പ്രണയദി­നത്തി­ലും ‘അവൾ­ക്കൊ­പ്പം’


സോന പി.എസ് 

“പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരിക്കണം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത്” അവസാന വരിയിലേയ്ക്ക് ഇറ്റ് വീണ കണ്ണീര് തുടച്ചാണ്‌ ആദ്യവായനയ്ക്ക് ശേഷം ഞാനാ പുസ്തകം മടക്കി വെച്ചത്. ഞാൻ കണ്ട ഏറ്റവും വലിയ പ്രണയകാവ്യം തന്നെയായിരുന്നു അക്ഷരങ്ങളുടെ സുൽത്താന്റെ ബാല്യകാലസഖി എന്ന പുസ്തകം. ഒന്നുറപ്പാണ് മജീദ് ഒരിക്കലും സുഹ്‌റയെ തേപ്പുകാരിയായി കണ്ടിട്ടില്ല. സുഹ്‌റ തിരിച്ചും. പ്രണയദിനം ഇങ്ങടുക്കുന്പോൾ ഇവരെയെല്ലാം ഓർത്ത് പോകാൻ കാരണം എന്നത്തെ പോലെ അടുത്ത ദിവസം ഡയറിമിൽക്കും റോസാപ്പൂവും വാങ്ങി, അങ്ങോട്ടും ഇങ്ങോട്ടും പരസ്പ്പരം കൈമാറി കൗമാരക്കാർ വാലന്റൈൻസ് ദിനങ്ങൾ വർണാഭമാക്കുന്പോൾ കഴിഞ്ഞ വർഷങ്ങളിൽ വാലന്റൈൻസ് ദിനങ്ങൾ ആഘോഷിച്ചവരിൽ പലരും ഈ പുതിയ കാലത്തിൽ തേപ്പുകാരികളും തേപ്പുകാരന്മാരുമായി പരിണമിച്ചിട്ടുണ്ടാവും എന്നതാണ്. സിനിമകളിലും, സോഷ്യൽ മീഡിയകളിലും, ട്രോളുകളിലും പ്രണയത്തെ പറ്റി പറയുന്പോൾ ഇപ്പോൾ ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുന്നിടത്ത് മാത്രം ശ്രദ്ധിക്കപ്പെടുന്ന ഒന്നായി പ്രണയത്തെ മാറ്റിയിരിക്കുന്നു. പ്രണയം ഇല്ലാതാകുന്ന ഇത്തരം ഇടങ്ങളിൽ ഉപാധികളില്ലാതെ പ്രണയിച്ചവർ വ്യത്യസ്തരല്ലേ.?

പ്രണയത്തിന്റെ ദൈർഘ്യവും വ്യാപ്തിയും അർത്ഥവും കുറഞ്ഞ് പോകുന്നവർക്കിടയിൽ നിന്നാണ് തേപ്പുകാരികളും തേപ്പുകാരന്മാരും ഉണ്ടാകുന്നത്. പുതിയ തലമുറ വളരെ വേഗത്തിലാണ് പ്രണയത്തെ നോക്കി കാണുന്നത്. പ്രണയത്തിന്റെ സാധ്യതകൾ വർദ്ധിച്ചു വരുന്നുണ്ട് എന്നതിൽ സംശയമില്ല. പക്ഷെ പ്രണയം ഇല്ലാതായിരിക്കുന്നു എന്ന് ചിലരെങ്കിലും പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. ഇന്ന് തുടങ്ങി നാളെ ഗുഡ് ബൈ പറയുന്ന രീതിയിലേയ്ക്ക് പ്രണയം വഴിപിരിഞ്ഞിരിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ അധികം കാത്തിരിപ്പില്ലാതെ പരസ്പരം കണ്ടുമുട്ടാനും, നേരിൽ കണ്ട് സംസാരിക്കാനും കഴിയുന്നതുകൊണ്ടാകും വേഗത്തിൽ അറിയാനും അതോടൊപ്പം വേഗത്തിൽ തന്നെ പരസ്പരം വഴിപിരിയാനും കഴിയുന്നത്. 

എന്തൊക്കെ പറഞ്ഞാലും പ്രണയത്തോടുള്ള സമീപനങ്ങൾ മാറിയിരിക്കുന്നു. ഒരുകാലത്ത് സമൂഹം ഒതുക്കി പിടിച്ചിരുന്ന സ്വവർഗ്ഗ പ്രണയങ്ങളും സാമൂഹിക വിഷയങ്ങളിൽ പരിഗണിച്ച് തുടങ്ങിയിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏതാണ്ട് 20ലധികം രാജ്യങ്ങളിലും അവിടുത്തെ മിലിട്ടറി ബാരക്കുകളിലും സ്വവർഗാനുരാഗവും, സ്വവർഗ്ഗരതിയും നിയമപരമായി അനുവദനീയമാണ്. സ്വവർഗ പ്രണയത്തെ നിയമവിധേയമാക്കാനുള്ള പ്രാരംഭ നടപടികൾ കൈകൊണ്ട് കഴിഞ്ഞു. സ്വവർഗാനുരാഗികൾക്ക് സ്വാതന്ത്ര്യം നൽകി കൂടുതൽ സ്വതന്ത്രമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലേയ്ക്ക് ഇന്ത്യൻ സമൂഹവും മാറിയിരിക്കുന്നു. പ്രണയമെന്ന പദത്തിന് നിർവചനങ്ങൾ ഏറിവരികയാണ്. പത്ത് മണിക്ക് ശേഷം ഓൺലൈൻ കണ്ടതിന്റെ പേരിൽ പരസ്പരം തല്ലി പിരിഞ്ഞ് പോയവരും, മറ്റൊരു ആൺകുട്ടിയോട് വർത്തമാനം പറഞ്ഞതിനാൽ മുഖത്തേക്ക് ആസിഡ് ഒഴിച്ചവനും, പരസ്പരം പറഞ്ഞത് പ്രേമിക്കുന്നു എന്നാണ്. 

അനുദിനം മാറി കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽപെട്ട് പ്രണയവും ഒത്തിരി മാറിയിട്ടുണ്ടാകാം. പക്ഷെ പലരും ഇല്ലാതായി പോയെന്ന് പറഞ്ഞ അത്തരം പ്രണയത്തിന് മാതൃകയായവരാണ് നടി ഭാവനയും നവീൻ എന്ന ചെറുപ്പക്കാരനും. നമുക്കറിയാം മലയാള സിനിമ കണ്ട ഏറ്റവും നല്ല പ്രണയചിത്രമായിരുന്നു പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ. ഇതിൽ മറ്റൊരാളാൽ പീഢിപ്പിക്കപ്പെട്ട തന്റെ കാമുകിയെ മനസ്സിലെ എല്ലാ നന്മകളോട് കൂടി സ്വീകരിച്ച മോഹൻലാൽ അവതരിപ്പിച്ച സോളമൻ എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയവരാണ് നാം. അതേസമയം സിനിമയ്ക്ക് കൊടുത്ത കൈയടി പലരും ജീവിതത്തിന് കൊടുക്കാറില്ല. അതിൽ നിന്ന് വ്യത്യസ്തനാണ് നവീൻ എന്ന ചെറുപ്പക്കാരൻ. 

ഒരു സ്ത്രീക്ക് നേരിടേണ്ടി വന്നിട്ടുള്ളവയിൽ ഏറ്റവും ദാരുണമായ വിധിയാണ് പീഢനമെന്ന പൊതു വീക്ഷണങ്ങളെപോലും കാറ്റിൽ പറത്തി, നീതിക്ക് വേണ്ടി അവൾക്കൊപ്പം പൊരുതുവാൻ നിന്ന നവീൻ എന്ന ചെറുപ്പക്കാരൻ കാണിച്ച ധൈര്യത്തിന് പലരും ഇല്ലാതായിരിക്കുന്നു എന്ന് പറഞ്ഞ പ്രണയത്തിന്റെ നേർമയും സുതാര്യതയും ഉണ്ട്. അതുകൊണ്ടാണ് ഏതൊരു താരവിവാഹത്തെ നോക്കിക്കാണുന്ന കാഴ്ചകൾക്കപ്പുറത്ത് നിന്ന് അഭിമാനത്തോടെയും, സന്തോഷത്തോട് കൂടിയും ഭാവന നവീൻ താരജോഡികളുടെ വിവാഹത്തെ നമ്മൾ വരവേറ്റത്. മാത്രമല്ല പ്രണയത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്തൊക്കെയാണ് എന്നവർ പരസ്പരം കാണിച്ചു തന്നിരിക്കുന്നു. അതുകൊണ്ട് തന്നെ 2018 ലെ വാലന്റൈൻസ് ഡേ അവർക്കുള്ളതാകട്ടെ. 

You might also like

Most Viewed