വളഞ്ഞിട്ട് ചൈന...


വി.ആർ സത്യദേവ്

ചൈനയെയും കൊറിയയെയും കുത്തക ശക്തികൾ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന പരിദേവനമുയർന്നു കേട്ടത് നമ്മുടെ സ്വന്തം മണ്ണിൽ നിന്നാണ്. ആരെയും വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. നമ്മൾ എന്നും ഇരകൾക്കൊപ്പമാവണം. അതാണ് മനുഷ്യത്വം. അതാണ് മാനവികത. നമ്മൾ മനുഷ്യത്വത്തിനും മാനവികതയ്ക്കും ഒപ്പമാണ് എന്നും. നമ്മുടെ ചില നേതാക്കളുടെ വാക്കുകളനുസരിച്ചാണെങ്കിൽ ഇവിടെ ചൈന ഇരകളാണ്. വളഞ്ഞിട്ടാക്രമിക്കപ്പെടുന്ന ഇര. എന്നാൽ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്പോൾ തെളിയുന്ന ചിത്രം തികച്ചും വ്യത്യസ്ഥമാണ്. സി.എൻ.എൻ അടക്കമുള്ള ലോക മാദ്ധ്യമങ്ങൾ നിരത്തുന്ന കണക്കുകളും വിവരങ്ങളും പരിശോധിക്കുന്പോൾ വ്യക്തമാകുന്നത് മേൽപ്പറ‌ഞ്ഞ ചൈന വളഞ്ഞിട്ട് ആരാലും ആക്രമിക്കപ്പെടുന്ന ഇരയല്ല മറിച്ച് ആഫ്രിക്കയിലും ഏഷ്യയിലുമായി നിരവധി രാജ്യങ്ങളെ വളഞ്ഞുപിടിച്ച് ആ മണ്ണുകളിൽ സ്വാധീനവും അധീശത്വവും അരക്കിട്ടുറപ്പിക്കാൻ നീക്കം തുടരുന്ന ആധുനിക അധിനിവേശ ശക്തിയാണ് എന്നാണ്. നമ്മുടെ നേതാക്കൾ ചാർത്തിക്കൊടുക്കുന്ന ഇര പ്രതിശ്ചായയുടെ പുതപ്പിനുള്ളിലെ ചൈനയ്ക്ക് യഥാർത്ഥത്തിൽ ഇപ്പോൾ കൂടുതൽ സാമ്യം പഴയ ഈസ്റ്റ് ഇന്ത്യ കന്പനിയുമായാണ്. കച്ചവടത്തിനായെത്തിയ മണ്ണുകളിലെല്ലാം അധീശത്വമുറപ്പിച്ച സാക്ഷാൽ ഈസ്റ്റ് ഇന്ത്യ കന്പനി. 

ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖം 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിനു കൊടുത്തതുമായി ബന്ധപ്പെട്ട് സി.എൻ.എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആഗോള അധിനിവേശ ശക്തിയെന്ന നിലയിൽ ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ളത് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ്. ശ്രീലങ്കയുടെ തെക്കേ അറ്റത്താണ് മഗന്പുര മഹീന്ത രജപക്സേ തുറമുഖം. ഹന്പൻടോട്ട തുറമുഖമെന്നാണ് വിളിപ്പേര്. 2004ലെ സുനാമിയിൽ തകർന്നടിഞ്ഞ തുറമുഖ നഗരമാണ് ഹന്പൻടോട്ട. ഹന്പൻടോട്ടയുടെ പുനരുജ്ജീവനമായിരുന്നു തുറമുഖ പദ്ധതിയിലൂടെ ശ്രീലങ്ക ലക്ഷ്യമിട്ടത്. വാസ്തവത്തിൽ ഇതിനായി ആദ്യം അവർ സമീപിച്ചത് അയൽക്കാരും അടുത്ത പങ്കാളികളുമായ ഇന്ത്യയെ ആയിരുന്നു. എന്നാൽ സ്വന്തം തുറമുഖങ്ങളെക്കുറിച്ചുള്ള കരുതലും ലാഭസാദ്ധ്യതയുടെ അഭാവവും മൂലം ഇന്ത്യ പദ്ധതിയോട് താൽപ്പര്യം കാട്ടിയില്ല. നയപരമായ വലിയൊരു അബദ്ധമായിരുന്നു ഇന്ത്യ അന്നു ചെയ്തത് എന്നതിന് തെളിവായി ഹന്പൻടോട്ട തുറമുഖം വളർന്നുകൊണ്ടേയിരിക്കുന്നു.

ഇന്ത്യ മുഖം തിരിക്കുന്നതും കാത്തിരുന്ന പോലെയാണ് ചൈന പദ്ധതി ഏറ്റെടുത്തത്. 2010ൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. 200 ദശലക്ഷം ഡോളറിൻ്റെ ചൈനീസ് സഹായത്തോടെയായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായത്. ഹന്പൻടോട്ട ഒരിക്കലും ലാഭകരമാവുന്ന പദ്ധതിയല്ല എന്ന് സാന്പത്തിക വിദഗ്ദ്ധരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ചൈനയ്ക്കും അത് അറിയാത്തതല്ല. എന്നിട്ടും ഒന്നും കാണാതെയല്ല പദ്ധതിക്കായി അവർ വൻ തുകകൾ വാരിയെറിയുന്നത്. ഇത് പൂർണ്ണമായും വെളിവായത് 2014ലാണ്. ചരക്കു നീക്കത്തിനായുള്ള ഹന്പൻടോട്ടയുടെ തീരത്ത് അന്ന് പ്രത്യക്ഷമായത് ചൈനീസ് നാവിക സേനയുടെ ഒരു പടക്കപ്പലായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക ശക്തി വർദ്ധിപ്പിക്കലെന്ന രഹസ്യ ലക്ഷ്യമായിരുന്നു ഹന്പൻടോട്ട തുറമുഖത്തിലൂടെ ചൈന സാധ്യമാക്കിയത്. ഇന്ത്യ അന്ന് അതിനെ അതി ശക്തമായി എതിർത്തു എങ്കിലും കാര്യമായ ഫലമുണ്ടായില്ല എന്നതാണ് വാസ്തവം. തുടർന്നും നിരവധി യുദ്ധക്കപ്പലുകളും അന്തർ വാഹിനികളുമെല്ലാം ഹന്പൻടോട്ടയിൽ വന്നു പോയി. ഇന്ധനം നിറയ്ക്കൽ മാത്രമാണ് അവയുടെ ലക്ഷ്യമെന്ന് ലങ്കയും ചൈനയും പറയുന്നുണ്ടെങ്കിലും ഹന്പൻടോട്ട ചൈനയുടെ വിശ്വസ്ത താവളമായി മാറിക്കഴിഞ്ഞു എന്നതാണ് വാസ്തവം. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ മാറിവന്ന ഇന്ത്യൻ ഭരണകൂടവും മയക്കം വിട്ടുണർന്നു. ഇതിൻ്റെ ഫലമായിരുന്നു ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ കൊല്ലം നടന്ന മലബാർ സംയുക്ത സൈനീകാഭ്യാസം. രണ്ടു ദശാബ്ദത്തിനിടെ മേഖലയിൽ നടന്ന ഏറ്റവും വലിയ സംയുക്ത സൈനീകാഭ്യാസമായിരുന്നു ഇത്. അഭ്യാസത്തിൽ ജപ്പാനും അമേരിക്കയുമായിരുന്നു ഇന്ത്യൻ സേനയുടെ പങ്കാളികൾ. ഇതിനൊപ്പം ഹന്പൻടോട്ട വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനും ഇന്ത്യ കൊണ്ടുപിടിച്ച നീക്കങ്ങൾ നടത്തുന്നുണ്ട്. ചൈന വികസിപ്പിച്ച ഹന്പൻടോട്ട വിമാനത്താവളത്തിൻ്റെ നിയന്ത്രണം കൈയടക്കാനായാൽ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. എന്നാൽ നൂറാണ്ടോളം കാലത്തേക്ക് ഹന്പൻടോട്ട തുറമുഖത്തിൻ്റെ നിയന്ത്രംണം സ്വന്തമാക്കിയ ചൈനീസ് നേട്ടത്തിൻ്റെ അടുത്തെങ്ങുമെത്താനാവില്ല അതിനും. ഇന്ത്യക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുമായുള്ള സാന്പത്തിക ഉടന്പടികളിലും ഇടപാടുകളിലും കൂടെ നമുക്കു ചുറ്റും ബന്ധങ്ങളുടെ മുത്തുമാല കൊരുക്കുകയാണ് ചൈന. ഈ മുത്തുമാലയിലെ ഏറ്റവും വിലപ്പെട്ട മുത്തുകളിലൊന്നാണ് ഹന്പൻടോട്ട എന്നാണ് ചൈന പറയുന്നത്.

ഇന്ത്യൻ മഹാ സമുദ്രത്തിലെ ചൈനീസ് മുത്തുമാലയിൽ ഇനിയുമുണ്ട് ഏറെ മുത്തുകൾ. ഏറെക്കാലമായി ഇന്ത്യയുടെ അടുത്ത ചങ്ങാതിയാണ് മാൽഡീവ്സ് എന്ന് മാലിദ്വീപ്. മാലിദ്വീപിലെ സൈനീക അട്ടിമറിയടക്കം പരാജയപ്പെടുത്തിയത് ഇന്ത്യയായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ആ രാജ്യത്തും ചൈന ശക്തമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞു. വിമാനത്താവളങ്ങളും പാലങ്ങളുമടക്കം വലിയ നിർമ്മാണപ്രവർത്തനങ്ങളാണ് ചൈന അവിടെ നടത്തുന്നത്. ഇതിൽ പലതും വലിയ സാന്പത്തിക ബാദ്ധ്യതയാണ് ആ രാജ്യത്തിനുണ്ടാക്കുന്നത്. ആ ബാദ്ധ്യത ഒരിക്കലും അവർക്ക് തിരിച്ചുകൊടുക്കാനുമാവില്ലെന്ന് സാന്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇവയിൽ ചിലതിനുള്ള ബാദ്ധ്യത തീർക്കാൻ രാജ്യത്തെ 16 ദ്വീപുകൾ ചൈനയ്ക്കു കൈമാറിയതായി റിപ്പോർട്ടുണ്ട്. 

ഇന്ത്യയുടെ സഹോദരരാഷ്ട്രമെന്നു വിലയിരുത്താവുന്ന രണ്ടു രാജ്യങ്ങലിലൊന്നാണ് ബംഗ്ലദേശ്. വിഭജനത്തിനുശേഷവും അതിവിശാലമായ കൊടുക്കൽ വാങ്ങലുകളാണ് ഇന്ത്യക്കും ബംഗ്ലദേശിനും തമ്മിലുള്ളത്. ബംഗ്ലദേശിനു മേലുള്ള ഇന്ത്യൻ സ്വാധീനം അതിൻ്റെ രൂപീകരണം തൊട്ടിങ്ങോട്ട് അതിശക്തമാണ്. ആ സ്വാധീനത്തിന് ഇടിവു തട്ടും വിധമാണ് ആ രാജ്യത്തിന് പുതുതായി ചൈന നൽകുന്ന സാന്പത്തിക സഹായ പദ്ധതികൾ. കഴിഞ്ഞ ഒക്ടോബറിൽ 24.05 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ സാന്പത്തിക സഹായമാണ് ചൈന പ്രഖ്യാപിച്ചത്. 34 പദ്ധതികളിലായാണ് ഇത്രയും തുക നിക്ഷേപിക്കുന്നത്. ചൈനീസ് സ്വാധീനമുറപ്പിക്കുന്നതിനായുള്ള നവീന പട്ടുപാത യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ അതീവ നിർണ്ണായകമാണ് ബംഗ്ലദേശിൻ്റെ ചങ്ങാത്തം. ബംഗ്ലദേശുമായുള്ള ചൈനയുടെ അതിരുവിട്ട സൗഹാർദ്ദം അരുണാചലിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക ഉയർത്തുന്നതാണ്. 

മ്യാൻമറാണ് അടുത്ത രാജ്യം. നൂറ്റാണ്ടുകളായി മ്യാൻമർ ചൈന ബന്ധം അതിശക്തമാണ്. മ്യാൻമറിലെ മിസ്റ്റോൺ അണക്കെട്ടിൻ്റെയും ക്യോക്യു തുറമുഖത്തിൻെറയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വലിയ തുകയാണ് ചൈന ചെലവിടുന്നത്. എന്നാൽ മ്യാൻമറിൽ ജപ്പാൻ്റെയും സിംഗപ്പൂരിൻ്റെയും സ്വാധീനം ക്രമേണ വർദ്ധിക്കുന്നുണ്ട്. ഇത് എങ്ങനെയും മുതലെടുക്കാൻ ഇന്ത്യ നീക്കങ്ങളാരംഭിച്ചിട്ടുമുണ്ട്.

പക്ഷേ പാകിസ്ഥാൻ്റെ കാര്യം വരുന്പോൾ ചിത്രം പാടേ മാറുന്നു. ചൈനീസ് നിക്ഷേപവും നിർമ്മിതികളും ഇത്തരത്തിൽ മുന്നേറിയാൽ പാകിസ്ഥാൻ അവരുടെ സാമന്തരാഷ്ട്രമെന്ന നിലയിലേക്ക് പോലും നീങ്ങാനുള്ള സാദ്ധ്യത ഏറെയാണെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു. ചൈനയുടെ തെക്കൻ പർവ്വത പ്രദേശമായ കാഷ്ഗാർ മേഖലയെ പാക് മണ്ണുവഴി അറബിക്കടലുമായി ബന്ധപ്പെടുത്താനാണ് ചൈനയുടെ നീക്കം. ഈ പദ്ധതിയുടെ ഭാഗമായി പാകിസ്ഥാ
ൻ്റെ തെക്കുപടിഞ്ഞാറൻ തീരത്തെ ഗ്വാദാറിൽ വലിയൊരു തുറമുഖ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തങ്ങോളമിങ്ങോളം അതിവേഗ പാതകളും വിമാനത്താവളങ്ങളുമെല്ലാം നിർമ്മിക്കാനുള്ള അനവധി പദ്ധതികളാണ് ചൈന ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ അതിശക്തമായ വെല്ലുവിളിയാണ് പാകിസ്ഥാനിലെ നിർമ്മാണ പ്രവർത്തനങ്ങളും നിക്ഷേപവും വഴി ചൈന ഉറപ്പാക്കുന്നത്. നേപ്പാളിലെ ചൈനീസ് സ്വാധീനം ഇനി പ്രത്യേകം പരാമർശിക്കേണ്ട കാര്യമില്ല. ഭരണത്തിൽ പോലും അവരുടെ സ്വാധീനം ഉണ്ടെന്ന ആരോപണം പണ്ടേയുണ്ട്. 

അങ്ങനെ വരുന്പോൾ വളഞ്ഞിട്ടാക്രമിക്കപ്പെടുന്നത് ചൈനയല്ല നമ്മുടെ മാതൃരാജ്യം തന്നെ എന്നത് പകൽ പോലെ വ്യക്തം. എന്നാലിത് ഇന്ത്യയുടെ മാത്രം കാര്യമല്ല എന്നതാണ് വാസ്തവം. കഴി‌‌ഞ്ഞ ദിവസം ലോകസഞ്ചാരിയായ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ സന്തോഷ് ജോർജ് കുളങ്ങര എത്യോപ്യൻ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കവേ നടത്തിയ ഒരു നിരീക്ഷണം ഇതു ശരി വയ്ക്കുന്നു. ആദ്യമായി എത്യോപ്യയിൽ പോയപ്പോൾ അദ്ദേഹം കണ്ടത് ഒരു പട്ടിണി രാജ്യത്തെ ആയിരുന്നു. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്തിടെ ആ രാജ്യത്ത് വീണ്ടുമെത്തിയപ്പൊൾ താൻ കണ്ടത് വികസന കാര്യത്തിൽ ദുബൈയോടു മൽസരിക്കുന്ന ഒരു രാജ്യത്തെ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയുടെ അളവില്ലാത്ത നിക്ഷേപവും പദ്ധതിനടത്തിപ്പുമായിരുന്ന ആ മാറ്റത്തിനു കാരണം. നിക്ഷേപത്തിൽ ഭൂരിപക്ഷവും കിട്ടാക്കടങ്ങൾ തന്നെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സ്വന്തം താൽപ്പര്യങ്ങൾ നടപ്പാക്കാനുദ്ദേശിച്ചു തന്നെയാണ് ഇത്തരം കിട്ടാക്കട നിക്ഷേപങ്ങൾ എന്നുറപ്പ്. അവികസിസിതമായ ആഫ്രിക്കൻ രാജ്യങ്ങൾ പലതും പക്ഷേ അസംസ്കൃത വസ്തുക്കൾ കൊണ്ട് അതിസന്പന്നമാണ്. ഈ അസംസ്കൃത വസ്തുക്കൾ ചൂഷണം ചെയ്യാനുദ്ദേശിച്ചു തന്നെയാണ് ചൈന പല ആഫ്രിക്കൻ രാജ്യങ്ങൾക്കും കൈയയച്ചു സംഭാവന നൽകുന്നത്. 1673ലധികം പദ്ധതികളാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പത്തു ലക്ഷത്തിലധികം ചൈനക്കാർ ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ഇപ്പോൾ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലുണ്ട് എന്നത് ചൈനീസ് സഹായങ്ങളുടെ അധിനിവേശ സ്വഭാവം വ്യക്തമാക്കുന്നു. ചൈനീസ് പദ്ധതികൾക്കായി അതാതു രാജ്യങ്ങളിലെ തൊഴിലാളികളെ കാര്യമായി ഉപയോഗിക്കുന്നില്ല. പാകിസ്ഥാനിൽ വിവിധ പദ്ധതികൾക്കായി ഇപ്പോൾ തന്നെ 30000 ചൈനക്കാർ പ്രവർത്തിക്കുന്നു. ഇവർ പാകിസ്ഥാനിൽ നിന്നും തങ്ങളുടെ ആവശ്യത്തിനായി ഒരു മൊട്ടു സൂചിപോലും വാങ്ങുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. 

ആഗോള സ്വാധീനമുറപ്പിക്കലാണ് ചൈനയുടെ ആത്യന്തിക ലക്ഷ്യം എന്നത് പകൽ പോലെ വ്യക്തം. സാന്പത്തിക ലാഭമല്ല അവരുടെ ഇടപാടുകളിൽ പലതിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യം. പുരാതന കാലത്തെ പട്ടുപാത സാന്പത്തിക കൈമാറ്റങ്ങൾക്കു വേണ്ടിയായിരുന്നു എങ്കിൽ വർത്തമാന കാലത്ത് പുത്തനൊരു പട്ടുപാതയ്ക്കായി ചൈന നീക്കങ്ങൾ ശക്തമാക്കുന്നതിനു പിന്നിലെ താൽപ്പര്യം കേവലം കച്ചവടമല്ല. നമ്മുടെ സ്വന്തം നാട്ടിലെ കഴുത്തറപ്പൻ ബ്ലേഡുകാരെ കടത്തിൽ കുടുക്കി കുരുക്കി അധീശത്വം ഉറപ്പിക്കുക എന്നതു തന്നെയാണ് ചൈനയുടെ പുതിയ തന്ത്രം. വളഞ്ഞിട്ടാക്രമിക്കപ്പെടുന്നു എന്ന് വിശേഷിപ്പിക്കുന്നവർ നമ്മളെ വളയുന്നത് കണ്ടില്ലെങ്കിൽ അങ്ങനെയുള്ളവരുടെ ഭാവി വളരെ നല്ലതാവില്ല എന്നുറപ്പ്.

You might also like

Most Viewed