ഇന്ത്യൻ സിനിമയുടെ മുഖശ്രീ
വി.ആർ സത്യദേവ്
താരങ്ങളെല്ലാം പൊലിഞ്ഞേ തീരൂ... എങ്കിലും ഇന്ത്യൻ ജനപ്രിയ സിനിമയുടെ മുഖശ്രീ പൊലിഞ്ഞ് ഓർമ്മ മാത്രമാകുന്പോൾ അതിന് അവിശ്വസനീയതയുടെ നിഴൽ അറിയാതെ ചാർത്തപ്പെടുന്നു. തികച്ചും ആകസ്മികമാണ് ഈ വിട. പ്രണാമമോതാം ആ പ്രതിഭയ്ക്കും അനന്യമായ അഴകിനും.
വിയോഗമെന്നു പറയാൻ പോലുമാവാത്ത വിധം ഷോക്കിലാണ് അവരുമായി അടുത്തിടപഴകിയിട്ടുള്ളവരും ആരാധകരും. അതിൽ നമ്മുടെ സ്വന്തം നടി വിധുബാലയും ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിനും എല്ലാമുൾപ്പെടുന്നു എന്നതാണ് അനുപമം.
ഓർമ്മയാകുന്നത് ഇന്ത്യയുടെ ആദ്യ ലേഡീ സൂപ്പർസ്റ്റാറാണ്. ഇന്ത്യൻ മനസുകളെ ഏറ്റമുമധികം അഭിരമിപ്പിച്ച വനിത. അങ്ങനെ വിശേഷിപ്പിച്ചത് ഒരു തെന്നിന്ത്യൻ മനസോ മലയാളിത്തമോ ആണെങ്കിൽ നമുക്ക് ആ പ്രതിഭയുടെ തിളക്കത്തെപ്പറ്റി ഒന്നു പുനർചിന്തിക്കാമായിരുന്നു. അവർ ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പർ താരമായിരുന്നെങ്കിലും ആത്യന്തികമായി തമിഴകത്തിന്റെയും മലയാളത്തിന്റെയുമൊക്കെ മാനസപുത്രിയും പുത്രിയും ഒക്കെയായിരുന്നു. അതുകൊണ്ടു തന്നെ മലയാളി മനസ് അവരെക്കുറിച്ചു പറയുന്പോൾ ഒരൽപ്പം അതിഭാവുകത്വം കലർത്തിയേക്കാം. എന്നാൽ ശ്രീദേവിയെന്ന ഇന്ത്യൻ സിനിമയുടെ മുഖശ്രീയുടെ കാര്യത്തിൽ ഈ ന്യൂനതകളൊന്നുമില്ല. ഇന്ത്യൻ സിനിമയുടെ 100 വർഷക്കാലത്തെ ഏറ്റവും മികച്ച നായികയായി ശ്രീദേവിയെ തിരഞ്ഞെടുത്തത് ലോകോത്തര മാധ്യമമായ സി.എൻ.എൻ ആണ്.
ചലച്ചിത്രാഭിനയത്തിന്റെ ആൾരൂപമാണ് ശ്രീദേവി. ഒരായുഷ്കാലം മുഴുവനും ചലച്ചിത്രാഭിനയത്തിനായി ഉഴിഞ്ഞു വച്ചതായിരുന്നു ആ ജന്മം. അന്പത്തി നാലു വയസ്− അഞ്ചു പതിറ്റാണ്ടു കാലത്തെ അഭിനയ ചരിത്രം എന്നതു തന്നെ ഇതിനു സാക്ഷ്യമാവുന്നു. ചലച്ചിത്രവും ജീവിതവും ശ്രീദേവിയെന്ന അഭിനേതാവിനു രണ്ടായിരുന്നില്ല. നാലാം വയസിലായിരുന്നു ശ്രീദേവിയെന്ന ചലച്ചിത്ര നടിയുടെ പിറവി. അന്നുതൊട്ടിങ്ങോട്ട് അവസാന ശ്വാസം വരെയ്ക്കും ആ ജീവിതത്തിന് ചലച്ചിത്രവുമായി വേറിട്ടൊരു ജീവിതമുണ്ടായിരുന്നില്ല. ബോളിവുഡ് താരം മോഹിത് വർമ്മയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ ദുബൈയിൽ ആകസ്മികതകളുടെ നിരയിൽ ഒന്നുകൂടി എഴുതിച്ചേർത്ത് ശ്രീദേവിയെന്ന താരം തിളക്കം കെടാതെ ഓർമ്മയായിരിക്കുന്നു. വാർത്തകളും വാസ്തവങ്ങളും വന്നുകൊണ്ടേയിരിക്കുന്നതേയുള്ളൂ. എങ്കിലുമൊന്നുറപ്പാണ്. അവരുടെ അപൂർവ്വതയുടെ തുടർച്ച തന്നെയാണ് അപ്രതീക്ഷിതമായുള്ള ഈ അവസാനവും.
ശ്രീദേവി മലയാളത്തിനും സ്വന്തമാണ്. ഉയരങ്ങളിൽ വിഹരിക്കുന്പോൾ തുടക്കങ്ങളും വഴികളും മറക്കുന്ന പലരെയും പോലെയല്ലാതെ പല വേദികളിലും പതിവായി അവർ അത് ആവർത്തിച്ചിട്ടുമുണ്ട്. അതിശക്തമായിരുന്നു മലയാള ചലച്ചിത്ര രംഗത്ത് ആ ശ്രീ സാന്നിദ്ധ്യം. 1969 ൽ കുമാരസംഭവമെന്ന ചിത്രത്തിലെ സുബ്രഹ്മണ്യ വേഷത്തിലായിരുന്നു ബാലതാരമായി ശ്രീദേവി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സ്വപ്നങ്ങളും ശബരിമല ശ്രീധർമ്മ ശാസ്താവുമായിരുന്നു തുടർന്നുള്ള റിലീസുകൾ. തൊട്ടടുത്ത ചിത്രം ശ്രീദേവിയെന്ന ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ മുഖശ്രീയ്ക്ക് ആദ്യ പുരസ്കാരം സമ്മാനിച്ചു. പ്രമുഖ സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമൊക്കെയായ സാക്ഷാൽ എസ്.കെ പൊറ്റക്കാടിന്റെ പൂന്പാറ്റയായിരുന്നു ശ്രീദേവിക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്.
വളർച്ചയുടെ വഴികളിൽ തമിഴകമായിരുന്നു ശ്രീദേവിയെ സ്വപ്ന നായികയാക്കിയത്. ചലച്ചിത്രേതിഹാസങ്ങളായ കമലിനും രജനിക്കുമൊപ്പം തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ മുടിചൂടിയ മന്നൻ സാക്ഷാൽ കെ. ബാലചന്ദ്രന്റെ മൂൺട്രു മുടിച്ചിലെ നായികയായി പതിമൂന്നാം വയസിൽ നായികാ കഥാപാത്രമായി. ഇരുവർക്കു പുറമേ തമിഴ് ചലച്ചിത്രേതിഹാസങ്ങളായ ജമിനി ഗണേശനും ശിവാജി ഗണേശനും സാക്ഷാൽ പുരട്ചിത്തലൈവി ജെ. ജയലളിത എന്നിവർക്കൊപ്പമെല്ലാം ശ്രീദേവി വേഷമിട്ടു. മലയാളത്തിന്റെ സ്വന്തം ഐ.വി ശശിയുടെ പതിനേഴു ചലച്ചിത്രങ്ങളിലാണ് ശ്രീദേവി വേഷമിട്ടതെന്നു പറയുന്പോൾ മലയാളവുമായുള്ള അവരുടെ മനോബന്ധം വ്യക്തമാവുന്നു.
തെന്നിന്ത്യൻ താരറാണിയായി പേരെടുക്കുന്നതിനിടെ തന്നെ ഇന്ത്യൻ സിനിമയുടെ തലസ്ഥാനമായ ബോളിവുഡിലും തൊട്ടു ശ്രീ സ്വന്തം സാന്നിദ്ധ്യമറിയിച്ചിരുന്നു. 1975 ൽ പുറത്തിറങ്ങിയ ജൂലിയായിരുന്നു ശ്രദ്ധേയമായ ആദ്യ ചിത്രം. 83ൽ പുറത്തിറങ്ങിയ ഹിമ്മത് വാല ശ്രീദേവിയെന്ന തെന്നിന്ത്യൻ താര റാണിയെ ബോളിവുഡിന്റെയും താരമാക്കി. ഹിമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്നി, സദ്മ, നഗീന, ചൽബാസ്, ലംഹേ, ഖുദാഹവ, ജുദായ്... ഹിറ്റുകളും സൂപ്പർ ഹിറ്റുകളും പിന്നാലെ വന്നപ്പോൾ ഉത്തരേന്ത്യൻ ഗോസായ്മാർക്ക് കൂടെപ്പിറപ്പായ തെക്കൻ വിരോധം പഴങ്കഥയായി. പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും ധാരാളിത്തം സങ്കുചിതത്വങ്ങളെ താണ്ടുന്നതെങ്ങനെയെന്ന് ശ്രീദേവിയെന്ന അഴകിന്റെയും അഭിനയത്തിന്റെയും റാണി നമ്മെ കാട്ടിത്തന്നു.
പ്രശസ്തിയുടെ ഔന്നിത്യത്തിൽ ബോണി കപൂറെന്ന ചലച്ചിത്ര നിർമ്മാതാവിന്റെ ജീവിത പങ്കാളിയായി അവർ സന്പൂർണ്ണ കുടുംബിനിയുടെ റോളിലേക്കൊതുങ്ങി. ജാഹ്നവിയുടെയും ഖുഷിയുടെയും അമ്മ എന്ന സന്പൂർണ്ണ അഭിനേത്രി പക്ഷേ ബോണിയിയുടെ തടവറയിലായിരുന്നില്ല, സംരക്ഷണ വലയത്തിലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയെക്കൂടിയായിരുന്നു ബോണി പ്രണയിച്ചതും പരിണയിച്ചതും. ബോണിയുടെ പിന്തുണയും പ്രേരണയുമായിരുന്നു 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷെന്ന ചലച്ചിത്രത്തിലെ നായികയായി ആ അഭിനേത്രി തിരിച്ചെത്താൻ കാരണം. അതിന് മോമിലൂടെ തുടർച്ചയുമുണ്ടായി. ഗ്ലാമർ കൂടിയാൽ അഭിനയ പ്രതിഭകളെ അത് ദോഷകരമായി ബാധിക്കാമെന്ന പ്രമാണം ശ്രീദേവിയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയായിരുന്നു. ഇന്ത്യയുടെ മെറിൽ സ്ട്രിപ്പായിരുന്നു അവർ. ഒരുപക്ഷേ മെറിൽ സ്ട്രിപ്പെന്ന ഹോളിവുഡ് നടിക്കുമപ്പുറം വളർന്നവർ. ശിവകാളിയെന്ന തമിഴ്നാടൻ ഗ്രാമത്തിൽ പിറന്ന് മലയാളിത്തിലൂടെ ഭാരതത്തിന്റെ സ്വപ്നറാണിയായ മഹാനടി ഓർമ്മയായിരിക്കുന്നു.
പ്രകാശം പൊഴിക്കുന്ന എല്ലാ താരങ്ങൾക്കും അന്ത്യമുണ്ട്. അത് അനിവാര്യതയാണ്. അന്ത്യത്തിനുമപ്പുറം പ്രകാശം പൊഴിക്കുന്ന ഒരു താരമാണ് അവരെന്ന സത്യം ബാക്കിയാവുന്നു. വിട, ശ്രീദേവീ.