‘ഓഡി’ വിളയാട് ‘പപ്പാ’...
ശരശയ്യ - നിതിൻ നാങ്ങോത്ത്
അച്ഛനെ ഒതുക്കാൻ മക്കളുടെ അക്കൗണ്ടിൽ മാന്തുന്ന കലാപരിപാടിയുടെ നാട കേരളത്തിലും കട്ട് ഇറ്റ്! മക്കളായ മക്കളെല്ലാം ജാഗ്രതൈ. നിങ്ങളുടെ ഇന്നലെകളുടെ ആൽബങ്ങളിലേക്ക് ശത്രുക്കൾ ടോർച്ചടിച്ച് തുടങ്ങി. ഹണിട്രാപ്പ് അശരീരി ആയ പോൽ സോൾവ് മാനേജ്മെന്‍റ് ടീം ക്ലീനറാവും.എന്നാലും നാറ്റിക്കൽ വേളയിൽ പിടിച്ചുനിൽക്കാനുളള കാണ്ടാമൃഗക്കട്ടി കടംകൊള്ളുക. ശേഷം പിതോ രക്ഷതി പ്രോബ്ലസ്യ!
അച്യുതാനന്ദനെ പാതാളസ്ഥനാക്കാൻ പണ്ട് അരുൺ കുമാരനെ മാന്തിയിരുന്നു. ചക്രവ്യൂഹം ഭേദിച്ച് കക്ഷി സ്കൂട്ടായി. വളഞ്ഞിട്ടുളള ആക്രമണത്തിൽ വെളളംകുടിക്കാൻ എല്ലാർക്കും എല്ലാക്കാലത്തും പറ്റിയെന്നു വരില്ല. ജോസുമോനെ കരുവാക്കി മാണിപ്പിതാവിന് ചെക്ക് പറഞ്ഞതോർക്കുക. ഗണേഷ് കുമാരനെ ഫിംഗർ ചെയ്ത് പിള്ളയച്ഛനെ കിക്കിയതും കിഴുക്കിയതും റീവൈന്‍റ് ചെയ്യുക. മുരളി പ്രഭയിൽ അസൂയമൂത്ത് ലീഡറുടെ ഉറക്കം കെടുത്തിയത് മറക്കുവതെങ്ങനെ? കിങ്ങിണിക്കുട്ടന്‍മാരെ സൃഷ്ടിക്കുകയും സംഹരിക്കുകയുമാണ് സോഷ്യൽമീഡിയയുടെ ഇപ്പോഴത്തെ പ്രധാന ‘പണി’ അവർ ലിഫ്റ്റിലും ഫ്ളാറ്റിലും ന്യൂസ് റൂമിലും സ്ട്രിംഗ് ഓപ്പറേഷൻ നടത്തും. താക്കോൽ ദ്വാര ഒപ്പൽ നടത്തി ട്രോളിങ്ങിന് പറഞ്ഞു വിടും. പൊതുപ്രവർത്തനം ബല്യ പാടാണ് കേട്ടാ ഇനിയങ്ങോട്ട്.
ഓനോട് കളി ബേണ്ട മോനേ. കളിച്ചാൽ പോലീസ് ഏമാന്‍റെ തൊപ്പി മാലൂർ മേശപ്പുറത്തിരിക്കും. കടലിൽ കുളിച്ചവരെ കുളത്തിന്‍റെ ഡീപ്പ് കാണിച്ച് വിരട്ടേണ്ട മാതിരി പഞ്ച് കീച്ചലുകൾ ചിലരുടെയെങ്കിലും കണ്ണുകടി മാറ്റും. അടിമുടി പതറാതെ മുന്നോട്ടു പോവാൻ എല്ലാ മക്കൾക്കും അഭിവന്ദ്യ പിതാക്കളുടെ അനുഗ്രഹാശിസ്സുകൾ എല്ലായ്പ്പോഴും ഉണ്ടാകുമാറാകട്ടെ.
ആയതിനാൽ പപ്പാ നിങ്ങൾ ഓടി വിളയാടിക്കോ. നിങ്ങളുടെ ചിറകിൻ തണലിൽ ഞങ്ങൾ കൂപ്പറേറും. ഔഡിയോ കോടിയോ കാൽക്കീഴിൽ സാഷ്ടാംഗപ്പെടും. നാട്ടാരുടെ മക്കൾസ് അർമാദിക്കുന്നതിലോ ആകാശയാത്ര നടത്തുന്നതിലോ ആർക്കും കൃമികടിയില്ല. സർവസംഗപരിത്യാഗികളായ നേതാക്കളുടെ കുട്ട്യോളെമാത്രം തിരഞ്ഞുപിടിച്ച് ചാണകവെളളം കോരിയൊഴിക്കുന്നതിൽ പരിഭവമുണ്ട് പീപ്പിൾസ്!! ബ്ലീസ് ഇങ്ങനെ എടങ്ങാറാക്കരുത്. ഇപ്പണി ഒപ്പിച്ചവർക്ക് ടിപ്പണി കൊടുക്കാൻ ഇനി ഞങ്ങളുടെ ടൈം എത്ര വേസ്റ്റാവുമെന്നറിയോ?
ദുബൈക്കേസിന്‍റെ ചുരുൾ ഈയാഴ്ച ഔട്ട് കംപ്ലീറ്റ്ലി. അന്താരാഷ്ട്ര ഗോസിപ്പ് വൃത്തങ്ങൾ അതും ബന്ധനസ്ഥനായ നടന്‍റെ പെടലിയിൽ ചാർത്തിയിട്ടുണ്ട്. ഒരു ‘പകസർപ്പക കഥ’യെ വെല്ലുന്ന വിധമാണ് ലതിന്‍റെ ക്ലൈമാക്സ്. ദുബൈയിയിൽ തന്നെ ബിസിനസ് സാമ്രാജ്യമുളള ഇരുടീമുകളുടെയും കുടിപ്പകയുടെയും അധോലോക സിനിമാ ബന്ധകുന്തങ്ങളുടെയും മുൾമുനാ ട്വിസ്റ്റ് ആണ് വരാനിരിക്കുന്നത്. തന്നെ പൂട്ടിയ കറുത്തകരങ്ങളോടുളള ആദ്യത്തെ വെട്ടായി ചെക്ക് കേസ്, ഇനി മറ്റൊരു ഗുണ്ട്, പിന്നെ സ്റ്റീൽ ബോംബ്... അങ്ങനെയങ്ങനെ കുറ്റിനാശം വരുത്തുന്നതുവരെയുളള പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത് പോലും. പിന്നെയും പാണനാരും നാരദരാദികളും എന്തൊക്കെയോ പാടി നടക്കുന്നുണ്ട് നാട്ടിൽ. മറ്റുളളവരുടെ ക്ലോസറ്റ് കഴുകിയ വെളളത്തിന്‍റെ പി.എച്ച് മൂല്യം കണ്ടുപിടിക്കാനുളള മലയാളിയുടെ ത്വരയെ എത്ര അഭിനന്ദിച്ചാലും മതിയാവൂല.
നടൻ ശ്രീനിവാസൻ അഡ്മിറ്റായപ്പോ നുമ്മ സൈബർ ഉപരിപ്ലവക്കാരുടെ തനിനിറം എല്ലാരും കണ്ടതാണല്ലോ? ജൈവശ്രീനിവാസൻ അലോപ്പതിക്കായത് തെറ്റായിപ്പോയെന്നും പറഞ്ഞാണ് പച്ചത്തെറി. നാട്ടാരുടെ പച്ചക്കറിത്വം ബോധ്യപ്പെടാൻ വിനീത് ശ്രീനിവാസന് ഇതുതന്നെ ധാരാളം.രോഗശയ്യയിലും മരണക്കിടക്കയിലും ‘എക്സ്പ്ലോസീവ്’ കണ്ടെത്താനുളള മിടുക്കേ... നമസ്കാരം !!.
വാളെടുത്ത പിന്നീട് വാക്കെടുത്ത ജേക്കബ് തോമസ് സർ ഇപ്പോഴെവിടെയാണ്? ആദിലക്കലക്ടറും അനുപമക്കലക്ടറും എന്തുപറയുന്നു? രാജമാണിക്യം സാറിനും രാജൂനാരായണസ്വാമിക്കും സുഖം തന്നെയോ? കലക്ടർ ബ്രൊയുടെ അവധി നീളുമോ! ശ്രീറാം സാറിന്‍റെ പോരാട്ടവീര്യം തണുത്തുറയുമോ? നെവർ മൈന്‍റ്... നിങ്ങൾ ഓടി വെളയാട് ഡാഡീ...