ഭരണത്തെ വിലയിരുത്താൻ ചെങ്ങന്നൂർ...
ഉപതിരഞ്ഞെടുപ്പുകൾ പലപ്പോഴും ഭരണത്തിന്റെ വിലയിരുത്തലായി കണക്ക് കൂട്ടുക പതിവാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ അധികാരത്തിൽ ഏറിയ ശേഷം മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അത് ഭരണത്തിന്റെ വിലയിരുത്തൽ ആയിരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ നാഴികയ്ക്ക് നാൽപ്പത് വട്ടം പ്രസ്താവനകൾ നടത്തി. അമിത ആത്മവിശ്വാസം കൊണ്ട് ചില എൽ.ഡി.എഫ് നേതാക്കളും തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് വിളിച്ചു പറഞ്ഞു. അവസാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ വേങ്ങരയിൽ ചരിത്രം ആവർത്തിക്കപ്പെട്ടു. ലീഗിന് അപ്രമാദിത്വമുള്ള വേങ്ങരയിൽ യു.ഡി.എഫിന് വിജയം. തിരഞ്ഞെടുപ്പ് എൽ.ഡി.എഫിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ നേതാക്കന്മാർക്ക് അവസാനം മിണ്ടാട്ടം മുട്ടി. വേങ്ങരയുടെ രാഷ്ട്രീയ വേരോട്ടം അറിയാവുന്ന സാധാരണ വോട്ടർ പോലും ഒരുപക്ഷേ ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്ക് കൂട്ടിയിട്ടുണ്ടാവില്ല.
ഇപ്പോൾ ഇതാ യഥാർത്ഥ ഭരണവിലയിരുത്തലിലേയ്ക്ക് രാഷ്ട്രീയ കേരളം നീങ്ങിയിരിക്കുന്നുന്നു. വിപ്ലവത്തിന്റെ മണ്ണായ ആലപ്പുഴയിൽ പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആയേക്കാവുന്ന തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായി. അഡ്വ. കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തോടെ ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിലേയ്ക്ക് രാഷ്ട്രീയ കേരളം കച്ച മുറുക്കി ഇറങ്ങി. വേങ്ങരയിൽ നിന്ന് വ്യത്യസ്തമായി ചെങ്ങന്നൂർ സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന് പറയാൻ കാരണം ഇവിടെ ആരും ജയിക്കാൻ സാധ്യതയുണ്ട് എന്ന രാഷ്ട്രീയ സാഹചര്യം തന്നെ. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കൊപ്പം ബി.ജെ.പിയും ജയം മാത്രം പ്രതീക്ഷിച്ച് ചെങ്ങന്നൂരിൽ ഇറങ്ങുന്പോൾ കളി മാറും. ഗ്യാലറിയിൽ ആവേശം ഇരന്പും.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട്, മാന്നാർ, മുളക്കുഴ, ആലാ, ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂർ, പുലിയൂർ, ചെറിയനാട്, വെൺമണി പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ധലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ധലം. 1991 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണ മാത്രമാണ് യു.ഡി.എഫ് ഇവിടെ പരാജയപ്പെട്ടതെങ്കിലും അവർക്ക് കാര്യങ്ങൾ ഇത്തവണയും അത്ര എളുപ്പമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തങ്ങൾക്ക് സാധ്യത കൽപ്പിച്ച മണ്ധലങ്ങളിൽ ഒന്നായിരുന്നു ചെങ്ങന്നൂർ. അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തു. 2016 തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ നായർക്ക് 52880 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിൽ പി.സി വിഷ്ണുനാഥ് 44897 വോട്ട് നേടി. ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച പി.എസ് ശ്രീധരൻ പിള്ള 42682 വോട്ട് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. 2016ൽ എൽ.ഡി.എഫ് 36 ശതമാനം, യു.ഡി.എഫ് 30 ശതമാനം, ബി.ജെ.പി 29 ശതമാനം എന്നിങ്ങനെ ആയിരുന്നു വോട്ട് വിഹിതം. 2011ൽ യു.ഡി.എഫ് 51 ശതമാനം എൽ.ഡി.എഫ് 42 ശതമാനം ബി.ജെ.പി നാല് ശതമാനം എന്ന വോട്ടിംഗ് നിലയിൽ നിന്നാണ് ബി.ജെ.പി ഇവിടെ വിജയത്തിന്റെ വക്ക് വരെ എത്തിയത്.
ഇപ്പോൾ ആര് സ്ഥാനാർത്ഥികളാവും എന്നതിന്റെ ചർച്ചയിലാണ് ഇരു മുന്നണികളും ബി.ജെ.പിയും. തുടർച്ചയായി കോൺഗ്രസ് തന്നെ മത്സരിക്കുന്ന മണ്ധലത്തിൽ യു.ഡി.എഫിൽ സീറ്റിൽ മറ്റ് തർക്കങ്ങൾ ഇല്ല. രണ്ട് തവണ മണ്ധലത്തിൽ വിജയിച്ച പി.സി വിഷ്ണുനാഥിനാണ് സാധ്യത. 2006ൽ 5132 വോട്ടിന് സജി ചെറിയാനെയും 2011ൽ 12500 വോട്ടിന് സി.എസ് സുജാതയെയും തോൽപ്പിച്ച വിഷ്ണുവിന് കഴിഞ്ഞ തവണ 7983 വോട്ടിന്റെ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ യുവനേതാക്കൾ മുഴുവൻ ജയിച്ച് കയറിയപ്പോഴും വിഷ്ണുനാഥിന്റെ തോൽവി കോൺഗ്രസിന് ക്ഷീണമായി. തോൽവിക്ക് ശേഷവും മണ്ധലത്തിൽ സജീവമായി തുടരുന്ന വിഷ്ണു നാഥിന് തന്നെയാണ് സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ കൂടുതൽ സാധ്യത. കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായി മത്സരിച്ച മുൻ എം.എൽ.എ ശോഭനാ ജോർജ് 3966 വോട്ട് പിടിച്ചതും കോൺഗ്രസിന്റെ വോട്ടിൽ നല്ലൊരു ശതമാനം ബി.ജെ.പിക്ക് ലഭിച്ചതുമായിരുന്നു വിഷ്ണുനാഥിന് തിരിച്ചടിയായത്. 1991, 1996, 2001 തിരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ശോഭനാ ജോർജ് ആയിരുന്നു. പിണക്കം മാറ്റി ശോഭന ജോർജിനെ കോൺഗ്രസ് പാളയത്തിൽ എത്തിച്ച് മുന്നണിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്. അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ ചില മണ്ധലങ്ങളുടെ ചുമതല എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ വിഷ്ണുനാഥിന് നൽകിയിട്ടുള്ളതിനാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയേക്കാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. നാല് തവണ മാവേലിക്കര എം.എൽ.എ ആയിരുന്ന എം. മുരളിയാണ് കോൺഗ്രസ് പരിഗണിച്ചേക്കാവുന്ന മറ്റൊരു ഓപ്ഷൻ. എം. മുരളി ചെങ്ങന്നൂർ മണ്ധലത്തിലെ തന്നെ വോട്ടറാണെന്നതും അദ്ദേഹത്തിന് സാധ്യത നൽകുന്നു. യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയർമാൻ കൂടിയാണ് എം. മുരളി. അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡണ്ട് ഡി. വിജയകുമാറിന്റെ പേരും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ജനകീയനായ കോൺഗ്രസ് നേതാവായ വിജയകുമാറിന് ക്ഷേത്രങ്ങൾ, എൻ.എസ്.എസ് കരയോഗങ്ങൾ, വിവിധ സമുദായങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ധലത്തിൽ സജീവമാണ്. ബി.ജെ.പിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളും വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ നേടാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കോൺഗ്രസ് നേതാക്കളായ സുനിൽ പി. ഉമ്മൻ, എ.സി കുര്യാക്കോസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ മണ്ധലം തിരിച്ച് പിടിക്കാനായാൽ സംസ്ഥാന തലത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ കിട്ടുന്ന അവസരമായതിനാൽ കോൺഗ്രസ് കൈയും മെയ്യും മറന്ന് ഇറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.
വർഷങ്ങളോളം കോൺഗ്രസ് വിജയിച്ച മണ്ധലം കഴിഞ്ഞ തവണ പിടിച്ചെടുത്ത എൽ.ഡി.എഫിന് ഇത്തവണ മണ്ധലം നിലനിർക്കുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. വിജയം ആവർത്തിക്കേണ്ടത് സി.പി.എമ്മിന് അഭിമാനപ്രശ്നമാണ്. ഏത് വിധേനയും ചെങ്ങന്നൂരിൽ ജയിക്കണമെന്ന് സന്ദേശം നൽകിയാണ് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം കഴിഞ്ഞ് പിണറായി വിജയൻ മടങ്ങിയത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് പ്രധാന പരിഗണനയിലെന്നാണ് സൂചന. പ്രദേശവാസി കൂടിയായ സജി ചെറിയാൻ മുന്പ് ചെങ്ങന്നൂരിൽ നിന്ന് മത്സരിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. മുൻ എം.പി സി.എസ് സുജാത, ബുധനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി. വിശ്വംഭരപ്പണിക്കർ എന്നിവരുടെ സാധ്യതയും പരിശോധിക്കുന്നു. ഇടയ്ക്ക് നടി മഞ്ജു വാര്യർ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പരന്നിരുന്നെങ്കിലും ജില്ലയിലെ സി.പി.എം നേതാക്കൾ അത് തള്ളിക്കളഞ്ഞിരുന്നു. ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം ഇടത് പാളയത്തിൽ എത്തുന്നതും കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണി ഇടത് ചായ്്വുള്ള പ്രസ്താവനകളിറക്കുന്നതും തങ്ങൾക്ക് ഗുണം ചെയ്യും എന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.
കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇത്തവണ ചെങ്ങന്നൂരിൽ ബി.ജെ.പിയെ കാത്തിരുക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച പി.എസ് ശ്രീധരൻ പിള്ള ഇത്തവണ താൻ മത്സരിക്കില്ല എന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത് ബി.ജെ.പി അത്ര അത്മവിശ്വാസത്തിൽ അല്ല എന്നതിന്റെ സൂചനയാണ്. മത്സരിക്കില്ല എന്ന് വ്യക്തമാക്കിയെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ശ്രീധരൻ പിള്ള തന്നെ സ്ഥാനാർത്ഥി ആയേക്കും. അല്ലാത്ത പക്ഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖൻ, എം.ടി രമേശ് എന്നിവർക്കാണ് സാധ്യത. സംഘ്പരിവാർ സംഘടനകൾ നല്ല വേരോട്ടമുള്ള മണ്ണാണ് ചെങ്ങന്നൂർ. ബി.ഡി.ജെ.എസ് ഇടഞ്ഞ് നിൽക്കുന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാകും.