അഡ്ജസ്റ്റ്‌മെന്റ് അറിയാത്തവർ അപകടത്തിൽപ്പെടും...
കൂക്കാനം റഹ്്മാൻ
ഏഴ് വയസ്സുകാരിയായ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ എന്ന സുന്ദരി പെൺകുട്ടിയുടെ സംസാരം മധുരമൂറുന്നതായിരുന്നു. വളരെ സ്പഷ്ടമായി ചെറിയ വാചകങ്ങളിൽ അവൾ പറയാൻ തുടങ്ങി. ‘ഉമ്മാക്ക് എന്നോട് സ്‌നേഹമില്ല. ബാപ്പയെ ഉപേക്ഷിച്ച് എന്നെയും അനിയത്തിയെയും ഒപ്പം കൂട്ടിയാണ് തിരുവനന്തപുരത്തെത്തിയത്. ഞങ്ങൾക്കറിയാത്ത ഏതോ ഒരു അങ്കിളും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ ഒരു വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്നത്’. ‘അദ്ദേഹം ജോലിക്കൊന്നും പോവില്ല. എപ്പോഴും ഉറക്കാണ്. ഞങ്ങളോട് സംസാരിക്കാറൊന്നുമില്ല. ഉമ്മ വളരെ ഫാഷനായിട്ടാണ് നടക്കാറ്. സ്ലീവ്‌ലെസ് ബ്ലൗസിടും, ലിപ്സ്റ്റിക്ക് പുരട്ടും, തലമുടിയൊക്കെ ഫാഷനായി ചീകിവെക്കും. ഇങ്ങനെയൊക്കെയാണ് നടത്തം. എന്നെയും അനിയത്തിയെയും എന്നും തല്ലും’. കൈയ്യിലെ ഉണങ്ങിയ മുറിവ് കാണിച്ചിട്ട് പറഞ്ഞു ‘കണ്ടോ അടിച്ചു പൊട്ടിച്ചതാ ഇത്’. ഫാത്തിമ നിറുത്താതെ സംസാരിക്കുകയാണ്. അവൾ ഉമ്മയെ വെറുക്കുന്നു. ഉമ്മയുടെ കൂടെയുളള അങ്കിളിനെ ഇഷ്ടമല്ല. ഇനി തിരുവനന്തപുരത്തേയ്ക്ക് പോകുന്നേയില്ല. അവളുടെ ഉപ്പയുടെ കൂടെ ജീവിക്കാനാണിഷ്ടം...
കൊച്ചുകുട്ടിയുടെ അളന്ന് മുറിച്ചുളള വാക്കുകൾ ഞാൻ ആകാംക്ഷയോടെ കേട്ടിരിക്കുകയായിരുന്നു. അവളോട് തിരിച്ചൊന്നും പറഞ്ഞില്ല. ഫാത്തിമയുടെ കൂടെ ഉപ്പ വന്നിട്ടുണ്ട്, രണ്ടാനമ്മയുമുണ്ട് (ഉപ്പയുടെ രണ്ടാം ഭാര്യ), ഉപ്പയുടെ സഹോദരിയുമുണ്ട്. അവളുടെ ബാപ്പ അഷറഫ് (യഥാർത്ഥ പേരല്ല) പഠനത്തിന് ശേഷം ഗൾഫിലെത്തി. ബാപ്പ അവിടെ സ്വന്തമായി ഹോട്ടൽ ബിസിനസ് നടത്തുകയാണ്. അഷറഫും ഹോട്ടൽ നടത്തിപ്പിന് പാർട്ട്‌നറായി.
വിവാഹപ്രായമെത്തിയപ്പോൾ സാന്പത്തികശേഷി കുറഞ്ഞ, ദയയും എളിമയും ഉളള ഒരു പെൺകുട്ടിയെയാണ് ഭാര്യയായി കിട്ടേണ്ടതെന്ന് അഷറഫിന് തോന്നി. അങ്ങനെയാണ് പത്ത് വർഷത്തിനപ്പുറം ഹസീനയെ (യഥാർത്ഥ പേരല്ല) നിക്കാഹ് ചെയ്തത്. മൂന്ന് വർഷത്തിനിടെ രണ്ട് പെൺകുട്ടികൾ അഷറഫ്-ഹസീന ദന്പതികൾക്കുണ്ടായി. പൂർണ്ണ മതവിശ്വാസിയും, ചിട്ടകൾ കൃത്യമായി പാലിക്കുന്ന സ്വഭാവക്കാരനുമാണ് അഷറഫ്. ഹസീനയ്ക്കാണെങ്കിൽ വായനയും യാത്രയും ഹരമായിരുന്നു. പൊതു ഇടങ്ങളിൽ ചെന്ന് ചിരിയും, കളിയും, തമാശയുമായി കഴിയുക, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുക, കിട്ടാവുന്ന മാസികകൾ, വാരികകൾ, ലൈബ്രററി പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും ചെയ്യുക തുടങ്ങിയ സ്വഭാവക്കാരിയായിരുന്നു ഹസീന. അഷറഫ് ഇത്യാദികാര്യങ്ങളിലൊന്നും താൽപര്യമില്ലാത്ത ആളും വിശ്വാസത്തിന്റെ പേരിൽ ജീവിതം ക്രമപ്പെടുത്തി ജീവിച്ചുവരുന്ന വ്യക്തിയുമാണ്.
അഷറഫിന്റെ മുരടൻ സ്വഭാവത്തിൽ പരിഭവിക്കാനെ ഹസീനയ്ക്കായുളളൂ. ബോറടി മാറാൻ ഹസീന പഴയകാല ആൺ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി. ചിലരുമായി കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങി. ഹസീന പുറത്തിറങ്ങി സുഹൃത്തുക്കളുമായി ഒത്തുകൂടി സൗഹൃദം പങ്കിടുന്ന വിവരങ്ങൾ അഷറഫിന്റെ ചെവിയിലെത്തി. യഥാർത്ഥത്തിൽ ഹസീന തെറ്റു ചെയ്തിട്ടില്ല. സ്വന്തം ഭർത്താവിൽ നിന്നും ലഭ്യമല്ലാത്ത മാനസികോല്ലാസം അനുഭവിക്കാൻ സുഹൃത്തുക്കളെ കൂട്ടുപിടിച്ചു എന്നേയുളളൂ. ഇത്തരം സന്ദർഭങ്ങളിലാണ് ഭാര്യാഭർത്താക്കന്മാർ പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കേണ്ടത്. വിവാഹിതരാവുന്ന സന്ദർഭങ്ങളിൽ വ്യക്തി സ്വഭാവങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരു വർഷത്തിനുളളിലെങ്കിലും പരസ്പരം തിരിച്ചറിയാൻ കഴിയും. അതോടെ വ്യക്തിഗതമായ സ്വഭാവ വിശേഷങ്ങൾ പരസ്പരം പങ്കുവെയ്ക്കണം. അതിലുളള ഗുണവും ദോഷവും ഇരുവർക്കും ഉൾക്കൊളളാൻ കഴിയണം. അങ്ങനെ ചെയ്താൽ ഒത്തു പോകാൻ കഴിയുന്നതേയുളളൂ. പരസ്പരം വിമർശനത്തിന്റെ കൂരന്പുകൾ തൊടുത്ത് വിട്ടാൽ രണ്ട് പേർക്കും അപകടം സംഭവിക്കുകയേയുളളൂ.
അഷറഫിന്റെയും ഹസീനയുടെയും കാര്യത്തിൽ സംഭവിച്ചതിതാണ്. പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴകാനും, കാര്യങ്ങൾ അറിയാനും താൽപര്യമുളള ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവായ അഷറഫ്് അഡ്ജസ്റ്റ് ചെയ്ത് ഭാര്യയോട് സഹകരിക്കണമായിരുന്നു. ഭാര്യ ഹസീനയും ഭർത്താവിനെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ ആഗ്രഹത്തോട് അഡ്ജസ്റ്റ് ചെയ്ത് നീങ്ങണമായിരുന്നു. സംശയങ്ങളും, പ്രശ്‌നങ്ങളും വളർന്ന് വളർന്ന് വഷളായിത്തീരാൻ ഇടവരുത്തരുതായിരുന്നു. ഇങ്ങനെയുളള ഭർത്താവിന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്ന് ഭാര്യയും, ഇത്തരക്കാരിയായ ഭാര്യയുടെ കൂടെ ജീവിക്കാൻ കഴിയില്ലെന്ന് ഭർത്താവും തീരുമാനിക്കേണ്ട അവസ്ഥ സംജാതമായത് അഡ്ജസ്റ്റ്‌മെന്റ് ഇല്ലാത്തതുകൊണ്ടാണ്.
തുടർന്ന് ഹസീന ആഗ്രഹിച്ചതുപോലെ അവളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യനായ ഒരു പുരുഷനെ സ്വയം കണ്ടെത്തുന്നു. അയാളുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കുന്നു. തനിക്കുണ്ടായ രണ്ട് പെൺകുട്ടികളെയും കൂടെ കൊണ്ടുപോവുകയും ചെയ്തു. ആദ്യ ഭർത്താവിൽ രണ്ട് പെൺകുട്ടികളുണ്ട്. അവരെ കൂടെ താമസിപ്പിക്കണമെന്നാണ് ഹസീനയുടെ ആഗ്രഹം. രണ്ടാം ഭർത്താവിനൊപ്പം കഴിയുന്ന ഉമ്മയുടെ കൂടെ താമസിക്കാൻ കുട്ടികൾക്കിഷ്ടമല്ല. പെൺമക്കൾ വളരുന്പോൾ ഉപ്പ അഷ്‌റഫിന്റെ മനസ്സ് പിടയുകയാണ്. ഹസീന ഫാഷൻ ഭ്രമക്കാരിയാണ്. മക്കളെ ശ്രദ്ധിക്കുന്നതിനേക്കാൾ സ്വയം സുന്ദരി ചമയാനാണ് അവൾക്ക് കൂടുതൽ ശ്രദ്ധ. പക്ഷേ രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ചുവന്ന സ്ത്രീയാണ് താനെന്ന് സമൂഹം കുറ്റപ്പെടുത്തരുതെന്ന ചിന്തയും ഹസീനയ്ക്കുണ്ട്. ഫാത്തിമ എന്ന കൊച്ചു പെൺകുട്ടി അവളെയും അനിയത്തിയെയും ഉമ്മ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലായെന്ന സൂചന നൽകുന്നുണ്ട്.
ഉമ്മയും ഭർത്താവും എ.സി മുറിയിൽ കിടക്കും. ഞങ്ങളുടെ മുറിയിൽ ഫാൻ മാത്രമേയുളളൂ. ഞങ്ങൾക്ക് രാവിലെ നൂഡിൽസ് മാത്രമേ ഉണ്ടാക്കി തരൂ. ദോശയോ ഇഡലിയോ വേണമെന്ന് പറഞ്ഞാൽ വഴക്ക് പറയും. ചെറിയ കുറ്റം ചെയ്താൽ പോലും വലിങ്ങനെ അടി തരും. ഞങ്ങളെ അവർക്ക് രണ്ട് പേർക്കും തീരെ ഇഷ്ടമല്ല. അഷറഫ് ആദ്യ ഭാര്യയെ തലാഖ് ചൊല്ലിയ ശേഷം വേറൊരു വിവാഹം കഴിച്ചു. അതിലൊരു കുട്ടിയുണ്ട്. രണ്ടാനമ്മ ഇയാളുടെ ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞുങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കുമോ എന്ന് പറയാനാവില്ല. സ്വന്തം കുഞ്ഞുങ്ങളുടെ സുഖസൗകര്യങ്ങൾ നോക്കിയിട്ടേ മറ്റേ കുട്ടികളെ പരിഗണിക്കൂ. രണ്ടാം ഭാര്യയെ വിവാഹം കഴിക്കുന്നതിന് മുന്പ് ആദ്യം ആവശ്യപ്പെട്ട കാര്യം എന്റെ കുട്ടികളെ പോറ്റിവളർത്തുമെന്ന ഉറപ്പ്തന്നാലെ വിവാഹത്തിലേർപ്പെടൂ എന്നാണ് പോലും. അവൾ അത് സമ്മതിച്ച് ഉറപ്പ് തന്നിട്ടുണ്ടെന്നും പറയുന്നു. പക്ഷേ അതെത്രത്തോളം ശരിയാകുമെന്ന് പറയാൻ പറ്റില്ലല്ലോ?.
ഭാര്യാ ഭർത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കംമൂലം വഴിയാധാരമാകാൻ പോകുന്നത് അവരിലുണ്ടായ രണ്ട് പെൺകുഞ്ഞുങ്ങളാണ്. കുട്ടികളെ എനിക്ക് വേണമെന്ന് ഉപ്പയും, എനിക്ക് വേണമെന്ന് ഉമ്മയും പറയും. കേസാവും, കോടതി കയറും. രണ്ട് പേരുടെ കേസ് തീരുന്നതുവരെ കുഞ്ഞുങ്ങൾ സർക്കാർ ഹോമുകളിൽ താമസിക്കേണ്ടിവരും. ഉപ്പയുടെയും ഉമ്മയുടെയും സ്‌നേഹപരിലാളനങ്ങളേറ്റ് വാങ്ങി വളരേണ്ട മക്കൾ അനാഥ കുട്ടികളെപോലെ ജീവിക്കേണ്ട അവസ്ഥ വരുന്നു. ഭാര്യാ ഭർതൃബന്ധത്തിലുണ്ടാകുന്ന ചെറിയ ചെറിയ പടല പിണക്കങ്ങൾ ഉണ്ടാകുന്പോൾത്തന്നെ പരിഹരിക്കാൻ ഇരുവരും തയ്യാറാകണം. രണ്ട് പേരുടെയും ചിന്തയും പ്രവൃത്തിയും ഇരുധ്രുവങ്ങളിലേയ്ക്കാണെങ്കിൽ ആദ്യമേ തന്നെ തിരശ്ശീല വീഴ്ത്തുന്നതാണ് നല്ലത്.