കീറത്തുണിയുടെ വേദാന്തം...
ശരശയ്യ - നിതിൻ നാങ്ങോത്ത്
കൊടിപ്രശ്നമാണ് കൊലപ്രശ്നമായത്. സ്ക്കൂൾ രാഷ്ട്രീയത്തിന് ഷട്ടറിടാൻ കോടതി പറയുന്പോൾ വിദ്യാർത്ഥി ഐക്യം വിളിച്ചവർ അനുഭവിച്ചേ മതിയാവൂ. എടയന്നൂർ ഹയർ സെക്കന്‍ററിയിലെ കൊടിമരപ്രശ്നം ആഗോളപ്രശ്നമായി ചോരവാർന്നൊഴുകിയതിന് ആരെ പഴിക്കണം? കുട്ടിപ്പാർട്ടിക്കാർക്ക് താങ്ങും താവളവും ഒരുക്കി അവരുടെ ജീവിതം കൂടി കുട്ടിച്ചോറാക്കുന്ന മൂത്തസാമർത്ഥ്യക്കാരുടെ കോർപ്പറേറ്റ് ക്രൂരമസ്തിഷ്കത്തെ ആഞ്ഞാഞ്ഞു വെട്ടുന്നു. ഇനിയും ചാടിക്കളിക്കെടാ കുഞ്ഞിരാമാ... ആടിത്തിമിർക്കെടാ കൊച്ചുരാമാ... ചോരത്തിളപ്പിന്‍റെ ഡത്ത് വളണ്ടിയേഴ്സ്! കുരുതിക്കളത്തിലെ നേർച്ചക്കോഴികൾ !!
കൈയും കൊത്തും. കാലും കൊത്തും. വീട്ടിക്കേറി തലയും കൊത്തും. ഹായ് എന്തു കാവ്യാത്മകമായ മുദ്രാവാക്യം! കൊലവിളി കൊലവിളി ഡാ... കുരയ്ക്കും മൃഗം കടിക്കില്ലാ എന്നൊക്കെ പറയുന്നത് വെറുതെയാ. നമ്മുടെ യുവാക്കൾക്കിതെന്തു പറ്റി ? വെറുക്കുക, കൊല്ലുക ഇത് ഹിറ്റ്ലർ ബോസിന്‍റെ നയമായിരുന്നു. നിങ്ങൾക്ക് ജീവിക്കാനുളള ക്രൂരമായ, പ്രാകൃതമായ ഒരു വഴി നിങ്ങളുടെ എതിരാളിയെ തീർക്കുക എന്നതുതന്നെ. ഫാസിസം മൂർത്തിയിൽ ഇൻസ്റ്റാൾ ചെയ്ത രാക്ഷസ മനുഷ്യർ. പുതിയ കുട്ടികളും ഇതു ഫോളോ ചെയ്യുന്നതിലാണ് ചങ്കിടിപ്പ്. വിപ്ലവവും സോഷ്യലിസവും ജനാധിപത്യവുമൊക്കെ പുലരുമെന്ന് അവർ വെറുതേ കിനാവു കാണുന്നു.മാനസാന്തരപ്പെടാനുളള ചാൻസ് പോലും കൊടുക്കാതെയാണ് വിധി പലപ്പോഴും ഇത്തരക്കാരോട് പെരുമാറാറുളളത്. ആൾക്കൂട്ടവും ആയുധബലവും എല്ലായ്പ്പോഴും തുണയാവാറില്ല.മനുഷ്യൻ അത്രമേൽ ദുർബലനായ ഒരു സൃഷ്ടിയായിരുന്നെന്ന് നിരവധി ചരിത്രങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. വെട്ടാൻ വരുന്ന കുട്ടിയോട് ഗാന്ധിസത്തെപ്പറ്റി ഉപന്യസിച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അതിരില്ലാത്ത അറിവില്ലായ്മക്ക് പ്രണാമം.
ആകാശം മേഘാവൃതമാണ്. അന്യന്‍റെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തിലേക്ക് കാലുനീട്ടിയും പോസ്റ്റുനാട്ടിയുമാണ് (എഫ് ബീയിൽ) അനിയന്‍മാർ നിന്‍റെ നാളുകൾ എണ്ണപ്പെട്ടൂ ൈസ്റ്റലിൽ മുഷ്ടി ആകാശഭിത്തിയിലിടിക്കുന്നത്. നല്ലഭാഷയും നല്ല വിദ്യാഭ്യാസവുമുളള കുട്ടികളൊക്കെ ഇങ്ങനെ ‘കാഴ്ച’യാവുന്നതിൽ കേരളം പേടിക്കേണ്ടിയിരിക്കുന്നു. അതിനേക്കാൾ ഭീകരമാണ് ഇവർക്ക് കിട്ടുന്ന കട്ടസപ്പോർട്ടും ദിവ്യയവനികകളും. ഞെട്ടിപ്പോയി പ്രതിചേർക്കപ്പെട്ട സൈബർ പോരാളിക്ക് മിനിറ്റുകൾക്കുളളിൽ ലഭിച്ചത് മൂവായിരത്തി ഇരുനൂറോളം ഫോളോവേഴ്സ്. ന്യായീകരണകീജയ് ഭജനപ്പാട്ടുകാർ വേറെയും. തെറ്റുകൾ കൊണ്ട് തെറ്റുതിരുത്തുക സാധ്യമാണോ സഹോസ്? അനർഹമായ വാഴ്ത്തുപാട്ടുകൾ കിട്ടുന്പോൾ പുതിയ ഒരുപാട് ഈയാം പാറ്റകൾ ചിറകുവിടർത്തിയേക്കാം. എന്‍റെ ശരി എന്‍റേതു മാത്രമാണല്ലോ. തിരുത്താൻ അനുഭവപരിചയവും വിവേകവുമുളള നല്ല മനുഷ്യർ മുന്നോട്ടുവന്നാലേ കണ്ണൂരിന് ഇനി രക്ഷയുളളൂ. ആത്മാർത്ഥത ഇത്രമേൽ ചൂഷണം ചെയ്യപ്പെട്ട ഒരുജനത ലോകത്തൊരിടത്തും കാണില്ല.ആവേശത്തിൽ അസ്തമിച്ച യുവനേതാവിന്‍റെ ശൂന്യത ആരു നികത്തും? അവരുടെ കുടുംബത്തിന്‍റെ സങ്കടത്തിന് എന്ത് പ്രതിവിധി? രക്തസാക്ഷിയുടെ ബന്ധുക്കൾക്ക് എന്നും ഒരേ മുഖമാണ്.
കണ്ണൂർ കലക്്ട്രേറ്റ് വളവിൽ ഒരു ഏകെജി പ്രതിമയുണ്ട്. അതിന് അഭിമുഖമായി ഒരാഴ്ചയായി വലിയൊരു ഫ്ളക്സ് ബോർഡ് നിലയുറപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ അവസാന നിമിഷചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഒന്നേ നോക്കാൻ തോന്നൂ. തേങ്ങിപ്പോവും. കാലുകളിൽ നിന്ന് ഇറച്ചി ചെത്തി മാറ്റിയിരിക്കുന്നു. എല്ലുകൾ മാത്രം പുറത്തു കാണാം. മഴു കൊണ്ട് ഇരുന്നു നടത്തിയ ഓപ്പറേഷൻ!! മുന്പ് കെവി സുധീഷിന്‍റെയും കെടി ജയകൃഷ്ണൻ മാഷുടേയും ടിപി ചന്ദ്രശേഖരന്‍റെയും കതിരൂർ മനോജിന്‍റേയും മാമൻ വാസുവിന്‍റെയും ദൃശ്യഭീതികളിൽ അനുഭവപ്പെട്ടത്. കുടലുമാല വലിച്ച് പുറത്തിട്ട് അതിൽ പൂഴിവാരിയിട്ട് ചോരസാക്ഷ്യപ്പെട്ട കുറേ ദൃശ്യങ്ങൾ കണ്ണൂരിന് തൊണ്ണൂറുകളുടെ അവസാനം ചിരപരിചിതമായിരുന്നു. വിവിധ പാർട്ടി സമ്മേളന ഗാലറിയിൽ ഇൗ ഭീകരത പ്രദർശിപ്പിക്കുന്നതിൽ എല്ലാവരും ഈയിടെയായി മത്സരമാണ്. വ്യക്തിപരമായ ഭീഷണിപ്പെടുത്തലിന്‍റെ ഭാഗമായി പലരുടെ വാട്സാപ്പിലും വീര്യം കൂടിയ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ കരുതിക്കൂട്ടി അയയ്ക്കപ്പെടുന്നു. മുന്നറിയിപ്പായി. ഒരു ഓർമ്മപ്പെടുത്തലായ്... ഇതെന്ത് രാഷ്ട്രീയ നൈതികതയാണ് സഹയാത്രികരേ... ഭയം നമ്മുടെ ഉടുപുടവ !!
പോലീസിലും ഒറ്റുകാരുണ്ടെന്നത് പുതിയ അറിവല്ല.അറസ്റ്റും കീഴടങ്ങലും പഴയ തമാശയാണ്. ഡമ്മി റ്റു ഡമ്മി ഫോർഫീറ്റുഡ്രാമ ക്ലീഷേയായി. പരോളും പുലർച്ചെയ്ക്കു കയറലും, ജീവപര്യന്തം തടവിക്കൊടുക്കലും അങ്ങാടിപ്പാട്ടാണ്. ജയിൽ സുരക്ഷിതത്ത്വത്തെപ്പറ്റി കണ്ണൂർ ക്രിമിനലുകൾ വാതോരാതെ സംസാരിക്കും. കറുത്തകുപ്പായമിട്ട നിരാഹാരക്കാരൊക്കെ ഷോ ഓഫിന് പ്രാധാന്യം കൊടുക്കുന്നതായൊരു മൂത്രശങ്ക .വീണു കിട്ടിയ ‘ചാകര’യല്ലേ...കൊണ്ടാടുക തന്നെ. പാവം ഷുഹൈബ് !എത്രപേരുടെ പൊളിറ്റിക്കൽ പ്രമോഷനാണനിയാ നിന്‍റെ ചുടുചോര നിമിത്തമായത്??
കൊലപാതകത്തെ വെളള പൂശാൻ ശ്രമിച്ച നമ്മുടെ അഭിനവലീഡേഴ്സിനെ കണ്ട് കണ്ണുതളളിപ്പോയി. ഈ പൊളിറ്റിക്കൽ വെർജിനിറ്റിയും വെച്ചാണ് നിങ്ങൾ തുടരുന്നതെങ്കിൽ ആഴ്ചയിൽ ഒരു ‘ഓഖി’യെങ്കിലും കേരളത്തിലൊറപ്പാ. കെകെ രമയെ ആസ്ഥാനവിധവയാക്കി അധിക്ഷേപിക്കുന്ന വിഷ ‘ഗുപ്ത’മായ സ്ഖലനങ്ങൾ കാണുന്പോൾ സ്വയം വെട്ടി ചാവാൻ തോന്നുന്നു. പ്രബുദ്ധതേ നിന്‍റെ പേരോ കേരളം !! ഒരു സ്ത്രീയെ ഇങ്ങനെ അശ്ലീലം പുതപ്പിച്ച് പൊതുദർശനത്തിന് വെക്കുന്പോൾ ഒരു ഫെമിനിച്ചിക്കും ദണ്ണമില്ലാ. സ്ത്രീവിരുദ്ധത എല്ലിൽ കുത്തുന്നില്ല. വാര്യർ ആമിയാവില്ലെന്ന് കട്ടായം പറയാൻ എന്തൊരു മൂർച്ചയാ? അഡാർ ലവിലെ മതവിരുദ്ധതയ്ക്കെതിരെ പുരികംചുളിക്കാൻ എന്തൊരു ശുഷ്ക്കാന്തിയാ എല്ലാർക്കും!! കമല വേറെ സുരയ്യ വേറെ. പളളി വേറെ, പളളിക്കൂടം വേറെ. സാംസ്ക്കാരിക എഴുത്തച്ഛൻ പോലും ആറാംനാളാണ് അപലപനീയപ്പേന ഉന്തിയത്. പിന്നല്ലേ ഫിംഗർ കുന്ദേരമാരുടെ പ്രബലകാന്തി!!
കൊടിക്കുകീഴിൽ സറണ്ടറായി കോടിപുതപ്പിക്കേണ്ടി വരുന്ന പുതുകാലദുർഗതി യുവത ഇനിയെങ്കിലും തിരിച്ചറിയുമായിരിക്കും. പീറത്തുണിക്കു വേണ്ടി ജീവിതം ഹോമിച്ച പാവങ്ങളേ ഇനിയും വരല്ലേ ആടുമേയ്ക്കാൻ ഇതിലേ ഇതിലേ... നിന്‍റെ ശിഷ്ടജീവിതം ശത്രുവിന്‍റെ മഴുവിൻ മുനയിലെവിടെയോ ആണ്... രക്ഷപ്പെടുകയോ ശിക്ഷപ്പെടുകയോ ആവാം. ദുരന്തങ്ങൾ ലൈക്കിക സ്പിരിറ്റോടെ കാണുന്ന ഒരു വലിയ ജനത റീചാർജ് ചെയ്ത് ഇവിടെ ഇരിപ്പുണ്ട്. കൊടിയുടെ ബാനറിൽ ആഡംബരജീവിതം സ്കാൻ ചെയ്തവർ.. ജോലിയും ജീവിതവും ഡൗൺലോഡ് ചെയ്തവർ... നിങ്ങളെയൊക്കെ എന്തിനു കൊളളാം. കോമൺസെൻസ് പാർട്ടിയാപ്പീസിൽ പണയം വെച്ച ബലിയാടുകൾ...