരിച്ചെടുക്കുന്ന 91 ശതമാനം പാഴ്മണലും പ്രദേശത്ത് തന്നെ മൂടാൻ ഉപയോഗിക്കണമെന്നാണ് 1957−ലെ നന−ധാതു നിയമം അനുശാസിക്കുന്നതെങ്കിലും 2009 കാലയളവിൽ കെ.എം.എം.എൽ ഈ പാഴ്മണൽ വിറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വിൽപ്പന ഇപ്പോഴും അനധികൃതമായി തുടർന്നുവരുന്നുണ്ട്. 

പ്രദേശം മുഴുവൻ വ്യാപിച്ചു കിടക്കുന്ന അയൺ ഓക്‌സൈഡ് സ്ലഡ്ജ് അപകടകരമല്ല എന്ന പ്രചാരണമാണ് ഫാക്ടറി അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ആസിഡിൽ ലയിപ്പിച്ച ഇത് കടുത്ത അമ്ലാംശമുള്ളതാണെന്ന കാര്യം അവർ ബോധപൂർവ്വം മറച്ചുവെയ്ക്കുന്നു. കെ.എം.എം.എല്ലിനാകട്ടെ ഇത്തരത്തിലുള്ള അപകടകരമായ മാലിന്യങ്ങൾ ട്രീറ്റ് ചെയ്യുന്നതിനോ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുന്നതിനോ ഒരു സംവിധാനവും നിലവിലില്ല. മലിനീകരണ നിയന്ത്രണ ബോർഡ് ഇവ സൂക്ഷിച്ചിട്ടുള്ള പഴയ ടാങ്കുകൾ അടയ്ക്കണമെന്ന് ഫാക്ടറിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കന്പനി ഇതുവരേയ്ക്കും അത് ചെയ്തിട്ടില്ല. 2004 ഓഗസ്റ്റ് 14−ന് സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി പരിശോധനാ റിപ്പോർട്ടിൽ ഇ.ടി.പി അമ്ലതയുള്ള അയൺ സ്ലഡ്ജ് ടാങ്കുകളിൽ നിന്നും പുറത്തേയ്ക്ക് ഒഴുകി പ്രദേശത്തെ ജലം കുടിക്കാനോ കുളിക്കാനോ കക്കൂസിൽ ഉപയോഗിക്കാനോ കഴിയാത്തവിധം മലിനമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ടാങ്കുകൾ അപകടകരമായ മാലിന്യങ്ങളുടെ നിയമം ലംഘിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. 2010 ഏപ്രിൽ 27−ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാൻ 1986−ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരം കെ.എം.എം.എല്ലിന് നൽകിയ നിർദ്ദേശങ്ങളിലും ഈ ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നുണ്ട്. കെ.എം.എം.എൽ ചിലതൊക്കെ ഇതിനായി ചെയ്യാമെന്ന് വാഗ്ദാനം നൽകിയതൊഴിച്ചാൽ കാര്യമായി ഒന്നും തന്നെ പിന്നീട് ചെയ്യുകയുണ്ടായില്ല. കൊച്ചിയിലെ കേരളാ എൻവയറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലേയ്ക്ക് (കെ.ഇ.ഐ.എൽ) ഈ മാലിന്യങ്ങൾ മാറ്റാമെന്ന് പറഞ്ഞിരുന്നുവെങ്കിലും 2010−11 കാലയളവിൽ കേവലം 328 ടൺ അയൺ ഓക്‌സൈഡ് സ്ലഡ്ജ് മാത്രമാണ് അവർ നീക്കിയതെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. 

ആസിഡ് കയങ്ങൾക്കിടയിലാണ് പൊന്മനയിലെ ഇന്നത്തെ ജീവിതം. പക്ഷേ പ്രതിഷേധത്തിന്റെ വലിയ ജനകീയ ശബ്ദം അവിടെ നിന്ന് വൻതോതിൽ ഉയരുന്നില്ല. ഫാക്ടറിക്കുള്ളിൽ പ്രദേശത്തുനിന്നുള്ള തൊഴിലാളികളുള്ളതിനാൽ അവർ (70 ശതമാനം സ്ഥിരം ജീവനക്കാരും ഫാക്ടറിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ്) മലിനീകരണമെങ്കിലും തൊഴിൽ നഷ്ടപ്പെടാതിരുന്നാൽ മതിയെന്ന് കരുതി പ്രതിഷേധങ്ങളിൽ നിന്നും മാറി നിൽക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഈ ദുരവസ്ഥയിൽ നിന്നും മോചനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരെങ്കിലും പക്ഷേ ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ഭീതി അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ ദുരവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്. കന്പനിയുടെ നിലനിൽപ്പിന് ബാധിക്കാതെ മലിനീകരണത്തെ ചെറുക്കണമെന്നാണ് അവരുടെ വാദം. രാസവ്യവസായമായതിനാൽ ഇതൊക്കെ സംഭവിക്കുമെന്നു പറഞ്ഞ് പലരും കൈയൊഴിയുകയും ചെയ്യുന്നു. 

പാന്പും ചേരയും ജീവജാലങ്ങളുമൊന്നുമില്ലാത്ത നാട്ടിൽ നാളെ മനുഷ്യനില്ലാതെ വരുന്ന ഒരു കാലത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. നാട് മലിനീകരിക്കപ്പെട്ടാലും പണവും തൊഴിലും ലഭിച്ചാൽ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന മട്ടിലുള്ളവരുമുണ്ട് അവിടെ. ഭൂമി കന്പനി ഏറ്റെടുത്താൽ എല്ലാ പ്രശ്‌നവും തീരുമെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ മലിനീകരിക്കപ്പെട്ട ആ ഭൂഭാഗത്തെ മാലിന്യങ്ങളിൽ നിന്നും മോചിപ്പിക്കുകയാണ് ആത്യന്തികമായി ചെയ്യേണ്ടത്. സന്ന്യാസി ശാപത്താൽ പ്രസവിച്ച കുലം മുടിക്കുന്ന ഇരുന്പുലക്കയെ യാദവർ ശാപം മാറ്റാൻ രാകി കടലിൽ കളഞ്ഞതാണ് കരിമണലായി രൂപാന്തരപ്പെട്ടതെന്നാണ് പ്രദേശത്തെ ഒരു ഐതിഹ്യം. ഇവിടെ കരിമണൽ മനുഷ്യനാശത്തിലേക്കുള്ള വഴി തുറന്നിടുന്നത് തീർത്തും യാദൃഛികം മാത്രമാകണം.

You might also like

Most Viewed