ചെ­ട്ടി­കു­ളങ്ങര ഭരണി­ നാ­ളി­ൽ...


സനൽ പി.എസ് 

ക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം ഇതെല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടികുളങ്ങര കുംഭ ഭരണിക്ക് മാത്രമവകാശപ്പെടാവുന്ന സവിശേഷതയാണിത്. കുംഭ ഭരണി ആഘോഷങ്ങൾക്കായി ഓണാട്ടുകരക്കാർ‍ ഒരുങ്ങിക്കഴിഞ്ഞു. കാഴ്ചയുടെ വിസ്മയവും ഭക്തിയുടെ പൂർണതയും ഒന്നിച്ചു ചേരുന്ന ദിവസമാണ് കുംഭ ഭരണി. ഭക്തജനലക്ഷങ്ങൾ‍ ദേവീപ്രസാദത്തിനായും കെട്ടുകാഴ്ചകൾ‍ ദർശിക്കാനുമായി അന്ന് ദേവി സന്നിധിയിൽ‍ എത്തും. കൊഞ്ചും, മാങ്ങായും കൂട്ടി ഊണും കഴിച്ച് ചെട്ടികുളങ്ങര അമ്മയുടെ സന്നിധിയിലെത്തുന്പോഴേക്കും ഓണാട്ടുകരയുടെ ഗ്രാമവീഥികളിൽ‍ ഭക്തിയും ആവേശവും തെളിയിക്കുന്ന വഴിയിലൂടെ പതിമൂന്ന് കരകളുടെ കെട്ടുകാഴ്ചകൾ‍ എഴുന്നെള്ളുകയായി. ഒരു ഗോത്ര സംസ്‌കാരത്തെ ഓർ‍മ്മപ്പെടുത്തുന്ന കുംഭഭരണി ഒരു ജനതയുടെ സമർ‍പ്പണം കൂടിയാണ്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാർത്തികപ്പള്ളി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ താലൂക്കുകളും മറ്റു ചില ദേശങ്ങളും ചേരുന്നതാണ് ഓണാട്ടുകര. ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിശേഷിപ്പിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാർ‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭ ഭരണിയുടെ സവിശേഷത. ഗ്രാമവീഥികളിലൂടെ ആചാര പെരുമയിൽ‍ വ്രത ശുദ്ധിയോടെ കരക്കാർ‍ ഒരുക്കിയ അംബരചുംബികളായ കെട്ടുകാഴ്ചകൾ‍ ക്ഷേത്രനടയിലെത്തി അമ്മയെ തൊഴുത് കാഴ്ചക്കണ്ടത്തിൽ‍ അണിനിരക്കുന്നതു കാണാൻ ഭക്തസഹസ്രങ്ങൾ‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ഓണാട്ടുകരയുടെ തനിമയാർ‍ന്ന ആചാരങ്ങളും ചിത്ര, ശിൽ‍പ, സംഗീത കലകളിലെ വൈദഗ്ദ്ധ്യവും സമന്വയിക്കുന്നവയാണ് ഓരോ കാഴ്ചകളും.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെട്ടിക്കുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം. തിരുവിതാംകൂർ‍ ദേവസ്വം കണക്കുകൾ‍ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ‍ നിന്നാണ്. ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്. മാവേലിക്കരയ്ക്ക് പടിഞ്ഞാറായി അഞ്ച് കിലോ മീറ്റർ മാറിയും കായംകുളത്തിനു വടക്കായി ആറ് കിലോ മീറ്റർ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കൽപം. അതു കൊണ്ട് മൂന്ന് നേരവും മൂന്ന് രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കൽപം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെന്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവർ ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവർ തീർത്ഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവർക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുന്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വെയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു

13 കരകൾ ഉൾപ്പെട്ടതാണ് ഈ ക്ഷേത്രം. ഈരേഴ (തെക്ക്), ഈരേഴ (വടക്ക്), കൈത (തെക്ക്), കൈത (വടക്ക്), കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്), പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം (വടക്ക്), മറ്റം (തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ് ക്ഷേത്രവുമായി ബന്ധപെട്ട കരകൾ‍. ഭരണി നാളിൽ ഓരോ കരകളിൽ‍ നിന്ന് എത്തുന്ന കെട്ടുകാഴ്ചകൾ‍ വൈകുന്നേരം ക്ഷേത്രത്തിൽ‍ എത്തി അമ്മയെ വണങ്ങി കാഴ്ച കണ്ടത്തിലേക്ക്‌ ഇറങ്ങുന്പോഴേക്കും ഉത്സവ ആവേശം അതിന്റെ ഉച്ചസ്ഥായിയിൽ‍ എത്തും. അഞ്ച് തേരുകളും ആറ് കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റം വടക്ക് കരക്കാർ ഭീമന്റെയും മറ്റം തെക്ക് കരക്കാർ ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. കുതിര എന്ന കെട്ടുകാഴ്ചയ്ക്ക് ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പോലെയുള്ള ഒരു രൂപമാണുള്ളത്. 

ചെട്ടികുളങ്ങര കുംഭഭരണി എന്ന് കേൾ‍ക്കുന്പോൾ‍ മറ്റു നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടുകാഴ്ചകൾ‍ ആണ്. എന്നാൽ കെട്ടു കാഴ്ചയോളം തന്നെ പ്രധാനമാണ് കുത്തിയോട്ടവും. ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും ബാലന്മാരെ ദേവിക്കു ബലി നൽ‍കുന്നുവെന്ന സങ്കൽ‍പ്പമാണ് കുത്തിയോട്ടത്തിനു പിന്നിൽ‍. കുംഭത്തിലെ തിരുവോണത്തിനു വഴിപാടുകാർ‍ കുട്ടികളെ ദത്തെടുത്തു ക്ഷേത്രത്തിൽ‍ കുത്തിയോട്ട ആശാന്മാരുമായി എത്തി ദർ‍ശനം നടത്തുതോടെ ചടങ്ങു തുടങ്ങും. അന്നുമുതൽ‍ വഴിപാടു നടത്തുവരുടെ വീടുകളിൽ‍ പാട്ടും ചുവടുമായി കുത്തിയോട്ടം ആരംഭിക്കും. ഇത് അഞ്ച് നാൾ‍ നീളും. അത്രയും ദിവസം മൂന്ന് നേരവും ഈ വീടുകളിൽ‍ സദ്യ ഉണ്ടാവും. ആര് ആവശ്യപ്പെട്ടാലും ഭക്ഷണം നൽ‍കണമെന്നാണ് ആചാരം. ചിലപ്പോൾ‍ വേഷം മാറി ദേവി തന്റെ ഭക്തരെ പരീക്ഷിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്. 

കുഭഭരണി ദിവസം സദ്യ വിളന്പുന്പോൾ‍ നിർ‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങ. കൊഞ്ചും മാങ്ങ കൂട്ടാതെ ഓണാട്ടുകരക്കാർക്ക് ഭരണിസദ്യയില്ല. ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വീടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക് അതിയായ ആഗ്രഹമുണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വീട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച് കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ടം കാണാൻ പോയി. മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു. ഈ കാര്യം പ്രദേശമാകെ പരന്നു. കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർ‍ക്ക് ഒഴിച്ചു കൂടാനാവാത്തതായി.

പതിമൂന്നു കരകളിലും ശിവരാത്രി മുതൽ‍ കെട്ടുകാഴ്ചകൾ‍ ഒരുക്കുന്പോൾ‍ ആ സ്ഥലത്ത് ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. ഇലയും, തടയും, പ്ലാവിലയുമാണ് ഇപ്പോഴും കഴിക്കാനായി ഉപയോഗിക്കുന്നത്. മുതിരപ്പുഴുക്കും, അസ്ത്രവും, കടുകു മാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്.

ഭരണി ആവുന്പോൾ‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ‍ ഭരണി ചന്തതുടങ്ങും. ഓണാട്ടുകരയുടെ കാർ‍ഷിക സംസ്കൃതി വിളിച്ചോതുന്ന ഭരണി ചന്തയിൽ‍ എല്ലാ വിത്ത് ഇനങ്ങളും കാർ‍ഷിക ഉപകരണങ്ങളും ലഭ്യമാണ്. കുംഭ ഭരണി കൊണ്ട് ചെട്ടികുളങ്ങരയിലെ ഉത്സവം അവസാനിക്കുന്നില്ല. കുംഭഭരണി കഴിഞ്ഞു പിന്നീടു കരക്കാരുടെ എതിരേൽപ്പു ഉത്സവം, പതിമൂന്നു ദിവസങ്ങളിലായി. ഉത്സവത്തിനു സമാപനം കുറിക്കുന്നത് മീന മാസത്തിലെ അശ്വതി ഉത്സവ കെട്ടുകാഴ്ചയോടെയാണ്. ദേവിക്ക് കൊടുങ്ങല്ലൂർ‍ക്കുള്ള യാത്രയപ്പും അന്ന് നൽ‍കും.

You might also like

Most Viewed