കേരളാ ബജറ്റ്


ഇ.പി അനിൽ

epanil@gmail.com 

നിരന്തരമായി മാറി മറിയുന്ന ലോകത്ത് കേരളവും മാറ്റത്തിന് വിധേയമാണ്. ഭക്ഷണത്തിലും കുടുംബ സങ്കൽ‍പ്പങ്ങളിലും മറ്റും മാറ്റങ്ങൾ‍ നടക്കുന്പോൾ‍ രാഷ്ടീയ ഫോർ‍മുലയിൽ‍ അത്ര കണ്ടുള്ള ചലനം ഉണ്ടാകുന്നില്ല. സാമൂഹിക ചലനങ്ങളുടെ ത്രീവ്രത കൂട്ടുന്നതിൽ‍ ആഗോളവൽ‍ക്കരണം പ്രധാന പങ്ക് വഹിച്ചുവരുന്നു. പലതും കേരളത്തിന് ഗുണപരമാകുന്പോൾ‍, നാടിന്‍റെ അഭിമാനമായി കണ്ടിരുന്ന ഇടങ്ങളിൽ‍ തിരിച്ചടികൾ‍ സംഭവിക്കുന്നു. അതിനെ ഗൗരവതരമായി കാണുവാൻ രാഷ്ടീയക്കാർ‍ക്കും മറ്റുള്ളവർ‍ക്കും ബാധ്യതയുണ്ട്. മുന്നേറ്റം ഉണ്ടാകുന്ന രംഗങ്ങളിൽ‍ എന്ത് ചലനങ്ങൾ‍ ആണ് സമൂഹത്തിൽ‍ ഉണ്ടാകുന്നത് എന്ന് പരിശോധിക്കുകയും പ്രധാനമാണ്.

കേരളത്തിന്‍റെ ഇന്നത്തെ GDP വരുമാനം ദേശിയശരാശരിക്ക് മുകളിലാണ്. (ദേശിയ വരുമാനം 1580 ഡോളറും കേരളത്തിൽ‍ 2000 ഡോളറുമെത്തി.) 1960ൽ‍ നിന്നും 2015ൽ‍ എത്തിയപ്പോൾ‍ കേരളത്തിന്‍റെ GDP വരുമാനത്തിൽ‍ 415 മടങ്ങ്‌ വർ‍ദ്ധനവ് ഉണ്ടായി. ബംഗാളിൽ‍ ഉണ്ടായത് 115 ഇരട്ടിയും. സാന്പത്തിക വളർ‍ച്ചനേടുവാൻ കേരളത്തിന് കഴിഞ്ഞതിൽ‍ കാർ‍ഷിക−വ്യവസായികരംഗത്തിന് ഒരുപങ്കുമില്ല. മലയാളിയുടെ മുഖ്യ ഭക്ഷണമായ അരിയുടെ ഉൽപ്പാദനം മുതൽ‍ ഒട്ടുമിക്ക ഭക്ഷ്യ വിളകളുടെയും തോത് കുറഞ്ഞു വന്നു. നാണ്യവിളകളുടെ കാര്യത്തിലും സ്ഥിതി പരിതാപകരമാണ്. റബ്ബർ‍ തോട്ടത്തിന്‍റെ അളവിൽ‍ വർ‍ദ്ധനവ് ഉണ്ടായി എങ്കിലും വിലത്തകർ‍ച്ച നാണ്യകർ‍ഷകരെ പ്രതിസന്ധിയിലെത്തിച്ചു. കുരുമുളക്, ഏലം തുടങ്ങിയ രംഗത്തും തിരിച്ചടികളാണ്. മറ്റു സംസ്ഥാനങ്ങളിൽ‍ ഉണ്ടായ കാർ‍ഷിക ആത്മഹത്യകൾ‍ കേരളത്തിലും സജ്ജീവമായി. പരന്പരാഗത ഉൽപ്പാദന രംഗത്തെ പിന്നോട്ടടി 10 ലക്ഷം ആളുകളുടെ തൊഴിലുകൾ‍ നഷ്ടപെടുത്തി. വ്യവസായ രംഗത്തും ഇതുതന്നെയാണ് അനുഭവം. സേവന രംഗത്തിന്‍റെ വളർ‍ച്ച ഊഹ വിപണിയുടെ സ്വഭാവങ്ങൾ‍ പ്രകടമാക്കുന്നതാണ്. സേവനരംഗത്ത്‌ പഴയ കാല തൊഴിൽ‍ രീതികൾ‍ക്ക് പകരം ഉണ്ടാകുന്ന ബന്ധങ്ങൾ‍ തൊഴിലാളികളെ സംഘടിതരാക്കുന്നില്ല. തൊഴിൽ‍ രംഗത്ത് കൂടുതൽ‍ ചൂഷണങ്ങൾ‍ക്ക് അവസരം ഉണ്ടാക്കുന്നു. സേവന രംഗത്തെ കുതിപ്പുകൾ‍ തുടരുവാൻ കഴിയണമെങ്കിൽ‍ കാർ‍ഷിക രംഗത്തും ദ്വിതീയ രംഗത്തും മാറ്റം ഉണ്ടാകേണ്ടതുണ്ട്. ആ പ്രതിസന്ധിയെ പരിഹരിക്കുവാൻ സഹായിച്ചു വന്നത് കാൽ‍ കോടി മലയാളികൾ‍ ഇന്ത്യക്ക് പുറത്ത് പോയി നടത്തുന്ന അദ്ധ്വാനവും അവർ‍ നാടിലേക്ക് അയച്ചു കൊണ്ടിരിക്കുന്ന പണവും ആണ്. (ഉൽപ്പാദനത്തിൽ‍ 45 ശതമാനം തുകക്ക് തുല്യം). പ്രസ്തുത ശ്രോതസ്സുകൾ‍ തിരിച്ചടികളെ നേരിടുകയാണ്. കഴിഞ്ഞ നാളുകളിൽ‍ 12 ലക്ഷം ആളുകൾ‍ക്ക് തൊഴിൽ‍ നഷ്ടപെട്ടു. ഗൾ‍ഫ്‌ രാജ്യത്തെ പ്രവാസികളിൽ‍ നല്ലൊരു പങ്കും മടങ്ങിഎത്തുക എന്നാൽ‍ പ്രതിമാസം കേരളത്തിൽ‍ എത്തുന്ന ഏകദേശം 5000−7000 കോടി രൂപയുടെ ഒഴുക്കിന് കുറവുണ്ടാകും എന്നാണ്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തിനു തുല്യമായ ഈ തുകയിലൂടെ ചലിക്കുന്ന കേരളം കൂടുതൽ‍ സാന്പത്തിക പ്രതിസന്ധിയിലാകും. ഈ പശ്ചാത്തലത്തിൽ‍ വേണം കേരളത്തിന്‍റെ 18−19 വർ‍ഷത്തെ ബജറ്റിനെ വിലയിരുത്തുവാൻ.

ആഗോളവൽ‍ക്കരണകാലത്ത് കേന്ദ്രസർ‍ക്കാർ‍ സംസ്ഥാനത്തിന്‍റെ അധികാരങ്ങൾ‍ തങ്ങളിലേക്ക് അടുപ്പിച്ച് അവയുടെ വരുമാനത്തിൽ‍ കുറവുണ്ടാക്കിവരുകയാണ്. അത്തരം ശ്രമങ്ങളിൽ‍ പ്രധാനമാണ് GST. സംസ്ഥാന ബജറ്റിന്‍റെ കരുത്ത് പ്രാദേശികമായ പ്രത്യേകതകൾ‍ഉള്ള നികുതി ഇളവുകൾ‍ക്കും നികുതി ചാർ‍ത്തുവാനുമുള്ള സംസ്ഥാനത്തിന്‍റെ അവകാശമാണ്. അത്തരം അധികാരങ്ങൾ‍ നഷ്ടപെട്ട സംസ്ഥാന ബജറ്റിൽ‍ പിന്നെ ഉണ്ടാകുക പദ്ധതികളുടെ നടത്തിപ്പിനെ പറ്റിയുള്ള വിവരങ്ങൾ‍ മാത്രമായിരിക്കും. സാന്പത്തിക വിദഗ്ദ്ധനും കമ്യുണിസ്റ്റ് പാർ‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും കൂടിയായ ശ്രീ തോമസ്‌ ഐസക്ക്, GST യെ പ്രകീർ‍ത്തിക്കുകയും അതിന്‍റെ നടത്തിപ്പിലൂടെ കേരളത്തിന് സാന്പത്തിക നേട്ടങ്ങൾ‍ ഉണ്ടാകുകയും ചെയ്യും എന്ന് ആവർ‍ത്തിച്ചു. ജനങ്ങൾ‍ക്കും സംസ്ഥാനത്തിനും ലാഭം ഉണ്ടാക്കുന്ന പദ്ധതി യഥാർ‍ത്ഥത്തിൽ‍ ആഗോള സാമ്രാജ്യതത്വ ഇടപെടൽ‍ ആണ് എന്ന് പറയുവാൻ മടിച്ച കമ്യുണിസ്റ്റ് ധനകാര്യ വകുപ്പ് മന്ത്രിയുടെ കണക്കുകൾ‍ പിഴച്ചുപോയി എന്ന് തിരിച്ചറിയുവാൻ കേരളത്തിന് 6 മാസം പോലും വേണ്ടിവന്നില്ല.

കേരള സർ‍ക്കാർ‍ അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ നാളുകളിലെ സമീപനത്തെ പിൻ തുടരുന്നതാണ്. പൊതുവെ ആഗോളവൽ‍ക്കരണം സൃഷ്ടിച്ച പ്രതിസന്ധികൾ‍ സംസ്ഥാനത്തിന്‍റെ പദ്ധതികളെ അട്ടിമറിക്കുകയാണ്. നിർ‍മ്മാണ പ്രവർ‍ത്തനങ്ങൾ‍ക്ക് ജനങ്ങളിൽ‍ നിന്നും സഹായം നേടുവാൻ 1999ൽ‍ ഉണ്ടാക്കിയ നിയമത്തിന്‍റെ പിൻബലത്തിൽ‍ ശ്രീ തോമസ്സ് കൊണ്ടുവന്ന Kerala Infrastructure Investment Fund Board (KIIFB) എന്ന സംരംഭം കേരളത്തിന്‍റെ പ്രതിസന്ധികളെ മറി കടക്കുവാനുള്ള വഴിയായി അവതരിപ്പിക്കപ്പെട്ടു. വ്യക്തികളിൽ‍ നിന്നും പണം സ്വീകരിച്ച് പദ്ധതികൾ‍ നടപ്പിൽ‍ വരുത്തുക. പദ്ധതിയിൽ‍ നിന്നും ഉള്ള വരുമാനത്തിൽ‍ നിന്നും ലാഭവും മുതലും തിരിച്ചു കൊടുക്കുന്ന പദ്ധതിയെ സാധാരണക്കാർ‍ പൊതുവെ നല്ല ആശയമായി ഇതിനെ കാണുന്നുണ്ടാകാം. എന്നാൽ‍ വസ്തുതകൾ‍ അങ്ങനെയല്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്‌. സർ‍ക്കാർ‍ പദ്ധതികൾ‍ ലാഭത്തിൽ‍ മാത്രം പ്രവർ‍ത്തിക്കേണ്ടത് എന്ന നിലപാടുകൾ‍ ജനവിരുദ്ധമായിതീരാതെ തരമില്ല. കേരളത്തിന്‍റെ കടം വർദ്‍ധിച്ചു കൊണ്ടിരിക്കുന്നു. 1991 വരെയുള്ള സംസ്ഥാന കടം 19000 കോടിയിൽ‍ നിന്നും ഇപ്പോൾ‍ 1.86 ലക്ഷം കോടിയിൽ‍ എത്തി എന്ന് സർ‍ക്കാർ‍ രേഖകൾ‍ തന്നെ വ്യക്തമാണ്.

പുതിയ ബജറ്റിലും സർ‍ക്കാർ‍ പ്രഖ്യാപനങ്ങളിൽ‍ നിന്നുള്ള പിന്മാറ്റവും ലക്ഷ്യം പിഴച്ചുള്ള സമീപനവും വ്യക്തമാണ്‌. കഴിഞ്ഞ വർ‍ഷങ്ങളിൽ‍ അവതരിപ്പിച്ച ബജറ്റുകളിൽ‍ ലക്ഷ്യത്തിൽ‍ എത്താത്ത പദ്ധതികൾ‍, നടപ്പിലാക്കുവാൻ പൂർ‍ണ്ണമായി കഴിയാത്തവ, വിജയം കണ്ടവ ഏതൊക്കെ എന്ന് വിലയിരുത്തുവാൻ കാര്യമായി ശ്രമിക്കുന്നില്ല. നിയമസഭാ സബ്ജറ്റ് കമ്മിറ്റി ഇത്തരം വിഷയങ്ങളിൽ‍ ഇടപെടുന്നു എങ്കിലും വേണ്ട തരത്തിൽ‍ ബജറ്റ് ഓഡിറ്റിംഗ് നടക്കാത്തതിനാൽ‍ പ്രഖ്യാപനങ്ങൾ‍ എവിടെ എത്തി എന്നറിയുവാന്‍ അവസരം കിട്ടുന്നില്ല. ബജറ്റിന്‍റെ അവതരണത്തിനു മുന്പ് സാന്പത്തിക അവലോകനം ഉണ്ടാകുന്നു എങ്കിലും അത് ഒരു ദിവസത്തെ വാർ‍ത്തയായി അവസാനിക്കുന്നു. ഈ പോരായ്മകൾ‍ പരിഹരിക്കുവാൻ കുറ്റമറ്റ സംവിധാനം പ്രവർ‍ത്തിച്ചു തുടങ്ങാതെ ബജറ്റ് നടപ്പാക്കൽ‍ എത്രമാത്രം വിജയിക്കുന്നു എന്ന് അറിയുവാൻ സമൂഹത്തിന് അവസരം കിട്ടുകയില്ല.

കേരളം എത്തപെട്ട പ്രകൃതി ദുരന്തങ്ങളെ പറ്റി വിശദീകരിക്കുന്ന സംസ്ഥാന ബജറ്റ് പ്രകൃതി സവ്വ്ഹൃത വികസനത്തോട് മുഖം തിരിഞ്ഞു നിൽ‍ക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ‍ കേരളത്തിൽ‍ വലിയ ആഘാതങ്ങൾ‍ ഉണ്ടാക്കും എന്ന്‍ പറയുകയും എന്നാൽ‍ വിവിധ രംഗത്തെ പ്രകൃതി ശോഷണം എന്തൊക്കെ നഷ്ടങ്ങൾ‍ കേരളത്തിൽ‍ വരുത്തി വെക്കുന്നു എന്ന് വിശദമാക്കുന്നില്ല. പശ്ചിമഘട്ടത്തിൽ‍ നടക്കുന്ന അനധികൃത കൈയേറ്റങ്ങൾ‍, തോട്ടം രംഗത്തെ കുത്തകകൾ‍ തരേണ്ട തുച്ഛമായ ചുങ്കം തുകകൾ‍, തൊഴിലാളികളുടെ കുറഞ്ഞ വേതനം, കീട നാശിനി പ്രയോഗം, വനം കൈയേറ്റം മുതലായ പ്രശ്നങ്ങളെ മറന്നു കൊണ്ട് 99ലെ വെള്ളപൊക്കത്തെ പറ്റി പരാമർ‍ശിക്കുന്ന ധന മന്ത്രി 1924ലെ വെള്ളപൊക്കം ഇന്നുണ്ടായാൽ‍ എന്താകും അവസ്ഥ എന്ന് പറയാതെ വിഷയത്തെ വഴിയിൽ‍ ഉപേക്ഷിക്കുന്നു. മലനിരകളിൽ‍ നിന്നും ഒഴികി വരുന്ന എല്ലാ നദികളുടെയും അവസ്ഥ അപകടകരമാണ്. നീരൊഴുക്കില്ലാത്ത നദികൾ‍, വ്യവസായ മാലിന്യങ്ങൾ‍ കൊണ്ടും മനുഷ്യ വിസർ‍ജ്ജ്യം കൊണ്ടും ഉണ്ടാക്കുന്ന ദുരന്തങ്ങൾ‍ മറന്നു കൊണ്ട് എങ്ങനെയാണ് കേരളത്തിൽ‍ സാന്പത്തിക മുന്നേറ്റം സാധ്യമാക്കുക?

ഇടനാടിന്‍റെ പ്രത്യേകത അവിടെയുണ്ടായിരുന്ന നെൽപ്‍പാടങ്ങൾ‍ ആയിരുന്നു. നദികൾ‍ കൊണ്ടെത്തിച്ചു വന്ന എക്കൽ‍ മണ്ണ്‍ കൃഷിയെ സഹായിച്ചു. ഒരു കാലത്ത് (70ൽ‍) 8.7 ലക്ഷം ഹെക്റ്റർ‍ ഉണ്ടായിരുന്ന നെൽ‍പാടങ്ങൾ‍ ഇന്ന് 1.78 ലക്ഷം ഹെക്്റ്റർ‍ ആയി ചുരുങ്ങി. നെല്ലിന്‍റെ ഉൽപ്പാദനം കുറഞ്ഞു എന്നതിനൊപ്പം ഭൂഗർ‍ഭ വെള്ളത്തിന്‍റെ അളവിലും കുറവ് ഉണ്ടായി. വരൾ‍ച്ച വരുത്തി വെക്കുന്ന നഷ്ടങ്ങളെ സർ‍ക്കാർ‍ കണക്കിൽ‍ പെടുത്തുന്നില്ല. തീരങ്ങൾ‍ കടൽ‍ എടുക്കുന്നു എന്ന്‍ സർ‍ക്കാർ‍ തന്നെ അംഗീകരിച്ചു വരികയാണ്‌. മത്സ്യ രംഗത്തെ ദുരന്തങ്ങൾ‍ സുനാമി, ഓഖി തുടങ്ങി തെറ്റി പെയ്യുന്ന മഴ, ചൂട്, വിദേശ ട്രോളർ‍ അങ്ങനെ പോകുന്നു പ്രതികൂല അവസ്ഥകൾ‍. പ്രതി വർ‍ഷം 2 ലക്ഷം ടണ്ണിൽ‍ അധികം മത്സ്യ സന്പത്തിൽ‍ കുറവ് വന്നു കഴിഞ്ഞു. ഉൾ‍നാടൻ മത്സ്യ ബന്ധനം പൂർ‍ണ്ണമായും തകർ‍ന്നു എന്ന് കാണാം. ഈ വർ‍ഷത്തെ ബജറ്റിൽ‍ കഴിഞ്ഞ നാളുകളിൽ‍ പ്രദേശത്ത് നടപ്പിൽ‍ വരുത്തിയ പദ്ധതികളുടെ പരാജയ കാരണങ്ങളെ പറ്റി പരാമർ‍ശനങ്ങൾ‍ നടത്താതെ പുതിയ പദ്ധതികളെ പറ്റി പറയുന്നു.

പൊതു മേഖലാ സ്ഥാപങ്ങളെ സ്വകര്യവൽ‍ക്കരിക്കില്ല എന്ന നിലപാടുകൾ‍ എടുക്കുന്ന സംസ്ഥാനം അവയുടെ കെടുകാര്യസ്ഥത പരിഹരിക്കുവാൻ ഉതകുന്ന ഹ്രസ്വ−ദീർ‍ഘ കാലപദ്ധതികൾ‍ക്കൊപ്പം സ്ഥാപനങ്ങളിൽ‍ കഴിഞ്ഞ കാലത്ത് ഉണ്ടായ അനിഷ്ട സംഭവങ്ങൾ‍ക്ക് കാരണക്കാരെ നിയമത്തിനു മുന്നിൽ‍ കൊണ്ടുവന്ന് നഷ്ട പരിഹാരം നേടിയെടുക്കാതെ ഈ രംഗത്ത്‌ ഗുണപരമായ മാറ്റം അസാധ്യമാണ്. 5 ലക്ഷത്തിൽ‍ അധികം വരുന്ന സർ‍ക്കാർ‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും അവരുടെ സത്യസന്ധത, ജനകീയ സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ‍ സർ‍ക്കാർ‍ സാമൂഹിക ഒാഡിറ്റിംഗ് നടത്താതെ എങ്ങനെയാണ് സർ‍ക്കാരിനു കാര്യക്ഷമത വർ‍ദ്ധിപ്പിക്കുവാൻ കഴിയുക? 

കേരളത്തിൽ‍ 7.4 ശതമാനം വളർ‍ച്ച പ്രതീക്ഷിക്കുന്ന അടുത്ത വർ‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റിന്‍റെ ആകെ തുക (ചെലവ്) 1.27093 ലക്ഷം കോടി വരുന്നു. കഴിഞ്ഞ വർ‍ഷത്തേക്കാൾ‍ 14 ശതമാനത്തിലധികം വർ‍ദ്ധന ബജറ്റിൽ‍ കാണാം. ഒരു സംസ്ഥാനത്തിന്‍റെ ഭാവി പദ്ധതിയിൽ‍ പ്രധാന പങ്കു വഹിക്കുന്ന മൂലധന ചെലവിനായി മാറ്റി വെച്ചിരിക്കുന്ന തുക വെറും 8633 കോടിയാണ്. (പദ്ധതി നടത്തിപ്പിനായി മറ്റു സംവിധാനങ്ങൾ‍ സർ‍ക്കാർ‍ തേടുന്നു എന്ന് ഇവിടെ മറക്കുന്നില്ല). ഉൽപ്പാദനരംഗത്ത്‌ നേരിട്ടു പങ്കില്ലാത്ത ചെലവായി പരിഗണിക്കുന്ന ശന്പളം, പെൻ‍ഷൻ, സബ്സിഡി തുടങ്ങിയവ ഉൾ‍പെടുന്ന റവന്യൂ ചെലവിൽ‍ വർ‍ദ്ധന ഉണ്ടാകുകയും ആ ചെലവുകൾ‍ റവന്യൂ വരുമാനത്തിൽ‍ കവിഞ്ഞു പോകുകയും ചെയ്യുന്പോൾ‍ നമ്മുടെ ഭാവി പദ്ധതികൾ‍ അവതാളത്തിൽ‍ ആകും. ഈ അവസ്ഥ നമ്മുടെ സാന്പത്തികരംഗത്തിന്‍റെ മോശം നിലപാടുകളെ ഓർ‍മ്മിപ്പിക്കുന്നുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങൾ‍ പരമാവധി ലാഭത്തിൽ‍ നടത്തിയാൽ‍, നാടിന്‍റെ നിർ‍മ്മാണ പ്രവർ‍ത്തനങ്ങളിൽ‍ പരമാവധി ചെലവു കുറച്ച് നടത്തിയാൽ‍, വിവിധ വകുപ്പുകൾ‍ കാര്യക്ഷമമായി പ്രവർ‍ത്തിച്ചാൽ‍, നികുതി ചോർ‍ച്ച തടഞ്ഞാൽ‍ ഒക്കെ സർ‍ക്കാരിന് കൂടുതൽ‍ പണം മൂലധാനമാക്കി നാടിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ‍ വർദ്‍ധിപ്പിക്കാൻ കഴിയും എന്നാൽ‍ ഇടതു സർ‍ക്കാർ‍ നിലപാടുകൾ‍, കാര്യക്ഷമമായ സാന്പത്തിക പദ്ധതികളിലൂടെ, പൊതു മുതൽ‍ ചോർ‍ച്ച തടഞ്ഞ്, വിഭവങ്ങൾ‍ കൊള്ളയടിക്കുന്നവരെ നിയമത്തിന് മുന്നിൽ‍ എത്തിച്ച് സംസ്ഥനത്തിന്‍റെ താൽ
പ്‍പര്യങ്ങൾ‍ സരക്ഷിക്കുവാൻ മടിച്ചു നിൽ‍ക്കുകയാണ്. 

സർ‍ക്കാർ‍ പദ്ധതികൾ‍ നടപ്പിൽ‍ വരുത്തുവാൻ KIIFBയിലൂടെ 5 വർ‍ഷം കൊണ്ട് 52000 കോടിയുടെ പണം സ്വരൂപിക്കും എന്ന് സർ‍ക്കാർ‍ അവകാശപെടുന്നുണ്ട്. പണം മുടക്കി പ്രവർ‍ത്തിക്കുന്ന പദ്ധതികളിൽ‍ നിന്നും ലാഭം മുതൽ‍ മുടക്കുന്നവർ‍ക്ക് ലഭിക്കും എന്ന്‍ വ്യക്തമാക്കുന്പോൾ‍ പദ്ധതികളിൽ‍ നിന്നെല്ലാം ലാഭം ഉണ്ടാക്കൽ‍ ലക്ഷ്യമായി തീരും. പദ്ധതിയുടെ നിക്ഷേപത്തിൽ‍ 3 വർ‍ഷം മൊററ്റൊറിയം ഉണ്ടാകും എന്ന് പറയുന്പോൾ‍ 5 വർ‍ഷത്തിനു ശേഷം വരുന്ന സർ‍ക്കാർ‍ കുറഞ്ഞത്‌ ഒരു ലക്ഷം കോടി രൂപ മടക്കി കൊടുക്കുവാൻ ബാധ്യമാണ് എന്ന വസ്തുത അത്ര എളുപ്പം നടക്കുമെന്ന വിശ്വസിക്കുന്നവർ‍ ഇവിടെ കുറവാണ്. സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്വാശ്രയത്തെ തകർ‍ക്കുന്ന ഘടകങ്ങൾ‍ക്ക് എതിരായി സമരങ്ങൾ‍ സംഘടിപ്പിച്ച് കൂടുതൽ‍ അവകാശങ്ങൾ‍ നേടിയെടുക്കുവാൻ സംസ്ഥാന സർ‍ക്കാരും രാഷ്ടീയ പാർ‍ട്ടികളും ശ്രമിക്കാതെ കൂടുതൽ‍ ബാധ്യതകൾ‍ വരുത്തി വെക്കുന്നതിലൂടെ സംസ്ഥാനം പുതിയ കുരുക്കുകളിൽ‍കൂടി എത്തിച്ചേരും എന്ന് ഭയപെടെണ്ടിയിരിക്കുന്നു.

കേരളത്തിന്‍റെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ നമ്മുടെ സർ‍ക്കാർ‍ വേണ്ടത്ര മാർ‍ഗ്ഗങ്ങൾ‍ അവലംബിക്കുന്നില്ല എന്ന പരാതി സജ്ജീവമാണ്. പരോക്ഷ നികുതി പിരിവിൽ‍ ഒട്ടും വിമുഖത കാട്ടാത്ത (പെട്രോൾ‍ രംഗം ഒരു ഉദാഹരണം) സർ‍ക്കാർ‍ പണക്കാരെ സംരംഭകർ‍ എന്ന പരിഗണനകൾ‍ നൽ‍കി ബാധ്യതകളിൽ‍ നിന്നും മാറ്റി നിർ‍ത്തുകയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ‍ ബാധ്യത വരുത്തി വെക്കുന്ന സ്ഥാപനങ്ങളിൽ‍ പെട്ട വൈദ്യുതി വകുപ്പിന് സ്വകാര്യ സ്ഥാപനങ്ങൾ‍ 850 കോടി രൂപ നൽ‍കുവാൻ ഉണ്ട് എന്നറിയുന്പോൾ‍ നമ്മുടെ സർ‍ക്കാരിന്‍റെ ലക്ഷ്യബോധം എങ്ങോട്ട് എന്ന് സംശയിക്കണം.

കേരളത്തിന്‍റെ മലനിരകളിൽ‍ ഏകദേശം 2 ലക്ഷം ഹെക്ക്ടർ‍ പ്രദേശം എങ്കിലും ചുങ്കം വാങ്ങി വൻ കിട തോട്ടങ്ങൾ‍ നടത്തുവാൻ കോർ‍പ്പറേറ്റുകൾ‍ക്ക് കൊടുത്തിരിക്കുകയാണ്. (5 ലക്ഷത്തിൽ‍ അധികം ഹെക്റ്റർ‍ നിയമവിരുദ്ധമായി അവർ‍ കൈവശം വെച്ചിരിക്കുന്നു.) സർ‍ക്കാർ‍ ഇന്നു വാങ്ങിയെടുക്കുന്ന ചുങ്കം ഹെക്റ്ററിന് ഒന്നര രൂപ മുതൽ‍ 1300 രൂപവരെയാണ്. സ്ഥലത്തിന്‍റെ വിലയുടെ 3 ശതമാനം അല്ലെങ്കിൽ‍ വിളയുടെ 70 ശതമാനം സർ‍ക്കാരിനു നൽ‍കുവാൻ പാട്ടക്കാർ‍ക്ക് ബാധ്യതയുണ്ട്. ഈ കണക്കുകൾ‍ പ്രകാരം തെന്മലയിലുള്ള ഹാരിസൻ തോട്ടം പ്രതി വർ‍ഷം 76000 രൂപ (ഹെക്റ്റിന്) നൽ‍കേണ്ട സ്ഥാനത്ത് ഇന്നു നൽ‍കുന്ന തുക അവിശ്വസനീയമാവിധം തുശ്ചമാണ്. നമ്മുടെ നാട്ടിൻ പുറത്ത് പാട്ടം നിയമവിരുദ്ധമാണ് എങ്കിലും കുടുംബ ശ്രീകളും മറ്റും കൃഷിക്കായി ഭൂമി പണം നൽ‍കി ഏറ്റെടുക്കുന്നത് എത്ര തുകക്കാണ് എന്ന് നമുക്കറിയാം. സാന്പത്തിക പരാധീനതയിൽ‍ ഉഴലുന്ന സർ‍ക്കാർ‍ കോർ‍പ്പറേറ്റുകളിൽ‍നിന്നും (നിയമത്തെ വെല്ലുവിളിച്ചു നടക്കുന്ന കുത്തക സ്ഥാപനങ്ങൾ‍) ന്യായമായ ചുങ്കം പിരിച്ചെടുക്കുവാൻ ശ്രമിക്കാതെ സാധാരണക്കാരെ ബാധിക്കുന്ന ഭൂമിയുടെ ക്രയ വിക്രയങ്ങളുടെ ഫീസിൽ‍ 10 ശതമാനം വർ‍ദ്ധന വരുത്തുവാൻ ധനമന്ത്രി മടിച്ചില്ല. 2 ലക്ഷം ഹെക്റ്ററിൽ‍ നിന്നും വരുമാനത്തിന്‍റെ 70 ശതമാനം ചുങ്കം പിരിച്ചാൽ‍ കിട്ടുന്ന തുക എത്ര വലുതായിരിക്കും എന്ന് ഊഹിക്കുന്നതിനും അപ്പുറം ആയിരിക്കും. ഇതു തന്നെയാണ് പാറമടകളുമായി ബന്ധപെട്ടു നടക്കുന്നതും. 100 ചതുരശ്ര ഹെക്ക്ടർ‍ 10 മീറ്റർ‍ താഴത്തിൽ‍ പാറ പൊട്ടിച്ചെടുത്താൽ‍ സർ‍ക്കാറിന് 60 കോടി രൂപ പിരിച്ചെടുക്കാം എന്നിരിക്കെ ഇപ്പോൾ‍ സർ‍ക്കാർ‍ വാങ്ങുന്നത് കേവലം 1.4 കോടി രൂപ മാത്രം. പ്രസ്തുത സ്ഥലത്ത് നിന്നും കിട്ടുന്ന ഏകദേശം 80 ലക്ഷം ടൺ‍ പാറയുടെ മാർ‍ക്കറ്റ് വില 80 ലക്ഷംX1200 അണ് എന്ന് സർ‍ക്കാരിനറിയാത്തതല്ല. (960 കോടി രൂപ) കേരളത്തിൽ‍ എത്ര ഹെക്റ്റർ‍ ക്വാറികൾ‍ ഉണ്ടാകും എന്ന്‍ കണക്കു കൂട്ടിയാൽ‍ കേരളം സാന്പത്തികമായി എത്ര വലിയ തട്ടിപ്പുകൾ‍ക്ക് വിധേയമാണ് എന്ന് മനസ്സിലാക്കാം.

രാഷ്ടീയം സംശുദ്ധവും ഒപ്പം ജനങ്ങളോടെ എന്നും എപ്പോഴും ബാധ്യത കാട്ടുന്പോഴെ നാട്ടിൽ‍ സാന്പത്തിക സ്വശ്രയത്തം സാധ്യമാകുകയുള്ളു. കേരളത്തിന്‍റെ പുതിയ ബജറ്റിലും കാണുവാൻ കഴിയാത്തത് ഈ ലക്ഷ്യ ബോധമാണ് എന്ന് പറയാതെ തരമില്ല. 

You might also like

Most Viewed