അവസാനിക്കാത്ത യുദ്ധക്കൊതി...
ബിനു വല്ലന
സമീപ കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാക് പോരാണ് ലോക പോലീസെന്ന് ആലങ്കാരികമായി പേര് ചാർത്തപ്പെട്ട അമേരിക്കയുടെ പ്രസിഡണ്ടായ ഡോണൾഡ് ട്രംപും ഏകാധിപതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോൺ ഉന്നും തമ്മിൽ നടക്കുന്നത്. തങ്ങളുടെ സാന്പത്തികവും സൈനികവുമായ ശക്തികൊണ്ട് ലോകത്തെ എല്ലാ രാഷ്ട്രങ്ങളെയും വരുതിയിലാക്കാൻ നോക്കുന്ന അമേരിക്കയ്ക്കു മുന്നിൽ ചെറുതെങ്കിലും തങ്ങൾക്കുള്ള സൈനികശക്തി ഉപയോഗിച്ച് സാമ്രാജ്യത്വത്തിന് കീഴ്പ്പെടില്ല എന്ന് തന്റേടത്തോടെ മറുപടിയുമായി ഉന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. പരസ്പരമുള്ള ഈ പ്രകോപനങ്ങൾ ഏതു സമയത്തും അതിരു വിട്ട് ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിൽ ലോക സമൂഹവും. ഇവിടടെ ഈ രണ്ട് രാജ്യങ്ങളും ആണവശക്തികൾ ആണെന്നുമുള്ളതും ആശങ്ക വർദ്ധിപ്പിക്കുന്നു. ലോകചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം. എല്ലാ യുദ്ധങ്ങൾക്ക് പുറകിലും അധികാരത്തിനു വേണ്ടിയോ സാന്പത്തിക ചൂഷണത്തിനു വേണ്ടിയോ ഉള്ള മത്സരമായിരുന്നു എന്ന്.
ഏഷ്യൻ രാജ്യങ്ങളിലെ സന്പത്ത് അപഹരിക്കുന്നതിനു വേണ്ടി അതിപുരാതന കാലം മുതൽ തന്നെ യുറോപ്യൻ ഭരണാധികാരികൾ തങ്ങളുടെ സൈന്യത്തെ അയക്കുകയും പല നാട്ടുരാജ്യങ്ങളും അവരുടെ അധീനതയിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 18ാം നൂറ്റാണ്ടിൽ ബ്രിട്ടൺ ഇന്ത്യയെ പൂർണ്ണമായി കീഴ്പ്പെടുത്തിയും അവരുടെ ബിസിനസ് താൽപര്യം മുൻനിർത്തിയായിരുന്നു. എതിർ സ്വരങ്ങളെ ഇല്ലാതാക്കാനും യുദ്ധം തന്നെയായിരുന്നു എന്നും അവലംബിച്ചിരുന്നത്.
ഏറ്റവും അടുത്ത ദശകങ്ങളിലേക്ക് നോക്കിയാൽ 1990ലെ കുവൈറ്റ് യുദ്ധം, തുടർന്ന് 2003ൽ അമേരിക്ക നടത്തിയ ഇറാഖ് യുദ്ധം ഇവയ്ക്കു പിന്നിൽ അതതു ദേശത്തുള്ള എണ്ണ സന്പത്തിൽ കണ്ണു വെച്ചു കൊണ്ടായിരുന്നു. പുറമെ പറയുന്ന കാരണങ്ങൾ ഏതുമല്ലെങ്കിലും.
സാന്പത്തികമായും പൈതൃകമായും മികച്ചു നിന്ന ഒരു രാജ്യമായ ഇറാഖിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെയാണ് യുദ്ധം ഒരു ദേശത്തെ നശിപ്പിക്കുന്നത് എന്ന് ചരിത്ര പുസ്തകത്തിന് പുറത്ത് നാം നേരിട്ട് കണ്ട കാഴ്ചയാണ്. ഒരു യുദ്ധ സാഹചര്യം സൃഷ്ടിക്കാൻ തങ്ങളുടെ ഏറാൻമൂളികളായ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നിറം പിടിപ്പിച്ച കഥകളും പെരുപ്പിച്ച കണക്കുകളും അവതരിപ്പിച്ചു. പിൽക്കാലത്ത് എല്ലാം തെറ്റായിരുന്നു എന്ന് അതിൽ പങ്കെടുത്തുവർ തന്നെ വിളിച്ചു പറയുന്ന സ്ഥിതിയും വന്നു. അതിന്റെ തുടർച്ചയെന്നോണം പശ്ചിമേഷ്യയിൽ ഇന്നും അരാജകത്വം നിലനിൽക്കുന്നു. ഇന്ന് വടക്കൻ കൊറിയയെക്കുറിച്ച് കേൾക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്ന് അനുമാനിക്കാൻ ഈ കഴിഞ്ഞ കാല അനുഭവങ്ങൾ ഉപകരിക്കും. 1917ലെ മഹത്തായ ഒക്ടോബർ വിപ്ലവവും അതിനെ തുടർന്ന് രൂപം കൊണ്ട സോവിയേറ്റ് യൂണിയന്റെ തകർച്ച 1991നു ശേഷം ലോകത്ത് അമേരിക്കയ്ക്ക് ഒരു മേൽക്കൈ നേടിക്കൊടുത്തു. ഇത് യാതൊരു തത്ത്വദീക്ഷയുമില്ലാതെ അശക്തരായ രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയെ സഹായിച്ചു. യുദ്ധത്തിലൂടെ തങ്ങളുടെ ആയുധങ്ങൾ വിറ്റഴിച്ചും യുദ്ധാനന്തര പാപ സർക്കാരുകളിലൂടെ തങ്ങളുടെ കന്പനികൾക്ക് പുനരുദ്ധാരണ കരാറുകൾ നേടിയെടുത്തും തങ്ങളുടെ സാന്പത്തിക ഭദ്രതയാണ് ലക്ഷ്യം വെയ്ക്കുന്നത്.
ആധുനിക ലോകത്ത് സാന്പത്തിക നേട്ടത്തിന് പറ്റിയ മാർഗം യുദ്ധമെന്ന് മനസിലാക്കിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ കക്ഷികൾ ലോകത്ത് എവിടെയെല്ലാം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പറ്റുമോ എന്ന് നേക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനുമായി നടക്കുന്ന വാക്പോരുകളും ശ്രദ്ധയാകർഷിക്കുന്നത്.
വളർന്നു വരുന്ന സാന്പത്തിക ശക്തിയായ ഇന്ത്യയാണ് തങ്ങളുടെ പരന്പരാഗത പങ്കാളിയായ പാകിസ്ഥാനെക്കാൾ തങ്ങളുടെ താൽപര്യത്തിന് നല്ലതെന്ന തിരിച്ചറിവാണ് അമേരിക്കയെ ഇന്ത്യയുമായി അടുക്കാൻ പ്രേരിപ്പിച്ചത്. മാറി വന്ന ഇന്ത്യൻ സാഹചര്യം അവർ ശരിക്കും ഉപയോഗിച്ചു. അതിനുവേണ്ടി തങ്ങളുടെ കൂട്ടാളികളെ കൊണ്ട് ഇന്ത്യയെ പുകഴ്ത്താനും മടിച്ചില്ല. മീഡിയയിസത്തിൽ ഭ്രമിച്ചു നടക്കുന്ന ഇന്ത്യൻ ഭരണവർഗ്ഗം മറ്റെല്ലാ കീഴ്്വഴക്കങ്ങളും ലംഘിച്ച് നാം ഇതുവരെ തുടർന്നു വന്ന നയങ്ങളിൽ വെള്ളം ചേർത്ത് പുത്തൻ കൂട്ടുകാരെ ആലിംഗനം ചെയ്ത് തന്റെ പാപക്കറകൾ കഴുകിക്കളയാൻ വെന്പൽ കൊള്ളുന്നു. കൂട്ടത്തിൽ സാമ്രാജ്യത്വവാദികളെപ്പോലെ വാക്പോരുകൾ നടത്തുന്നു.
സ്വാതന്ത്ര്യാനന്തരം മൂന്ന് നാല് യുദ്ധങ്ങൾ നേരിട്ടിട്ടുള്ള നമുക്ക് യുദ്ധാനന്തര ദുരിതങ്ങൾ നേരിട്ട് അറിവുള്ളതാണല്ലോ. കഷ്ടതകൾ അനുഭവിക്കുന്നത് എന്നും സാധാരണ ജനങ്ങൾ ആയിരിക്കും. വിജയങ്ങളുടെ കഥ പറഞ്ഞ് തങ്ങളുടെ അധികാരമുറപ്പിക്കാൻ ഭരണവർഗം ശ്രമിക്കും. അത് സമൂഹത്തിന് എന്ത് നേട്ടം നൽകി എന്ന് ആരും വിലയിരുത്താറില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ രോദനം ബധിര കർണ്ണങ്ങളിൽ തട്ടി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരും.
സാന്പത്തിക സൈനിക അസമത്വത്തിന്റെ ലോകത്ത് നിലനിൽപ്പിനായി ഇത്തരം വാക്പോരുകൾ തുടർന്നു കൊണ്ടേയിരിക്കും.