കിളിങ്കാറിലെ സ്നേഹവീട്
രാജീവ് വെള്ളിക്കോത്ത്
അംബരചുംബികളായി തീപ്പെട്ടിക്കൂടുകൾ ഒന്നിന് മുകളിൽ ഒന്നായി പെറുക്കിവച്ച പടുകൂറ്റൻ ഫ്‌ളാറ്റുകളിൽ ഒന്ന് സ്വന്തമാക്കുക എന്നത് മലയാളികളുടെയെല്ലാം പൊതു സ്വപ്നമായി മാറിയിരിക്കുന്പോൾ വൈകീട്ട് വീടണയുക എന്നതു മാറ്റി ഫ്‌ളാറ്റണയുക എന്ന പ്രക്രിയയിലേയ്ക്ക് കാലം മാറുകയാണ്. ഇതിനിടയിലും കിടന്നുറങ്ങാൻ ഒരു കൂര പോലും ഉണ്ടാക്കാനാകാതെ ജീവിതം മുഴുവൻ കഷ്ടപ്പെടുന്ന ‘കൂര’യണയാൻ പോലും നിർവാഹമില്ലാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ ഭൂമിയുടെ അവകാശികളായവരെത്ര പേർ... വില്ലേജ് ഓഫീസുകളിലും പഞ്ചായത്താഫീസിന്റെ വരാന്തകളിലും നിരങ്ങി നീങ്ങി ഉദ്യോഗസ്ഥരുടെ ആട്ടും തുപ്പും സഹിച്ചു കൊണ്ട് മക്കളെ മഴ ഏൽക്കാതെ, വെയിലേൽക്കാതെ സുരക്ഷിതമാക്കാൻ പാടുപെടുന്ന മാതാപിതാക്കൾ എത്ര?
പാവങ്ങൾക്ക് വീടെന്ന നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനം കേട്ട് വോട്ട് ചെയ്തു വിഡ്ഢികളായവർ എത്ര? കിടപ്പാടമില്ലാത്ത പാവങ്ങൾക്ക് സൗജന്യമായി 250 ഓളം വീടുകൾ നിർമ്മിച്ചു കൊടുത്ത സായിറാം ഭട്ടിനെ കുറിച്ചുള്ള കർമ്മയോഗി എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് സ്വന്തം ജില്ലയിലെ നിസ്വാർത്ഥ സേവകനെ ഒന്ന് നേരിൽ കാണണമെന്ന ആഗ്രഹമുണ്ടായത്. കഴിഞ്ഞ അവധിക്കാണ് ആ ആഗ്രഹം സാധിച്ചത്. ഒരു ഉച്ച നേരത്താണ് കാസർഗോഡ്-ബദിയടുക്ക റോഡിലെ കിളിങ്കാറിൽ എത്തിയത്. അവിടെ പച്ചപ്പുല്ലുകൾ വളർന്നു നിൽക്കുന്ന, കിഴങ്ങുകളും പച്ചക്കറികളും വളർന്നു നിൽക്കുന്ന, നിറയെ കായ്‌ഫലമുള്ള കവുങ്ങുകൾ ഉള്ള സായിറാം നിലയത്തിൽ എത്തിയപ്പോൾ തന്നെ കണ്ണിനും മനസിനും ആശ്വാസമേകുന്ന കുളിർമ്മ.
ഞങ്ങളെ കണ്ടതോടെ ചാരുകസേരയിൽ റോഡിനഭിമുഖമായുള്ള ജനലിനടുത്തു ഇരുന്നു കൊണ്ട് ചിലന്പിച്ച ശബ്ദത്തോടെ സായിറാം ഭട്ട് പറഞ്ഞു. “നിങ്ങൾ ബരീ... ഈട ഇരിക്കീൻ.” (വരൂ ഇവിടെ ഇരിക്കൂ) എന്ന സ്നേഹത്തോടെയുള്ള വാക്കുകൾ. കാർഷികവിളകൾ കൂട്ടിയിട്ടിരിക്കുന്ന മുറ്റത്തു കൂടി അകത്തേയ്ക്ക് കയറിയപ്പോൾ ഒരുപാട് സംഘടനകൾ നൽകിയ പുരസ്കാരങ്ങൾ കൊണ്ട് നിറഞ്ഞ മുറി (ഇതിൽ ഒന്നും ഒരൊറ്റ സർക്കാർ പുരസ്കാരവും ഇല്ല) (പുരസ്കാരങ്ങൾ ഒന്നും വേണ്ടെന്നു പറഞ്ഞാലും ആരൊക്കെയോ വീട്ടിൽ കൊണ്ട് വന്നു തന്നതാണെന്നു പിന്നീട് അദ്ദേഹം പറഞ്ഞു.)
ഇതാണ് വീടില്ലാത്തവർക്ക് വീടും തൊഴിലില്ലാത്തവർക്കു അതിനുള്ള പ്രതിവിധിയും, അസുഖമുള്ളവർക്കു ചികിത്സയും നൽകുന്നസ്വാമിയുടെ സ്നേഹമുറി. ഇവിടെ പരിശോധനയ്ക്കു ഫീസില്ല, വീട് ആവശ്യമുള്ളവർക്ക് ജാമ്യത്തിന് ആൾ വേണ്ട, ലോൺ അടവ് വേണ്ട, എഞ്ചിനീയർ വേണ്ട, ജോലിക്കാരെ അന്വേഷിച്ചു പോകേണ്ട. നിങ്ങൾ ഒരു ഭവനത്തിന് അർഹനാണെങ്കിൽ സായ് നിലയത്തിന്റെ ഈ സ്വാമി അത് സാധിപ്പിച്ചിരിക്കും. എന്നാൽ തീർത്തും നിങ്ങൾ ഒരു വീടിനു അർഹനാണെന്ന് ബോധ്യപ്പെടണമെന്ന് മാത്രം. അതിനു വേണ്ടി എഞ്ചിനീയർ കൂടി ആയ മകൻ തന്നെ വീട് ആവശ്യമുള്ളവരുടെ പ്രദേശത്തു ചെന്ന് നിജസ്ഥിതി അന്വേഷിക്കും.
സ്വാമി എന്നത് നാട്ടുകാർ സായിറാം ഭട്ട് എന്ന നിസ്വാർത്ഥന് നൽകിയ വിളിപ്പേരാണ്. തീർത്തും നിസ്വാർത്ഥമായ, മറ്റുള്ളവർക്ക് വേണ്ടി എല്ലാം ത്യജിച്ചു കൊണ്ട് ജീവിതം നയിക്കുന്ന ഈ മനുഷ്യനെ സ്വാമി എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ആ മനുഷ്യന്റെ പ്രവർത്തനങ്ങൾ കണ്ടപ്പോഴാണ് ബോധ്യമായത്. 250ഓളം പേർക്ക് വീട്, 12 കുടിവെള്ളപദ്ധതികൾ, 100 വീടുകളുടെ വൈദ്യുതീകരണം, 30 യുവതികളുടെ കല്യാണം, ആറ് പേർക്ക് വീട് വെക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, 300 ഓളം തയ്യൽ മെഷീനുകൾ. അങ്ങനെ പോകുന്നു സായിറാം ഭട്ടിന്റെ സേവനങ്ങളുടെ ലിസ്റ്റ്. തന്റെ കൃഷിയിടത്തിൽ സ്വന്തമായി അദ്ധ്വാനിച്ചു കിട്ടുന്ന വിളവുകളുടെ ലാഭത്തിൽ നിന്നാണ് ഈ വലിയ മനുഷ്യൻ തന്നെ തേടിയെത്തുന്നവർക്കു താങ്ങും തണലുമാകുന്നത്.
കിളിങ്കാറിലെ സായിറാമിന്റെ തോട്ടങ്ങളിൽ കൃഷി ഒരിക്കൽപ്പോലും പരാജയമായിട്ടില്ല. കിഴങ്ങുകളും പച്ചക്കറികളും നല്ല വിളവ് കൊടുത്ത് സായിറാമിനെ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളൂ. അതിനുള്ള കാരണവും ഇദ്ദേഹത്തിനറിയാം. ‘എന്റെ തോട്ടത്തിലെ ഓരോ ചെടിക്കുമറിയാം, അവർ വിളവ് തന്നാൽ അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്. എന്നും രാവിലെ മുതൽ അന്തിയോളം തോട്ടത്തിൽ ചെലവഴിക്കുന്ന സായിറാം ഒരു കർഷകൻ മാത്രമല്ല. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പ്രദേശത്തുകാർക്ക് കൺകണ്ട ദൈവമാണ്.
1995−ലെ ഒരു വർഷകാല സന്ധ്യ. സായ് നിലയത്തിന്റെ വാതിൽക്കൽ വന്ന് ഒരാൾ വാവിട്ട് നിലവിളിക്കുകയാണ്. അയാളുടെ ഓലമേഞ്ഞ കുടിൽ മഴയിൽ കുതിർന്ന് നശിച്ചു. ഭാര്യയും കുട്ടികളുമായി എവിടേക്ക് പോണമെന്ന് അറിയില്ല. ചെന്നു മുട്ടാനുള്ള ഒരേ ഒരു വാതിൽ സായ് നിലയത്തിന്റേത് മാത്രമാണെന്ന് അയാൾക്കറിയാം. അയാളുടെ ചാപ്പ (ഓലമേഞ്ഞ കുടിൽ) വർഷാവർഷം പുതുക്കിപ്പണിയാൻ ഓലയും കവുങ്ങ് തടിയും സായിറാമാണ് നൽകിയിരുന്നത്. ആ വർഷവും അയാൾ അത് പുതുക്കിപ്പണിതതാണ്. പക്ഷെ കാറ്റും മഴയും ചാപ്പയെ നിലംപരിശാക്കി. തന്റെ മുന്നിൽ നിന്ന് കരയുന്ന ആ മനുഷ്യനോട് (താൻ സഹായം നൽകിയ ആരുടേയും പേര് വെളിപ്പെടുത്താൻ സായിറാം ഒരുക്കമല്ല. അത് അവർക്കും തനിക്കുമിടയിലെ രഹസ്യമായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം) ഇനി ചാപ്പ പുതുക്കിപ്പണിയേണ്ടതില്ല എന്ന് സായിറാം പറഞ്ഞു! തലചായ്ക്കാൻ ഒരു കുടിൽ പോലും ഇല്ലാത്ത അവസ്ഥ എത്ര ദുഷ്‌കരമായിരിക്കുമെന്ന് ആലോചിച്ച് വീണ്ടും നിലവിളിക്കാൻ തുടങ്ങിയ അയാളോട്, “ഇനി ചാപ്പ വേണ്ട. വീട് തരാം” എന്ന് പറഞ്ഞാണ് സ്വാമി മടക്കിയത്. അതായിരുന്നു സായിറാം വെച്ച് നൽകിയ ആദ്യത്തെ വീട്. പിന്നീടിങ്ങോട്ട് വെയിലും മഴയും നിരാശ തീർത്ത മനുഷ്യർക്ക് വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയ വലിയ മനുഷ്യനായി മാറുകയായിരുന്നു സായിറാം ഭട്ട്.
ഒരു വകുപ്പിന് മാത്രം നൂറിലധികം ഉദ്യോഗസ്ഥരും വീട് ഉണ്ടാക്കുന്നതിനായി മാത്രം പ്രത്യേകം പദ്ധതികളും ഫണ്ടും ഉണ്ടായിട്ടും അതുപോലും അർഹരായവരിലേയ്ക്ക് എത്തിക്കാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നിടത്താണ് സായിറാം ഭട്ട് എന്ന ഒറ്റയാൾ വേറിട്ട് നിൽക്കുന്നത്. തല ചായ്ക്കാൻ വീടില്ലാതെ കഴിഞ്ഞിരുന്ന 250−ലധികം കുടുംബങ്ങൾക്ക് ഇക്കാലയളവിനുള്ളിൽ വീട് വെച്ച് നൽകി. അതും കൃഷിയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനത്തിൽ നിന്ന്. കള്ളപ്പണം വെളുപ്പിക്കാനും പ്രശംസയ്ക്കും പ്രശസ്തിക്കും ഉള്ള ഉപാധിയായി കാരുണ്യപ്രവർത്തനം മാറുന്ന കാലത്ത്, കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് സായിറാം ഭട്ടിന്റെ കാരുണ്യ പ്രവർത്തനം എന്നത് ശ്രദ്ധേയമാകുന്നു. “ബുദ്ധിശക്തിയും അദ്ധ്വാനവുമുണ്ടെങ്കിൽ ഈ ഭൂമിയിലെ ജീവിതത്തിൽ നമുക്ക് എന്തും ചെയ്യാം, എന്തും നേടാം. പക്ഷെ പാവപ്പെട്ടവരെ അറിഞ്ഞ് നമ്മുടെ നേട്ടങ്ങളുടെ ഒരു പങ്ക് കൊടുത്താലേ ആ നേട്ടങ്ങൾക്ക് സ്ഥിരതയുണ്ടാവൂ. മരിക്കുന്പോൾ നമുക്ക് ബാക്കിയാവുന്നത് നമ്മുടെ അദ്ധ്വാനമായിരിക്കില്ല. പാവപ്പെട്ടവരെ സഹായിച്ചാൽ, അത് മാത്രമേ അവസാനത്തെ കണക്ക് പുസ്തകത്തിൽ ഉണ്ടാവൂ.” എന്നാണ് സായിറാം ഭട്ട് പറയുന്നത്.
കന്നഡയിൽ കുതിർന്ന മലയാളത്തിൽ സായിറാം ഭട്ട് തന്നെ അതേപ്പറ്റി പറയും. “ഇപ്പൊ 248 ബീട് ഞാൻ കൊട്ത്തു. 3 എണ്ണം കെട്ടിക്കൊണ്ടിരിരിക്കുന്നു. സ്വാർഥ പാടേ ഇല്ല, ഓനി ബേണം, എൻക്ക് ബേണം, മോന് ബേണ്ടി ബരും എന്നൊക്കെ നെൻച്ചാൽ പിന്നൊന്നും ബാക്യാവൂല ...” (അതായത് സ്വാർത്ഥത അരുത്, അവനു വേണം, ഇവന് വേണം, മകന് വേണ്ടി വരും എന്നൊക്കെ വിചാരിച്ചിരുന്നാൽ ഒന്നും ബാക്കിയാവുകയില്ല). അതെ, മക്കൾക്കും അവരുടെ മക്കൾക്കും വേണ്ടി വെട്ടിപ്പിടിച്ചു ജീവിതം മുഴുവൻ സന്പാദിച്ചു കൂട്ടുന്നവർക്ക് സായിറാം ഭട്ടിന് പറയാനുള്ള ഉപദേശമാണിത്. ജീവിക്കുന്ന കാലമത്രയും ഇല്ലാത്തവർക്ക് നൽകിയും സഹായങ്ങൾ ചെയ്തും ഉള്ളത് കൊണ്ട് മനസമാധാനത്തോടെ ജീവിക്കാം എന്നാണ് അദ്ദേഹം നമുക്ക് കാണിച്ചു തരുന്നത്.
ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും സായിറാം ഭട്ട് തന്നെ വാങ്ങി നൽകിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാൻ തുടങ്ങി. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ സായിറാം ഭട്ടിന്റെ നന്മ മനസ് കേട്ടറിഞ്ഞു സഹായത്തിനായി ‘സായ് നിലയ’ത്തിലേക്കെത്തുന്നു. അർഹതപ്പെട്ടവരാണെങ്കിൽ അവരാരെയും അദ്ദേഹം നിരാശരാക്കി മടക്കി വിടാറില്ല. വീട് നിർമിച്ച് നൽകുന്നതിനൊപ്പം മറ്റനേകം കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം നടത്തി വരുന്നു. കുടിവെള്ളമില്ലാത്തവർക്ക് കുടിവെള്ളമെത്തിക്കുന്നു, തയ്യൽ പഠിച്ചവർക്ക് തയ്യൽ മെഷീൻ നൽകുന്നു, ആഴ്ച തോറും മുന്നൂറിലധികം പേർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാന്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങളുണ്ട്. മുന്‍പ് ഓട്ടോറിക്ഷ നൽകുന്ന പദ്ധതിയും നടപ്പിലാക്കി വന്നിരുന്നു. എന്നാൽ പിന്നീട് അത് സ്വീകരിച്ച പലരും ഓട്ടോ വിറ്റ് നശിപ്പിച്ചത് കാരണം പദ്ധതി നിർത്തലാക്കുകയായിരുന്നു.
സായിറാം ഭട്ടിന്റെ സേവന പ്രവർത്തനങ്ങളെ പറ്റി കേട്ടറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കളടക്കം അദ്ദേഹത്തിന്റെ അടുക്കലെത്തി. ഒരിക്കൽ കാസർഗോഡ് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സി.പി ജോൺ, സായിറാമിന്റെ വീട്ടിലെത്തി. അന്‍പത് സുഹൃത്തുക്കളെ ചേർത്ത് ഒരു കൂട്ടായ്മ ഉണ്ടാക്കി അതിന് കീഴിൽ വീട് നിർമിച്ച് നൽകിക്കൂടെ എന്ന് ഭട്ട് ചോദിച്ചു. ഇന്ന് അവർ അന്‍പതിലധികം വീട് നിർമിച്ച് നൽകി. ഒരാളെങ്കിലും അങ്ങനെ മാതൃകയാക്കിയല്ലോ. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ ഇവിടെയെത്തിയിരുന്നു. ഞാൻ നിർമിച്ച് നൽകുന്ന വീടുകൾക്ക് 40,000 രൂപ സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു. പക്ഷെ അത് സ്‌നേഹപൂർവ്വം നിരസിച്ചു. “നമുക്ക് കഴിയുന്നത്ര വീട് നമ്മൾ തന്നെ നിർമിച്ചു നൽകിയാൽ പോരെ” സായിറാം ഭട്ട് പറയുന്നു.
ആഢംബരങ്ങളും വിളംബരങ്ങളും ഇല്ലാതെ ബദിയടുക്കക്കാരുടെ സ്വാമി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം നിർമിച്ചു നൽകിയ വീടിന്റെ ഫോട്ടോ പകർത്താൻ താൽപ്പര്യപ്പെട്ടപ്പോഴും ഭട്ട് സ്നേഹപൂർവ്വം അത് നിരസിച്ചുകൊണ്ട് പറഞ്ഞു. “അത് ബേണ്ടപ്പാ..., ഓർക്ക് അതൊരി ബുദ്ധിമുട്ടാകും” (അത് വേണ്ടാ.. അവർക്കു അത് പ്രയാസമുണ്ടാക്കും എന്ന്). കോടീശ്വരന്മാരും സെലിബ്രിറ്റികളും സന്നദ്ധ സംഘടനകളും പാവപ്പെട്ടവന് ഒരു കുപ്പി വെള്ളം നൽകിയാൽ പോലും ഫോട്ടോയെടുത്ത് പത്രങ്ങളിൽ നൽകി അതിന്റെ പേരിൽ അവാർഡുകൾ പോലും വാങ്ങാൻ അക്ഷീണം പ്രയത്നിക്കുന്പോഴാണ് ഈ മെലിഞ്ഞ എൺപത്തൊന്ന് വയസുകാരന്റെ നിശബ്ദ പ്രവർത്തനം ആയിരങ്ങളുടെ മനസുകളിൽ അവാർഡ് ഒരുക്കുന്നത്. “പാവപ്പെട്ടോറ കാണാൻ മണ്ണിൽ പണിയെടുക്കുന്നപ്പ്യക്കേ ആവൂ.. അയിനി ബെല്യ പഠിപ്പൊന്നും ബേണ്ടപ്പാ...” സായി നിലയത്തിന്റെ മുറ്റത്തെ ഉണക്കാനിട്ടിരിക്കുന്ന അടക്ക ഒന്ന് കൂടി വെയിൽ കൊല്ലുന്നിടത്തേയ്ക്ക് മാറ്റി നിർത്തിക്കൊണ്ട് ഭട്ട് ഇത് പറഞ്ഞു തീർന്നപ്പോഴേയ്ക്കും അടുത്ത ഏതോ ഗ്രാമത്തിൽ നിന്നും ദന്പതികളായ മധ്യവയസ്കർ സ്വാമിയെ കാണാൻ എത്തി. അതോടെ ജോലി മതിയാക്കിയ ഭട്ട് അവരോട് പറഞ്ഞു. “എന്താ വന്നേ...? ബരീ.. കേറി ഇരിക്കീൻ ഞാനിതാ വന്നു.....”