നട്ടപ്പിരാന്തിലേക്ക് ഇനിയെത്ര ദൂരം...

ശരശയ്യ - നിതിൻ നാങ്ങോത്ത്
ഇന്ന് ശിവരാത്രിയാണ്. നാളെ പ്രണയദിനവും. രണ്ടും, എടുക്കുകയും കൊടുക്കുകയുമൊക്കെ ചെയ്യുന്നതിന്‍റെ ‘ചോരശാസ്ത്ര’ദിനങ്ങൾ!! സംഹാരവും സ്ഥിതിയും സൃഷ്ടിയും അറിഞ്ഞനുവദിക്കുന്നതിന്‍റെ കനിവുനാളുകൾ. എന്തായാലും ഇക്കുറിയും അതൊക്കെയൊന്ന് അറിഞ്ഞാസ്വദിക്കാൻ കണ്ണൂരുകാർക്ക് യോഗമില്ല. ഇന്നും ഹർത്താലാണ്. പതിവ് കലാപരിപാടിതന്നെ. ബോംബേറും വെട്ടിക്കീറലും. മുപ്പതുകാരനാണ് തീർക്കപ്പെട്ടത്. കഴിഞ്ഞ രക്തസാക്ഷിക്ക് ഇരുപത് കഴിയുന്നതേ ഉണ്ടായിരുന്നുളളൂ.നഷ്ടപ്പെടാൻ വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട വേറൊരു ദേശം ഈ ദുനിയാവിലുണ്ടാവില്ല. നാട് നന്നായി കാണാൻ ആർക്കും ആഗ്രഹമില്ല എന്നാണ് ചുരുക്കം. ലോകോത്തര നീതിന്യായവ്യവസ്ഥ, സൂപ്പർ പോലീസ് സംവിധാനം, ധീരതയ്ക്ക് കൈയും കാലും മുളച്ച രാഷ്ട്രീയനേതാക്കൾ, ഹൈ ക്വാളിഫൈഡ് യുവജനങ്ങൾ, ഉറക്കത്തിൽ പോലും മുദ്രാവാക്യം വിളിക്കുന്ന അണികൾ... ഒരു നാട് കുട്ടിച്ചോറാവാൻ വേറെന്ത് കാരണം വേണം? ശിവമല്ലാത്തത് എന്നും ശവം!! ശവഘോഷയാത്രയ്ക്കുളള പ്രിപ്പറേഷൻ ഇപ്പഴും ഗ്രീൻ റൂമിൽ നടക്കുന്നുണ്ടാവണം!!! അടുത്ത സമാധാന മീറ്റിംഗിന്‍റെ വെന്യൂവും മെനുവും ഒന്നറിയിക്കണേ... പ്ലീസ്.
വടിവാളിന്‍റെ വിലപോലുമില്ല കണ്ണൂരിലെ ജീവനുകൾക്ക്. വില മാത്രമല്ല നിലയും. അഞ്ചെട്ട് ക്രിമിനൽ കേസിൽ പ്രതിയാവുന്നതോടെ നിങ്ങളിവിടെ സെലിബ്രിറ്റിയാവും.നിങ്ങൾ വരുന്നിടങ്ങളിൽ ആളുകൾ എഴുന്നേറ്റ് വണങ്ങി ബഹുമാനം അറിയിക്കും. കണ്ണൂരിന്‍റെ മനസ്സ് മാറുകയാണ്. ഭീകരമായൊരു വെറുപ്പുമതിൽ ജനമനസ്സിൽ അനുദിനം ഉയർന്നുവരികയാണ്. നേതാക്കൾ രാത്രിവെളിച്ചത്തിൽ ക്രിക്കറ്റ് മാച്ച് കളിക്കും. സർവകക്ഷി ചർച്ചയിൽ തമാശയും അണ്ടിപ്പരിപ്പും കൊറിക്കും. സെൽഫിയെടുത്ത് പോസ്റ്റും.അണികളാണ് ധൂമകേതുക്കൾ. അണികൾ അണികൾക്ക് വേണ്ടി അണികളാൽ നടത്തപ്പെടുന്ന ‘ഓപ്പറേഷൻസാ’ണ് പോലും ഈയിടെയായി കണ്ണൂരിൽ സംഭവിക്കുന്നത്. വിശ്വസിക്കുക തന്നെ. അങ്ങനെ എന്തെല്ലാം നമ്മൾ വിശ്വസിച്ച് ആശ്വസിച്ചിരിക്കുന്നു. പൊട്ടിപ്പൊട്ടിക്കേഴുക പ്രിയനാടേ...
സ്കൂളിലെ മാന്തിപ്പറിയാണ് ഇപ്പോഴത്തെ ‘ഫിനിഷി’ന് ഹേതു പോലും. ആഴ്ചകൾക്കു മുന്നേ കാലാവധീദിനവും പബ്ലിക്കാക്കിയിരുന്നത്രേ. കളിക്കിടയിലെ കലഹവും കളളുഷാപ്പിലെ തർക്കവും വരെ മാസങ്ങൾ നീണ്ടുനിന്ന കലാപങ്ങൾക്കു കാരണമാവാറുണ്ടിവിടെ. താനെന്തിനു കൊല്ലപ്പെട്ടുവെന്ന് പാവം കുറേ പരേതാത്മാക്കളെങ്കിലും കൂലങ്കഷമായി ചിന്തിക്കാറുണ്ടാവണം അങ്ങ് മേലാവിൽ!! ഇവരുടെ കുടുംബങ്ങളുടെയൊക്കെ ശാപത്തിന് വേണ്ടത്ര പവറുണ്ടായിരുന്നേൽ... എന്ത് ശാപം? എന്ത് പാപം? വീണാൽ വീണു പൂവേ... അത്രമാത്രം. വെറും പാർട്ടി മാത്രമായ കുറേ പാർട്ടികളാണ് കണ്ണൂരിന്‍റെ ശാപം.
ഈ നാടെന്തു കൊണ്ടിങ്ങനെ എന്നതിനെപ്പറ്റി ഗമണ്ടൻ ഗവേഷണങ്ങളൊരുപാടുണ്ടായിട്ടുണ്ട്.താത്ത്വികമായ അവലോകനങ്ങൾ മൈക്കിലേറിപ്പാഞ്ഞിട്ടുണ്ട്. നിരാഹാര−നീരാഹാര കൺകെട്ട്മാമാങ്കങ്ങൾ നിരവധി ചാനൽപ്പെട്ടിട്ടുണ്ട്. ഈട ആട മറ്റേടം പ്രമേയമാക്കി ആഴവും യാഥാർത്ഥ്യവും തൊടാത്ത ധാരാളം മതിലിനപ്പുറ സിനിമകൾ ഉണ്ടായിട്ടുണ്ട്. ഓരോ കൊല്ലന്‍റെയും ഉലയും ആലയും പറഞ്ഞുതരും യഥാർത്ഥ കുറ്റവാളികളെ. ഉപരിതലത്തിൽ പരതി പായലുകളെ കൊണ്ടുപോകുന്ന പോലീസ് ഡ്രാമയേക്കാൾ വലിയ കോമഡിയില്ല. എല്ലാം എല്ലാവർക്കും അറിയാം എന്നുളളതാണ് അവിടുത്തെ പ്രശ്നം.അറിയില്ലേൽ കാണിച്ചുതരാമായിരുന്നു മിടുക്ക്.പണ്ടൊക്കെ പോലീസ് നായ മണംപിടിച്ച് പായുന്ന കലാപരിപാടിയുണ്ടായിരുന്നു. ഇപ്പം അതും അന്യം നിന്നു പോയിരിക്കുന്നു. പ്രതികൾ ഘട്ടംഘട്ടമായി നായയുടെ കൂടിന്‍റെ മുന്പിൽ വന്നുനിന്നുകൊടുത്ത് സഹായിക്കുകയാണത്രേ.ഇന്നലെ ഒരു ജഡ്ജി പറയുന്നത് കണ്ടു. അങ്ങേരോട് ഒരു കുറ്റവാളി പറഞ്ഞത്രേ... സർ ഞാൻ പതിമൂന്നുപേരെ കൊന്നിട്ടുണ്ട്. അതിൽ ഒന്പതെണ്ണത്തിലേ ശിക്ഷിക്കപ്പെട്ടിട്ടുളളൂവെന്ന്. ആത്മപ്രകാശനത്തിന്‍റെ ധീരോദാത്ത വചസ്സുകൾ.കൈകൂപ്പുക നീതിദേവതേ,കണ്ണുമുറുക്കിക്കെട്ടി നമ്മളെ കാപ്പാത്തുക.
തൊഴിലില്ലായ്മയാണ് കണ്ണൂരിന്‍റെ കാൻസർ. അരക്ഷിതമായ ഒരവസ്ഥയിൽ ഒരാളിക്കത്തലിന്‍റെ ഭാഗമായി യുവത്വോർജ്ജം വിവിധ കൊടികൾക്കു കീഴിൽ സംഭരിക്കപ്പെടുന്നു. അവർ വിദഗ്ദ്ധമായി ഉപയോഗിക്കപ്പെടുന്നു. ഒരു ജോലിയും മാംഗല്യവുമൊക്കെ തരപ്പെടുന്നതുവരെ പിടിച്ചു നിൽക്കും. പിന്നെ വിആർഎസ് എടുക്കും. എടുക്കാൻ പറ്റാത്ത വിധത്തിൽ പലരും കുടുക്കപ്പെട്ടിട്ടുണ്ടാവും എന്നാണ് യാഥാർത്ഥ്യം. ഓവർ ആത്മാർത്ഥത ഒരു ശാപമായി മാറുന്നത് കണ്ണൂർക്കരുത്തിലാണ്. ദുരന്തപര്യവസായിയായ് അത് കലങ്ങിയൊഴുകുന്നു. ധൈഷണികധീരരായ എത്രയോ നേതാക്കൾ അവിടെയുണ്ട്. അവർ അറിഞ്ഞൊന്നു തീരുമാനിച്ചാൽ കുറേ ജീവിതങ്ങൾ കൂടി ആയുസ്സെത്തി മരിക്കും. ബോക്കോഹറാമുകളെപ്പോലും നാണിപ്പിക്കുന്ന ഈ പഴഞ്ചൻ യുദ്ധതന്ത്രങ്ങൾ ഒന്നു മാറ്റിപ്പിടിച്ചു കൂടേ.. ഒരുവിഭാഗം റോയൽ ലൈഫിൽ അഭിരമിക്കുന്പോൾ ആശുപത്രിയും കേസും കോടതിയുമായി വരാന്തപ്പെടുന്നത് എത്ര മോശപ്പെട്ട പ്രവണതയാണ്. നാളത്തെ നമ്മുടെ നാടിന്‍റെ പോക്ക് എപ്രകാരമായിരിക്കുമെന്ന് ഇന്നത്തെ നമ്മുടെ നേതാക്കളുടെ ന്യൂസ് നൈറ്റ് ചർച്ചകൾ കേൾക്കുന്പോൾ ഊഹിക്കാവുന്നതേ ഉളളൂ. ചുടുനിണച്ചുടലയേക്കാൾ ബെറ്റർ അരാഷ്ട്രീയതയും അരാജകത്വവുമാണെന്ന് ഡിജിറ്റലൈസ്ഡ് ചെയ്യപ്പെട്ട നമ്മുടെ ടെക്കീജൻസിന് തോന്നിപ്പോയാൽ കുറ്റംപറയാൻ പറ്റ്വോ !!ഇനിയൊരടി നടന്നാൽ അവരും ഭ്രാന്തമായ വീഴ്ചയിലേക്കാണ്. സിറിഞ്ചും പൂശലുമൊക്കെയായി നവലിബറൽ ആനന്ദജുഗൽബന്ദി അനു’ഫ’വിക്കുകയാണ് കൗമാരക്കൂട്ടം..
അറിവും വിവേകവും അനുഭവപക്വതയുമുളള പഴയനേതാക്കളിൽ ഈ നാടിന്‍റെ യുവതയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മന്ത്രിമാരുടെയും സർക്കാർ ജീവനക്കാരുടേയും കാര്യത്തിൽ ചൂരലെടുത്തപോലെ ഇതുകൂടി ഒന്ന് ശരിയാക്കാൻ കനിവുണ്ടാവണം.ഒറ്റ സർക്കുലർ മതിയാവും പോലീസ് സേനയ്ക്ക്. ഒരു ചൂണ്ടുവിരൽ മതിയാവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പൊളിറ്റിക്കൽ ഡ്രാക്കുളമാർക്ക്. ഒരുഭാഗത്ത് വികസനത്തിന്‍റെ എവറസ്റ്റ് ഉയരുന്പോഴും മറുഭാഗത്ത് അശാന്തിയുടെ പാതാളക്കുഴികൾ രൂപപ്പെടുന്നു. ഒറ്റക്കെട്ടായ് നിന്ന് സാമൂഹ്യജാഗ്രതപാലിക്കേണ്ട നിരവധിവിഷയങ്ങൾ ഇപ്പോൾ തന്നെ ഇവിടെയുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ പോലെ, ജാതിമതിൽപോലെ, വർഗ്ഗീയം പോലെ, ലഹരികാമപ്പേക്കൂത്ത് പോലെ. വികാരാവേശത്താൽ വാളെടുക്കുന്നവരെ കണ്ടെത്തി പരിശീലനം നൽകി, അവരുടെ ഊർജം ക്രിയാത്മകമായി തിരിച്ചുപയോഗിച്ചു കൂടെ. ഒരു സമാന്തരദ്രുതകർമ്മസേനപോലെ വേതനം നൽകി, പരിഗണനയും അംഗീകാരവും അഭിനന്ദനവും നൽകി. അല്ലേൽ താമസംവിനാ മറ്റൊരു മണിപ്പൂരിന്‍റേയോ കാശ്മീരിന്‍റേയോ ചക്രവർത്തിയായ് അങ്ങേയ്ക്ക് അഭംഗുരം തലവേദനിക്കാം.
അന്നന്നത്തെ അധ്വാനം കൊണ്ടുമാത്രം ‘ഡെയിലി ലൈഫ്’ പിച്ചവെപ്പിക്കുന്ന നിരവധിയാളുകൾ ഇപ്പോഴും ഇന്നാട്ടിലുണ്ട്. ഭീമമായ ലോണെടുത്ത് കൊച്ചുകൊച്ചു കച്ചോടം തുടങ്ങിയവർ. ഒന്നിടവിട്ട ഹർത്താലൊക്കെ അവരിലുണ്ടാക്കുന്ന നെഞ്ചിടിപ്പ് ഒരു ഡമരുവിനും പൂരിപ്പിക്കാനാവില്ല. വോട്ടുബാങ്ക് എൺപത് ശതമാനത്തിന്‍റേതാണ്. അക്രമത്തിന്‍റേയും അസമാധാനത്തിന്‍റേയും വറ്റു കൈപ്പറ്റുന്നവർ ഇരുപത്ശതമാനവും. ചുവപ്പ് ഭീകരതയായാലും കാവിഭീകരതയായാലും പച്ചത്തീവ്രവാദമായാലും ത്രിവർണ്ണത്തുരുന്പിച്ചപ്പിച്ചാത്തി ഗെയിമായാലും മനുഷ്യജീവിതത്തെ പക്കുവടാവീക്ഷണ കോണകത്തിലൂടെ നോക്കല്ലേ മഹാരഥന്‍മാരേ... കണ്ണൂരുകാർ യുദ്ധംപോലെ സമാധാനവും ഇഷ്ടപ്പെടുന്നു. തിരുത്താത്ത തെറ്റുകൾ ഡമോക്ലസിന്‍റെ വാൾപോലെയാണ്...