പു­തു­ച്ചേ­രി­ ഓട്ടത്തി­ന്റെ­ കാ­ണാ­പ്പു­റങ്ങൾ


ജെ. ബിന്ദുരാജ്

ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ നിസ്സാരമായി കാണാവുന്ന ഒന്നല്ല. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിനിടയിൽ മാത്രം കേരളത്തിൽ നിന്നുള്ള കാൽ ലക്ഷത്തോളം ആഢംബര വാഹനങ്ങളാണ് നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ അന്പതു ലക്ഷത്തിലധികം വിലവരുന്ന 2356 കാറുകളാണുള്ളത്. ചലച്ചിത്രതാരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ, അമലാ പോൾ തുടങ്ങിയവരൊക്കെ തന്നെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തതോടെ കേരളത്തിൽ നിന്നും വാഹനം വാങ്ങി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തവരെല്ലാം തന്നെ നികുതി വെട്ടിപ്പുകാരായി കണക്കാക്കപ്പെട്ടു. നോട്ടീസ് നൽകിയിട്ടും പിഴയും നികുതിയും അടയ്ക്കാത്ത പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ചെടുക്കാനും റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാനും ആർടിഒമാർക്ക് തുടർന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. നികുതി വെട്ടിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും അതിന് ഇടനിലക്കാരാകുകയും ചെയ്തുവെന്ന കാരണത്താൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള 11 കാർ ഡീലർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസ്സെടുക്കുകയും ചെയ്തു. 

കേരളത്തിന് കോടിക്കണക്കിനു രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്ന ഈ പ്രവൃത്തി എന്തുകൊണ്ടാണ് ഇക്കാലമത്രയും കേരളത്തിൽ നടന്നുപോന്നത്? ആർടിഒമാരുടെ പിന്തുണയില്ലാതെ എങ്ങനെയാണ് കേരളത്തിലെ വാഹനഡീലർമാർക്ക് പുതുച്ചേരിയിൽ ഇടപാടുകാരന് വിലാസമുണ്ടെന്ന സാക്ഷ്യപത്രം സംഘടിപ്പിക്കാനാകുക? റോഡ് നികുതിഘടനയിൽ മാറ്റം വരുത്തുന്നപക്ഷം കേരളത്തിൽ തന്നെ ആഢംബര കാറുകൾ രജിസ്റ്റർ ചെയ്യാൻ വാഹനഉടമകളെ പ്രേരിപ്പിക്കുകയും കൂടുതൽ കച്ചവടം ഉറപ്പാക്കി ജിഎസ്ടിയിലൂടെ കൂടുതൽ വരുമാനം നേടാൻ കേരളത്തിനാവില്ലേ? എന്തുകൊണ്ടാണ് കേരളത്തിലെ റോഡ് നികുതി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാളധികമായി നിലനിർത്തിയിരിക്കുന്നത്? ന്യായമായ സംശയങ്ങളാണ് ഇവയെല്ലാം തന്നെ. ഇതിനൊന്നും വ്യക്തമായ ഒരു മറുപടി കേരള സർക്കാർ ഇതുവരെയും നൽകിയിട്ടുമില്ല. നിലവിലെ പുതുച്ചേരി രജിസ്‌ട്രേഷൻ കാർ വേട്ടയാകട്ടെ, കേരളത്തിനു പുറത്തു നിന്നും കാറുകൾ വാങ്ങി പുതുച്ചേരിയിൽ അത് രജിസ്റ്റർ ചെയ്യുന്ന രീതി അവലംബിക്കാൻ പലരേയും പ്രേരിപ്പിച്ചിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ വാഹനക്കച്ചവടം കുറയാനല്ലാതെ മറ്റൊന്നിനും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിവയ്ക്കുകയില്ലെന്നതാണ് അതിന്റെ മറുവശം. 

പ്രശ്‌നത്തിന്റെ വശങ്ങൾ ഒന്നൊന്നായി വിശദമായി പരിശോധിക്കാം. കേരളത്തിലെ വാഹന നികുതി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് കേരളത്തിൽ നിന്നും വാങ്ങിയ വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യാനുള്ള കാരണം. ഇന്ത്യയിൽ ആഡംബര വാഹനങ്ങളിൽ പത്തു ശതമാനവും വിൽക്കുന്നത് കേരളത്തിലാണെന്നിരിക്കേ, ആഢംബര വാഹനങ്ങളിൽ നിന്നും പരമാവധി നികുതി പിരിച്ചാൽ തന്നെ റവന്യൂ കമ്മി സംസ്ഥാനമായ കേരളത്തിന് പച്ചപിടിക്കാനാകുമെന്ന കണ്ടെത്തലാണ് 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 20 ശതമാനം നികുതി എന്ന ഭീമമായ തുകയിലേക്ക് കേരളത്തിലെ റോഡ് ടാക്സ് എത്താനുള്ള കാരണം. പണമുള്ളവനെ പരമാവധി പിഴിയുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിലും അതിൽ നിന്നും നേട്ടമുണ്ടാക്കാൻ പോകുന്നത് ഇതര സംസ്ഥാനങ്ങളാണെന്നതാണ് വാസ്തവം. 

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാൻ ജിഎസ്ടി സർട്ടിഫിക്കറ്റോ ലേബർ കമ്മീഷൻ സർട്ടിഫിക്കറ്റോ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് സർട്ടിഫിക്കറ്റോ എൽഐസി പോളിസിയോ ഒക്കെ വാഹന രജിസ്ട്രേഷനുള്ള സർട്ടിഫിക്കറ്റായി അംഗീകരിക്കുന്നതിനാൽ അവിടെ ഇതര സംസ്ഥാനക്കാർക്ക് വാഹനം രജിസ്റ്റർ ചെയ്യുന്നത് എളുപ്പമുള്ള കാര്യമാണ്. കേരളത്തിലെ ആർടിഒ വാഹനം വാങ്ങിയ വ്യക്തിക്ക് അവിടെ വിലാസമുണ്ടെന്ന് കണ്ടെത്തി സാക്ഷ്യപത്രം നൽകിയാൽ മാത്രമേ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാനാകുവെന്നിരിക്കേ, എങ്ങനെയാണ് ഇത്രയധികം വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നത് വിരൽ ചൂണ്ടുന്നത് കേരളത്തിലെ ആർടിഒ−മാർ നടത്തിയ വന്പൻ അഴിമതികളിലേക്ക് തന്നെയാണ്. വാഹനം വാങ്ങിയ വ്യക്തിയിൽ നിന്നും ഡീലറിലൂടെ 20,000 രൂപ മുതൽ 50,000 രൂപ വരെ കൈക്കൂലി ഇതിനായി ആർടിഒ−കൾക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം. പുതുച്ചേരി രജിസ്ട്രേഷന് ഡീലർമാരാണ് ഒത്താശ ചെയ്തുകൊടുക്കുന്നതെന്നു വന്നാൽ ഡീലർമാരെ ആർടിഒ−മാർ എങ്ങനെയൊക്കെയാണ് സഹായിച്ചിട്ടുള്ളതെന്ന വിവരങ്ങളും പുറത്തുവരുമെന്നുറപ്പ്. 

ഇനി ചില വസ്തുതകൾ പരിശോധിക്കാം. മോട്ടോർ വാഹനവകുപ്പിന്റെ നിയമപ്രകാരം ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഒരു വാഹനം ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തും 12 മാസത്തോളം ഉപയോഗിക്കുന്നതിൽ യാതൊരു വിലക്കുമില്ല. ഒരു വർഷത്തിനുശേഷം മാത്രമേ വാഹനം ഇപ്പോഴുള്ള സ്ഥലത്തെ ആർടിഒ−യിൽ നിന്നും വാഹനം അവിടെ തന്നെ തുടരാനുള്ള അനുമതി തേടേണ്ടതുള്ളു. കർണാടക ഹൈക്കോടതി 2016 മാർച്ച് 10−ന് പുറത്തിറക്കിയ ഉത്തരവിൽ ഇതു സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്തമായ ഉത്തരമാകുന്നുമുണ്ട്. നിലവിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം അതുകൊണ്ടു തന്നെ ഒരു വർഷത്തോളം കേരളത്തിൽ ഉപയോഗിച്ചാൽ അതിന്റെ പേരിൽ കേസ്സെടുക്കാൻ ക്രൈംബ്രാഞ്ചിനോ ആർടിഒ−യ്ക്കോ അധികാരമില്ലെന്നിരിക്കേയാണ് അറുനൂറിലേറെ പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾക്ക് ആർടിഒ−കൾ ഇപ്പോൾ നോട്ടീസ് അയച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ നിലവിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ പല പിഴവുകളും അവ്യക്തതകളും കണ്ടെത്താനാകുമെന്നു ചുരുക്കം. 

കേരള സർക്കാർ ഈടാക്കുന്ന റോഡ് നികുതി എങ്ങനെയാണ് കേരളത്തിൽ നിന്നും വാഹനക്കച്ചവടം ഇതര സംസ്ഥാനങ്ങളിലേക്ക് പോകാൻ ഇടയാക്കുന്നതെന്ന് ഇനി പരിശോധിക്കാം. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെ റോഡ് നികുതിയുമായി കേരളത്തിലെ റോഡ് നികുതി താരതമ്യം ചെയ്തു നോക്കുന്നത് നന്നായിരിക്കും. ‘കേരളത്തിൽ ആഢംബര കാറുകളുടെ റോഡ് നികുതി 20 ശതമാനമാണ്. എന്നാൽ അയൽ സംസ്ഥാനമായ പുതുച്ചേരിയിൽ 20 ലക്ഷം രൂപയ്ക്ക് മേൽ വിലയുള്ള കാർ രജിസ്റ്റർ ചെയ്യുന്നതിന് പരമാവധി 1,02,500 രൂപ മാത്രമേ നൽകേണ്ടതുള്ളു. അതേപോലെ പുതുച്ചേരിയിൽ 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള കാറിന് കേവലം 52,000 രൂപ മാത്രമേ നികുതി നൽകേണ്ടതുള്ളു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇത്തരത്തിലുള്ള കനത്ത റോഡ് നികുതി മൂലം കേരളത്തിന് കുറഞ്ഞത് 897 കോടി രൂപയുടെയെങ്കിലും നഷ്ടം റോഡ് നികുതിയിനത്തിൽ ഉണ്ടായിട്ടുണ്ട്,’ കേരള ഓട്ടോമോട്ടീവ് ഡീലർ അസോസിയേഷന്റെ (കാഡ) പ്രസിഡണ്ട് സാബു ജോണി പറയുന്നു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള ആഢംബര വാഹനങ്ങൾക്ക് 20 ലക്ഷം രൂപയാണ് ഫ്ളാറ്റ് നികുതി. അതായത് കേരളത്തിൽ രണ്ടു കോടി രൂപ വിലയുള്ള ഒരു കാറിന് 40 ലക്ഷം രൂപ നികുതി നൽകേണ്ടി വരുന്പോൾ മഹാരാഷ്ട്രയിൽ 20 ലക്ഷം രൂപ മാത്രമേ അതിന് നൽകേണ്ടതായി വരുന്നുള്ളുവെന്ന് ചുരുക്കം. ഇതുമൂലം കേരളത്തിൽ നിന്നും വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ പോലും തങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ ഓഫീസുകൾ ഉള്ളതിനാൽ അവിടെ നിന്നും വാഹനം വാങ്ങി പുതുച്ചേരിയിൽ കുറഞ്ഞ നിരക്കിൽ വാഹനം രജിസ്റ്റർ ചെയ്യാൻ ഇടയാക്കുന്നു. അതിനർത്ഥം പുതുച്ചേരി രജിസ്ട്രേഷൻ വിഷയത്തിൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതിലൂടെ ജിഎസ്ടിയിലൂടേയും സെസ്സിലൂടെയും സർക്കാരിന് ലഭിക്കേണ്ട വലിയൊരു തുക സർക്കാർ കളഞ്ഞുകുളിക്കുന്നുവെന്നാണ്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് 53 ശതമാനമാണ് ജിഎസ്ടി. ഇതിന്റെ പകുതി കേരള സർക്കാരിനുള്ളതാണ്. പോരാത്തതിന് കേരളത്തിലെ വാഹനഡീലർഷിപ്പുകളെ ഇത് പ്രതിസന്ധിയിലേക്ക് എത്തിക്കുകയും ചെയ്യും. 

എന്താണ് അപ്പോൾ ഇതിനൊരു പരിഹാരം? ആഢംബര വാഹനങ്ങളേക്കാൾ കൂടുതൽ ഇന്ത്യയിലുടനീളം വിറ്റുപോകുന്നത് അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിലുള്ള വാഹനങ്ങളാണെന്നിരിക്കേ, അത്തരം വാഹനങ്ങൾക്ക് റോഡ് നികുതി വർധിപ്പിച്ചാൽ ആ വാഹനങ്ങളിൽ നിന്നും സർക്കാരിന് വലിയൊരു വരുമാനം നേടിയെടുക്കാനാകും. ചെറിയ കാറുകൾ വാങ്ങുന്നവർ അത്തരം വാഹനങ്ങൾ പുതുച്ചേരിയിൽ കൊണ്ടുപോയി രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും വിരളമാണ്. ചെറിയ കാറുകൾക്ക് കൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടെന്നത് അവയുടെ മാതൃക കേരളത്തിനും അനുവർത്തിക്കാവുന്ന ഒന്നാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയും കർണാടകയുമൊക്കെ ആ നയം പിന്തുടരുന്ന സംസ്ഥാനങ്ങളാണ്. കർണാടകത്തിൽ അഞ്ചു ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകൾക്ക് 14.4 ശതമാനവും മഹാരാഷ്ട്രയിൽ 11 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. കേരളത്തിൽ ഇത് കേവലം ആറു ശതമാണെന്ന് അറിയുക. 30 ലക്ഷത്തിനു മുകളിലുള്ള എല്ലാ കാറുകൾക്കും കേരളത്തിൽ 20 ശതമാനം റോഡ് ടാക്സ് കൊടുക്കണമെങ്കിൽ ദൽഹിയിൽ രണ്ടു കോടി രൂപ വരെയുള്ള കാറിന് 12.5 ശതമാനവും മഹാരാഷ്ട്രയിൽ 30 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ വിലയുള്ള കാറിന് 13 ശതമാനവും ഒരു കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ കാറുകൾക്കും ഫ്ളാറ്റ് നികുതിയായ 20 ലക്ഷം രൂപ നൽകിയാൽ മതിയാകും. പുതുച്ചേരിയിലാണെങ്കിൽ അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള കാറു മുതൽ 10 ലക്ഷം രൂപ വിലയുള്ള കാറുകൾക്ക് വരെ കേവലം 10,500 രൂപയും 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകൾക്ക് 1,02,500 രൂപയും റോഡ് നികുതി നൽകിയാൽ മതിയാകും. 

15 വർഷത്തെ ലൈഫ് ടാക്സ് ആണ് ആഢംബര കാറുകളുടെ രജിസ്ട്രേഷനിൽ നിന്നും കേരളത്തെ അകറ്റുന്ന മറ്റൊരു കാര്യം. ‘രണ്ടു കോടി രൂപയ്ക്കു മേലെയുള്ള ആഢംബര വാഹനങ്ങൾ ഒരു വർഷത്തിൽ പരമാവധി 10,000 കിലോമീറ്ററിൽ താഴെ മാത്രമേ സഞ്ചരിക്കാറുള്ളു. 20 ശതമാനം റോഡ് ടാക്സ് കൊടുക്കുന്ന ആ കാറുകൾക്കൊന്നും ഒരു തരത്തിലുള്ള പ്രവിലേജും നിരത്തിൽ ലഭിക്കുകയുമില്ല. നാലു വർഷത്തിലധികം ആരും തന്നെ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നതായും കണ്ടിട്ടില്ല. അപ്പോൾ സ്വാഭാവികമായും അഞ്ചു വർഷത്തേക്ക് നികുതി അടയ്ക്കാനാകുമെന്ന് വന്നാൽ വാഹനത്തിന്റെ വിലയിൽ വലിയ കുറവുണ്ടാക്കാൻ അത് സഹായിക്കും. വാഹനവിൽപന ഉയരുകയും ചെയ്യും. വാഹനം മറിച്ചുവിറ്റശേഷം വാങ്ങിയ ആൾ അടുത്ത അഞ്ചു വർഷത്തേക്കുള്ള നികുതി നൽകിയാൽ മതിയല്ലോ,’ സാബു ജോണി പറയുന്നു.

60 ലക്ഷം രൂപയ്ക്കുമേലെയുള്ള കാറിന് ലൈഫ് ടാക്സായി 12 ലക്ഷം രൂപ ഇപ്പോൾ നൽകണമെങ്കിൽ അഞ്ചു വർഷത്തേക്കായി അത് പരിമിതപ്പെടുത്തുന്പോൾ ആറു ലക്ഷം രൂപയേ ലൈഫ് ടാക്സ് നൽകേണ്ടി വരികയുള്ളുവെന്ന സവിശേഷതയുമുണ്ട്. ഇത് യൂസ്ഡ് കാർ വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. നിലവിൽ യൂസ്ഡ് കാറുകൾക്ക് 50 ശതമാനം ജിഎസ്ടി നൽകേണ്ടി വരുന്നതു മൂലം ഷോറൂമുകളിൽ കച്ചവടം കുറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. പുറത്തു നിന്നുമെത്തുന്ന യൂസ്ഡ് കാറുകൾക്ക് വില കുറവായതു മൂലം അവ വാങ്ങാനാണ് ഇപ്പോൾ ആവശ്യക്കാരും ശ്രമിക്കുന്നത്. ജിഎസ്ടി വന്നതോടെ വ്യക്തികൾ തമ്മിൽ പരസ്പരം കച്ചവടം നടത്തിക്കൊടുക്കുന്ന ഇടനിലക്കാരായി വർത്തിച്ച് ചില സ്ഥാപനങ്ങൾ ജിഎസ്ടി വെട്ടിച്ച് പണം സന്പാദിക്കുന്നുണ്ട്. 

ഇനി, കേരളത്തിൽ 2017−ൽ വിറ്റഴിഞ്ഞ വാഹനങ്ങളുടെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. മെർസിഡസ് ബെൻസ് (1054 എണ്ണം), പോർഷെ (54 , ഓഡി (361), ജാഗ്വർ ലാൻഡ്റോവർ (177), ബിഎംഡബ്ല്യു (984), വോൾവോ (134) എന്നിങ്ങനെയാണത്. ഇതിൽ തന്നെ 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള ഓഡി വിൽപനയുടെ 50 ശതമാനവും ജാഗ്വർ ലാൻഡ്റോവർ വിൽപനയുടെ 75 ശതമാനവും ബിഎംഡബ്ല്യു 50 ശതമാനവും വോൾവോ 85 ശതമാനവും വരും. ഇന്ത്യയിൽ ഏറ്റവുമധികം ആഢംബര കാറുകൾ വിറ്റത് മെർസിഡസ് ബെൻസാണ് (15,300 എണ്ണം), ബിഎംഡബ്ല്യു മിനിയും (9800), ഓഡി (7878), ജെഎൽആർ (3954), വോൾവോ (2029) പോർഷെ (435) എന്നിങ്ങനെയാണ് കണക്കുകൾ. വിലയിൽ മുന്പന്തിയിൽ നിൽക്കുന്ന പോർഷെ കേരളത്തിൽ 54 എണ്ണം ഈ കാലയളവിൽ വിറ്റുവെന്നും അറിയുക. ഇന്ത്യയിൽ മൊത്തം 39,394 ആഢംബര കാറുകളാണ് 2017−ൽ ഇക്കാലയളവിൽ വിറ്റത്. 

കേരളത്തിൽ വിറ്റഴിഞ്ഞ 2356 ആഢംബര കാറുകൾ പുതുച്ചേരിയിലാണ് രജിസ്റ്റർ ചെയ്തതെന്നിരിക്കേ, പുതുച്ചേരിയിൽ നിന്നും കേരളത്തിലേക്ക് വാഹന ഉടമകളെ ആകർഷിക്കാൻ കേരളത്തിലെ റോഡ് ടാക്സ് കുറയ്ക്കുകയാണ് ഏറ്റവും ഉചിതമായ പരിഹാരം. അതല്ലെങ്കിൽ 10 ലക്ഷം രൂപയിൽ താഴെപ്പോലും വീടും സ്ഥലവും ലഭിക്കുന്ന പുതുച്ചേരിയിൽ അത് വാങ്ങി വാഹനം അവിടെ രജിസ്റ്റർ ചെയ്യാനേ പലരും ശ്രമിക്കുകയുള്ളു. വാഹനഡീലർമാരാകട്ടെ, പുതുച്ചേരിയിൽ കെട്ടിടം വാടകയ്‌ക്കെടുത്ത് പല കാറുകളും അവിടെ രജിസ്റ്റർ ചെയ്യാൻ ഒത്താശ ചെയ്തു കൊടുക്കാൻ നീക്കങ്ങൾ നടത്തുകയും ചെയ്യും. അമലാ പോൾ പുതുച്ചേരിയിൽ വീട് വാടകയ്‌ക്കെടുത്തുവെന്നു പറയുന്ന അതേ കാലഘട്ടത്തിൽ അതേ വീടിന്റെ പേരിൽ മറ്റൊരാൾ ആഢംബര കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് നടിയെ കുരുക്കിയത്. അതിനൊപ്പം തന്നെ ചെറുകാറുകളുടെ നികുതി വർധിപ്പിക്കുന്നതിലൂടെ സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കാനും ഇടയാക്കും. ഒപ്പം ഫ്ളാറ്റ് നികുതികളും മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിൽ കൊണ്ടുവന്നാൽ കച്ചവടം വർധിക്കുകയും സർക്കാരിന്റെ ജിഎസ്ടി വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകുകയും ചെയ്യും. സർക്കാർ പ്രയോഗികമായ ഈ മാർഗങ്ങളിലൂടെ ചിന്തിച്ചാൽ പുതുച്ചേരിയിലേക്ക് നാട്ടുകാർ ഓടേണ്ട കാര്യമില്ല, സർക്കാരിന് ജിഎസ്ടിയിലൂടേയും ചെറുകാറുകളിലൂടെയും കൂടുതൽ നികുതിയും ലഭിക്കും!

You might also like

Most Viewed