വീണ്ടും കേരളത്തിൽ രാഷ്രീയ കൊലപാതകം... ആർക്ക് വേണ്ടി?
ഫിറോസ് വെളിയങ്കോട്
കേരളം വീണ്ടും മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും കൊന്പ് കോർക്കുന്നു. മാറി മാറി പഴിചാരുന്നു. നഷ്ടപെട്ടത് ആ കുടുംബത്തിനാണെന്ന് മാത്രം. മരണത്തിന് ശേഷവും വീണ്ടും വെല്ലുവിളികളും അക്രമങ്ങളും. ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്? രാഷ്ട്രീയക്കളികൾ ഇനിയും തീരാറായില്ലേ? ഓരോ മാസവും ഓരോ രക്തസാക്ഷി എന്ന നിയമുണ്ടോ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ? അതോ തച്ചുടക്കാൻ തുടിക്കുന്ന ഹൃദയമുണ്ടോ ഈ നേതാക്കന്മാർക്കിടയിൽ. കേരളം ഇനി എന്നാണാവോ അക്രമരാഷ്ട്രീയത്തിൽ നിന്ന് മുക്തമാകുക. എല്ലാ ജനങ്ങളും ഒന്നാണ് അവരുടെ ജീവൻ വിലയുള്ളതാണ് എന്ന മുദ്രവാക്യം വിളിച്ചു സമരം ചെയ്യാൻ നമ്മുടെ നാട്ടിൽ ആർക്കാണ് ധൈര്യം, ആർക്കും ഉണ്ടാകില്ല, ഉണ്ടായാൽ പിന്നെന്ത് രാഷ്‌ട്രീയം, പിന്നെന്ത് ഭരണം? പിന്നെ നേതാക്കന്മാർക്കെന്ത് വില? അവിടെയാണ് നാം സിനിമയിൽ കാണുന്ന പോലെ ക്ലൈമാക്സ് രാഷ്ട്രീയ നേതാക്കന്മാരുടെ ഉൾക്കളികൾ.
നഷ്ടപെട്ടു പോകുന്നത് പാവം കുടുംബങ്ങളിലെ അത്താണികളാകാം. അതു രാഷ്ട്രീയപാർട്ടികൾക്ക് രക്തസാക്ഷിയും. എന്നാലല്ലേ അടുത്ത വർഷം അതിന്റെ പേരിൽ മറ്റൊരുത്തനെയും വകവരുത്താനുള്ള കുതന്ത്രങ്ങൾ മെനയാൻ പറ്റൂ. പാർട്ടിക്കാർക്ക് ആഘോഷിക്കാനും അഭിനയ കണ്ണീർതുള്ളികൾ മെല്ലെ തുടക്കാനും ഇതൊക്കെ ഇല്ലാതെ എന്തു ജനാധിപത്യം. ഇതായിരിക്കും ഇവരുടെയെല്ലാം ചിന്തകൾ. പേനയുടെ മഷി തുണ്ടുകൾ കൊണ്ടു എത്ര എഴുതിയാലും കാര്യമുണ്ടാകില്ല, അർത്ഥവത്തായി ചിന്തിച്ചിട്ടും കാര്യമില്ല, ദൃശ്യാവിഷ്കാരം നടത്തിയിട്ടും കാര്യമില്ല, മാറ്റമുണ്ടാകാൻ പോകുന്നില്ല. മാറ്റം എന്ന വാക്ക് അലർജിയാണ് പ്രമുഖ നേതാക്കന്മാർക്ക്, പിന്നെ അണികളുടെ കാര്യം പറയേണ്ടതുമില്ലല്ലോ? രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും എന്നെങ്കിലും അക്രമ കൊലപാതകം ഇല്ലാതിരുന്നിട്ടുണ്ടോ? അവർക്ക് അതിനെതിരെ ശക്തമായ ഒരു നടപടി എടുക്കാൻ സാധിച്ചിട്ടുണ്ടോ? ഇല്ല എന്നുത്തരം മാത്രമേ നമുക്കുള്ളൂ.
ലഹരിമുക്ത കേരളം, ഭിക്ഷാടന നിറുത്താനുള്ള കൂട്ടായ്മ, അങ്ങിനെ എത്രയോ തീരുമാനങ്ങൾ, ആരെങ്കിലും അക്രമ വിമുക്ത കേരളം കൊണ്ടുവരാൻ ആഗ്രഹിച്ചിട്ടുണ്ടോ? അതു നടപ്പിലാക്കാൻ സാധിക്കുമോ? അതിനു മനസാക്ഷിയോട് തന്നെ ചോദിക്കണം ഓരോരുത്തരും, അവരവരുടെ മനസാക്ഷിയോട്. ജീവിക്കണമെങ്കിൽ എങ്ങിനെ ജീവിക്കണം എന്നവർ സ്വന്തമായി തീരുമാനിക്കണം. എല്ലാ മനസുകളും ഒരു പോലെയാകില്ല എങ്കിൽ അതിനെ നിയന്ത്രിക്കാൻ കടുത്ത നിയമങ്ങൾ തന്നെ വേണം. അതെങ്കിലും നേരായ രീതിയിൽ വളച്ചൊടിക്കാതെ കൊണ്ടു പോയിക്കൂടെ. മുൻകൂട്ടി ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങൾ കൺമുന്നിൽ വെച്ചു കാണുന്പോൾ ഒട്ടും ഭയമില്ലാതെ കുറ്റവാളികൾ നെഞ്ചും വിരിച്ചു നടക്കുന്നത് കാണുന്നത് എത്ര ഭയാനകം. രാപ്പകൽ വ്യത്യാസം ഇല്ലാതെ എന്തു ധൈര്യത്തിലാണ് നാം പുറത്തിറങ്ങുക. ഇതിന്റെ എല്ലാ കളികളും നടത്തുന്നത് അണികളോ അതോ നേതാക്കന്മാരോ? ഒരു നാൾ പിടിക്കപ്പെടും എന്ന് ഒട്ടും ഭയമില്ലാതെ കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ ദൈവം എന്ന ചിന്ത മനസിലെങ്കിലും ഊട്ടി ഉറപ്പിച്ചു കൂടെ. പാർട്ടികളുടെ അഭിമാനം കാക്കുന്നത് കൊലപാതകത്തിലൂടെയോ അക്രമ രാഷ്ട്രീയത്തിലൂടെയോ അല്ല, മറിച്ചു ജനങ്ങൾക്കിടയിൽ ഉപകാരവും, ഉപദ്രവും തിരിച്ചറിഞ്ഞു നേരായ വഴിയിൽ അണികളെ നയിക്കലാണ്. സ്വന്തം ആരോഗ്യത്തിനും, വിശ്രമത്തിനും, സന്തോഷത്തിനും കടം വാങ്ങി കേരളാ മന്ത്രിമാരും എം.എൽ.എമാരും ഫണ്ടുകൾ വാരിക്കൂട്ടുന്പോൾ അതിൽ നിന്ന് അണികൾക്കോ, പാവം ജനങ്ങൾക്കോ അർഹിക്കുന്നതെങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ അവകാശപെട്ടവർക്ക് അത് നീതിപൂർവം കിട്ടിയിട്ടുണ്ടോ? പിന്നെന്തിന് വേണ്ടി നിങ്ങൾ തമ്മിൽ തല്ലി മരിക്കണം. കുടുംബക്കാരെയും, അയൽവാസികളെയും വൈരാഗ്യത്തിലൂടെ എന്തിന് കാണണം?
മാപ്പർഹിക്കാത്ത കുറ്റങ്ങൾ എത്ര ചെയ്‌ത് കൂട്ടിയിട്ടും പാപക്കറകൾ നീങ്ങാത്ത മനസുകൾ ഇന്നും നമ്മുടെ നാട്ടിൽ വിലസുന്നു, ആർക്കോ വേണ്ടി ദാഹിക്കുന്ന രക്തം ഊറ്റി കുടിക്കാൻ വെന്പൽ കൊള്ളുന്ന കാട്ടുമാക്കന്മാർ. വൈരാഗ്യം നിറഞ്ഞു തുളുന്പുന്ന രാഷ്ട്രീയ കുതന്ത്രത്തിലെ തലവന്മാരുടെ അഴിഞ്ഞാട്ടം ഇനിയെങ്കിലും അവസാനിപ്പിക്കാൻ ജനങ്ങളെ നിങ്ങൾക്ക് ഒരുമിച്ചു നിന്നുകൂടെ. കുടുംബങ്ങൾ കണ്ണീരിൽ കുതിർന്നു വേദനകൾ കടിച്ചമർത്തുന്പോൾ, അടുത്ത കണ്ണീരിൽ നീറുക എന്റെ കുടുംബമാണെന്ന ചിന്തയെങ്കിലും മനസിൽ കൊണ്ടു വരൂ സഹോദരാ. അതെങ്കിലും പഠിപ്പിച്ചു കൊടുക്കൂ പ്രിയ നേതാക്കളെ. കൊലപാതകത്തിലൂടെ വിജയം നേടരുത്. അതു പരാജയമാണ്, പാർട്ടിയുടെയും അണികളുടെയും. ആർക്കും അതിൽ അഭിമാനിക്കാൻ അർഹതയില്ല. വെറും പുച്ഛം മാത്രം. അവൻ തന്നെ അവന്റെ കുഴി വെട്ടുന്നു എന്നർത്ഥം. കൊലകൾക്കും അക്രമങ്ങൾക്കും ഓരോ കാര്യങ്ങൾ പറഞ്ഞു രാഷ്ട്രീയ പാർട്ടികൾ വരുന്നതോടെ യാഥാർത്ഥ്യം എന്താണെന്നു തിരിച്ചറിയാനാകാതെ വരികയാണ് ജനങ്ങൾ. 2000 മുതൽ 2017 വരെയുള്ള കാലയളവിൽ 172 രാഷ്ട്രീയ കൊലപാതകം നടന്നിട്ടുണ്ടെന്നാണ് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ വിവിധ ജില്ലകളിലൂടെ നീണ്ടു പോകുന്പോൾ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുള്ളത് കണ്ണൂരിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ മുഖ്യമന്ത്രി ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന കുറെ ജീവനുകൾ ഉണ്ട്. അവരെയെങ്കിലും ഓർത്തു ഈ അക്രമരാഷ്ട്രീയ കൊലപാതകങ്ങളെ ഒന്നു ഒഴിവാക്കാൻ ശ്രമിച്ചേക്കു. ഒരു പരിധിവരെ ജനങ്ങളെ നിയമം കൊണ്ടെങ്കിലും ഭയപ്പെടുത്തൂ. ചങ്കിൽ തിളക്കേണ്ട വാശി പുറത്തെടുക്കാതെ സ്വന്തം മനസാക്ഷിയെങ്കിലും ഉണരൂ. അല്ലെങ്കിൽ ഉണരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടു തൽക്കാലത്തേക്ക് ഈ വാരാന്ത്യ വീക്ഷണം വിട പറയുന്നു.