കേന്ദ്ര ബജറ്റ്...സത്യവും മിഥ്യയും
ഇ.പി അനിൽ
epanil@gmail.com
രാജ്യത്തിന്‍റെ 87-−88ാം ബജറ്റുകൾ കഴിഞ്ഞ നാളുകളിൽ നിന്നും വ്യത്യസ്തമായിരുന്നു. 2017−18 വർഷത്തോടെ ബ്രിട്ടീഷ് കാലം മുതൽ ഉണ്ടായിരുന്ന റെയിൽ ബജറ്റ് എന്ന രീതി അവസാനിച്ചു. ലോകത്തെ രണ്ടാമത്തെ റെയിൽ സംവിധാനത്തിന് ആധുനിക ഇന്ത്യൻ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ പ്രധാനമാണ്. ഇന്ത്യയെ ആധുനിക വൽക്കരിക്കുന്നതിൽ, അതിനെ ബ്രിട്ടീഷ് വരുതിയിൽ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് റെയിൽവേ ആണെന്ന് പറയാം. എന്നാൽ പ്രത്യേക ബജറ്റ് എന്ന രീതിക്ക് പകരം പൊതു ബജറ്റിൽ റെയിൽ വിഷയങ്ങൾ ഉൾപെടുത്തുവാൻ സർക്കാർ തീരുമാനിച്ചത് റെയിൽ ഗതാഗതത്തെ ഒരു രീതിയിലും സഹായിച്ചില്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. മാത്രവുമല്ല റെയിൽ താരിഫുകൾ കൂടുതൽ ജനവിരുദ്ധമായി കൊണ്ടിരിക്കുകയും തീവണ്ടി രംഗത്തെ സ്വകാര്യവൽക്കരിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് നമ്മുടെ സർക്കാർ. ഈ വർഷത്തെ ബജറ്റ് GST വിഷയത്താൽ ശ്രദ്ധിക്കപ്പെടുന്നു.
സംസ്ഥാന കേരള ബജറ്റുകൾ കേന്ദ്ര ബജറ്റുകളുടെ തുടർച്ചയാണ്. കേന്ദ്രം മുന്നോട്ടു വെക്കുന്ന സമീപനങ്ങൾ, അവരുടെ പദ്ധതികൾ ഇവയെഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാന ബജറ്റുകൾ ഉണ്ടാകുന്നത്. എന്നാൽ ഇടതു പക്ഷം പറഞ്ഞുവരുന്ന ജനപക്ഷ നിലപാടുകൾ, അതിന്‍റെ ഭാഗമായ ക്ഷേമ പദ്ധതികൾ ഒക്കെ നില നിർത്തുവാൻ അവർ നിർബന്ധിതരാണ്. അത്തരം സമീപനങ്ങൾ കേരളത്തിൽ ഐക്യമുന്നണി ഭരണത്തിലും കാണാം. സംസ്ഥാനത്ത് 50 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നു എന്ന് പറയുന്പോൾ ജനസംഖ്യയിൽ ആറിൽ ഒരാൾക്ക് പെൻഷൻ അർഹതയുണ്ട് എന്നർത്ഥം. ഇത്തരം വിഷയങ്ങളിൽ ഇടതു പക്ഷത്തു നിന്നും പഴയ കാലത്തെ സമീപനങ്ങളിൽ നിന്ന് വലിയ തോതിൽ നിലപാട് മാറ്റങ്ങൾ കാണുവാൻ കഴിയില്ല. വികസനത്തെ പറ്റിയുള്ള ഇടതുപക്ഷ സമീപനങ്ങളിൽ മാറ്റങ്ങൾ വ്യക്തമാണ്. സ്വകാര്യ സംരംഭകരെ കൂടെ നിർത്തി നിർമ്മാണ, സേവന രംഗത്ത് ഇടപെടുവാൻ നടത്തുന്ന വിശദീകരണം പഴയ കാല നിലപാടുകളെ തള്ളി പറയുന്നു. ദേശിയ സർക്കാർ എക്കാലവും കുത്തകകളെ സഹായിക്കുവാൻ ശ്രമിക്കുന്നു എന്ന് ആവർത്തിച്ചു പറഞ്ഞിരിന്ന കമ്യുണിസ്റ്റ് പാർട്ടികൾ കേരളത്തിൽ ഇക്കാലത്ത് ഊഹ മൂലധനത്തെയും വൻ കിട വ്യാവസായികളെയും സഹായിക്കുവാൻ ഒട്ടും മടികാണിക്കുന്നില്ല. കേരളത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടന്നുവരുന്ന സാന്പത്തിക സമീപനങ്ങൾ നാട്ടിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടി കൊണ്ടിരിക്കുന്നു. അതിനെ കൂടുതൽ പരിപോഷിപ്പിക്കുവാൻ സഹായിക്കുന്നതിൽ ഒരു വൈഗ്ലബ്യവും കാണിക്കാത്ത സമീപനം കഴിഞ്ഞ ദിവസം അവതരിപ്പിച്ച ദേശീയ സംസ്ഥാന ബജറ്റുകളിൽ കാണുവാൻ കഴിയും. ഇത്തരം സമീപനങ്ങൾ കേരളത്തെയും കൂടുതൽ കൂടുതൽ കടക്കെണിയിൽ എത്തിച്ചു വരുന്നു.
ഇന്ത്യയെ പറ്റി വളരെ വ്യത്യസ്തമായ വാർത്തകൾ നമ്മുടെ മുന്നിൽ എത്താറുണ്ട്. ലോകത്തുണ്ടായ വൻ മാന്ദ്യം ബാധിച്ചിട്ടില്ലാത്ത ഒരു രാജ്യം സാന്പത്തിക വളർച്ചയിൽ ചൈനയെയും കടത്തി വെട്ടുവാൻ കഴിയുന്ന തരത്തിൽ കുതിക്കുന്നു. ലോക സാന്പത്തിക സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്തതിനാൽ ചില കണക്കുകൾ പുറത്തു വന്നു. GDP വളരുന്പോഴും ലോകത്ത് തൊഴിൽ വളർച്ചയിൽ പിന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വ്യക്തമാക്കപെട്ടു. (ഒന്നാം സ്ഥാനം വിയറ്റ്നാമും രണ്ടാമത് ചൈനയും) പാരിസ്ഥിതിയുടെ കാര്യത്തിൽ നമ്മുടെ നാട് ഏറ്റവും മോശം ട്രാക്ക് റെക്കോർഡ് കാട്ടി ലോക രാജ്യങ്ങളിൽ (177) ഏറ്റവും പുറകിൽ നിന്നും നാലാം സ്ഥാനത്തു മാത്രം. നമുക്ക് പിന്നിൽ ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ ചില രാജ്യങ്ങളെ ഉള്ളൂ. നമ്മുടെ നാടിന്‍റെ സാന്പത്തിക വളർച്ചയിൽ ഒരു പിടി ആളുകൾക്ക് മാത്രം ഗുണം ലഭിക്കുകയും ബഹു ഭൂരിപക്ഷം കൂടുതൽ ദരിദ്രവൽക്കരിക്കപെടുകയും ചെയ്യുന്നു എന്ന വിഷയം ജനാധിപത്യ സംവിധാനത്തിന് ഒട്ട ഗുണപരമല്ല.
ഇന്ത്യയുടെ ഭക്ഷ്യ ഉപഭോഗം വളരുന്നു എങ്കിലും ശരാശരി ഭക്ഷ്യ ലഭ്യതയിൽ കുറവുണ്ടായി എന്ന് കണക്കുകൾ കാണിക്കുന്നു. (400 വരെ കലോറിക്കടുത്ത്). സാന്പത്തിക വളർച്ചയിലെ അസമത്വം വളരെ വലുതാണ്. ലോകത്തെ പ്രധാന മൂന്ന് രാജ്യങ്ങളിൽ 1991 മുതൽ ഉണ്ടായ സാന്പത്തിക വളർച്ചയുടെ സ്വഭാവം പരിശോധിച്ചാൽ ഇന്ത്യയിലെ സാന്പത്തിക രംഗം എന്ത് സൂചികയാണ് നൽകുന്നത് എന്ന് വ്യക്തമാണ്. 25 വർഷങ്ങൾക്കു മുന്‍പ് രാജ്യത്തെ സന്പന്നരും പട്ടിണിക്കാരും തമ്മിലുള്ള സന്പത്തിക അന്തരം 23 മടങ്ങായിരുന്നു .(പാവങ്ങളുടെ വാർഷിക വരുമാനം 1561 രൂപയും പണക്കാരുടെത് 35719) 2001ൽ എത്തിയപ്പോൾ 39 മടങ്ങ് കണ്ട് അന്തരം കൂടി. 2015ൽ അത് 73 മടങ്ങായി. കഴിഞ്ഞ 27 വർഷം കൊണ്ട് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാന്പത്തിക അന്തരം ലോകത്തിൽ ഏറ്റവും അനാരോഗ്യമായി വളർന്നത് നമ്മുടെ രാജ്യത്താണ്. അതെ സമയം ആധുനിക സാന്പത്തിക നയങ്ങൾ നടപ്പിൽ വരുത്തുന്ന ചൈനയിലും പണക്കാർ കൂടുതൽ പണക്കാർ ആകുന്നു, അവരുടെ ഇടയിൽ ഇത്ര അധികം വ്യത്യാസങ്ങൾ പ്രകടമല്ല. ചൈനയിൽ സന്പന്നനും അല്ലാത്തവനും തമ്മിൽ 48 മടങ്ങുകളുടെ വരുമാന അന്തരംമാത്രമാണ് ഉണ്ടായത്.. ആമേരിക്കയിൽ അത് ഇന്ത്യയെക്കാളും മോശമാണ്. (77 മടങ്ങ്) 91ൽ അമേരിക്കൻ സാന്പത്തിക രംഗത്ത് വരുമാനത്തിലെ വ്യതിയാനം 42 ആയിരുന്നു. അതാണ് 77ലേക്ക് ഉയർന്നത്. മറ്റൊരു പ്രധാനപെട്ട കാര്യം നമ്മുടെ രാജ്യത്തെ പാവങ്ങളുടെ വരുമാനവും ചൈനയിലെ പാവങ്ങളുടെ വരുമാനവും 1991ൽ ഒരു പോലെ ആയിരുന്നു ഇന്നത്തെ അവസ്ഥ ഇന്ത്യയുടെ നിലപാടുകൾ വളരെ അപകടം പിടിച്ചതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ചൈനയിലെ പാവങ്ങളുടെ ഇന്നത്തെ വരുമാനം 4328 രൂപയും നമ്മുടെത് 2351ഉം മാത്രമാണ്. ഏറ്റവും അവസാനം പുറത്തു വന്ന ഇന്ത്യയെ പറ്റിയുള്ള പഠനത്തിൽ സാന്പത്തിക കേന്ദ്രീകരണത്തെ പറ്റിയുള്ള വാർത്തകൾ ഒട്ടും സുഖകരമല്ല. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉണ്ടായ സന്പത്തിന്‍റെ (വാർഷിക വരുമാനം 135 ലക്ഷം കോടി രൂപ) 73 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയ്യിൽ എത്തി എന്ന് കണക്കുകൾ പറയുന്നു. രാജ്യത്തിന്‍റെ ഒരു ശതമാനം ആളുകൾ 58 ശതമാനം സ്വത്തും കൈവശം വെക്കുന്നു. അമേരിക്കയിൽ 10 ശതമാനം ആളുകൾ 52 ശതമാനം സ്വത്തുക്കൾ കൈവശം വെക്കുന്ന ഇന്നത്തെ അവസ്ഥക്കെതിരെയാണ് വാൾ സ്ടീറ്റ് പ്രക്ഷോഭങ്ങൾ ഉയർന്നു വന്നത്. നമ്മുടെ രാജ്യത്ത് 101 ശതകോടിശ്വരന്മാർ ഉണ്ട്. (ശതകോടീശ്വരന്‍മാർ എന്നാൽ 6500 കോടി രൂപയിൽ അധികം ആസ്തി ഉള്ളവർ എന്നർഥം) അവരിൽ തന്നെ 37 ശതമാനം ശതകോടീശ്വരന്‍മാർ 57 ശതമാനം സ്വത്തും കീശയിൽ വെച്ചിരിക്കുന്നു.അതെ സമയം രാജ്യത്തെ പരമദരിദ്രരുടെ എണ്ണം ജർമനി, −ഇംഗ്ലണ്ട്, −ഫ്രാൻസ്,− ഇറ്റലി എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യക്കൊപ്പം എത്തും. 2016ൽ 7000 ഇന്ത്യൻ കോടീശ്വരനമാർ ഇന്ത്യയിൽ നിന്നും താമസം യൂറോപ്പിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സാന്പത്തിക വളർച്ചക്കൊപ്പം സന്പത്തിന്റെ അവിശ്വസനീയമായ ഏകീകരണത്തിൽ ഉത്കണ്ഠപെടാത്ത നമ്മുടെ ദേശിയ –സംസ്ഥാന സർക്കാരും രാഷ്ടീയ പാർട്ടികളും വികസനത്തിന്‍റെ അളവുകോലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ ഭരണ ഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ ആണ് അട്ടിമറിക്കപെടുന്നത്. ഏറ്റവും പുതിയ കേന്ദ്ര ബജറ്റും ഇതേ നയങ്ങളെ പിന്തുടരുന്നതിന്റെ അത്യവേശത്തിലാണ്.
ബജറ്റുകൾ ഓരോ വർഷത്തെയും കേവലമായ വരവുചെലവു കണക്കുകൾ അല്ല എന്നു നമുക്കറിയാം. രാജ്യത്തെ സാന്പത്തിക രംഗത്തെ വരുമാനം, അതു കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ, ക്ഷേമ പദ്ധതികൾ, ഹ്രസ്വ −ദീർഘകാല പദ്ധതികൾ, ഭാവിയിൽ നമ്മൾ ആർജിക്കേണ്ട ലക്ഷ്യങ്ങൾ എല്ലാം ഇവിടെ ഉയർന്നു വരുന്നു. ബജറ്റ് പ്രസംഗം പോലും പ്രഹസനമാകുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ് എന്നുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാറിന്റെ ബജറ്റിനെ പറ്റിയുള്ള അവലോകനത്തിൽ പ്രതീക്ഷകൾക്കപ്പുറം ഫലമുണ്ടായത് ഒരു വിഷയത്തിൽ മാത്രമാണ്. പൊതുമേഖലയുടെ ഓഹരികൾ വിറ്റഴിക്കുന്ന രംഗത്ത്. സർക്കാർ 72000 കോടി രൂപ വിലയുള്ള ആസ്തികൾ വിറ്റഴിക്കുവാൻ ഉദ്ദേശിച്ചു എങ്കിൽ കൈമാറിയത് 1 ലക്ഷം കോടിയുടെ ആസ്തികൾ. ദേശീയ തലത്തിൽ കൊട്ടിഘോഷിച്ച പദ്ധതികളിൽ മിക്കതും പിന്നോക്കം പോയപ്പോൾ സർക്കാർ സംരംഭങ്ങൾ സ്വകാര്യ കുത്തകകൾക്കു കൈമാറുന്ന വ്യവഹാരത്തിൽ 150 ശതമാനം വർദ്ധന ഉണ്ടായി എന്നു കാണാം. (പൊതുമുതൽ തുശ്ചമായ വിലക്ക് കൈമാറുന്നതിൽ സർക്കാരുകൾ കാട്ടുന്ന സന്പന്നരോടുള്ള പക്ഷപാതം മലയാളികൾക്കു മനസ്സിലാക്കുവാൻ കോവളം കൊട്ടാരം ആദ്യം ഗൾഫാർ മുഹമ്മദലിക്കും അവസാനം RP ഗ്രൂപ്പിലേക്കും എത്തിയ സംഭവങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.)
നിലവിലെ കേന്ദ്ര ബജറ്റിലെ വിഷയങ്ങളെ രണ്ടു തരത്തിൽ നമുക്കു തിരിക്കാം. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടവ, വൻകിടക്കാരുമായി ബന്ധപ്പെട്ടവ. സാധാരണക്കാർ എന്നതുകൊണ്ട് കൃഷിക്കാരെയും അനുബന്ധ പ്രവർത്തകരെയും ബജറ്റ് എങ്ങനെ സഹായിക്കുന്നു എന്ന് ശ്രദ്ധിക്കുക. കാർഷിക രംഗത്തെ നിലവിലെ പ്രതിസന്ധികൾ വിളയുടെ വില തകർച്ചയും കാർഷിക രംഗത്തെ വർദ്ധിച്ചചെലവുമാണ്. കർഷകരുടെ വരുമാനം 2022 കൊണ്ട് ഇരട്ടിയായി വർദ്ധിപ്പിക്കണമെന്നു പറയുന്ന സർക്കാർ അതിനായി മാറ്റിവെക്കേണ്ട മിനിമം തുക 6.5 ലക്ഷം കോടി രൂപയാണ്. അതിൽ പലിശ ഈടാക്കുന്ന വായ്പകൾ ഉൾപ്പെടുന്നില്ല. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുവാൻ വേണ്ട ചെലവുകളാണ് അത്രയും വലിയ തുക. 22000ഗ്രാമീണ ചന്തകളെ പറ്റി സർക്കാർ പറയുന്നു. അത്തരം ചന്തകളിൽ കാർഷിക വിളകൾ സംഭരിക്കുവാനും ഇടനിലക്കാരെ ഒഴിവാക്കി, വിളകൾ ചന്തകളിൽ എത്തിക്കുവാനും അവസരം ഉണ്ടാകാതെ തരമില്ല. നിലവിൽ കർഷകരെ കൊള്ളയടിക്കുന്ന അവധി വ്യാപാരവും മറ്റും നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളെ നിയന്ത്രിക്കാതെ ഇതിനു കഴിയില്ല. 11 ലക്ഷം കോടി രൂപ കർഷകർക്ക് വായ്പയായി നൽകുമെന്ന് സർക്കാർ പറയുന്പോൾ ആർക്കാണ് അതിന്റെ ഗുണഭോക്താക്കൾ ആകുവാൻ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്. ഇത്തരം വായ്പകളിൽ 70 ശതമാനം ചെറുകിട കൃഷിക്കർക്ക് ആയിരിക്കണം എന്ന പഴയ നിലപാട് മാറി മാറി ഇന്ന് തുകയിൽ 35 ശതമാനം പോലും സാധാരണക്കാർക്കില്ല എന്ന അവ സ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. 100 കോടി രൂപവരെ വിറ്റുവരവുള്ള കന്പനികൾക്ക് സന്പൂർണ്ണ നികുതി ഇളവുകൾ എന്ന പ്രഖ്യാപനം ആരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുവാൻ സഹായിക്കും ?
ഗ്രാമങ്ങൾക്കൊക്കെ 14.34 ലക്ഷം കോടി എന്ന തുകയെ പറ്റി പറയുന്പോൾ യഥാർത്ഥത്തിൽ ഗ്രാമങ്ങളിൽ എന്തു പ്രതിഫലനങ്ങളാണ് ഉണ്ടാക്കുവാൻ പോകുന്നത് എന്ന് വിലയിരുത്തണം. 321 കോടി തൊഴിൽ ദിനം സൃഷ്ടിക്കും എന്ന് സർക്കാർ അവകാശപ്പെടുന്നു. UPA സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പുപദ്ധതിയെ എങ്ങനെയാണ് നിലവിലെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുന്പോൾ വസ്തുതകൾ ബോധ്യപ്പെടും. 2007ൽ തൊഴിലുറപ്പു പദ്ധതിക്കായി മാറ്റി വെച്ച തുക 40000 കോടി രൂപയായിരുന്നു. ആ തുകയ്ക്ക് തുല്യമായ തുക എങ്കിലും 2018 ബജറ്റിൽ ഉണ്ടാകണമെങ്കിൽ പ്രസ്തുത തുകയുടെ 43 ശതമാനം വർദ്ധന എങ്കിലും വരുത്തണമായിരുന്നു. പറഞ്ഞതിനർത്ഥം 57000 കോടി രൂപ എങ്കിലും മാറ്റിവെക്കണമായിരുന്നു. എന്നാൽ മാറ്റി വെച്ച തുക 48000 കോടി രൂപ മാത്രം.
സാമൂഹിക ക്ഷേമ പദ്ധതികൾക്ക് അനുവദിക്കുന്ന തുക കുറഞ്ഞു വരുന്നു. (6.6 ശതമാനത്തിൽ നിന്നും 5.8 ശതമാനത്തിലെത്തി). പുതിയ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഇൻഷ്വറൻസിലേക്ക് വരാം. രാജ്യത്തെ ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ കുപ്രസിദ്ധമാണ്. 40 ശതമാനം ജനങ്ങൾക്ക് ഒരിക്കൽ പോലും ചികിത്സ കിട്ടുവാൻ അവസരം ഇല്ലാത്ത ഇന്ത്യയിൽ ലോകത്തെ രോഗങ്ങളിൽ 20 ശതമാനം നിലനിൽക്കുന്നു. ആരോഗ്യ രംഗത്തിനായി സർക്കാർ പ്രതിവർഷം മാറ്റിവെക്കുന്ന ഓരോ വ്യക്തികൾക്ക് ഉള്ള തുക 1100 രൂപ മാത്രം. (സർക്കാർ ഉദ്യോഗസ്ഥർക്ക് 6500 രൂപയും) GDPയുടെ 4.2 ശതമാനം മാത്രം ചികിത്സക്കായി ചെലവഴിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ വൻകിട ആശുപത്രി ശൃംഖലകളും മരുന്നു കന്പനികളും കൈപ്പിടിയിൽ ഒതുക്കി. അമേരിക്കയുടെ ആരോഗ്യ ചെലവുകൾ GDPയുടെ 17 ശതമാനം വരും. കേരളവും അത്രകണ്ട് തുക അരോഗ്യ ചെലവുകൾക്കായി മാറ്റിവെയ്ക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 10 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി സർക്കാർ 1200 രൂപ പ്രീമിയം ഓരോ വീടിനായി അടക്കേണ്ടതുണ്ട്. അതിനർത്ഥം പ്രതിവർഷം 12000 കോടി രൂപ പ്രീമിയം അsക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാക്കും എന്നു പറഞ്ഞാൽ പ്രതിവർഷം 50000 കോടി രൂപയുടെ പണമിടപാട് നടക്കും എന്നർത്ഥം ഇവിടെ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ലോക ഇൻഷുറൻസ് രംഗത്ത് ഏറ്റവും വലിയ മുന്നേറ്റവും വിശ്വസ്തതയും നില നിർത്തി വന്ന ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, ഓറിയന്റലൽ ഇൻഷുറൻസ് കന്പനികളെ സർക്കാർ ഒന്നാക്കി മാറ്റിയ ശേഷം അവയുടെ ഷെയറുകൾ വിൽക്കുവാൻ തീരുമാനിച്ചു എന്ന വാർത്തയെ ഇവിടെ കൂട്ടി വായിക്കണം. രാജ്യത്തെ പൊതു ആരോഗ്യരംഗത്ത് ഇൻഷുറൻസ് കന്പനികൾ വില്ലന്മാരായ ചരിത്രമാണ് നമ്മുടെ മുന്നിൽ ഉള്ളത്. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ സംവിധാനത്തിൽ വിജയം നേടിയ ഇംഗ്ലണ്ട്, നിക്കരാഗ്വേ, ക്യൂബ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ അതിനു കഴിഞ്ഞത് സർക്കാർ നേരിട്ട് ചികിത്സാ സംവിധാനങ്ങളിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനാൽ മാത്രമാണ്. ഇംഗ്ലണ്ടിലെ ജനങ്ങളിൽ 6 ശതമാനം ആളുകൾ പോലും ആരോഗ്യ ഇൻഷ്യറൻസ് എടുത്തിട്ടില്ല. കേരളത്തിലെ ഉപരിവർഗ്ഗത്തിൽ പെട്ട കുറച്ചാളുകൾ എങ്കിലും സ്വകാര്യ ഇൻഷ്വറൻസ് പദ്ധതികളിൽ ചേർന്നിട്ടുണ്ട്. അവരുടെ സ്വകാര്യ അനുഭവങ്ങൾ പലതും നിരാശാജനകമാണ്. ഇവിടെ സ്വകാര്യ ആശുപത്രി വ്യവസായം നടത്തുന്ന വൻകിടക്കാർക്ക് ഗുണപരമാകുന്ന ഈ പദ്ധതി ചികിത്സാരംഗത്തിന്റെ എല്ലാ നന്മകളെയും അട്ടിമറിക്കുകയും നാമമാത്രമായ സർക്കാർ ആരോഗ്യ സംവിധാനത്തെ കൂടുതൽ കുഴപ്പത്തിലാക്കുകയും ചെയ്യും.
ബജറ്റിലെ സന്പന്ന പക്ഷപാതങ്ങളെ വ്യക്തമാക്കുന്ന നിരവധി തീരുമാനങ്ങൾ കാണാം. നികുതി രംഗത്തെ അനുഭവങ്ങൾ മാത്രം പരിശോധിച്ചാൽ സർക്കാർ സമീപനം വ്യക്തമാണ്. കള്ളപ്പണത്തെ പറ്റി വാചാലമായ സർക്കാർ മുൻകാല നിലപാടുകളെ കൈ ഒഴിത്തിട്ടില്ല. 250 കോടിക്കു മുകളിൽ ടേൺഓവർ ഉള്ള 7 ലക്ഷം കന്പനികളിൽ 7000 കന്പനികളാണ് ടാക്സ് റിട്ടേൺസ് നൽകിയത്. ഇതിനർത്ഥം 100ൽ 7 കന്പനികൾ. സർക്കാർ കോർപ്പറേറ്റു നികുതിയിൽ ഇളവു വരുത്തിയത് ശ്രദ്ധിച്ചാൽ എന്തു താൽപ്പര്യമുണ് പ്രവർത്തിക്കുന്നത് എന്നു മനസ്സിലാക്കാം. നികുതി 30 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറച്ചു. 250 കോടി വരുമാനമുള്ള കന്പനിക്ക് 12.50 കോടി രൂപ പ്രതിവർഷം ലാഭിക്കാം എന്നർത്ഥം. നികുതി കൊടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായി എന്നു വാദിക്കുന്ന സർക്കാർ പറയാൻ മടിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. രാജ്യത്ത് പ്രത്യക്ഷ നികുതി കൊടുക്കുന്നവർ 3.77 കോടി. അതിൽ 1.89 ആളുകളും ശന്പളക്കാർ. അവർ 1.44 ലക്ഷം കോടി രൂപ നികുതിയടക്കുന്നു. നികുതി അടയ്ക്കുന്ന കച്ചവടക്കാർ ഏകദേശം 1. 88 കോടി ആളുകൾ. അവർ നൽകുന്നതാകട്ടെ 48000 കോടിയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ നികുതിയടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ശരാശരി 76306 രൂപ സർക്കാരിലേക്ക് നൽകുന്പോൾ കച്ചവടക്കാരുടെ ശരാശരി വിഹിതം 25753 രൂപയാണ്. പെട്രോൾ ഉൽപ്പന്നങ്ങളുടെ മുകളിൽ യഥാർത്ഥ വിലയുടെ 200 ശതമാനം തുക നികുതി ഏർപ്പെടുതുവാൻ ജാഗ്രത കാട്ടുന്ന സർക്കാർ പ്രത്യക്ഷ നികുതി പിരിവിൽ ശ്രദ്ധാലുക്കൾ അല്ല. രാജ്യത്ത് 3 ശതമാന ആളുകൾക്കു പോലും പ്രതിദിനം 700 രൂപ വരുമാനം ഇല്ല എന്ന് സർക്കാർ നമ്മെ വിശ്വസിപ്പിക്കുന്നു. ഒരു വശത്ത് നിഷ്ക്രിയ ആസ്തി 9.5 ലക്ഷം കോടി കടക്കുകയും ബാങ്കുകളുടെ കിട്ടാകടം സാധാരണ നിക്ഷേപകർക്കു കൂടി നേരിട്ടു ഭീഷണിയായി പ്രവർത്തിക്കുവാൻ ഉതകുന്ന നിയമങ്ങൾ ഉണ്ടാക്കുവാൻ കേന്ദ്ര സർക്കാർ മടിച്ചില്ല.
നമ്മുടെ രാജ്യത്തെ സാന്പത്തിക വളർച്ച സന്പന്നരുടെ സ്വകാര്യതാൽപ്പര്യത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് നടപ്പാക്കപ്പെടുന്നത് എങ്കിൽ ജനങ്ങൾ നിരാശരായി മാറാതെ തരമില്ല. ഇന്ത്യയുടെ പ്രകൃതി ദുരന്തങ്ങൾ പാരീസിൽ തന്നെ ചർച്ചയാകുകയും രാജ്യത്തെ കാലാവസ്ഥകൾ സംരക്ഷിക്കപ്പെടണമെങ്കിൽ നിലവിലെ 21 ശതമാനം മാത്രമുള്ള വനവിസ്തൃതി 33 ശതമാനം എങ്കിലും ആയി വളരണം.. അതിനായി 2030ന് മുൻപായി 150 ലക്ഷം കോടി രൂപ സർക്കാർ കണ്ടെത്തി മാറ്റി വെക്കേണ്ടതുണ്ട്. എന്നാൽ അത്തരത്തിൽ ഒരു നീക്കവും നടത്താൻ കഴിവല്ലാത്ത കേന്ദ്ര ബജറ്റിലൂടെ, ഇന്ത്യൻ പൊതുമുതലുകൾ സ്വകാര്യ കുത്തകകൾക്കായി കൈമാറുകയാണ്. വികസനത്തിന്റെ പേരുപറഞ്ഞ്, ജനങ്ങളുടെ ക്ഷേമത്തെ പറ്റി വാചാലമായി, നാടിന്റെ സ്വാശ്രയത്വത്തെയും സമത്വ ബോധത്തെയും അട്ടിമറിക്കുന്നു. ആഗോളവൽക്കരണം വരുത്തിവെക്കുന്ന ദുരിതങ്ങളെ മറന്നു കൊണ്ടുള്ള സമീപനങ്ങൾ രാജ്യത്തെ തൊഴിൽ രാഹിത്യത്തെയും ദേശീയതയുടെ കെട്ടുറപ്പിനെപ്പോലും പ്രതികൂലമായി ബാധിക്കും. Make in India എന്ന മുദ്രാവാക്യം Make India for Corporates എന്നായി മാറുമോ എന്ന ഉത്കണ്ഠ ദേശീയ ബജറ്റിലൂടെ കൂടുതൽ ശക്തമാകുകയാണ്.