വീണ്ടും ഉയരുന്ന ചോദ്യങ്ങൾ...
ബ്രിജിലാൽ കൊടുങ്ങല്ലൂർ
ചരിത്രത്തിന്റേയും കാലത്തിന്റേയും പ്രയാണത്തിൽ ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നു പോയിരിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത് 1947 ആഗസ്റ്റ് 15നാണെങ്കിൽ പാർലമെൻ്റ് സംവിധാനത്തിലൂള്ള ഒരു സർക്കാരും നിയമനിർമ്മാണ സഭയ്ക്ക് വിധേയമായ ഭരണനിർവ്വഹണ സംവിധാനമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിച്ചതും ഭരണഘടന അംഗീകരിച്ചതും 1950 ജനുവരി 26നാണ്. ഈ ദിനത്തേയാണ് നാം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പാരന്പര്യത്തിന്റെ അവസാന അടയാളങ്ങൾ തൂത്തെറിയുകയും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1947ലെ ഇന്ത്യൻ സ്വാതന്ത്ര ചട്ടം പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. കാലാകാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്രം 1947 ആഗസ്റ്റ് 15ന് വെറുതെയങ്ങ് നാടുവിട്ട് പോയതല്ലന്ന് നമുക്കറിയാം ഇന്ത്യൻ സ്വാതന്ത്രത്തിന് വേണ്ടി ത്യാഗപൂർണ്ണമായ പോരട്ടങ്ങൾ നടത്തി ജീവൻ വെടിഞ്ഞ ധീര ദേശാഭിമാനികളെ അതുകൊണ്ടു തന്നെ ഇവിടെ ആദരവോടെ സ്മരിക്കുകയാണ്.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ജനായത്ത ഭരണം തുടങ്ങിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി തുടരുന്ന ഇന്ത്യ 69−ാം റിപ്പബ്ലിക്ക് ദിനം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഈ വേളയിൽ പല കാതലായ ചോദ്യങ്ങളും ഉയരുന്നുണ്ട്.! ബ്രിട്ടീഷുകാർ നാടുവിട്ടതിനെതുടർന്ന് ജനാധിപത്യ രാജ്യങ്ങളിൽ എഴുതപ്പെട്ടത്തിൽ ഏറ്റവും ബഹൃത്തായതും സമഭാവനയും ബഹുസ്വരതയുമുള്ള ഒരു ഭരണഘടനായാണ് നമുക്കുണ്ടായങ്കിലും ബ്രിട്ടീഷ് നിയമങ്ങളുടേയും ചട്ടങ്ങളുടേയും പല സന്പ്രദായങ്ങൾ നാം ഇപ്പോഴും പിൻതുടരുന്നുണ്ട്. ഇന്ത്യയിൽ അന്നാളുകളിൽ നടമാടിക്കൊണ്ടിരുന്ന ജാതി−മത−വർഗ്ഗ ചിന്തകളും പല അനാചാരങ്ങളും തുടച്ചുനീക്കുകയെന്ന ദീർഘവീക്ഷണത്തോടെയാണ് ഡോ: ബി.ആർ അബേദ്ക്കർ തന്റെ ജീവിത, അനുഭവങ്ങളും സാഹചര്യങ്ങളേയും മുന്നിൽ കണ്ടുകൊണ്ടു തന്നെ തുല്യ സമത്വവും സാമൂഹ്യനീതിയും ഒറപ്പു നൽകുന്ന ഒരു നിയമ സംഹിതയായ നമ്മുടെ ഭരണ ഘടനയ്ക്ക് രൂപം നൽകിയത്. പക്ഷേ ഭരണഘടന നിലവിൽവന്ന് പതിറ്റാണ്ടുകൾ പിന്നിട്ട് അതിന്റെ 69−ാം ജന്മദിനം ആഘോഷിക്കുന്പോഴും ഭരണഘടനാ ശിൽപി സ്പനം കണ്ടതുപോലെയുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതി ദളിത്−ആദിവാസി സൂനപക്ഷ വിഭാഗങ്ങൾ അടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പൂർണ്ണതോതിൽ അനുഭവിക്കാൻ കഴിയുന്നുണ്ടോ? എന്ന ചോദ്യം ഉയരുന്നുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ ഭരണഘടന വിഭാവനം ചെയ്ത സംവരണതത്വങ്ങൾ കാലകാലങ്ങളിലുള്ള ജനാധിപത്യ ഭരണകൂടങ്ങൾ ആത്മാർത്ഥതയോടെ നടപ്പിലാക്കിയിട്ടുണ്ടോ? ജനാധിപത്യത്തിന്റെ എല്ലാ അവകാശങ്ങളും ഇത്തരക്കാർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നെയാണ് ഇന്ത്യയുടെ 69−ാം റിപ്പബ്ലിക്ക് ദിനത്തിലും ഉയർന്ന് കേൾക്കുന്നത്. നമ്മൾ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനി മുബൈയിൽ പണികഴിപ്പിച്ച ആന്റിലീയ എന്ന രമ്യഹർമത്തിന്റെ മുന്നിലോ അല്ലങ്കിൽ രാജ്യത്തെ ഏതെങ്കിലും ദളിത് കോളനിയിലോ കേരളത്തിലെ ഏതെങ്കിലും ആദിവാസി മേഖലയിലോ നിന്നാണ് മേൽ ഉന്നയിച്ച ചോദ്യങ്ങൾ കേൾക്കുന്നതെങ്കിൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം വരുക. കാരണം ആധുനിക ഇന്ത്യ ഇന്നും നിരവധി തരത്തിലുള്ള തീവ്രജാതി−മത ചിന്താഗതിക്കാരുടേയും സാന്പത്തിക പ്രഭുക്കളുടേയും അടിച്ചമർത്തുന്നവരുടേയും അസഹിഷ് അക്കളുടേയും നാടായി തന്നെ തുടരുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യ ഭരിച്ച ഇതുവരെയുള്ള ഭരണകൂടങ്ങൾ ഇത്തരക്കാർക്ക് കുട പിടിക്കുകയായിരുന്നു എന്നതും വസ്തുതയാണ്.
ശാസ്ത്രീയ അഭിരുചികളും മാനുഷികതയും പുരോഗമന ത്വരകളും വളർത്തേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഉദ്ഘോഷിക്കുന്ന ഒരു ഭരണ ഘടനയാണ് നമ്മുക്കുള്ളത്. പക്ഷേ പുരാണത്തെ ശാസ്ത്രമായും വിശ്വാസങ്ങളെ ചരിത്രമായും തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ് ഇന്നിന്റെ ഭരണകൂടങ്ങൾ!. ജനായത്ത വ്യവസ്ഥിതി, ഭരണഘടനാനുശാസനം, സഭ്യത, പൊതു ധാർമ്മികത എന്നിവയുടെ അതിർവരന്പുകൾ ഇന്ത്യൻ പൊതുജീവിതത്തിൽ ലോലമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ നയിക്കേണ്ടവർ 69−ാം റിപ്പബ്ലിക്ക് ദിനം ആചരിക്കുന്പോഴും പിൻന്തള്ളപെട്ടുകൊണ്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ത്യയിൽ കൂടി കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും പണക്കാരന് മാത്രമായി മാറുന്നു. ആദിവാസി −ദളിത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഇടയിൽ ദാരിദ്രവും പട്ടിണിമരണങ്ങളും താരതമ്യനേ സമൂഹപുരോഗതി പ്രാഭിച്ച കേരളത്തിൽ പോലുമുണ്ടാക്കുന്നു. നമ്മുടെ രാജ്യത്ത് എല്ലാ ജനവിഭാഗങ്ങൾക്കും അനുഭവിക്കാൻ വേണ്ടത്ര വിഭവങ്ങൾ ഇല്ലാത്തതു കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്? മറിച്ച് രാജ്യത്തിന്റെ താഴെക്കിടയിലുള്ള ജനസമൂഹത്തിന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത തുല്യ പൗരാവകാശവും സംവരണവും കാലാകാലങ്ങളിൽ ഇന്ത്യയിൽ അധികാരത്തിൽ വന്ന ഭരണകൂടങ്ങളും സവർണ്ണ ഉദ്യോഗസ്ഥരും കൃത്യമായി അട്ടിമറിച്ചതുകൊണ്ടുതന്നെയാണ് ഈ വൈരുദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നത്. ഭരണഘടന വ്യാഖ്യാനിച്ച് പൗരൻമാർക്ക് നീതി ഉറപ്പ് വരുത്തേണ്ട ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീകോടതിയിൽ പോലും നീതി നിഷേധത്തിന്റെ വർത്തമാന വാർത്തകളാണ് നാം കേൾക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയിലെ തുല്യ സാമൂഹ്യനീതി സാധാരണ ജനങ്ങൾക്ക് പൂർണ്ണതോതിൽ പ്രാപ്യമാക്കുന്പോൾ മാത്രമെ നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും അർഹിക്കുന്ന മൂല്യം വരുകയുള്ളൂ. അതുകൊണ്ട് ഈ റിപ്പബ്ലിക്ക് ദിനത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ ഉയർന്ന് കൊണ്ടേയിരിക്കും തീർച്ച.