ഒാർമയിൽ എന്നും ഒ.എൻ.വി­


വി.ആർ സത്യദേവ്

 

പ്രിയ കവി ഒ.എൻ.വി കുറുപ്പ് വിട പറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്നു. കഴിഞ്ഞ 13ാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികം. ഭൂമിയിലെ ജീവിതം പൂർണ്ണമാക്കി അദ്ദേഹം മടങ്ങിയപ്പോൾ ബാക്കിയായത് വാക്കുകളും വരികളും കൊണ്ടു തീർത്ത വിശ്വ മാനവികതയുടെ സചേതന ഭൂമിക. അതു തീർത്ത കവി ഓർമ്മയാകുന്പോഴേയ്ക്കും ആ കവിത അമരത്വം നേടിയിരിക്കുന്നു. അക്ഷരം ക്ഷരമില്ലാത്തതാണ്. നാശമില്ലാത്തതാണ്. ഉടയാനിടയില്ലാത്തത്ര ഉറപ്പുള്ള അപൂർവ്വ വിഗ്രഹങ്ങളിലൊന്നാണ് മലയാളത്തിന് ഒ.എൻ.വിയെന്ന ത്രൈയക്ഷരി. മലയാളത്തിന്റെ അപൂർവ്വ സൗഭാഗ്യങ്ങളിലൊന്ന്.

മലയാള ഭാഷയുടെ അതിർവരന്പുകൾക്കുള്ളിൽ മാത്രം തളച്ചിടാവുന്ന കാവ്യ ഭൂമികയായിരുന്നില്ല ഒ.എൻ.വി സാർ സൃഷ്ടിച്ചെടുത്തത്. പിറന്ന മണ്ണിൽ ഉറച്ചു നിന്ന് മാതൃഭാഷയിൽ കാവ്യസൃ‍ഷ്ടി നടത്തുന്പോഴും വിശ്വ മാനവികതയുടെ ശബ്ദമായിരുന്നു ഒ.എൻ.വിക്കവിതകളുടെ കാതൽ. 

‘ഇനിയും മരിക്കാത്ത ഭൂമി

നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി...’

ക്യാന്പസുകളടക്കം കവിതയുടെ എല്ലാ ഇടങ്ങളിലും എണ്ണമില്ലാത്ത കണ്ഠങ്ങളിലൂടെ, മനസ്സുകളിലൂടെ ചിര പ്രതിഷ്ഠ നേടിയ ആ ഒരൊറ്റക്കവിത മാത്രം മതി ഇക്കാര്യം വ്യക്തമാക്കാൻ. താൻ അധിവസിക്കുന്ന ഭൂമിമാതാവിനു നേരേ സ്വന്തം മക്കളായ മനുഷ്യർ നടത്തുന്ന എല്ലാ സീമകളും ലംഘിച്ച കടന്നാക്രമണത്തിനെതിരെയുള്ള അതിശക്തമായ, ഇതുപോലൊരു മുന്നറിയിപ്പു വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയം. അമേരിക്കൻ ആവശ്യമായ ആഗോള താപനാധിഷ്ഠിതമായ പ്രചാര വേലകൾ ഊർജ്ജിതപ്പെടുന്നതിനും മുന്പായിരുന്നു ഭൂമിമാതാവിന്റെ ആയുസ്സെടുക്കുന്ന പ്രകൃതി നാശത്തിനെതിരെയുള്ള കവിയുടെ ചാട്ടുളിപ്രയോഗം. നഗ്നസത്യങ്ങളുടെ വ്യക്ത ചിത്രങ്ങൾ വാക്കുകൾ കൊണ്ടു വരച്ചിട്ട് കവി അന്നു നടത്തിയ ബോധവൽക്കരണം ഒരു തലമുറയുടെ തന്നെ ബോധ മണ്ധലത്തിൽ വലിയ മാറ്റങ്ങളാണു സൃഷ്ടിച്ചത്. ഒരൊറ്റ ഡോക്യുമെൻ്ററിയുടെ സൃഷ്ടി അൽഗോറെന്ന മുൻ അമേരിക്കൻ ഉപരാഷ്ട്രപതിയെ നോബൽ സമ്മാനിതനാക്കി. അതുമായി താരതമ്യം ചെയ്താൽ ജീവിതത്തിലും കാവ്യജീവിതത്തിലുമുടനീളം നമ്മളധിവസിക്കുന്ന ഭൂമിയെപ്പറ്റി നിരന്തര ജാഗ്രത പുലർത്തുകയും അതിനായി രചനകൾ നടത്തുകയും ആവശ്യമുള്ളിടങ്ങളിലൊക്കെ സ്വന്തം സാന്നിദ്ധ്യം കൊണ്ടു കൂടി അടയാളപ്പെടുത്തുകയും ചെയ്തു   ഒ.എൻ.വി.

മനുഷ്യനോടു ചേർത്തു ചിന്തിക്കാത്ത പ്രകൃതി സ്നേഹം കപടവും നിരർത്ഥകവുമാണ്. പ്രകൃതി നാശത്തിന്റെ പേരിൽ മനുഷ്യകുലത്തിന്റെ ലക്കുകെട്ട പോക്കിനു നേരേ വിരൽ ചൂണ്ടുന്പോഴും തനിക്കു ചുറ്റുമുള്ള ലോകത്ത് സഹജീവികൾ നേരിടുന്ന ദുരിതങ്ങൾ അദ്ദേഹം കാണാതെ പോകുന്നില്ല. മാനവികത തുടിച്ചു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരികളും. അതിനാവട്ടെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകളും ഒ.എൻ.വി കവിത പാലിക്കുന്നില്ല. കവി വിശ്വപൗരനാണെന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നു. മാനവികതയുടെ മുഖമായിത്തീർന്ന കമ്യൂണിസ്റ്റാശയങ്ങളുമായി കവി അണിചേർന്നു നടക്കാനുള്ള കാരണം ഈ മാനവിക ദർശനങ്ങളായിരുന്നു. അതാവട്ടെ തനിക്കു ചുറ്റുമുള്ള പച്ചയായ ജീവിതങ്ങളുടെ ചൂടും ചൂരും സ്വാംശീകരിച്ചതുമായിരുന്നു. കമ്യൂണിസ്റ്റു മാനവികതയോടുള്ള ഈ പ്രതിപത്തി കവിയെക്കാളേറെ കേരളത്തിലെ കമ്യൂണിസ്റ്റു രാഷ്ട്രീയത്തിനാണ് ഗുണകരമായത്.

സമൂഹത്തിൽ ശക്തമായ സ്വാധീനമുള്ള  കലാരൂപങ്ങളായ നാടകത്തിലും സിനിമയിരുമൊക്കെ ആ രചനകൾ പാർട്ടിക്ക് കരുത്തായി. 

കവി കുറിച്ചിട്ട  നമ്മളു കൊയ്യും വയലുകളെല്ലാം നമ്മുടേതാകുമെന്ന വരികൾ ഒരു വലിയ വിഭാഗം ജനത സ്വന്തം നെഞ്ചോടു ചേർത്തപ്പോൾ അതിന് ഒരു പഴഞ്ചൊല്ലിന്റെയോ പാടിപ്പതിഞ്ഞ പഴംപാട്ടിന്റെയോ ഒക്കെ പദവിയാണ് ലഭ്യമായത്. ഒ.എൻ.വിയുടെ ഒരുപാടു വരികളുണ്ട് അത്തരത്തിൽ. കവി ജീവിച്ചിരിക്കെത്തന്നെ പൊതു സമൂഹമനസ്സിൽ അവയൊക്കെ സ്ഥിര പ്രതിഷ്ഠിതമായിരിക്കുന്നു. വരികളിലെ വിശ്വമാനവികതയാണ് ആ കവിതകളെ ഇതിനർഹമാക്കുന്നത്. 

‘എവിടെ മനുഷ്യനുണ്ടവിടെയെല്ലാ മുയർത്തെണീക്കുമെൻ കവിത’യെന്ന് സധൈര്യം പ്രഖ്യാപിക്കാൻ കവിക്കാവുന്നു. മാനവികതയെക്കുറിച്ചു പാടിപ്പതിഞ്ഞ ചിലരെങ്കിലും പ്രത്യയശാസ്ത്ര ചട്ടക്കൂടുകളിൽ ഒതുങ്ങുകയും കുരുങ്ങുകയുമൊക്കെച്ചെയ്ത കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം കെട്ടുപാടുകൾക്കപ്പുറത്തക്ക് തലയുയർത്തി നിൽക്കാൻ എന്നും ഒ.എൻ.വിക്കവിതകൾക്കു കഴിഞ്ഞു. എല്ലാ ആശയഗതികൾക്കുമപ്പുറം സ്വതന്ത്രമായിരിക്കണം കവിതയെന്ന് വിശ്വസിക്കുകയും അതു പ്രാവർത്തികമാക്കുകയും  ചെയ്തു, അദ്ദേഹം. സഹജീവികളുടെ വൈകാരിക തലങ്ങളും ഭൂമികകളും തൊട്ടറിയുന്നതിനും അവയൊക്കെ ഉദാത്തമായ ശൈലികളിൽ സ്വന്തം രചനകളിൽ സന്നിവേശിപ്പിക്കാനും എന്നും അദ്ദേഹത്തിനായി. കമ്യൂണിസ്റ്റു മാനവികതയെ കാൽപ്പനിക ഭാവാത്മകതയുമായി ആവശ്യമുള്ളിടത്തൊക്കെ ചേർത്തു വെയ്ക്കുന്നതിൽ പ്രത്യയശാസ്ത്ര ചട്ടക്കൂടുകൾ ഒ.എൻ.വിക്കൊരിക്കലും തടസ്സമായില്ല.

കവിതയെ ശ്രേഷ്ഠമെന്നും പാട്ടെഴുത്തിനെ നിസാരതയുടെ സാഹിത്യമെന്നുമൊക്കെ വേർതിരിക്കുന്ന തട്ടകങ്ങളിൽ ഇരു വഴികളിലും ഒരേ വഴക്കത്തോടെ കവി നിറസാന്നിദ്ധ്യമായി. സ്വന്തം കാവ്യ സപര്യകൊണ്ട് മലയാള സിനിമാഗാന ശാഖയ്ക്ക് പുതു വെളിച്ചവും തെളിച്ചവും അദ്ദേഹം പകർന്നു. സാഹിത്യത്തിന്റെ സംവേദനക്ഷമതയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടു പകരുന്നതാണ് ഈ എഴുത്തൊക്കയും. സ്വന്തമിടങ്ങൾക്കു നേരേ തുറന്നു പിടിച്ച കണ്ണും കാതും കരുതലും ആ രചനകളിലൊക്കെ പ്രകടം. 

കപട ബൗദ്ധികതയുടെ ചേരികളിലൊതുങ്ങാൻ മടിച്ച കവിശീലം അർഹതപ്പെട്ട ഒരുപാടു പുരസ്കാരങ്ങൾ അദ്ദേഹത്തിലേക്കെത്തുന്നതു വൈകിച്ചന്ന് ആരോപണമുണ്ട്. എന്നാൽ അർഹമായത് ആർക്കും എല്ലാക്കാലത്തേക്കും നിഷേധിക്കാനാവില്ല. അങ്ങനെ പത്മപുരസ്കാരങ്ങളും ജ്ഞാന പീഠവും റഷ്യയിൽ നിന്നുള്ള പുഷ്കിൻ പുരസ്കാരവുമെല്ലാം അദ്ദേഹത്തിലൂടെ ആദരണീയങ്ങളായി. 

ദന്തഗോപുരങ്ങളിലിരുന്നല്ല കവി സ്വന്തം കർമ്മമനുഷ്ഠിക്കേണ്ടതെന്ന് കവി രചനയും രചനാ ഗതികളും സ്വന്തം ജീവിതവും കൊണ്ടു പഠിപ്പിച്ചു. നാടിനും ഭാഷയ്ക്കും സഹജീവികൾക്കും ആവശ്യമായ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും എന്നും അദ്ദേഹം ശ്രദ്ധവെച്ചു. ഇതിനെല്ലാമിടയിലും ആ കാവ്യ നിർദ്ധരി ഒരിക്കൽപ്പോലും വറ്റിയില്ല എന്നതും ശ്രദ്ധേയമാണ്. അവസാനം ആശുപത്രിക്കിടക്ക പോലും രചനകൾക്കുള്ള വേദിയും വിഷയവുമായി. പ്രശസ്ത നർത്തകിയും മനുഷ്യ സ്നേഹിയുമായിരുന്ന മൃണാളിനി സാരാഭായിയുടെ വിയോഗത്തെക്കുറിച്ചുള്ളതായിരുന്നു അവസാന രചന. ‘അനശ്വരതയിലേയ്ക്ക്’ എന്ന ആ കവിതയുടെ തലക്കെട്ട് അറം പറ്റും പോലെ ഒടുക്കം കവിയും അനശ്വരതയിലേക്ക് ഉടൽ മാറ്റം നടത്തി. 

ഏകാന്തതയുടെ അമാവാസികളിൽ കൈവന്ന വെളിച്ചമായിരുന്നു കവിക്കു സ്വന്തം കവിത. ആ വെളിച്ചം എന്നും മലയാളത്തിനും മാനവികതയ്ക്കും വഴിവിളക്കാവും. 

You might also like

Most Viewed