രക്ഷിതാക്കളെ വലയ്ക്കുന്ന മക്കൾ...
കൂക്കാനം റഹ്്മാൻ
വിവാഹ നിശ്ചയ സമയത്തും, വിവാഹവേദിയിൽ വെച്ചും, വിവാഹ ശേഷം ഭർത്താവിനെ ഉപേക്ഷിച്ചും, പെൺകുട്ടികൾ കാമുകന്മാരൊത്ത് ഇറങ്ങിപ്പോകുന്ന കാഴ്ച ഇക്കാലത്ത് സർവ്വസാധാരണമായിരിക്കുന്നു. വീട്ടുകാരെയും, ബന്ധുജനങ്ങളെയും ധർമ്മ സങ്കടത്തിലാക്കുന്ന ഈ പ്രവണതയുടെ പ്രയാസങ്ങൾ നമ്മുടെ പെൺകുഞ്ഞുങ്ങൾ വിസ്മരിക്കുന്നതെന്തുകൊണ്ട്? ഞാൻ ഒരാളെ പ്രണയിക്കുന്നുണ്ടെന്നും അയാളുമൊത്ത് ജീവിക്കാനാണെനിക്കിഷ്ടമെന്നും വേറൊരാളെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലയെന്നും വീട്ടുകാരോട് തുറന്നു പറയാതെ ഒളിച്ചു വെക്കുന്ന പെൺകുട്ടികളുടെ മനോഭാവം മാറ്റിയെടുത്തേ പറ്റൂ. വരനെയും, വരന്റെ വീട്ടുകാരെയും അവരുടെ ബന്ധു ജനങ്ങളെയും നിരാശപ്പെടുത്തുന്നതിൽ ഇവർ ആനന്ദം കണ്ടെത്തുന്നുണ്ടോ? ഇതൊരു വഞ്ചനയല്ലേ? ഇനി പ്രസ്തുത കാമുകന്റെ കയ്യും പിടിച്ച് ഇറങ്ങിപ്പുറപ്പെടും മുന്പ് തനിക്ക് വരാവുന്ന പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നുണ്ടാവില്ലേ? ഒരുപാട് ആളുകളുടെ മനസ്സ് വേദനിപ്പിച്ചാണ് ആ പെൺകുട്ടി കടന്നുപോകുന്നത്. അപമാനഭാരവും, സാന്പത്തീക നഷ്ടവും, ശാരീരിക ക്ലേശവും, വിവാഹത്തിനുവേണ്ടുന്ന തയ്യാറെടുപ്പുകളും ഒക്കെ ഇരു വീട്ടുകാരും അനുഭവിച്ചില്ലേ? അവരുടെയൊക്കെ ശാപ ഭാരവും അവൾ പേറേണ്ടിവരില്ലേ? ഈ തോന്ന്യവാസിക്ക് ഒരിക്കലും ഗുണം പിടിക്കാതെ വരട്ടെ എന്നുള്ള ഹൃദയ നൊന്പരത്തോടെയുള്ള പറച്ചിലിന്റെ ഫലം ആ പെൺകുട്ടി അനുഭവിക്കേണ്ടി വരും തീർച്ച. ഈ അനുഭവം ഒന്നു ശ്രദ്ധിക്കൂ.
ചെറുപ്പക്കാരൻ വിദേശത്ത് ഒരു ഓയിൽ കന്പനിയിലെ മാനേജരായി ജോലി ചെയ്യുകയാണ്. നല്ല ശന്പളം കൈപ്പറ്റുന്ന വ്യക്തി. ആവശ്യത്തിന് ലീവെടുത്തു നാട്ടിലേക്കുവരാനുള്ള സൗകര്യവും കന്പനി അനുവദിക്കുന്നുണ്ട്. പ്രായം മുപ്പതിലെത്തി. വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായാണ് അവന്‍ ലീവെടുത്ത് നാട്ടിലെത്തിയത്. പെണ്ണാലോചന തകൃതിയായി നടന്നു. കാണാൻ സുമുഖൻ, നല്ല വരുമാനം ലഭിക്കുന്ന ജോലിയുമുള്ള ആ ചെറുപ്പക്കാരനെ കിട്ടാൻ പലരും ആഗ്രഹിച്ചു. അന്വേഷണത്തിനൊടുവിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി. പെൺവീട്ടുകാർക്ക് അവനെ നന്നേ ഇഷ്ടപ്പെട്ടു. പെൺകുട്ടി ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ്. പരീക്ഷ കഴിഞ്ഞിട്ടു മതി വിവാഹമെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പരീക്ഷ പിന്നെയും എഴുതാം ഇത്രനല്ല ബന്ധം പിന്നെ കിട്ടില്ല എന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. പെൺകുട്ടി അതിനു വഴിപ്പെട്ടു. വിവാഹ നിശ്ചയം നടന്നു. വിവാഹവും അതിഗംഭീരമായി നടന്നു. ചെറുപ്പക്കാരന്‍ ഒരു മാസത്തെ അവധിക്കാണ് വന്നത.് ലീവ് അവസാനിക്കാന്‍ രണ്ടാഴ്ചയേ ബാക്കിയുള്ളു. അവൾ സുന്ദരിയാണ്. കോളജ് ബ്യൂട്ടി എന്നാണ് സഹപാഠികളുടെ ഇടയിലുള്ള സംസാരം. ഭർതൃവീട്ടിലെത്തിയ നവവധുവിനെ കാണാൻ തിരക്കോട് തിരക്ക്. സുന്ദരിപ്പെണ്ണിനെ ഒരു നോക്കുകാണാന്‍ ധൃതിപിടിച്ച് തിരക്കു കൂട്ടിയാണ് നാട്ടുകാരായ പെണ്ണുങ്ങൾ എത്തിക്കൊണ്ടിരുന്നത്. രാത്രിയായി. എന്നിട്ടും തിരക്കൊഴിയുന്ന മട്ടില്ല. ചെറുപ്പക്കാരൻ അവളെ സൗകര്യമായി കിട്ടാന്‍ കാത്തിരിക്കുകയാണ്.
അവൾ മുറിയിലേക്ക് കടന്നു വന്നു. സ്‌നേഹമസൃണമായ നോട്ടത്തോടെ അവൻ വധുവിനെ ആകെയൊന്ന് ചുഴിഞ്ഞ് നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവളുടെ മുഖത്ത് കാണുന്നില്ല. ചോദ്യങ്ങൾക്ക് അവളുടെ മറുപടി ഒറ്റവാക്കിലോ ആംഗ്യത്തിലോ ഒതുക്കി. എന്തോ ഒരു പന്തിയില്ലായ്മ അവന്റെ മനസ്സിൽ കുടിയേറി. കൂടുതലൊന്നും സംസാരിക്കാത്തത് ക്ഷീണം മൂലമായിരിക്കും എന്നയാൾ കരുതി. അവൾ ഉറക്കത്തിലേക്കാണ്ടു പോയി. അവന് എന്തെല്ലാമോ ചോദിച്ചറിയാൻ കൊതിയുണ്ടെങ്കിലും എല്ലാം മനസ്സിൽ ഒളിപ്പിച്ചു വെച്ച് അവനും ഉറക്കത്തിലായി. പരസ്പരം സ്പർശിക്കാതെ, ഉള്ളുതുറന്നു സംസാരിക്കാതെ പ്രഥമ രാത്രി കടന്നുപോയി.
രാവിലെ എല്ലാം പറയാം എന്ന ചിന്തയിലായിരുന്നു അവന്‍. അവൾ ഫ്രഷ് അപ്പായി മുറിയിലേക്ക് കയറി വന്നു. മധുരമുള്ള സുന്ദര സ്വപ്നങ്ങൾ പങ്കിടാമെന്ന് കൊതിച്ചിരിക്കുകയായിരുന്നു അവൻ. വന്നപാടെ അവൾ മുറിയിലെ കസേരയിലേക്ക് മാറിയിരുന്നു. ക്ഷമിക്കണേ എന്ന ആമുഖത്തോടെ വളച്ചുകെട്ടില്ലാതെ അവൾ പറഞ്ഞു തുടങ്ങി. ‘ഞാൻ കുട്ടിയായിരിക്കുന്പോഴേ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. അവൻ എന്നോടൊപ്പം മാത്രമെ ജീവിതമുള്ളു എന്ന് ഉറപ്പിച്ചു പറയുന്നു. അല്ലെങ്കിൽ അവൻ ജീവൻ വെടിയും പോലും. അതുകൊണ്ട് എന്നെ വീട്ടിൽ കൊണ്ടുവിടണം. ആരോടും ഇക്കാര്യം ഞാൻ പറഞ്ഞില്ലിതേവരെ.’ അവളുടെ ഏങ്ങിക്കരച്ചിൽ അവന് സഹിക്കാൻ പറ്റുന്നില്ല. വെള്ളിടി ഏറ്റപോലെയായി അവൻ. ഒരു നിമിഷം ഒന്നും പറയാതെ അവൻ നിർന്നിമേഷനായിരുന്നു പോയി.
അവൻ പലതും പറഞ്ഞ് അവളുടെ മനസ്സു മാറ്റാൻ ശ്രമിച്ചു. ‘ഇത്രയൊക്കെ ആയ സ്ഥിതിക്ക് അക്കാര്യം മറന്നേക്ക്. ഞാൻ പരാതിയോ പ്രശ്‌നമോ പറയില്ല. ഇക്കാര്യം മറ്റാരോടും പറയരുത്. നമുക്ക് മുന്നോട്ടുപോവാം.’ ഇക്കാര്യങ്ങളൊന്നും അവൾ ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നെ ഇപ്പോൾ തന്നെ വീട്ടിലേക്കു വിടണം. അവൾ അതേ ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോൾ അവൻ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവരും അത്ഭുതസ്തബ്ധരായി പരസ്പരം നോക്കി നിന്നുപോയി. ബന്ധുക്കൾ അറിഞ്ഞു, അയൽക്കാർ അറിഞ്ഞു. അറിഞ്ഞവരൊക്കെ പരസ്പരം പറഞ്ഞു. എന്നാൽ അവൾക്ക് ഈ വിവാഹത്തിന് സമ്മതിക്കണമായിരുന്നോ? കേട്ടവരൊക്കെ പറഞ്ഞു എന്നാൽ ഏറ്റവും വേഗം അവളെ ഒഴിവാക്കുന്നതാണ് നല്ലത് എന്ന്. ബന്ധപ്പെട്ടവരോടൊക്കെ അന്വേഷിച്ച് അവളെ അവളുടെ വീട്ടിലെത്തിച്ചു. ചെറുപ്പക്കാരന്റെ മനോവിഷമവും, നിസ്സഹായതയും കേട്ടറിഞ്ഞ മിടുക്കിയും അയൽപക്കക്കാരിയുമായ ഒരു പെൺകുട്ടി അവനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. ആ പെൺകുട്ടിയുടെ സ്‌നേഹത്തിന് മുന്നിൽ അവന് അൽപം മനസ്സമാധാനം കൈ വന്നു. പെൺകുട്ടി നല്ലൊരുകുടുംബത്തിൽ പിറന്നവളാണ്. ബിസിനസ്‌കാരനായ ഒരു ചേട്ടൻ മാത്രമെ അവൾക്കുള്ളു. അവളുടെ രൂപസൗകുമാര്യത്തേക്കാൾ മനസ്സിന്റെ സൗന്ദര്യം അവന് ഇഷ്ടമായി. അവൾക്ക് അവനോട് സഹതാപം തോന്നിയിട്ടാണ് സംസാരിക്കാൻ മുതിർന്നത്. ക്രമേണ അത് പ്രണയത്തിൽ കലാശിച്ചു.
വിവാഹിതയായതിന്റെ അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ പെൺകുട്ടി അവളുടെ മുൻകാമുകനെ വിളിച്ചു വരുത്തി. വീട്ടുകാരുമായി ആലോചിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അവന്റെ മനസ്സുമാറി.’ വിവാഹ ശേഷം തിരിച്ചു വന്ന നീ എന്നെയും ഈ വിധത്തിൽ ചെയ്യില്ലെന്ന് എന്താണുറപ്പ്.... അതുകൊണ്ട് നിന്റെ ഒപ്പം ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’. അവൾക്കൊന്നും പറയാൻ പറ്റിയില്ല. വന്ന് പോയത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. വിവാഹം ചെയ്ത ഭർത്താവിനെ വഞ്ചിച്ച ഇവളെ കാമുകനും വഞ്ചിച്ചു. അവൻ പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദ്ധാനത്തിൽ നിന്നും പിന്മാറി. ആയിടയ്ക്കാണ് അവൾ അറിയുന്നത് തന്നെ വിവാഹം ചെയ്ത ചെറുപ്പാക്കാരനെ അയാളുടെ വിഷമം അറിഞ്ഞ് വേറൊരു പെൺകുട്ടി വിവാഹം കഴിക്കാൻ തയ്യാറായി വന്നിട്ടുണ്ട് എന്ന്. ചെറുപ്പക്കാരന്റെ ലീവ് അവസാനിച്ചു. അവന്‍ ഗൾഫിലേക്ക് യാത്രയായി. വിവാഹമോചനത്തിനായുള്ള നടപടി സ്വീകരിക്കാൻ ബന്ധുക്കളെ ശട്ടം കെട്ടിയാണ് അവൻ പോയത്. പക്ഷേ അവൾ വിവാഹമോചനത്തിന് തയ്യാറാവുന്നില്ല. വർഷം രണ്ട് കഴിഞ്ഞു. ഓരോ തവണ അവൻ വരുന്പോഴും വിവാഹമോചനത്തിനുവേണ്ടി കോടതി കയറിയിറങ്ങും. എന്റെ വിവാഹം നടന്നിട്ടേ അവന്റെ വിവാഹം നടക്കാവൂ എന്ന വാശിയിലാണിപ്പോളവൾ.
ഇത്തരം ഒരു സ്വഭാവക്കാരിയെ ജീവിത പങ്കാളിയാക്കാൻ ചെറുപ്പക്കാരാരും തയ്യാറാവുന്നുമില്ല. ചെറുപ്പക്കാരന്റെ മനസ്സിന്റെ പ്രയാസമറിഞ്ഞ് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുകയും, അത് ക്രമേണ പ്രണയത്തിലെത്തുകയും ചെയ്ത പെൺകുട്ടിയും ഇന്ന് ധർമ്മ സങ്കടത്തിലാണ്. ആദ്യ വിവാഹമോചനം നിയമപരമായി നടന്നാലെ അവർക്ക് വിവാഹിതയാവാൻ പറ്റൂ. ഇതുമൂലം അവൾ പ്രയാസപ്പെടുകയാണ്. കാമുകൻ ഉണ്ടായിരിക്കേ, അവന്‍ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തിരിക്കേ, വേറൊരാളുമായി വിവാഹത്തിനു തയ്യാറാവുന്നു. വിവാഹം നടക്കുന്നു. അടുത്ത ദിവസം തന്നെ അവിടുന്ന് ഇറങ്ങി വരുന്നു. കാമുകന്റെ അടുത്തു ചെന്നപ്പോൾ അയാൾ വാക്കുമാറുന്നു. ഇങ്ങിനെയുള്ള അനുഭവം എത്രയോ ഉണ്ടായിട്ടും അത് ഉൾക്കൊള്ളാതെ പ്രയാസത്തിലകപ്പെടുത്തുന്നവർ സമൂഹത്തിനു തന്നെ ശാപമാണ്. സഹാനുഭൂതിയോടെ, ദുർഘട ഘട്ടത്തിൽ അകപ്പെട്ടുപ്പോയ പുരുഷന്മാരെ സഹായിക്കാനും, കരുണ കാണിക്കാനും മുന്നോട്ടു വരുന്ന പെൺകുട്ടികളുമുണ്ട്. പക്ഷേ അവളും വേറൊരു പെൺകുട്ടിയുടെ ദുർവാശിക്കുമുന്നിൽ പകച്ചുനിൽക്കുന്നു. പെൺകുട്ടികൾ അനുഭവങ്ങളിൽ നിന്നും, കേട്ടും കണ്ടുമറിഞ്ഞ സംഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ സന്നദ്ധരായേ പറ്റൂ.