കാഴ്ചയുടെ അശാന്തി...
ശരശയ്യ - നിതിൻ നാങ്ങോത്ത്
മറ്റുളളവരുടെ കാഴ്ചശക്തിയിൽ കൈവെക്കുന്നത് വളരെ മോശപ്പെട്ട കലാപരിപാടിയാണ്. എങ്കിലും... അന്ധനും അകലങ്ങൾ കാണുന്നവനും തമ്മിലാണ് ഇമ്മാസം കേരളാവിൽ ഫൈറ്റ്. കാഴ്ചപ്പാടും കാഴ്ചയിലെ പാടും. വിവരാവകാശ പേപ്പർ ഒരുപാട് ചുരുണ്ടുണർന്നു. ആരോഗ്യമന്ത്രിയും സാക്ഷാൽ സ്പീക്കറും സ്പെക്സ് വിവാദത്തിൽ പഴികേൾക്കയാണ്. പവറുളള കണ്ണടയേക്കാൾ സൂക്ഷ്മദൃക്ക്സാണ് നമ്മുടെ നാട്ടുകാർ. അവർ അനങ്ങിയാൽ ട്രോളിക്കളയും. ധനമന്ത്രിയുടെ ഉഴിച്ചലിന്‍റെ എണ്ണപോലും ശത്രുക്കൾ വാങ്ങിവെച്ചിട്ടുണ്ട്. ഇതെന്തൊരു കാലാപ്പാ!! എഴുതിയെടുക്കൽ ആർട്ടും മാമൂലുമാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്?
ജാതിക്കുമ്മി അതിന്‍റെ ‘പാര’മ്യതയിലാണ്. ജാതി ചോദിക്കുക പറയുക. ആൾക്കൂട്ടം ശവസംസ്ക്കാരം നടത്തിക്കളയും. ശവനീതിയില്ലാത്ത പേക്കോലമായി മലയാളി പാതാളം പൂകിയിരിക്കുന്നു. വാമനവിഭാഗത്തിന്‍റെ ബഹാനഷോട്ടുകൾ കേരളം കാണാനിരിക്കുന്നേയുളളൂ. അവർക്കെന്ത് കാവ്യമീമാംസ? കാഞ്ചിവലിയുടെ ഓട്ടസാക്ഷ്യത്തിൽ കവിപ്രജാപതിമാർക്ക് മരണമാല്യം ചാർത്തിക്കൊടുക്കും. എഴുതുക എന്നാൽ നിറയൊഴിക്കലാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
സക്കറിയയെ വളയുന്നതിലും കുരീപ്പുഴയെ വളയുന്നതിലും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. പൊതുവേദിയിൽ പ്രാർത്ഥനാവേളയിൽ പോലും സധൈര്യം ‘ഇരുന്നു’ പ്രതികരിച്ച വിപ്ലവകവിയാണ് കുരീപ്പുഴ. വിഭക്തിപ്രസ്ഥാനത്തിന്‍റെ ചാട്ടുളിക്കവി. കാലപ്രവാഹത്തിൽ സമൂഹത്തിലടിയുന്ന ചണ്ടിപണ്ടാര അന്ധവിശ്വാസ കൂടോത്രങ്ങൾക്കെതിരെ വാക്കും നാക്കും തോക്കായി പരിണമിപ്പിച്ചയാൾ. വളഞ്ഞവർ കെണിഞ്ഞതു തന്നെ. കുരീപ്പുഴയെത്തേടി ഇനി അക്കാദമിക്കസേരകളൾ ഓട്ടോപിടിച്ച് ആരൂഡത്തിലെത്തും. മുന്തിയ പുരസ്കാരങ്ങൾ ഓടിച്ചിട്ട് പിടിച്ച് കീശയിൽ തിരുകും. ആസ്ഥാന കവിയുടെ പട്ടും വളയും വീരോചിതം കിട്ടിബോധിക്കും. വളയപ്പെടൽ പുതുകാലത്ത് ഭാഗ്യരാശിയുടെ ഓപ്പൺ ഡോർ പോളിസിയാണ്.
കേന്ദ്രത്തെ കുത്തിയാൽ കേരളത്തിന്‍റെ പരിഗണനയ്ക്ക് പാത്രീഭൂതനാവും. തിരിച്ച് കേരളസർക്കാറിനെ ട്രോളിയാൽ കേന്ദ്രത്തിന്‍റെ പരമവീരചക്രങ്ങൾ ലഭിക്കും. പാകത്തിന് എറിയാൻ വടിയും കൊണ്ട് നടപ്പാണ് കുറച്ചുകാലമായി സാംസ്ക്കാരിക നായകരും നായികാമാരും. ഏറു കൊണ്ടാൽ രക്ഷപെട്ടു. ഓന്‍ ഞമ്മടെ ആളാ. വേണ്ട താമ്രപത്രങ്ങൾ ഉടൻ കൊടുക്കണം. വിമർശിച്ചാൽ ഞങ്ങളുടെ ഡെഡ് ബോഡി ഞങ്ങൾക്ക് വിട്ടുതരിക. ഒരഞ്ചു കൊല്ലത്തേക്ക് ദേഹവും ദേഹിയും വെളിച്ചം കാണൂലാ. ചവിട്ടി ഒതുക്കി തേച്ച് ചുരുട്ടിക്കൂട്ടിക്കളയും. മത്സ്യവും മനുഷ്യരും ഇക്കാര്യത്തിൽ ഒരുപോലെയാണ്. വായ തുറന്നാലേ പ്രോബ്ലപ്പെടൂ. ചൂണ്ടൽക്കൊളുത്തിന്‍റെ മൂർച്ച അണ്ണാക്കിനെ ചുംബിക്കൂ. എപ്പോൾ എവിടെ എന്തു പറയണമെന്ന അങ്കലാപ്പിലാണ് നാളെ ജ്ഞാനപീഡനവും എഴുത്തച്ഛൻ, കേന്ദ്രകേരളസാഹിത്യക്കപ്പുകളും വാങ്ങിക്കേണ്ട ബുദ്ധിജീവിപ്രതിഭകൾ.
അന്പലം പൊളിച്ച് ടോയ്ലറ്റ് പണിയണമെന്ന കവനപ്രക്രിയയ്ക്കാണ് കുരീപ്പുഴയ്ക്ക് ഭർത്സനഅവാർഡ് കൊടുത്തതെന്ന് കേൾവിക്കൂട്ടം.അന്പലങ്ങൾക്ക് തീകൊളുത്തുക എന്ന കണ്ണീരും കിനാവും കാലത്തിന്‍റെ വേറൊരു പീരങ്കി. നന്പൂതിരിയെ മനുഷ്യനാക്കാനും മനുഷ്യനെ മൃഗമാക്കാനുമുളള സൈക്കോളജിക്കൽ മൂവ്മെന്‍റ്. ജാതക ജ്യോതിഷവാസ്തു ‘മാറാല’കളെയെല്ലാം സ്വച്ഛ്ഭാരത് ആക്കാനുളള കുരീപ്പുഴയുടെ ശ്രമം കുറിക്കുകൊളളാൻ തുടങ്ങിയിട്ട് ദശകങ്ങളായി. സറ്റയറിന്‍റെ ഉറുമിസീൽക്കാരത്തിൽ വീണുടഞ്ഞ ഭക്തശിരോലിഖിതങ്ങളെത്ര? വിശ്വാസക്കുടുമകളെത്ര? ആത്മീയസൂര്യഗായത്രികളെത്ര?
വടയംപാടിയും അശാന്തസംഭവവും കീഴാളപരിപ്രേക്ഷ്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശവുമെല്ലാം കുരീപ്പുഴയോടൊപ്പം നവലിബറൽ കേരളത്തെ കലാപകബനിയാക്കും. ചരിത്രത്തിന്‍റെ കുണ്ടിടകളിൽ ഇത്തരം ചിരസ്മരണകൾ ആവോളമുളളതാണല്ലോ. നിണമണിഞ്ഞ എത്ര കാൽപ്പാടുകൾക്ക് ചൂട്ട് വീശിയിട്ടുണ്ട് ഓൾഡ് റിബൽ കേരളം!!
എന്തായാലും എരിതീയിൽ പെട്രോളൊഴിക്കും പോലെ വാട്സാപ്പ് പേടിപരത്താനുളള ഒരു കോപ്പായി മാറി.കേരളം കത്തും കത്തും എന്നു തന്നെയാണ് വിരൽഞെക്കികളുടെ സ്ലോഗൻ. മതവൈരവും ജാതിക്കോമരും കാമവെറിയന്‍മാരും പുതുയുഗസൃഷ്ടിക്കായി സ്മാർട്ട് വർക്കെടുക്കുന്നുണ്ട്. സ്റ്റിക്കറൊട്ടിച്ചും കുഞ്ഞുങ്ങളെ കണ്ണുരുട്ടിയും തൽപരർ ടാർഗറ്റ് എച്ചീവ് ചെയ്യുന്നുണ്ട്. യുദ്ധം പോലെ സമാധാനവും മലയാളികൾക്കിഷ്ടമാണെന്ന് ഈ പുഴകലക്കികളെ അറിയിച്ചു കൊടുക്കണേ കേരളമുത്തപ്പാ...
മലയാളത്തിന്‍റെ തെളിനീർപ്പുഴയിൽ നഞ്ചുകലർത്താൻ നോക്കുന്നവർക്കെതിരെ വായനയുടെ സൂക്കേടുളള ഒരുവിഭാഗം ഇറങ്ങിയിട്ടുണ്ട്. പുഴയൊഴുകും വഴി നേരെയായിടാൻ യാതൊരു ഏനക്കേടും ഇതുവരെയില്ലാത്ത നമ്മൾക്ക് പ്രാർത്ഥിക്കാം... സെൽഫിസ്റ്റിക്ക്!! യേത്?? ആത്മരതി....