കമ്യൂണിസ്റ്റ് സമ്മേളനങ്ങളും കേരളവും


ഇ.പി അനിൽ

epanil@gmail.com

കമ്യൂണിസ്റ്റുകളെ പറ്റിയുള്ള ജനാധിപത്യവാദികളുടെ വലിയ ഉത്കണ്ഠ അവർ‍ക്ക് ജനാധിപത്യത്തിൽ‍ വിശ്വാസം ഇല്ല എന്നതായിരുന്നു.  അതിനുതകുന്ന നിരവധി വിവരങ്ങൾ‍ ലോകത്തെ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ‍ നിന്നും ഉദാഹരിക്കുവാൻ‍ പലർ‍ക്കും എളുപ്പത്തിൽ‍ കഴിഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർ‍ട്ടികളെ പറ്റിയും അത്തരം ആരോപണം ഉന്നയിക്കുക സാധാരണമാണ്.  എന്നാൽ‍ ഇന്ത്യയിൽ‍ മറ്റു പാർ‍ട്ടികളിൽ‍ നിന്നും വ്യത്യസ്തമായി  പ്രസിഡൻഷ്യൽ‍ രീതികൾ‍ നിലനിൽ‍ക്കുന്ന കോൺ‍ഗ്രസ് ബി.ജെ.പി മുതലായ മറ്റു പാർ‍ട്ടികളിൽ‍ നിന്നും വ്യത്യസ്തമായി,  സെക്രട്ടറിയിലൂടെ പ്രവർ‍ത്തിക്കുന്ന പാർ‍ട്ടി സംവിധാനം വ്യക്തി കേന്ദ്രീകൃത സംവിധാനത്തിൽ‍ നിന്നും പുറത്തുനിൽ‍ക്കുവാൻ ബാധ്യസ്ഥമാണ്. സംഘടനയുടെ ചുമതലകൾ‍ സമിതികളിലെ അംഗങ്ങളും അവരുടെ പ്രവർ‍ത്തനങ്ങളെ  സെക്രട്ടറി പരസ്പരം കൂട്ടിയോജിപ്പിക്കും എന്നാണ് വിവക്ഷ.

ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ സമ്മേളന പ്രചരണങ്ങൾ എത്തിപ്പെടാത്ത  ഒരു പ്രദേശവും കേരളത്തിൽ‍ ഉണ്ടായിരിക്കുകയില്ല. എല്ലാ മൂന്നു വർ‍ഷത്തിൽ‍ ഒരിക്കൽ‍ അവർ‍ പാർ‍ട്ടി സമ്മേളനങ്ങൾ‍ വിളിച്ചു ചേർ‍ക്കാറുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർ‍ട്ടിയുടെ ആദ്യ പാർട്ടി സമ്മേളനം നടന്നത് 1943ൽ‍ ബോംബയിൽ‍ ആയിരുന്നു. രണ്ടാം സമ്മേളനം കൽ‍ക്കത്തയിൽ‍ ചേർ‍ന്നു. ഓരോ സമ്മേളനത്തിലും അടുത്ത മൂന്ന് വർ‍ഷം എടുക്കേണ്ട ഹ്രസ്വ കാല നിലപാടുകൾ‍ സമ്മേളനത്തിൽ‍ പങ്കെടുക്കുന്നവർ‍ ചർ‍ച്ച ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ‍ ഉണ്ടെങ്കിൽ‍ അത് വോട്ടിനിട്ട് ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തിൽ‍ കാര്യങ്ങൾ‍ തീരുമാനിക്കും. തീരുമാനങ്ങൾ‍ നടപ്പിൽ‍ വരുത്തുവാനുള്ള ബാധ്യത വിവിധ സമിതികൾ‍ക്കുണ്ട്. രണ്ടു സമ്മേളന കാലത്തിനിടയിൽ‍ നടക്കുന്ന പരിപാടികൾ‍ പ്രയോഗത്തിൽ‍ കൊണ്ടുവരുവാൻ‍ നേതൃത്വം കൊടുക്കുന്നത് കേന്ദ്ര സമിതി (കൗൺ‍സിൽ‍) ആയിരിക്കും. അവരെ സഹായിക്കുവാൻ അതിനും മുകളിൽ‍ പോളിറ്റ് ബ്യൂറോ ഉണ്ടായിരിക്കും. പരമോന്നത സമിതി എല്ലാ മൂന്നു വർ‍ഷവും കൂടുന്ന സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന അംഗങ്ങൾ‍ ആയിരിക്കും. ഇത്തരം ജനകീയ സ്വഭാവം മറ്റു പാർ‍ട്ടികൾ‍ക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ലോകത്തെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ‍ നിർ‍ണ്ണായക തീരുമാനങ്ങളെ രേഖപ്പെടുത്തുന്നത് പാർ‍ട്ടികൾ‍ നടത്തിയ സമ്മേളനങ്ങളുടെ പേരിലാണ്. സ്റ്റാലിന്‍റെ നിലപാടുകളെ വിമർ‍ശിച്ച സമീപനങ്ങൾ‍ ഉണ്ടായത് യു.എസ്.എസ്.ആറിലെ കമ്യൂണിസ്റ്റ് പാർ‍ട്ടിയുടെ 20ാം പാർ‍ട്ടി കോൺ‍ഗ്രസിലാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർ‍ട്ടിയിൽ‍ തുടക്കം മുതൽ‍ ഉണ്ടായിരുന്ന  അഭിപ്രായ വ്യത്യാസങ്ങളിൽ‍ സമവായം ഉണ്ടാക്കുവാൻ പാർ‍ട്ടി ഘടകങ്ങൾ‍ക്ക് കഴിയാത്ത അവസ്ഥയിൽ‍ പാർ‍ട്ടി പിളരുകയായിരുന്നു. പാർ‍ട്ടിയുടെ ആദ്യകാല നേതാക്കളിലെ പ്രധാനികളായ എം.എൻറോയ്, ദാങ്കെ തുടങ്ങിയവർ‍ പാർ‍ട്ടി  ഉപേക്ഷിച്ച് കോൺ‍ഗ്രസ് പാർ‍ട്ടിയിൽ‍ പിന്നീടു ചേരുകയുണ്ടായി.

ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ഇടയിൽ‍ ഉണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതകൾ‍ വളരുവാനും അതിന്‍റെ പിന്നിൽ‍ അണിനിരന്നവർ‍  മാതൃ പാർ‍ട്ടി ഉപേക്ഷിക്കുവാനും മടിച്ചില്ല. ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ‍ രണ്ടാം ദേശീയ സമ്മേളനത്തിൽ ‍‍വെച്ച്, കൽ‍ക്കത്താ തീസിസ് എന്ന് പിൽ‍കാലത്ത് അറിയപ്പെട്ട എടുത്ത തീരുമാനങ്ങളെ പിൽ‍ക്കാലത്ത് പാർ‍ട്ടി തള്ളിപറഞ്ഞു.  1964ൽ സംഘടിപ്പിച്ച പാർട്ടി കോൺഗ്രസിൽ ലോക കമ്യൂണിസ്റ്റ് − ഐക്യത്തിൽ ഉണ്ടായ പിളർപ്പിൽ കക്ഷി ചേർന്നുകൊണ്ട്  ഇന്ത്യൻ കമ്യൂണിസ്റ്റുകൾ രണ്ടു ചേരിയിലാകുവാൻ തീരുമാനിച്ചു. സാർവ്വദേശീയ വിഷയങ്ങൾക്കൊപ്പം  ഇന്ത്യൻ ബൂർഷ്വാ വർഗത്തെ വിലയിരുത്തുന്നതിൽ പാർട്ടിക്കകത്ത് 10 വർഷത്തിലധികമായി  തുടർന്ന അഭിപ്രായ ഭിന്നത ആശയപരമായ പൊട്ടിത്തെറിയിൽ എത്തി. അങ്ങനെ രണ്ടായ കമ്യൂണിസ്റ്റ് പാർട്ടിയിലെ സി.പി.ഐ.എമ്മിൽ നിന്നും നക്സസൽ ബാരിയിൽ തുടങ്ങിയ ഭൂമിക്കായ കലാപവും  മറ്റു സംഭവങ്ങളും ചാരു മജുംദാർ, കനം സന്യാൽ തുടങ്ങിയവരെ നക്സൽ പാർട്ടിയുടെ രൂപീകരണത്തിലേക്ക് എത്തിച്ചു. അങ്ങനെ ഒരു പാർട്ടിയായി 1920 മുതൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ പല പേരിൽ പ്രവർത്തിക്കുവാൻ ആരംഭിച്ചു. 

കമ്യൂണിസ്റ്റ് പാർ‍ട്ടികളുടെ പിളർ‍പ്പിനു ശേഷം സി.പി.ഐ എടുത്ത  ശ്രദ്ധേയമായ തീരുമാനം ഇന്ത്യൻ നാഷണൽ‍ കോൺ‍ഗ്രസുമായി ഉണ്ടാക്കിയ ഐക്യമാണ്. ലോക സോഷ്യലിസ്റ്റ് ചേരിയെ കടന്നാക്രമിക്കുന്നവരുടെ കൂട്ടത്തിൽ‍ ഇന്ത്യയിൽ‍ പ്രധാന പങ്കുവഹിക്കുന്നത് കോൺഗ്രസിലെ ഇന്ദിരാപക്ഷത്തിൽ‍ നിന്നും പുറത്തു വന്ന സിൻഡിക്കേറ്റ് ഗ്രൂപ്പുകൾ‍, ആർ.എസ്.എസിനാൽ‍ നിയന്ത്രിക്കുന്ന സംഘടനകൾ‍ തുടങ്ങിവരാണ്. അതുകൊണ്ട് സോവിയറ്റ് റഷ്യയെ പിന്തുണക്കുന്ന ഇന്ദിരാഗാന്ധിയുടെ സർ‍ക്കാരിനെ സഹായിക്കേണ്ടത് ലോക കമ്യുണിസ്റ്റ് ചേരിയെ തന്നെ സംരക്ഷിക്കുന്ന പ്രവർ‍ത്തനമാണ് എന്ന് സി.പി.ഐ വിലയിരുത്തി. അതിന്‍റെ ഭാഗമായി അവർ‍ കോൺഗ്രസ് പാർ‍ട്ടിയെ പിന്തുണച്ചു. അതിനു മുന്‍പ് തന്നെ കമ്യൂണിസ്റ്റ് പാർ‍ട്ടികളുടെ പിളർ‍പ്പിനുശേഷം ഇന്ദിരാഗാന്ധി അവരുടെ ചേരിയിൽ‍ നിന്നും വിട്ടു പോയവരെ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ഒറ്റപ്പെടുത്തുവാൻ കഴിയുന്ന മാർ‍ഗങ്ങൾ‍ അവലംബിച്ചു. ബാങ്കുകളുടെ ദേശസാൽ‍ക്കരണം, പ്രിവിപേർ‍സ്സ് നിർ‍ത്തലാക്കൽ‍ തുടങ്ങിയ പുരോഗമന തീരുമാനങ്ങളെ  കമ്യൂണിസ്റ്റ് (ഇരു)പാർ‍ട്ടികളും പിന്തുണച്ചു. വർ‍ഷങ്ങൾ‍ക്ക് ശേഷം ഇന്ദിരാഗാന്ധിയെ (അടിയന്തിരാവസ്ഥ) പിന്തുണക്കുവാൻ സി.പി.ഐയെ പ്രേരിപ്പിച്ചതിനു പിന്നിൽ‍ പുരോഗമനപരമായ അത്തരം തീരുമാനങ്ങൾ‍ ആയിരുന്നു എന്ന് വേണമെങ്കിൽ   മനസിലാക്കാം. ഇന്ത്യയിൽ‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശ്രീമതി. ഇന്ദിരയുടെ ശ്രമം സോഷ്യലിസ്റ്റ് വിരുദ്ധ ചേരിയെ രാജ്യത്ത് തളയ്ക്കുവാൻ‍ ആണ് എന്ന വിലയിരുത്തലിലേക്ക് സി.പി.ഐ എത്തിച്ചേർ‍ന്നു. അടിയന്തിരാവസ്ഥയുടെ മറവിൽ‍ രാജ്യത്ത് നടന്ന അടിച്ചമർ‍ത്തലുകളെ പിന്തുണച്ച സി.പി.ഐ കേരളത്തിൽ‍ ഭരണ കക്ഷിയിലെ പ്രധാന പാർ‍ട്ടിയും അവരുടെ പ്രതിനിധി ശ്രീസി. അച്ചുതമേനോൻ മുഖ്യമന്ത്രിയുമായി. 1969 മുതൽ‍ 8 വർ‍ഷക്കാലം കേരളം ഭരിച്ച സിപി.ഐ നേൃതൃത്വം കൊടുത്ത മുന്നണിയുടെ ഭരണ കാലത്ത് നിരവധി അടിച്ചമർ‍ത്തലുകൾ‍ ഉണ്ടായി. ശ്രീ. രാജൻ, ബാലകൃഷ്ണൻ തുടങ്ങിയ നിരവധി ചെറുപ്പക്കാർ‍ പോലിസ് കസ്റ്റഡിയിൽ‍ മരണപ്പെട്ടു. പത്രങ്ങളുടെ പ്രവർ‍ത്തന സ്വാതന്ത്ര്യം എടുത്തു കളഞ്ഞു. കോടതികളെ പോലും  നിയന്ത്രിക്കുന്ന സംവിധാനം ഉണ്ടായി. നീണ്ട കാലം നിരവധി ആളുകൾ‍ക്ക് ജയിലുകളിൽ‍ കഴിയേണ്ടി വന്നു. എല്ലാ ജാനാധിപത്യ ധ്വംസനങ്ങളെയും സി.പി.ഐ ന്യായീകരിച്ചു. അതേസമയം സി.പി.ഐ.എം, ഇന്ദിരാ ഭരണം ഫാസിസ്റ്റുകളെ ഓർ‍മ്മിപ്പിക്കുന്നു എന്ന് വിലയിരുത്തി. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന ഇന്ദിരാ വിരുദ്ധ തരംഗവും അനുബന്ധ രാഷ്ട്രീയ പരിപാടികളും സി.പി.ഐനിലപാടുകളെ പുനഃപരിശോധിക്കുവാൻ നിർ‍ബന്ധിതമാക്കി.

ഭട്ടിണ്ടയിൽ‍ നടന്ന സി.പി.ഐ ദേശീയ സമ്മേളനം തങ്ങൾ‍ എടുത്ത പഴയ നിലപാടുകളെ തള്ളിപറയുവാൻ നിർ‍ബന്ധിതമാക്കി. കേരളത്തെയും  ബംഗാളിനെയും ഒഴിച്ച് നിർ‍ത്തിയാൽ‍ മറ്റു സംസ്ഥാനങ്ങളിൽ‍ ഏറ്റവും മുന്നിൽ‍ നിന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പ്‌ സി.പി.ഐയുടെതായിരുന്നു. ബീഹാർ‍,യു.പി, ആന്ധ്രാ, ആസാം, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ‍ ഒരു ഡസനിലധികംഎം.എൽ.എമാരും കാന്‍പൂർ‍, ഫൈസാബാദ് (അയോധ്യ) തുടങ്ങിയ ഇടങ്ങളിൽ‍ നിന്നുംഎം.പിമാർ‍ അവർ‍ക്ക് ഉണ്ടായിരുന്നു. എന്നാൽ‍ അടിയന്തിരാവസ്ഥ വിരുദ്ധ വികാരം സി.പി.ഐയുടെ അടിത്തറ ഇളക്കിയതായി കാണാം. സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ‍ക്കും വിപ്ലവത്തിനും വേണ്ടി വാദിച്ച കമ്യൂണിസ്റ്റ് പാർ‍ട്ടി അടിയന്തിരാവസ്ഥക്കൊപ്പം കൂടിയത് ഹിന്ദി ബെൽ‍ട്ടിൽ‍ കമ്യൂണിസ്റ്റ് പാർ‍ട്ടി കൂടുതൽ‍ തിരിച്ചടികൾ‍ക്ക് കാരണമായി. ഈ തിരിച്ചടികൾ‍ ഗൗരവതരമായി പരിഹരിക്കുവാൻ‍ സി.പി.ഐ നടത്തിയ ശ്രമങ്ങൾ‍ക്ക് ഫലം ഉണ്ടായത് ഭട്ടിണ്ടയിൽ‍ നടന്ന അവരുടെ ദേശീയ സമ്മേളനത്തിൽ‍ ആണ്. പ്രസ്തുത സമ്മേളനത്തിൽ   വെച്ച് കോൺഗ്രസുമായി ഉണ്ടാക്കിയ ഐക്യപ്പെടൽ വലതുപക്ഷ വ്യതിയാനമായി വിലയിരുത്തി. വരും നാളുകളിൽ വിശാലമായ ഇടതു മതനിരപേക്ഷ ജനാധിപത്യ മുന്നണി വളർത്തി എടുക്കുവാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബംഗാളിൽ ഇടതു പക്ഷ മുന്നണിയും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പ്രവർത്തിച്ചു വരുന്നു. 

ലോകത്തു സംഭവിക്കുന്ന വ്യതിയാനങ്ങളെ മനസിലാക്കി കാലത്തിന്റെ പ്രത്യേകതകളെ ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുവാൻ കമ്യൂണിസ്റ്റുകൾക്ക്  മാറ്റാരേക്കാളും  ഉത്തരവാദിത്വമുണ്ട്. 1991 കൊണ്ട് ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ, ലോകത്താകെ നടന്നുവരുന്ന ശാസ്ത്ര, സാമൂഹിക  പരിണാമങ്ങൾ എല്ലാം തിരിച്ചറിഞ്ഞു കൊണ്ടേ ദേശീയമായും പ്രാദേശികമായും രാഷ്ട്രീയ പരിണാമങ്ങളിൽ പങ്കാളിയാകുവാൻ കഴിയൂ.  1980കളിലെ സി.പി.ഐ- സി.പി.ഐ.എം സംവാദങ്ങൾ അവരവരുടെ രാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. പരസ്പരം ഉയർന്നു വന്ന ചർച്ചകൾ പൊതുജനങ്ങളിൽ രാഷ്ട്രീയമായ അവബോധം വർദ്ധിപ്പിക്കുവാൻ ഇടം നൽകി. എന്നാൽ പിൽക്കാലത്ത് അത്തരം ചർച്ചകൾ പൊതുമണ്ധലങ്ങളിൽ നടക്കുന്നില്ല എന്നതാണു വസ്തുത.  സംസ്ഥാനത്തെ രണ്ടു കമ്യൂണിസ്റ്റു പാർട്ടികളുടെയും ജില്ലാ സമ്മേളനങ്ങൾ ഏതാണ്ട് അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. സംസ്ഥാന സമ്മേളനത്തോടെ ദേശീയ രാഷ്ട്രീയ ചർച്ചകൾ സജീവമാകും. ദേശീയ സമ്മേളനത്തിൽ  അവതരിപ്പിക്കുന്നതും ഒപ്പം പൊതുജനങ്ങൾക്കിടയിൽ ചർച്ചക്ക് അവസരം ഒരുക്കുന്നതുമായ  കരടു രേഖയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിൽ നടക്കുന്ന സംവാദങ്ങൾ മാധ്യമങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. (യച്ചൂരി / കാരാട്ട് സംവാദം) കേരളത്തിലെ ഏറ്റവും വലിയ രണ്ടു പ്രമുഖ കമ്യൂണിസ്റ്റുകളുടെ വിവിധ തട്ടിൽ നടന്ന സമ്മേളനങ്ങളിൽ  സംസ്ഥാനം ഇന്നനുഭവിക്കുന്ന പ്രതിസന്ധികളും അതിന് പരിഹാരമായി ഇടതു പക്ഷ മുന്നണി സർക്കാർ കൈക്കൊള്ളുന്ന സമീപനങ്ങളും സമ്മേളനങ്ങളുടെ മുഖ്യ അജണ്ടകളായി ശ്രദ്ധിക്കപ്പെട്ട തരത്തിൽ വാർത്തകൾ ഉണ്ടായില്ല.  

പ്രകൃതിദുരന്തങ്ങളെ പറ്റിയുള്ള പൊതുബോധത്തെ  വോട്ടാക്കുന്നതിൽ മടി കാണിക്കാതിരുന്ന ഇടതുപക്ഷം  അവരുടെ 2016 പ്രകടനപത്രികയിൽ വന സംരക്ഷണത്തെ പറ്റിയും ഖനനത്തെ പറ്റിയും എൻഡോസൾഫാൻ ദുരന്തത്തെ പറ്റിയും പരാമർശിച്ചു. ആറ് മാസത്തിനുള്ളിൽ കേരളത്തിലെ വനങ്ങളുടെ സ്ഥിതി മനസിലാക്കി ധവളപത്രമിറക്കും എന്നുറപ്പു നൽകി. നീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികൾ പിൻവലിച്ചു നിയമം കർക്കശമാക്കും എന്നു പറഞ്ഞു. അതിലെക്കായി ഡേറ്റാ ലാന്റ്തയ്യാറാക്കൽ 6 മാസത്തിനകം പൂർത്തീകരിക്കും. ഖനനങ്ങളെ പറ്റിയുള്ള പരാതികൾ പരിഹരിക്കുവാനും നിയന്ത്രിക്കുവാനും ഖനനം പൊതുമേഖലയിൽ ആക്കും. എൻഡോസൾഫാൻ ദുരിതർക്ക് നഷ്ടപരിഹാരം നൽകും തുടങ്ങിയ ഉറപ്പുകൾ പ്രകടനപത്രിക നൽകി. വിമാനത്താവളം, മെട്രോ, ബുള്ളറ്റ് തീവണ്ടി,  വിഴിഞ്ഞം, ചുങ്കം പിരിക്കുന്ന പാതകൾ, പ്രകൃതി വാതക പൈപ്പ് ലൈൻ, എ.പി.ജി പദ്ധതി മുതലായ എല്ലാ വിഷയങ്ങളിലും സർക്കാർ  പിൻതുടരുന്ന നിലപാടുകൾ  അപകടരമാണ്. 

ഗതാഗത പ്രശ്നം പരിഹരിക്കുവാൻ മെട്രോ പദ്ധതികൾ, വാണിജ്യ വികസനത്തിന്റെ പേരിൽ പി.പി.പി അടിസ്ഥാനമാക്കി  വൻകിട തുറമുഖ പദ്ധതികൾ, ഗ്രീൻഫീൽഡ് വിമാനത്താവളം, ടൂറിസത്തിന്റെ പേരിലും നാണ്യവിളകളുടെ പേരിൽ വനം കൈയേറ്റം.  നാലുവരിപാത,സെസ്, ഷോപ്പിംഗ്− കൺവെൻഷൻ സെന്റർ  ലക്ഷ്യം വെച്ച് വയൽ നികത്തൽ, വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ വൻകിട ഡാം നിർമ്മാണം, ഇവക്കായി ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും. ഇത്തരം നിലപാടുകൾ ലക്ഷ്യം കാണാതെ  സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. 

കേരളത്തിന്റെ നിലനിൽപ്പിനടിസ്ഥാനമായ പശ്ചിമഘട്ടത്തിന്റെ  ശോഷണത്തെ അടിയന്തിരമായി പരിഗണിക്കാതെയുള്ള ഏതു വികസന സങ്കൽപങ്ങളും ലോക പൈതൃകമായി  നമ്മൾ കരുതുന്ന മലയാള നാടിനെ ഊഷരമാക്കി മാറ്റും. കേരളത്തിന്റെ 44 നദികളും അതിന്റെ കൈവഴികളും ശുഷ്കിച്ചു കഴിഞ്ഞു. കുളങ്ങളിൽ 70%വും മൂടിക്കഴിഞ്ഞു.  ലഭ്യമായ നദീ ജലത്തിൽ 27% മാത്രമാണ് മനുഷ്യയോഗ്യമായി ഉള്ളത്. 1970ൽ 8.7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളും 50% നെല്ലും ഉൽപ്പാദിപ്പിച്ച നമ്മുടെ നാട്ടിൽ ഇന്ന് അവശേഷിക്കുന്ന പാടശേഖരങ്ങൾ 1.79 ലക്ഷം ഹെക്ടർ മാത്രം. 55% ഗ്രാമങ്ങളെ വരൾച്ച ബാധിച്ചു കഴിഞ്ഞു. കടലിന്റെ സ്വഭാവത്തിൽ വരെ മാറ്റങ്ങൾ വന്നതിനാൽ മത്സ്യസന്പത്തിൽ 2 ലക്ഷം ടണ്ണിന്റെ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഉൾനാടൻ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട ഒന്നര ലക്ഷം ആളുകൾക്ക് കായൽ ടൂറിസം ബാധ്യതയായി തീർന്നു. കേരളത്തിൽ പകർച്ചവ്യാധികൾ പെരുകുകയാണ്. അപ്പോഴും കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരളം തുടർന്നു വരുന്ന തെറ്റായ വികസന നയങ്ങൾ തിരുത്തി, പ്രകൃതി നൽകിയ സൗകര്യങ്ങളെ  ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തി സുസ്ഥിര നാടാക്കി കേരളത്തെ മാറ്റുന്നതിൽ  രാഷ്ട്രീയ സംവിധാനങ്ങൾ വിമുഖരാണ്.

കേരളം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ, കാർഷിക പ്രതിസന്ധി, പരന്പരാഗരത തൊഴിൽ രംഗങ്ങൾ ഇല്ലാതാകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം മുതൽ സ്ത്രീവിരുദ്ധ സമീപനം, വിശ്വാസവും വർഗ്ഗീയതയും തുടങ്ങിയ വിഷയങ്ങളിൽ എല്ലാം സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധികളും അതിനുള്ള പരിഹാരവും  അടങ്ങുന്ന ചർച്ചകൾ പൊതുസമൂഹത്തിതിൽ ഉണ്ടാക്കുവാൻ സമ്മേളന കാലത്ത്  പോലും പാർട്ടികൾക്കു കഴിഞ്ഞില്ല എങ്കിൽ അത് നിരാശാജനകമാണ്. ആധുനിക കേരള സംസ്ഥാനത്തെ പറ്റി 1936 മുതൽ കമ്യൂണിസ്റ്റു പാർട്ടികൾ മുന്നോട്ടുവെച്ച പല സങ്കൽപങ്ങളും ലക്ഷ്യത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി തന്നെ ആഗ്രഹിച്ച പല വിഷയങ്ങളിലും  പ്രതീക്ഷകൾക്കപ്പുറവും ഇപ്പുറവുമുണ്ടായ സംഭവങ്ങൾ പാർട്ടി വെല്ലുവിളിയായി സ്വീകരിക്കുവാൻ തയ്യാറായോ എന്ന വിഷയം ഗൗരവതരമാണ്. ഭൂപരിഷ്കരണം നടന്ന സംസ്ഥാനത്തെ ഭൂമിയുടെ കേന്ദ്രീകരണം, ഊഹവിപണി, പ്രതിസന്ധിയിലായ കർഷകർ, ദളിത് / ആദിവാസി ഭൂ ഉടമസ്ഥതയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വരുന്ന മൂന്നു വർഷത്തിനുള്ളിൽ എടുക്കേണ്ട സമീപനങ്ങളെ പറ്റി അറിയുവാൻ ജനങ്ങൾക്ക് താൽപര്യമുണ്ടാകും.

You might also like

Most Viewed