തീരാത്ത കണ്ണീരുകൾ...
കൂക്കാനം റഹ്്മാൻ
ഇക്കാലത്തെ വൃദ്ധ സ്ത്രീകൾ വേദന കടിച്ചിറക്കി കാലം കഴിക്കുകയാണ്. തങ്ങളുടെ യുവത്വ നാളുകളിൽ കുടുംബാംഗങ്ങൾക്കുവേണ്ടി ചെയ്തു കൊടുത്ത സഹായങ്ങൾ ഓർത്തു കണ്ണീർ പൊഴിക്കുന്നു. അതിലൊരംശം പോലും തിരിച്ചുകിട്ടുന്നില്ലെന്നോർത്ത് നെടുവീർപ്പിടുന്നു. കുടുംബത്തിലെ പരസ്പര സഹകരണവും സ്‌നേഹവും അന്യം നിന്നുപോയതിൽ കുണ്ഠിതപ്പെടുന്നു. അണുകുടുംബങ്ങളാണ് മഹത്തരമെന്ന് മക്കൾ ഉപദേശിച്ചപ്പോൾ അതാണ് നല്ലതെന്ന് മാതാപിതാക്കളും തെറ്റിദ്ധരിച്ചുപോയി.
ഭർത്താക്കന്മാരെ സ്വന്തം ജീവനേക്കാളുപരി സ്‌നേഹിക്കുകയും, അവരെ പരിചരിക്കുകയും ചെയ്തപ്പോൾ തങ്ങൾ ചെയ്ത സൽക്കർമ്മങ്ങൾ മക്കളിലൂടെ തിരിച്ചുകിട്ടുമെന്നവർ മോഹിച്ചു. കൗമാരത്തിലും യൗവനത്തിലും ഭർതൃപരിചരണത്തിലും, മക്കളെ പരിലാളിച്ചു തീറ്റിപ്പോറ്റുന്നതിലും സ്ത്രീകൾ അതീവശ്രദ്ധാലുക്കളായിരുന്നു. വൃദ്ധത്വത്തിലെത്തുന്പോൾ മക്കളുടെ ഭാഗത്തു നിന്ന് ആശ്വാസ വാക്കുകളും ശ്രദ്ധയും കിട്ടുമെന്ന് മോഹിച്ചവർ അവഹേളനങ്ങൾ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ.
11 മക്കളെ പെറ്റുവളർത്തിയ ഒരു അമ്മ അവരുടെ കഴിഞ്ഞു പോയ സുവർണകാല ചരിത്രം ആവേശത്തോടെ പറയുകയാണ്. 85 കഴിഞ്ഞ ആ അമ്മ അവരുടെ ഓർമ്മച്ചെപ്പ് തുറന്നു. പക്ഷേ ഇന്നത്തെ അവസ്ഥ പറയുന്പോൾ കണ്ണുനിറയുന്നു. നടതള്ളാൻ മക്കൾ കാണിക്കുന്ന തത്രപ്പാട് കണ്ട് അവരുടെ നെഞ്ച് പിളർക്കുന്നു. എങ്ങിനെയെങ്കിലും മരണ മണി മുഴങ്ങണേയെന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു...
കിഴക്കൻ മലയോരത്ത് ഏക്കർ കണക്കിന് കുരുമുളക് തോട്ടം, നാട്ടിൽ പരന്നുകിടക്കുന്ന തെങ്ങിൻ തോട്ടം, ഇരുപ്പൂ വിളവെടുക്കുന്ന ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ... ഇതൊക്കെയുണ്ടായ തറവാട്ടിലാണവർ പിറന്നത്. വിവാഹം കഴിച്ചെത്തിയതും അത്ര തന്നെ സ്വത്തും സന്പത്തുമുള്ള കുടുംബത്തിലും. അക്കാലത്തെ എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് നേടിയ അക്ഷരജ്ഞാനം അവരുടെ ജീവിതത്തിന് കരുത്തുപകർന്നിരുന്നു. 11 മക്കളെയും വളർത്തുന്നതിലും പഠിപ്പിക്കുന്നതിലും അവർ ശുഷ്‌കാന്തി കാണിച്ചു. എല്ലാവരും വളർന്നുവലുതായി. ജോലി നേടി സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് നേടി. വിവാഹിതരായപ്പോൾ സ്വന്തമായി വീടും സൗകര്യവും വേണമെന്ന നിലപാടിലെത്തി. ആയിടയ്ക്ക് അവർക്ക് താങ്ങും തണലുമായി നിന്ന ഭർത്താവും യാത്രയായി...
ഇത്രയും കഴിവുള്ള മക്കളും ഇഷ്ടം പോലെ സ്വത്തും ഉള്ളപ്പോൾ അവർക്ക് സുഖമായി കഴിഞ്ഞുകൂടാമല്ലോ എന്ന് ബന്ധുക്കളും മറ്റും ആശ്വസിച്ചു. സ്വത്ത് വീതം വെയ്ക്കണമെന്ന മക്കളുടെ ആവശ്യത്തിന് അമ്മ എതിരുനിന്നില്ല. താലോലിച്ചുവളർത്തിയമക്കളല്ലേ, അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കേണ്ടത് മാതാവിന്റെ കടമയല്ലേ എന്നവർ കരുതി. ഉള്ള സ്വത്ത് എല്ലാമക്കൾക്കുമായി കൃത്യമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടവരുത്താതെ വീതം വെച്ചു. എല്ലാവരും സൗമനസ്യത്തോടെ തങ്ങളുടെ വിഹിതം ഏറ്റുവാങ്ങുകയും സ്വന്തമായി പരിപാലിക്കുകയും ചെയ്തു തുടങ്ങി.
ഇത്രയും ആളുകൾ താമസിച്ചു വന്ന വലിയൊരു തറവാടു വീടും, വീടു നിൽക്കുന്ന 11 സെന്റ് സ്ഥലവും അമ്മയുടെ മരണശേഷം ഏറ്റവും ഇളയമകളുടെ പേരിലും എഴുതിവെച്ചു. ഈ മകൾക്ക് മറ്റുള്ള മക്കൾക്ക് നൽകിയതുപോലെ സ്വത്തു വിഹിതവും നൽകിയിട്ടുണ്ട്. ഇളയ മകളോടാണ് അമ്മയ്ക്ക് കൂടുതൽ ഇഷ്ടമെന്ന് മറ്റുള്ള മക്കൾക്കറിയാം. അവളുടെ കൂടെ ജീവിക്കുന്നതായിരിക്കും അമ്മയ്ക്ക് നല്ലതെന്ന് എല്ലാവരും സമ്മതിച്ചു.
വലിയ കൊട്ടാരം പോലുള്ള വീട് പഴകിയതിനാൽ പൊളിച്ചുമാറ്റി പുതിയ ഫാഷൻ വീട് നിർമ്മിക്കണമെന്ന മകളുടെ ആവശ്യം അംഗീകരിച്ചു. വീട് പുതുക്കി പണിതു. സന്തോഷകരമായിരുന്നു ആദ്യനാളുകളിലെ ജീവിതം. അമ്മയ്ക്ക് പ്രായമേറുന്തോറും മകളുടെ സമീപനത്തിലും മാറ്റം വരാൻ തുടങ്ങി. അമ്മ അവിടെ ഒരധികപ്പറ്റാണെന്ന രീതിയിൽ പെരുമാറാൻ തുടങ്ങി. മകളുടെ ഭർത്താവും, മക്കളും പ്രായമായ അവരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടാൻ തുടങ്ങി.
ലാൻഡ് ഫോൺ അമ്മയുടെ കിടക്കയ്ക്കരികിലാണ് വെച്ചിരുന്നത്. മറ്റ് മക്കൾ വിളിക്കുന്പോൾ എടുക്കാനും, മക്കളോട് സംസാരിക്കാനും എളുപ്പമാണ് എന്ന് കരുതിയാണ് അങ്ങിനെ ആദ്യമെ ചെയ്തത്. മകളും മകളുടെ ഭർത്താവും ആദ്യം ചെയ്ത ദ്രോഹം ഫോൺ കട്ടു ചെയ്യുകയായിരുന്നു. എല്ലാവർക്കും മൊബൈൽ ഫോണുണ്ട്, പിന്നെന്തിനാണ് ലാൻഡ് ഫോൺ. ഇതാണ് വിശദീകരണമെങ്കിലും അമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കലായിരുന്നു പ്രധാന ലക്ഷ്യം.
ആ വീട്ടിലെ റേഷൻ കാർഡിലെ ആദ്യ പേരായിരുന്നു അമ്മയുടേത്. റേഷൻ കാർഡിൽ നിന്നും അവരെ ഒഴിവാക്കണം. ആ വീട്ടിൽ അങ്ങിനെ ഒരാൾ താമസമില്ല എന്ന് വരുത്തിത്തീർക്കണം. അമ്മയുടെ പേര് വെട്ടി, അവരെ അടുത്തവീട്ടിലെ വേറൊരു മകന്റെ പേരിലുള്ള കാർഡിൽ ഉൾപെടുത്തി. ഈ കപട ബുദ്ധി കാണിച്ചത് മകളുടെ ഭർത്താവായ വിദ്യാസന്പന്നനായ വ്യക്തിയാണ്. അമ്മയുടെ ആധാർകാർഡ് തപാൽ റജിസ്‌ട്രേഡ് ആയി വന്നപ്പോൾ അത് ഒപ്പിട്ടുവാങ്ങിയത് മകളുടെ ഭർത്താവാണ്. പക്ഷേ പ്രസ്തുത ആധാർ കാർഡ് അവർക്കിന്നും കൊടുത്തിട്ടില്ല.
ആധാർകാർഡ് കിട്ടിയിട്ടില്ല എന്നാണ് എല്ലാവരേയും ബോധ്യപ്പെടുത്തുന്നത്. അമ്മയെ കാണാൻ മറ്റുമക്കൾക്കെല്ലാം ആ വീട്ടിൽ വരാമെന്നും, താമസിക്കാമെന്നും രേഖയിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മറ്റ് മക്കൾ വന്നാൽ അവർക്ക് വീട്ടിൽ പ്രവേശിക്കാനും, അമ്മയോട് സംസാരിക്കാനും അവസരം നിഷേധിക്കുന്ന നിലപാടാണ് മകളും മകളുടെ ഭർത്താവും സ്വീകരിച്ചിരിക്കുന്നത്. അമ്മയ്ക്ക് ഭക്ഷണം കൊടുക്കാൻ പോലും തയ്യാറാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ആ സ്വത്തും കൂടി പിടിച്ചെടുത്ത് എങ്ങിനെയെങ്കിലും അമ്മയെ ഒഴിവാക്കണം എന്ന സങ്കുചിത മനസ്സാണ് സ്‌നേഹവാൽസല്യത്തോടെ വളർത്തിയ മകൾക്കുള്ളത്. ഇതെല്ലാം തുറന്നു പറഞ്ഞപ്പോൾ ആ വൃദ്ധമാതാവിന് തേങ്ങലടക്കാൻ കഴിഞ്ഞില്ല.
സ്ത്രീകൾ ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, വാർദ്ധക്യത്തിലും ഒക്കെ പീഡിപ്പിക്കപ്പെടുന്നു. ഓരോ ജീവിതദശയിലും ഓരോ തരത്തിലാണെന്നുമാത്രം. യൗവ്വനത്തിലേക്കുകാലൂന്നിയ ഒരു പെൺകുട്ടി അവളുടെ പ്രയാസം വിവരിക്കുകയുണ്ടായി. പീഡിപ്പിക്കുന്നതിൽ പുരുഷന്മാരാണ് മുന്നിൽ − പീഡനം ഏറ്റുവാങ്ങാൻ സ്ത്രീകളും. സ്ത്രീകൾ പലപ്പോഴും വലയിലകപ്പെട്ടുപോവുകയാണ്. വേണ്ടത്ര ചിന്തയില്ലാതെ പ്രവർത്തിക്കുന്നതുമൂലമാണ് വലയിൽ വീണുപോവുന്നത്. എത്ര അനുഭവങ്ങൾ കേട്ടാലും കണ്ടാലും അനുഭവിച്ചറിഞ്ഞാലും പഠിക്കാത്തവരായിപ്പോയി സ്ത്രീ സമൂഹം.
പ്ലസ്ടുവിന് 95 ശതമാനം മാർക്ക് വാങ്ങി വിജയിച്ചതാണീ പെൺകുട്ടി. പഠനകാര്യത്തിൽ എപ്പോഴും മുൻനിരയിലായിരുന്നു അവൾ. രക്ഷിതാക്കൾ അവൾക്ക് വേണ്ടുന്നതെല്ലാം നൽകും. ആവശ്യപ്പെടുകയേ വേണ്ടു. അവൾ ഒരു പ്രൊഫഷണൽ കോഴ്‌സിന് ചേർന്നു പഠിക്കുന്നു. എൻട്രൻസ് എക്‌സാമിനേഷനിൽ റാങ്കിൽ പെട്ട് സെലക്ഷൻ കിട്ടിയതാണ് അവൾക്ക്. കോഴ്‌സ് കഴിയാൻ ഇനി ഒരു വർഷമേ ഉള്ളു.
ആയിടയ്ക്കാണ് ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ആ പയ്യനെ കണ്ടുമുട്ടിയത്. പരസ്പര നോട്ടത്തിൽ തന്നെ അനുരാഗം തോന്നി. പിന്നെ വിളിയായി... മെസേജ് അയക്കലായി... കണ്ടുമുട്ടലായി... ഒന്നിച്ചുയാത്ര ചെയ്യലായി... മറക്കാൻ പറ്റാത്ത അവസ്ഥയിലെത്തി... വേർ പിരിയാൻ കഴിയാത്ത അവസ്ഥയായി...
അവന് ബൈക്കപകടത്തിൽ പരിക്ക് പറ്റി. പരസ്പരം ആശയം പങ്കുവെയ്ക്കാൻ പറ്റാത്ത നിലയിലായി. പറഞ്ഞ വാക്കുപാലിക്കാൻ അവന് ഇനി സാധിക്കുമോ എന്നറിയില്ല. അവൾക്ക് ഉറക്കമില്ലാത്ത രാത്രികൾ. പഠിക്കാൻ പറ്റുന്നില്ല. ഓർത്തോർത്ത് കരയുകയാണ്. അച്ഛനുമമ്മയും വിദേശത്താണ്. അവർ ഇക്കാര്യം അറിഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയില്ല. മോഹനവാഗ്ദാനങ്ങൾ നൽകി അവൻ അവളെ പലപ്പോഴായി ചൂഷണം ചെയ്തിട്ടുണ്ട്. മനക്കരുത്തില്ലാത്ത പെൺകുട്ടികൾ. പഠിച്ച് ലക്ഷ്യത്തിലെത്തട്ടെ എന്ന ചിന്തയില്ലാത്തവർ. അത്തരക്കാരെ കുരുക്കാൻ വലയെറിഞ്ഞുകാത്തുനിൽക്കുന്ന പുരുഷകേസരികളും...