ജനാധിപത്യത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പങ്കില്ല
ഇ.പി അനിൽ
epanil@gmail.com
മാർത്താണ്ധവർമ്മയുടെയും ടിപ്പുവിന്‍റെയും ചരിത്രത്തിൽ അവരുടെ യുദ്ധതന്ത്രങ്ങളെയും വ്യക്തിപരമായ കായികക്ഷമതയെയും പറ്റി പരാമർശിക്കാറുണ്ട്. ആധുനിക ലോകത്ത് ഒരു നേതാവിനെയും കായിക ക്ഷമതയുടെ അടിസ്ഥാനത്തിൽ അല്ല ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. ജനാധിപത്യത്തിൽ കായിക ക്ഷമതയോ ആയുധമുപയോഗിക്കുവാനുള്ള ശേഷിയോ ആയുധ ശേഖരത്തിന്‍റെ വലിപ്പമോ അല്ല വ്യക്തികളുടെ സ്വാതന്ത്ര്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നമ്മുടെ രാഷ്ടീയ പ്രവർത്തങ്ങളിൽ കൊലപാതങ്ങൾക്ക് ഇടം ഉണ്ടാകുന്നു എങ്കിൽ അത് അപകടകരമായ സൂചനയാണ്.
ഇന്ത്യയുടെ രാഷ്ട്രപിതാവിന്‍റെ അന്ത്യം കൊലപാതകത്തിലൂടെ ആയിരുന്നു എന്നത് എക്കാലത്തെക്കും രാജ്യത്തിനു പറ്റിയ വലിയ നാണക്കേടാണ്. കൊലപാതകം ഒരു വ്യക്തിയുടെ സ്വഭാവ വൈകൃതമല്ലാതിരിക്കുകയും പ്രത്യയശാസ്ത്രവും ഒന്നിലധികം സംഘടനകൾ അതിനു പിന്നിൽ ഉണ്ടായിരുന്നു എന്നതും വിഷയത്തിന്‍റെ ഗൗരവം കൂട്ടുന്നു. പ്രസ്തുത കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന പേരിൽ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ (കുറ്റവിമുക്തനായി എങ്കിലും) എണ്ണച്ഛായ ചിത്രം പാർലമെന്‍റിനുള്ളിൽ പിൽക്കാലത്ത് സ്ഥാപിച്ചു. ഗാന്ധിവധത്തിൽ പങ്കുണ്ടായിരുന്ന പ്രസ്ഥാനങ്ങൾക്കും അവരുടെ സഹായാത്രികൾക്കും ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം വർദ്ധിച്ചു വന്നു!
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിവിധ ശ്രേണികൾ ഉണ്ടായിരുന്നു. ആദ്യകാല ഗതർ പാർട്ടിയും ബംഗാളിൽ ശക്തമായിരുന്ന അനുശീലൻ മുതലായ വിമോചന ഗ്രൂപ്പുകളും പിൽക്കാലത്ത് രൂപീകരിക്കപെട്ട കമ്യൂണിസ്റ്റ് ധാരകളും തിലകനും ലാലിനും ശേഷം ഗാന്ധിയൻ ആശയങ്ങളും വിവിധ രൂപത്തിലുള്ള സമരങ്ങൾ നടത്തി. അവയിൽ ശക്തമായി വേരോട്ടം ഉണ്ടായ ഗാന്ധിയ നീതി ഭൂരിപക്ഷസമര രൂപങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. പ്രസ്തുത ആശയം പിൽക്കാലത്ത് ലോകത്തെ വിവിധ സ്വാത്രന്ത്ര്യ സമരങ്ങൾക്ക് ശക്തി നൽകി. നെൽസൽ മണ്ടേലയും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മുല്ലപ്പൂ വിപ്ലവങ്ങളും ഗാന്ധിയൻ ആശയങ്ങളാൽ പ്രചോദിതമായി.
ഇന്ത്യ ജനാധിപത്യത്തിൽ ഉറച്ചു നിൽക്കുന്ന പ്രസിദ്ധ നാടാണ്. ലോക സമാധാന പ്രസ്ഥാനങ്ങളിൽ അണിചേർന്ന് യുദ്ധ വിരുദ്ധ ചേരിയിൽ ഇന്ത്യക്ക് മാന്യമായ സ്ഥാനം നേടുവാൻ കഴിഞ്ഞു. ലോകസമാധാനത്തിന്‍റെ വക്താക്കൾ ആകുവാൻ കഴിഞ്ഞ ഇന്ത്യയിലെ ഏറ്റവും സാക്ഷരതയും ജനാഭിമുഖ്യ രാഷ്ടീയ പാരന്പര്യം പേറുന്ന കേരളത്തിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ ആക്രമണവും മറ്റും ഉണ്ടാകുന്നതിനെ ആർക്കും ന്യായീകരിക്കുവാൻ കഴിയുകയില്ല.
ജനാധിപത്യത്തിന്‍റെ പ്രത്യേകത അവിടെ പ്രതിപക്ഷത്തിനും കൂടി ഇടം ഉണ്ടാകുന്നു എന്നാണ്. ഭരിക്കുന്നവരും എതിർ ചേരിയിലുള്ളവരും പരസ്പരം ആശയപരമായി സംവാദങ്ങൾ നടത്തി കൂടുതൽ ശരിയായ മാർഗങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. ഒരു നിശ്ചിത കാലത്തിനു ശേഷം (ഇന്ത്യയിൽ 5 വർഷം) ജനപ്രതിനിധികൾ ജനങ്ങളുടെ മുന്നിൽ എത്തി തങ്ങളുടെ വിശ്വാസ്യത തെളിയിക്കുവാൻ നിർബന്ധിതരാണ്. അങ്ങനെ ജനങ്ങളുടെ ശിക്ഷയും തലോടലും വാങ്ങി അധികാരത്തിൽ വരുവാനും പുറത്തു പോകുവാനും ജനപ്രതിനിധികൾ നിർബന്ധിതരാണ്. ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുവാൻ നിർബന്ധിതരായ നേതാക്കൾക്ക്‍ എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കുവാൻ ബാധ്യതയുണ്ട്.
ഏകാധിപത്യവും പട്ടാള ഭരണവും ഫാസിസ്റ്റ് നിലപാടുകളും നിലനിൽക്കുന്ന നാട്ടിൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുവാൻ ഒരു കൂട്ടർ (ഭരണകൂട പിന്തുണയുള്ളവർ) ശ്രമിക്കും. അതിനായി ആയുധമണിഞ്ഞതും പരിശീലനം കിട്ടിയതുമായ സ്വകാര്യസംഘങ്ങൾ രംഗത്തുണ്ടാകും. അവരുടെ ആക്രമണങ്ങളിൽ മറ്റുള്ളവർ ജീവച്ഛവങ്ങൾ ആകും. ആദ്യം മുസോളിനിയും പിന്നീട് ഹിറ്റ്ലറും ഇത്തരം പണികൾ വിജയകരമായി സംഘടിപ്പിച്ചു. യൂറോപ്പിൽ പ്രത്യേകിച്ച് ഇറ്റലിയിലും ജർമ്മനിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും മറ്റും തൊഴിലാളി വിപ്ലവ സംഘങ്ങൾ ശക്തമായി തീരുകയും വൻ പണിമുടക്കുകൾ ഉണ്ടാക്കുകയും ചെയ്തപ്പോൾ അതിനെതിരെ ഉണ്ടായ മുന്നേറ്റങ്ങളിൽ ചിലതാണ് പിൽകാലത്ത് നാസി− ഫാസിസ്റ്റ് അച്ചുതണ്ടായി വളർന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ മുഴുകി സംഘടനയിൽ പ്രവർത്തിച്ച മുസോളിനി, പിന്നീട് ഫാസിസത്തെ സോഷ്യലിസത്തിന്റെ ബദൽ സംവിധാനമായി കണ്ട് ഫാസിസം ഇറ്റലിക്ക് നല്ല നാളുകൾ നൽകും എന്ന് പ്രചരിപ്പിച്ചു. പ്രചരണം അഴിച്ചുവിട്ട മുസോളിയും കൂട്ടരും പുരോഗമന ചേരിയിൽ ഉള്ളവരെ ദേശവിരുദ്ധരായി അവതരിപ്പിച്ചു. അവരെ കടന്നാക്രമിക്കുവാൻ സംഘങ്ങളെ നിയമിച്ചു. (black shirt) എതിർ ചേരിയിൽ ഉള്ളവരുടെ ഓഫീസുകൾ അടിച്ചു തകർത്തു. പത്രം ഓഫീസുകളും പ്രസുകളും കത്തിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച മേയറെയും മറ്റും അടിച്ചോടിച്ചു. കള്ളങ്ങൾ പ്രചരിപ്പിച്ച് പിൽക്കാലത്ത് കുപ്രസിദ്ധമെന്ന് അറിയപ്പെട്ട മാർച്ചുകൾ സംഘടിപ്പിച്ചു. സർക്കാർ ഓഫീസുകൾ അഗ്നിക്കരിയാക്കി പിടിച്ചെടുത്തു. ചുരുക്കത്തിൽ ആക്രമണങ്ങളിലൂടെ മുസോളിനി അധികാരത്തിൽ എത്തി. ഹിറ്റ്ലർ ഏകദേശം ഇതേ പാതകൾ തന്നെ പിന്തുടർന്നു. പാർലമെന്റിനു തീ കൊളുത്തുവാൻ ആളുകളെ ചുമതലപ്പെടുത്തി. അതിന്‍റെ മറവിൽ അടിയന്തിരാവസ്ഥ നടപ്പിൽ വരുത്തി. എതിർ ചേരിയിൽ പെട്ടവരെ ജയിലിൽ അടച്ച് കൊന്നും അല്ലാതെയും നിശബ്ദമാക്കി. ആക്രമണങ്ങൾ അഴിച്ചുവിട്ട് ജനാധിപത്യം അട്ടിമറിച്ചു.
അധികാരം വിപ്ലവങ്ങൾ നടത്തി പിടിച്ചെടുക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന കമ്യുണിസ്റ്റുകൾ നടത്തിയ അട്ടിമറികളിൽ ചെറിയ തോതിലുള്ള ജീവഹാനികളെ സംഭവിച്ചിട്ടുള്ളൂ. സോവിയറ്റ് റഷ്യയിലും ചൈനയിലും ക്യൂബയിലും അധികാരം പിടിച്ചെടുത്ത പോരാട്ടങ്ങൾ വൻതോതിൽ രക്തചൊരിച്ചിൽ ഉണ്ടാക്കിയിട്ടില്ല. വിപ്ലവത്തിന്‍റെ പ്രത്യേക ഘട്ടത്തിൽ ജനങ്ങൾ തന്നെ ആയുധം എടുത്തു പോരാടുവാൻ ശ്രമിക്കണം എന്ന് ആഹ്വാനം ചെയ്ത കമ്യുണിസ്റ്റ് പാർട്ടികൾ കേവലം ആയുധ പ്രയോഗത്തെ പരിഗണിക്കാതെ സാഹചര്യങ്ങൾ നിർബന്ധിച്ചാൽ മാത്രം ആയുധം ഉപയോഗിക്കാം എന്ന നിലപാടുകൾ എടുത്തു. ഇന്ത്യയിലെ ഒരു വിഭാഗം കമ്യുണിസ്റ്റുകൾ ആണ് ആയോധ പോരാട്ടത്തെ അധികാരത്തിൽ എത്തുവാനുള്ള മാർഗമായി കണ്ടത്. അതിൽ പെട്ട് കേരളത്തിൽ പ്രവർത്തിച്ചു വന്നവരിൽ ഒട്ടുമിക്കവരും അവരുടെ നിലപാടുകളെ തള്ളിപറയുവാൻ പിൽകാലത്ത് താൽപ്പര്യം കാട്ടി.
കേരളത്തിൽ ആദ്യമായി നടന്ന കൊലപാതകം കെ.പി.സി.സിക്ക് ജീവചരിത്രം എഴുതിയ മൊയാരത്ത് ശങ്കരന്‍റെതായിരുന്നു. കോൺഗ്രസ് പാർട്ടി വിട്ട് കമ്യുണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുവാൻ തുടങ്ങിയ അദ്ദേഹം മരണപ്പെട്ടത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലൂടെയാണ്. പിന്നീടുണ്ടായ പ്രധാനപെട്ട കൊലപാതകത്തിൽ ഒന്ന് സി.പി.ഐ.എം സംസ്ഥാന നേതാവായിരുന്ന അഴിക്കോടൻ രാഘവന്‍റേതായിരുന്നു. അദ്ദേഹത്തെ തൃശ്ശൂരിൽ വെച്ച് കുത്തി കൊലപ്പെടുത്തി. നിലന്പൂർ എം.എൽ.എആയിരുന്ന സെയ്താലിയുടെ കൊലക്ക് പിന്നിൽ പിൽക്കാലത്ത് മന്ത്രി സ്ഥാനങ്ങൾ ആവർത്തിച്ചലങ്കരിച്ച ആര്യാടൻ മുഹമ്മദും ഉണ്ടായിരുന്നു എന്ന് കേസുകളിൽ കാണാം. ഇന്നത്തെ മുഖ്യമന്ത്രി കണ്ണൂരിലെ ആദ്യകാല രാഷ്ടീയ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ്. കാസർഗോഡ് ചീമേനിയിൽ അഞ്ച് മാർക്സിസ്റ്റ് പ്രവർത്തകരെ ചുട്ടുകൊന്ന ദാരുണ സംഭവം ഉണ്ടായി. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നു എന്നതും കേരളം രാഷ്ടീയമായി ഏറെ മുന്നിലാണ് എന്ന് പറയുന്നതും തമ്മിൽ വൈരുദ്ധ്യം കാണാം. അതും ഏറ്റവും നീണ്ട രാഷ്ടീയ ചരിത്രം ഉള്ള കണ്ണൂരിൽ തന്നെ അത് സംഭവിക്കുന്നു എന്നത് ഗൗരവതരമായ ചർച്ചകൾക്ക് ഇടം ഉണ്ടാക്കേണ്ടതാണ്.
കമ്യുണിസ്റ്റുകാരെ ആക്രമകാരികൾ ആയി കണ്ടുവന്ന കോൺഗ്രസ് പാർട്ടി, ഒരു കാലത്ത് കമ്യുണിസ്റ്റുകൾക്ക് എതിരെ അക്രമങ്ങൾ നടത്തുകയുണ്ടായി. എങ്കിലും ആ പാത തുടരുവാൻ അവർ അത്ര കണ്ടു തയ്യാറായില്ല. കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം തുടങ്ങിയത് 1948ൽ ആണെങ്കിലും അവർ കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപെടുന്നത് തളി ക്ഷേത്ര പ്രശ്നത്തെ വർഗീയവൽക്കരിച്ചു കൊണ്ടാണ്.അവരുടെ സാന്നിധ്യം കണ്ണൂരിൽ ഒരു സംഘടിത ശക്തിയായി പ്രകടമായത് ബീഡി രംഗത്ത് കമ്യുണിസ്റ്റ് പാർട്ടി ആരംഭിച്ച ദിനേശ് ബീഡി സ്ഥാപനവുമായി ബന്ധപെട്ടാണ്. ബീഡി രംഗത്തെ കർണ്ണാടക മുതലാളിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ രംഗത്തിറങ്ങിയ ആർ.എസ്.എസ് കമ്യൂണിസ്റ്റ് പ്രവർത്തകരായ തൊഴിലാളികളുമായി സംഘർഷത്തിൽ എത്തി. അത് കണ്ണൂരിൽ കമ്യൂണിസ്റ്റ് ആർ.എസ്.എസ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഉപ്പ് സത്യാഗ്രഹം നടന്ന പയ്യന്നൂർ ഉൾപ്പെടുന്നതും ഗന്ധിയന്മാർ ഏറെ ഉണ്ടായിരുന്നതുമായ കണ്ണൂരിൽ ഏറ്റവും അധികം രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുവാൻ എന്തായിരിക്കും കാരണം? കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ് പാർട്ടിയുടെയും പഴയകാല നേതാക്കളിൽ പലരും രാഷ്ട്രീയപ്രവർത്തനം നടത്തിവന്ന മലബാറിൽ സംഘട്ടനങ്ങൾ ഉണ്ടാകുകയും എന്നാൽ അത്രയും സംഘർഷങ്ങൾ തെക്കൻ കേരളത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനുള്ള കാരണങ്ങൾ എന്താകും?
കണ്ണൂരിൽ ഏറ്റവും അധികം സഹകരണ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നു. പാർട്ടികൾ നേരിട്ട് നിയന്ത്രിക്കുന്ന ഈ സംവിധാനത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ തൊഴിൽ ദാതാവായി കൂടി രാഷ്ടീയപാർട്ടികൾ പ്രവർത്തിച്ചു വരുന്നു. പാർട്ടി അനുഭാവികളുമായി കേവല രാഷ്ടീയ ബന്ധങ്ങൾക്കപ്പുറം വിവിധ വിഷയങ്ങളിൽ രക്ഷാകർത്താക്കളുടെ റോളിലേക്ക് പാർട്ടികൾ ഉയരുവാൻ ഇവിടെ അവസരം സൃഷ്ടിക്കുന്നു. കുടുംബ ചടങ്ങുകൾ മുതൽ തറവാട് ക്ഷേത്രത്തിലെ ഉത്സവങ്ങൾ, ആളുകൾ തമ്മിലുള്ള തർക്കങ്ങൾ, പുറം ലോകത്ത് ആളുകളുമായി ബന്ധപ്പെടുവാൻ അവസരം മുതലായ വിഷയങ്ങളിൽ എല്ലാം പാർട്ടി (നേതാവ്) കാര്യസ്ഥനാകുന്പോൾ പാർട്ടിക്കായി എന്ത് പരീക്ഷണവും നടത്തുവാൻ തങ്ങൾക്ക് ബാധ്യതയുണ്ട് എന്ന് അണികൾ തിരിച്ചറിയും. തന്‍റെ പാർട്ടിയിൽ പെട്ടവർ മാത്രം പരസ്പരം ബന്ധപ്പെടുന്ന ഒരു ലോകം (ഗ്രാമം) വളരെ സുരക്ഷിതമായ ഒരിടമായി പാർട്ടി പ്രവർത്തകർ മനസിലാക്കി. അവർ മറ്റുള്ള പാർട്ടിയിലെ അംഗങ്ങളെ പരമാവധി ഒഴിവാക്കി നിർത്തുവാൻ ശ്രദ്ധിക്കുന്നു. (ഇത്തരം പ്രതിഭാസങ്ങൾ തെക്കൻ ജില്ലകളിൽ കാണുവാൻ കഴിയുകയില്ല. അവിടെ പാർട്ടിയും അണികളും രാഷ്ടീയ വിഷയങ്ങളിൽ മാത്രം പരസ്പരം ബന്ധപ്പെടുന്നു. പാർട്ടി വിശ്വാസങ്ങൾക്ക് പുറത്ത് മറ്റൊരു ലോകം നിലനിർത്തുവാൻ മടിക്കുന്നില്ല. രാഷ്ട്രീയേതര വ്യവഹാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉള്ള തെക്കൻ ജില്ലകളിൽ രാഷ്ട്രീയ പാർട്ടികളെ കുടുംബങ്ങളുടെ രാഷ്ട്രകർത്താവ് എന്ന തരത്തിൽ അംഗീകരിക്കുന്നില്ല. ഇതുകൊണ്ട് തന്നെ പാർട്ടികളുമായി അതിരു കടന്ന വൈകാരിക ബന്ധങ്ങൾ അസാധ്യമാണ്.)
ഗോത്രങ്ങളുടെ പ്രധാന സ്വഭാവങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഗോത്ര അംഗങ്ങൾ അവരുടെ സ്വതം (identity)നിലനിർത്തുവാൻ എപ്പോഴും ബാധ്യസ്ഥമായിരിക്കും എന്നതാണ്. തന്‍റെ കുലത്തിന്‍റെ യശസ് ഉയർത്തി പിടിക്കുവാൻ ഏതറ്റം വരെയും പോകുവാൻ അവർ ബാധ്യസ്ഥരാണ്. അങ്ങനെ സ്വയം ചാവേറുകൾ ആകുവാൻ ഏവരും തയ്യാറാണ് എന്ന ബോധം ഓരോരുത്തരിലും ജനിപ്പിക്കുവാൻ ഗോത്ര സംഘബോധം പ്രത്യേകം ശ്രദ്ധിക്കുന്നു. ബലി നൽകുവാൻ തയ്യാറായ ആളുകൾ തങ്ങളുടെ ശത്രുവിനെ വെട്ടി വീഴ്ത്തുവാൻ മടിക്കാറില്ല. സ്വയം മരിക്കുവാൻ മടിക്കാത്ത ഒരാൾക്ക് മറ്റൊരാളെ ഗോത്രമഹിമക്ക് വേണ്ടി കൊല്ലുന്നതിൽ അഭിമാനിക്കുവാൻ അവസരം ഉണ്ട്. ഗോത്രങ്ങൾ ഇത്തരം അത്മഹൂതികളെയും ഒപ്പം ശത്രുസംഹാരത്തെയും ഒരുപോലെ അംഗീകരിക്കുന്നു. പഴയകാലത്തെ പകയും നാട്ടിൽ തർക്കങ്ങൾ കൂലിക്കാരായ പടയാളികളെ കൊണ്ട് പരിഹരിക്കുന്ന രീതികളും ഇത്തരം പ്രവണതകളുടെ തുടർച്ചയാണ്. നായർ സമുദായവും മലബാറിൽ തീയ സമുദായവും ഇത്തരം പ്രാദേശിക അടിപിടികളിൽ പങ്കാളികൾ ആയിരുന്നു.
ഓണാട്ടുകരയിൽ (ഇന്നത്തെ കായംകുളവും സമീപപ്രദേശവും) ചില സ്ഥല നാമങ്ങൾ പ്രാദേശിക യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്നു. ഉദാഹരണമായി പടവെട്ടുന്ന സ്ഥലം എന്ന്‍ അടയാളപെടുത്തുന്ന ‘പടനിലം’. ഓച്ചിറ ക്ഷേത്രത്തിൽ അരങ്ങേറുന്ന ഓച്ചിറ കളി, രണ്ടു പ്രാദേശിക വാസികൾ തമ്മിൽ ക്ഷേത്രത്തിനരികിലുള്ള പാടത്ത് ഇറങ്ങി നിന്ന് നടത്തുന്ന പ്രതീകാത്മക യുദ്ധമാണ്.
ഗോത്ര ബോധത്തിന്‍റെ സ്വഭാവങ്ങളെ ചുറ്റിപറ്റി തന്നെയാണ് പട്ടാളവും സ്വകാര്യ ഗുണ്ടാസംഘങ്ങളും പ്രവർത്തിക്കുക. ഒരു പ്രത്യേക ലക്ഷ്യം വെച്ച് മരിക്കുവാനും ശത്രുവിനെ കൊല്ലുവാനും ബാധ്യസ്ഥമാണ് എന്ന മാനസിക അവസ്ഥയിൽ അംഗങ്ങളെ എത്തിക്കുന്ന കൂട്ടങ്ങൾ ഒരാളുടെ മരണം വീര മൃത്യു/ബലി/രക്തസാക്ഷിത്വം ആയി പരിഗണിക്കും. ഇതിനാവശ്യമായ മനഃശാസ്ത്ര പാഠങ്ങൾ നൽകുവാൻ നേതാക്കൾ മടിക്കില്ല. ഭീകരവാദികളിൽ ഏറെ കുപ്രസിദ്ധി നേടിയ ഐ.എസും മറ്റും ജിഹാദികൾ (തെറ്റായ അർത്ഥത്തിൽ) സ്വയം ചാവേറുകൾ ആകലിനെ പുണ്യപ്രവർത്തിയായി കരുതുന്നു. (ചാവേറുകളെ ആധുനികകാലത്ത് ഉണ്ടാക്കുന്നതിൽ LTTEയുടെ പങ്ക് ഓർക്കുക.) ഇത്തരം പ്രവർത്തനങ്ങളെ വൈകൃതങ്ങളായി കാണുവാൻ ആധുനിക സമൂഹം തയ്യാറാണ് എന്നിരിക്കെ ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടികൾ മറ്റുള്ളവരെ കൊല്ലാനും ഭീഷണി പെടുത്തുവാനും തങ്ങളുടെ അണികളെ പ്രചോദിപ്പിക്കുന്നു എങ്കിൽ അത് ആധുനിക സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പാർട്ടി ഗ്രാമങ്ങൾ എന്ന സങ്കൽപങ്ങൾ പഴയ കാല ഗോത്ര ഗ്രാമങ്ങളെ ആണ് ഓർമ്മിപ്പിക്കുന്നത്.
വംശീയ/മത ശുദ്ധിയിൽ അർത്ഥം കണ്ടെത്തി സാമൂഹികമായി ഇടപെടലുകൾ നടത്തുന്ന സംഘടിത പ്രസ്ഥാനങ്ങൾ (നാസികളും ഫാസിസ്റ്റുകളും) സംഘടനക്കായി എന്ത് സേവനവും ചെയ്യുവാൻ സന്നദ്ധമായ ഒരു പറ്റം ആളുകളെ തെരഞ്ഞു പിടിച്ച് പരിശീലനം നൽകുന്നു. അവർ സംഘടനയുടെ പ്രധാന ഭാഗമായിരിക്കും. ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ black shirtകളും Brown shirtകളും (മുസോളിനിയുടെയും ഹിറ്റ്ലറുടെയും സംഘങ്ങൾ) ചെയ്തു കൂട്ടിയ ക്രൂരതകൾ ഏറെ ഭീകരമായിരുന്നു. ഇതേരൂപത്തിൽ ആളുകളെ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ഏക സംഘടന ആർ.എസ്.എസ്ആണ്. അവരുടെ നേതാക്കൾ മുകളിൽ വിശേഷിപ്പിച്ച ഫാസിസ്റ്റ് സംഘടനകളുമായി നേരിട്ട് ബന്ധപ്പെടുകയും അവരുടെ ആശയങ്ങളിൽ ആകൃഷ്ടരായി അതേ മാതൃകകൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുവാൻ ശ്രമിച്ചവരുമാണ്. രാജ്യത്തിനുള്ളിൽ തങ്ങൾക്കു പുറത്തുള്ളവരെ ശത്രുക്കളായി കണ്ട് ഒറ്റപ്പെടുത്തുവനും അവരെ രണ്ടാം തരം പൗരന്മാരായി പരിഗണിച്ച് അക്രമിക്കുവാൻ പോലും മടിക്കാത്ത നാസി ശൈലി പിന്തുടരുന്ന ആർ.എസ്.എസ്രാജ്യത്ത് എവിടെയൊക്കെ കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം അതിന്‍റെ ആസൂത്രകർ ആകുവാനും കൊലകൾ നടത്തുവാനും തയ്യാറായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ ഉണ്ടാകാറുണ്ട്. അവയുടെ എണ്ണത്തിൽ കേരളം മുന്നിൽ ആണ് എന്ന് പറയുന്പോൾ മറ്റു സംസ്ഥാനങ്ങളിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാകാറുള്ള ഏറ്റുമുട്ടലുകൾ വർഗീയ കലാപങ്ങൾ ആയി പരിണമിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് യൂണിറ്റുകൾ ഉള്ള കേരളത്തിൽ ആർ.എസ്.എസ് നടത്തുന്ന ആക്രമണങ്ങൾ സംഘട്ടനങ്ങൾ വർഗീയ കലാപങ്ങൾ ആയി മാറുന്നില്ല. ഇതുകൊണ്ടാണ് 50 വർഷത്തിൽ അധികം കേരളത്തിൽ പ്രവർത്തിച്ചു വരുന്നആർ.എസ്.എസിന് അവരുടെ സ്ഥാനം വേണ്ടത്ര ഉറപ്പിക്കുവാൻ കഴിയാതിരിക്കുന്നത്.
ജനാധിപത്യത്തിൽ ഏറ്റവും ആരോഗ്യകരമായ സംവാദങ്ങൾ നടത്തുവാൻ ശേഷിയുള്ള ഇന്ത്യയിലെ രാഷ്ട്രീയ ഗ്രൂപ്പുകൾ കമ്യുണിസ്റ്റുകൾ ആണ്. ആവിഷ്കാര സ്വാതന്ത്ര്യം, വിവിധ കലാരംഗങ്ങൾ എന്നിവയിൽ എല്ലാം മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ ശ്രമിക്കുന്ന കമ്യുണിസ്റ്റുകൾ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ പ്രത്യേക നിലപാടുകൾ എടുക്കുന്നു. ഗാന്ധിയൻ പാർട്ടികൾ ഏറെ തിരിച്ചടികൾക്ക് വിധേയമായ സാഹചര്യത്തിലും യൂറോപ്യൻ കമ്യുണിസ്റ്റ് പരീക്ഷണങ്ങൾ പരാജയപ്പെട്ട അവസരത്തിലും കൂടുതൽ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ കാട്ടുവാൻ കമ്യുണിസ്റ്റ് പാർട്ടികൾ ബാധ്യസ്ഥമാണ്. വർഗീയ ശക്തികൾ ജനാധിപത്യത്തിനു ഭീഷണിയായി നിലനിൽക്കെ കമ്യുണിസ്റ്റ് പാർട്ടികൾ കൂടുതൽ ജനകീയമായി സമരങ്ങൾ നടത്തി രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന സാന്പത്തിക രാഷ്ടീയ ക്രിമിനലിസത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒഞ്ചിയത്തെ പ്രധാന നേതാവ് പാർട്ടിയുമായി രാഷ്ടീയ അഭിപ്രായ ഭിന്നതയുടെ പേരിൽ പുറത്തു പോയി മറ്റൊരു സംഘടനയുണ്ടാക്കി. പല സമയത്തും ഇത്തരം വിട്ടുപോകലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒഞ്ചിയത്ത് പാർട്ടി വിട്ടു പോയ ശ്രീ. ടി.പി ചന്ദ്രശേഖരനെ ദാരുണമായി വെട്ടി കൊലപെടുത്തിയ സംഭവം സി.പി.ഐ.എമ്മിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന പാർട്ടി ഇന്നലെ വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ കൊലപ്പെടുത്തിയതിൽ അടങ്ങിയ മാപ്പർഹിക്കാത്ത തെറ്റ് തിരുത്തി, കേരളത്തിന്‍റെ രാഷ്ടീയ സംവാദങ്ങളെ കൂടുതൽ ജനാധിപത്യപരമായി ശക്തിപെടുത്തുവാൻ ബാധ്യസ്ഥമാണ്. അങ്ങനെ ഫാസിസ്റ്റ് ശക്തികളുടെ ഭീഷണിയെ തടയിടുവാൻ എല്ലാവരുമായി ഒന്നിച്ചു പ്രവർത്തിക്കേണ്ട പാർട്ടി മറ്റൊരു അറുംകൊലക്കും കൂടി അവസരം ഒരുക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി കരുതണം. തെറ്റായ രാഷ്ടീയ നിലപാടുകളെ സമരങ്ങൾ നടത്തി ചെറുത്തു തോൽപ്പിക്കുവാൻ ജനങ്ങളെ സജ്ജരാക്കേണ്ടവർ കൊലപാതകങ്ങൾ സൃഷ്ടിക്കുന്നതിൽ അർത്ഥം കണ്ടെത്തിയാൽ അവരുടെ ഭാവി ഇരുളടയാതെ തരമില്ല.