മാലി തലവേദന...


വി.ആർ സത്യദേവ്

ന്ത്യക്ക് തെക്ക് പടിഞ്ഞാറായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന രണ്ടായിരത്തോളം ദ്വീപുകളടങ്ങുന്ന ദ്വീപരാഷ്ട്രം − മാലിദ്വീപ്. ഇംഗ്ലീഷിൽ പറഞ്ഞാൽ സംഗതി മാൽഡീവ്സ് (Maldives) ആയി. മുത്തുമാലകൾ പോലുള്ള ഒുപാട് അറ്റോളുകൾ ചേർന്നതാണ് മാലിദ്വീപ്. മാലത്തീവെന്നാണ് പണ്ടുള്ളവർ, പ്രത്യേകിച്ച് തമിഴ് വംശജർ വിളിച്ചിരുന്നത്. മുത്തുമാലകൾ പോലുള്ള ദ്വീപുകളുടെ സമൂഹമാണ് ഇന്നും മാലിദ്വീപ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മണ്ണ്. നമ്മുടെ സ്വന്തം മലബാറിൽ നിന്നുള്ളവരാണ് ഈ ദ്വീപുകളിൽ ആദ്യം വാസമുറപ്പിച്ചത് എന്നാണ് പറച്ചിൽ. പിന്നീട് ലങ്കയിൽ നിന്നുള്ളവരുടെ ഊഴമായി. ലങ്കയിൽ നിന്നുള്ളൊരു രാജകുമാരനും രാജകുമാരിയും ഇവിടെയെത്തി നാടുഭരിച്ചു എന്നും മിത്തുകൾ പറയുന്നു. ഏതായാലും കോയ്മളയെന്ന് രാജകുമാരനും ഭാര്യയും സ്ഥാപിച്ച തിരുമുഗെ രാജവംശത്തിന്റെ കാലം തൊട്ടിങ്ങോട്ട് മാലിദ്വീപിൽ ലങ്കൻ സാന്നിദ്ധ്യം അതിശക്തമാണ്. അതോട് ബുദ്ധമതവും ദ്വീപ് നാട്ടിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കി.

1153ൽ ബുദ്ധമതക്കാരനായ അന്നത്തെ രാജാവ് ഇസ്ലാം മതം സ്വീകരിച്ചതോടേ നാട്ടുകാരും ആ വഴിക്കായി. തുടർന്നിങ്ങോട്ട് സുൽത്തന്മാരുടെ വാഴ്ചയായി. 1558ൽ പോർച്ചുഗീയുകാരെത്തി ആധിപത്യമുറപ്പിച്ചു. അഞ്ചാണ്ടിനുള്ളിൽ പോർച്ചുഗീസുകാരുടെ വീഴ്ച സംഭവിച്ചെങ്കിലും പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം ഈ മണ്ണു കീഴടക്കി ഭരിച്ചു. ഒരുപാട് ഭരണമാറ്റങ്ങൾക്കും അട്ടിമറികൾക്കുമെല്ലാം ദ്വീപരാഷ്ട്രം വിധേയമായി. 1887 മുതൽ എട്ടു പതിറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിനൊടുവിൽ 1965ലാണ് രാജ്യം സ്വതന്ത്രമായത്. 1968ൽ സുൽത്താൻ ഭരണം അവസാനിച്ചു. തുടർന്ന് ഭരണത്തിലേറിയ ആദ്യ പ്രസിഡണ്ട് ഇബ്രാഹിം നസീർ ദീർഘകാല ഭരണത്തിലൂടെ നേടിയ വൻ സന്പാദ്യവും അടിച്ചുമാറ്റി 1978ൽ സിംഗപ്പൂരിലേക്കു നാടുകടന്നു. 

ഇതേതുടർന്നാണ് ദശാബ്ദങ്ങളോളം നാടിൻ്റെ നായകനായ മൗമൂൺ അബ്ദുൾ ഗയൂം (Maumoon Abdul Gayoom) അധികാരത്തിലേറിയത്. അക്കാലം തൊട്ടിങ്ങോട്ട് ഇന്ത്യയുടെ അടുത്ത ചങ്ങാതിയാണ് മാലിദ്വീപ്. വംശീയമായ ബന്ധുത്വത്തിനപ്പുറം ദ്വീപുനിവാസികളുടെ ചികിത്സയടക്കമുള്ള ആവശ്യങ്ങളെല്ലാം പ്രധാനമായി നിർവ്വഹിക്കാൻ അവരാശ്രയിച്ചിരുന്നത് നാനൂറു മൈലിൽ താഴെ മാത്രം അകലെയുള്ള തിരുവനന്തപുരത്തെ ആയിരുന്നു എന്നതു തന്നെയാണ് ഇതിനുള്ള കാരണം. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനു പരിസരത്ത് ലോഡ്ജുകളുടെ ബോർഡുകളും മറ്റും ഇന്നും അപൂവ്വമായെങ്കിലും ദ്വിവേഹിയിലുമുണ്ട്. മാലിദ്വീപുകാരുടെ ഔദ്യോഗിക ഭാഷയാണ് ദ്വിവേഹി. മാലിക്കാർ നമ്മുടെ പെൺകുട്ടികളെ മഹർ നൽകി വിവാഹം കഴിച്ചുകൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നു. മാലിക്കല്യാണങ്ങളെന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. നമ്മുടെ പെൺകുട്ടികൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ അധികരിച്ചതോടേ ഈ മാലിക്കല്യാണങ്ങൾക്ക് ഇന്ന് ഏകദേശ അറുതായിട്ടുണ്ട്.

ചികിത്സയ്ക്കും മറ്റുമായി ഇന്നും കേരളത്തെ ആശ്രയിക്കുന്ന മാലിക്കാർ ഏറെയാണ്. ഇങ്ങനെയെത്തിയ രണ്ടുമാലിക്കാരുമായി ബന്ധപ്പെട്ടായിരുന്നു ലീഡർ കെ. കരുണാകരൻ്റെ രാഷ്ട്രീയ ഭാവിയുടെ കടയ്ക്കൽ കത്തി വച്ച വിവാദമായ ചാരക്കേസിൻ്റെ തുടക്കവും. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ ഗതിവേഗം കുറച്ച ചാരക്കേസിനു തുടക്കം 1994ലായിരുന്നു. അത്തരം സംഭവങ്ങളൊന്നും ഇന്ത്യ − മാലിദ്വീപ് ബന്ധത്തെ കാര്യമായി ബാധിച്ചില്ല. മാലിദ്വീപിന് ആവശ്യം വന്നപ്പോഴൊക്കെ ഒരു വലിയേട്ടൻ്റെ സ്ഥാനത്ത് ഭാരതമുണ്ടായിരുന്നു. നേരത്തേ 1988ൽ പ്രസിഡണ്ട് ഗയൂമിൻ്റെ സർക്കാരിനെതിരേ നടന്ന അട്ടിമറി നീക്കം അതി നിസാരമായി തകർത്തത് ഇന്ത്യയായിരുന്നു. പ്രധാനമായും തിരുവനന്തപുരത്തുനിന്നു പറന്നുയർന്ന പോർവിമാനങ്ങളിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈനികർ അട്ടിമറി നീക്കം പരാജയപ്പെടുത്തി. ലങ്കയിൽ നിന്നുള്ള കൂലിപ്പട്ടാളക്കാരായിരുന്നു അട്ടിമറിക്കാനെത്തി വെട്ടിലായത്. പിന്നീടൊരു രണ്ടു പതിറ്റാണ്ടുകൂടി ഗയൂമിൻ്റെ ഭരണം തുടർന്നു. 

2008ലാണ് ഗയൂമിനെ പൊതുതെരഞ്ഞെടുപ്പിൽ ഗയൂമിനെ പരാജയപ്പെടുത്തി മുഹമ്മദ് നഷീദ് ( Mohamed Nasheed )രാഷ്ട്രനായകനാകുന്നത്.  ആഗോള താപനത്തിനെതിരെയുള്ള പ്രചാരണപ്രവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ പ്രമുഖനായിരുന്നു നഷീദ്. ആഗോള താപനം ഇത്തരത്തിൽ തുടരുകയാണെങ്കിൽ സമുദ്രജലനിരപ്പ് ഉയർന്ന് മാലിദീപിനെ വിഴുങ്ങുമെന്നതായിരുന്നു നഷീദിൻ്റെ മുന്നറിയിപ്പ്. ആഗോള തലത്തിൽ മാന്യത നേടിയ നഷീദിന് പക്ഷേ നാലാണ്ടിനപ്പുറം നാടിനെ നയിക്കാനുള്ള യോഗമില്ലായിരുന്നു. 2012 ഫെബ്രുവരിയിൽ രക്തരഹിത വിപ്ലവത്തിലൂടെ നഷീദ് അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഴിമതിക്കുറ്റമാരോപിക്കപ്പെട്ട നഷീദ് ഇപ്പോൾ ബ്രിട്ടണിൽ രാഷ്ട്രീയാഭയത്തിൽ കഴിയുകയാണ്. വൈസ് പ്രസിഡണ്ടായിരുന്ന വഹീസ് ഹസൻ അധികാരമേറ്റെങ്കിലും മാലിദ്വീപിൻ്റെ നായകത്വം മുൻ പ്രസിഡണ്ട് മൗമൂൺ അബ്ദുൾ ഗയൂമിൻ്റെ കുടുംബത്തിലേക്ക് വൈകാതെ തിരിച്ചത്തി. 2013ൽ ഗയൂമിൻ്റെ അർത്ഥസഹോദരൻ അബ്ദുല്ല യമീനാണ് ( Abdulla Yameen) പ്രസിഡണ്ടായത്. നഷീദിൻെറ സ്ഥാനാരോഹണം തൊട്ടിങ്ങോട്ട് ഫലത്തിൽ രാജ്യത്ത് സന്പൂ‍‍ർണ്ണ രാഷ്ട്രീയ സ്ഥിരത ഉണ്ടായിട്ടില്ല എന്നു വിലയിരുത്തുന്നവരുണ്ട്.

ഇതിൻ്റെയൊക്കെ തുടർച്ചയാണ് ഫെബ്രുവരി ആറിന് പ്രസിഡണ്ട് യമീൻ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ. ആഴ്ചയൊന്നാകാറാകുന്പോഴും പ്രശ്നം അപരിഹാര്യമായിത്തുടരുകയാണ്. രാജ്യത്ത് ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണ് എന്നാണ് വിലയിരുത്തൽ. പ്രസിഡണ്ടിൻ്റെ ജ്യേഷ്ടൻ മുൻ രാഷ്ട്രനായകൻ മൗമൂൻ അബ്ദുൾ ഗയൂമടക്കം പലപ്രമുഖരും തടവിലാക്കപ്പെട്ടിരിക്കുന്നു. പരമോന്നത നീതിപീഠത്തിൻ്റെ നായകനായ സുപ്രീം കോടതി ചീഫ് ജസ്റ്റീസിൻ്റെ കാര്യവും മറിച്ചല്ല. സംഭവം ഗുരുതരമായ ജനാധിപത്യ ലംഘനമാണെന്ന നിലപാട് യു.എന്നും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിന് ശക്തമായ ബാഹ്യ ഇടപെടലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പ്രസിഡണ്ട് യമീൻ്റെ സമീപകാല ചെയ്തികളോട് രാജ്യത്ത് വലിയൊരു വിഭാഗത്തിന് യോജിപ്പില്ല. മുൻ പ്രസിഡണ്ടും ജ്യേഷ്ഠസഹോദരനുമായ മൗമൂൺ അബ്ദുൾ ഗയൂമും ഇക്കാര്യത്തിൽ എതിർപക്ഷത്താണ്. ഗയൂമിൻ്റെ കാലത്തു തന്നെ യമീൻ്റെ ചെയ്തികൾ വിമർശന വിധേയമായിരുന്നു. രാജ്യതാൽപ്പര്യത്തിനു വിരുദ്ധമായി തൊഴിൽ പെർമിറ്റുകൾ അനുവദിച്ചതടക്കമുള്ള കുറ്റങ്ങളുടെ പേരിൽ യമീനെതിരേ നടപടികളുമുണ്ടായി. അതേ സമയം യമീനും ഗയൂമും തമ്മിലുള്ളത് കേവലം കുടുംബപ്രശ്നം മാത്രമാണ് എന്ന് വിലയിരുത്തുന്നവരുമുണ്ട്. പ്രമുഖ നിയമജ്ഞനും ജഡ്ജിയുമായ ഷെയ്ഖ് അബ്ദുൽ ഗയൂം ഇബ്രാഹിമിൻെറ (Sheikh Abdul Gayoom Ibrahim) ആദ്യ ഭാര്യയിലെ പുത്രനാണ് മൗമൂൺ അബ്ദുൽ ഗയൂം. ജഡ്ജിയുടെ ആറു ഭാര്യമാരിൽ മറ്റൊരാളുടെ പുത്രനാണ് പ്രസി‍‍ഡണ്ട് യമീൻ. ഗയൂമിൻ്റെ വീട്ടു ജോലിക്കാരിയായിരുന്നു യമീൻ്റെ മാതാവ്. അതുകൊണ്ടുതന്നെ അവഗണനയുടെ കയ്പ്പു നീർ ആവോളം കുടിച്ചായിരുന്നു യമീൻ വളർന്നത്. ഇത് സഹോദരങ്ങൾ തമ്മിലുള്ള വിരോധത്തിനു വഴിവച്ചു എന്നാണ് ഈ പക്ഷക്കാരുടെ വാദം.

അതിനൊക്കെയപ്പുറം ഒരുപാടുകാരണങ്ങളുണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നിൽ.ചൈനീസ് സ്വാധീനം തന്നെയാണ് ഇതിൽ പ്രധാനം. 1988ൽ കൂലിപ്പട്ടാളക്കാർ നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ മാലിദ്വീപ് ആദ്യം സഹായം തേടിയത് ഇന്ത്യയോടായിരുന്നു. രണ്ടാമത് ഒന്നാലോചിക്കാതെ ഇന്ത്യ സഹായമെത്തിക്കുകയും ചെയ്തു. എന്നാൽ കാലം മാറിയതോടേ കാര്യങ്ങളും ആകെ മാറിയിരിക്കുന്നു. ഇത്തവണ ഇന്ത്യ പ്രശ്നത്തിൽ ഇടപെടേണ്ടതില്ല എന്നതാണ് പ്രസിഡണ്ട് അബ്ദുല്ല യമീൻ്റെ നിലപാട്. രാജ്യത്തെ ചൈനീസ് സ്വാധീനമാണ് ഇതിനു കാരണം. കഴി‌‌ഞ്ഞ ഞായറാഴ്ചത്തെ (05.02.2018) ലോക ജാലകത്തിൽ നമ്മൾ ചർച്ചചെയ്തതാണ് ഇക്കാര്യം. ഇന്ത്യയുടെ അതിർത്തി രാഷ്ട്രങ്ങളിൽ സ്വാധീനമുറപ്പിച്ച് ആവും വിധമെല്ലാം നമ്മെ വളഞ്ഞിട്ടാക്രമിക്കുന്ന നവ ചൈനീസ് സാമ്രാജ്യത്വത്തിൻ്റെ ഭീകരമുഖമാണ് നിലവിലെ മാലിദ്വീപ് പ്രശ്നത്തിലൂടെയും വെളിവാകുന്നത്. വേണമെങ്കിൽ ചൈന പ്രശ്നത്തിൽ ഇടപെട്ടോട്ടെ എന്നതാണ് പ്രസിഡണ്ട് യമീൻ്റെ നിലപാട്. മാലിദ്വീപിൽ അന്യ രാജ്യക്കാർക്ക് ഭൂമി വാങ്ങാനാവില്ല. കൃത്യമായിപ്പറഞ്ഞാൽ ഇസ്ലാമല്ലാത്ത ഒരാൾക്ക് ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കില്ല. ഇത് ലംഘിച്ചുകൊണ്ടാണ് പ്രസിഡണ്ട് യമീൻ ചൈനയ്ക്ക് 16 ദ്വീപുകൾ വിറ്റത്. രാജ്യത്തിൻ്റെ പരമാധികാരത്തിന് വലിയ ഭീഷണിയാകാവുന്ന നടപടിയാണ് ഇത്. ഇതിനെതിരെ മുൻ നായകൻ മൗമൂൺ അബ്ദുൾ ഗയൂമടക്കമുള്ളവർ കടുത്ത എതിർപ്പാണുയർത്തിയത്. ഫലത്തിൽ യമീൻ മാലിദ്വീപിനെ ചൈനയ്ക്ക അടിയറവയ്ക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. നിരവധി വികസന പദ്ധതികൾക്കായി പണമിറക്കി രാജ്യത്തെ കിട്ടാക്കടക്കുരുക്കിൽ പെടുത്തുകയാണ്. ശ്രീലങ്കയിലും പാകിസ്ഥാനിലും ബംഗ്ലദേശിലുമെല്ലാം അവർ വിജയകരമായി ഈ തന്ത്രം പ്രാവർത്തികമാക്കുന്പോൾ കുരുക്കിലാകുന്നത് ഫലത്തിൽ ഇന്ത്യയാണ്.

മുൻപുണ്ടായിരുന്ന സാഹചര്യമായിരുന്നു ഇപ്പോളെങ്കിൽ ഇതിനോടകം പ്രശ്നത്തിൽ ഇന്ത്യ ഇടപെടുകയും പ്രശ്നത്തിന് പരിഹാരമുണ്ടാവുകയും ചെയ്തേനേ. ഒരിക്കലും ജനാധിപത്യത്തെ അടച്ചമർത്താത്ത, അധിനിവേശത്തിന് ശ്രമിക്കാത്ത ശക്തിയാണ് എന്നും ഇന്ത്യ. അതുകൊണ്ടുതന്നെ അത്തരം പ്രശ്നപരിഹാരങ്ങൾക്കു ശേഷം സ്വന്തം താത്പര്യങ്ങളും സംരക്ഷിച്ച് മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം ആ രാജ്യങ്ങൾക്കൊക്കെ എന്നുമുണ്ടായിരുന്നു. മാറിയ സാഹചര്യങ്ങളിൽ വർദ്ധിച്ച ചൈനീസ് സഹായങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്വാധിനത്തിനെതിരേ സ്വാർത്ഥതാൽപ്പര്യക്കാരായ ഭരണാധികാരികൾ ചൈനീസ് പക്ഷപാതികളാവുന്പോൾ അറിഞ്ഞോ അറിയാതെയോ അവർ വളം വയ്ക്കുന്നത് പുത്തൻ സാമ്രാജ്യത്വത്തിനാണ്. ലങ്കയിലും പാകിസ്ഥാനിലും ആഫ്രിക്കയിലും യൂറോപ്പിലും ഒക്കെ നിന്നും അസംസ്കൃത വസ്തു കൊള്ളയും മനുഷ്യവിഭവ ചൂഷണവും ശക്തമാക്കുകയാണ് ചൈന. ചൈനീസ് സാമ്രാജ്യത്വത്തിനായുള്ള അധിനിവേശങ്ങൾ അനുനിമിഷം വർദ്ധിക്കുകയാണ്. യൂറോപ്യന്മാരടക്കമുള്ള വൈദേശിക ശക്തികളുടെ അധിനിവേശ വേളയിൽ പരസ്പരം പോരടിച്ച് അധിനിവേശശക്തികൾക്ക് ഒത്താശ ചെയ്ത നാട്ടുരാജാക്കന്മാരുടെ ചരിത്രം നമുക്കു മറക്കാനാവില്ല. അഭിനവ ചൈനീസ് സാമ്രാജ്യത്വത്തിനെതിരേ പ്രഖ്യാപിത സാമ്രാജ്യത്വ വിരുദ്ധശക്തികളും ശബ്ദമുയർത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. 

You might also like

Most Viewed