കറുത്തമുത്തിനെ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ
കൂക്കാനം റഹ്്മാൻ
വർഷം 1986. അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ മലയോര മേഖലയിൽ അക്ഷരവെളിച്ചവുമായി നീങ്ങിയപ്പോൾ ഉണ്ടായ അനുഭവങ്ങളേറെയുണ്ട്. ബന്തടുക്ക മേഖലയിൽ മാനടുക്കത്തെ അപ്പുക്കുട്ടൻ നായരും സഹപ്രവർത്തകരുമൊത്ത് കോളനികൾ സന്ദർശിച്ച് അവിടങ്ങളിലെ ആളുകളുമായി അക്ഷരം പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു പരിപാടി. അതിനിടയിൽ പടുപ്പ്, ആനക്കല്ല് എന്നീ പ്രദേശങ്ങളിൽ ഞങ്ങളെത്തി. പ്രധാന റോഡിൽ നിന്ന് മണിക്കൂറുകളോളം നടന്നാലെ ആനക്കല്ല് എന്ന മലന്പ്രദേശത്തെത്താൻ കഴിയൂ. വർത്തമാനം പറഞ്ഞുകൊണ്ടായതിനാൽ മല ചവിട്ടിക്കയറിയതിൽ ക്ഷീണമൊന്നുമറിഞ്ഞില്ല. ഇടയ്ക്ക് അപ്പുക്കുട്ടൻ നായർ ആനക്കല്ലിലെ സ്‌പോർട്‌സുകാരിയായ ഒരു പെൺകുട്ടിയുടെ കായികരംഗത്തെ നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ചു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥമൂലം ആ കുട്ടിക്ക് വേണ്ടത്ര കായികരംഗത്ത് ശോഭിക്കാൻ കഴിയാത്തതും പ്രോത്സാഹനം ലഭ്യമല്ലാത്തതും അദ്ദേഹം സൂചിപ്പിച്ചു. ‘ആ കുട്ടിയെ നമുക്കൊന്ന് കാണണമല്ലോ’ ഞാൻ പറഞ്ഞു. ‘കുറേ നടക്കാനുണ്ട് അവളുടെ കുടിലിലേക്ക്’ അപ്പുക്കുട്ടൻ നായർ പറഞ്ഞു. എന്തായാലും നമുക്ക് അവളെ കണ്ട് കാര്യങ്ങളറിയണം എന്ന എന്റെ ആഗ്രഹത്തിന് എല്ലാവരും അനുമതി തന്നു.
ഞങ്ങൾ യാത്രയിൽ ഇടയ്ക്കു കാണുന്ന ആളുകളോടൊക്കെ സാക്ഷരതാ ക്ലാസ്സിൽ പങ്കെടുക്കാനും അക്ഷരം ഉറപ്പിക്കാനും നിർദേശിച്ചു. അതിന് തയ്യാറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മാനായ അപ്പുക്കുട്ടൻ നായർക്ക് ആ പ്രദേശമെല്ലാം സുപരിചിതമാണ്. അകലെ കുന്നിന്‍മുകളിലുളള ഒരു കൊച്ചുവീട് ചൂണ്ടിക്കാണിച്ച് അപ്പുക്കുട്ടൻ നായർ പറഞ്ഞു ‘അതാണാ കുട്ടിയുടെ വീട്’. തുടർന്ന് ആ വീട് ലക്ഷ്യമാക്കിയായി ഞങ്ങളുടെ നടത്തം. അപ്പുക്കുട്ടൻ നായരെ അറിയാവുന്നതുകൊണ്ട് വീടിന് പുറത്തേക്ക് ഒരമ്മയും നീണ്ടു മെലിഞ്ഞ് കറുത്ത ഒരു പെൺകുട്ടിയും വന്നു. അവളുടെ പുറത്തുതട്ടി അപ്പുക്കുട്ടൻ നായർ പറഞ്ഞു ‘ഇതാണ് മാഷെ ജയ’. ബന്തടുക്ക ഗവ: ഹൈസ്‌ക്കൂളിലെ അഭിമാന കായികതാരമായ ജയ അവളുടെ തിളങ്ങുന്ന പല്ലുകൾ പുറത്തുകാട്ടി ചിരിച്ചു. ഹ്രസ്വ−ദീർഘദൂര ഓട്ടമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്‌ക്കൂൾ തലത്തിലും സംസ്ഥാന−ദേശീയതലത്തിലും ഈ കൊച്ചുപ്രായത്തിൽത്തന്നെ നേടിയെടുത്തിട്ടുണ്ട് ജയ. നഗ്നപാദയായി കരിങ്കൽപ്പാറ കയറിയും ഇറങ്ങിയും ശീലമാക്കിയതും സ്‌ക്കൂളിൽ വൈകിയെത്തുമോ എന്ന ഭയം മൂലം ഇടുങ്ങിയ വഴികളിലുളള കാടുകൾ വകഞ്ഞുമാറ്റി കല്ലും പാറക്കൂട്ടങ്ങളും നിറഞ്ഞ വഴിയിലൂടെ ഓടിയോടി സ്‌ക്കൂളിലെത്തിയതും ഓട്ടമത്സരത്തിൽ വിജയത്തിനുളള കരുത്തു നൽകി. മുട്ടോളമെത്തുന്ന മുറിപ്പാവാടയും പിഞ്ഞുപോയ ബ്ലൗസുമിട്ട് അമ്മയുടെ കൈപിടിച്ച് ഞങ്ങളുടെ മുന്നിൽ വന്ന ജയയുടെ രൂപം ഇന്നും ഓർമ്മയിലുണ്ട്. അവൾ വളരെ തന്മയത്ത്വത്തോടെ അവളുടെ കായിക വിജയകഥകൾ ഓരോന്നായി മൊഴിഞ്ഞു. കേൾക്കാൻ ഇന്പമുളള ആ കുഞ്ഞിന്റെ വാക്കുകൾ ഞങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. കൂട്ടത്തിൽ അവളുടെ അമ്മ ജീവിതപ്രാരാബ്ദങ്ങളുടെ കെട്ടഴിച്ചു. വിദ്യാഭ്യാസ സൗകര്യമുളള ഒരു പട്ടണത്തിലെ പേരുകേട്ട വിദ്യാലയത്തിൽ പഠിക്കാൻ അവൾക്ക് അവസരമുണ്ടായിരുന്നെങ്കിൽ വേറൊരു പി.ടി. ഉഷയായി അവൾ കീർത്തി നേടുമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തിൽ ജനിക്കുകയും അവശ്യമായ സൗകര്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം കായികതാരങ്ങൾ മുരടിച്ചു പോവാനേ സാധ്യതയുളളൂ. ഇതൊക്കെ അറിഞ്ഞപ്പോൾ സമൂഹത്തിന് മുന്പിൽ ഈ കുട്ടിയെ അവതരിപ്പിക്കണമെന്ന് എനിക്ക് മോഹമുണ്ടായി.
സാധാരണയായി ഇത്തരം കോളനികൾ സന്ദർശിക്കുന്പോൾ കൗതുകമുളള കാര്യങ്ങൾ പകർത്താൻ ആരോ സമ്മാനമായിത്തന്ന ഒരു പഴയ ക്യാമറ കയ്യിലുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ കേരളകൗമുദി ദിനപത്രത്തിന്റെ കരിവെളളൂർ പ്രാദേശിക ലേഖകനായി പ്രവർത്തിക്കുകയായിരുന്നു ഞാൻ. ക്യാമറയിൽ പകർത്തിയ അവളുടെ ഫോട്ടോയും അവളുടെ അമ്മ പറഞ്ഞ അനുഭവവും വെച്ചൊരു കുറിപ്പ് തയ്യാറാക്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ കേരള കൗമുദിയിൽ ‘കാസർഗോഡിന്റെ കറുത്തമുത്ത്’ എന്ന പേരിൽ എന്റെ പേര് ബൈലൈൻ വെച്ച് ലേഖനം പ്രസിദ്ധീകരിച്ചു വന്നു. മനസ്സിന് കുളിർമയുണ്ടാക്കിയ ഒരു കുറിപ്പായിരുന്നു അത്. ഈ വാർത്ത കണ്ട് പലരും ജയയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇക്കാലത്തെ സോഷ്യൽ മീഡിയ പോലെയുളള സംഭവങ്ങൾ അന്നുണ്ടായിരുന്നെങ്കിൽ ആ കുറിപ്പ് ലോകം മുഴുവൻ അറിയുകയും സഹായഹസ്തവും പ്രോത്സാഹനവുമായി ജനം മുന്നോട്ട് വരുകയും ചെയ്യുമായിരുന്നു. ഈ സംഭവം നടന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. അവളെ അതിനുശേഷം ഞാനൊരിക്കലും കണ്ടിട്ടില്ല. പക്ഷേ അവളെക്കുറിച്ചെന്നും ഓർക്കും. ആനക്കല്ല് എന്ന പേര് കേൾക്കുന്പോൾ ജയയെന്ന ആ കറുത്തമുത്തിനെ ഓർമ്മ വരും. പലരോടും അവളെക്കുറിച്ച് ചോദിക്കാറുണ്ട്. ആരിൽ നിന്നും കൃത്യമായൊരുത്തരം കിട്ടിയില്ല. അവൾ എവിടെയാണെന്നോ എന്താണെന്നോ അറിയാനുളള ആകാംക്ഷ മനസ്സിലെന്നും ഒരു വിങ്ങലുണ്ടാക്കുമായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 29ന് കാഞ്ഞങ്ങാട് സുരക്ഷാ പ്രോജക്ട് യോഗം നടക്കുകയായിരുന്നു. അവിടെ സുരക്ഷാ പ്രോജക്ടിലെ പ്രവർത്തകർക്കുവേണ്ടി ഒരു സ്‌പെഷ്യൽ കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കാനുളള ആലോചന നടക്കുകയായിരുന്നു. ആ യോഗത്തിലേക്ക് ജില്ലാ കുടുംബശ്രീ മിഷനിൽ നിന്ന് ഒരു പ്രവർത്തകയെ ക്ലാസ്സെടുക്കാൻ വരാൻ ഏർപ്പാടു ചെയ്തിരുന്നു. പ്രോജക്ട് മാനേജർ രതീഷ് അന്പലത്തറയാണ് ഈ പ്രവർത്തനത്തിനുവേണ്ടിയുളള ആസൂത്രണം നടത്തിയത്. നിശ്ചയിച്ച പ്രകാരം കൃത്യം 12 മണിക്ക് തന്നെ ജില്ലാ മിഷനിൽ നിന്ന് ഒരു പ്രവർത്തക ഓഫീസിലേക്കെത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകൻ ഞാനായിരുന്നു. ഉദ്ഘാടനത്തിന് മുന്പേ ക്ലാസ്സെടുക്കാൻ വന്ന സ്ത്രീയെ പരിചയപ്പെടാൻ ശ്രമിച്ചു. ‘ജില്ലാ മിഷനിൽ താങ്കളുടെ ഔദ്യോഗിക പദവിയെന്താണ്?’. ‘ജില്ലാ ട്രെയിനിംഗ് കോ−ഓർഡിനേറ്റർ’. ‘എത്ര വർഷമായി ഇതിൽ പ്രവർത്തിക്കുന്നു?’ ‘രണ്ട് വർഷം’ ‘താമസസ്ഥലം എവിടെ?’. ‘ബന്തടുക്കയിൽ‘. ഗൗരവത്തിലായിരുന്നു ഉത്തരം. എന്തിനാണിദ്ദേഹം ഈ കാര്യങ്ങളൊക്കെ അറിയുന്നതെന്ന ഭാവത്തിൽ. ‘ബന്തടുക്കയിലെവിടെ?’ വീണ്ടും ഗൗരവത്തിൽത്തന്നെ ‘പടുപ്പിനടുത്ത്’. ബന്തടുക്ക, പടുപ്പ് തുടങ്ങിയ മേഖലയിലൊക്കെ 1980-−90 കാലഘട്ടത്തിൽ നടന്ന് പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. ഈ പ്രദേശങ്ങളൊക്കെ എനിക്കറിയാമെന്ന ഭാവത്തിൽ വീണ്ടുമെന്റെ ചോദ്യം. ‘വീടെവിടെയാണ്?’ ‘ആനക്കല്ലിലാണെന്റെ വീട്.’ ഇത് കേട്ടമാത്രയിൽ, ‘ഓ ആനക്കല്ലിലാണോ, ഞാനവിടെ പത്ത് മുപ്പത് കൊല്ലങ്ങൾക്കപ്പുറം സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അവിടെ കറുത്ത് നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടിയെ കേരളകൗമുദി പത്രത്തിനുവേണ്ടി ഇന്റർവ്യു നടത്തിയിട്ടുണ്ട്. അവളുടെ പേര് ഞാനോർക്കുന്നില്ല. എന്നും അവളെക്കുറിച്ചോർക്കാറുണ്ട്. നല്ല സ്‌പോർട്‌സ്‌കാരിയായിരുന്നു അവൾ‘. ‘സർ അവളുടെ പേർ ഓർക്കുന്നില്ലേ?’. ‘ഇല്ല’. ‘പേര് ജയയെന്നാണോ സർ?’. ‘ആണെന്നു തോന്നുന്നു’. ‘ഓ സർ, അത് ഞാനാണ്’. അത് കേട്ടപ്പോൾ എന്റെ മനസ്സ് മുപ്പത്തൊന്ന് കൊല്ലങ്ങൾക്കപ്പുറത്തേക്കോടി. അരപ്പാവാടയിട്ട് അമ്മയുടെ കൈപിടിച്ച് കുണുങ്ങി കുണുങ്ങി ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞ കഥ ഓർത്തുപോയി.
മുപ്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഈ 42കാരിയുടെ ഇരു കൈകളും ഞാനമർത്തിപ്പിടിച്ചു. ‘അവളാണോ നീ?’ നിത്യ ദാരിദ്ര്യത്തിൽ കഴിഞ്ഞ ആ പെൺകുട്ടിക്ക് സ്‌പോർട്‌സ് മേഖലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. അവൾ പ്രീ ഡിഗ്രിക്ക് ശേഷം ആതുരസേവന മേഖലയിൽ നേഴ്‌സായി ജോലി ചെയ്തു. അവിടെ നിന്നാണ് കുടുംബശ്രീ എന്ന മഹത്തായ പ്രസ്ഥാനവുമായി അവൾ ബന്ധപ്പെടുന്നത്. നാട്ടിലെ കുടുംബശ്രീ യൂണിറ്റിൽ നിന്ന് തുടക്കം കുറിച്ച് സി.ഡി.എസ് സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ അഭിമാനാർഹമായ പല നേട്ടങ്ങളും കൊയ്‌തെടുത്തു. തുടർന്നിപ്പോൾ കുടുംബശ്രീ ജില്ലാ മിഷനിൽ അറിയപ്പെടുന്ന ട്രെയിനറാണ്. അന്നത്തെ കറുത്തമുത്തായ ആ പെൺകുട്ടി ഇന്ന് വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവ് പ്രസാദ് അബുദാബിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. മകൾ ആതിര എം.എസ്.സി. ബയോടെക്‌നോളജി ചെയ്യുന്നു. മകൻ ആദർശ് എറണാകുളത്ത് പഠിക്കുന്നു. അന്നത്തെ ടി.എൻ ജയ എന്ന കുറുന്പുകാരി പെൺകുട്ടിയിൽ നിന്ന് നാൽപ്പത്തിരണ്ടിലെത്തിയ പക്വമതിയായ ജയാ പ്രസാദിലേക്കുളള മാറ്റം കാണാനും ഓർമ്മ പുതുക്കാനും കഴിഞ്ഞതിലുളള ആഹ്ലാദം ഞാൻ വായനക്കാരുമായി പങ്കിടുകയാണ്.